പശ്ചിമഘട്ടം തകർക്കുന്ന പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂമിയിലെ അമൂല്യമായ ജൈവവൈവിധ്യത്തിന്റെ കലവറയും എന്നാൽ അത് സംരക്ഷിക്കുന്ന കാര്യത്തിൽ പലവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ പശ്ചിമഘട്ടം മറ്റൊരു ദുരന്തം കൂടി ഏറ്റുവാങ്ങാൻ പോവുകയാണ്. കാലാവസ്ഥാ പ്രതിസന്ധിക്കും വിഭവശോഷണത്തിനും പരിഹാരമായി കണ്ടെത്തിയ ഒരു ഹരിതോർജ്ജ പദ്ധതിയുടെ പേരിലാണ് ഈ ദുരന്തം എന്നതാണ് വൈരുദ്ധ്യം. ഒരു പ്രശ്നത്തിന്റെ പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മാർഗം തന്നെ മറ്റൊരു പ്രശ്നം സൃഷ്ടിക്കുന്ന പ്രഹസനം! ജലവൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടി സ്ഥാപിക്കാൻ പോകുന്ന പമ്പ്‌ഡ് സ്റ്റോറേജുകളാണ് ആ​ പദ്ധതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013-ലെ ഉത്തരവ് പ്രകാരം, പശ്ചിമഘട്ടത്തിൽ പാറ ഖനനം, മണൽ ഖനനം, താപ വൈദ്യുതി പ്ലാന്റുകൾ, ടൗൺഷിപ്പുകൾ, മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങൾ തുടങ്ങിയവ നിരോധിച്ചിരുന്നുവെങ്കിലും ജലവൈദ്യുതി പദ്ധതികൾക്ക് അനുമതി നൽകുന്നുണ്ട്. അതുകൊണ്ടാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) ജലവൈദ്യുത പദ്ധതികൾക്കായി പശ്ചിമഘട്ടത്തെ ഉന്നംവയ്ക്കുന്നത്. 2024-25 കാലയളവിൽ, 25,500 മെഗാവാട്ട് ശേഷിയുള്ള 15 ഹൈഡ്രോ പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾക്ക് ഇന്ത്യയിൽ അനുമതി നൽകുക എന്നതാണ് CEA യുടെ ലക്ഷ്യം. ഇതിൽ 5,100 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികൾ അംഗീകരിച്ചു കഴിഞ്ഞു.

എന്താണ് പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി?

പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി (Pumped Storage Project -PSP), അല്ലെങ്കിൽ പമ്പ്‌ഡ് സ്റ്റോറേജ് ഹൈഡ്രോ പവർ (Pumped Storage Hydropower – PSH) എന്ന് അറിയപ്പെടുന്നത്, താഴെയും മുകളിലുമായി രണ്ട് ജലസംഭരണികൾ സൃഷ്ടിച്ച് ഒരിക്കലുപയോഗിച്ച ജലം വീണ്ടും മുകളിലേക്ക് പമ്പ് ചെയ്ത് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ്. വൈദ്യുത ഉപഭോ​ഗം കുറവുള്ള സമയങ്ങളിൽ താഴത്തെ ജലാശയത്തിൽ നിന്ന് മുകളിലുള്ള ജലാശയത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുകയും, വൈദ്യുതി കൂടുതൽ ആവശ്യമുള്ള സമയത്ത് (Peak Hours) ആ വെള്ളം താഴേക്ക് പൈപ്പ്‌ലൈൻ അല്ലെങ്കിൽ ടണൽ വഴി ഒഴുക്കി ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വെള്ളം ഒരു ബാറ്ററിക്ക് പകരം ഊർജം ശേഖരിക്കുന്ന ഒരു സംവിധാനമായി മാറുന്നു എന്നാണ് പറയുന്നത്.

പമ്പ്‌ഡ് സ്റ്റോറേജ്, പ്രതിനിധാന ചിത്രം. കടപ്പാട്:researchgate

ഉപയോഗം കുറഞ്ഞ സമയത്ത് കൽക്കരി, പ്രകൃതി വാതകം, എണ്ണ, സൗരോർജം, കാറ്റാടി തുടങ്ങിയ പരമ്പരാഗതവും (conventional) പുതുക്കാവുന്നതുമായ (renewable) ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചായിരിക്കും വെള്ളം മുകളിലേക്ക് പമ്പ് ചെയ്യുക. ഉൽപ്പാദനം കൂടുതലും ഉപഭോഗം കുറവും ഉള്ള സമയത്തെ വൈദ്യുതി പാഴായിപ്പോകാതെ കൂടുതൽ ആവശ്യമുള്ള സമയത്തെ ഊർജ്ജ ആവശ്യങ്ങൾ ഇങ്ങനെ നിറവേറ്റപ്പെടാൻ കഴിയുന്നു എന്നും ഗ്രിഡ് സ്ഥിരത (grid stability) ഉറപ്പാക്കാൻ കഴിയുന്നു എന്നതുമാണ് ഈ പ്രോജക്ടിനെ പിന്തുണക്കുന്നവരുടെ പ്രധാന വാദം.

രണ്ട് തരത്തിലാണ് ഇങ്ങനെ ഊർജ്ജ ഉൽപ്പാദന സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഒന്ന് പ്രകൃതിദത്ത ജലസ്രോതസ്സുകൾ ആയ നദികൾ, തടാകങ്ങൾ എന്നിവയിലെ ജലം പമ്പ് ചെയ്ത് പ്രവർത്തിക്കുന്ന ഓപ്പൺ-ലൂപ്പ് പമ്പ്‌ഡ് സ്റ്റോറേജുകൾ ആണ്. രണ്ടാമത്തേത് കൃത്രിമമായി ജല സംഭരണികൾ ഉണ്ടാക്കി ഒരേ വെള്ളം താഴെയും മേലെയുമുള്ള ജലാശയങ്ങൾക്കിടയിൽ ആവർത്തിച്ച് പമ്പ് ചെയ്യുന്ന രീതി. 2030 ആകുമ്പോഴേക്കും 500 GW ഫോസിൽ ഇന്ധന രഹിത ഉത്പാദന ശേഷി കൈവരിക്കുമെന്നും 2070 ആകുമ്പോഴേക്കും കാർബൺ ഉദ്‌വമനം നെറ്റ് സീറോ ആക്കും എന്നും ഇന്ത്യ COP26-ൽ വാഗ്ദാനം നൽകിയിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ – സ്വകാര്യ മേഖലകളിൽ ഇന്ത്യയിലുടനീളം പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ വരുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 2029–30 ഓടെ പ്രവർത്തനം തുടങ്ങാനായി 47 ഗിഗാവാട്ട് ശേഷിയുള്ള 39 ഹൈഡ്രോ പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ തുടങ്ങാനാണ് CEA ലക്ഷ്യമിടുന്നത്. രാജ്യത്ത് പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ വഴി 119 ഗിഗാവാട്ട് (GW) വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. അതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾക്ക് (DPR) അനുമതി നൽകുന്നതിനുള്ള കാലപരിധി മുമ്പത്തെ125 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചിട്ടുണ്ട്. ദ്രുതഗതിയിൽ തുടങ്ങാൻ പോകുന്ന ഈ പദ്ധതി പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ട പശ്ചിമഘട്ട മലനിരകളിലാണ്.

പശ്ചിമഘട്ടം ലക്ഷ്യമാക്കുന്ന പ്രോജക്ടുകൾ

2024 സെപ്റ്റംബർ 27-ന് ചേർന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി (Expert Appraisal Committee) യോഗത്തിൽ, പശ്ചിമഘട്ടത്തിൽ ഏകദേശം 15 പമ്പ്‌ഡ് സ്റ്റോറേജ് പദ്ധികൾക്ക് ടേംസ് ഓഫ് റഫറൻസ് (ToR) ലഭിച്ചെന്നും അവ പാരിസ്ഥിതിക അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ട മേഖലയിൽ അദാനി ഗ്രീൻ എനർജി 11,000 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പമ്പ്‌ഡ് സ്റ്റോറേജ് പദ്ധികൾ തുടങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. 2022 ജൂൺ 28-ന് അഞ്ച് പമ്പ്‌ഡ് സ്റ്റോറേജുകൾ സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ അദാനി എന്റർപ്രൈസസുമായി 60,000 കോടി രൂപ (7.2 ബില്യൺ ഡോളർ) ചെലവിൽ ഒരു കരാർ ഒപ്പുവച്ചു. ഈ പദ്ധതികൾ അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. തരളി, പട്ട്ഗാവ്, വരസ്ഗാവ്, മാൽസേജ് ഘട്ട്, കോയ്ന എന്നിവയാണ് ഈ അഞ്ച് പദ്ധതികൾ ലക്ഷ്യമിടുന്ന സ്ഥലങ്ങൾ. 1,500 മെഗാവാട്ട് ശേഷിയുള്ള തരളി പദ്ധതി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇതിനായി പരിസ്ഥിതി ആഘാത പഠനവും (EIA) പബ്ലിക് ഹിയറിംഗും പൂർത്തിയാക്കി. എന്നാൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി ലോല മേഖലയിലെ ഈ പ്രോജക്ടിനെതിരെ പ്രക്ഷോഭത്തിലാണ്.

ശരാവതി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിനായി മുറിക്കേണ്ട മരങ്ങൾ വനം വകുപ്പ് നമ്പർ ഇട്ടിരിക്കുന്നു. കടപ്പാട്:thehindu

സർവ്വ മേഖലയിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന അദാനി-കേന്ദ്ര സർക്കാ‍ർ കൂട്ടുകെട്ട് ഇവിടെയും കാണാം. അദാനി ഗ്രീൻ എനർജിയിലെ ഒരു ഉപദേശകൻ പരിസ്ഥിതി വിദഗ്ധ സമിതി യോ​ഗത്തിൽ (EAC) പുറത്ത് നിന്നുള്ള അംഗം എന്ന നിലയിൽ പങ്കെടുത്തത് അതിന് ഉദാഹരണവുമാണ്. 2023 ഒക്ടോബർ 17-ന് അദാനി ഗ്രീൻ എനർജിയുടെ തരളി പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി പരിഗണനയ്ക്കെത്തിയ അതേ ദിവസമാണ് ഈ ഉപദേശകൻ സമിതിയുടെ യോഗത്തിൽ പങ്കെടുത്തതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2023 ജൂണിൽ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) ‘ഓൺ-റിവർ പമ്പ്‌ഡ് സ്റ്റോറേജ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ പുനർമൂല്യനിർണ്ണയം’ (Reassessment of On-River Pumped Storage Hydroelectric Projects) എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ടിൽ പമ്പ്‌ഡ് സ്റ്റോറേജ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിവരിക്കുന്നുണ്ട്. കർണാടകയിലെ പശ്ചിമഘട്ട മേഖലയിലെ കാളി, കാവേരി, വരാഹി നദീതാഴ്വരകളിൽ ഉള്ള വന്യജീവി സങ്കേതങ്ങളിൽ വരാൻ പോകുന്നത് കുറഞ്ഞത് പതിനൊന്ന് പദ്ധികളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങൾ സംരക്ഷിത വന്യജീവി സങ്കേതങ്ങളിലായതിനാൽ ഈ പദ്ധതികൾ പ്രായോഗികമല്ലെന്നും അതേ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനർത്ഥം വന്യജീവി സങ്കേതം എന്ന തടസ്സം നീക്കിയാൽ പദ്ധതികൾ സാധ്യമാക്കിയെടുക്കാം എന്നാണ്. അത് എങ്ങനെ സാധ്യമാകും എന്നതിന്റെ ഉദാഹരണമാണ് കണ്ണാടക പവർ കോർപറേഷൻ ലിമിറ്റഡ് (KPCL) നിർമ്മാണവുമായി മുന്നോട്ടുപോകുന്ന 278 ഏക്കർ വന്യജീവി സങ്കേത ഭൂമിയിലെ ശരാവതി പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി. ഉഡുപ്പിയിലെ വരാഹി നദിയിൽ രണ്ടാമത്തെ പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതിക്ക് ഇപ്പോൾ പരിശോധനാനുമതി ലഭിച്ചിരിക്കുകയാണ്. സോമേശ്വരം, മൂകാംബിക എന്നീ വന്യജീവി സംരക്ഷണമേഖലകളിൽ നിന്ന് ഏകദേശം 612 ഏക്കർ ഭൂമിയാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്.

ശരാവതി പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതിക്കായി നടക്കുന്ന സർവെ നടപടികൾ. കടപ്പാട്:thenewsminute

കർണ്ണാടക സ്റ്റേറ്റ് നാചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്റർ (KSNDMC) ശരാവതിയിലെയും വരാഹിയിലെയും പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ തീവ്രത കൂടിയതും അല്ലാത്തതുമായ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലാണ് സ്ഥിതിചെയ്യുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടർച്ചയായ തുരങ്ക നിർമ്മാണം, സ്ഫോടനങ്ങൾ, അണക്കെട്ട് നിർമ്മണം, മലകളെ കീറിമുറിക്കൽ, പുതിയ റോഡ് നിർമ്മാണം, റോഡ് വീതി കൂട്ടൽ എന്നിവയെല്ലാം മലനിരകൾക്ക് ഭീഷണിയായി മാറുമെന്ന് ജിയോളജിസ്റ്റുകൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലവിനിയോഗത്തിലെ വലിയ മാറ്റങ്ങൾ നദീജല പ്രവാഹത്തെയും മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും ജലസസ്യങ്ങളെയും ബാധിക്കും.

“പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾക്ക് (PSPs) ഇന്ത്യയുടെ വൈദ്യുതി ഉൽപ്പാദനത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയും. പ്രത്യേകിച്ച് പീക്ക് ലോഡുകൾ കൈകാര്യം ചെയ്യാനും, ഗ്രിഡ് സ്ഥിരത ഉറപ്പാക്കാനും സോളാർ, കാറ്റാടി പോലുള്ള പുതുക്കാവുന്ന ഊർജ സ്രോതസുകളുടെ ഫലപ്രദമായ ഉപയോഗത്തിനും അത് പ്രയോജനപ്പെടുത്താം. എന്നാൽ, ഈ പദ്ധതികൾ ഭീമമായ പാരിസ്ഥിതിക തകർച്ച, ജൈവവൈവിധ്യ നാശം, വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് കാരണമാകരുത്. സംരക്ഷിത പ്രദേശങ്ങളെയും, പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളെയും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ, പ്രാദേശിക ജനവിഭാഗങ്ങളുടെ അനുമതി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയിൽ പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾക്ക് സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങൾ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) കണ്ടെത്തിയിട്ടുണ്ട്. അതിൽ നിന്നും പാരിസ്ഥിതിക – സാമൂഹിക ആഘാതം കുറഞ്ഞ പദ്ധതികൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.” ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്ന ​സ്വതന്ത്ര ​ഗവേഷണ സ്ഥാപനമായ മൻഥൻ അധ്യയന കേന്ദ്രത്തിന്റെ സ്ഥാപക അംഗമായ ശ്രീപദ് ധർമാധികാരി ചൂണ്ടിക്കാട്ടുന്നു.

ശ്രീപദ് ധർമാധികാരി

എന്തുകൊണ്ട് പശ്ചിമഘട്ടം?

പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾക്ക് (PSPs) ഏറ്റവും അനുയോജ്യമായ ഭൗമ ഘടനയാണ് പശ്ചിമഘട്ടത്തിനുള്ളത്. അതാണ് വൻകിട കമ്പനികളെയും സർക്കാരിനെയും അവിടേക്ക് ആകർഷിക്കുന്നത്. രണ്ട് ജല സ്രോതസ്സുകൾക്കിടയിൽ ആവശ്യമായ ഉയര വ്യത്യാസം വളരെ കൂടുതലായി ഈ മേഖലയിൽ ലഭിക്കും. അതിനാൽ, മുകളിലെയും താഴത്തെയും റിസർവോയറുകൾക്കിടയിൽ വെള്ളം ഒഴുക്കി, താഴെയുള്ള റിസർവോയറിലെ ടർബൈനുകൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഭൂപ്രകൃതി വളരെ അനുയോജ്യമാണ്. വെള്ളത്തിന്റെ ലഭ്യതയും പശ്ചിമഘട്ടം തിരഞ്ഞെടുക്കാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

‘ഹരിത ബാറ്ററികൾ’ – ചില ചോദ്യങ്ങൾ

പമ്പ്‌ഡ് സ്റ്റോറേജ് ഊർജ്ജ ഉത്പാദന സ്രോതസ്സുകൾ അറിയപ്പെടുന്നത് ‘ഹരിത ബാറ്ററികൾ’ എന്നുകൂടിയാണ്. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വയ്ക്കാവുന്നതും കാലാവസ്ഥ പ്രതിസന്ധിക്ക് കാരണമാകുന്ന കാർബൺ ഉദ്‌വമനം കുറഞ്ഞതുമായ ഊർജ്ജ ഉൽപ്പാദനം സാധ്യമാകുന്നു എന്നതാണ് അതിനടിസ്ഥാനം. എന്നാൽ ഇതിനെ ചോദ്യം ചെയ്യുന്ന വാദങ്ങൾ മറുവശത്ത് നിന്നുമുയരുന്നുണ്ട്.

പശ്ചിമഘട്ട മലനിരകൾ ജീവവൈവിധ്യ സമ്പത്തിന്റെ കേന്ദ്രം മാത്രമല്ല, അവ ദക്ഷിണ ഇന്ത്യയുടെ കാർബൺ വോൾട്ട് (South India’s carbon Vault) ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. പുരാതന വനങ്ങളും സാന്ദ്രമായ സസ്യാവരണങ്ങളും കാർബൺ ശേഖരിച്ചിരുക്കുന്ന മണ്ണും ഉൾക്കൊള്ളുന്ന പ്രദേശം എന്ന നിലയിൽ ആഗോളതലത്തിൽ തന്നെ കാലാവസ്ഥാ പ്രതിരോധം ഒരുക്കുന്ന ഒരു സുപ്രധാന പ്രദേശമാണ് പശ്ചിമഘട്ടം. പശ്ചിമഘട്ട മേഖലയിൽ ഏകദേശം1.2 ബില്യൺ ടൺ കാർബൺ (സസ്യങ്ങളിലും മണ്ണിലും) സംഭരിച്ചിരിക്കുന്നതായി 2019ലെ ഐഐഎസ്‌സി (IISc) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ അമൂല്യ സമ്പത്ത് നശിപ്പിച്ചിട്ടാണോ മറ്റൊരു പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് എന്ന സാമാന്യ യുക്തിയാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നത്. മലനിരകൾ വെട്ടിപ്പൊളിച്ചും, ജൈവവൈവിധ്യം ഇല്ലാതാക്കിയും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെപോലും കൊന്നൊടുക്കിയും നദീതടങ്ങളുടെ പ്രവാഹം താറുമാറാക്കിയും പശ്ചിമഘട്ടത്തിൽ എങ്ങനെ ‘ഹരിത ബാറ്ററികൾ’ യാഥാർഥ്യമാകും എന്നവർ ചോദിക്കുന്നു. സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യവച്ചുള്ള ഇത്തരം മനുഷ്യകേന്ദ്രീകൃത നയങ്ങൾ കാരണമാണ് കാലവസ്ഥ തകിടം മറിഞ്ഞതെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ശരാവതി പമ്പ്‌ഡ് സ്റ്റോറേജിന്റെ പ്രവർത്തനം നോക്കാം. വെള്ളം മുകളിലേക്ക് പമ്പ് ചെയ്യുന്നതിനായി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന 14,800 (MWh) വൈദ്യുതിയാണ് ആവശ്യമുള്ളത്. ആ വെള്ളം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന പുതിയ വൈദ്യുതിയാകട്ടെ 12,000 MWh മാത്രമാണ്. അതായത് 2,800 MWh (24%) വൈദ്യുതി നഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോൾ, പരിസ്ഥിതി വ്യാപകമായി നശിപ്പിച്ചും പണവും വലിയ തോതിൽ ചെലവാക്കിയും നിർമ്മിക്കുന്ന ഈ പദ്ധതി ഊർജ്ജ മേഖലയ്ക്ക് എന്ത് സംഭാവനയാണ് നൽകുന്നത്? മാപ്പിംഗ് മലനാട് എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന നിർമല ഗൗഡ (Nirmala Gowda) ഉയർത്തുന്ന ചോദ്യമതാണ്. ഈ പദ്ധതി പുതിയ ഊർജ്ജം സൃഷ്ടിക്കുന്നില്ല എന്ന് അവർ പറയുന്നു. ഇത് ഒരു ‘കൽക്കരി ഊർജ്ജ സംഭരണ പദ്ധതി’യാണെന്നും (Coal Energy Storage System) അത് ഒരു ഹരിതോർജ്ജ പദ്ധതിയല്ലെന്നും അവർ വിമർശനമുന്നയിക്കുന്നു.

കർണ്ണാടകയിലെ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളുടെ മാപ്പിൽ ശരാവതി, വരാഹി പമ്പ്ഡ് സ്റ്റോറേജ് പദ്ധതി പ്രദേശങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. കടപ്പാട്: Nirmala Gowda

തകർക്കപ്പെടുന്ന കാർബൺ ശേഖരം

2030 ഓടെ 680–820 മില്ല്യൺ ടൺ കാർബൺഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിൽ നിന്നും ഇല്ലാതാക്കാനാണ് (Carbon sequestration) ഇന്ത്യ ലക്ഷ്യമിടുന്നത് (ISFR, 2023). പശ്ചിമഘട്ടത്തിലെ നിലവിലെ കാർബൺ സംഭരണത്തെക്കൂടാതെ, ഈ പർവതനിരകൾ വർഷംതോറും വലിയ തോതിൽ പുതിയ കാർബൺ ആഗിരണം ചെയ്യുന്നുണ്ട്. പശ്ചിമഘട്ടം ഓരോ വർഷവും 37.5 മില്ല്യൺ ടൺ കാർബൺ ആഗിരണം ചെയ്യുന്നതായാണ് കണക്ക് (IISc, 2019). പശ്ചിമഘട്ടത്തിന്റെ ഈ കാർബൺ സംഭരണ ശേഷി കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിൽ ഒരു സുപ്രധാന ഘടകമാണ്. അതാണ് സുസ്ഥിരമല്ലാത്ത ഊ‍‍ർജ്ജോത്പാദനത്തിനായി ഇല്ലാതാക്കാൻ പോകുന്നത്. ഇത് ആഗോളതലത്തിൽ തന്നെ വൻ ​ദുരന്തമാണ് സൃഷ്ടിക്കാൻ പോകുന്നത്.

ശരാവതിയിലെ അട്ടിമറികൾ

ശക്തമായ നിയമങ്ങളെ മറികടന്നുകൊണ്ടാണ് വന്യജീവി സംരക്ഷണ മേഖലയായ ശരാവതി താഴ്വരയിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി വരുന്നത്. ഈ ഉദാ​ഹരണത്തിൽ നിന്നും ഊർജ മേഖലയിലെ ലോബികൾ എന്തുമാത്രം ശക്തരാണെന്ന് മനസ്സിലാക്കാൻ കഴിയും, പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്തുമാത്രം അപകടത്തിലാണെന്നും. അവിടെ മുകളിലുള്ള സംഭരണിയിലേക്ക് പമ്പിംഗിനായി ഉപയോഗിക്കാൻ പോകുന്ന വൈദ്യുതി കൽക്കരി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നതാണ്. ക‍ർണ്ണാടകയിലെമ്പാടും വലിയ പ്രതിഷേധമാണ് ഈ പദ്ധതിക്കെതിരെ രൂപപ്പെട്ട് വരുന്നത്.

ശരാവദി നദി താഴ്വര. കടപ്പാട്: Nirmala Gowda

പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതിക്ക് ക്ലിയറൻസ് ലഭിക്കാനുള്ള അപേക്ഷയിൽ KPCL ആവശ്യപ്പെട്ടിരിക്കുന്നത് ശരാവതി വന്യജീവി സംരക്ഷണമേഖലയിലെ ഏകദേശം135 ഏക്കർ വനഭൂമിയാണ്. എന്നാൽ ട്രാൻസ്മിഷൻ ലൈനുകൾ കൊണ്ടുപോകാൻ മാത്രം ശരാവതി വന്യജീവി സംരക്ഷണമേഖലയിലെ ഏകദേശം 143 ഏക്കർ വനഭൂമി വേറയും ആവശ്യമായി വരും. ഈ പ്രദേശത്തിനായുള്ള അനുമതി അപേക്ഷയിൽ കാണിച്ചിട്ടില്ല. യഥാർത്ഥത്തിൽ ആകെ 278 ഏക്കർ വനഭൂമി പദ്ധതിക്ക് ആവശ്യമായി വരും. നിലവിലുള്ള അണക്കെട്ടിന്റെ അനുബന്ധ പദ്ധതി എന്ന നിലയിൽ ഈ പദ്ധതിയെ കാറ്റഗറി B2 ൽ ഉൾപ്പെടുത്തി പരിസ്ഥിതി ആഘാത പഠനവും (EIA) പബ്ലിക് ഹെയറിങ്ങും ഒഴിവാക്കാനാണ് KPCL ശ്രമിക്കുന്നത്. പദ്ധതി പ്രദേശത്തിന്റെ 42.51 ഹെക്റ്റർ ശരാവതി വന്യജീവി സംരക്ഷണമേഖലയ്ക്കുള്ളിലും,11.65 ഹെക്റ്റർ പരിസ്ഥിതി ലോല മേഖലയ്ക്കുള്ളിലുമാണ്. ഇത്തരം നിർണ്ണായകമായ വിവരങ്ങൾ അപേക്ഷയിൽ പരാമർശിക്കപ്പെട്ടിട്ടേയില്ല. വെറും “39.79 ഹെക്ടർ വനമേഖല”എന്നത് മാത്രമാണ് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചത്.

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, വന്യജീവി സങ്കേതങ്ങളിലെ ഭൂമി ഇത്തരം പദ്ധതികൾക്ക് ഉപയോഗിക്കാൻ പാടില്ല. ഒരു പ്രോജക്ടിന് വേണ്ടിയുള്ള അപേക്ഷകൾ സമഗ്രമായി സമർപ്പിക്കാതെ വിവിധ ഭാഗങ്ങളായി പ്രത്യേക അപേക്ഷകൾ സമർപ്പിച്ച് പരസ്പ്പരം ബന്ധമില്ലാത്ത പദ്ധതികൾ എന്ന രീതിയിൽ അനുമതി നേടുക എന്ന തന്ത്രമാണ് സർക്കാരും സ്വകാര്യ ഏജൻസികളും അവലംബിക്കുന്നത്. പ്രോജക്ടിന്റെ പ്രധാന ഭാഗത്തിനായുള്ള അനുമതി നേടി, പദ്ധതി ആരംഭിച്ച ശേഷം അനുബന്ധ പ്രവർത്തനങ്ങൾക്കായുള്ള അനുമതി ലഭിക്കാൻ സമ്മർദ്ദം ചെലുത്തുന്ന ‘fait accompli’ എന്ന് വിളിക്കുന്ന രീതി. ഉദാഹരണത്തിന് പവർ സ്റ്റേഷൻ നിർമ്മിച്ച് കഴിഞ്ഞാൽ റോഡ് നിർമ്മാണത്തിനും വന്യജീവി സംരക്ഷണ മേഖലയിലൂടെ ട്രാൻസ്മിഷൻ ലൈനുകൾ വലിക്കാനുമുള്ള അനുമതി പ്രത്യേകമായി പിന്നീട് നേടിയെടുക്കുന്നു. പലപ്പോഴും ഇങ്ങനെ ചെയ്യുക വഴി പാരിസ്ഥിതിക ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും ഒഴിവാക്കാൻ നിർമ്മാണ കമ്പനികൾക്ക് കഴിയുന്നു.

ശരാവതി താഴ്വരയിലുടനീളമുള്ള വിവിധ അണക്കെട്ട് നിർമാണങ്ങൾക്കൊടുവിൽ, 404.7 ചതുരശ്ര കിലോമീറ്റർ കാട് ഇപ്പോൾ തന്നെ നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മധ്യപശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ശരാവതി താഴ്വര, യുനെസ്കോ അംഗീകരിച്ച ഒരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ്. ചില അപൂർവ ആവാസവ്യവസ്ഥകൾ ഇവിടെയുണ്ട്. ഉദാഹരണത്തിന്, ഏകദേശം അഞ്ച് കോടി വർഷം പഴക്കമുള്ള മിറിസ്റ്റിക്ക ചതുപ്പുകൾ (Myristica swamps) എന്നറിയപ്പെടുന്ന ശുദ്ധജല ചതുപ്പ് വനങ്ങളും, കയ്യൂരം എന്നും മുടിച്ചിലൂരം എന്നും പേരുള്ള (Semecarpus kathalekanensis) അത്യന്തം അപൂർവമായ മരങ്ങളും, സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ (Great Indian Hornbill) തുടങ്ങിയ പ്രധാന ജീവികളും ഈ പ്രദേശത്തുണ്ട്.

2011-ലെ ചരിത്രപ്രധാനമായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിൽ (WGEEP) ഡോ. മാധവ് ഗാഡ്ഗിൽ നൽകിയ ശക്തമായ മുന്നറിയിപ്പുകളെ വികസനത്തിന്റെ പേരിലും ‘സുസ്ഥിര പദ്ധതി’കളുടെ പേരിലും അവഗണിക്കുകയാണ് ഭരണകൂടം. എല്ലാ തലങ്ങളിലെയും വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനോ നിരസിക്കുന്നതിനോ നിയമപരമായ അധികാരമുള്ള സ്വതന്ത്ര ‘പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി’ സ്ഥാപിക്കുക എന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശം ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. നിലവിൽ വികസന പദ്ധതികൾക്ക് അംഗീകാരം നൽകേണ്ട വൈൽഡ്ലൈഫ് ബോർഡ്, ഫോറസ്റ് അഡ്വൈസറി കമ്മിറ്റി, എക്സ്പെർട്ട്‍ അപ്പ്രൈസൽ കമ്മിറ്റി തുടങ്ങിയ ഏജൻസികൾ വെറും നോക്കുകുത്തികളായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം. കടപ്പാട്:thekarnatakatourism.com

2024-ലെ യേൽ സർവകലാശാലയുടെ Environmental Performance Index (EPI) റിപ്പോർട്ട് പ്രകാരം,180 രാജ്യങ്ങളിലിൽ ഇന്ത്യ 176-ാം സ്ഥാനത്താണ്. പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുന്നതാണ് ഈ പട്ടിക. പ്രത്യേകിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിലും ആവാസ വ്യവസ്ഥ സംരക്ഷണത്തിലും ഇന്ത്യയുടെ സ്കോർ വളരെ താഴ്ന്നതാണ്. അതുപോലെ, 2024-ലെ Global Nature Conservation Index-ൽ ഇന്ത്യക്ക് 176-ാമത്തെ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഭൂവിനിയോഗത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും പരിസ്ഥിതി ഭരണ നിർവ്വഹണത്തിലും ഗുരുതരമായ പിഴവുകൾ ഉള്ളതായി ഈ റിപ്പോർട്ട് പറയുന്നു.

നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ആവശ്യത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉയർന്ന ഉപഭോഗം നടക്കുന്ന സമയത്തേക്ക് സംഭരിച്ചുവയ്ക്കാനോ ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിര ജീവിത രീതികളിലേക്ക് ചുവടുമാറ്റം നടത്താനോ നമ്മുടെ സർക്കാർ ആലോചിക്കുന്നില്ല. എങ്ങനെയും നിലവിലെ ഉൽപ്പാദന ഉപഭോഗ രീതികൾ തുടരുക എന്നതാണ് ആഗോളതലത്തിൽ തന്നെയുള്ള നയം. പശ്ചിമഘട്ടം തകർന്നാലും സാമ്പത്തിക വളർച്ച നേടിയേ മതിയാകൂ എന്നാണ് അവർ ചിന്തിക്കുന്നത്. വൻകിട പദ്ധതികളിലാണ് ഏവർക്കും താൽപ്പര്യം. അതുകൊണ്ട് ‘ഡ്രിൽ ബേബി ഡ്രിൽ’ എന്ന് അവർ കൂസലില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കും.

Also Read

9 minutes read July 5, 2025 2:04 pm