എങ്ങനെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സാഹിത്യത്തിന് ലോകത്തെ പുനർനിർമ്മിക്കുവാൻ സാധിക്കുന്നത്?
മൊഴിമാറ്റം: എ.കെ റിയാസ് മുഹമ്മദ്
നോവലുകൾ ലോകത്തെ സൃഷ്ടിക്കുന്നു. അവ ഒരു സ്ഥലത്തെക്കുറിച്ചുള്ള അവബോധവും ഭാവനാത്മകമായ ചിത്രവുമുണ്ടാക്കുന്നു. അതേപോലെ, നോവലുകൾ നിർമ്മിക്കുന്ന പ്രപഞ്ചബോധം ഭൂപടങ്ങൾക്ക് സമാനമായി വായനക്കാർ ലോകത്തെ തന്നെ എങ്ങനെ കാണുന്നുവെന്നും രൂപപ്പെടുത്തുന്നു. അധിനിവേശാനന്തര സാഹിത്യത്തിന്റെ ആദ്യകാലങ്ങളിൽ നോവലുകളിലെ ലോകം പലപ്പോഴും രാഷ്ട്രം തന്നെയായിരുന്നു. സാധാരണായി അധിനിവേശാനന്തര നോവലുകൾ സംഭവിച്ചത് ദേശാതിർത്തിക്കുള്ളിലായിരുന്നു. കൂടാതെ ഏതെങ്കിലും വിധത്തില്‍ രാഷ്ട്രീയമായ ചോദ്യങ്ങളുമായും അത് ബന്ധപ്പെട്ടു കിടന്നിരുന്നു. ടാന്‍സാനിയയോ ഇന്ത്യയോ ആകട്ടെ, ചിലപ്പോൾ നോവലിന്റെ മുഴുവൻ കഥയും രാജ്യത്തിന്റെ ഒരു അന്യാപദേശ(Allegory)മായി സ്വീകരിച്ചിട്ടുണ്ട്. അധിനിവേശ വിരുദ്ധതയ്ക്ക് ഇത് പ്രധാനമായിരുന്നെങ്കിലും ഭൂകേന്ദ്രീകൃതവും ഉള്ളിലേക്ക് നോക്കുന്നതുമായ പ്രകൃതം ഒരു പരിമിതിയായി പ്രവർത്തിക്കുന്നു.


എന്റെ പുതിയ പുസ്തകമായ Writing Ocean Worlds ഗ്രാമത്തെയോ രാജ്യത്തെയോ അല്ലാതെ ഇന്ത്യന്‍ മഹാസമുദ്രത്തെ കേന്ദ്രീകരിച്ച് നോവലിന്റെ മറ്റൊരുതരത്തിലുള്ള ലോകത്തെയാണ് അന്വേഷിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രതീരത്തുള്ള ദേശങ്ങള്‍ കടന്നുവരുന്ന ചില നോവലുകളെയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നത്. അമിതാവ് ഘോഷ്, അബ്ദുള്‍ റസാഖ് ഗുര്‍ന, ലിന്‍ഡ്സെ കോലെന്‍, ജോസഫ് കോണ്‍റാഡ് എന്നീ എഴുത്തുകാരുടെ കൃതികളെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ കൃതികളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തെക്കുറിച്ചുള്ള ചരിത്രാഖ്യായികളും ഉള്‍പ്പെടുന്നു. 2021ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ സാന്‍സിബാര്‍ എഴുത്തുകാരനാണ് അബ്ദുള്‍ റസാഖ് ഗുര്‍ന. മൌറീഷ്യക്കാരിയായ ലിന്‍ഡ്സെ കോലെന്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ്. ഇംഗ്ലീഷ് സാഹിത്യ മണ്ഡലത്തിലെ പ്രധാനപ്പെട്ടയൊരു പേരാണ് ജോസഫ് കോണ്‍റാഡ്. തങ്ങളുടെ ഭൂരിഭാഗം രചനകളിലും ഇന്ത്യന്‍ മഹാസമുദ്രത്തെ കേന്ദ്രീകരിച്ചതിലൂടെ ശ്രദ്ധേയരായവരാണ് ഈ നാലു എഴുത്തുകാരും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പ്രധാനപ്പെട്ട പ്രദേശങ്ങളെ ഇവര്‍ ഓരോരുത്തരും തങ്ങളുടെ കൃതികളിലൂടെ പ്രതിനിധീകരിക്കുന്നു. ഘോഷും ഗുര്‍നയും യഥാക്രമം കിഴക്കന്‍ ഭാഗത്തെയും പടിഞ്ഞാറന്‍ ഭാഗത്തെയും ഉള്‍ക്കൊള്ളിച്ചപ്പോള്‍, കോലെന്‍ ദ്വീപുസമൂഹത്തെയും കോണ്‍റാഡ് സാമ്രാജ്യത്തിന്റെ പുറമെ നിന്നുള്ള വീക്ഷണത്തെയും വരച്ചുവെച്ചു.


പുറംലോകത്തേക്ക് കണ്ണുകള്‍ പായിക്കുന്നതും സഞ്ചാരവും അതിര്‍ത്തി മുറിച്ചുകടക്കലും തെക്കും – തെക്കും തമ്മിലുള്ള പരസപരബന്ധവും നിറഞ്ഞതുമായ ഒരു ലോകത്തെയാണ് ഇവരുടെ കൃതികള്‍ വെളിപ്പെടുത്തുന്നത്. അധിനിവേശ അനുകൂലിയായ കോണ്‍റാഡ് മുതല്‍ മുതലാളിത്തത്തെ സമഗ്രമായി എതിര്‍ക്കുന്ന കോലെന്‍ വരെയുള്ള ഈ എഴുത്തുകാരെല്ലാം വ്യത്യസ്ഥരാണെങ്കിലും, വിഷയത്തിലൂടെയും ചിത്രങ്ങളിലൂടെയും രൂപകങ്ങളിലൂടെയും ഭാഷയിലൂടെയും ഇന്ത്യൻ മഹാസമുദ്ര വ്യാപ്തിയെക്കുറിച്ചുള്ള വിപുലമായ ബോധത്തെ അവര്‍ ഒരുമിച്ച് വരച്ചിടുകയും രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പരസ്പര ബന്ധിതമായ ആഗോള ദക്ഷിണ(Global South)ത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് വായനക്കാരുടെ മനസില്‍ പ്രകടമായികിടക്കുന്ന ലോകത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രഭാവം അതിനുണ്ട്.
കെനിയൻ നോവലിസ്റ്റായ യവോൻ ആദിയാംബോ ഒവൂർ പറഞ്ഞതുപോലെ, വിശിഷ്യാ ആഫ്രിക്കയുടെ ലോകവുമായുള്ള പരസ്പരബന്ധത്തിന്റെ ആഖ്യാനം “നമ്മുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള അധിനിവേശാനന്തര ഭാവനയിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു”. ആഫ്രിക്കയുടെ ഭൂരിഭാഗവും കടലില്‍ മറഞ്ഞുകിടക്കുകയാണെന്നും അവര്‍ പറയുന്നു. അതിനാല്‍ ആഖ്യായികയിലേക്ക് ഊളിയിട്ട് ഗുപ്തമായി കിടക്കുന്ന ആഫ്രിക്കയെ കണ്ടെത്താന്‍ വായനക്കാരെ പ്രേരിപ്പിക്കുയയാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ മഹാസമുദ്ര ബന്ധം
കിഴക്കേ ആഫ്രിക്കന്‍ തീരങ്ങളും അറേബ്യന്‍ കടലോരവും തെക്ക് കിഴക്കനേഷ്യയെയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഇന്ത്യൻ മഹാസമുദ്ര ലോകം(The Indian Ocean world). അതിന്റെ ഭൂമിശാസ്ത്രമാണ് ഈ ബന്ധങ്ങൾ സാധ്യമാക്കിയത്. ചരിത്രത്തിലുടനീളം കരയിലൂടെയുള്ളതിനെക്കാള്‍ കടലിലൂടെയുള്ള യാത്രയാണ് എളുപ്പമാക്കിയത്. വളരെ ദൂരെയുള്ള തുറമുഖ നഗരങ്ങൾ വളരെ അടുത്തുകിടക്കുന്ന ഉൾനാടൻ നഗരങ്ങളെ അപേക്ഷിച്ച് പരസ്പരം എളുപ്പത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മൾ ഇപ്പോൾ ആഗോളവൽക്കരണം എന്ന് വിളിക്കുന്നത് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇന്ത്യൻ മഹാസമുദ്രത്തിലാണെന്ന് ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ തെളിവുകൾ നല്കുന്നുണ്ട്. ഇതാണ് എന്റെ പുസ്തകത്തിലുള്ള നോവലുകള്‍ പരമാര്‍ശിക്കുകയും രചിക്കുകയും ചെയ്യുന്ന പരസ്പരബന്ധിതമായ സമുദ്രലോകം. ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ മഹാസമുദ്രാഖ്യായികകള്‍(Indian Ocean Novels) ചെറുതാണെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു ഴാനറാണ്. അവയില്‍ എം.ജി വാസൻജി, മൈക്കൽ ഒണ്ടാച്ചി, റൊമേഷ് ഗുണശേഖര എന്നിങ്ങനെ പലരുടെയും കൃതികളും ഉൾപ്പെടുന്നു.


സാധാരണ ആംഗലേയ ആഖ്യായികളില്‍ കൂടുതലും കണ്ടുവരുന്ന യൂറോ-അമേരിക്കന്‍ കേന്ദ്രീകൃതമായതും ക്രിസ്തുമതത്തിന്റെയും വെളുത്ത നിറത്തിന്റെയും പശ്ചാത്തലമുള്ളതും പാരീസും ന്യൂയോർക്കും പോലുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്നതുമായതില്‍നിന്നും വ്യത്യസ്ഥമായ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പരമാര്‍ശങ്ങളിലൂടെ ഘോഷും ഗുര്‍നയും കോലെനും കോണ്‍റാഡും തങ്ങളുടെ ഭാഗങ്ങള്‍ നിര്‍വഹിക്കുണ്ട്. ഈ പുസ്തകത്തിലെ നോവലുകള്‍ വിശാലമായ ഇസ്ലാമിക ഇടങ്ങളെ ഉയര്‍ത്തിക്കാട്ടുകയും വര്‍ണാടിസ്ഥാനത്തിലുള്ള കഥാപാത്രങ്ങളെ വിശേഷിപ്പിക്കുകയും മാലിന്ദി, മൊംബാസ, ഏദൻ, ജാവ, ബോംബെ എന്നീ തുറമുഖങ്ങളെ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്.
ഒരു ഉദാഹരണത്തിന്, ഗുര്‍നയുടെ ‘ബൈ ദ സീ’ എന്ന നോവലിൽനിന്നുള്ള രംഗം എടുക്കാം. സാൻസിബാറിലെ ഒരു അധ്യാപകൻ തന്റെ യുവ വിദ്യാർത്ഥികൾക്ക് ലോകഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം കാണിക്കുന്നു. എന്നിട്ട് ആഫ്രിക്കയുടെ കിഴക്കൻ തീരത്തിന് ചുറ്റിലൂടെ ഒരു നീണ്ട വര വരയ്ക്കാന്‍ തുടങ്ങുകയും അതിനെ ഇന്ത്യയിലൂടെയും തുടര്‍ന്ന് മലായ്, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലൂടെ ചൈന വരെ കൊണ്ടുചെല്ലുകയും ചെയ്യുന്നു. അതുകഴിഞ്ഞ് സാന്‍സിബാറിന് ചുറ്റും കറങ്ങി പൂര്‍വ്വദിക്കിലേക്കും കടലിലേക്കും കൈചൂണ്ടി ഇതാണ് നാമുള്ള സ്ഥലമെന്ന് പറയുന്നു.
കപ്പല്‍ക്കൂട്ടങ്ങള്‍ പലകകള്‍ നിരത്തിവെച്ചതുപോലെ തുറമുഖത്ത് കിടക്കുന്നു. അവയ്ക്കിടയിലെ സമുദ്രം, അവ പുറന്തള്ളുന്ന മാലിന്യത്താല്‍ തിളങ്ങുന്നു. വാങ്ങുകയും വില്ക്കുകയും കാരണമില്ലാതെ വഴക്കു കൂടുകയും തുറന്നയിടങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുകയും ആമോദത്തോടെ പാടുകയും ചായയുണ്ടാക്കുകയും ചെയ്യുന്ന സോമാലികള്‍ അല്ലെങ്കില്‍ സൂറി അറബുകള്‍ അല്ലെങ്കില്‍ സിന്ധികളെക്കൊണ്ട് തെരുവ് തിങ്ങിവീര്‍ത്തു. ലോകത്തെ വിപുലീകരിച്ച സ്ഥലബോധം പ്രദാനം ചെയ്യുന്ന സാര്‍വ്വലൗകികമായ ഒരു തെക്കൻ സംസ്കാരത്തിന്റെ സാന്ദ്രമായി ഭാവനചെയ്യപ്പെട്ടതും സമ്പന്നവുമായ സംവേദനാത്മക ചിത്രമാണിത്.


ആഫ്രിക്കയുടെ പ്രാതിനിധ്യം
ഈ പുനർനിർമ്മാണം ആഫ്രിക്കയുടെ പ്രാതിനിധ്യത്തിന് വിശേഷമായ ശക്തി പകരുന്നുണ്ട്. നോവലിലെ നാവികരും യാത്രികരും യൂറോപ്യന്മാര്‍ മാത്രമല്ല. അതുകൂടാതെ പര്യവേഷകരെ അയക്കുന്നതിന് പകരം സ്വീകരിക്കുന്നതായ ഒരു ജലഭയ (Hydrophobic) ഭൂഖണ്ഡമായി ആഫ്രിക്കയെ അവ ചിത്രീകരിക്കുന്നില്ല. ആഫ്രിക്കരെപ്പോലെ ഇന്ത്യക്കാരും അറബുകളുമായ കഥാപാത്രങ്ങളെ, വ്യാപരികളും ചുക്കാനികളും നാടുവിട്ടോടിയവരും പ്രതിനായകന്മാരും മതപ്രബോധകരും കര്‍മോന്മുഖരായും അവയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ആഫ്രിക്കയെ കാല്പനികമായി അവതരിപ്പിക്കുന്നുവെന്നല്ല ഇതിനർത്ഥം. കുടിയേറ്റം പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ് സംഭവിക്കുന്നത്. സാഹസികത എന്നതിലുപരി യാത്ര ഇവിടെ പരിത്യാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യം വെറും വ്യാമോഹം മാത്രമാകുന്നു. അടിമത്തം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്ര ലോകത്തിലെ ആഫ്രിക്കൻ ഭാഗം അതിന്റെ ദീർഘവും സമ്പന്നവുമായ ചരിത്രത്തിലൂടെ വിശാലമായ ലോകത്തില്‍ സജീവമായ പങ്കുവഹിക്കുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

