പ്രൊഫ. എം കുഞ്ഞാമൻ ഈ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹത്തിന് എഴുപത്തി നാല് വയസായിരുന്നു.വളരെ ചെറുപ്പത്തിലേ ആരംഭിച്ച നിലനില്പിനായുള്ള പോരാട്ടം അദ്ദേഹത്തിന് അവസാന കാലം വരെയും നടത്തേണ്ടിവന്നു എന്നത് കേരളം ചിന്തിക്കേണ്ടൊരു കാര്യമാണ്. വരുംതലമുറ താങ്കളെ എങ്ങനെ വിലയിരുത്തണം എന്നാണ് ആഗ്രഹമെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ കുഞ്ഞാമൻ സാർ പറഞ്ഞു, ”ഞാൻ ജീവിച്ചിരിക്കുമ്പോൾ ആളുകൾ എന്നെയെങ്ങനെ വിലയിരുത്തുന്നു എന്ന് ഞാൻ ശ്രദ്ധിക്കാറില്ല, പിന്നെയല്ലേ മരണശേഷം…” പഠന കാലത്തും, ഔദ്യോഗിക ജീവിതത്തിലും, വ്യക്തിജീവിതത്തിലുമെല്ലാം പ്രതിസന്ധികൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞതേയില്ല. എന്നാൽ ഞങ്ങൾ ശിഷ്യരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരിക്കുക എന്നത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്.
”ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്താകണം എന്നായിരുന്നു എന്റെ ആഗ്രഹമെന്ന് രജിത്തിന് അറിയാമോ?” കഴിഞ്ഞ ആഴ്ചയിലൊരു ദിവസം ഒന്നിച്ചുള്ള യാത്രയ്ക്കിടയിൽ കുഞ്ഞാമൻ സാർ ചോദിച്ചു. ഡ്രൈവർ, പൊലീസ് എന്ന എന്റെ ഉത്തരങ്ങളെല്ലാം തള്ളിക്കളഞ്ഞ് അദ്ദേഹം പറഞ്ഞു, “ഒരു കള്ളനാവാനായിരുന്നു അന്നെനിക്കാഗ്രഹം. കാരണം നാട്ടിൽ എനിക്കറിയാവുന്ന ഒരു ചെറുകിട കള്ളനുണ്ട്. അയാളോട് ആളുകൾക്ക് ഒരു പേടിയും, ബഹുമാനവുമൊക്കെയുണ്ട്. മാത്രവുമല്ല ഞങ്ങളുടെ നാട്ടിൽ പുറംലോകം കണ്ട, കുറച്ച് ലോകപരിചയം ഒക്കെ ഉള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്തുപോയി കള്ളനാകാൻ തന്നെ പഠിപ്പിക്കണം എന്ന് പറയുകയും ചെയ്തു. എന്നാൽ ഒരു കള്ളന് മൂന്നു ഗുണങ്ങൾ ആവശ്യമാണ്, ഉറച്ച ശരീരം, ധൈര്യം, ബുദ്ധി ഇവ മൂന്നും എനിക്കില്ലാത്തതിനാൽ കള്ളനാകാൻ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.” കുഞ്ഞാമൻ സാർ പറഞ്ഞു.
ഇങ്ങനെ പറഞ്ഞതും, പറയാത്തതുമായ എത്രയോ തീക്ഷ്ണമായ ജീവിത പരിസരങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നുമാണ് പ്രൊഫ. കുഞ്ഞാമൻ പ്രശസ്തമായ ടാറ്റാ ഇൻസ്റ്റിറ്ട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസറും, ഡീനുമൊക്കെയായി എഴുപത്തി നാലാം വയസ്സിൽ എത്തി നിന്നത്. കുറച്ചുനാളുകളായി സാറിനെ ഇടയ്ക്കിടെ വിളിക്കാറും, കാണാറുമൊക്കെയുണ്ട്. ചെറിയ, ചെറിയ യാത്രകൾ അദ്ദേഹത്തോടൊപ്പം നടത്താറുമുണ്ട്. യാത്രകളിൽ മിക്കപ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടേയിരിക്കും. ആനുകാലിക സംഭവങ്ങളെ കുറിച്ചെല്ലാം പറയും. രാഷ്ട്രീയം സംസാരിക്കും. ഇ.എം.എസിനെയും, കെ രാധാകൃഷ്ണനെയും, ജി സുധാകരനെയും കുറിച്ച് സംസാരിക്കും, പഠിച്ചുകൊണ്ടിരുന്നപ്പോൾ ക്യാമ്പസിൽ ഉമ്മൻ ചാണ്ടിയും, കെ വേണുവുമൊക്കെ വന്നതിനെ കുറിച്ച് പറയും. കേരളത്തിലെ ഭൂമി വിതരണത്തിലെ പ്രശ്നങ്ങളും, ജാതിവ്യവസ്ഥ മനുഷ്യരോട് ചെയ്യുന്നതെന്തെന്നും നിർവികാര ഭാവത്തിലെങ്കിലും ഉറച്ച ശബ്ദത്തിൽ പറയും.
ഞങ്ങൾ ഒരു ദിവസം ഒരു ഷോപ്പിലേക്ക് കയറിയപ്പോൾ അവിടുത്തെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും വടക്കുംനാഥൻ സിനിമയിലെ ‘ഗംഗേ’ എന്ന പാട്ടാണ് വന്നുകൊണ്ടിരുന്നത്. ആ പാട്ടിലെ മൃദംഗവും, തബലയും വരികളോട് ചേർന്നു നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ “രവീന്ദ്രൻ മാഷ്, രവീന്ദ്രൻ മാഷ്…” എന്നുറക്കെ പറഞ്ഞ് ഒരു കൊച്ചുകുട്ടിയെപ്പോലെ നിറയെ ചിരിച്ച്, കണ്ണുകൾ അടച്ചുകൊണ്ട് തന്റെ കൈ അന്തരീക്ഷത്തിൽ ചുഴറ്റി താളം പിടിച്ചത് മറക്കാത്തൊരു വേറിട്ട ചിത്രമാണ്. അക്കാദമിക്ക് പണ്ഡിതൻ എന്ന നിലയിൽ സമാനതകൾ ഇല്ലാത്ത ഉയരത്തിലായിരുന്നു അദ്ദേഹം. നിറയെ വായിക്കുകയും, എഴുതുകയും ചെയ്തു. ആശയങ്ങൾ പുതുക്കികൊണ്ടേയിരുന്നു. അധികാരത്തോട് വല്ലാത്തൊരു അകലം എല്ലാ കാലത്തും അദ്ദേഹം കാണിച്ചു. അവാർഡുകളും, പ്രശസ്തിയും ഒരു കാലത്തും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല.
സെമിനാറുകളിൽ അദ്ദേഹത്തിന്റെ വാദമുഖങ്ങൾ കേൾക്കുന്നതിനുവേണ്ടി ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്. എം.എയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തെ നഗരത്തിലെ പരിപാടിക്ക് ക്ഷണിക്കാൻ വരുന്ന കാറിനുവേണ്ടിയും ഞങ്ങൾ വിദ്യാർഥികൾ കാത്തിരിക്കാറുണ്ട്. പോകുന്ന വഴിയിൽ മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ കാർ നിർത്തിപ്പിച്ച് സാർ വാങ്ങി തന്നിരുന്ന പൊറോട്ടയും, ചിക്കനും ഞങ്ങൾക്ക് എത്രത്തോളം ആവശ്യമുള്ളതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി പോരാടി മുന്നോട്ടുവന്ന മനുഷ്യനാണ്. ഒട്ടും അനുകൂലമല്ലാത്ത അക്കാദമിക് സാഹചര്യങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ പറഞ്ഞുകൊണ്ട് കസേര വലിച്ചിട്ട് ഇരുന്ന അക്കാദമിക് ആണ്. ആരുടെയും ആനുകൂല്യങ്ങൾ തനിക്കാവശ്യമില്ലെന്നും തനിക്ക് പറയാനുള്ളത് താൻ പറയുക തന്നെ ചെയ്യുമെന്നും ഒരുപാട് തവണ പറഞ്ഞ മനുഷ്യനാണ്. പക്ഷേ അതോടൊപ്പം ജീവിതത്തിലെ പല പല സന്ദർഭങ്ങളിൽ ഒറ്റയ്ക്കായി പോയ മനുഷ്യൻ കൂടിയാണ്.
സ്നേഹത്താൽ സ്വയം നഷ്ടപ്പെടുന്ന അദ്ദേഹത്തിനെ കണ്ടത് 24 വർഷങ്ങൾക്കു മുമ്പ് കാര്യവട്ടം ക്യാമ്പസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്. മൊബൈൽഫോൺ ഒക്കെ വ്യാപകമാകുന്നതിന് മുമ്പുള്ള കാലമാണ്. ഡൗൺ സിൻഡ്രോം ബാധിച്ച ഇളയ മകൾ കുക്കു ഇടയ്ക്ക് ഡിപ്പാർട്ട്മെന്റിലെ ലാൻഡ് ഫോണിൽ കുഞ്ഞാമൻ സാറിനെ വിളിക്കും. അങ്ങനെ ഫോൺ വരുന്ന സമയങ്ങളിൽ താഴത്തെ ഫാക്കൾട്ടി റൂമിൽ നിന്നും അദ്ദേഹം മുകളിലേക്ക് സ്റ്റെപ്പ് കയറിയുള്ള ഒരു ഓട്ടമുണ്ട്. ഈ ലോകത്തിലെ ഒന്നും, ഒരു വസ്തുവും ആ ഓട്ടത്തിനിടയിൽ അദ്ദേഹത്തിന് കണ്ണിൽ പെടുകയില്ല. കിതച്ചുകൊണ്ട് കസേരയിൽ ഇരുന്ന് അദ്ദേഹം ഫോണിൽ സംസാരിച്ചു തുടങ്ങും. കുക്കുവിന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കിയത് വലിയ വേദനയും, ശൂന്യതയുമാണ്. കുക്കു മരണപ്പെട്ട ദിവസം വീട്ടിലെത്തുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കേണ്ടേ എന്നാരോ ചോദിക്കുമ്പോൾ കുട്ടിക്ക് തണുക്കില്ലേ എന്നാണ് കുഞ്ഞാമൻ സാറെന്ന അച്ഛൻ തിരിച്ചുചോദിച്ചത്.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞമാസം ഞാനും അദ്ദേഹവും പ്ലാനിങ് ബോർഡിൽ പോയി എന്റെ സുഹൃത്തായ സോഷ്യൽ സർവീസ് ചീഫ് ബിന്ദു വർഗീസുമായി സംസാരിച്ചിരുന്നു. തിരിച്ചുള്ള യാത്രയ്ക്കിടെ അദ്ദേഹം പറഞ്ഞത്, “ഐ നോട്ടീസ് വൈൽ ടോകിങ് യു പീപ്പിൾ കോൾ ഈച്ച് അദർ എടാ, എടീ… ഇതുപോലുള്ള സൗഹൃദങ്ങൾ ഉണ്ടാവുക എന്നതൊക്കെ ജീവിതത്തിലെ വലിയ കാര്യങ്ങളാണ്”. മടക്കയാത്രയ്ക്ക് ഒട്ടും തിരക്ക് വേണ്ടെന്നും ഒരുപാട് കാണാ കാഴ്ചകൾ കന്യാകുമാരിയിലും, കൊല്ലം മലനടയിലും, മൂകാംബികയിലും, കാർവാറിലുമൊക്കെയായി ഉണ്ടെന്നും അവിടങ്ങളിലെ ആകാശവും ഭൂമിയും ഒന്നിച്ചു കാണാമെന്നും പറഞ്ഞതാണ്. യു ആർ ലൈക് ഏ സൺ ടു മി എന്ന മുഖവുരയോടെ ചോദിച്ച പല ചോദ്യങ്ങൾക്കും, ആശങ്കകൾക്കും കഴിയാവുന്ന വിധത്തിൽ മറുപടി നൽകിയിട്ടുള്ളതാണ്. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൻ ഡോക്ടർ രാമൻകുട്ടിയെ പോലുള്ളവർ എന്തു സഹായത്തിനും ഒരു ഫോൺ അകലത്തിലുമുണ്ടായിരുന്നു. പക്ഷേ ഒരുകാലത്തും മറ്റുള്ളവർ പറയുന്നത് അനുസരിച്ച് ശീലമില്ലാത്ത മനുഷ്യനായിരുന്നു കുഞ്ഞാമൻ സാർ. മടങ്ങിപോകുമ്പോഴും ആരും പറയുന്നത് കേൾക്കരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നുറപ്പാണ്.
(തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അദ്ധ്യാപകനായ ലേഖകൻ കേരള സർവകലാശാലയിലെ കാര്യവട്ടം ക്യാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ പ്രൊഫസർ കുഞ്ഞാമന്റെ വിദ്യാർത്ഥിയായിരുന്നു)