കൊടും ചൂടിലെ തമാങ്: ലോകകപ്പിലെ തൊഴിലാളി ജീവിതം

പരിഭാഷ: മൃദുല ഭവാനി

2022 ലെ ലോകകപ്പിന് ആതിഥേയർ ഖത്തർ ആയിരിക്കുമെന്ന വാർത്ത വന്ന് അധികം വെെകാതെ തന്നെ സുരേന്ദ്ര തമാങ് അങ്ങോട്ടുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ദോഹയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനും അനുബന്ധ സംവിധാനങ്ങളുടെ നിർമ്മാണത്തിനുമായി ഖത്തർ നേപ്പാളി തൊഴിലാളികളെ ജോലിക്കെടുക്കുന്നതായി സുരേന്ദ്ര തമാങ് അറിഞ്ഞിരുന്നു. 2015ൽ റിക്രൂട്മെന്റ് ഏജൻസിയുടെ ഫീസിനായി ലോണെടുത്ത് നിർമ്മാണ മേഖലയിലെ ജോലിക്കായി അപേക്ഷിച്ചു. ലോകകപ്പ് തുടങ്ങുന്നതുവരെ ജോലി ചെയ്യുകയും വീട്ടിലേക്ക് പണമയക്കുകയും അതോടൊപ്പം ലോകകപ്പ് കാണാനുള്ള ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം എന്നായിരുന്നു സുരേന്ദ്ര തമാങിന്റെ കണക്കുകൂട്ടൽ. അത്യാവശ്യം പണം സമ്പാദിച്ച് (തന്റെ അയൽക്കാരേക്കാൾ അൽപ്പം കൂടി ധനികനായി), പ്രിയപ്പെട്ട ഫുട്ബോളറായ ലയണൽ മെസ്സിയുടെ ചിത്രമുള്ള വേൾഡ് കപ് ടീ ഷർട് ധരിച്ചുകൊണ്ട് മാത്രമേ വീട്ടിലേക്ക് മടങ്ങൂ എന്നുറപ്പിച്ചു.

എന്നാൽ 2021 ഒക്ടോബറില്‍ രോഗബാധിതനായ തമാങ് വീട്ടിലേക്ക്
തിരിച്ചയക്കപ്പെട്ടു. നേരെ നില്‍ക്കാന്‍ പോലുമാകാത്ത രോഗാവസ്ഥയെ
ഗാസ്‌ട്രൈറ്റിസ് എന്ന അതിതീവ്രമായ ദഹനപ്രശ്‌നമായി തമാങ്ങിന്റെ തൊഴില്‍ദാതാവ് വിലയിരുത്തി. അവിടെ നിലനിന്ന തൊഴില്‍ സാഹചര്യങ്ങളുടെ
പ്രശ്‌നവുമായി അതിനൊരു ബന്ധവുമില്ല എന്ന് അവകാശപ്പെട്ടു. കഠിനമായ വേദനയോടെ കാഠ്ണ്ഡുവിലെ ഒരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും
തമാങ്ങിന്റെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. കൊടുംചൂടില്‍ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്തതിനാല്‍ സംഭവിച്ചതാണ് ഇത് എന്നാണ് തമാങ്ങിന്റെ ഡോക്ടര്‍ പറയുന്നത്. “എനിക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു”, നേപ്പാളിലെ നാഷണല്‍ കിഡ്‌നി സെന്ററിലെ ഡയാലിസിസ് ക്ലിനിക്കില്‍ നിന്ന് തമാങ് പറഞ്ഞു. 31 വയസുള്ള തമാങ്ങിന് വൃക്ക നല്‍കാന്‍ ആരെങ്കിലും എത്തുമെന്ന സാധ്യതകളില്ല, ജീവിതകാലം മുഴുവന്‍ ഇനി ഡയാലിസിലൂടെ മുന്നോട്ടുപോകണം.

സുരേന്ദ്ര തമാങ് നേപ്പാളിലെ നാഷണല്‍ കിഡ്‌നി സെന്ററിലെ ഡയാലിസിസ് ക്ലിനിക്കില്‍

ലോകകപ്പിനായി പ്രത്യേകം നിര്‍മ്മിച്ച സ്റ്റേഡിയങ്ങളില്‍ ഓരോ നാല് വര്‍ഷത്തിലും നാല് ആഴ്ചകളിലായി ആരാധകര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. ഔട്ട്‌ഡോര്‍
എയര്‍കണ്ടീഷനിങ്, റീട്രാക്റ്റബ്ള്‍ റൂഫ് പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ക്കായി 200 ബില്യണ്‍ ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്. ഈ സാഹചര്യം ഭാവിയെക്കുറിച്ചുള്ള മറ്റൊരു സൂചന കൂടിയാണ് നമുക്കു മുന്നിലെത്തിക്കുന്നത്. ഏഷ്യയെയും യൂറോപ്പിനെയും നോര്‍ത്ത് അമേരിക്കയെയും ഈ വേനലില്‍ എരിയിച്ച, മുമ്പൊന്നുമില്ലാത്ത തരം താപതരംഗങ്ങള്‍ അസാധാരണ സംഭവങ്ങളല്ലെന്നും കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പുതിയ പതിവുകളാണെന്നുമുള്ള വസ്തുത. ഇങ്ങനെ ഉയരുന്ന താപനില തൊഴിലിന്റെ ഭാവിയെ മാറ്റിമറിക്കും. കൂടുന്ന താപനില ലോകമെങ്ങുമുള്ള തൊഴില്‍ ചെയ്യുന്ന മനുഷ്യരുടെ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കും.

ഈ വര്‍ഷം നവംബര്‍ 20നാണ് ലോകകപ്പ് തുടങ്ങുന്നത്, പതിവായി തുടങ്ങുന്നതിനും അഞ്ച് മാസങ്ങള്‍ കഴിഞ്ഞ്. കൊടും ചൂടില്‍ നിന്നും രക്ഷനേടാനാണ് സമയം മാറ്റിയത്. പക്ഷേ ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ പത്തുവര്‍ഷങ്ങളില്‍ കൂടുതല്‍ സമയമെടുത്തു. ഏത് സാഹചര്യത്തിലും തൊഴില്‍ ചെയ്യാന്‍ തയ്യാറാകുന്ന തൊഴിലാളികളുടെ ആഗോള ശൃംഖലയാണ് ഖത്തര്‍ ഇതിനായി തെരഞ്ഞെടുത്തത്. ഖത്തറിലെ രണ്ട് മില്യണ്‍ വരുന്ന വിദേശ തൊഴിലാളികളില്‍ (ജനസംഖ്യയുടെ മൂന്നില്‍ രണ്ട്) ഭൂരിഭാഗവും നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ അവരില്‍ നിരവധി തൊഴിലാളികള്‍ മരണപ്പെട്ടു, പലരും മോശം തൊഴില്‍ സാഹചര്യങ്ങളും കൊടുംചൂടും കാരണമാണ് മരിച്ചത്.

ദോഹയിലെ പ്രതിദിന ഉയർന്ന താപനില 12 വർഷം മുമ്പ് ലോകകപ്പ് പ്രഖ്യാപിച്ച സമയത്തേക്കാൾ ശരാശരി 1.4°F (42 ഡി​ഗ്രി സെൽഷ്യസ്) കൂടുതലാണ് വേനൽകാലത്ത്. ഭൂമിയില്‍ അതിവേഗം ചൂടുകൂടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മിഡില്‍ ഈസ്റ്റ്. ലോകത്തിലെ മറ്റ് പ്രദേശങ്ങളും ഒട്ടും പിന്നിലല്ല. 2100 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലും ആരോഗ്യവും തണലും ധാരാളം കുടിവെള്ളവുമുള്ള സാഹചര്യങ്ങളിൽ പോലും പുറത്തിറങ്ങിയാല്‍ അതിജീവനം പ്രയാസമാകുമെന്ന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച 2020ലെ ഒരു പഠനം പറയുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തന്നെ അസാധ്യമായിരിക്കും.

ഖത്തറിലെ തൊഴിലാളികൾ

സമീപകാലത്ത് ഖത്തറില്‍ തൊഴിലാളികള്‍ അതിതീവ്ര താപനിലയില്‍ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ട‌്. എന്നാൽ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നിരവധി തൊഴിലാളികള്‍ സുരക്ഷിതരായിരുന്നില്ല എന്ന വസ്തുത രാജ്യത്തിന്റെ പാരമ്പര്യത്തിന് കളങ്കമായി തുടരും. ഇത് തിരിച്ചറിയലിനുള്ള ഒരു അവസരം കൂടിയാണ്. കാലാവസ്ഥാ വ്യതിയാന കാലത്ത് എങ്ങനെ മുന്നേറണം, എന്തെല്ലാം പാടില്ല എന്നതിനെ അടിസ്ഥാനമാക്കി, ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ തൊഴില്‍ ചട്ട ഭേദഗതികളും ഖത്തറിനെ ലോകമാതൃകയാണ്. താപ വർദ്ധനവ് ആഗോള ഉത്പാദന ക്ഷമതയെ തന്നെ ബാധിക്കുമെന്നാണ് യു.എന്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2030ഓടുകൂടി താപനില കാരണമുള്ള സമ്മര്‍ദ്ദം 80 മില്യണ്‍ മുഴുസമയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് ഐ.എല്‍.ഒ കണക്കുകൂട്ടുന്നത്. ഈ അടുത്തുണ്ടായ താപതരംഗങ്ങള്‍ തന്നെ അപകടകരമായ താപനിലയില്‍ ജോലി ചെയ്യേണ്ടിവരുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ക്യാമ്പയ്നുകളെ ഊര്‍ജിതമാക്കിയിട്ടുണ്ട്. ലേബര്‍ ആക്റ്റിവിസ്റ്റുകളും സര്‍ക്കാര്‍ സംവിധാനങ്ങളും പുറംതൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി ശക്തമായ നിയന്ത്രണങ്ങള്‍ക്കായും നിയമങ്ങള്‍ക്കായും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നവര്‍, വിളവെടുക്കുന്നവര്‍, തെരുവുകള്‍ വൃത്തിയാക്കുന്നവര്‍ എല്ലാം ഇതില്‍ ഉൾപ്പെടും.

2015ല്‍ വസന്തകാലത്തിന്റെ അവസാനമാണ് സുരേന്ദ്ര തമാങ് ഖത്തറിലെത്തിയത്. ഗള്‍ഫില്‍ നിന്ന് ഈയടുത്തായി മടങ്ങിയെത്തിയ നിരവധി സുഹൃത്തുക്കളില്‍ നിന്നും കേട്ട വിവരണങ്ങൾ ദോഹയിലെ ചൂളയില്‍ നിന്നുള്ളതുപോലുള്ള താപനിലയിൽ ജോലി ചെയ്യുന്നതിൽ നിന്നും തമാങിനെ പിന്തിരിപ്പിച്ചില്ല. ദോഹ ഒയാസിസ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍- ഡൗണ്‍ടൗണ്‍ ദോഹയിലെ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സ് ആയിരുന്നു ആറു വര്‍ഷമായി തമാങിന്റെ തൊഴിലിടം. സ്‌കാഫോള്‍ഡിങ്-തറനിരപ്പില്‍നിന്ന് ഉയരത്തിലേക്കുള്ള നിര്‍മാണ പ്രവൃത്തികളില്‍ തൊഴിലാളികള്‍ക്ക് നിന്ന് ജോലിചെയ്യാനുള്ള സമാന്തര സംവിധാനം- അതിലാണ് തമാങ് ജോലി ചെയ്തത്. സ്‌കഫോള്‍ഡില്‍ സുരക്ഷിതമായി നില്‍ക്കാന്‍ ഭാരമുള്ള ബെൽറ്റുകൾ കൊണ്ടുള്ള ഹാര്‍ണസ്, തൊപ്പി എന്നിവയാണ് തൊഴിലാളികള്‍ ധരിക്കുക. ശരീരം മുഴുവന്‍ വിയര്‍പ്പുചാലുകളൊഴുക്കിയ തൊഴിലാണ് തമാങ് ചെയ്തത്. 44 ഡി​ഗ്രി സെല്‍ഷ്യസില്‍ വേനല്‍ അതിന്റെ തീവ്രതയിലായിരുന്നപ്പോള്‍ തമാങും സഹപ്രവര്‍ത്തകരും ഉച്ച നേരത്ത് ഭക്ഷണസമയത്ത് മാത്രമാണ് കുറച്ചു മണിക്കൂറുകള്‍ വിശ്രമിച്ചിരുന്നത്. വര്‍ഷം കഴിയുംതോറും മൂക്കില്‍നിന്നുള്ള ചോരയൊലിക്കലും തലവേദനയും പേശീവേദനയും ഛര്‍ദ്ദിയും തമാങിന് പതിവായിമാറി. ഖത്തറിലെ വേനല്‍ക്കാലമായ മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഇത് തുടര്‍ച്ചയായി അനുഭവിച്ചു. കൂടെ ജോലി ചെയ്യുന്നവര്‍ പലരും ചൂടേറ്റുള്ള ക്ഷീണത്താല്‍ ബോധംകെട്ടു വീഴുന്നത് പല തവണ കണ്ടു. തമാങും പലപ്പോഴും ബോധംകെട്ടു വീണു. തമാങിന്റെ തൊഴിലുടമ റെഡ്‌കോ കണ്‍സ്ട്രക്ഷന്‍ അല്‍ മന, ദോഹ ഒയാസിസ് എന്നിവരെ ടൈം പ്രതിനിധി ബന്ധപ്പെട്ടെങ്കിലും അവരുടെ പ്രതികരണങ്ങള്‍ ലഭിച്ചില്ല.

ദോഹയിൽ പണിതുയർത്തിയ പുതിയ കെട്ടിടങ്ങൾ

ഖത്തറിലെ വേനലുകള്‍ ചൂടേറിയത് മാത്രമല്ല, ഈർപ്പമുള്ളതും ആയിരിക്കും. അതൊരു അപകടകരമായ അവസ്ഥയാണ്. താപനിലയുമായി പൊരുത്തപ്പെടാന്‍ ഒരു മനുഷ്യശരീരത്തിന് കഴിയുക അതിന് വിയര്‍ക്കാന്‍ കൂടിയുള്ള സാഹചര്യം ഉണ്ടാകുമ്പോളാണ്. ഈര്‍പ്പം കൂടുതലാകുമ്പോള്‍ വിയര്‍പ്പ് ഉണ്ടാകുന്നത് കുറയുകയും ശരീര താപനിലയിലുള്ള വര്‍ദ്ധനവിലൂടെ അത് പതുക്കെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയുമാണ് ചെയ്യുക. wet-bulb globe temperature, അഥവാ WBGT എന്ന സൂചികയാണ് താപത്തിന്റെയും ഈര്‍പ്പത്തിന്റെയും ആഘാതം ഏതു തരത്തിലാണ് ഉണ്ടാകുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. 1950കളില്‍ യു.എസ് മറൈന്‍സ് ആണ് ഈ രീതി രൂപപ്പെടുത്തിയത്. താപനില, ഈര്‍പ്പനില, സോളാര്‍ റേഡിയേഷന്‍ അളവുകള്‍ എന്നിവയാണ് താപനിലയായി പറയുന്ന ഒരു സംഖ്യയില്‍ അടങ്ങിയിരിക്കുന്നത്. 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള wet-bulb globe temperature അതിജീവന സാധ്യതയെ പ്രതിസന്ധിയിലാക്കുന്ന താപനിലയായിട്ടാണ് കണക്കാക്കുന്നത്. 32.5 ഡിഗ്രി സെല്‍ഷ്യസ് താപനില പരിക്കേല്‍ക്കാവുന്ന റെഡ്‌ലൈന്‍ ആണ്.

2018 ല്‍ വേനല്‍ക്കാലത്ത് ഖത്തര്‍ രാവിലെ 11.30 നും 3.00 മണിക്കും ഇടയിലുള്ള പുറം ജോലികള്‍ നിരോധിച്ചിരുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഇതുപ്രകാരം ജോലികളെ പുലര്‍ച്ചെ സമയത്തായും വൈകുന്നേരം തുടങ്ങുന്ന ഷിഫ്റ്റുകളായു ക്രമീകരിച്ചു. തമാങ്ങിന് കിട്ടിയത് പുലര്‍ച്ചെയുള്ള ഷിഫ്റ്റാണ്. രാവിലെ നാലുമണിക്ക് ഉണരും. കമ്പനി നടത്തുന്ന വര്‍ക്കേഴ്‌സ് കോളനിയില്‍ പ്രാതൽ കഴിച്ചശേഷം ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കും. പല കരാറുകാരുടെതായി 70,000 തൊഴിലാളികള്‍ താമസിക്കുന്നത് ഇവിടെയാണ്. അവര്‍ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ഒഴിവുസമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലം. ഒന്നരമണിക്കൂര്‍ ദൂരത്തുള്ള സൈറ്റിലേക്ക് ഷട്ടില്‍ ബസ്സിലാണ് പോകുക. ഈ സമയക്രമീകരണവും ഒരു തരത്തിലും തമാങ്ങിനെ സഹായിച്ചില്ല, അന്തരീക്ഷ ഊഷ്മാവ് കുറവായിരിക്കും. രാവിലെകളില്‍ തണുപ്പ് 70 ശതമാനത്തില്‍ അധികമായിരുന്നു. തമാങ്ങിന്റെ തൊഴില്‍സ്ഥലത്തെ താപനിലയില്‍ കടുത്ത ശാരീരിക അധ്വാനമുള്ളതും അപകടകരവുമായിരുന്നു. പല സഹപ്രവര്‍ത്തകരെയും പോലെ തമാങ്ങും തലവേദനയിലൂടെയും ബോധം മങ്ങലിലൂടെയും മുന്നോട്ടുപോയി. ജോലിക്കിടയില്‍ കൂടുതല്‍ വിശ്രമിച്ചാല്‍, തൊഴിലുടമ നേപ്പാളിലേക്ക് തിരിച്ചയക്കുമെന്ന ഭയം തമാങ്ങിനുണ്ടായിരുന്നു. വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയുമ്പോഴും തണുത്ത ഒരു കുപ്പി വെള്ളത്തിന്റെ വില ഒരു കുപ്പി കൊക്കക്കോളയുടെ അത്രയും ഉള്ളതിനാല്‍ സോഡ കുടിച്ചു. സ്‌കാഫോള്‍ഡിങ് ചെയ്തുകൊണ്ടിരിക്കേ, ടോയ്‌ലറ്റിലേക്ക് ഇറങ്ങിപ്പോകേണ്ടത് ഒഴിവാക്കാന്‍ തമാങ് വെള്ളം കുടിക്കാതെയായി. അധികം വൈകാതെ, ബോധംമങ്ങലും ഛര്‍ദ്ദിക്കാനുള്ള തോന്നലും ശരീരപേശികളില്‍ അനുഭവിച്ച ബലക്കുറവും ക്ഷീണവും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഡോക്ടറെ കണ്ടപ്പോള്‍ ഗാസ്‌ട്രൈറ്റിസിനുള്ള മരുന്ന് നല്‍കി, മസാല ചേർത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. എന്നിട്ടും രോഗാവസ്ഥകള്‍ തുടര്‍ന്നു, കമ്പനി തമാങ്ങിനെ എയര്‍കണ്ടീഷനിങ് ഉള്ള ഓഫീസിലെ ഡസ്‌ക് ജോലിയിലേക്ക് മാറ്റി. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. തുടര്‍ന്നുള്ള കാഴ്ചകളില്‍ ഡോക്ടര്‍മാര്‍ രക്തസമ്മര്‍ദ്ദത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോഴും വൃക്കകള്‍ പരിശോധിക്കാന്‍ ആരും തയ്യാറായിരുന്നില്ല. വിശ്രമിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ രണ്ടാഴ്ചത്തേക്ക് (വേതനം നല്‍കാത്ത) അവധി നല്‍കി തൊഴിലുടമ തമാങ്ങിനെ ഡോര്‍മെട്രിയിലേക്ക് അയച്ചു. രണ്ടാഴ്ചക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാതായപ്പോള്‍ കരാര്‍ അവസാനിപ്പിച്ച് നേപ്പാളിലേക്ക് തിരിച്ചയച്ചു. തമാങ് 400ഡോളര്‍ മാസശമ്പളം വീട്ടിലേക്ക് അയച്ചുവന്നിരുന്നു, ഓരോ വര്‍ഷവും നേപ്പാളിലേക്ക് കുടിയേറ്റ തൊഴിലാളികളില്‍ നിന്നെത്തുന്ന 10 ബില്യണ്‍ ഡോളറിന്റെ ഭാഗമായിരുന്നു തമാങ്ങിന്റെ ആ ശമ്പളം. രാജ്യത്തിന്റെ ജിഡിപിയുടെ മുക്കാല്‍ ഭാഗം ഈ വരുമാനമാണ്. തമാങ് ഉള്‍പ്പെടുന്ന കാര്‍ഷിക വിഭാഗങ്ങള്‍ക്ക്, കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിലും വരള്‍ച്ചകളിലും പിടിച്ചുനില്‍ക്കാന്‍ ഈ വരുമാനം സഹായകമാകാറുണ്ട്.

നേപ്പാളും ഖത്തറും

സൗത്ത് നേപ്പാളി ഗ്രാമമായ നഗരെയ്‌നില്‍ നിന്ന് 2022 ജൂണില്‍ ഇന്ദ്രജിത് മണ്ഡല്‍ എന്ന, 22 വയസ്സുള്ള നെൽ കര്‍ഷകന്‍ ഖത്തറില്‍ ജോലി ലഭിക്കാനായി ഒരു റിക്രൂട്ടര്‍ക്ക് 1,200 ഡോളര്‍ (1,54,945.20 രൂപ നേപ്പാളി കറന്‍സി) നല്‍കി (നേപ്പാള്‍ നിയമപ്രകാരം വിദേശ തൊഴില്‍ കരാറുകള്‍ക്കായി റിക്രൂട്ട്‌മെന്റ് ഫീസ് എന്നത് നിയമവിരുദ്ധമാണ്. ചെറിയ കമ്മീഷന്‍ മാത്രമാണ് വാങ്ങിയത് എന്നാണ് റിക്രൂട്ടറുടെ വാദം).”ഖത്തറില്‍ നിന്നും എല്ലാവരും മടങ്ങിവരുന്നത് വൃക്കരോഗവും ഹൃദയാഘാതവുമായാണ്”, ഇന്ദ്രജിത് പറയുന്നു.

“പക്ഷേ മറ്റു സാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കിത് തെരഞ്ഞെടുക്കേണ്ടിവരുന്നു.” ഇന്ദ്രജിത്തിന്റെ അമ്മാവന്‍ കൃപാല്‍ മണ്ഡല്‍ ഖത്തറില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നാല്‍പതുകാരനായ, 12 വര്‍ഷം ഖത്തറില്‍ ജോലിചെയ്ത കൃപാല്‍ ഈ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊടും ചൂടില്‍ ജോലി ചെയ്യേണ്ടിവന്നതുതന്നെയാകും ഹൃദയാഘാതത്തിന് കാരണം എന്ന് ഇന്ദ്രജിത് കരുതുന്നു. ഖത്തറില്‍ തൊഴില്‍ ചെയ്തിരുന്ന തൊഴിലാളികളുടെ മരണ സര്‍ട്ടിഫിക്കറ്റുകളില്‍ മരണകാരണമായി കൊടുത്തിരിക്കുന്നത് ഹൃദയാഘാതം എന്നാണ്. തൊഴില്‍ സംബന്ധമായല്ല മരണമുണ്ടായത് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം, മരിച്ച മിക്കവാറും തൊഴിലാളികളും ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമാണ് എന്നതാണ്. മാത്രമല്ല ഖത്തറില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ തൊഴിലാളികൾക്കും ‘ഫിറ്റ് ഫോര്‍ വര്‍ക്’ എന്ന ആരോഗ്യ സ്‌ക്രീനിങും നടത്തുന്നുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഹൃദ് രോഗം മരണകാരണമായി കൂടിവരുന്നുണ്ട് എങ്കില്‍ മറ്റെന്തോ ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

2019 ല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം 2009 മുതല്‍ 2017 വരെ ഖത്തറിലുണ്ടായ 1300 നേപ്പാളി കുടിയേറ്റ തൊഴിലാളികളുടെ മരണം പരിശോധിച്ചു. മരണ സര്‍ട്ടിഫിക്കറ്റില്‍ ഇവയില്‍ പകുതിയോളവും ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണമാണ്. ഇവരുടെ പ്രായപരിധിയിലുള്ള പുരുഷന്മാര്‍ക്കിടയിലുള്ളതിനേക്കാള്‍ 15 ശതമാനം അധികമാണ് മരണനിരക്ക്. ശൈത്യകാലങ്ങളില്‍ ഹൃദയാഘാതം കാരണമുള്ള മരണത്തില്‍ 22 ശതമാനം കുറവുണ്ടായതായും കാണുന്നു. വേനല്‍ക്കാലത്ത് ഇത് 58 ശതമാനം ആയി കൂടി. WetBulb Globe Temperature പ്രകാരം 31 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയർന്നപ്പോഴാണ് 200 തൊഴിലാളികള്‍ മരണപ്പെട്ടത് എന്നതില്‍ നിന്നും മനസ്സിലാക്കുന്നത് ഇവര്‍ തൊഴിലിനിടെയുള്ള താപ ആഘാതം കാരണം മരിച്ചതാണ് എന്നാണ്. തൊഴിലുമായി ബന്ധപ്പെട്ടു നടക്കുന്ന മരണങ്ങളില്‍ മാത്രമേ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ എന്നാണ് ഖത്തറിന്റെ തൊഴില്‍ നിയമം. തൊഴില്‍ സ്ഥലത്തുവെച്ച് നടക്കുന്ന മരണങ്ങള്‍ എന്നാണ് അതിനര്‍ത്ഥം. കൃപാലിന് സംഭവിച്ചതുപോലെ, ഒരു തൊഴിലാളി താമസസ്ഥലത്തുവെച്ചാണ് മരിക്കുന്നതെങ്കില്‍ അയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ല. തീവ്രമായ നിര്‍ജലീകരണം സംഭവിക്കുന്നുണ്ടെങ്കില്‍ ചെറിയ അളവിലുള്ള താപ ആഘാതം പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

25 വര്‍ഷങ്ങള്‍ക്കുമുമ്പ് നെഫ്രോളജിസ്റ്റ് ഡോ. റിഷി കുമാര്‍ കഫ്‌ലേ കാഠ്മണ്ഡുവിൽ നാഷണല്‍ കിഡ്‌നി സെന്റര്‍ തുറന്നപ്പോള്‍ പ്രമേഹം, രക്താതി സമ്മർദ്ദം പോലുള്ള, പ്രായം കാരണമുള്ള രോഗങ്ങളുമായി വരുന്നവരെയാണ് മനസ്സില്‍ കണ്ടിരുന്നത്. പക്ഷേ വര്‍ഷം കഴിയുംതോറും ഡോ. റിഷി കുമാറിന്റെ രോഗികളുടെ എണ്ണം കൂടുകയും അവരുടെ ശരാശരി പ്രായത്തില്‍ കുറവുണ്ടാവുകയും ചെയ്തു. യുവാക്കളായ പല രോഗികളിലും ഒരു കാര്യം പൊതുവായിരുന്നു, വിദേശ ജോലി. ഇന്ന് ഡോക്ടറുടെ രോഗികളില്‍ 10 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. “ഗള്‍ഫില്‍നിന്നും മടങ്ങിവരുന്ന ഈ യുവാക്കള്‍ക്ക് ഡയബറ്റിസ് ഇല്ല, ഹൈപര്‍ടെന്‍ഷനും ഇല്ല. അവര്‍ക്ക് ആരോഗ്യമുണ്ട്. പക്ഷേ പെട്ടെന്ന് അവരുടെ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയാണ്. അതിനര്‍ത്ഥം ഈ യുവാക്കളെ രോഗികളാക്കുന്ന എന്തോ ഒന്ന് ഗള്‍ഫില്‍ ഉണ്ട് എന്നാണ്.” പല കാരണങ്ങളുണ്ട്, തുടര്‍ച്ചയായ നിര്‍ജലീകരണം, മോശം ഭക്ഷണരീതി, മാനസിക സമ്മര്‍ദ്ദം, കഠിനാധ്വാനത്തിന്റെ വേദനകള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ള വേദനസംഹാരികളുടെ അമിത ഉപയോഗം എന്നിവ ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അടിസ്ഥാന പ്രശ്‌നം ചൂട് തന്നെയാണ്. പരിഹാരം ലളിതമാണ്- വെള്ളം കുടിക്കുക, വിശ്രമ ഇടവേളകള്‍ ഉണ്ടായിരിക്കുക, സൂര്യനില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയുക. ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍ 2020ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, നികരാഗ്വേയിലെ കരിമ്പ് കര്‍ഷകര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത് തണലില്‍, വെള്ളം കുടിക്കാനുള്ള ഇടവേളകള്‍ ലഭ്യമാകുന്നത് വൃക്കയെ ബാധിക്കുന്ന രോഗങ്ങളില്‍ വലിയ കുറവുണ്ടാക്കുകയും ഉല്‍പാദനക്ഷമത കൂട്ടുകയും ചെയ്തിട്ടുണ്ട് എന്നാണ്. “വെള്ളം, വിശ്രമം, തണല്‍. പരിഹാരം ലളിതമാണ്.” പഠനം നടത്തിയവരില്‍ ഒരാളും ലാ ഐല നെറ്റ്വര്‍കിന്റെ ഡയറക്ടറുമായ ജേസണ്‍ ഗ്ലേസര്‍ പറയുന്നു. തൊഴില്‍ സുരക്ഷാ cപദ്ധതികളില്‍ പഠനം നടത്തുന്ന നോണ്‍ പ്രോഫിറ്റ് ഒക്യുപേഷണല്‍ ഹെല്‍ത്സംഘടനയാണ് ലാ ഐല നെറ്റ്വര്‍ക്.

ഖത്തറിലെ തൊഴിലാളികൾ

2011ല്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്ക്
ശേഷം ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍, രാജ്യത്തെ ചൂഷകമായ തൊഴില്‍ രീതികള്‍ കാരണം ഏകദേശം 4,000 കുടിയേറ്റ തൊഴിലാളികള്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പായി മരണപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ഒരു മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു. ഇന്ത്യ, നേപ്പാള്‍ എംബസികള്‍ പ്രസിദ്ധീകരിച്ച, 2012, 2013 വര്‍ഷങ്ങളില്‍ ഉണ്ടായ കുടിയേറ്റ തൊഴിലാളികളുടെ മരണസംഖ്യ അവലംബമാക്കിയാണ് ഈ കണക്ക്. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച് എന്നീ സംഘടനകളുടെ സമാനമായ റിപോര്‍ട്ടുകളും അടിസ്ഥാനമാക്കപ്പെട്ടു. വൃത്തിഹീനമായ ഡോര്‍മെട്രികളും തളര്‍ത്തുന്ന തൊഴില്‍സമയവും മുടങ്ങിയ വേതനവും അപകടകരമായ ആരോഗ്യസുരക്ഷാ രീതികളും ഈ റിപ്പോര്‍ട്ടുകളില്‍ വിവരിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍ ‘ദി ഗാര്‍ഡിയന്‍’ നടത്തിയ അന്വേഷണത്തില്‍ 6,500ല്‍ അധികം തൊഴിലാളികള്‍ ലോകകപ്പ് പ്രഖ്യാപനത്തിന് ശേഷം മരിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഫിഫയുടേതാണ് എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ലോകകപ്പിനും അപ്പുറത്താണ് ഖത്തറിലെ ബില്‍ഡിങ് ബൂം. 2020 ല്‍ 3,750ല്‍ കൂടുതല്‍ കെട്ടിട നിര്‍മ്മാണ പ്രൊജക്റ്റുകളാണ് പൂര്‍ത്തിയായത്. ആയിരക്കണക്കിന് പ്രൊജക്റ്റുകള്‍ ഇപ്പോഴും തുടരുന്നു. സെന്‍ട്രല്‍ ദോഹയ്ക്ക് അപ്പുറത്തുള്ള ഏകദേശം എല്ലാ ബ്ലോക്കിലും സ്‌കാഫോള്‍ഡ് ഉണ്ടാകും. ക്രെയ്‌നുകള്‍ അംബരചുംബികളായ കെട്ടിടങ്ങളോട് മത്സരിക്കുന്നതുപോലെ തോന്നും. അതിവേഗത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലോകകപ്പ് പ്രഖ്യാപിച്ചതോടുകൂടി കൂടുതലായി. ഈ നിര്‍മ്മാണ പ്രവൃത്തികൾ മുഴുവനും ലോകകപ്പിനായോ ആരാധകര്‍ക്കായോ ഉള്ളതല്ല. 2008ല്‍ ആരംഭിച്ച ഖത്തര്‍ നാഷണല്‍ വിഷന്‍, 2030 ഓടെ ഇന്ധന സമ്പന്നമായ രാജ്യത്തെ ഒരു ബിസിനസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബായി വികസിപ്പിക്കുന്നതിന് സർക്കാർ ഊന്നല്‍ നല്‍കി. രാജ്യത്തെ ഒരു ആധുനിക മെട്രോപോളിസ് ആയി വികസിപ്പിക്കുന്നതിനായി നൂറുകണക്കിന് ഓഫീസ് ടവറുകളും ഹോട്ടലുകളും താമസസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും ഉള്‍പ്പെടെ ഒരു നഗരത്തെ വളര്‍ത്താന്‍ അത്യാവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കുകയായിരുന്നു. ഏറ്റവും ഭീകരമായ തൊഴില്‍ ചൂഷണം നടക്കുന്നത് തമാങ് ജോലി ചെയ്തതുപോലുള്ള സ്വകാര്യ നിര്‍മ്മാണ പ്രൊജക്റ്റുകളിലാണ്. ഖത്തറിന്റെ, ലോകകപ്പ് ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നിയമിച്ച തൊഴിലാളികളുടെ എണ്ണം 35,000 ആണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ രണ്ട് ശതമാനം പോലും ആകില്ല ഇത്. ലോകകപ്പുമായി ബന്ധമില്ലാത്ത ചില വര്‍ക് സൈറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകകപ്പ് കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത ഒരു ലക്ഷ്വറി റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ സൈറ്റ് സന്ദര്‍ശിക്കാന്‍ ‘ടൈംസ്’ ന് അനുമതി ലഭിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ക്കൊപ്പമാണ് പോകാന്‍ കഴിഞ്ഞത്. തൊഴില്‍ മേല്‍നോട്ടക്കാരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി അഭിമുഖം നടത്തിയപ്പോള്‍ താപസുരക്ഷാ ക്രമീകരണങ്ങളില്‍ അവര്‍ തൃപ്തരാണെന്ന് കണ്ടു. ഞങ്ങള്‍ സന്ദര്‍ശിച്ച ദിവസം രാവിലെ ഒമ്പത് മണിക്ക് ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ശീതീകരിച്ച വിശ്രമമുറികളില്‍ ആവശ്യത്തിന് വിശ്രമിക്കാൻ സൗകര്യമൊരുക്കുകയും സൂപ്പര്‍വൈസര്‍മാര്‍ കുടിവെള്ളം എത്തിക്കുകയും ഇടക്കിടെ വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും താപനില കൂടുമ്പോള്‍ പുറത്തുള്ള ജോലി നിര്‍ത്തിവെക്കുകയും ചെയ്യുന്നുണ്ടെന്നും അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

2002ല്‍ നിയമിക്കപ്പെട്ട ഒരു നേപ്പാളി ഹെല്‍ത് ആന്‍ഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍
പറഞ്ഞത് സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്, എന്നാല്‍ മരണങ്ങള്‍ ഇല്ലാതാക്കുന്നത്ര വേഗത്തിലല്ല എന്നാണ്. ജോലി നഷ്ടപ്പെടുമെന്നുള്ള ഭയത്താല്‍ പേര് വെളിപ്പെടുത്താതെയാണ് ഇക്കാര്യം പറഞ്ഞത്. മേയില്‍, ഫിഫയോട് ലോകകപ്പ് പ്രൈസ് മണി ആയ 440 മില്യണ്‍ ഡോളര്‍, ലോകകപ്പ് തയ്യാറെടുപ്പിനായി ജോലി ചെയ്ത കുടിയേറ്റതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ചെലവഴിക്കണമെന്ന് നിരവധി തൊഴില്‍, മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ക്യാമ്പയിനിന് ആഗോള പിന്തുണ കിട്ടി. ഈ പ്രൊപ്പോസല്‍ പരിഗണിക്കാമെന്ന് ഫിഫ ആംനെസ്റ്റി ഇന്റര്‍നാഷണലിന് മറുപടി നല്‍കി. ഫിഫ അതിനായി തയ്യാറായാലും ലോകകപ്പിനായുള്ള നിര്‍മ്മാണവും ലോകകപ്പ് സമയത്തെ മുന്നില്‍ക്കണ്ട് നടത്തുന്ന മറ്റു നിര്‍മാണ പ്രവൃത്തികളും തമ്മില്‍ വേര്‍തിരിക്കുക എന്നത് എളുപ്പമായിരിക്കില്ല. ബില്‍ഡിങ് ആന്‍ഡ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന ജനീവയില്‍നിന്നുള്ള തൊഴില്‍ യൂണിയന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സുപ്രീം കമ്മിറ്റി നടത്തുന്ന കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ താപ ആഘാതത്തെ നേരിടാനുള്ള പുതിയ രീതികള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയുന്നു. സുപ്രീം കമ്മിറ്റിയുടെ തൊഴിലാളി ക്ഷേമ, തൊഴില്‍ അവകാശ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മഹ്മൂദ് ഖുതുബ് പറയുന്നത് എല്ലാ ലോകകപ്പ് കെട്ടിട നിര്‍മാണ സൈറ്റിലും വിശ്രമിക്കാനുള്ള ശീതീകരിച്ച സൗകര്യവും വെള്ളം കുടിക്കാനുള്ള നിര്‍ബന്ധിത ബ്രേക്കുകളും ക്രമീകരിച്ചിട്ടുണ്ട് എന്നാണ്. വേനലില്‍ ഏറ്റവും ചൂടുള്ള മണിക്കൂറുകളില്‍ ജോലികള്‍ നിര്‍ത്തിവെച്ചു. പ്രത്യേകം നിര്‍മ്മിച്ച കൂളിങ് സ്യൂട്ടുകള്‍ തൊഴിലാളികള്‍ക്ക് നല്‍കി. ആവശ്യമുള്ളപ്പോഴെല്ലാം ബ്രേക് എടുക്കാനുള്ള സാഹചര്യവുമുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യ, സുരക്ഷാ നിബന്ധനകള്‍ വഴി ‘തൊഴില്‍ സംബന്ധമായ’ മരണങ്ങളുടെ എണ്ണം പത്തുവര്‍ഷത്തിനിടെ മൂന്നായി കുറയ്ക്കാന്‍ സഹായിച്ചുവെന്നും ഖുതുബ് പറഞ്ഞു. എന്നാല്‍ സുപ്രീം കമ്മിറ്റിയുടെ തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയാഘാതം, സ്വാഭാവിക കാരണങ്ങള്‍, വര്‍ക് സൈറ്റിലേക്ക് പോകുകയായിരുന്ന ഒരു ഷട്ടില്‍ ബസ് അപകടം, ഒരു ആത്മഹത്യ കേസ് എന്നിങ്ങനെ, ജോലിയുമായി നേരിട്ട് ബന്ധമുള്ളതല്ലാത്ത 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മരണങ്ങള്‍ കൂട്ടിയാലും ലോകകപ്പ് തയ്യാറെടുപ്പു കാലത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലുള്ള മരണ നിരക്ക് ഖത്തറിലെ മൊത്തം തൊഴിലിട മരണനിരക്കിലും വളരെ കുറവാണ്. തൊഴിലാളികളെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിച്ചാല്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍കഴിയും എന്നാണിത് സൂചിപ്പിക്കുന്നത്.

ഖത്തറിലെ തൊഴിലാളികൾ

2019ല്‍ സര്‍ക്കാര്‍ തൊഴില്‍ അവകാശങ്ങള്‍ക്ക് ഖത്തർ മുന്‍ഗണന നല്‍കി.
മാധ്യമങ്ങളില്‍നിന്നും അന്താരാഷ്ട്ര തൊഴില്‍ യൂണിയനുകളില്‍നിന്നും മനുഷ്യാവകാശ സംഘടനകളില്‍നിന്നും വിമര്‍ശനങ്ങള്‍ നേരിട്ട ശേഷം, രാജ്യത്തെ
തൊഴില്‍സാഹചര്യങ്ങള്‍ വിശദമായി പഠിക്കാന്‍ ഇന്റര്‍നാഷണല്‍ ലേബര്‍
ഓര്‍ഗനൈസേഷനില്‍നിന്നും പ്രതിനിധികളെ കൊണ്ടുവന്നു. മറ്റു വിദഗ്ധരെയും
ഇതിൽ ഉള്‍പ്പെടുത്തി. നിരവധി ആഴ്ചകള്‍ ഖത്തറിലെ വേനലില്‍ തൊഴിലിടങ്ങളില്‍ അവര്‍ പഠനം നടത്തി. ശരീരതാപനിലയും നിര്‍ജലീകരണവും നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിക്കാന്‍ ചില തൊഴിലാളികള്‍ തയ്യാറായി. കൂളിങ് സ്യൂട്ടുകള്‍ പരീക്ഷിച്ചു. വിശ്രമ മണിക്കൂറുകളുടെ അനുപാതം, എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമമുറികള്‍ എന്നിവ പരിശോധിച്ചു. ഈ ഗവേഷകര്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം, വേനലിലെ പുറംതൊഴില്‍ നിരോധിച്ച സമയത്തിലേക്ക് ഒന്നരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ്. ഒരു വര്‍ഷത്തെ 586 തൊഴില്‍ മണിക്കൂറുകള്‍ കുറയ്ക്കുക എന്നാണ് ഇതിനര്‍ത്ഥം. ശീതീകരിച്ച വിശ്രമമുറികള്‍ നിര്‍മ്മിക്കാനും തൊഴിലാളികള്‍ക്ക് വെള്ളംകുടിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും താപനില 32.1ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയാല്‍ പുറംതൊഴില്‍ നിര്‍ത്തണം എന്ന പുതിയ ക്രമീകരണം കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. താപ ഗവേഷകര്‍ പറയുന്നത് ഇതും ഒരു ഉയര്‍ന്ന താപനിലയാണ് എന്നാണ്. തൊഴില്‍ സാഹചര്യങ്ങള്‍ പഠിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന, യൂണിവേഴ്‌സിറ്റി ഓഫ് തെസാലിയിലെ FAME ലബോറട്ടറി സ്ഥാപിച്ച ആന്‍ഡ്രിയസ് ഫ്‌ളോറിസ് പറയുന്നത് 32.1 എന്നത് തൊഴിലാളികള്‍ സുരക്ഷിതരായിരിക്കുന്ന താപനിലയാണെന്നാണ്. വെയിലില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും വര്‍ഷം തോറും ഹെല്‍ത്ത് സ്‌ക്രീനിങ്ങിന് വിധേയരാകണം, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, മറ്റു തീവ്ര രോഗങ്ങള്‍ എന്നിവ തിരിച്ചറിയാനും അതനുസരിച്ച് ആയാസം കുറഞ്ഞ തൊഴിലുകളിലേക്ക് അവരെ മാറ്റാന്‍ കഴിയണം എന്നും ഫ്‌ളോറിസും സംഘവും നിര്‍ദ്ദേശിച്ചു. തൊഴിലാളികളെ തൊഴിലുടമയുമായി നിര്‍ബന്ധിത കരാറില്‍ നിര്‍ത്തുന്ന, മറ്റു തൊഴില്‍ തേടാനോ രാജ്യം വിടാനോ അനുവദിക്കാത്ത കഫാല സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ അവസാനിപ്പിച്ചത് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും ബില്‍ഡിങ് ആന്‍ഡ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണലിന്റെയും നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. മേയ് 2021ല്‍ ഖത്തര്‍ ഈ നിര്‍ദ്ദേശങ്ങളെ നിയമമാക്കി. ഒരൊറ്റ ദിവസം കൊണ്ട്, തൊഴിലാളികളെ അടിച്ചമര്‍ത്തുന്നു എന്നറിയപ്പെടുന്ന രാജ്യം ലോകത്തിലെ ഏറ്റവും പുരോഗമനപരമായ താപസുരക്ഷാനയം സ്വീകരിച്ചു. ഇതിന് ഫലമുണ്ടായി, ഐ.എല്‍.ഒയുടെ ഖത്തര്‍ വാർഷിക റിപ്പോർട്ട്, ചൂട് കാരണമുള്ള
രോഗാവസ്ഥകളുമായി ഹെല്‍ത് ക്ലിനിക്കുകളില്‍ എത്തുന്നവരുടെ എണ്ണം, 2020ലെ വേനലില്‍ 1520 ഉണ്ടായിരുന്നത് 2022ല്‍ 351 ആയി കുറഞ്ഞതായി കാണിക്കുന്നു. പുതിയ നിയമം നടപ്പിലാക്കിയതിന് മുന്‍പും പിന്നീടുമായി ഉണ്ടായ തൊഴിലാളികളുടെ മരണത്തിന്റെയും പരിക്കുകളുടെയും സര്‍ക്കാര്‍ കണക്കുകള്‍ നിലവിലില്ല. ഗവേഷകര്‍ക്ക് ഈ ഡാറ്റ ലഭ്യമല്ല. ഉണ്ടെങ്കില്‍ത്തന്നെ അവ്യക്തമായ കണക്കുകളാണ്. ഈ വിവരങ്ങള്‍ ഖത്തര്‍ പുറത്തുവിടുകയാണെങ്കില്‍ താപ ആഘാതത്തില്‍നിന്ന് സുരക്ഷ നേടാനുള്ള നയങ്ങള്‍ പരിഷ്‌കരിക്കാന്‍ കഴിയും, ലോകമെങ്ങുമുള്ള തൊഴിലാളികള്‍ക്ക് ഇത് ഗുണം ചെയ്യും, ഫ്‌ളോറിസ് പറയുന്നു. പക്ഷേ ഖത്തര്‍ ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ല. “ഖത്തറിന്റേത് ഒരു സ്വാഭാവിക ലാബോറട്ടറിയാണ്. ഇവിടത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയാല്‍ ലോകത്തെവിടെയുമുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാം.” ലാ ഐല നെറ്റ്‌വര്‍ക്കിലെ ഗ്ലേസര്‍ പറയുന്നു.

ടൈംസ് പ്രത്യേക റിപ്പോർട്ടിന്റെ കവർ

പുതിയ നിയമങ്ങള്‍ ലംഘിച്ചതിന് ഈ വേനലില്‍ ഖത്തറിലെ തൊഴില്‍ മന്ത്രാലയം 450 ലധികം സൈറ്റുകള്‍ അടച്ചുപൂട്ടി. എന്‍ഫോഴ്‌സ്‌മെന്റിലുള്ള അപര്യാപ്തതകള്‍ കാരണം കുറച്ചുദിവസങ്ങള്‍ക്കകം തന്നെ അവര്‍ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. ബില്‍ഡിങ് ആന്‍ഡ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറി ആംബെ ഇ യൂസന്‍ പറയുന്നത് സര്‍ക്കാരിന് ഓരോ തൊഴിലിടവും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ പരിമിതികളുണ്ട് എന്നാണ്. ഇന്ന് ലഭ്യമായ അവകാശങ്ങള്‍ക്കായി ഉറച്ചുനില്‍ക്കാന്‍ തൊഴിലാളികള്‍ സജ്ജമാകുക എന്നതു മാത്രമാണ് പുതിയ നയം നടപ്പിലാക്കാനുള്ള ഏറ്റവും നല്ല വഴി. ആഗസ്റ്റില്‍, മുടങ്ങിയ വേതനത്തിനായി പ്രതിഷേധിച്ച 56 കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു എന്ന് യൂസന്‍ പറയുന്നു. ഏഴു മാസത്തോളം കിട്ടാത്ത ശമ്പളത്തിനായി സമരം ചെയ്ത തൊഴിലാളികളെ പരാതിപ്പെട്ടതിന് നാടുകടത്തിയെങ്കില്‍ സ്വന്തം തൊഴിലിടത്തില്‍ താപനിയന്ത്രണം ശരിയായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന തൊഴിലാളികളെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക? യൂസന്‍ ചോദിക്കുന്നു.

ഇപ്പോള്‍ തമാങ്ങിന് തോന്നുന്നത്, ലക്ഷ്വറി ഹോട്ടലിന് പകരം ലോകകപ്പ് സ്റ്റേഡിയം പ്രൊജക്റ്റിലാണ് ജോലി ചെയ്തിരുന്നതെങ്കില്‍ അവസാനം വരെ പിടിച്ചു നില്‍ക്കാമായിരുന്നു എന്നാണ്. സുപ്രീം കമ്മിറ്റിയുടെ പ്രതിനിധി ഖുതുബ് പറയുന്നത്, മെച്ചപ്പെട്ട രീതിയില്‍ താപാഘാത നിയന്ത്രണം നടപ്പിലാക്കുന്ന തൊഴിലിടങ്ങളില്‍ ഉല്‍പാദനക്ഷമതയും മെച്ചപ്പെട്ടതാകുമെന്നാണ്. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യം ലോകകപ്പിന് ശേഷവും വേണ്ടരീതിയില്‍ പരിഗണിക്കപ്പെടുമോ എന്നതാണ് ചോദ്യം. തമാങ് ഇത്തരം സംശയങ്ങള്‍ക്കിടയിലാണ് ഇന്ന്. നേപ്പാളിലെ നാഷണല്‍ കിഡ്‌നി സെന്ററില്‍ ഡയാലിസിസ് തീരുന്നതുവരെ ഖത്തറില്‍ ഇപ്പോഴും ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ മെസേജുകള്‍ അയാൾ കേള്‍ക്കുകയാണ്. “ഇവിടെ ദുരന്തമാണ്.” മുന്‍ റൂം മേറ്റ് മുടങ്ങിക്കിടക്കുന്ന ശമ്പളത്തെക്കുറിച്ചും മോശം തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും പരാതിപ്പെട്ടു. “എനിക്കതിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.” തമാങ് പറഞ്ഞു. “ഞാന്‍ അങ്ങനെയൊരു മെസേജ് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

14 minutes read November 8, 2022 3:16 pm