നിങ്ങളുടെ അത്യാഗ്രഹ രോഗം നിങ്ങളെ ആജീവനാന്തം വേട്ടയാടും

“ഭൂമിയും ഒരു ജീവിയാണ്. അവൾ നിങ്ങൾക്ക് ജീവൻ തന്നു, പകരം നിങ്ങൾക്കൊരു ഉത്തരവാദിത്തമവളോടുണ്ട്. ഇത്തരമൊരാശയം കേട്ടാണ് ഞാൻ വളർന്നു വന്നത്. ഭൂമി മാതാവിന്റെ കരച്ചിലുകളെ നമ്മൾ കൂട്ടത്തോടെ അവഗണിക്കുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ദുരുപയോഗം ചെയ്യുക, വേദനിപ്പിക്കുക, സമ്മതമില്ലാതെ എടുക്കുക എന്ന അതേ ഘടനകൾ കാരണം. ഇങ്ങനെയാണ് കാലാവസ്ഥാ പ്രതിസന്ധി സ്ത്രീകളോടും പെൺകുട്ടികളോടും ബന്ധപ്പെട്ടിരിക്കുന്നത്. ഇങ്ങനെയാണ് നമ്മൾ ഭൂമിയെ കൈകാര്യം ചെയ്യുന്നത്. നമുക്ക് ജീവൻ നൽകുന്ന എല്ലാത്തിനോടും നമ്മൾ പെരുമാറുന്നത് ഇങ്ങനെയാണ്.”

പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തകയും, പരിസ്ഥിതി പ്രവർത്തകയുമായ ആയിഷ സിദ്ദിഖയുടെ വാക്കുകളാണിത്. ടൈം മാഗസിന്റെ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയറിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 24 കാരിയായ ആയിഷ. 1999 ഫെബ്രുവരി 8 ന് പാകിസ്ഥാനിലെ ചെനാബ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഝാങ്ങിലാണ് ആയിഷ സിദ്ദിഖയുടെ ജനനം. അവളുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മരണത്തിന് കാരണം അവ‌ർ ഉപയോഗിച്ച മലിനമായ നദീജലമാണെന്ന് 14 വയസിൽ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു. കിഴക്കൻ പാക്കിസ്ഥാനിലെ മാത‍ൃദായ ക്രമമനുസരിച്ച് ജീവിക്കുന്ന ആദിവാസി സമൂഹത്തിൽ വളർന്നത് അവളുടെ ജീവിത വീക്ഷണത്തെ വളരെ ചെറുപ്പത്തിൽ തന്നെ സ്വാധീനിച്ചു. 16- മത്തെ വയസിൽ കാലാവസ്ഥാ മാറ്റവും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ആയിഷക്കായി.

കോപ് 26 ഉച്ചകോടിയിൽ ആയിഷ സംസാരിക്കുന്നു.കടപ്പാട്:arabnews.pk

2021-ൽ പൊളിറ്റിക്കൽ സയൻസിലും ഇംഗ്ലീഷിലും ഹണ്ടർ കോളേജിൽ നിന്നും ബിരുദം നേടി. ബിരുദ പഠനത്തിനൊപ്പം തോമസ് ഹണ്ടർ ഓണേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ആയിഷ. 2019 മെയ് മാസത്തിൽ തന്റെ സർവ്വകലാശാലയിൽ extinction rebellion എന്ന പരിസ്ഥിതി സംഘടനയുടെ ശാഖ ആരംഭിച്ചതോടെയാണ് ആയിഷ സിദ്ദിഖയു‍ടെ കലാവസ്ഥാ പ്രവർത്തനത്തിനത്തിന്റെ തുടക്കം. 2019 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിനെ എതിർത്തുകൊണ്ട് ഇസബെല്ല ഫല്ലാഹി, ഹെലീന ഗ്വാലിംഗ Isabella Fallahi and Helena Gualinga എന്നീ പരിസ്ഥിതി പ്രവർത്തകരോടൊപ്പം ചേർന്ന് Polluters Out എന്ന സംഘടന സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാന കോൺഫറൻസുകളിലെ ഫോസിൽ ഇന്ധന വ്യവസായങ്ങളുടെ സ്വാധീനത്തെ എതിർക്കാനായാണ് Polluters Out രൂപീകരിച്ചത്. Endesa, Iberdrola, Banco Santander and Acciona തുടങ്ങിയ ഫോസിൽ ഇന്ധന കമ്പനികൾ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിലെ സ്പോൺസർമാരായിരുന്നു. ഇത് ഈ കമ്പനികൾക്ക് കാലാവസ്ഥ സമ്മേളനങ്ങളിൽ ഇടം കൊടുക്കുമ്പോൾ കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന പല രാജ്യങ്ങളും ഈ വേദികളിൽ ഇല്ലാതിരിക്കുന്നതിന്റെ ഭവിഷത്തുകൾ Polluters Out മനസിലാക്കിയിരുന്നു. Polluters Out ന്റെ പ്രവർത്തന ഫലമായി, COP26 സ്പോൺസർഷിപ്പിൽ നിന്നും ഇത്തരം എണ്ണ കമ്പനികളെ ഒഴിവാക്കി. എഡിൻബറോയിൽ നടന്ന TED കൗണ്ട്‌ഡൗൺ കോൺഫറൻസിൽ ഷെൽ പി‌എൽ‌സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ബെൻ വാൻ ബർഡനും മറ്റ് ഫോസിൽ ഇന്ധന വ്യവസായ മേഖലയിലെ എക്‌സിക്യൂട്ടീവുകൾക്കും നൽകിയ സ്പീക്കർ റോളിന് എതിരെ നടന്ന വാക്കൗട്ടിൽ ആയിഷ സിദ്ദിഖയും പങ്ക്ചേർന്നു. ഫ്രീ ഫോസിൽ യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപക കൂടിയാണ് ആയിഷ സിദ്ദിഖ. 2021 നവംബറിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുത്ത ആയിഷ COP യിൽ പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ നിന്നുള്ള ആളുക‌ളുടെ പങ്കാളിത്തം കുറയുന്നതിനെ നിശിതമായി വിമർശിച്ചു.

ന്യൂയോർക്കിൽ നടന്ന കാലാവസ്ഥാ മാർച്ചിൽ ആയിഷ. കടപ്പാട്:atmos.earth

“കാലാവസ്ഥാ നീതി ജനങ്ങളെ സംബന്ധിച്ചുള്ളതാണ്. ജനങ്ങൾ ഈ ബന്ധം മനസിലാക്കുന്നില്ലെങ്കിൽ, അവർക്ക് ഈ ധാരണ ഇല്ലെങ്കിൽ, അവർ വിസ്മരിക്കാൻ/മറക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ്”. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ
ആയിഷ കുറിച്ച വാക്കുകളാണിവ.

2022-ൽ, ഈജിപ്തിലെ COP27ലെ യുവജന പ്രതിനിധി സംഘത്തിലും ആയിഷ വളരെ സജീവമായി പങ്കെടുത്തിരുന്നു.

“നിങ്ങൾ എടുക്കുക, എടുക്കുക, ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ മരിച്ചവരുടെ അതേ വെള്ളത്തിൽ തന്നെ പ്രസവിക്കും വരെ എടുക്കുക.
എന്നിട്ടും, നിങ്ങൾ കഴുകനെപ്പോലെ ഒത്തുകൂടി ‍ഞങ്ങളുടെ നിസ്സഹായതയെ ഊട്ടുന്നു.
നിങ്ങളുടെ ദാനധർമ്മത്തിൽ നിങ്ങൾ ലാഭമുണ്ടാക്കുന്നു.
ഞാൻ നിങ്ങളോട് പറയുന്നു, ഒരു കൂട്ടക്കൊല നടന്നിട്ടുണ്ടെന്ന്
ഭൂമി ഒരിക്കലും പഴയതുപോലെയാകില്ല
മണ്ണ് ഒരിക്കലും ഒരേപോലെ വളരുകയില്ല.
കൊതുകിന്റെ മൂളൽ ആകാശത്തിന്റെ നിറം മാറ്റി.
നിങ്ങളുടെ അത്യാഗ്രഹ രോഗം നിങ്ങളെ ആജീവനാന്തം വേട്ടയാടും.‌
നിങ്ങൾ എന്നോട് ഒരു പുതിയ യുഎൻ നിർദ്ദേശത്തെ കുറിച്ച് പറയുന്നു – ചില രാഷ്ട്രീയക്കാരുടെ നുണകൾ
നിങ്ങളുടെ വായയ്ക്കും ചെവിക്കും ഇടയിൽ തഴുകുന്നു.”

ടൈം മാ​ഗസിൻ കവറിൽ ആയിഷ

ഈജിപ്തിലെ COP-27 ൽ പങ്കെടുക്കവേ കവയത്രി കൂടി ആയ ആയിഷ സിദ്ദിഖ പ്രസംഗത്തിനിടെ ചൊല്ലിയ So much about your sustainability, my people are dying എന്ന കവിതയിലെ ഈ വരികളിൽ ഇത്തരം സമ്മേളനങ്ങളിലെ തുല്യത ഇല്ലായ്മയോടുള്ള പ്രതിഷേധം നിറഞ്ഞുനിൽക്കുന്നുണ്ട്. യൂത്ത് ക്ലൈമറ്റ് ജസ്റ്റിസ് ഫണ്ട് എന്നതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് നിലവിൽ ആയിഷ സിദ്ദിഖ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read