സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബി.ജെ.പി പ്രചാരകരായി മാറുമോ?

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങൾ മെനയാൻ വേണ്ടി കൂടിയിരുന്ന ഒരു യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി എം.പി മാരോട് പറഞ്ഞത് സ്മാർട്ട് ഫോണുകളിലായിരിക്കും ഇനി തെരഞ്ഞെടുപ്പ് മത്സരങ്ങൾ നടക്കുകയെന്നാണ്. ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എം.പിമാരുമായി നടത്തിയ പ്രഭാതഭക്ഷണ ചർച്ചയിൽ യുവാക്കളെ സ്വാധീനിക്കുന്നതിനായി മൊബൈൽ ടെക്നോളജി ഉപയോഗിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ സജീവമാകണമെന്നും എം.പിമാരുടെ സ്വന്തം പ്രയത്നങ്ങളും മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. എന്തുകൊണ്ട് നരേന്ദ്രമോദിയും ബി.ജെ.പിയും വിജയം ആവർത്തിക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് സ്മാർട്ട് ഫോണുകളെയും സമൂഹ മാധ്യമങ്ങളെയും കേന്ദ്രീകരിച്ചുള്ള ഈ തെരഞ്ഞെടുപ്പ് തന്ത്രം.

2010 പിന്നിടുന്നതോടെ സമൂഹ മാധ്യമങ്ങൾ സജീവമായിത്തുടങ്ങിയെങ്കിലും മൊബൈൽ ഫോണുകളോ സ്മാർട്ട് ഫോണുകളോ ഇന്റർനെറ്റ് കണക്ഷനോ അന്ന് എല്ലാവർക്കും ലഭ്യമായിരുന്നില്ല. 2014 ലാണ് മോദി സർക്കാർ അധികാരത്തിൽ വരുന്നത്. 2016 സെപ്റ്റംബറിലാണ് 4G സേവനങ്ങൾ വാണിജ്യപരമായി ആരംഭിച്ചുകൊണ്ട് ജിയോ രംഗത്തെത്തുന്നത്. 2016 സെപ്റ്റംബർ 5 മുതൽ ഡിസംബർ 31 വരെ നടന്ന റിലയൻസ് ജിയോയുടെ വെൽക്കം ഓഫറിൽ ജിയോ സിം കാർ‍ഡ് ഉപഭോക്താവിന് പ്രതിദിനം 4 ജിഗാബൈറ്റ് ഡാറ്റ പാക്കേജ് സൗജന്യമായി‌ നൽകിയ ജിയോ പിന്നീടത് 2017 മാർച്ച് 31 വരെ നീട്ടുകയായിരുന്നു. കുറഞ്ഞ നിരക്കിൽ ഡാറ്റാ ലഭ്യമാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാർക്ക് ഇൻ്റർനെറ്റ് യുഗത്തിലേക്ക് പ്രവേശിക്കാൻ ജിയോ വഴിയൊരുക്കി. ഇപ്രകാരം ഡിജിറ്റൽ ലോകത്തേക്ക് എത്തിയ ജനലക്ഷങ്ങളെ രാഷ്ട്രീയമായി സ്വാധീനിക്കാൻ ആദ്യം ശ്രമിച്ചത് ബി.ജെ.പിയാണ്. 2019 ലെ തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഡിജിറ്റൽ രം​ഗത്തെ പ്രചാരണം ഏറെ പ്രധാന്യമുള്ള ഒന്നായി മാറി. രാഷ്ട്രീയ പാർട്ടികളെല്ലാം ഡിജിറ്റൽ പ്രചാരണത്തിനായി സജ്ജമായെങ്കിലും ബി.ജെ.പി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള സംഘടിത പ്രവർത്തനത്തിൽ വിജയിച്ചത്.

ബി.ജെ.പിയുടെ ഒരു സോഷ്യൽ മീഡിയ വർക്ക്ഷോപ്പ്. കടപ്പാട്:boldnews

ഇൻഫ്ലുവൻസർമാരും ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പും

വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലേക്ക് രാജ്യം പ്രവേശിച്ചതോടെ സ്മാർട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാൾ പതിൻ മടങ്ങ് വലുതാണ് ഇപ്പോൾ ഡിജിറ്റൽ ലോകം. കോവിഡ് മഹാമാരി ലോകമെങ്ങും വ്യാപിച്ച കാലത്ത് വീടുകളിലേക്ക് ചുരുങ്ങിയ മനുഷ്യർ സമൂഹ മാധ്യമങ്ങൾ കൂടുതലായി ഉപയോ​ഗിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന് ശേഷം ഇന്ത്യ മുഴുവൻ മൊബൈൽ ഫോൺ ഉപയോഗവും സമൂഹ മാധ്യമ ഉപയോഗവും വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ 2022 നവംബറിലെ സർക്കാർ കണക്കുകൾ പ്രകാരം 1.2 ബില്യണിലധികം മൊബൈൽ ഫോൺ ഉപയോക്താക്കളും 600 ദശലക്ഷം സ്മാർട്ട് ഫോൺ ഉപയോക്താക്കളുമുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ 229 ദശലക്ഷം, വാട്സാപ്പിൽ 535 ദശലക്ഷം, ഫേസ്ബുക്കിൽ 315 ദശലക്ഷം, ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ 462 ദശലക്ഷം ഇന്ത്യൻ ഉപഭോക്താക്കളുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സ് ആയിരിക്കുമെന്നാണ് മിഷിഗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻഫർമേഷൻ അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാൽ നടത്തിയ പഠനം പറയുന്നത്. (സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രേക്ഷക സമൂഹത്തെ സൃഷ്‌ടിച്ച വ്യക്തികളെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്ന് വിളിക്കുന്നത്). രാഷ്ട്രീയക്കാരുമായി കൂടുതൽ അഭിമുഖങ്ങൾ നടത്തിയിട്ടുള്ളത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരല്ല, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണെന്നും പഠന കാലയളവിലെ കണക്കുകൾ വച്ച് ഈ പേപ്പർ ചൂണ്ടിക്കാട്ടുന്നു.

രൺവീർ അലഹബാദിയയുടെ ചാനലിൽ വന്ന സ്മൃതി ഇറാനിയുടെ അഭിമുഖം.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെ, ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് അഭിമുഖങ്ങളിൽ മൂന്നെണ്ണം ബിയർ ബൈസെപ് എന്നറിയപ്പെടുന്ന രൺവീർ അലഹബാദിയയുടെ ചാനലിൽ നിന്നുള്ളതാണ്. കോൺഗ്രസ് നേതാവ് കാമിയ ജാനിയുടെ കേർളി ടെയിൽസിൽ വന്ന രാഹുൽ ഗാന്ധിയുടെ അഭിമുഖവും ഹരിയാന മുൻ മുഖ്യമന്ത്രി എം.എൽ ഖട്ടറുമായി എൽവിഷ് യാദവ് നടത്തിയ അഭിമുഖവുമാണ് മറ്റ് രണ്ടെണ്ണം. (ലഹരിപാർട്ടിയിൽ പാമ്പിൻവിഷം ഉപയോഗിച്ചെന്ന കേസിൽ എൽവിഷ് യാദവിനെ നോയിഡ പൊലീസ് മാർച്ച് 18ന് അറസ്റ്റ് ചെയ്‌തു). ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് നടത്തിയ രാഷ്ട്രീയ അഭിമുഖങ്ങളിൽ ബി.ജെ.പി ഏറെക്കുറെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്ന് പേപ്പർ‌ ചൂണ്ടിക്കാട്ടുന്നു. ‌ഈ ഇൻഫ്ലുവൻസേഴ്സാകട്ടെ ആഹാരം, ലൈഫ് സ്റ്റൈൽ, ഫിറ്റ്നെസ്, യാത്ര, ബിസിനസ്, ടെക്നോളജി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. അത്തരം ഇൻഫ്ലുവൻസേഴ്സിന് നൽകുന്ന അഭിമുഖങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം ജീവിതശൈലി സംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുക വഴി അഭിമുഖത്തിന്റെ രാഷ്ട്രീയ സ്വഭാവം ഇല്ലാതാകുകയും രാഷ്ട്രീയ വ്യക്തിത്വങ്ങളെ പതിവിന് വിപരീതമായ ലാളിത്യത്തോടെ അവതരിപ്പിക്കയും ചെയ്യുന്നുവെന്നും രാഷ്ട്രീയക്കാരെ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ഗൗരവമുള്ള ചോദ്യങ്ങളെ നേരിടേണ്ടി വരുന്നില്ലെന്നും ജോയോജീത് പാലിന്റെ പഠനം സൂചിപ്പിക്കുന്നു. ഗൗരവപരമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾക്കപ്പുറം ആഹാരത്തെയും യാത്രകളെയും പറ്റി തങ്ങൾക്ക് ഇഷ്ടമുള്ള ഇൻഫ്ലൂവൻസറോട് സംസാരിക്കുന്നത് ജനസമ്മതി നേടാൻ സഹായിക്കുകയും ചെയ്യുന്നു.

രൺവീർ അലഹബാദിയയുടെ ചാനലിൽ വന്ന രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖം.

ജോയോജീത് പാലിന്റെ പഠനം ശരിവയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ഫോളേവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികൾ നടത്തിയ പല കൂടിക്കാഴ്ചകളുമെന്ന് വ്യക്തം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ 2023 ജൂണിൽ ഡൽഹിയിൽ വെച്ച് ഇന്ത്യയിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള 50 യൂട്യൂബർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രൺവീർ അലഹബാദിയയുടെ ബിയർ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിൽ രാജീവ് ചന്ദ്രശേഖർ, എസ് ജയശങ്കർ, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരുടെയെല്ലാം അഭിമുഖത്തിന്റെ സഹ സ്പോൺസർ ‘MyGov’ എന്ന് നൽകിയതിനെതിരെ ട്വിറ്ററിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസ് എം.പി മനിഷ് തിവാരി ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസികളെ തെരഞ്ഞെടുക്കുന്നതിനായി 2023 മാർച്ചിൽ സർക്കാർ പുറത്തിറക്കിയ ടെണ്ടറിനെ കുറിച്ച് ചോദിച്ചപ്പോൾ സർക്കാർ പദ്ധതികളെക്കുറിച്ച് കണ്ടന്റുകൾ ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി ചേർന്ന് പ്രവർ‌ത്തിക്കുന്നി‌തിനായി നാല് ഏജൻസികളെ ചുമതലപ്പെടുത്തിയെന്നും എന്നാൽ യാതൊരു തുകയും അവർക്ക് കൈമാറിയിട്ടില്ലെന്നുമാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ 2023 ജൂലൈയിൽ ലോക്സഭയിൽ മറുപടിയായി പറഞ്ഞത്. 1900 ബൂത്തുകളിൽ ഒരു ബൂത്തിൽ അഞ്ചുപേരെ വെച്ച് 10,000 സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിനെ വാരണാസി മണഡലത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് ചുതതലപ്പെടുത്തുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ദശലക്ഷക്കണക്കിന് ഫോളോവോഴ്സ് ഉള്ളവരെപ്പോലെ തന്നെ ഫോളോവേഴ്സ് കുറവുള്ള, എന്നാൽ പ്രാദേശികമായി സ്വാധീനമുള്ള ഇൻഫ്ലുവൻസേഴ്സിന്റെ പങ്ക് ബി.ജെ.പി മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടികളും മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. രാഹുൽ ഗാന്ധി ജോഡോ യാത്രയുടെ ഭാഗമായി സന്ദർശിച്ച സ്ഥലങ്ങളിലുള്ള പ്രാദേശിക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് അഭിമുഖങ്ങൾ നൽകിയിരുന്നു. മുഖ്യാധാര മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകാത്ത, വാർത്താ സമ്മേളനങ്ങൾ നടത്താത്ത പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോ​ഗിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന മോദിയുടെ സോഷ്യൽ മീഡിയ പാടവം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ പാഠപുസ്തകമായിരിക്കുമെന്നും ജോയോജീത് പാൽ അഭിപ്രായപ്പെട്ടതായി പ്രമുഖ മാധ്യമ പ്രവർത്തക ബർക്കാ ദത്ത് പറയുന്നു.

ഇൻഫ്ലുവൻസേഴ്സിനെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ നടത്തിയ പരിപാടിയാണ് നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ്. രാജ്യത്തെ ആദ്യ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡുകൾ മാർച്ച് എട്ടിന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് പ്രധാനമന്ത്രി തന്നെയാണ് വിതരണം ചെയ്തത്. ഉടൻ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ഈ പരിപാടി എന്ന് കരുതരുത് എന്ന് പറഞ്ഞ പ്രധാനമന്ത്രി 2024 തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയിൽ നിന്നും നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് വാങ്ങുന്ന രൺവീർ അലഹബാദി.

ഡിസ്‌റപ്റ്റർ ഓഫ് ദി ഇയർ വിഭാഗത്തിൽ രൺവീർ അലഹബാദിയയ്ക്കാണ് പുരസ്കാരം. കർളി ടെയിൽസ് യുട്യൂബ് ചാനൽ താരം കാമിയ ജാനിയ്ക്കാണ് മികച്ച ട്രാവൽ ക്രിയേറ്റർക്കുള്ള പുരസ്കാരം. സ്വച്ഛത അംബാസഡർ വിഭാഗത്തിൽ അവാർഡ് മൽഹാർ കലംബെയാണ് നേടിയത്. ഹെറിറ്റേജ് ഫാഷൻ ഐക്കൺ അവാർഡ് ജാൻവി സിംഗ് ഹിന്ദു ഉത്സവങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ, പ്രാദേശിക തുണിത്തരങ്ങൾ എന്നിവയെക്കുറിച്ചാണ് കണ്ടന്റുകൾ ചെയ്യുന്നത്. കൾച്ചറൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട മൈഥിലി താക്കൂറിന്റെ അവസാന യൂട്യൂബ് വീഡിയോകൾ ഭജൻസാണ്. മികച്ച സ്റ്റോറി ടെല്ലർ അവാർഡ് കരസ്ഥമാക്കിയ കീർത്തിക ഗോവിന്ദ സ്വാമി കീർത്തി ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അവസാനം പുറത്തുവിട്ട വീഡിയോയകട്ടെ കർമ്മ, ബഹുഭാര്യത്വം എന്നിവ സംബന്ധിച്ച കുറിച്ച് ശ്രീ ശ്രീ രവിശങ്കറുമായുള്ള സംഭാഷണവും.

കീർത്തിക ഗോവിന്ദ സ്വാമിയുടെ യൂട്യൂബ് ചാനലിൽ വന്ന ശ്രീ ശ്രീ രവിശങ്കറിന്റെ അഭിമുഖം.

മികച്ച മൈക്രോ ക്രിയേറ്റർക്കുള്ള അവർഡ് നേടിയ 18 വയസുകാരൻ അരിദമാൻ, ‘വേദ സിദ്ധാന്ത’മെന്ന ഇൻസ്റ്റ​ഗ്രാം, യുട്യൂബ് അക്കൗണ്ടുകളിലൂടെ ഹിന്ദു മതചരിത്രത്തെക്കുറിച്ച് കണ്ടന്റ് ചെയ്യുന്ന വ്യക്തിയാണ്. സമൂഹ മാധ്യമങ്ങളിലെ മികച്ച ക്രിയേറ്റർമാർക്ക് അവാർഡ് നൽകുമ്പോഴും കൃത്യമായ അജണ്ടയോടെ ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കൊപ്പം നിൽക്കുന്നവരായിരുന്നു അവാർഡിന് അർഹമായവരിൽ ഭൂരിഭാഗവും എന്ന് വ്യക്തം. ഇൻഫ്ലുവൻസേഴ്സിന്റെ പ്രാധാന്യം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് അവരെ കൂടെ നിർത്താനുള്ള കേന്ദ്ര സർക്കാർ പരിപാടിയായി തന്നെ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡിനെ കാണാം.

2022 ൽ ഇന്ത്യയിലെ ഇൻഫ്ലുവൻസർ വ്യവസായ വിപണിയുടെ മൂല്യം ഏകദേശം 12 ബില്യൺ രൂപ (145 മില്യൺ യുഎസ് ഡോളർ) ആയിരുന്നുവെന്നും 2026 ൽ ഇത് 28 ബില്യൺ രൂപയാകുമെന്നും കണക്കാക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ വിനോദത്തോടൊപ്പം രാഷ്ട്രീയ വീക്ഷണങ്ങൾ രൂപപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിലൂടെ വരുമാനം വർധിപ്പിക്കാനും ഇത്തരം ഇൻഫ്ലൂവൻസേഴ്സിനാകുന്നു.

ഇൻഫ്ലുവൻസർ വ്യവസായ വിപണിയുടെ മൂല്യത്തെക്കുറിച്ച് സ്റ്റാറ്റിസ്റ്റ നൽകുന്ന കണക്ക്.

കന്നി വോട്ടർമാരുടെ രാഷ്ട്രീയം

രാജ്യത്ത് ആകെ 96.88 കോടി വോട്ടര്‍മാരിൽ 1.8 കോടി കന്നി വോട്ടർമാരുണ്ടെന്നും (18-19 വയസ്)19.47 കോടി വോട്ടർമാരാകട്ടെ 20-29 വയസിനും ഇടയിലുള്ളവരാണെന്നുമാണ് ഇലക്ഷൻ കമ്മീഷൻ 2024 മാർച്ച് 16 ന് തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കവേ പുറത്തുവിട്ട വിവരം. കന്നി വോട്ടർമാർക്ക് (FTV) ബി.ജെ.പി ആദ്യം ഭരണത്തിലെത്തിയ 2014-ൽ എട്ട് വയസ്സും 2019-ൽ പതിമൂന്ന് വയസ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മൂല്യങ്ങൾ, പെരുമാറ്റം, വിശ്വാസങ്ങൾ എന്നിവ രൂപപ്പെടുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ, ഈ തലമുറ വളർന്നത് മോദി യുഗത്തിലാണന്നും അതിനാൽ തന്നെ മോദിയാണ് വിശ്വഗുരുവെന്ന് അവരെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന വലതുപക്ഷ പ്രത്യയശാസ്ത്രവും മാധ്യമങ്ങളും ചേർന്നുണ്ടായിക്കിയ സാഹചര്യങ്ങളിലാണ് അവർ വളർന്നതെന്നും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും രാഷ്ട്രീയ നിരീക്ഷകനുമായ അവയ് ശുക്ല അഭിപ്രായപ്പെടുന്നു. 2019 ലും കന്നി വോട്ടേഴ്സിന്റെ സ്വാധീനത്തെ പറ്റി ഗൗരവപരമായ ചർച്ചകൾ ഉണ്ടായില്ല എന്ന് സൂചിപ്പിട്ട അവയ് ശുക്ല എന്തുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ ഈ കാര്യത്തിൽ ശ്രദ്ധചെലുത്തിന്നില്ലെന്നും ചോദ്യമുന്നയിക്കുന്നു. എന്നാൽ ബി.ജെ.പി കന്നിവോട്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ കൃത്യമായി ലക്ഷ്യം വെച്ച് തന്നെയാണ് 2024 തിരഞ്ഞെടുപ്പിനെ നേരിടുന്നത്. pehlavotemodiko.bjp.org എന്ന വെബ്സൈറ്റ് വഴി യുവതലമുറയിലേക്ക് സംഘപരിവാർ രാഷ്ട്രീയം എത്തിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആസൂത്രിമായി നടത്തുന്നുണ്ട്. നരേന്ദ്ര മോദിക്ക് കീഴിൽ യുവതലമുറക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് വെബ്സൈറ്റ് പറയുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ആശയവിനിമയം, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിലെ മോദി സർക്കാരിൻ്റെ സംരംഭങ്ങളെ കേന്ദ്രീകരിച്ചുള്ള ചെറിയ വീഡിയോകളിലൂടെ, സമൂഹ മാധ്യമങ്ങളുടെ സാധ്യതകളുപയോഗപ്പെടുത്തിയാണ് കന്നി വോട്ടർമാർക്കിടയിലേക്ക് ബി.ജെ.പിയുടെ പ്രചാരണം എത്തുന്നത്.

പ്രധാനമന്ത്രി വാട്സ്അപ് വഴി അയയ്ക്കുന്ന കത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അറ്റാച്ച് ചെയ്ത്, പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ‘വിക്ഷിത് ഭാരത് സമ്പർക്ക’ എന്ന അക്കൗണ്ടിൽ നിന്നും ഒരു വാട്സ്അപ് സന്ദേശം രാജ്യത്തെമ്പാടും നിരവധി പേർക്ക് ലഭിക്കുകയുണ്ടായി. സർക്കാർ സംവിധാനത്തിൽ നിന്നും അയയ്ക്കുന്ന ഈ കത്ത് തീർത്തും രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള ഒന്നാണ്. വോട്ടർമാരായ പൗരരെ പ്രിയ കുടുംബാം​ഗങ്ങളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എഴുതിയിരിക്കുന്ന ഈ കത്തിന്റെ ഉള്ളടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്വഭാവത്തിലുള്ള ഒന്നാണ്. സർക്കാരിന് എങ്ങനെയാണ് ഇത്രയധികം സ്വകാര്യവ്യക്തികളുടെ വാട്സ്അപ് നമ്പർ ലഭിച്ചത് എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. വാട്സ്അപ്പിൻ്റെ പ്രഖ്യാപിത നയം രാഷ്ട്രീയ പ്രചാരണങ്ങൾക്കായി വാട്സ്അപ് ഉപയോഗിക്കുന്നത് അനുവദിക്കുന്നില്ല എന്നതാണ്. എന്നിട്ടും സർക്കാർ മെഷീനറി ഉപോയി​ഗിച്ച് ബി.ജെ.പി വാട്സ്അപ് വഴി രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്, അതും പ്രധാനമന്ത്രിയുടെ പേരിൽ തന്നെ.

തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന പാർട്ടി ഭരിക്കുന്ന ഇന്ത്യ തന്നെയാണ് ലോകത്തിന്റെ ഇന്റൻനെറ്റ് നിരോധനത്തിന്റെ തലസ്ഥാനം എന്നത് കൂടി നാം ഓർക്കേണ്ടതുണ്ട്. അഞ്ച് വർഷമായി ആഗോള തലത്തിൽ പൗരർക്ക് ഇന്റർനെറ്റ് നിഷേധിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതാകട്ടെ ജമ്മു കശ്മീരിലും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read