

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


June, Queer Pride Month
2025 ജൂൺ ക്വിയർ പ്രൈഡ് മാസം തുടങ്ങുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടാണ് കേരളത്തിൽ സജീവമായ പ്രൈഡ് മാസാഘോഷം നടക്കുന്നത്. പ്രൈഡ് അടിച്ചമർത്തലിനെതിരെയുള്ള വിമോചന സമരത്തിന്റെ ഓർമ്മയായി ഇരിക്കെത്തന്നെ, റെയ്ൻബോ ഗാഡ്ജെറ്റ്സ് കൂടുതൽ വിൽക്കാനുള്ള സമയമായി കോർപ്പറേറ്റ്സ് ഇതിനെ കാണുന്നുണ്ട്. പ്രൈഡിനെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന വാദം ശക്തമായി നിലനിൽക്കുന്നുണ്ട്. എങ്കിലും പ്രൈഡ് മാസം ആഘോഷിക്കുക എന്നത് വളരെ പ്രസക്തമാണ്. ക്വിയർ രാഷ്ട്രീയത്തിന് കുറച്ച് വർഷങ്ങളായി കിട്ടുന്ന സ്വീകാര്യത ക്വിയർ എന്നത് ലോകാവസാനത്തിന്റെ ലക്ഷണമായി കാണുന്ന മതമൗലികവാദികളെ അസ്വസ്ഥതപെടുത്തുന്നുണ്ടാവാം. ഗോതം നഗരത്തിന്റെ നാശം പോലെ ‘മികച്ച’ കഥകളുമായി അവർ വന്നേക്കാം. അതത്രയും അവരുടെ അരക്ഷിതത്വവും ഭയവും ആകുന്നു.
പ്രൈഡ് മാസം എന്നത് പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ക്വിയർ ആയതുകൊണ്ട് ആത്മഹത്യ ചെയ്ത, കൊലചെയ്യപ്പെട്ട നിരവധി മനുഷ്യരുടെ ഓർമ്മകൾ നമുക്ക് മുന്നിലുണ്ട്. അതോർക്കാനും, പ്രതീക്ഷയോടെ ലോകത്തെ നേരിടാനും പോരാടാനും പ്രേരിപ്പിക്കുന്ന ഒരു കാലയളവാണിത്. വർഷത്തിൽ ഒരു മാസം മാത്രമല്ല, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾക്ക് ആവേശം പകരാൻ ഓരോ ജൂൺ മാസത്തിനും സാധിക്കുന്നു.


1969 ഇൽ ന്യൂയോർക്ക് നഗരത്തിലെ സ്റ്റോൺവാൾ ഇന്നിൽ നടന്നുകൊണ്ടിരുന്ന പൊലീസ് റെയ്ഡിനെതിരെ ഉണ്ടായ പ്രക്ഷോഭം ആധുനിക ക്വിയർ പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കാണപ്പെടുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവഗണിക്കപ്പെട്ട സ്റ്റോൺവാൾ പോരാളികളായ കറുത്ത വർഗ്ഗക്കാരായ ട്രാൻസ് സ്ത്രീകളുടെ — സിൽവിയ റിവേര, മാർഷ പി. ജോൺസൻ തുടങ്ങിയവർ — പോരാട്ടത്തിനെ പൂർണമായും മറന്നുകൊണ്ട്, വെളുത്ത വർഗ്ഗക്കാരായ സിസ് ജൻഡർ ഗേ പുരുഷന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപമായി സ്റ്റോൺ വോൾ പോരാട്ടത്തിനെ അവതരിപ്പിക്കുന്ന ആ പേരിൽ തന്നെയുള്ള ഹോളിവുഡ് സിനിമ 2015 ൽ പുറത്തിറങ്ങിയിരുന്നു. ട്രാൻസ് വ്യക്തികളുടെ, ബ്ലാക്ക് ക്വിയർ വ്യക്തികളുടെ കഥ ഒഴിവാക്കി സിസ് ജൻഡർ ഗേ പുരുഷന്മാരുടെ പോരാട്ടമായി സ്റ്റോൺവോളിനെ കാണിക്കുന്ന തരത്തിൽ cis-washing നടത്തി ചരിത്രത്തെ അവതരിപ്പിക്കുകയാണ് സിനിമ ചെയ്തത്. തെരുവിൽ കഴിയുന്ന ട്രാൻസ് യുവത്വങ്ങൾക്കായി സ്റ്റാർ (Street Transvestite Action Revolutionaries (STAR) എന്ന പേരിൽ താമസ സൗകര്യങ്ങൾ ഒരുക്കി എക്കാലത്തെയും ക്വിയർ മനുഷ്യരുടെ പ്രതിസന്ധിയായി താമസം എന്ന പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് പരിഹാരം കണ്ടെത്താനാണ് സിൽവിയയും മാർഷ പി ജോൺസണും ശ്രമിച്ചത്. ഇന്നും, എന്നും സർക്കാർ സംവിധാനങ്ങൾക്ക് അത് അപ്രാപ്യമായിരുന്നു.


കേരളത്തിലും ക്വിയർ മൂവേമെന്റിന്റെ തുടക്കത്തിൽ പൊരുതിനിന്ന പലരും ഇന്ന് അദൃശ്യരായിരിക്കുന്നു. കമ്മ്യൂണിറ്റിക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത ഉണ്ടാകുമ്പോൾ പലരും എങ്ങനയാണ് ‘അയോഗ്യരാകുന്നത്’ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അവരുടെ പോരാട്ടത്തിന്റെ കൂടെ വിജയമല്ലേ നമ്മൾ ഇന്നനുഭവിക്കുന്ന നേരിയ സ്വീകാര്യതയെങ്കിലും? അതുകൊണ്ടാണല്ലോ നമുക്ക് നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ ഭാഷയും, അവസരവും ഇന്നുണ്ടാകുന്നത്. പ്രിവില്ലേജ്ഡ് ആയിട്ടുള്ള കമ്മ്യൂണിറ്റി അംഗങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാനുള്ള ഇടങ്ങളായി ക്വിയർ മീറ്റിങ്ങുകൾ കാണപ്പെടുന്നുണ്ട്.
19-ാം നൂറ്റാണ്ടിന്റെ തുടക്ക കാലത്ത് സ്വവർഗാനുരാഗികളായ പുരുഷന്മാരെ പരിഹസിച്ച് ഉപയോഗിച്ച ക്വിയർ എന്ന വാക്ക്, സ്റ്റോൺവോൾ സമരത്തിൽ സിസ് ജൻഡർ ഹെട്രോ സെക്ഷ്വൽ അല്ലാത്ത മുഴുവൻ മനുഷ്യരെയും അനുഭവങ്ങൾ ഉൾച്ചേർത്ത് പറയാൻ കഴിയുന്ന ഒരു കുട വാക്കായി ഉപയോഗിച്ച് തുടങ്ങി. HIV പ്രതിരോധ പരിപാടികളിലൂടെയാണ് ലോകമൊട്ടാകെ ക്വിയർ മുന്നേറ്റങ്ങൾ ശക്തമായത്. കേരളത്തിലും 1990 കളുടെ അവസാനത്തോടെ ക്വിയർ മുന്നേറ്റങ്ങളുണ്ടാകുന്നുണ്ട്. അതിന് മുമ്പും ക്വിയർ വ്യക്തികൾ ഉണ്ടായിട്ടുണ്ടാകും, വിളിക്കാൻ വാക്കുകൾ അറിയാത്തതോ, ഇല്ലാതിരുന്നതോ ആയ കാലത്തും ഒരു സ്ത്രീയും സ്ത്രീയും പ്രണയിച്ചിരിക്കും.
ഫെമിനിസവും, ക്വിയർ രാഷ്ട്രീയവും ലിംഗനീതി – ലിംഗസമത്വം എന്ന ആശയത്തിനും പുരുഷാധികാരത്തിന് എതിരായും നിലകൊള്ളുന്നു. പക്ഷേ, ഫെമിനിസത്തിൽ ട്രാൻസ് വ്യക്തികളുടെ അനുഭവങ്ങൾ അടയാളപ്പെട്ടിട്ടുണ്ടോ? ലോക വ്യാപകമായി ട്രാൻസ് എക്സ്ക്ലൂഡെഡ് ആയി റാഡിക്കൽ ഫെമിനിസം നിലനിൽക്കുന്നു. ട്രാൻസ് മനുഷ്യർ ഫെമിനിസത്തിന് എതിരാണ് എന്നവർ പറയുന്നു. ഫെമിനിസത്തിന്റെ വളർച്ചയെ ക്വിയർ മൂവ്മെന്റ് എങ്ങനെയാണ് തടയുന്നത്. കേരളത്തിൽ ക്വിയർ മൂവ്മെന്റിന് തുടക്കത്തിൽ, ക്വിയർ സപ്പോർട്ടേഴ്‌സ് ആയിട്ടുള്ള സ്ത്രീകൾ ‘ഫെമിനിസ്റ്റ് വഞ്ചകി’ എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്.


കേരളത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ആർത്തവത്തെ പൈങ്കിളിവൽക്കരിക്കുകയും ശക്തമായ സ്ത്രീ അനുഭവങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ ആർത്തവനുഭവം, ജനനാവസ്ഥയിൽ സ്ത്രീയായി അടയാളപ്പെടുത്തിയ നോൺ ബൈനറി വ്യക്തികളുടെ ആർത്തവനുഭവം ചർച്ച പോലുമായില്ല. പാന്റും ഷർട്ടും പുരുഷവേഷമായിരിക്കെ, മുടി മുറിക്കുന്നത് പുരുഷ വേഷമായിരിക്കെ, ജൻഡർ ഫ്ലൂയിഡ് ആയി മനസിലാക്കുന്ന ഒരാളെന്ന നിലയിൽ സ്ത്രീ വസ്ത്രങ്ങൾ കൗതുകത്തിന് വ്യത്യസ്ത ദിവസങ്ങളിൽ ഉപയോഗിക്കുന്ന വ്യക്തി എന്നിരിക്കെ, നീളൻ മുടിയുള്ള കൂട്ടുകാരിയുടെ മുടി നോക്കി അതിനായി ആഗ്രഹിക്കുന്ന വ്യക്തി എന്നിരിക്കെ, എന്നാൽ അതാണോ എനിക്ക് ശരിക്കും വേണ്ടതെന്ന് വ്യക്തതയില്ലാതിരിക്കെ, അതിന്റെ ഉത്തരവാദിത്തം പൂർണമായും ലിംഗ അസമത്വം ആയിരിക്കെ പിരിഡ്സ് ആവുമ്പോൾ എനിക്ക് എന്തെങ്കിലും തരത്തിൽ എന്റെ ഉള്ളിൽ സ്ത്രീത്വമുണ്ടെന്ന് ബയോളജിക്കലി ഓർക്കാൻ പറ്റുന്നുണ്ട് എന്നത് ആനന്ദകരമാണ്. പക്ഷേ, പിരിഡ്സ് ഡിസ്‌ഫോറിക്ക് അനുഭവമായിരിക്കുന്ന നോൺബൈനറി വ്യക്തികളെ എനിക്കറിയാം. നോൺ ബൈനറി വ്യക്തികൾക്ക് അവരുടെ മുലകളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഡിസ്‌ഫോറിയ, സെക്ഷ്വൽ പ്ലഷർ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും സംസാരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സ്ത്രീയും പുരുഷനും എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ സെക്സ് ചെയ്യണം എന്നൊക്കെ അലിഖിതമായി എഴുതപ്പെട്ട ലോകത്ത്, ആണിനും പെണ്ണിനും മാത്രം സംവരണം ചെയ്ത ലോകത്ത്, താമസിക്കാൻ വീടോ, തൊഴിലെടുത്ത് ജീവിക്കാൻ ജോലിയോ ലഭ്യമല്ലാത്ത ലോകത്ത് ലെസ്ബിയൻ ആയാൽ പുരുഷനെ പോലെ ആയിരിക്കണം, സ്ത്രീയെ പോലെ ആയിരിക്കണം എന്ന മുൻ ധാരണകളും അടിച്ചേൽപ്പിക്കലും വഴിയാണ് മൈക്രോ ഫാസിസം പ്രവർത്തിക്കുന്നത്.
ക്വിയർ സമൂഹത്തിന്റെ ഉള്ളിൽ തന്നെ ജൻഡറിനെയും സെക്ഷ്വാലിറ്റിയെയും പറ്റി നിരവധി തെറ്റിധാരണകൾ നിലനിൽക്കുന്നുണ്ട്. ട്രാൻസ് പുരുഷൻ പാവാടയിട്ടാൽ കമ്മ്യൂണിറ്റി തന്നെ അയാളുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ കുത്തുവാക്കുകൾ പറയുന്ന സംഭവമുണ്ടായിട്ടുണ്ട്. അത്തരം നിരവധി സംഘർഷങ്ങൾ കമ്മ്യൂണിറ്റിയുടെ ഉള്ളിലും സിസ് ജൻഡർ – ഹെറ്ററോനോർമാറ്റിവിറ്റിയുടെ ഭാഗമായുണ്ട്.
ട്രാൻസ്‍ജൻഡർ, ഹോമോ സെക്ഷ്വാലിറ്റി, ബൈസെക്ഷ്വാലിറ്റിയുടെയൊക്കെ നിർവചനം അന്വേഷിക്കുന്ന മനുഷ്യർ സിസ് ജൻഡർ, ഹെറ്ററോ സെക്ഷ്വാലിറ്റിയുടെ ശാസ്ത്രീയ നിർവചനം പരിശോധിക്കാൻ നിൽക്കാറില്ല. അവർക്ക് അത് സ്വാഭാവികവും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ അസ്വാഭാവികവുമാകുന്നു. ജൻഡർ, സെക്ഷ്വാലിറ്റി സാമൂഹിക നിർമ്മിതി ആയിരിക്കെ, അത് തിരഞ്ഞെടുക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പ് ആയിരിക്കെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ജൻഡർ സെക്ഷ്വാലിറ്റി മനസിലാക്കാൻ കഴിയാതെ, ‘നാളെ പൂച്ച എന്ന ജൻഡർ ഉണ്ടാവില്ലേ?’ എന്ന് ക്വിയർ മനുഷ്യരോടുള്ള തമാശ കലർന്ന ചോദ്യവും നിഷ്കളങ്കമല്ല. അതിന് മറുപടി പറയേണ്ട ബാധ്യത ക്വിയർ വ്യക്തികളിലേക്ക് കൊണ്ടിടുന്നു. നമ്മുടെ നാട്ടിൽ ഒരു വ്യക്തിയുടെ ജീവിതം പൂർണമാകുന്നത് കല്യാണം, കുട്ടി, ജോലി എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ ക്വിയർ വ്യക്തികൾ അത്തരത്തിൽ ഒരു ജീവിതമല്ല ജീവിക്കുന്നത്. ഒരു പുരുഷനാണെങ്കിൽ സ്ത്രീയെ സംരക്ഷിക്കാനും ഭരിക്കാനും തയ്യാറവുന്ന വ്യക്തിയും, സ്ത്രീകൾ പാചകം ചെയ്യാനും കുട്ടികളെ നോക്കാനും തയ്യാറാകുന്ന വ്യക്തിയുമായിരിക്കണം എന്നാണ്. എന്നാൽ ക്വിയർ വ്യക്തികൾ അവരുടെ ചുറ്റുമുള്ള ലോകത്തെ അങ്ങനെ അല്ല കാണുന്നത്. സ്ത്രീശരീരത്തിൽ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങൾ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒരു ജീവിതം നയിക്കുന്ന നോൺ ബൈനറി – ട്രാൻസ് വ്യക്തികളുടെ അനുഭവങ്ങൾക്കും അറിവുകൾക്കും താല്പര്യങ്ങൾക്കും അംഗീകാരമുണ്ടാകുന്നില്ല എന്ന് മാത്രമല്ല അതിനെതിരെ കടുത്ത അക്രമങ്ങളും ഉണ്ടാകുന്നു.


ട്രാൻസ് ആക്ടിവിസ്റ്റ് ആയ സാൻജോ സ്റ്റീവ് പറയുന്നത്, ചെറുപ്പത്തിൽ സ്കൂളിൽ യൂണിഫോം തയ്‌ക്കാൻ ചെല്ലുമ്പോൾ അളവുകളും പാറ്റേണുകളും ചോദിക്കുമ്പോൾ സ്ലിറ്റിനെ പറ്റി ചോദിക്കുമ്പോൾ, നെക്കിനെ പറ്റി ചോദിക്കുമ്പോൾ അതിനെ കുറിച്ചൊന്നും ആധികാരികമായി പറയാൻ സാൻജോയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നാണ്. ആകെ സാൻജോ ആവശ്യപ്പെട്ടത് രണ്ട് പോക്കറ്റ് വേണം എന്നതായിരുന്നു. സിസ് ജൻഡർ സ്ത്രീകളുടെ താല്പര്യങ്ങൾ ഇല്ലാത്ത ട്രാൻസ്‌പുരുഷന്മാർ പ്രതിസന്ധിയിലാകുന്ന സംവിധാനമാണിത്. എന്നാൽ പുരുഷൻ ഉപയോഗിക്കുന്ന സാധനങ്ങൾ അനായാസം ലഭ്യമാകുകയും സ്ത്രീകളുടെ വസ്തുക്കൾക്ക് കൂടുതൽ ടാക്സ് ആഡ് ചെയ്യുകയും ചെയ്യുന്ന പുരുഷാധികാര വ്യവസ്ഥയിൽ ആണിത്. വിവാഹം കഴിപ്പിച്ചുവിടാൻ പാകത്തിന് സ്വയം തിരിച്ചറിയാത്ത മനുഷ്യരുടെ ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടും അനുഭവവും വ്യത്യസ്തമാണ്. ആ അനുഭവങ്ങളെ പൂർണമായും ഇൻവാലിഡേറ്റ് ചെയ്യുന്ന സമൂഹത്തിൽ അവരുടെ നിലനിൽപ്പ് എളുപ്പമുള്ള കാര്യമല്ല. Audre Lorde എന്ന കറുത്ത വർഗക്കാരിയായ ലെസ്ബിയൻ വ്യക്തി പറയുന്നത്, ‘നമ്മളുടെ വ്യത്യാസങ്ങല്ല, അത് അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പരിമിതികളാണ് നമ്മളെ വേർതിരിക്കുന്നത്’ എന്നാണ്. ഒരു മർദ്ദിത സമൂഹത്തിന് മാത്രമായി വിമോചനം സാധ്യമാകില്ല. എല്ല മർദ്ദിത സമൂഹവും അവരുടെ വ്യത്യാസങ്ങളിൽ ചേർന്ന് നിന്നുകൊണ്ട് മോചനത്തിനായി പോരാടേണ്ടി ഇരിക്കുന്നു. പ്രൈഡ് മാസം അത്തരം ആലോചനകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമായി മാറട്ടേ.