രാഹുൽ ഗാന്ധിക്കെതിരായ അല്ലെങ്കിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സിന് എതിരായിട്ടുള്ളതല്ല ഈ നീക്കം, സ്വാതന്ത്രത്തിന് ശേഷം ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ജനാധിപത്യ മൂല്യത്തിന് എതിരായിട്ടുള്ള അവസാന നീക്കങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണേണ്ടത്. ബി.ജെ.പി. ഗവൺമെന്റ് അധികാരത്തിലേറിയതിനു ശേഷം ജനാധിപത്യത്തിന്റെ മൂല്യത്തെ ചോർത്തി കളയുന്ന നിരവധി നടപടികൾ എടുക്കുകയുണ്ടായി. തിരഞ്ഞെടുപ്പിനു ശേഷം പല സംസ്ഥാനങ്ങളിലും എം.എൽ.എമാരെ വിലക്കു വാങ്ങിയാണ് അവർ അധികാരത്തിൽ ഏറിയിട്ടുള്ളത്. അതുപോലെ തന്നെ പ്രതിപക്ഷത്തിലെ പല നേതാക്കൾക്കെതിരെയും അന്വേഷണങ്ങളും അല്ലെങ്കിൽ സ്റ്റേറ്റ് അപ്പാരറ്റസ് എന്നു നമ്മൾ വിളിക്കുന്ന ഭരണകൂട ഉപകരണങ്ങളെ മുഴുവൻ ഉപയോഗിച്ചുകൊണ്ടുള്ള ഭീഷണിപ്പെടുത്തലുകളും കണ്ടു കഴിഞ്ഞു. മാത്രമല്ല പൊതു ജനങ്ങളുടെ പൊതുബോധത്തിൽ ഇടപെടുന്ന മനുഷ്യരെ മുഴുവൻ നിശബ്ദരാക്കുന്നതും നാം കണ്ടു കഴിഞ്ഞു.
സ്റ്റാൻ സ്വാമിയെയും റോണാ വിത്സണെ പോലെയുള്ള ആളുകളെ ജയിലിൽ അടച്ചതും പീഡിപ്പിച്ചതും നാം കണ്ടു കഴിഞ്ഞു. ജനാധിപത്യത്തെ തങ്ങളുടെ കൈവെള്ളയിലിട്ട് അമ്മാനമാടാം എന്നു വിചാരിക്കുന്ന തരത്തിലുള്ള അധികാര ഭീമനായി സംഘപരിവാറും ഹിന്ദുത്വരാഷ്ട്രീയവും മാറിക്കൊണ്ടിരിക്കയാണ്. ഈ ജനാധിപത്യക്കശാപ്പിന്റെ തുടർച്ചയായിട്ടു വേണം ഈ സംഭവത്തെ കാണാൻ. അതുകൊണ്ട് ഇത് രാഹുൽ ഗാന്ധിക്ക് എതിരായിട്ടുള്ള നീക്കമല്ല, ഇന്ത്യൻ ജനതയുടെ കൈവശമുള്ള ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായിട്ടുള്ള നീക്കമായിട്ടു വേണം വായിച്ചെടുക്കാൻ. നമുക്ക് ഓരോരുത്തർക്കും എതിരായിട്ടുള്ള നീക്കമാണ് ഈ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ അവകാശങ്ങളെ മുഴുവൻ കവർന്നെടുക്കാനുള്ള ഒരു വലിയ സൂചനയായിട്ടു വേണം കരുതാൻ. ഇതിനെതിരെ പൊരുതുക എന്നുള്ളത് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണ്.
ഒരർത്ഥത്തിൽ വലിയ ഒരിരുട്ടിന് ശേഷം ഒരുദയത്തെ കാണാനുള്ള ഒരു മുഹൂർത്തം കൂടിയായിട്ട് ഇതിനെ മനസ്സിലാക്കണം, ഒരു ഭരണാധികാരി യാതൊരു മൂല്യത്തെയും വകവെക്കാത്ത തരം ഫ്രാങ്കെൻസ്റ്റൈനായി അല്ലെങ്കിൽ ഭീമാകാരരൂപം പൂണ്ട് അയാൾക്ക് രാവിലെ എഴുന്നേറ്റാൽ തോന്നുന്ന കാര്യം ചെയ്ത് തുടങ്ങുന്ന സ്ഥിതിയിലേക്ക് വരുമ്പോഴാണ് അയാളുടെ പതനം ആരംഭിക്കുക എന്നു പറയുന്നത്. അതുകൊണ്ട് ഇത് ഇന്ത്യൻ ഫാസിസത്തിന്റെ പതനത്തിന്റെ ആരംഭമായി നമുക്ക് ഭാവിയിൽ വായിച്ചെടുക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.
ഇന്ത്യയിലെ ജനങ്ങളുടെ ഒരു പ്രതേകത, അവരുടെ നട്ടെല്ലിൽ കൂടി വണ്ടികയറും വരെ അവർ കമിഴ്ന്നു കിടന്നു എന്നുവരും, എന്നാൽ അങ്ങനെ ഒരു സ്ഥിതി സംജാതമായാൽ പിന്നെ അങ്ങേയറ്റത്തെ തീക്ഷ്ണതയോടെ പ്രതികരിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ. ബ്രിട്ടീഷ് ഭരണാധികാരികൾക്കു മുമ്പിൽ നൂറ്റാണ്ടുകൾ അവർ മുതുകു താഴ്ത്തി നിന്നിട്ടുണ്ടാവും പക്ഷെ അവസാന ഘട്ടത്തിൽ ജാലിയൻ വാലാബാഗും റൗളറ്റ് ആക്ടും അങ്ങനെ നിരവധി കരിനിയമങ്ങൾ വരുമ്പോഴൊക്കെ അവർ അതിതീവ്രമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്.
1942 ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ ഒക്കെ ജനങ്ങളുടെ പ്രതിഷേധം എങ്ങനെയാണ് ചരിത്രത്തെ മാറ്റിമറിച്ചത് എന്നു നമ്മൾ പഠിച്ചിട്ടുണ്ട്. അതുപോലെ തന്നെ അടിയന്തരാവസ്ഥയുടെ പത്തൊമ്പത് മാസക്കാലത്ത് അവർ എങ്ങനെയാണ് അവസാനം പ്രതികരിച്ചതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്.
ആ ഒരു അർത്ഥത്തിൽ ഒരു ചരിത്രത്തുടർച്ച ആരംഭിക്കാനുള്ള മുഹൂർത്തമായും നമുക്കിത് ദർശിക്കാൻ കഴിയും. ഒരു ഭരണാധികാരി ജനങ്ങളുടെ പ്രതിനിധിയാണ് എന്നുള്ള ബോധത്തിൽ നിന്ന് അങ്ങേയറ്റം വ്യതിചലിച്ചുകൊണ്ട് പെരുമാറിത്തുടങ്ങി ക്കഴിഞ്ഞാൽ ജനങ്ങൾ ജനാധിപത്യത്തിന്റെ രീതി ഉപയോഗിച്ച് അല്ലെങ്കിൽ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ള അനേകം സഹനസമരങ്ങളുടെ മാർഗം ഉപയോഗിച്ചിട്ട് ഈ ഇരുണ്ട കാലത്തെ തിരുത്തുവാൻ കഴിയും എന്നുള്ളതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇതൊരു ഭ്രാന്തപ്രവൃത്തി ആയിരിക്കുമ്പോൾ തന്നെ ജനങ്ങളുടെ ആത്മബോധവും പൊതുബോധവും ഉണർത്തുന്ന ഒരു പ്രവൃത്തിയായിട്ടും നാം ഇതിനെ വായിച്ചെടുക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്നവർക്ക് ഭ്രാന്ത് പിടിച്ചാൽ ജനങ്ങൾ ബോധവാന്മാരാവുക എന്നുള്ളതു മാത്രമാണ് ഒരേയൊരു പ്രതിവിധി. അതുകൊണ്ട് ഈ ജനാധിപത്യക്കശാപ്പിന്റെ ദിവസത്തെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നായി കരുതേണ്ടതാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പു തരുന്ന ജനാധിപത്യരാജ്യം എന്ന സങ്കൽപ്പത്തെ ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.
മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്, സൂക്ഷ്മമായിട്ടു വായിച്ചു കഴിഞ്ഞാൽ, മൂല്യബോധം ഉണർത്തുന്ന ഏതൊരു രാഷ്ട്രീയ പ്രവൃത്തിയോടും സാമൂഹിക പ്രവൃത്തികളോടും ഫാസിസ്റ്റുകൾക്ക് പേടിയുണ്ട്. ആ പേടിയിൽ നിന്നുകൂടിയിട്ടാണ് ഈ നടപടി ഉണ്ടായത് എന്നു ഞാൻ വിചാരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരർത്ഥത്തിൽ ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ മൂല്യബോധം ഉയർത്തുന്ന ഒന്നായിരുന്നു. രാഹുൽ ഗാന്ധിയുടെ ആ യാത്ര യാതൊരു മൂല്യബോധവുമില്ലാത്ത ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചിരിക്കണം. അത് ജനങ്ങൾക്കിടയിലൂടെയുള്ള ഒരു യാത്രയായിരുന്നു, തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി തട്ടിക്കൂട്ടിയ ഒരു യാത്രയായിരുന്നില്ല. മറിച്ച് അതിന് അഗാധമായ ഒരു ആത്മീയമാനമുണ്ടായിരുന്നു എന്നും ഇന്ത്യയിലെ ജനങ്ങൾ പ്രതേകിച്ചും യുവജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അത് അവരെ ഭയപ്പെടുത്തിയിട്ടുണ്ട്. മൂല്യബോധത്തോടെയുള്ള ഒരു പ്രവൃത്തി എക്കാലത്തും ഫാസിസ്റ്റുകളെ ഭയപ്പെടുത്തും.
ഗാന്ധി വധം അത്തരത്തിൽ സംഭവിച്ചതാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുന്നിൽ അക്കാലത്ത് ഈ പറയുന്ന നാൽപ്പത്തേഴ് നാൽപ്പത്തെട്ട് കാലത്ത് ഗാന്ധി നിന്നത് ഒരു മൂല്യബോധം ഉയർത്തിപ്പിടിച്ചിട്ടാണ്. ഗാന്ധിയെ കൊന്ന ഗോഡ്സെ കോടതിയിൽ പറയുന്നത് അഹിംസയും സത്യവും ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് ഞാൻ ഗാന്ധിയെ കൊന്നത് എന്നായിരുന്നുവെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ കാണാൻ കഴിയും. ആ ഒരു അർത്ഥത്തിൽ ഇന്ത്യൻ ജനതയിൽ മൂല്യബോധത്തോടെയുള്ള ഒരു പുതിയ രാഷ്ട്രീയം ഉയർന്നു വരുന്നു എന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റേതായ തന്ത്രപരമായ അംശങ്ങൾക്കപ്പുറം ആഴത്തിലുള്ള, നൈതിക മാനമുള്ള ഒരു രാഷ്ട്രീയം രൂപപ്പെടുത്തി എടുത്താൽ ഫാസിസം വളരെ പെട്ടെന്ന് ഇല്ലാതാവും. ഒരു കവിതയിൽ ഞാൻ എഴുതിയ പോലെ, ”നീതി കവിതയായായൽ ഫാസിസം വെറും കൊതുകാകും” എന്ന് അറിയാവുന്ന തരത്തിൽ രാഷ്ട്രീയ ബോധം ഉയരുക തന്നെ ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നു.