

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള കാർഷിക ഗ്രാമമാണ് എലപ്പുള്ളി. 1500 ഹെക്ടറിൽ നെൽകൃഷി ചെയ്ത്, കേരളത്തിന്റെ നെല്ലറയിലേക്ക് വലിയ സംഭാവന നൽകുന്ന കർഷകരുടെ നാട്. ഏറെ പാൽ സൊസൈറ്റികളുള്ള, പച്ചക്കറിയും പൂക്കൃഷിയും ചെയ്യുന്ന 22 വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്ത്. തമിഴ്നാടിന്റെ അതിർത്തിയിലുള്ള കിഴക്കൻ മേഖലയായതുകൊണ്ടുതന്നെ പൊതുവെ വരണ്ട പ്രദേശം. എങ്കിലും ഭാരതപ്പുഴയുടെ തീരമായതുകൊണ്ടും കോരയാറിന്റെ കൈവഴിയുള്ളതുകൊണ്ടും കൃഷി തുടരുന്നവർ ഏറെയുള്ള പ്രദേശം. കന്നുകാലികളെ വളർത്തിയും അടുത്തുള്ള സ്വകാര്യ കമ്പനികളിൽ തൊഴിലെടുത്തും ജീവിക്കുന്ന സാധാരണ ജനങ്ങളുള്ള ഈ ഗ്രാമം ഇപ്പോൾ ഒരു മദ്യക്കമ്പനിയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലുള്ള മണ്ണുക്കാട് പ്രദേശത്താണ് മധ്യപ്രദേശിലെ മദ്യ നിർമ്മാണ കമ്പനിയായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി പ്ലാന്റ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രാരംഭാനുമതി നൽകിയിരിക്കുന്നത്. അരവിന്ദ് കെജ്രിവാൾ അടക്കമുള്ള ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിൽ അടയ്ക്കപ്പെടാൻ കാരണമായ മദ്യ നയക്കേസിൽ ഉൾപ്പെട്ട കമ്പനിയാണ് ഒയാസിസ്.
മാധ്യമ വാർത്തകളിലൂടെയാണ് ജനങ്ങൾ തങ്ങളുടെ പ്രദേശത്ത് വരാൻ പോകുന്ന വൻകിട കമ്പനിയെക്കുറിച്ചറിയുന്നത്. നാട്ടിലെ ഭൂഗർഭജല സ്രോതസ്സുകളും, ജലാശയങ്ങളുടെ സാന്നിധ്യവും, നെല്ലിന്റെ ലഭ്യതയും ലക്ഷ്യംവച്ചുകൊണ്ടാണ് കമ്പനി മണ്ണുക്കാടേക്ക് എത്തുന്നത്. മഴവെള്ള സംഭരണിയിലെയും മലമ്പുഴ അണക്കെട്ടിലെയും വെള്ളം ഉപയോഗിച്ചുകൊണ്ടാണ് കമ്പനി പ്രവർത്തിക്കാനുദ്ദേശിക്കുന്നതെന്നും, കമ്പനി വരുന്നതോടെ തദ്ദേശീയ കർഷരുടെ ഉൽപ്പന്നങ്ങൾക്ക് വലിയ തോതിൽ വിപണി സാധ്യമാകുമെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. ഏകദേശം 1500 ആളുകൾക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നും, കേരളത്തിനാവശ്യമായ സ്പിരിറ്റ് സംസ്ഥാനത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പറയുന്നു. എന്നാൽ കമ്പനി ഭൂഗർഭജലം ഊറ്റിയെടുക്കപ്പെടുമെന്നും, മലമ്പുഴ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുമെന്ന് പറയുന്നതും കർഷകർക്ക് ലാഭം കിട്ടുമെന്ന് പറയുന്നതും അസാധ്യമാണെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പദ്ധതിക്കെതിരെ പ്രതിഷേധത്തിലാണ്. കമ്പനി വരുന്നതോടെ പ്രദേശം ഒരു മരുഭൂമിയാകുമെന്നും തങ്ങളുടെ പഞ്ചായത്തിൽ പ്ലാച്ചിമട ആവർത്തിക്കുമെന്നുമുള്ള ആശങ്കയിലാണ് നാട്ടുകാർ. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ബ്രൂവറി വിരുദ്ധ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.


എലപ്പുള്ളിയിലെ ജലക്ഷാമം
“ഞങ്ങൾക്ക് വലിയ ആശങ്കയുണ്ട്. കുടിവെള്ളം വറ്റിച്ചെടുത്തുകൊണ്ടുള്ള ഒരു വികസനം ഞങ്ങൾക്ക് വേണ്ട. അല്ലെങ്കിൽ തന്നെ വലിയ വെള്ളപ്രശ്നത്തിലാണ് ഈ നാട്ടുകാരുള്ളത്. കമ്പനി ബോർ (കുഴൽക്കിണർ) വെള്ളം എടുക്കില്ല എന്ന് പറയുന്നതിൽ ഞങ്ങൾക്ക് വിശ്വാസമില്ല. വെള്ളം ഇല്ലാതെയായാൽ ഇവിടുത്തെ കാർഷികമേഖല കൂടി തകരും. കമ്പനി വരുന്നത് കൊണ്ടുള്ള മലിനീകരണ പ്രശ്നങ്ങൾ വേറെയുമുണ്ട്. കമ്പനി മാലിന്യം മുഴുവൻ തള്ളാൻ പോകുന്നത് ഈ കോരയാറിൽ ആയിരിക്കും. മദ്യക്കമ്പനി കൊണ്ട് നാടിന് എന്ത് പ്രയോജനമാണുള്ളത്? കഞ്ചിക്കോട് റൂഫില്ല കമ്പനിയിലെ ജോലിക്കാരനായ ശിവൻ വി പറയുന്നു. ബ്രൂവറി സമര സമിതിയുടെ ഭാഗമായി നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലൂടെ തന്നെ മുന്നോട്ടുപോകും എന്ന് ശിവൻ കൂട്ടിച്ചേർത്തു. മണ്ണുക്കാട് ബ്രൂവറി വിരുദ്ധ സമര സമിതിയുടെ ചെയർമാൻ കൂടിയാണ് ശിവൻ വി.


ജലനിധിയിൽ നിന്നുള്ള കുഴൽക്കിണർ വെള്ളവും ജല ജീവൻ പദ്ധതി പ്രകാരം കുന്നംകാട്ടുപതി ശുദ്ധീകരണ ശാലയിൽ നിന്നുള്ള കുടിവെള്ളവുമാണ് ഇവിടെയുള്ള ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്. നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് കുന്നംകാട്ടുപതി ശുദ്ധീകരണ ശാലയിൽ നിന്നാണ്. ചിറ്റൂർ പുഴയിൽ നിന്നുള്ള വെള്ളമാണ് ഇതിനായി പമ്പ് ചെയ്തെടുക്കുന്നത്. എന്നാൽ, മലമ്പുഴ അണക്കെട്ടിലെ അധികജലമാണ് കമ്പനി നടത്തിപ്പിനായി ഉപയോഗിക്കാൻ പോകുന്നതെന്നും അഞ്ച് ഏക്കറിലായി സ്ഥാപിക്കാൻ പോകുന്ന മഴവെള്ള സംഭരണിയും വെള്ളത്തിനായി ഉപയോഗിക്കാമെന്നുമാണ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിക്കുന്നത്.
എന്നാൽ, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം കൊണ്ടാണ് ഈ കമ്പനി പ്രവർത്തിക്കാൻ പോകുന്നത് എന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുകയാണ് മണ്ണുക്കാട് ബ്രൂവറിവിരുദ്ധ സമര സമിതിയിലെ രക്ഷാധികാരിയും സർവോദയ മണ്ഡലം പ്രവർത്തകനും പ്ലാച്ചിമട സമര സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പുതുശേരി ശ്രീനിവാസൻ.
“മലമ്പുഴ വെള്ളം കൊണ്ട് ഈ പദ്ധതി നടത്താൻ പറ്റുമെന്ന വിചാരമുണ്ടെങ്കിൽ അത് സാധ്യമല്ലാത്ത കാര്യമാണ്. അത് വാട്ടർ അതോറിറ്റിയും പറഞ്ഞിട്ടുള്ളതാണ്. നിലവിൽ പാലക്കാട് – കഞ്ചിക്കോട് വ്യവസായ മേഖലകളിലെ കമ്പനികൾക്ക് വ്യവസായ ആവശ്യത്തിന് വെള്ളം കൊടുക്കുന്നത് തന്നെ കള്ളക്കണക്ക് ഉണ്ടാക്കിയിട്ടാണ്. ഇൻഡസ്ട്രിയൽ ആവശ്യത്തിന് വെള്ളം കൊടുത്താൽ കർഷകർക്ക് വെള്ളം ഇല്ല. മലമ്പുഴ അണക്കെട്ട് ജലസേചന പദ്ധതിയാണ്, കുടിവെള്ള പദ്ധതിയല്ല. ഭാരതപ്പുഴയുടെ നേരെ തെക്ക് ഭാഗത്ത് ആണ് കമ്പനി വരുന്നത്, അതിന്റെ വടക്ക് ഭാഗത്ത് കിൻഫ്രയുടെ പരിധിയിൽ 250 ഏക്കറോളം ഭൂമി സർക്കാർ വാങ്ങിയിട്ടിരിക്കുകയല്ലേ. ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. അവിടെ ഭൂമി തരം മാറ്റേണ്ട ആവശ്യമില്ല. എന്തുകൊണ്ട് കമ്പനി ഈ നിലം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നു? അതുപോലെ മലമ്പുഴയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാമെങ്കിൽ കിൻഫ്രയിലെ ഭൂമി തന്നെ എടുക്കുന്നതല്ലേ നല്ലത്? കാരണം കിൻഫ്രയ്ക്ക് മലമ്പുഴയിൽ നിന്നും വെള്ളം കൊടുക്കുന്നുണ്ടല്ലോ, എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്ന് ചോദിച്ചാൽ അവിടെ ചൂഷണം എളുപ്പമല്ല എന്നതുതന്നെ. എലപ്പുള്ളി പഞ്ചായത്തിന്റെ പരിധിയിൽ 519 കുളങ്ങളും 10 മറ്റ് നീർത്തടങ്ങളുമുണ്ട്. ആ സൗകര്യം കഞ്ചിക്കോട് ഇല്ലല്ലോ.” പുതുശേരി ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നു.


“മന്ത്രിസഭയിലുണ്ടായ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പോൾ തന്നെ ജനങ്ങൾ കക്ഷി രാഷ്ട്രീയമില്ലാതെ ഒത്തുചേർന്ന് പരാതി തരികയും പഞ്ചായത്ത് അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിന്റെ പരാതി മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജല വകുപ്പ് മന്ത്രി എന്നിവർക്ക് മെയിൽ ചെയ്തിട്ടുണ്ട്. മീറ്റിങ്ങിന് ഇരിക്കണമെന്ന് പറഞ്ഞുകൊണ്ട് 24-2-2024 ന് KSIDC (കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) യുടെ ഒരു നോട്ടീസ് പഞ്ചായത്തിന് ലഭിച്ചു. 26 നായിരുന്നു മീറ്റിങ്. പഞ്ചായത്ത് സെക്രട്ടറിയായിരുന്നു മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് പറഞ്ഞിരുന്നത്. ഇവിടെ നിർമ്മിക്കാൻ പോകുന്നത് മൾട്ടിഫീഡ് മാനുഫാക്ചറിങ് യൂണിറ്റ് ഓഫ് എഥനോൾ എന്നായിരുന്നു ആ നോട്ടീസിൽ പറഞ്ഞിരുന്നത്.” പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതിബാബു കേരളീയത്തോട് പറഞ്ഞു.


ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്ന കുന്നംകാട്ടുപതിയിൽ നിന്നുള്ള വെള്ളം തന്നെ പഞ്ചായത്തിലെ അമ്പത് ശതമാനം വീടുകളിൽ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ എന്നും മലമ്പുഴയിലെ അധികജലം കമ്പനിക്കായി ഉപയോഗിച്ചാൽ മലമ്പുഴ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ പ്രതിസന്ധിയിലാകുമെന്നും അവർ കൂട്ടിച്ചേർത്തു. മഴ കുറവുള്ള പ്രദേശത്ത് മഴവെള്ള സംഭരണി വഴി വെള്ളം ലഭിക്കും എന്ന സർക്കാരിന്റെ ഉറപ്പിനെയും അവർ ചോദ്യം ചെയ്യുന്നു. “കഴിഞ്ഞ വർഷം ഉഷ്‌ണതരംഗത്തിൽ പഞ്ചായത്തിൽ ഒരു സ്ത്രീ മരിച്ചിട്ടുണ്ട്. കുടിക്കാനും കൃഷിക്കാർക്കും വേണ്ടി ഓരോ വർഷവും 12 ലക്ഷം രൂപ വാട്ടർ ടാങ്കറിനായി ചിലവഴിക്കുന്നുണ്ട്. അത്രത്തോളം കുടിവെള്ള ക്ഷാമം ആ പഞ്ചായത്ത് നേരിടുന്നുണ്ട്. കൃഷിക്കും ഭാവി തലമുറയ്ക്കും ദോഷം ചെയ്യുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ല.” പ്രസിഡന്റ് കൂട്ടിച്ചേർത്തു. കമ്പനി വാങ്ങിച്ചിരിക്കുന്ന ഭൂമി കൃഷി നിലമാണെന്നും തരം മാറ്റാൻ യോഗ്യമല്ലെന്നും കാണിച്ചുകൊണ്ടുള്ള രേഖ ആർ.ഡി.ഒയ്ക്ക് സമർപ്പിച്ചിട്ടുള്ളതായി എലപ്പുള്ളി കൃഷി ഓഫീസർ വിനോദ് കുമാർ പറയുന്നു.
2022 ലാണ് എലപ്പുള്ളിയിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനിൽ നിന്നും 26 ഏക്കർ സ്ഥലം മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനയുള്ള ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങുന്നത്. അന്ന് ഒരു വ്യവസായ സംരംഭം തുടങ്ങണമെന്ന് മാത്രമേ കമ്പനി അറിയിച്ചിരുന്നുള്ളൂ. 600 കോടി രൂപ ചിലവിൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് കമ്പനിയുടെ നിർമ്മാണം നിശ്ചയിച്ചിരുന്നത്. എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. പഞ്ചാബിൽ നാല് കിലോമീറ്ററിലധികം ഭൂമി മലിനമാക്കിയെന്ന കാരണത്തിൽ പഞ്ചാബ് മലിനീകരണ നിയന്ത്രണബോർഡ് കേസ് എടുത്തിട്ടുള്ള കമ്പനിയാണ് ഒയാസിസ്. അതുകൊണ്ടുതന്നെ, എലപ്പുള്ളി പോലെ ഒരു കാർഷിക മേഖലയിലേക്ക് ആ കമ്പനി വരുമ്പോൾ മലിനീകരണ പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.


പെപ്സി കമ്പനി കുടിയൊഴിപ്പിച്ചവർ വീണ്ടും ഭീതിയിൽ
കമ്പനി നിർമ്മിക്കാൻ പോകുന്ന മണ്ണുക്കാട് ഉൾപ്പെടുന്ന ചുട്ടിപ്പാറ വാർഡിലെ ആര്യമ്പാടം പ്രദേശവാസികളെല്ലാം തന്നെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചാണ് ബ്രൂവറി വിരുദ്ധ സമര സമിതിയിൽ പങ്കുചേർന്നിട്ടുള്ളത്. മുമ്പ് പെപ്സി കമ്പനി കഞ്ചിക്കോട് വന്നപ്പോൾ അവിടന്ന് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളിൽ ചിലരും ഇപ്പോൾ ആര്യമ്പാടം ദേശത്ത് താമസിക്കുന്നുണ്ട്. ബ്രൂവറി കമ്പനി കുടിവെള്ളക്ഷാമവും മലിനീകരണവും സൃഷ്ടിച്ചാൽ ഇനിയും കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുമോ എന്ന ആശങ്ക ഇവർക്കുണ്ട്. ഒഴിപ്പിച്ച സ്ഥലത്ത് നിന്നും ആര്യമ്പാടത്ത് വന്നിട്ട് ഇത്രകാലം ഓല മേഞ്ഞ വീട്ടിലായിരുന്നു എഴുപത് വയസുള്ള ജാനകി വാസുവിന്റെ കുടുംബം താമസിച്ചിരുന്നത്. ഇപ്പോഴാണ് ആ കുടുംബം വീട്ടിൽ ഓട് പാകി താമസിക്കാൻ തുടങ്ങിയത്. “പണ്ട് കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് അടുത്തുള്ള വറ്റിയ പുഴയിലെ മണലിൽ കയ്യിട്ട് മാന്തി ചേറിൽ നിന്നും കിനിഞ്ഞ വെള്ളം കുടിവെള്ളമായി ഉപയോഗിച്ചിട്ടുണ്ട്. ഇനിയങ്ങനെ കഷ്ടപെടാനുള്ള ആരോഗ്യമില്ല, ഈ വയസാങ്കാലത്ത് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്”. ആ വയോധിക പറഞ്ഞു.
“വേനൽക്കാലമായാൽ വെള്ളമേ കിട്ടില്ല. ഇക്കൊല്ലം മഴ കിട്ടിയത് കൊണ്ടാണ് ബോറിൽ നിന്നും വെള്ളം കിട്ടിയത്. ബോറിൽ അറുന്നൂറടി താഴ്ത്തിയിട്ടും കുടിക്കേണ്ട വെള്ളം മാത്രമേ കിട്ടിയുള്ളൂ. ഈ പ്രദേശത്ത് രണ്ട് വീടുകളിൽ മാത്രമേ ബോറുള്ളൂ. തീരെ വെളളം കിട്ടാത്ത സമയത്ത് ആ വീടുകളിൽ പോയാണ് വെള്ളം എടുക്കുക. ഇനി ഇവിടെ കമ്പനി വന്നാൽ ആ വെള്ളം കൂടി കിട്ടാതാകും.” ജാനകിയുടെ മരുമകൾ കൃഷ്‌ണശോഭ പറഞ്ഞു.
“ഞാൻ ഗർഭിണിയായിരുന്ന സമയത്ത് പോലും മണിക്കൂറുകളോളം പൈപ്പിന് ചുവട്ടിൽ കാത്തുനിന്നിട്ടാണ് വെള്ളം എടുത്തിരുന്നത്. ഇനിയും ബുദ്ധിമുട്ട് സഹിക്കാൻ വയ്യ.” കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജോലിക്കാരിയാണ് കൃഷ്‌ണശോഭ. ആര്യമ്പാടത്ത് പുതിയ വീടിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല എന്നും അതിന് മുമ്പേ ഇവിടെ നിന്ന് കുടിയൊഴിയേണ്ടി വരുമോ എന്ന പേടിയുണ്ടെന്ന് വീട്ടമ്മ ശുഭയും പറയുന്നു.


ഈ പ്രദേശത്തെ മിക്ക വീടുകളിലും ആടുകളും പശുക്കളും ഉണ്ട്. മൃഗപരിപാലനം നാട്ടുകാരുടെ മുഖ്യ ഉപജീവന മാർഗങ്ങളിലൊന്നാണ്. കടുത്ത വേനലിൽ വെള്ളമില്ലാതെയാകുമ്പോൾ ആ മൃഗങ്ങൾ കൂടി ദുരിതത്തിലാകാറുണ്ട്. ഈ പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക യശോദയ്ക്കുള്ളത് ഇരുപത് ആടുകളാണ്. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് അവരും കഴിയുന്നത്. “കമ്പനികൾ ഒക്കെ വന്നോട്ടെ, പക്ഷെ ഞങ്ങളുട ജീവനെ ഊറ്റിക്കുടിച്ചിട്ട് വേണ്ട. വെള്ളം ഇല്ലെങ്കിൽ എങ്ങനെ ജീവിക്കും.” യശോദ ചോദിക്കുന്നു. മദ്യക്കമ്പനി വന്നാൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷ പ്രദേശവാസികൾക്കില്ല. കമ്പനി സ്ഥലം വാങ്ങിയ ആറാം വാർഡിലും ഏഴാം വാർഡിലും മാത്രമല്ല, നാലാം വാർഡ് വേങ്ങോടിയിൽ ഉൾപ്പെട്ട ചാന്തമ്പുള്ളി, പാറക്കളം, നെയ്താരക്കോട്, ഉമയമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലും വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാണ്.
എലപ്പുള്ളി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന പെപ്സി കമ്പനി പൂട്ടിയതിന് കാരണവും ജലക്ഷാമമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിൽ സമരങ്ങളും അവിടെയുണ്ടായിരുന്നു. 2020 ലാണ് പെപ്സി കമ്പനി പൂട്ടിയത്. പെപ്സി കമ്പനി നിന്നിരുന്നതിന്റെ തൊട്ടടുത്ത ഭൂപ്രദേശമാണ് ഇപ്പോൾ ഒയാസിസ് കമ്പനി ഭൂമി വാങ്ങിയ മണ്ണുക്കാട്.
കർഷകരുടെ ആശങ്കകൾ
1750 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കിയ ഒരു പഞ്ചായത്താണ് എലപ്പുള്ളി. കഴിഞ്ഞ ഒരു വർഷം മാത്രം 68 ഏക്കർ തരിശുഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. 10 പാൽ സൊസൈറ്റികളും 17 പാടശേഖരസമിതികളും 28 കൃഷി കൂട്ടങ്ങളും അഞ്ച് പച്ചക്കറി ക്ലസ്റ്ററുകളും ഒരു പൂ ക്ലസ്റ്ററും ഈ പഞ്ചായത്തിലുണ്ട്. ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2022ൽ ദേശീയ ജൽ അവാർഡ് സ്വന്തമാക്കിയ പഞ്ചായത്തുകൂടിയാണ് എലപ്പുള്ളി. എലപ്പുള്ളിയിലെ കർഷകർ തെങ്ങ്, വാഴ, പച്ചക്കറി ഒക്കെ കൃഷി ചെയുന്നവരാണ്. കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി മദ്യ കമ്പനി വാങ്ങുമെന്ന സർക്കാരിന്റെ വാഗ്ദാനത്തിൽ കർഷകർക്കും വിശ്വാസമില്ല. പഞ്ചായത്തിന്റെ അതിർത്തിയിൽ സർക്കാർ കിൻഫ്ര പാർക്ക് സ്ഥാപിക്കുന്ന സമയത്തും കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പിലായിട്ടില്ലെന്ന് കർഷകർ വെളിപ്പെടുത്തുന്നു. നെല്ലളന്ന പൈസ പോലും കൃത്യമായി കിട്ടുന്നില്ല എന്നും കർഷകർ പരാതിപ്പെടുന്നു.
“ഇത്രയും വലിയ കമ്പനി ഞങ്ങൾടെ നാട്ടിൽ വരുന്നുവെന്ന് പറയുന്നത് നല്ല കാര്യമാണ്. പക്ഷേ കമ്പനിക്ക് വേണ്ടി വലിയ തോതിൽ ബോർ വെള്ളം എടുക്കും എന്നൊക്കെ പറയുന്നു. അത് ചെയ്യരുത്, ബോർ ഇട്ട് വെള്ളം ഊറ്റാൻ പാടില്ല. അതുമാത്രമാണ് ഞങ്ങൾ കൃഷിക്കാർക്ക് പറയാനുള്ളത്. ഇപ്പോൾ കമ്പനി വരാൻ പോകുന്നതിന്റെ പരിസരത്ത് രണ്ട് വാർഡുകളിലായി ഇരുന്നൂറ്റിയമ്പതോളം വീടുകളുണ്ട്. ഈ കുടുംബാംങ്ങളുടെയെല്ലാം ആശ്രയം ഈ ഭൂഗർഭജലമാണ്. കമ്പനി ബോറിട്ടാൽ കുടിവെള്ളം ഉൾപ്പെടെ വറ്റും. ബോർ വെള്ളം കൊണ്ടാണ് കൃഷിക്കാരും, ഇവിടുള്ള എല്ലാ ആൾക്കാരും ജീവിക്കുന്നത്. ഒന്നാം വിളയിൽ മഴവെള്ളവും വാളയാർ ഡാം വെള്ളവും ഉപയോഗിക്കും, രണ്ടാം വിളയിറക്കുമ്പോൾ സ്വകാര്യ ബോർ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ഞാൻ വാഴയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ പാകമാവാൻ എട്ട് മാസം ചുരുങ്ങിയത് വേണം. പച്ചക്കറിക്ക് നാല് മുതൽ അഞ്ച് മാസം വരെയും. വലിയ അളവിൽ തന്നെ കൃഷിക്ക് വെള്ളം വേണം.” കർഷകനായ വാരിജാക്ഷൻ പറഞ്ഞു. ഈ ആശങ്കകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എലപ്പുള്ളി പഞ്ചായത്തിനും മലമ്പുഴ എം.എൽ.എക്കും കർഷകർ പരാതി കൊടുത്തിട്ടുണ്ട്. ആറാം വാർഡ് ചുട്ടിപ്പാറയിലും ഏഴാം വാർഡ് പാലച്ചിറയിലും ഉൾപ്പെടുന്ന വയലുകളിൽ കൃഷി ചെയ്യുന്നത് പാലച്ചിറ – മണ്ണുക്കാട് നെല്ലുൽപ്പാദന സമിതിയാണ്. ഈ സമിതിയുടെ സെക്രട്ടറി കൂടിയാണ് ഏഴേക്കറോളം നിലത്തിൽ കൃഷി ചെയ്യുന്ന കെ.ആർ വാരിജാക്ഷൻ.


കമ്പനിയുടെ ആവശ്യത്തിനായി അടുത്തുള്ള കോരയാർ പുഴയിൽ നിന്നും വെള്ളമെടുക്കാമെന്ന വാദവും നിലനിൽക്കുന്നുണ്ട്. പക്ഷേ, കോരയാറിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. വേനൽ തുടങ്ങുന്നതിന് മുൻപ് തന്നെ പുഴ വരണ്ടു. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ ആറ് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോരയാർ പുഴയിൽ ചെറുതും വലുതുമായ മുപ്പതോളം ശുദ്ധജല പദ്ധതികളും കാർഷിക ജലസേചന പദ്ധതികളുമുണ്ട്. കർഷകരുടെ പ്രധാന ആശ്രയമാണ് കോരയാർ പുഴ. ഇപ്പോൾ പുഴ കയ്യേറ്റഭീഷണിയിലാണെന്നും നാട്ടുകാർ പറയുന്നു. കോരയാർ പുഴയിൽ നിന്നും വെള്ളമെടുക്കാമെന്ന സാധ്യതയും പ്രായോഗികമല്ല.
രണ്ടര ഏക്കറിൽ തെങ്ങും ഒരേക്കറിൽ നെൽകൃഷിയും ചെയ്യുന്ന കർഷകൻ കെ കലാധരൻ പറയുന്നു: “രണ്ടര ഏക്കർ തെങ്ങിൽ മുഴുവൻ കുഴൽക്കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്, നെല്ലിന് വാളയാർ ഡാമിന്റെ വെള്ളവും. കമ്പനി വരരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. പാലക്കാട് ടൗൺ മുഴുവൻ കൃഷിക്കും കുടിവെള്ളത്തിനുമായി മലമ്പുഴ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇനി മദ്യക്കമ്പനിക്ക് വേണ്ടിയും വെള്ളമെടുക്കുന്നു എന്ന് പറഞ്ഞാൽ അത് സാധ്യമല്ല. പെപ്സി കമ്പനി വന്നപ്പോൾ അവിടെയുള്ള ആളുകൾക്കൊന്നും വെള്ളമില്ലാതെയായി. കമ്പനിയുടെ പ്രവർത്തനം നിർത്തിയപ്പോഴാണ് വീണ്ടും വെള്ളം കിട്ടിത്തുടങ്ങിയത്. ഭൂഗർഭ ജലം എടുക്കാതെ കമ്പനി അവിടെ പ്രവർത്തിക്കില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ബാധിക്കുന്നത് മണ്ണുക്കാട് പ്രദേശത്തെ കർഷകരെ മാത്രമല്ല മൊത്തം കിഴക്കൻ മേഖലയെയാണ്.”


മൂന്നേക്കർ നെൽക്കൃഷി ചെയ്യുന്ന കർഷകൻ സുഭാഷ് പങ്കുവയ്ക്കുന്നതും വെള്ളത്തെക്കുറിച്ചുള്ള ആശങ്കയാണ്. “ആവശ്യത്തിന് വെള്ളമില്ലാതെ കൃഷി നടക്കില്ല. കഴിഞ്ഞ വർഷം വെള്ളം തികയാത്ത കാരണം പൊന്മണി നെല്ലിന് പകരം ഉമ വിത്താണ് കൃഷി ചെയ്തത്. വെസ്റ്റേജ് ഒന്നുമുണ്ടാകില്ലെന്ന് പറഞ്ഞാണ് പണ്ട് കൊക്കക്കോള കമ്പനി വന്നത്, പക്ഷേ എന്താണ് സംഭവിച്ചത്? മലിനമായ മണ്ണിൽ കൃഷി ഒരിക്കലും ചെയ്യാൻ സാധിക്കില്ല. കമ്പനിക്ക് വേറെ എവിടെ വേണമെങ്കിലും പ്രവർത്തിക്കാം, ഞങ്ങൾക്ക് കൃഷി ചെയ്യാൻ ഇവിടെ മാത്രമല്ലേ പറ്റുള്ളൂ.”


മലബാർ ഡിസ്റ്റിലറീസിന് എന്ത് സംഭവിച്ചു?
മദ്യം ഉത്പാദിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന, മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് എന്ന പൊതുമേഖലാസ്ഥാപനം എന്തുകൊണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്ന ചോദ്യവും കർഷകരെല്ലാം ചോദിക്കുന്നുണ്ട്. മണ്ണുക്കാട് നിന്നും ആറ് കിലോമീറ്റർ മാത്രം ദൂരത്താണ് മേനോൻപാറ. ഒരു കോടി 89 ലക്ഷം രൂപ ചെലവിലാണ് അവിടെ പദ്ധതി തുടങ്ങിയത്. 90 ശതമാനം എലപ്പുള്ളി പഞ്ചായത്തിലും 10 ശതമാനം വടകരപ്പതി പഞ്ചായത്തിലും ഉൾപ്പെടുന്ന മലബാർ ഡിസ്റ്റിലറീസ് എന്ന കമ്പനി ഇപ്പോൾ വെയർ ഹൗസായാണ് പ്രവർത്തിക്കുന്നത്. മേനോൻപാറയിലുണ്ടായിരുന്ന ഒരു ഷുഗർ ഫാക്ടറി കടബാധ്യതയെത്തുടർന്ന് പൂട്ടിയ സ്ഥലത്താണ് 2009 ൽ മലബാർ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. കമ്പനിക്കായി വാട്ടർ അതോറിറ്റിക്ക് ഒരു പൈപ്പ് പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്തുള്ളയാളുകളെല്ലാം ആ കമ്പനിയിൽ തൊഴിലെടുത്തിരുന്നവരാണെന്നും പിന്നീട് ജലക്ഷാമം നേരിട്ടതുകൊണ്ടാണ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു. ജല വിതരണം ശരിയായ രീതിയിൽ നടത്തി, കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ മലബാർ ഡിസ്റ്റിലറീസിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സാധിക്കും. പൊതുമേഖലാ സ്ഥാപനം അടഞ്ഞുകിടക്കട്ടേയെന്ന് തീരുമാനിച്ചുകൊണ്ട് മറുവശത്ത് സ്വകാര്യ കമ്പനിക്ക് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ആരോപണമുണ്ട്.


ഭൂമി തട്ടിയെടുക്കൽ
ഒയാസിസ് കമ്പനി വാങ്ങിയ 26 ഏക്കറിൽ ഒന്നര ഏക്കറോളം ഭൂമി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ പക്കൽ നിന്നും കൈയേറ്റം ചെയ്തെടുത്തതാണ് എന്ന പരാതിയുമായി കുടുംബം ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. മണ്ണുക്കാട് പരേതരായ ആറു – പാറു ദമ്പതികളുടെ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയിരിക്കുന്നത്.
“കമ്പനി വരുന്നു എന്നൊക്കെ ഇപ്പോഴാണ് അറിയുന്നത്. ആ സ്ഥലം പോയി നോക്കുമ്പോഴാണ് അതിൽ ഞങ്ങളുടെ സ്ഥലവും ഉൾപ്പെട്ടിരിക്കുന്നു എന്ന് മനസിലായത്. അന്വേഷിച്ചപ്പോൾ ഞങ്ങളുടെ സ്ഥലം വർഷങ്ങൾക്ക് മുന്നേ വിറ്റുപോയി എന്നറിഞ്ഞു. അതെങ്ങനെ സംഭവിച്ചു?” ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയമകൻ രവിയുടെ ഭാര്യ സുമിത്ര ചോദിച്ചു. പാലക്കാട് സർജിക്കൽ ഇൻഡസ്ട്രീസ് എന്ന കമ്പനിയിലാണ് സുമിത്രയ്ക്ക് ജോലി. “അച്ഛന്റെ കാലത്ത് കരിമ്പ്, കടലയൊക്കെ കൃഷി ചെയ്തിരുന്ന സ്ഥലമാണ്. അച്ഛന്റെ കാലശേഷം ഞങ്ങൾ നെൽകൃഷിയും ചെയ്തിരുന്നതാണ്.” ടൈൽസ് പണി ചെയ്യുന്ന രവി പറഞ്ഞു.
1986 – 87 കാലത്ത് കരമടച്ച കടലാസ് അല്ലാതെ ആ കുടുംബത്തിന്റെ കൈവശം വേറെ രേഖകളില്ല. തുച്ഛമായ വേതനത്തിന് തൊഴിൽ ചെയ്യുന്ന അവർക്ക് കുടുംബപരമായി അവകാശമുള്ള ആ നിലത്തിന്റെ വിഹിതം വലിയ സമ്പാദ്യമാണ്. സ്ഥലം തിരിച്ചുകിട്ടുന്ന വരെ ഞങ്ങൾ പോരാടും എന്ന് സുമിത്ര കരഞ്ഞു പറഞ്ഞു. നഷ്ടപ്പെട്ട സ്ഥലത്തിന്റെ ഇപ്പോഴത്തെ വില മക്കൾക്ക് തുല്യമായി വീതിച്ചുകിട്ടണം എന്ന ആവശ്യവുമായി കസബ പോലീസ് സ്റ്റേഷനിലും, പാലക്കാട് ജില്ലാ കളക്ടറിനും, പട്ടിക ജാതി വികസന വകുപ്പ് കോർപ്പറേഷനിലും പരാതി നൽകി അവർ കാത്തിരിക്കുകയാണ്.


26 ഏക്കർ സ്ഥലം എന്താവശ്യത്തിന് വേണ്ടിയാണ് കമ്പനി വാങ്ങിയതെന്നത് ചുട്ടിപ്പാറ വാർഡ് മെമ്പർ ശാന്തിയ്ക്കും അറിയില്ല. മദ്യക്കമ്പനിയുടെ സ്ഥലത്തിന് തൊട്ടടുത്തായി പ്രയാഗ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനായി ഏറ്റെടുത്ത സ്ഥലത്തെക്കുറിച്ച് മാത്രമേ അവർക്ക് അറിയുമായിരുന്നുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിലുള്ള നാലാം വാർഡ് മെമ്പർ അപ്പുക്കുട്ടൻ എന്നയാളാണ് കമ്പനിക്കായി സ്ഥലം വാങ്ങി നൽകിയത് എന്നാണ് അവർ പറയുന്നത്. ചുട്ടിപ്പാറ വാർഡിലുള്ള ഒരു കുടുംബത്തിന്റെ നിലം കൂടിയാണ് കമ്പനിക്കായി എഴുതിക്കൊടുത്തത് എന്നറിഞ്ഞ് ആ കുടുംബം പരാതിയുമായി വന്നപ്പോഴാണ് മെമ്പർ ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നത്. ആ കുടുംബത്തിന്റെ രേഖകളൊന്നുമില്ലെന്നും അതുകൊണ്ടാണ് സ്ഥലം വിറ്റുപോയതെന്നും രേഖകൾ സമർപ്പിച്ചാൽ പണം നൽകാമെന്നും നാലാം വാർഡിലെ മെമ്പർ പറഞ്ഞതായി ചുട്ടിപ്പാറ വാർഡ് മെമ്പർ ശാന്തി പറയുന്നു.


“കമ്പനിയുടെ നടത്തിപ്പിനായി ഭൂഗർഭജലം വിനിയോഗിക്കില്ല എന്നാണ് സർക്കാർ പറയുന്നത്. കർഷകരുൾപ്പെടുന്ന ജനങ്ങൾക്ക് എന്തായാലും ഒരു ദുരിതം നേരിടേണ്ടി വരില്ല എന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മഴ വെള്ള സംഭരണിയിൽ നിന്നും, മലമ്പുഴ അണക്കെട്ടിൽ നിന്നുമാണ് അതിലേക്കായി വെള്ളം എടുക്കുന്നത്, കോരയാർ പുഴയും അതിനടുത്താണ്. പുഴയിൽ തടയണ കെട്ടി വെള്ളം ഉപയോഗിക്കാമല്ലോ. അതുപോലെ കർഷകരിൽ നിന്നും നെല്ല്, പയറുവർഗങ്ങൾ, കിഴങ്ങു വർഗങ്ങൾ എന്നിവയെല്ലാം കമ്പനി സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം കർഷകർക്ക് ഗുണകരമാവുക തന്നെ ചെയ്യും. അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തണം. അല്ലാതെ ഇപ്പോൾ ചെയ്യുന്ന പോലെ തെറ്റുധരിപ്പിച്ച് ആളുകളെ ഭിന്നിപ്പിക്കരുത്. കമ്പനി നേതൃത്വത്തിൽ ചേർന്ന മീറ്റിങ്ങിൽ പഞ്ചായത്തിൽ നിന്നും ഉദ്യോഗർസ്ഥർ പങ്കെടുത്തതാണ്. അന്ന് തന്നെ പഞ്ചായത്തിന് അറിയാമായിരുന്നല്ലോ, അന്നെന്തുകൊണ്ട് പ്രതികരിച്ചില്ല? ഇത് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയല്ലേ, ജലക്ഷാമം ഉള്ള പ്രദേശമാണ്. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വികസനത്തിനും കൂട്ടുനിൽക്കില്ല.” ശാന്തി പറഞ്ഞു.
എന്തിന് മദ്യക്കമ്പനി?
12 ഓളം സർക്കാർ സ്‌കൂളുകളും ഒരു ഇന്റർനാഷണൽ സ്‌കൂളും അഹല്യ ഉൾപ്പെടെയുള്ള കോളേജുകളും മദ്യക്കമ്പനി വരുന്ന പ്രദേശത്തിന്റെ സമീപത്തായുണ്ട്. ഈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മദ്യക്കമ്പനി വരുന്നതിന് തൊട്ടടുത്തായി കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കോളേജ് സ്ഥാപിക്കുന്നതിനായി ഏഴേമുക്കാൽ ഏക്കർ സ്ഥലം പ്രയാഗ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്താണ് മദ്യക്കമ്പനി പ്രവർത്തിക്കാൻ പോകുന്നത്.
“പ്ലാച്ചിമടയിലും കഞ്ചിക്കോടും ഒക്കെ സംഭവിച്ചത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്. ഭൂഗർഭജലം എടുക്കില്ല എന്ന് പറഞ്ഞുകൊണ്ട് നിർമ്മാണം തുടങ്ങാൻ പോകുന്ന കമ്പനിക്ക് ചുറ്റും ഉയരത്തിൽ ചുറ്റുമതിൽക്കെട്ടി നാട്ടുകാർക്ക് പ്രവേശനം നിഷേധിക്കും. പിന്നെ അവർ എന്ത് പ്രവർത്തനം ചെയ്താലും നാട്ടുകാർ അറിയാൻ പോകുന്നില്ല. ഫലത്തിൽ വെള്ളം ഊറ്റിയെടുക്കപ്പെടും. ഭാരതപ്പുഴ തന്നെയാണ് കമ്പനിയുടെ ലക്ഷ്യം. മാലിന്യം ഒഴുക്കിവിടാൻ തന്നെയാണ് അവർ പദ്ധതിയിടുന്നത്.” പുതുശേരി ശ്രീനിവാസൻ വിശദമാക്കി.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്നുമുള്ള മാലിന്യത്തിന്റെ ഭീഷണി ഇപ്പോൾത്തന്നെ ഭാരതപ്പുഴയ്ക്കുണ്ട്. മാലിന്യം കാരണം ജലജീവികൾ മാത്രമല്ല, പശുക്കളും എരുമകളും വരെ പുഴയിലെ വെള്ളം കുടിച്ച് ചത്തതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, അതിന് കാരണക്കാരായ കമ്പനികൾക്കെതിരെ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്നും പുതുശേരി ശ്രീനിവാസൻ പറയുന്നു.
“ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവിടെ നടന്നിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തണം. സർക്കാർ തീരുമാനത്തിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ പഞ്ചായത്തീരാജ് നിയമത്തിന്റെ പിൻബലത്തിൽ ഗ്രാമസഭ കൂടി അത് ചർച്ച ചെയ്യണം എന്നുള്ള പ്രാഥമിക ആക്ഷനാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. ആ തീരുമാനം സർക്കാരിനെ അറിയിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസറും തഹസിൽദാറും കൃഷി ഓഫീസറും അവരവരുടെ ജോലി കൃത്യമായി ചെയ്താൽ മതി. താഴെയുള്ള അധികാരികൾ കൊടുക്കുന്ന റിപ്പോർട്ടുകളെ മറികടന്നുകൊണ്ട് ഒരു ആക്ഷൻ എടുക്കാൻ സർക്കാരിന് കഴിയില്ല. ജനകീയാസൂത്രണത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസന പദ്ധതി നടപ്പിലാക്കുന്നു എന്നത് സർക്കാർ 25 വർഷമായി പറയുന്ന കാര്യമാണ്. അങ്ങനെയാണെങ്കിൽ എന്തിനാണ് തൊഴിലിന് വേണ്ടി മദ്യക്കമ്പനി? തൊഴിൽ നൽകുന്നു, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില കൊടുക്കുന്നു എന്നൊക്കെ സർക്കാർ പറയുന്നുണ്ടല്ലോ. അതാണ് ലക്ഷ്യമെങ്കിൽ പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആ ഗ്രാമത്തിൽ ഒരു വികസന പരിപാടിയാണ് കൊണ്ടുവരേണ്ടത്. ബ്രൂവറി സമരസമിതി മുന്നോട്ടുവയ്ക്കുന്ന പ്രധാന അജണ്ടയിതാണ്. പ്ലാച്ചിമടയിൽ സമാന പ്രശ്നം വന്നപ്പോൾ അവിടുത്തെ കർഷകർ തങ്ങളുടെ നിലം തരിശിടുകയല്ലേ ചെയ്തത്? തൊഴിൽ ചെയ്ത് ജീവിക്കാനുള്ള പ്രാദേശിക കർഷകരുടെ അവകാശം ഒരിക്കലും നഷ്ടമാകരുത്.” അദ്ദേഹം ഓർമപ്പെടുത്തുന്നു.


ലഹരി നിർമ്മാർജ്ജന സമിതിയുൾപ്പെടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും കുത്തിയ പ്രതിഷേധത്തിന്റെ കൊടികൾ മണ്ണുക്കാട്ടെ ആ ഭൂമിയിൽ കാണാം. മദ്യക്കമ്പനി സ്ഥാപിക്കുമെന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയാൽ പ്രതിഷേധം ശക്തമാകുമെന്ന സൂചനകൂടിയായി മാറുന്നു ഈ കൊടികൾ. കുടിവെള്ളപ്രശ്നം ഉണ്ടാകില്ലെന്ന സർക്കാർ ഉറപ്പിനെ ജീവിതാനുഭവങ്ങളിൽ നിന്നും ജനങ്ങൾ ചോദ്യം ചെയ്യുകയാണ്. കുടിവെള്ള പ്രശ്നം തുടർച്ചയായി അനുഭവപ്പെടുന്ന, കൃഷി മുഖ്യ ഉപജീവനമാർഗമായ ഈ ഗ്രാമത്തിന്റെ ആശങ്ക അധികാരികൾ തീർച്ചയായും പരിഗണിക്കേണ്ടതാണ്.