ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലാവുകയും ജയിലിൽ കഴിയവെ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച ‘തെളിവുകൾ’ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ ഹാക്കിംഗ് വഴി നിക്ഷേപിച്ചതാണെന്ന് അമേരിക്കൻ ഫോറൻസിക് ലാബ് കണ്ടെത്തിയിരിക്കുന്നു. ഈ രേഖകൾ എൻഐഎ കുറ്റപത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മാവോയിസ്റ്റ് ബന്ധം ‘തെളിയിക്കുന്ന’ 44 രേഖകൾ ലാപ്‌ടോപ്പിൽനിന്ന് കിട്ടിയെന്നാണ് എൻ.ഐ.എ ആരോപിച്ചത്. എന്നാൽ ഇവ അദ്ദേഹം ഒരിക്കൽപ്പോലും തുറന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സന്റെയും സുരേന്ദ്ര ഗാഡ്‌ലിങിന്റേയും ലാപ്‌ടോപ്പുകളിലും ഹാക്കിംഗ് നടന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിയിലെ മരണം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തുറന്നിരുന്നു. നീതിനിർവഹണ സംവിധാനങ്ങൾ അദ്ദേഹത്തോട് ചെയ്ത അനീതിയുടെ ആഴം കൂട്ടുന്നതാണ് കമ്പ്യൂട്ടിറിൽ കണ്ടെത്തിയ തെളിവുകൾ വ്യാജമാണ് എന്ന ഇപ്പോഴത്തെ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ ‘ഐ ആം നോട്ട് എ സൈലന്റ് സ്പെക്ടേടർ‘ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയ ജയിൽ കുറിപ്പുകളും തടവറ കവിതകളും കേരളീയം പ്രസിദ്ധീകരിക്കുന്നു.
പരിഭാഷ: ആദിൽ മഠത്തിൽ

പ്രിയ സുഹൃത്തുക്കളെ,
സമാധാനം! കൂടുതൽ വിവരങ്ങൾ എനിക്കറിയില്ലെങ്കിലും, ഞാൻ കേട്ടതിൽ നിന്നും, പിന്തുണയറിയിച്ച് കൂടെ നിന്ന നിങ്ങളോടെല്ലാം നന്ദിയുള്ളവനാണ്. ഞാനും രണ്ടു പേരും കൂടെ 13x 8 അടിയുള്ള ഒരു സെല്ലിലാണിപ്പോൾ. ചെറിയ ഒരു ഇന്ത്യൻ കക്കൂസും ഇതിലുണ്ട്. ഭാഗ്യവശാൽ, എനിക്ക് ഒരു യൂറോപ്യൻ കസേര കിട്ടി.
വരവര റാവുവും, വെർനൺ ഗോൺസാൽവസും, അരുൺ ഫെരേരയും മറ്റൊരു സെല്ലിലുണ്ട്. പകലിൽ സെല്ലുകളും ബാരക്കുകളും തുറക്കുന്ന വേളകളിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.
വൈകുന്നേരം 5.30 മുതൽ കാലത്ത് 6.00 വരെയും ഉച്ചയ്ക്ക് 12 മുതൽ 3.00 വരെയും ഈ സെല്ലിൽ രണ്ടുപേരോടും കൂടെ എന്നെ പൂട്ടിയിടും. പ്രാതലും ഉച്ചഭക്ഷണവും കഴിക്കാൻ അരുണാണ് എന്നെ സഹായിക്കുന്നത്, കുളിക്കാൻ വെർണോണും. അത്താഴത്തിനും ഇരുവരും എന്റെ കൂടെയുണ്ട്. കൂടാതെ എന്റെ വസ്ത്രങ്ങൾ അലക്കിയും എന്റെ കാൽമുട്ടുകൾ തിരുമ്മിയും അവർ എന്നെ സഹായിക്കുന്നു . ദരിദ്ര കുടുംബങ്ങളാണ് ഇരുവരുടേതും. ദയവായി എന്റെ അന്തേവാസികളെയും സഹപ്രവർത്തകരെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക., വൈരുധ്യങ്ങൾക്ക് അതീതമായി മനുഷ്യത്വം നുരഞ്ഞുയരുന്നുണ്ട് തലോജാ ജയിലിൽ
ഐക്യദാർഢ്യത്തോടെ, സ്റ്റാൻ

പ്രിയ സുഹൃത്തുക്കളെ,
എനിക്കും കൂടെ കുറ്റാരോപിതരായവർക്കും ഇത്രയേറെ പേർ പിന്തുണ നൽകുന്നതിന് ഒരുപാട് നന്ദി. എനിക്ക് ഏറെ നന്ദിയുണ്ട്. ജയിൽ ഭരണകൂടം പ്രാതലും, ചായയും, പാലും, ഉച്ചഭക്ഷണവും അത്താഴവും നൽകുന്നുണ്ട്. കഴിക്കാനുള്ളവ വേറെ വേണമെങ്കിൽ മാസത്തിൽ രണ്ടുതവണ ജയിൽ കാന്റീനിൽ നിന്നു വാങ്ങിക്കാം. കൂടാതെ, പത്രങ്ങളും ടോയ്‌ലറ്ററികളും പലചരക്കുകളും മറ്റ് അവശ്യവസ്തുക്കളും ജയിൽ കാന്റീനിലൂടെ വാങ്ങാം. എന്റെ ആവശ്യങ്ങൾ പരിമിതമാണ്. ആദിവാസികളും സൊസൈറ്റി ഓഫ് ജീസസും ലളിത ജീവിതം നയിക്കാൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
ചായയും വെള്ളവും കുടിക്കാൻ ഞാൻ ഒരു ‘സിപ്പർ-ടംബ്ലർ’ (സ്ട്രോയുള്ള ടംബ്ലർ) കൊണ്ടുവന്നിരുന്നു. എന്നാൽ, ഒക്ക്ടോബർ 9 ന് ജയിൽ പ്രവേശിക്കുമ്പോൾ കവാടത്തിൽ അവ പിടിച്ചുവെച്ചു. ഇപ്പോൾ, ഞാൻ ഒരു ബേബി-സിപ്പർ മഗ് ഉപയോഗിക്കുന്നു. ജയിൽ ആശുപത്രി വഴി വാങ്ങിയതാണിത്. നമ്മുടെ അഭിഭാഷകരെ ഈ ആവശ്യം ഞാൻ അറിയിച്ചിട്ടുണ്ട്. സിപ്പർ-ടംബ്ലർ കിട്ടാനായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.
വരവര റാവു വളരെ ക്ഷീണിതനാണ്. ദയവായി അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക. പാവപ്പെട്ട തടവുകാരുടെ ജീവിത കഥകൾ കേൾക്കലാണ് തലോജയിലെ എന്റെ സന്തോഷം. അവരുടെ വേദനകളിലും ചിരികളിലും ഞാൻ ദൈവത്തെ കാണുന്നു.
ആശംസകളോടെ, സ്റ്റാൻ

പ്രിയ സുഹൃത്തുക്കളെ,
എന്റെ ക്ഷേമത്തിനായുള്ള നിങ്ങളുടെ അകമഴിഞ്ഞ ശ്രദ്ധയ്ക്ക് നന്ദി. ഈയിടെ, ജയിൽ അധികൃതർ വളരെ പരിഗണനയുള്ളവരായിരുന്നു. ഈയിടെ, വെള്ളം കുടിക്കാനും ചായ കുടിക്കാനും ഞാൻ ഉപയോഗിച്ചിരുന്ന സിപ്പർ എനിക്കു നൽകി. ഒക്‌ടോബർ എട്ടിന് എന്നെ എൻ.ഐ.എ കൊണ്ടുപോയപ്പോൾ എന്നോട് പറഞ്ഞിരുന്നത് റാഞ്ചിയിലെ എൻ.ഐ.എ ക്യാമ്പ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ കണ്ട് അഞ്ച് ആറ് ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ്.
ഉദ്യോഗസ്ഥരുടെ വാക്കുകൾ വിശ്വസിച്ചു. ഒന്നും തന്നെ കൂടെ എടുക്കാതെ ഞാൻ അവരുടെ കൂടെ പോയി. എൻ.ഐ.എ ക്യാമ്പ് ഓഫീസിൽ എത്തിയപ്പോൾ എന്നെ അറസ്റ്റ് ചെയ്തു എന്ന് എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടില്ല. അവരോട് ചെയ്യാൻ പറഞ്ഞതുപോലെ ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്തു. പിന്നീട് രാത്രി 11 മണിയോടെ എൻ.ഐ.എ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം, എന്റെ ജെസ്യൂട്ട് സഹകാരികൾ ഒരു ബാഗ് കൊണ്ടുവന്ന് എനിക്ക് കൈമാറി. ഈ ബാഗിൽ വസ്ത്രങ്ങളും, എവർ സിൽവറിന്റെ സിപ്പറും( സ്ട്രോയുള്ള ടംബ്ലർ), മരുന്നുകളും, കുറച്ച് പണവും ഒറിജിനൽ വോട്ടർ ഐ.ഡി കാർഡുള്ള എന്റെ പേഴ്സും ഉണ്ടായിരുന്നു. ഈ ബാഗുമായി ഞാൻ മുംബൈയിലേക്ക് പോയി. എന്നെ തലോജ ജയിലിലേക്ക് കൊണ്ടുപോയപ്പോൾ ബാഗ് എനിക്ക് തന്നില്ല. ബാഗ് എൻ.ഐ.എയുടെ പക്കലോ ജയിൽ അധികാരികളുടെ കയ്യിലോ ആയിരിക്കാം, സുരക്ഷിതമായി.
സുഹൃത്തുക്കളേ, നമ്മൾ ആഗമന കാലത്താണ്. നാം ക്രിസ്തുമസിലേക്ക് അടുക്കുമ്പോൾ, ഈ വർഷം തലോജ ജയിലിൽ യേശു ജനിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ആശംസകളോടെ, സ്റ്റാൻ

കവിതകൾ
(സ്വതന്ത്ര പരിഭാഷ)
ജയിൽ ജീവിതം
ഭയപ്പെടുത്തുന്ന ജയിൽ കവാടത്തിനകത്ത്
എന്റേതായവയെല്ലാം കവർന്നു
അത്യാവശ്യങ്ങൾക്കെന്നാൽ
‘നീ’യാദ്യം വരുന്നു
പിന്നെ ‘ഞാൻ’ വരുന്നു
‘നമ്മൾ’ ആണ് ഒരാൾ
ശ്വസിക്കുന്ന വായു
ഒന്നും എന്റേതല്ല
ഒന്നും നിന്റേതുമല്ല
എല്ലാം നമ്മുടേതാണ്
അവശേഷിക്കുന്ന അന്നം
വലിച്ചെറിയപ്പെടുന്നില്ല
എല്ലാം പങ്കുവെക്കുന്നു
ആകാശത്തിലെ പക്ഷികൾക്ക്
അകത്തേക്കു പറന്നെത്തുന്നവർ
അവയ്ക്കുള്ളത് ആഹരിക്കുന്നു
നിറവോടെ പറക്കുന്നു പുറത്തേക്ക്
യുവത്വത്തിന്റെ മുഖങ്ങൾ
ഏറെ കാണുന്നതു വിഷമം
അവരോട് ചോദിച്ചു
എന്താ നിങ്ങൾ ഇവിടെ
അവരെല്ലാം പറഞ്ഞു
വാക്കുകളൊന്നും ഉച്ചരിക്കാതെ
ഓരോന്നും ശേഷിക്കുന്നതിൽ
ഓരോരുത്തർക്കും
ആവശ്യാനുസരണം, അതാണ്
സോഷ്യലിസമെന്നാൽ
ഓഹ്, വേറെ വഴിയില്ലാതെ
എഴുതപ്പെട്ടതാണീ
സമത്വസിദ്ധാന്തം
ഓരോ മനുഷ്യനുമിത്
സ്വയം സ്വീകരിച്ചിരുന്നുങ്കിൽ
ഓരോ മനുഷ്യനുമീ മണ്ണിന്റെ
മക്കളായിരുന്നേനെ.
വെളിച്ചം, പ്രതീക്ഷ, സ്നേഹം –
പുതിയ നിയമം
ഇരുട്ടിനെ കീഴടക്കുന്നു വെളിച്ചം
നിരാശയ്ക്കു പകരംവെക്കുന്നു പ്രത്യാശ
വെറുപ്പിന്മേൽ വിജയം നേടുന്നു സ്നേഹം
യേശുവിന്റെ സന്ദേശം ഉയിർത്തെഴുന്നേറ്റു
ഇരുട്ടും നിരാശയും എനിക്കുമേൽ വന്നിറങ്ങി
കീഴ്ക്കോടതിൽ ഞാൻ കൂട്ടുകുറ്റവാളിയാക്കപ്പെട്ടു
ഭരണകൂടത്തിനെതിരായ പോരാട്ടം
ജാമ്യമർഹിക്കുന്നില്ല
എന്തായിരുന്നു തെളിവ്
എന്റെ കമ്പ്യൂട്ടറിൽ നട്ടുപിടിപ്പിച്ച രേഖകൾ
എനിക്കുള്ളതെന്നു കരുതപ്പെടുന്നവ
എന്തെന്ന് എനിക്ക് അറിവില്ലാത്തവ
എന്റെ കൂട്ടു പ്രതികളായ സഹപ്രവർത്തകർ
ആരോപണങ്ങളൊന്നും പുതിയതല്ലയെന്ന്
എനിക്കുറപ്പേകി, ആരോപിതരാണവരും
അവരുടെ കൂട്ടുകെട്ടിൽ
ഞാൻ ആശ്വസിച്ചു
പോരാടും ഞങ്ങളെന്നാൽ
ഒടുങ്ങും വരേയ്ക്കും
സ്വയം സംരക്ഷിക്കാൻ
വേണ്ടി മാത്രമല്ല
അധികാരത്തോട് സത്യം പറയാൻ
ഓരോ നിമിഷവും എണ്ണിക്കൊണ്ട്
നിങ്ങൾ ഓരോരുത്തരും
ഞങ്ങളോടൊത്തുണ്ട്
മനസ്സിലും ഹൃദയത്തിലും.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
