വയനാട്ടിലെ കാട്ടിക്കുളത്ത് നിന്ന് പാൽവെളിച്ചത്തിലേക്കുള്ള വഴിയവസാനിക്കുന്നത് എടക്കോട് ആദിവാസി കോളനിയിലാണ്. മുമ്പ് പണിയരും കുറുമരും താമസിച്ചിരുന്ന വലിയ ആദിവാസി കോളനിയായിരുന്നു ഇവിടം. എന്നാൽ ഇപ്പോൾ ആകെ 12 പണിയ കുടുംബങ്ങൾ മാത്രമാണ് ഈ ഊരിലുള്ളത്. ഏക്കറുകളോളമുള്ള പാടങ്ങളുടെ അരികിലൂടെ നടന്ന് വേണം ഈ ഊരിലെത്താൻ. കോളനിക്ക് തൊട്ടുമുമ്പുള്ള നൂറ് മീറ്റർ വരെ മാത്രമാണ് കോൺക്രീറ്റ് പാതയുള്ളത്. കൂലിപ്പണിക്കാരായ കോളനി നിവാസികൾ പണി കഴിഞ്ഞ് വീട്ടിൽ തിരികെയെത്തി വിശ്രമിക്കുന്ന നേരത്താണ് അവിടെ എത്തിച്ചേരുന്നത്. മേയാൻ വിട്ട കന്നുകാലികളെ തിരികെ തൊഴുത്തിൽ കെട്ടിയിടുന്ന തിരക്കിലായിരുന്നു പലരും.
“മഴക്കാലമായാൽ കൃഷി തുടങ്ങും, നെല്ലിന്റെ… അപ്പോൾ ഞങ്ങളൊക്കെ പാടത്ത് പണിക്ക് പോകും.” അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നതാണെന്ന് കരുതി ബാബു ചേട്ടൻ കോളനിക്ക് മുന്നിൽ പരന്ന് കിടക്കുന്ന പാടത്തേക്ക് ചൂണ്ടി അവരുടെ ഉപജീവനമാർഗങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. “ഇപ്പോൾ അധികം പേരും തൊഴിലുറപ്പിനാണ് പോകുന്നത്. ചിലർ കുടകിലേക്ക് പോകും.” ബാബു ചേട്ടൻ പറഞ്ഞു.
കുടകിൽ ജോലിക്കായി പോയി തിരികെയെത്താത്ത ശ്രീധരൻ എന്ന ആദിവാസി യുവാവിന്റെ തിരോധാനത്തെക്കുറിച്ചുള്ള വാർത്തയാണ് വയനാട്ടിൽ ഇന്നും കുടക് കുടിയേറ്റങ്ങളും കാണാതാകലുകളും തുടരുന്നുണ്ടോ എന്ന അന്വേഷണത്തിന് പ്രേരണയായിത്തീർന്നത്.
അപരിചിതമായ മുഖം കണ്ടിട്ടാകണം അയൽപ്പക്കങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും ബാബുചേട്ടന്റെ വീട്ടുമുറ്റത്തെത്തി സംശയത്തോടെ നോക്കിനിന്നു. കുടകിൽ ഇഞ്ചിക്കൃഷിക്ക് പോകുന്നതിനെക്കുറിച്ച് അറിയാനാണ് വന്നതെന്ന് പറഞ്ഞതോടെ കൂട്ടത്തിൽ നിന്ന് പൊലീസിൽ നിന്നാണോ എന്ന് ചോദ്യമുയർന്നു. കൂടിനിന്നവരുടെ കണ്ണുകളിൽ ഒരു നിമിഷത്തേക്ക് ഭയം നിറഞ്ഞു. പൊലീസിൽ നിന്നല്ലെന്നും മാധ്യമപ്രവർത്തകയാണെന്നുമുള്ള ഉറപ്പിൽ അവർ സംസാരിക്കാൻ തയ്യാറായി.
“ചെറുപ്പം മുതലേ കുടകിൽ പോക്കുണ്ട്, മുളക് (കുരുമുളക്) പറിക്കാനായിട്ട്. അതൊക്കെ കഴിഞ്ഞ് ഇഞ്ചിപ്പണിക്ക് പോയിത്തുടങ്ങി. അന്ന് നമുക്ക് 200 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. ഇപ്പോഴാണ് 500 രൂപയൊക്കെ ആയത്.” കുടകിലേക്ക് കൃഷിപ്പണിക്കായി മുതലാളിമാർ കൊണ്ടുപോയിരുന്നവരിൽ ഒരാളായിരുന്നു ബാബു ചേട്ടൻ. കുടകിലെ കുരുമുളക് തോട്ടങ്ങളിലും കണ്ണെത്താത്ത ഇഞ്ചിപ്പാടങ്ങളിലും പണിയെടുക്കാനായി കൂട്ടം കൂട്ടമായി ആദിവാസികളെ കൊണ്ടുപോയിരുന്ന കാലമുണ്ടായിരുന്നുവെന്നാണ് ബാബു ചേട്ടൻ ഓർക്കുന്നത്. “ഒന്നുകിൽ ജീപ്പിന് കൊണ്ട് പോകും അല്ലെങ്കിൽ ബസിന് പോകും. ജീപ്പിനാണേൽ മുതലാളി വന്നാണ് കൊണ്ടുപോകുക. ഈരാശിപ്പേട്ട, പാളിപ്പേട്ട അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെയാണ് പോയിട്ടുള്ളത്.” ബാബു ചേട്ടൻ ആ കുടക് യാത്രകളെ ഓർത്തെടുത്തു.
“അവിടെ അടിമപ്പണിയാണ്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ പണിചെയ്യണം. കുടിക്കാനൊന്നും തരില്ല. ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.”
64 വയസുകാരനായ ബാബുചേട്ടൻ ഇപ്പോൾ വയനാടിന് പുറത്തേക്ക് പണിക്ക് പോകാറില്ല. അതുകൊണ്ടുതന്നെ കുടകിൽ കൃഷിപ്പണിക്ക് പോകുന്നവർക്ക് കൂലി വർദ്ധനവ് ഉണ്ടായിട്ടുള്ളതൊഴിച്ചാൽ ബാക്കിയൊന്നും ബാബു ചേട്ടന് അറിയില്ല. പക്ഷേ വീട്ടുമുറ്റത്ത് അല്പം സംശയത്തോടെയും പേടിയോടെയും നിന്നിരുന്ന യുവതലമുറയിൽപ്പെട്ടവർക്ക് ഒരുപാട് പറയാനുണ്ടായിരുന്നു.
“സൗക്കർമാരെ (മുതലാളി) എതിർത്ത് സംസാരിക്കാൻ പാടില്ല. സംസാരിച്ചാൽ അവർ വെടിവെക്കും. അല്ലെങ്കിൽ അടിക്കും.” 23 വയസ് പ്രായമുള്ള ഷൈജു തലകുനിച്ചിരുന്നാണ് ഇത് പറഞ്ഞത്. ശരിയാണോയെന്ന് അത്ഭുതപ്പെടുന്നത് കണ്ട് ചുറ്റിലും കൂടിനിന്ന ബാക്കിയുള്ളവരും സൗക്കർമാർ വെടിവെക്കുമെന്ന് ആവർത്തിച്ചു പറഞ്ഞു. “കുടകിൽ അങ്ങനെയുണ്ട്. വെടിവെച്ച് കൊന്ന് കളയും. എന്നിട്ട് ബോഡി തിരിച്ചയച്ച് വിടും. കുടകിൽ അടിമത്തമാണ്. തിരിച്ചൊന്നും സംസാരിക്കാൻ പാടില്ല.” ബാബു ചേട്ടനും അത് ശരിവച്ചുകൊണ്ട് പറഞ്ഞു. പിന്നെയെന്തിനാണ് കുടകിൽ പണിക്ക് പോകുന്നതെന്ന ചോദ്യത്തിന്, പണിക്ക് പോയില്ലെങ്കിൽ ഇവിടെ പട്ടിണിയാകുമെന്ന് അവിടെ കൂടിയവരിൽ നിന്നും രാഹുൽ പറഞ്ഞു. “കുടകിൽ പരാതി കൊടുത്താൽ നമ്മക്ക് അനുകൂലമാകില്ല. കുടകന്റെ വീട്ടിൽ പൊലീസുകാർ പോകില്ല. അങ്ങനെയാ… ഇവിടെ വന്ന് പരാതി കൊടുത്താൽ കേരളാ പൊലീസല്ലേ.. അവർ അങ്ങോട്ട് പോകാതിരുന്നാൽ പോരെ എന്ന് നമ്മളോട് ചോദിക്കും.” രാഹുൽ പറഞ്ഞു.
രേഖപ്പെടുത്താത്ത കുടക് യാത്രകൾ
90കൾ മുതൽ തന്നെ വയനാട്ടിൽ നിന്ന് ആദിവാസികൾ കുടുകിലേക്ക് പണിക്ക് പോകുമായിരുന്നെങ്കിലും രണ്ടായിരത്തിന്റെ തുടക്കത്തിൽ വയനാട് ജില്ല നേരിട്ട കാർഷിക പ്രതിസന്ധികളാണ് വലിയ തോതിൽ ആദിവാസികളെ കുടകിൽ എത്തിച്ചത്. കാർഷികവൃത്തി നഷ്ടത്തിലാകുകയും കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്ന ദുരിതകാലത്തിൽ നിന്നാണ് വയനാട്ടിലെ കുടിയേറ്റ കർഷകർ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ കുടകിലേക്ക് ചേക്കേറുന്നത്. കുടകിൽ കൃഷിയിടങ്ങൾ പാട്ടത്തിന് എടുക്കുകയും കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ കൃഷി തുടങ്ങുകയും ചെയ്തു. കുടകിലെ കർഷകർക്ക് കൂടുതൽ കൂലി നൽകണമെന്ന് മനസ്സിലായതോടെയാണ് വയനാട്ടിൽ നിന്ന് ആദിവാസികളെ കൃഷിപ്പണിക്ക് തൊഴിലാളികളായി കൊണ്ടുപോകാൻ തുടങ്ങിയത്. കൂലി കുറച്ച് കൊടുത്താൽ മതിയെന്ന് മനസ്സിലായതോടെ സൗക്കാർ എന്ന് ആദിവാസികൾ വിളിക്കുന്ന കുടകന്മാരും (കുടക് സ്വദേശികളായ മുതലാളിമാർ) ആദിവാസികളെ തൊഴിലാളികളായി എടുക്കാൻ തുടങ്ങി.
2005 ഏപ്രിൽ 23ന് നൂൽപ്പുഴ പഞ്ചായത്തിലെ ചുണ്ടപ്പാടി കോളനിയിലുള്ള കോലുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കുടകിൽ നിന്നും കണ്ടുകിട്ടുമ്പോഴാണ് കുടകിൽ ആദിവാസി ജനത മരണപ്പെടുന്നതിന്റെയും കാണാതാകുന്നതിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. വയനാട് ആദിവാസി അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അമ്മിണി കെ. വയനാടാണ് കുടകിലേക്ക് പോകുന്ന ജനതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് നീതിവേദി എന്ന സംഘടനയ്ക്ക് വേണ്ടി ആദ്യം തയ്യാറാക്കുന്നത്.
ജീവിക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിലാണ് പല കൃഷിയിടങ്ങളിലും ആദിവാസികളെ അധിവസിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുടകിലെ കൃഷിത്തോട്ടങ്ങൾ 2007ൽ സന്ദർശിച്ച അമ്മിണി കെ. വയനാട് വ്യക്തമാക്കുന്നത്.
“പാട്ടത്തിനെടുത്ത കൃഷി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് കുടിലുകൾ ഉണ്ടാകും. പാട്ടത്തിനെടുത്ത ഭൂമി റൂറൽ ഏരിയകളിലാകും ഉണ്ടാകുക. അവിടെ എത്തിപ്പെട്ടാൽ പിന്നെ ഗതാഗത സൗകര്യങ്ങളോ കടകളോ ഉണ്ടാകില്ല. പുറത്തുപോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അവർക്ക്. ഏത് റൂട്ടിലാണ് ഉള്ളതെന്നോ ഏത് സ്ഥലത്തേക്കാണ് വന്നതെന്നോ ഇവർക്ക് അറിവുണ്ടാകില്ല. അങ്ങനെയാണ് നൂൽപ്പുഴ പഞ്ചായത്തിലെ ചുണ്ടപ്പാടി എന്ന കോളനിയിലെ കോലു എന്ന ആദിവാസി സഹോദരന്റെ മരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്.”
കോലുവിന്റെ മരണം ഈ പ്രശ്നത്തിൽ ഒരു വഴിത്തിരിവായി മാറി. കുടകിലേക്ക് പണിക്ക് പോകാൻ ഒരുകാലത്തും താൽപര്യപ്പെടാത്ത കോലുവിനെ 2005 ഏപ്രിൽ 21ന് ബത്തേരിയിൽ നിന്ന് കുര്യൻ എന്ന വ്യക്തി ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം കോലു മരണപ്പെട്ടുവെന്ന വാർത്തയാണ് ചുണ്ടപ്പാടി കോളനിയിലെത്തുന്നത്. മരണപ്പെടുന്നതിന് മുമ്പ് കോലുവും കുര്യനും തമ്മിൽ വനഭൂമിയിൽ വെച്ച് വാക്കുതർക്കമുണ്ടായെന്ന് കോലുവിന്റെ ഭാര്യ തന്നോട് പങ്കുവച്ചതായി പറഞ്ഞതോർക്കുകയായിരുന്നു അമ്മിണി. “കർണാടകയിലെ കുപ്പ എന്ന പ്രദേശത്ത് വെള്ളമടിച്ച് വീണ് കോലു മരണപ്പെട്ടുവെന്നാണ് ആദ്യം കോലുവിന്റെ കുടുംബക്കാർ അറിയുന്നത്. ഏപ്രിൽ 23ന് തന്നെ മൃതദേഹം ബോർഡർ കടത്തി കൊണ്ടുവരികയും രാത്രിക്ക് രാത്രി അടക്കം ചെയ്യുകയും ചെയ്തു. അതിന് ഇവിടുത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നിട്ടുണ്ട്.” അമ്മിണി ആരോപിക്കുന്നു.
“കോലുവിന്റെ മൃതദേഹം കൊണ്ടുവരുമ്പോൾ കത്തികൊണ്ട് വെട്ടേറ്റതുപോലെയുള്ള ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നും ഒരു കണ്ണും പല്ലും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മാർട്ടം ചെയ്യപ്പെട്ടു എന്ന് പറഞ്ഞിരുന്ന ശരീരത്തിൽ നിന്ന് രക്തമൊഴുകിയിരുന്നെന്നുമാണ് കുടുംബക്കാർ എന്നോട് പറഞ്ഞത്. പക്ഷേ കോലുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടോ പൊലീസിൽ ഇൻഫോം ചെയ്തതിന്റെ വിവരങ്ങളോ ഉണ്ടായിരുന്നില്ല. കുപ്പയിൽ മരണപ്പെട്ടു എന്ന് മാത്രമേ അവർക്ക് അറിവ് ഉണ്ടായിരുന്നുള്ളൂ.” അമ്മിണി ഓർത്തു.
ഇങ്ങനെ രേഖപ്പെടുത്താത്ത കുടക് യാത്രകൾ നിരവധി ആദിവാസികളെ കാണാതാകുന്നതിനും മരണപ്പെടുന്നതിനും കാരണമായി. തെളിവുകൾ ഇല്ലാത്തതിനാലും കർണാടകയിൽ വെച്ച് മരണം സംഭവിക്കുന്നതിനാലും പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറംലോകത്തേക്ക് എത്തിയതേയില്ല. അമ്മിണി കെ വയനാടിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാത്രം 122 കുടക് മരണങ്ങൾ രേഖപ്പെടുത്തപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയേണ്ടി വന്നതിനാൽ ചിലർ കോളറ ബാധിച്ച് മരണമടഞ്ഞിട്ടുള്ള കാര്യവും അമ്മിണി ഓർമ്മിച്ചു.
വയനാട്ടിൽ പ്രവർത്തിക്കുന്ന നീതിവേദി എന്ന സംഘടന ഈ അന്വേഷണം ഒരു പ്രോജക്ടായി ഏറ്റെടുക്കുകയും തെളിവെടുപ്പിനായി 2008ൽ ഒരു പീപ്പിൾസ് ട്രിബ്യൂണൽ നടത്തുകയും ചെയ്തു. ഹൈക്കോടതിയിൽ 122 കേസുകൾ ഫയൽ ചെയ്ത് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാമെന്ന് അന്ന് അവർ ആദിവാസികൾക്ക് ഉറപ്പ് നൽകിയെങ്കിലും അതെല്ലാം കടലാസിൽ ഒതുക്കിക്കളഞ്ഞുവെന്നാണ് അമ്മിണിയുടെ പരാതി. മരണസർട്ടിഫിക്കറ്റ് പോലും കിട്ടാത്തതിനാൽ പല ആദിവാസി സ്ത്രീകൾക്കും വിധവാ പെൻഷൻ കിട്ടാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അന്ന് നടത്തിയ അന്വേഷണങ്ങളിൽ ഒരു പ്രത്യേക കേസ് അമ്മിണി ഇന്നും വളരെ വ്യക്തമായി ഓർക്കുന്നുണ്ട്. വയനാടൻ ചെട്ടിമാരുടെ കുടകിലെ തോട്ടത്തിൽ ഇഞ്ചിക്കൃഷിക്ക് കാവലിനായി വയനാട്ടിൽ നിന്നും ആദിവാസിയായ മണി എന്ന യുവാവിനെ കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളം കൃഷിയിടത്തിലേക്ക് കൂലിയുമായി മുതലാളി വരാതായതോടെ മണി പട്ടിണിയിലായി. അവസാനം സഹിക്കവയ്യാതെ മണി 15 കിലോ ഇഞ്ചി വിറ്റ് ഭക്ഷണസാധനങ്ങൾ വാങ്ങുകയും പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ മുതലാളി മണി താമസിച്ചിരുന്ന ഷെഡിനുള്ളിൽ വെച്ച് മണിയെ ചുട്ടെരിച്ചു. അടുപ്പിൽ നിന്ന് പടർന്ന തീയിൽപ്പെട്ട് മരണപ്പെട്ടുവെന്ന് പറഞ്ഞാണ് മണിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഊരിൽ എത്തിച്ചത്. കൂടെ പണിക്ക് പോയ ആളുകളാണ് കുടകിൽ സംഭവിച്ച വിവരം കുടുംബക്കാരോട് പറയുന്നത്. പക്ഷെ ഒരാൾ പോലും സാക്ഷി പറയാൻ ധൈര്യം കാണിച്ചില്ല. വയനാട്ടിൽ ചെട്ടിമാർ (ജാതിപ്പേര്) എന്നത് ജന്മികളാണ്. അവരെ എല്ലാവർക്കും പേടിയാണ്. അമ്മിണി ഒറ്റശ്വാസത്തിൽ ആ അനുഭവം പറഞ്ഞു തീർത്തു. എടക്കോട് കോളനിയുടെ മുന്നിൽ പരന്ന് കിടന്ന പാടമൊക്കെയും ചെട്ടിമാരുടേതാണെന്ന് കോളനിയിലുള്ളവർ പറഞ്ഞത് ഞാനോർത്തു.
വയനാട്ടിലെ സ്വാധീനശക്തിയായ ചെട്ടിയാന്മാർ എങ്ങനെയാണ് ചെക്ക്പോസ്റ്റുകളിൽ ഒരു പ്രശ്നവുമില്ലാതെ ശവശരീരം കൊണ്ടുവരിക എന്ന പ്രസക്തമായ ചോദ്യം അമ്മിണി അന്നും ഉയർത്തിയിരുന്നു. ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ശക്തമായപ്പോഴേക്കും ഇഞ്ചി കർഷകരെല്ലാം ചേർന്ന് ‘ജിഞ്ചർ അസോസിയേഷൻ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. കർഷകർക്ക് എതിരെ വരുന്ന കേസുകൾ ഒതുക്കി തീർക്കാനാണ് അങ്ങനൊരു അസോസിയേഷൻ രൂപീകരിച്ചിരുന്നതെന്ന് അമ്മിണി ആരോപിക്കുന്നു. വേനലവധിയായാൽ കുട്ടികളെയും കൂട്ടി കുടുംബസമേതമാണ് അന്ന് കുടകിലേക്ക് കൊണ്ടുപോയിരുന്നതെന്നും അമ്മിണി ഓർക്കുന്നു.
നീതിവേദിയുടെയും പീപ്പിൾസ് ട്രിബ്യൂണലിന്റെയും ഇടപെടലിനെ തുടർന്ന് ചില വ്യവസ്ഥകൾ നിലവിൽ വന്നു. ഊര് മൂപ്പൻ, എസ്.ടി പ്രൊമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പൊലീസ് ഡിപ്പാർട്ട്മെന്റ് എന്നിവരിലാരെയെങ്കിലും അറിയിച്ചു കൊണ്ട് മാത്രം ആദിവാസികളെ പണിക്ക് കൊണ്ടുപോകുക എന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. എത്ര ദിവസത്തേക്കാണ് പണിക്ക് കൊണ്ടുപോകുന്നതെന്നും, എത്ര കൂലി നൽകുമെന്നുമുള്ള വിവരങ്ങൾ നൽകിയ ശേഷം വേണം പണിക്കാരായി ആദിവാസികളെ കൊണ്ടുപോകേണ്ടതെന്ന് 2007 ആഗസ്റ്റ് 8ന് വയനാട് കളക്ടർ സർക്കുലർ ഇറക്കി. തുടർന്ന് കുടകിൽ നിന്നുള്ള മരണനിരക്ക് കുറഞ്ഞു, കേസുകളും കുറഞ്ഞു. എന്നാൽ ആ വ്യവസ്ഥകൾ പതിയെ പാലിക്കപ്പെടാതെയായി എന്നതിന് തെളിവാണ് ഇപ്പോഴും തുടരുന്ന തിരോധാനങ്ങൾ.
ശ്രീധരന്റെ മരണം ഓർമ്മിപ്പിക്കുന്നത്
2023 മാർച്ച് 15ന് വള്ളിയൂർക്കാവ് ഉത്സവം കൂടാനായി കുടകിൽ പണിക്ക് പോയ ശ്രീധരൻ വരാതായതോടെയാണ് ശ്രീധരനെക്കുറിച്ച് കുടുംബക്കാർ അന്വേഷിച്ചു തുടങ്ങിയത്. കൂടെ പണിക്ക് പോയിരുന്ന ചാമനും മുകേഷും ഊരിൽ തിരികെയെത്തിയെന്ന് അറിഞ്ഞതോടെയാണ് കുടുംബം പരിഭ്രാന്തിയിലാകുന്നതും ഏപ്രിൽ 18ന് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതും. അങ്ങനെ തുടങ്ങിയ അന്വേഷണത്തിലാണ് 2023 ഫെബ്രുവരി 17ന് ഉതുക്കേരിയിൽ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയ മൃതദേഹം ശ്രീധരന്റേതാണെന്ന സംശയമുദിക്കുന്നത്.
ശ്രീധരനെ കാണാനില്ലെന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ (പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല) പറഞ്ഞതനുസരിച്ച്, ഫെബ്രുവരി 17ന് ഉതുക്കേരിയിൽ വെച്ച് വെള്ളത്തിൽ വീണ് ശ്രീധരൻ മരണപ്പെട്ടു. അഞ്ച് ദിവസം കഴിഞ്ഞാണ് മൃതശരീരം കണ്ടുകിട്ടുന്നത്. കർണാടകയിലായതിനാൽ എഫ്.ഐ.ആർ രേഖപ്പെടുത്താതെ യു.ഡി.ആർ നമ്പർ 8/23 ലാണ് റിപ്പോർട്ട് തയാറാക്കി ഇൻക്വസ്റ്റ് നടത്തിയത്. തുടർന്ന് മടിക്കേരിയിൽ വെച്ച് പോസ്റ്റ്മാർട്ടം നടത്തുകയും രണ്ട് ദിവസം മോർച്ചറിയിൽ വെച്ചതിന് ശേഷം മടിക്കേരിയിലെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ മറവ് ചെയ്യുകയും ചെയ്തു. ഏപ്രിൽ 18ന് കിട്ടിയ ‘കാണ്മാനില്ല’ എന്ന പരാതിയെ തുടർന്ന് ശ്രീധരന്റെ സഹോദരൻ അനിലിനെയും കൂട്ടിയാണ് മൃതദേഹം തിരിച്ചറിയാൻ മടിക്കേരിയിലേക്ക് കേരളാ പൊലീസ് ചെന്നത്. ശ്രീധരന്റേതെന്ന് പറയപ്പെടുന്ന ചുവന്ന ഷർട്ടും ബ്രൗൺ പാന്റും കണ്ടതോടെ അനിയൻ മൃതദേഹം തിരിച്ചറിയുകയും ഡി.എൻ.എ സാംപിൾ ശേഖരിച്ച് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
വെള്ളമുണ്ടയിലെ വാളാരംകുന്ന് ആദിവാസി കോളനിയിലാണ് ശ്രീധരന്റെ കുടുംബം താമസിക്കുന്നത്. കുത്തനെയുള്ള മലകയറിയെത്തിയാൽ മുകളിൽ കാണുന്ന രണ്ട് മൂന്ന് വീടുകളിലൊന്നിലാണ് അവരുടെ താമസം. ശ്രീധരൻ കോളനിയിൽ അറിയപ്പെട്ടിരുന്നത് കുട്ടപ്പൻ എന്ന പേരിലാണ്. ശ്രീധരന്റെ അച്ഛൻ വെളുക്കൻ വീടിന് പുറത്തുള്ള പുൽമേട്ടിൽ ആടുകളെ മേയ്ക്കുകയായിരുന്നു. എടക്കോട് കോളനിയിലെ പോലെ അപരിചിതമായ മുഖം അയൽപക്കങ്ങളിലെ ആളുകളെ ശ്രീധരന്റെ വീടിന് മുന്നിൽ എത്തിച്ചു. “കുടകിൽ തന്നെയായിരുന്നു ഓന് പണി. ഇടയ്ക്ക് വന്നിട്ട് അവൻ വീണ്ടും പോയിട്ടില്ല. ഓന്റെയൊപ്പം രണ്ടാള് കൂടെ പോകുന്നുണ്ടായിരുന്നു. അവൻ മടിച്ച് കളിയ്ക്കുവായിരുന്നു. പക്ഷേ ഓൻ വീണ്ടും പോയി. ഓന് പണി വിട്ടിട്ട് കണക്കൊക്കെ വാങ്ങി വന്നതാണ്. അവന്റെ കൈയിൽ കാശുണ്ടായിരുന്നു. അവിടുന്ന് കുടിച്ചിട്ട് അടികൂടി കുളത്തിൽ ഉന്തിയിട്ടെന്നൊക്കെ കേൾക്കുന്നുണ്ട്.” ശ്രീധരന്റെ അച്ഛൻ വെളുക്കൻ ചുറ്റിലും കേൾക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ച് പറഞ്ഞു. പൊലീസിന്റെ ഇടപെടലിൽ സംതൃപ്തരല്ല എന്ന് കുടുംബക്കാരൊക്കെ പറയാതെ പറയുന്നുണ്ടായിരുന്നു. ശ്രീധരന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നുണ്ടായിരുന്നു. “അതൊന്നും നോക്കിയിട്ട് ഗുണമില്ല. ഓന്റെ കുപ്പായം നിങ്ങൾ കണ്ടതല്ലേ… എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഫോണിലാണ് ഞങ്ങൾ ഓനെ കണ്ടത്. ബോഡി പോലും കൊണ്ടുവന്നില്ല.” വിഷമത്തോടെ പറഞ്ഞു നിർത്തി വെളുക്കൻ അകലേയ്ക്ക് നോക്കി.
ഇപ്പോൾ ശ്രീധന്റെ ആധാർ മാത്രമാണ് ആ വീട്ടിൽ ശ്രീധരന്റേതായി ശേഷിക്കുന്നത്. വാളാരംകുന്ന് കോളനിയിൽ നിന്ന് സ്ഥിരമായി ആളുകളെ കുടകിലേക്ക് പണിക്ക് കൊണ്ടുപോകുന്നത് സുരേഷ് എന്ന ഓട്ടോഡ്രൈവറാണ്. കേരള-കർണാടക ബോർഡറായ കുട്ട വരെ ആളുകളെ കൊണ്ടുപോയി എത്തിക്കുക, അവർക്കുള്ള അഡ്വാൻസ് കാശ് കടകളിൽ ഏൽപ്പിക്കുക എന്നതാണ് സുരേഷിന്റെ ജോലി. കടകളിലേൽപ്പിക്കുന്ന ആയിരം രൂപ അഡ്വാൻസ് കാശ് പിന്നെപ്പോഴെങ്കിലും കുടുംബക്കാർ ചെന്ന് കൈപ്പറ്റുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യും.
മരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ശ്രീധരന്റെ മരണാനന്തര ചടങ്ങുകൾ നടത്താനാകാതെ കഴിയുകയായിരുന്നു ഇവർ. ഡി.എൻ.എ ടെസ്റ്റിന്റെ റിസൾട്ട് വന്നതിന് ശേഷമേ മരണാനന്തര ചടങ്ങുകൾ നടത്താവൂ എന്നാണ് പൊലീസ് ആദ്യം ഇവരെ ഉപദേശിച്ചിരുന്നത്. അതിനായി ശ്രീധരന്റേതെന്ന് ഇപ്പോഴും സംശയത്തിൽ തുടരുന്ന മൃതശരീരത്തിൽ നിന്ന് ചടങ്ങിനായി മുടി മുറിച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നിങ്ങൾ വസ്ത്രം കണ്ട് ആളെ തിരിച്ചറിഞ്ഞതല്ലേ, അതുകൊണ്ട് ചടങ്ങുകൾ നടത്താമെന്നും പൊലീസ് ഇവരോട് പറഞ്ഞു. ശ്രീധരന്റെ മരണാനന്തര ചടങ്ങുകൾക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ കുടുംബക്കാർ.
ശ്രീധരൻറെ മൃതശരീരം തന്നെയായിരുന്നു അതെന്ന് ഉറപ്പിച്ച് പറയാനുള്ള യാതൊരു തെളിവുകളും ശ്രീധരന്റെ കുടുംബത്തിന് ലഭ്യമായിട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വാങ്ങി നൽകിയിട്ടുമില്ല. തങ്ങൾക്ക് കാണിച്ച് തന്ന മൃതദേഹം മകന്റേത് തന്നെയാണെന്ന ഉറപ്പിൽ അച്ഛൻ മകന്റെ മരണാനന്തര ചടങ്ങുകൾക്ക് ഒരുങ്ങുന്ന ദാരുണമായ അവസ്ഥ.
രക്ഷപ്പെട്ട് വന്ന അപ്പുവും കല്യാണിയും
മേപ്പാടിയിലെ ജയ്ഹിന്ദ് കോളനിയിലെ ദമ്പതികളായ അപ്പുവിനെയും കല്യാണിയെയും കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവരെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടങ്ങിയത്. കുടകിൽ കാപ്പിക്ക് വളമിടാനായി പോയ അവരെ എട്ട് മാസത്തോളം കാണാനില്ലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ, പെട്ടെന്നൊരു ദിവസം അവർ വയനാട്ടിൽ തിരികെയെത്തുകയായിരുന്നു.
“അരിപ്പറ്റയിലുള്ള വക്കീൽ കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങളെ, കാപ്പിക്ക് വളമിടാൻ വേണ്ടീട്ട്. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന പണിക്കാര് അച്ഛൻ മരിച്ച് പോയെന്ന് നുണ പറഞ്ഞ് ഞങ്ങള് താമസിച്ചിരുന്ന മുറി പൂട്ടി പോന്ന്. ഞങ്ങള് രണ്ടാളും ഒറ്റക്കായി. ഭക്ഷണം വെച്ച് തിന്നാനുള്ള പാത്രവും കലവും എല്ലാം വെച്ച് പൂട്ടിയിട്ട് ഇവർ ഇങ്ങോട്ട് പോന്ന്. സ്വന്തം അച്ഛൻ മരിച്ചെന്ന് നുണയും പറഞ്ഞ് സൗക്കാറിന്റെയടുത്ത് നിന്ന് പൈസയും മേടിച്ച് വാതിലും പൂട്ടി ഇങ്ങ് പോന്നു.” കുടകിൽ എത്തിപ്പെട്ടതിനെ കുറിച്ച് കല്യാണിയാണ് സംസാരിച്ച് തുടങ്ങിയത്. മുറിയിൽ തിരികെ കയറാൻ വഴിയില്ലാതായതോടെ അവർക്ക് അവിടെ നിന്ന് മറ്റ് സ്ഥലത്തേക്ക് പണി അന്വേഷിച്ച് പോകേണ്ടി വന്നു.
“ഞങ്ങളുടെ കൈയിൽ പൈസയുണ്ടായില്ല. ഞങ്ങള് അവിടുന്ന് നടന്ന് നടന്ന് രണ്ടാഴ്ച നടന്നു. വേറെ എവിടെങ്കിലും പണി കിട്ടാനായിട്ട്. പണി കിട്ടിയാലല്ലേ പൈസ കിട്ടി പട്ടിണിയില്ലാതെ കഴിയാൻ പറ്റുള്ളൂ. അതിന് വേണ്ടിട്ട്..” അപ്പു അവർ നടന്ന ദൂരങ്ങളിലെ പട്ടിണിയെക്കുറിച്ചോർത്തു.
രണ്ടാഴ്ചയോളം അവർ നടന്നുചെന്ന് നിന്നത് കുടകനായ മുതലാളിയുടെ വീട്ടിലായിരുന്നു. പണി തരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയ അവർക്ക് അവിടെ ക്രൂരമായ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. “ഉറക്കമെണീക്കുമ്പോൾ തന്നെ ഞങ്ങളെ അടിക്കുമായിരുന്നു. കുടകന്റെ വീട്ടിലെ എല്ലാ പണിയും ഞങ്ങൾ എടുക്കണമായിരുന്നു. അലക്കണം, പാത്രം കഴുകണം, വീട് അടിച്ചു വാരണം… പക്ഷെ പൈസ തരില്ല. പുറത്തിറങ്ങാൻ പോലും പറ്റാണ്ടായി.” അപ്പു ഓർത്തു.
നാല്പത് ദിവസത്തോളമാണ് അവർക്ക് അവിടെ ക്രൂരമായ മർദ്ദനങ്ങളേറ്റ് കഴിയേണ്ടി വന്നത്. അവസാനം അവിടെ നിന്ന് ഒളിച്ചോടാൻ അവർ തീരുമാനിച്ചു. “കുറേ പാടത്തിന് നടുക്ക് ഒരു വീടായിരുന്നു. രാത്രി തോട്ടത്തിൽ കൂടെ ഒളിഞ്ഞ് നിന്ന് കാണാണ്ട് പോയി. അപ്പോഴും കൈയിൽ പൈസയുണ്ടായിരുന്നില്ല. വീണ്ടും അവിടുന്ന് നടന്ന് അടുത്ത പണിക്ക് കൂടി. അയാൾ നല്ല കുടകനായിരുന്നു.” കല്യാണി പറഞ്ഞു.
പണി അന്വേഷിച്ച് നടന്ന സ്ഥലങ്ങളോ എത്തപ്പെട്ട സ്ഥലങ്ങളോ രണ്ട് പേർക്കും ഇപ്പോഴും അറിയില്ല. പുതിയ യജമാനന്റെ കീഴിൽ പണിയെടുത്ത് കഴിയുമ്പോഴാണ് കോളനിയിലെ ബന്ധുക്കളിലാരോ ഇവരെ കാണാനില്ലെന്ന് പറഞ്ഞ് മേപ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്നത്.
“പെട്ടെന്നൊരു ദിവസം സൗക്കാർ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ് ഞങ്ങളെ പറഞ്ഞയച്ചു. ആറായിരം രൂപയും തന്നു. പക്ഷേ എലിപ്പനി പിടിച്ചു. അങ്ങനെ ഒരാഴ്ച ആശുപത്രിയിലായിരുന്നു.” അപ്പു പറഞ്ഞു.
മേപ്പാടിയിൽ തന്നെയുള്ള ഒരു ഇഞ്ചിപ്പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് രണ്ട് പേരും സംസാരിക്കാൻ തുടങ്ങിയത്. എലിപ്പനി ബാധിച്ചതോടെ അവശനായ അപ്പുവും മെലിഞ്ഞുണങ്ങിയ കല്യാണിയും ഇനി ഒരിക്കലും കുടകിലേക്ക് പോകില്ലെന്ന ശപഥത്തിലാണ്. ഒന്ന് വിളിച്ച് വിവരം പറയാൻ ഫോൺ പോലുമില്ലാതാത ഇവർ എല്ലായിടത്തും ഒരുമിച്ചാണ് പണിക്ക് പോകുന്നത്. കാപ്പിക്ക് വളമിടാനും കച്ചറ വെട്ടാനും പോകുന്ന ഇവർ പഞ്ചായത്തിലോ പൊലീസിലോ പണിക്ക് പോകുന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകാറില്ലെന്ന് പറയുന്നു. അതിന്റെ ആവശ്യകതയെക്കുറിച്ച് ഇവർക്ക് അറിയുകയുമില്ല. പക്ഷെ ഇനി ആരു വിളിച്ചാലും, ഈ ജന്മത്തിൽ കുടകിലേക്ക് പോകില്ലെന്ന് പറഞ്ഞ് അവർ വീണ്ടും ഇഞ്ചിത്തോട്ടത്തിലേക്ക് ഒരുമിച്ച് തിരിഞ്ഞുനടന്നു.
ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ ജോലിക്കായി കൊണ്ടുപോകുന്ന ലേബർ കോൺട്രാക്ടർമാരോ തൊഴിൽ ഉടമകളോ തൊഴിൽ നിമയങ്ങൾ പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികൾ ഇവരുടെ കാര്യത്തിൽ നടത്താറില്ല. അതുകൊണ്ടുതന്നെ, ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട് 1979 പ്രകാരമുള്ള നിയമപരിരക്ഷകളൊന്നും കുടകിലേക്ക് പോകുന്ന പണിക്കാർക്ക് കിട്ടാറില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ടവരെ അറിയിച്ചുകൊണ്ടും കൂലിയും തൊഴിൽ ദിനങ്ങളും വ്യക്തമാക്കിക്കൊണ്ടും മാത്രമേ ആദിവാസികളെ കുടകിലേക്ക് ജോലിക്ക് കൊണ്ടുപോകാൻ പാടുള്ളൂ എന്ന 2007ലെ വയനാട് കളക്ടറുടെ നിർദ്ദേശം 15 വർഷത്തിനിപ്പുറം തീർത്തും ദുർബലമായിരിക്കുന്നു. ശ്രീധരന്റെ കാണാതാകലും തുടർന്നുള്ള സംഭവങ്ങളും ആ വ്യവസ്ഥകൾ പാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ഇന്നും എങ്ങോട്ടാണ് തങ്ങൾ പണിക്ക് പോകുന്നതെന്നോ എന്ന് തിരികെ വരുമെന്നോ ആദിവാസികളായ തൊഴിലാളികൾക്ക് തിട്ടമില്ല. കാണാതാകുകയോ അനിഷ്ടസംഭവങ്ങൾ നടക്കുകയോ ചെയ്താൽ പോലും ഇരു സംസ്ഥാനങ്ങളിലെ പൊലീസും തണുത്ത പ്രതികരണമാണ് നടത്താറുള്ളത്. മരണപ്പെട്ടത് ആരാണെന്നും മരണകാരണം എന്താണെന്നും കണ്ടെത്താൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് വസ്ത്രങ്ങൾ കണ്ട് ആളെ തിരിച്ചറിഞ്ഞുകൊള്ളൂ എന്ന് ഉറ്റ ബന്ധുക്കളോട് പറയുന്നത്. ശ്രീധരനെ പോലെയുള്ള അനേകം മനുഷ്യരോട് ഭരണസംവിധാനങ്ങൾ പുലർത്തുന്ന സമീപനത്തിലെ അനീതിയാണ് വീണ്ടും തുറന്നുകാണിക്കപ്പെടുന്നത്.