1975, സെപ്തംബർ 25:
“എന്നത്തെയും പോലെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സാധാരണ കാമ്പസ് പ്രഭാതമായിരുന്നില്ല അന്ന്. സ്റ്റുഡന്റ്സ് യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ അശോക ലത ജെയിനിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് രണ്ടാം ദിവസത്തിലായിരുന്നു. സംഘർഷഭരിതമായ കാമ്പസ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. അന്ന് രാവിലെ ഏതാനും സഖാക്കളോടൊപ്പം സ്കൂൾ ഓഫ് ലാംഗ്വേജസിന്റെ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ ഒരു കറുത്ത അംബാസഡർ ഞങ്ങളുടെ അടുത്ത് നിർത്തി. ഒരു ദൃഢഗാത്രൻ പുറത്തിറങ്ങി. അയാൾ അടുത്തുവന്ന് അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഡി.പി ത്രിപാഠി ഞാനല്ലേ എന്ന് ചോദിച്ചു. ആ ആൾ ഞാനല്ലെന്നുള്ള മറുപടിയും നൽകി. പക്ഷേ ചോദ്യകർത്താവ് ഒരു പൊലീസുകാരനായിരുന്നു. ഡി.ഐ.ജി റേഞ്ച് പി.എസ് ബിന്ദർ. അയാൾ എന്നെ വിശ്വസിച്ചില്ല. യൂണിഫോമില്ലാതെ സാധാരണ വസ്ത്രത്തിൽ അദ്ദേഹവും കൂട്ടാളികളും, ആ പട്ടാപ്പകൽ എന്നെ തട്ടിക്കൊണ്ടുപോയി. എല്ലാം വളരെ വേഗത്തിലായിരുന്നു. തുടർന്ന് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം ഒരു വർഷത്തോളം എനിക്ക് ജയിലിൽ കഴിയേണ്ടി വന്നു.” (പോരാട്ടം തുടരുക, പ്രബീർ പുർകായസ്ത).
2021, ഫെബ്രുവരി 9:
“അന്നത്തെപ്പോലെ ഒരു പ്രഭാതം, ഞാൻ വീട്ടിലായിരുന്നു. പ്രാതൽ കഴിച്ച് പത്രങ്ങൾ വായിക്കുന്നതിനിടെ ഡോർബെൽ മുഴങ്ങി. വാതിൽക്കൽ ഒരു സംഘം. അവരിലൊരാളുടെ കയ്യിൽ ഒരു ഔദ്യോഗിക കടലാസും. അവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) നിന്നുള്ളവരാണെന്നും റെയ്ഡ് നടത്താനാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. 2009ൽ ഞാൻ സ്ഥാപിച്ച ഡിജിറ്റൽ വെബ് പ്ലാറ്റ്ഫോമായ ന്യൂസ് ക്ലിക്കായിരുന്നു അവരുടെ ലക്ഷ്യം. പിന്നിട്ട വർഷങ്ങളിൽ ന്യൂസ്ക്ലിക്ക് ഞങ്ങളുടെ പ്രവർത്തനത്തിന്റെയും പ്രേക്ഷകരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വളർന്നിരുന്നു. റെയ്ഡ് ഏതാണ്ട് അഞ്ച് ദിവസം, കൃത്യമായി പറഞ്ഞാൽ 113 മണിക്കൂർ നീണ്ടു നിന്നു. ഒരു സ്വകാര്യ വസതിയിൽ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയ്ഡുകളിൽ ഒന്നായിരുന്നു ഇത്.” (പോരാട്ടം തുടരുക, പ്രബീർ പുർകായസ്ത).
2023, ഒക്ടോബർ 3:
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥർ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനായ പ്രബീർ പുർകായസ്തയെയും സഹപ്രവർത്തകരെയും യു.എ.പി.എ നിയമപ്രകാരം റിമാൻഡ് ചെയ്ത് തടവിലാക്കി. 2024 മെയ് 15ന് അറസ്റ്റ് അസാധുവാണെന്ന് സുപ്രിംകോടതി വിധിച്ചതോടെതയാണ് പ്രബീറിന് ജാമ്യം ലഭിക്കുന്നത്.
1975 ൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയിലും കഴിഞ്ഞ പത്ത് വർഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥാക്കാലത്തും ജീവിക്കാൻ കഴിഞ്ഞ നിരവധിയാളുണ്ട്. എന്നാൽ ഈ രണ്ട് കാലത്തും ഭരണകൂട ഭീകരതക്കെതിരെ ധൈര്യത്തോടെ ശബ്ദമുയർത്തുകയും, ഭരണാധികാരികളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വരികയും ചെയ്യേണ്ടി വന്നവർ അപൂർവമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് പ്രബീർ പുർകായസ്ത. ആദ്യം ജെ.എൻ.യു പഠനകാലത്ത് വിദ്യാർത്ഥി യൂണിയന്റെ ഭാഗമായതിനാലും രണ്ടാമത് ന്യൂസ്ക്ലിക്ക് എന്ന ഡിജിറ്റൽ മാധ്യമത്തിന്റെ സ്ഥാപകനായതിനാലുമാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒന്നാം ഘട്ടത്തിൽ മിസ (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്) യാണ് ചുമത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്).
ഈ രണ്ട് ഘട്ടങ്ങളിലും ഭരണകൂടം രാജ്യത്തെ പൗരരോടും മാധ്യമ സ്ഥാപനങ്ങളോടും സിവിൽ സമൂഹ പ്രസ്ഥാനങ്ങളോടും എങ്ങനെയാണ് ഇടപെട്ടതെന്നതെന്നും എങ്ങനെയെല്ലാമാണ് അവരെ നിയന്ത്രിച്ചതെന്നും തന്റെ ‘പോരാട്ടം തുടരുക’ എന്ന പുസ്തകത്തിൽ (ചിന്ത പബ്ലിഷേഴ്സ്) പ്രബീർ പുർകായസ്ത പറയുന്നുണ്ട്. ഓർമ്മക്കുറിപ്പുകളുട ഈ സമാഹാരം ഡൽഹി ജീവിതം, ജെ.എൻ.യുവിലെ അടിയന്തരാവസ്ഥാക്കാലം, വിവിധതരം അവകാശ പോരാട്ടങ്ങൾ എന്നിവയെല്ലാം വിശദമായി വരച്ചിടുന്നു.
അഭിപ്രായസ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ മറ്റെല്ലാ സവിശേഷതകളും ഭരണകൂടത്തിന് ഒറ്റയടിക്ക് റദ്ദാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു അടിയന്തരാവസ്ഥ. എന്നാൽ 1975ലെ അടിയന്തരാവസ്ഥയിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല അടിയന്തരാവസ്ഥ പ്രഖ്യാപിക്കാത്ത ഇപ്പോഴത്തെ സാഹചര്യമെന്നും, ചിലപ്പോൾ അതിനെക്കാളേറെ ഭീതിതമാണെന്നും പ്രബീർ ഈ പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. “1975ലെ അടിയന്തരാവസ്ഥ എങ്ങനെയാണെന്നും അത് എങ്ങനെ സംഭവിക്കുമെന്നും ഇന്നത്തെ ചെറുപ്പക്കാർ എന്നോട് ചോദിക്കുമ്പോൾ, ഞാൻ എന്നോടുതന്നെ ചോദിക്കുന്ന ഒരു മറുചോദ്യമുണ്ട്. നമ്മളിപ്പോൾ ഒരു അടിയന്തരാവസ്ഥയുടെ നടുവിലാണോ. മറ്റൊരു പേരിൽ, പഴയതിന്റെ പല മാനങ്ങളോടൊപ്പം ചില പുതുസവിശേഷതകളുള്ള ഒരു അടിയന്തരാവസ്ഥ. 1975ലേക്ക് തിരിഞ്ഞു നോക്കാൻ എന്നോട് ആവശ്യപ്പെടുമ്പോഴും ഈ ചോദ്യമെന്നെ വർത്തമാനകാലത്തിൽ പിടിച്ചുനിർത്തുന്നു. പിന്തിരിഞ്ഞ് നോക്കണമെന്നുണ്ടെങ്കിൽ ഞാനൊരു പത്ത് വർഷം പിന്നിലേക്ക് പോകും. അന്നുമുതൽ ഇന്നുവരെ, രാജ്യത്ത് വെറുപ്പിന്റെയും ഭയത്തിന്റെയും അന്തരീക്ഷം പടിപടിയായി വളർന്നു. സമാന്തരമായി രണ്ട്തരം പ്രവർത്തനങ്ങൾ തീവ്രതയാർജിക്കുന്നതായി കാണാം. ഒന്ന്, ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള ഭരണകൂട സംവിധാനങ്ങളുടെ ഉപയോഗം. രണ്ടാമതായി, മിശ്രവിവാഹങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ ശക്തികളുടെ വർധിച്ചുവരുന്ന ആക്രമണം. അതോടൊപ്പം തന്നെ പശുസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ. ഈ രണ്ട് ധാരകളിലുമുള്ള അക്രമങ്ങൾ ഇന്ന് സാധാരണയായി. അത്തരം ആക്രമണങ്ങളോ കൊലപാതകങ്ങളോ നമ്മെയിപ്പോൾ ഞെട്ടിക്കുന്നില്ല. അവയുടെ സ്ഥിരവും നിരന്തരവുമായ ആവർത്തനത്താൽ നമ്മുടെ ഇന്ദ്രിയങ്ങൾ മരവിച്ചിരിക്കുന്നു.”
2013 ആഗസ്ത് 20നാണ് യുക്തിവാദിയും എഴുത്തുകാരനും അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ സ്ഥാപകനുമായ നരേന്ദ്ര ദാഭോൽക്കർ പൂണെയിൽ വെച്ച് കൊല്ലപ്പെടുന്നത്. 2015 ഫെബ്രുവരി 16ന് മുതിർന്ന ട്രേഡ് യൂണിയൻ പ്രവർത്തകനും കമ്യൂണിസ്റ്റ് നേതാവും യുക്തിവാദി ചിന്തകനുമായ ഗോവിന്ദ് പൻസാരെക്ക് അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ വെച്ച് വെടിയേൽക്കുന്നു. അതേവർഷം ആഗസ്ത് 30 നാണ് എഴുത്തുകാരനും പണ്ഡിതനുമായ പ്രഫസർ എം.എം കൽബുർഗി ധാർവാഡിൽ വെച്ച് കൊല്ലപ്പെടുന്നത്. 2017 സെപ്തംബർ 5നായിരുന്നു മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷ് സ്വന്തം വീട്ടുപടിക്കൽ വെച്ച് മൂന്ന് അക്രമികളാൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2015 സെപ്തംബർ മാസത്തിലായിരുന്നു വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന ചെറുപ്പക്കാരനെ ഒരു കൂട്ടം ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയത്. 1975 ലെ അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചിരുന്ന പ്രശസ്ത സാഹിത്യകാരിയും നെഹ്റു കുടുംബാംഗവുമായ നയൻതാര സെഹ്ഗാൾ അഖ്ലാഖിന്റെ കൊലപാതകത്തെ വിശേഷിപ്പിച്ചത് ‘അവസാനത്തിന്റെ ആരംഭം’ എന്നായിരുന്നു. ഈ സംഭവങ്ങളെല്ലാം പ്രബീർ പുസ്തകത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ബദൽ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങളിലൊന്നാണ് ന്യൂസ്ക്ലിക്ക്. ജനകീയ സമരങ്ങൾ, കർഷകർ, തൊഴിലാളികൾ, ദളിതർ, സ്ത്രീകൾ, ആദിവാസികൾ, മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിങ്ങനെ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന ശബ്ദങ്ങൾക്കാണ് ന്യൂസ്ക്ലിക്ക് ഇടം നൽകിയിരുന്നത്. പലപ്പോഴും വിവിധ സർക്കാർ നയങ്ങളുടെ ഇരകളായിത്തീരുന്ന അരികുവത്കരിക്കപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ ന്യൂസ്ക്ലിക്ക് പോലെയുള്ള മാധ്യമങ്ങൾ സർക്കാർ റഡാറിന് കീഴിൽ വരുന്നു. അതിന്റെ ഫലമായി, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാധ്യമപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ, സിവിൽസൊസൈറ്റി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് ഇന്ത്യയിലൊട്ടാകെ കെട്ടിച്ചമതച്ചത്. ന്യൂസ്ക്ലിക്കും പ്രബീറും ആ പട്ടികയിൽ ഉൾപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്ത് ഇങ്ങനെയൊന്ന് നമ്മൾ കണ്ടിട്ടുണ്ടോ എന്ന് പ്രബീർ പുസ്തകത്തിൽ ചോദിക്കുന്നുണ്ട്. “1975ലെ അടിയന്തരാവസ്ഥയുടെ കഥ സാമ്പ്രദായികാർത്ഥത്തിൽ നായകന്മാരുടേതും വില്ലന്മാരുടേതുമാണ്. അതിനൊപ്പം ചരിത്രത്തിലില്ലാത്ത ചില ഭീരുക്കളും. ആ ധാർമിക സമസ്യയിൽ, പൊതുവെ വീരന്മാരോ വില്ലന്മാരോ അല്ലാത്ത സാധാരണ മനുഷ്യർക്ക് യാതൊന്നും ചെയ്യാനില്ലെന്ന പ്രതീതിയാണുണ്ടായിരുന്നത്. ദൂരക്കാഴ്ചയിൽ അവർ അടിയന്തരാവസ്ഥയെ അംഗീകരിച്ചതായി പോലും തോന്നി. പക്ഷേ, ഇതേ സാധാരണക്കാർ പിന്നീടൊരു അവസരം കിട്ടിയപ്പോൾ അത് ശരിക്കും വിനിയോഗിച്ചു. 1977ൽ ഇന്ദിരാഗാന്ധിയുടെ താത്പര്യപ്രകാരം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ. പരിധിവിട്ട് വഴിതെറ്റിയാൽ നേതാക്കളെ ഒരു പാഠം പഠിപ്പിക്കാൻ ജനങ്ങൾക്ക് കഴിയും.” (P-27)
അടിയന്തരാവസ്ഥാക്കാലത്തെ മാധ്യമങ്ങൾ
ജനങ്ങൾ പലതും അറിയാതിരിക്കാൻ വേണ്ടി 1975 ലെ അടിയന്തരാവസ്ഥാക്കാലത്ത് ആദ്യം മൂക്കുകയറിട്ടത് മാധ്യമങ്ങൾക്കായിരുന്നു. പത്രങ്ങൾ എഴുതുന്നതൊക്കെയും സെൻസർഷിപ്പിന് വിധേയമാക്കണം. ഭരണകൂടത്തിന് പൂർണമായി വിധേയപ്പെടുന്ന മാധ്യമങ്ങളെയാണ് അത് സൃഷ്ടിച്ചത്. എന്നാൽ ഇന്നത്തെ അവസ്ഥ കുറച്ചൂടെ ഭയാനകമാണെന്നാണ് പ്രബീർ പറയുന്നത്. “ഒരു തരത്തിൽ സമീപകാല ഉദാഹരണങ്ങൾ കൂടുതൽ ഭയാനകമാണ്. സർക്കാരിനോ ഹിന്ദു മേൽക്കോയ്മക്കോ പദ്ധതിക്കോ എതിരെന്ന് മനസ്സിലാക്കപ്പെടുന്ന ഏതൊരു വിമർശനവും ഉന്നയിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ പല രൂപത്തിലാണ് ആക്രമിക്കപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങൾ, കായികമായ ആക്രമണങ്ങൾ, 2021ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിലുള്ള നടപടികൾ, ഭീകരവിരുദ്ധ രാജ്യദ്രേഹ കരിനിയമങ്ങൾ പ്രകാരം തടവ് തുടങ്ങി നിരവധി ശിക്ഷകളാണ് അവർക്ക് നേരിടേണ്ടി വരുന്നത്. സ്വതന്ത്ര വാർത്താ മാധ്യമങ്ങൾ തീർച്ചയായും ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിലുണ്ട്. വിമർശനാത്മക പത്രപ്രവർത്തകർക്ക് തങ്ങളുടെ ട്വീറ്റുകൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കിട്ടതിനും നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചവർക്കെതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തി. മുസ്ലീം എന്ന് കരുതപ്പെടുന്ന വാക്കുകളോ ചിഹ്നങ്ങളോ പരസ്യത്തിൽ ഉപയോഗിച്ചതിന് കമ്പനികൾക്കെതിരെ ബഹിഷ്കരണ ഭീഷണി മുഴക്കുകയും സമന്വയ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങൾ പിൻവലിപ്പിക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങളുടെയും ആക്രമണങ്ങളുടെയും പട്ടിക അങ്ങനെ അനുദിനം നീളുന്നു.” (P-31).
പൗരാവകാശം ചോദ്യം ചെയ്യുന്ന നിർദ്ദയ നിയമങ്ങൾ
നിർദ്ദയമായ നിയമങ്ങളുടെ ഉപയോഗം രണ്ട് അടിയന്തരാവസ്ഥാക്കാലത്തും ഒരു പൊതു സവിശേഷതയാണ്. പത്രസ്വാതന്ത്യം തടയൽ, 1915ലെ ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട്, മിസ തുടങ്ങിയവയായിരുന്നു എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ 1975ൽ ഉപയോഗിച്ചതെങ്കിൽ ഭേദഗതി വരുത്തിയ യു.എ.പി.എ ആണ് ഇന്ന് ഈ ധർമം നിർവഹിക്കുന്നത്. തീവ്രവാദം തടയുന്നതിനുൾപ്പെടെ ‘പ്രത്യേക നടപടികൾ’ക്കുള്ള അധികാരം ഈ നിയമം ഭരണകൂടത്തിന് നൽകി. ഇതിന്റെ ഫലമായി നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതന്റെ മേൽ വന്നുചേരുകയും ജാമ്യം നിഷേധിക്കുന്നത് ഒരു സാധാരണ സംഭവമായി മാറുകയും ചെയ്തു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകരും എഴുത്തുകാരും വിചാരണ പോലും നടത്താതെയാണ് തടവിലിടപ്പെട്ടത്. ഈ 16 രാഷ്ട്രീയ തടവുകാരിൽ പെട്ട ഒരാളായ, 80 വയസ്സിന് മുകളിൽ പ്രായമുള്ള സ്റ്റാൻസ്വമി തടങ്കലിൽ മരിക്കുകയായിരുന്നു. പ്രായാധിക്യം മൂലം ഒരു സ്വെറ്ററും വെള്ളം കുടിക്കാൻ ഒരു സ്ട്രോയും ആവശ്യപ്പെട്ടെങ്കിലും ‘ആയുധങ്ങളായി ഉപയോഗിച്ചേക്കാവുന്ന’ അവ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് നിഷേധിക്കുന്ന സംഭവങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാക്കാലത്ത് രാഷ്ട്രീയ തടവുകാരനായി തീഹാർ ജയിലിലും ആഗ്ര ജയിലിലും കിടക്കേണ്ടി വന്നയാളാണ് പ്രബീർ. അന്ന് രാഷ്ട്രീയ തടവുകാർക്ക് പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളും ഭരണകൂടം നൽകിയിരുന്നെന്ന് പ്രബീർ പറയുന്നു. “ബി (മികച്ച ഗണത്തിലുള്ള തടവുകാർ), സി (സാധാരണ തടവുകാർ) എന്ന നിലയിലാണ് തീഹാർ ജയിലിൽ പൊതുവെ വർഗീകരിച്ചിരുന്നത്. ഡൽഹിയിൽ പൊതുവെ എല്ലാ രാഷ്ട്രീയ തടവുകാരെയും മികച്ച ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഉത്തർപ്രദേശിലെ ജയിലുകളിൽ അതല്ല നിയമമെന്ന് എന്റെ മാസ്റ്റർ ഡിഗ്രിയുടെ വൈവക്കായി അഹമദാബാദിലെ നൈനി ജില്ലയിലേക്ക് കൊണ്ടുപോയപ്പോൾ എനിക്ക് മനസ്സിലായി. തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരെയാണ് മികച്ച ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തടവറയിൽ ലഭിക്കുന്ന മികച്ച വസ്ത്രം, കരിമ്പടങ്ങൾ, ശീതകാലങ്ങളിൽ ചൂടുതരുന്ന വസ്ത്രങ്ങൾ എന്നിവയാണ് തീഹാറിൽ മികച്ച ഗണത്തിൽ പെടുന്നവർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മൊത്തത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ.” (P-135). യു.എ.പി.എ അടക്കം ചുമത്തി രാഷ്ട്രീയ തടവുകാരായി ജയിലിലടക്കപ്പെട്ട ഭീമകൊറേഗാവ് കേസിലെ പ്രതികളുടെ അവസ്ഥ, പ്രത്യേകിച്ച് കടുത്ത നീതി നിഷേധത്തിന് വിധേയമായി തടവിലിരിക്കെ മരണപ്പെട്ട സ്റ്റാൻസ്വാമിയുടെ ജീവിതം ഈ അനുഭവത്തോടൊപ്പം ചേർത്തുവായിക്കുമ്പോൾ ഇന്നത്തെ സ്ഥിതി എത്രയോ മോശമായിരിക്കുന്നു എന്ന് വ്യക്തമാകും.
തെരുവിലെ അനൗദ്യോഗിക ഏജൻസികൾ
സർക്കാരിനെ വിമർശിക്കുന്ന വ്യക്തികളെയും സംഘടനകളെയും പ്രതിപക്ഷ പാർട്ടികളെയും മുഴുവൻ ശബ്ദങ്ങളെയും വിവിധ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കുന്ന നടപടികൾ എക്കാലത്തും, പ്രത്യേകിച്ച് അടിയന്തരാവസ്ഥാക്കാലത്ത് ഏറെ പ്രയോഗിക്കപ്പെടുന്ന സർക്കാർ ആയുധമാണ്. പൊലീസ്, ഇ.ഡി, സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്യു), എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) എന്നിവയെല്ലാം ഓരോ സാഹചര്യത്തിനനുസരിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സർക്കാർ ഔദ്യോഗിക ഏജൻസികൾക്ക് പുറമെ കോൺഗ്രസ് അനുകൂല രാഷ്ട്രീയ ഗുണ്ടകളും 1975ൽ തെരുവ് കീഴടക്കിയിരുന്നു. വിദ്യാർത്ഥി പരിഷത്ത്, യൂത്ത് കോൺഗ്രസ്, സഞ്ജയ് ഗാന്ധിയുടെ ഗുൺ ബ്രിഗേഡ് എന്നിവയെല്ലാം അത്തരത്തിലുള്ളതായിരുന്നു. എന്നാൽ അവ സംഘടിത ശക്തിയായിരുന്നില്ല. ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. സർക്കാർ ഔദ്യോഗിക ഏജൻസികൾക്ക് പുറമെ സംഘടിത ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണ് ഇന്ന് നടക്കുന്നത് എന്ന് പ്രബീർ പറയുന്നു. ”അടിയന്തരാവസ്ഥക്ക് തെരുവിൽ സർക്കാരിനെ പിന്തുണക്കുന്ന ഒരു സംഘടിത ശക്തി ഉണ്ടായിരുന്നില്ല. മുകളിൽ നിന്ന്, ഭരണസംവിധാനം വഴി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ അക്രമാസക്തരായ കൂലിപ്പടയാളികളും ഗുണ്ടാസംഘങ്ങളും വ്യത്യസ്തരാണ്. അവരുടെ വ്യാപ്തിയും കൂടുതൽ വിശാലമാണ്. പണ്ഡിതന്മാർക്കും യുക്തിവാദികൾക്കും മേൽ വെടിയുണ്ടകൾ ഉപയോഗിച്ചുള്ള സെൻസർഷിപ്പ് മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുന്ന പശു രക്ഷകർ വരെ. അവർ ഭരണകൂട അധികാരത്തിന് ഒരുതരം സംഘടിത പൂരകമാണ്. കൂടാതെ ബി.ജെ.പി-ആർ.എസ്.എസ് സംഘത്തിൽപ്പെട്ട ഗോരക്ഷകരും വാഹിനികളും സേനകളും പലപ്പോഴും ഭരണകൂടത്തിന്റെ അധികാരത്തിന് അനുബന്ധമായി പ്രവർത്തിക്കുന്നു. പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരിൽ ആൾക്കുട്ടക്കൊല ഉൾപ്പെടെയുള്ള യഥാർത്ഥ ശാരീരിക ആക്രമണങ്ങളിൽ അവർ ഏർപ്പെടുന്നു. ട്രോൾ ബ്രിഗേഡിന്റെ സാമൂഹിക വ്യവഹാരങ്ങളിലും സോഷ്യൽ മീഡിയയിലും ഭാഷയുടെ ഭീകരമായ അക്രമമുണ്ട്. ഇന്ന് ഇന്ത്യയിലെ ഈ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഐ.ടി സെല്ലാണ് നവമാധ്യമ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. അതും വലിയ വിഭവശേഷിയുള്ള സംഘടിത ശക്തി.” (P-37).
അടിയന്തരാവസ്ഥയുടെ പ്രത്യയശാസ്ത്ര പിൻബലം
എതിർശബ്ദങ്ങളെ നിശബ്ദമാക്കുക എന്നതിനപ്പുറം ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥക്ക് പ്രത്യേക പ്രത്യയശാസ്ത്ര പിൻബലം വല്ലതുമുണ്ടായിരുന്നോ? ഇല്ലെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ അഭിപ്രായം. ആപത്കാൽ കാ അനുശാസൻ പർവ് (അച്ചടക്കത്തിന്റെ ഉത്സവം) എന്നാണ് വിനോബാ ഭാവെ ഇക്കാലയളവിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ പ്രത്യയശാസ്ത്രം ചില വിഭാഗങ്ങളെ മാത്രം പുറത്തുനിന്നുള്ളവരായി പരിഗണിച്ചിരുന്നില്ല. ചിലരെ മാത്രം പൗരരുടെ അവകാശങ്ങളിൽ നിന്ന് ഒഴിവാക്കിയുമില്ല. എന്നാൽ ഇന്നത് ഏറെ പ്രകടമാണ് എന്നത് പ്രധാന വ്യത്യാസമായി പ്രബീർ സൂചിപ്പിക്കുന്നു. ”2014 മുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ എന്ന് മാത്രം വിളിക്കാവുന്ന കാര്യങ്ങളിൽ നാടകീയമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളുടെ ഇരകൾ ഗണ്യമായ എണ്ണം മുസ്ലിംകളാണ്. ദലിതരു ആദിവാസികളും സ്ത്രീകളും മതേതര പ്രവർത്തകരും ഈ പട്ടികയുടെ ഭാഗമാണ്. ഇതേ അവസ്ഥയായിരുന്നില്ല 1975ൽ. പ്രത്യയശാസ്ത്രപരമായി, ഔദ്യേഗികമായി ഇന്ന് അവതരിപ്പിക്കപ്പെടുന്ന തരത്തിലുള്ള രണ്ടാം തരം പൗരന്മാരെ സൃഷിടിക്കുന്ന സവർക്കർ തിസീസ് അല്ല അന്ന് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. അന്നും ഇന്നും തമ്മിലുള്ള മറ്റൊരു വ്യത്യാസം, നമ്മുടെ മതേതര ധാർമികത, സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, യുക്തി എന്നിവയ്ക്ക് മേലുള്ള സുസ്ഥിരവും ബഹുമുഖവുമായ ആക്രമണങ്ങളാണ്. തീർച്ചയായും ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രത്യയശാസ്ത്ര പ്രേരിത പദ്ധതിയുടെ ഭാഗമാണിത്.” (P-38, 39).
ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയുള്ള, പത്ത് വർഷമായി രാജ്യത്ത് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനും വ്യക്തമായ ഉത്തരം പ്രബീർ പുർകായസ്ത പങ്കുവയ്ക്കുന്നുണ്ട്. സിവിൽ സൊസൈറ്റി മൂവ്മെന്റുകളിലാണ് അദ്ദേഹം പ്രതീക്ഷയർപ്പിക്കുന്നത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങളെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭമാണ് ഇതിന് ഒരു ഉദാഹരണമായി അദ്ദേഹം പറയുന്നത്. 2013 സെപ്തംബറിൽ മുസഫർനഗർ ജില്ലയിൽ പരസ്പരം ചോര ചിന്തിയിരുന്ന മുസ്ലീങ്ങളും ജാട്ടുകളും (ആടുകളെ പരസ്പരം തമ്മിൽ തല്ലിച്ച ചെന്നായ സൂത്രം ബി.ജെ.പിയുടെതായിരുന്നു) കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഒന്നിച്ച കാര്യവും പ്രബീർ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
ഇരകളുടെ സംഗമം എന്ന വിരോധാഭാസം
2015ലാണ് മോദിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ അനുമോദിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ഒരു വർഷത്തോളം ജയിലിൽ കിടന്ന അന്നത്തെ ഇരകളിൽ ഒരാൾ എന്ന അർത്ഥത്തിൽ പ്രബീർ പുർകായസ്തയും ഇതിലേക്ക് ക്ഷണിക്കപ്പെടുന്നുണ്ട്. അതിനെതിരെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “അടിയന്തരാവസ്ഥ അധികാരത്തിന് കീഴടങ്ങുന്ന ഒരു സംസ്കാരം സൃഷ്ടിച്ചു. ഭരണകൂടത്തിന്റെ മർദനോപാധികളുടെ പിന്തുണയോടെയുള്ള രാഷ്ട്രീയ കൊള്ളയടി ജനങ്ങളുടെ ജീവിതത്തെ ഭരിച്ചു. സ്വേച്ഛാധിപത്യ ഭരണം എന്താണെന്ന് അടിയന്തരാവസ്ഥയോട് പോരാടിയ ഞങ്ങൾക്ക് നന്നായി അറിയാം. അഭിപ്രായ സ്വാതന്ത്ര്യം എത്ര പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം. എല്ലാറ്റിലുമുപരിയായി സ്വേച്ഛാധിപത്യ സംസ്കാരത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾക്കറിയാം. ജയിലിൽ നിന്ന് പുറത്തുവന്നപ്പോഴും അടിയന്തരാവസ്ഥ പിൻവലിച്ചപ്പോഴും റിപ്പബ്ലിക്കിന് ഇനി ഇത്തരം ഇരുണ്ട ദിനങ്ങൾ നേരിടേണ്ടി വരില്ല എന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എല്ലാം ഞങ്ങൾ വെറുതെ ആശിച്ചു.” (P-42).
അടിയന്തരാവസ്ഥാക്കാലത്തെ ജെ.എൻ.യു
പ്രബീർ പുർകായസ്ത എന്ന ആക്ടിവിസ്റ്റിന്റെ ജനനം ജെ.എൻ.യുവിലെ ധാബകളിലും ക്യാന്റീനുകളിലുമൊക്കെയാണ്. അവിടെ നടക്കുന്ന സംവാദങ്ങളും ചായ ചർച്ചകളുമായിരുന്നു അദ്ദേഹത്തിനുള്ളിലെ ആക്ടിവിസ്റ്റിനെ വളർത്തിയത്. വളരെ രസകരമായി ഇത് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. “നിലവിൽ ജെ.എൻ.യുവിന്റെ ഭാഗമല്ലാത്ത ധാബകളിലും ക്യാന്റീനിലുമൊക്കെയാണ് ഞാൻ ശരിക്കും കാമ്പസിനെ പരിചയപ്പെടുന്നത്. നിലക്കാതെ വന്നുകൊണ്ടിരുന്ന ചായയും കാപ്പിയും, ഇടക്ക് ബ്രഡ് ഓംലറ്റും, ഓംലറ്റ് ബണും. ഇവയ്ക്കൊപ്പം സൂര്യന് കീഴിലുള്ള എന്തിനെപ്പറ്റിയും ഗൗരവമാർന്ന ചർച്ചകളും. ഇന്ത്യൻ കാർഷിക മേഖലയിലെ മുതലാളിത്തത്തെക്കുറിച്ച് ആരംഭിക്കുന്ന ചർച്ചകൾ റഷ്യയിലെ കാർഷിക രംഗത്തെ മുതലാളിത്തത്തിലേക്കും വിപ്ലവപൂർവ ചൈനയിലെ അർദ്ധ ഫ്യൂഡൽ ബന്ധങ്ങളിലേക്കും അൽത്തൂസറിന്റെ ഫോർ മാർക്സ് (1969) എന്ന കൃതിയിലേക്കും തെന്നി നീങ്ങിയേക്കാം. ഗ്രന്ഥങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നുമായി മാർക്സിസം സ്വായത്തമാക്കുന്ന ഒരാളെന്ന നിലയിൽ വൈവിധ്യമാർന്ന വിഷയങ്ങളിലെ സജീവമായ സംവാദങ്ങൾ എന്നെ ആകർഷിച്ചു.” (P-95). പ്രബീറിന്റെ ജീവിതത്തിലെ ചില നിർണായക അധ്യായങ്ങൾക്കും ജെ.എൻ.യു സാക്ഷിയാകുന്നുണ്ട്. അവിടെ വെച്ചാണ് തന്റെ ജീവിതപങ്കാളിയെ അദ്ദേഹം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അക്കാലത്തെ സ്റ്റുഡന്റ്സ് യൂണിയൻ കൗൺസിലറും ജെ.എൻ.യുവിലെ ഏറ്റവും വലിയ സ്കൂളായിരുന്ന സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ കൺവീനറുമായിരുന്ന അശോക് ലത ജെയിനായിരുന്നു അത്. ഒരു ചെറിയ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് ജെ.എൻ.യുവിലെത്തി തന്റെ ഇച്ഛാശക്തി കൊണ്ടുമാത്രം നേതാവായി വളർന്ന ധീരയായ പെൺകുട്ടിയായിരുന്നു അശോക് ലത ജെയ്ൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ഭാവി ഉണ്ടാകുമായിരുന്ന പെൺകുട്ടി. ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിതം ആരംഭിച്ചെങ്കിലും 1983ൽ സെറിബ്രൽ ഹെമറേജുണ്ടായി അശോക മരണത്തിന് കീഴടങ്ങി.
അതിശക്തമായ പോരാട്ടങ്ങൾക്കാണ് അടിയന്തരാവസ്ഥാക്കാലത്തെ ജെ.എൻ.യു സാക്ഷ്യം വഹിച്ചത്. അടിയന്തരാവസ്ഥയോടെ സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കപ്പെട്ടു. സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉൾപ്പെടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെട്ടു. രഹസ്യ പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാർഥികൾ ഇതിനെ നേരിട്ടത്. എസ്.എഫ്.ഐ എന്ന പേരിന് പകരം റെസിസ്റ്റൻസ് എന്ന പേരിൽ അവർ പ്രവർത്തിച്ചു. വളരെ ദീർഘമായി ഇക്കാലം പ്രബീർ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. “ദി റസിസ്റ്റൻസ് ഒരു സൈക്ലോസ്റ്റൈൽ ബ്രോഡ്ഷീറ്റായിരുന്നു. സാധാരണയായി ലഘുലേഖകൾ അച്ചടിച്ചിരുന്ന മുനീർക്കയുടെ കടയിലേക്ക് അടിയന്തരാവസ്ഥാക്കാലത്ത് ഞങ്ങൾ പോയതേയില്ല. ഒരു സൈക്ലോസ്റ്റൈൽ മെഷീൻ വാങ്ങാനും ടൈപ്പ് റൈറ്ററിൽ സ്റ്റെൻസിൽ മുറിക്കാനും ലഘുലേഖകൾ സ്റ്റെൻസിൽ ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു. പിന്നീട് ആസൂത്രണ കമ്മീഷനിൽ അംഗമായ സൗമിത്ര ചൗധരിക്കായിരുന്നു എഴുത്ത്, ടൈപ്പിംഗ്, സൈക്ലോസ്റ്റൈൽ മെഷീൻ പ്രവർത്തിപ്പിക്കൽ എന്നീ ചുമതലകൾ. രാത്രിയിൽ ഈ ലഘുലേഖകൾ വിതരണം ചെയ്യുമായിരുന്നു. ഈ പ്രവർത്തനം അടിയന്തരാവസ്ഥയിലുടനീളം തുടർന്നു. സംഘടനയിലെ മുൻനിര പ്രവർത്തകർ ഒന്നുകിൽ കാമ്പസിന് പുറത്ത് തങ്ങുകയോ അതുമല്ലെങ്കിൽ എല്ലാ രാത്രിയിലും മുറി മാറുകയോ ചെയ്തുകൊണ്ടിരുന്നു.” (P-112). സൈക്ലോസ്റ്റൈൽ മെഷീൻ വഴി പുറത്തിറക്കിയ ലഘുലേഖകളിലൂടെ അടിയന്തരാവസ്ഥ കാലത്തെ അവകാശ ലംഘനത്തിനെതിരെ പ്രതികരിച്ച ആ രാഷ്ട്രീയ പ്രബുദ്ധത പ്രായം തളർത്താതെ മറ്റൊരു രൂപത്തിൽ ഇന്നും ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തകത്തിന്റെ പേര് അന്വർത്ഥമാക്കുന്ന ജീവിതം, പോരാട്ടം തുടരുക.