കുന്നോളം പച്ചരി കൂട്ടിവച്ച് പട്ടിണി കിടക്കുകയാണ് ഞങ്ങൾ

കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ അത്തിക്കടവ് ആദിവാസി കോളനി നിവാസിയാണ് ഞാൻ. കോളനിയിലെ ഞാനുൾപ്പടെയുള്ള മനുഷ്യർ ഇന്ന് പട്ടിണിയിലാണ്. 30 കിലോ പുഴുക്കലരിയാണ് ഞങ്ങൾക്ക് റേഷനായി കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന പുഴുക്കലരിയുടെ അളവ് കുറഞ്ഞ് 5.3 കിലോയായി. ഇതിന് പകരം തരുന്നതാകട്ടെ ഞങ്ങൾ കഴിക്കാത്ത, ഞങ്ങൾക്ക് ആവശ്യമില്ലാത്ത പച്ചരിയും. 30 കിലോ പുഴുക്കലരിക്ക് പകരമായി 20.25 കിലോ പച്ചരിയാണ് ഇപ്പോൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. ഇത് ഞങ്ങളെ പട്ടിണിക്കിടുന്നതിന് തുല്യമാണ്. റേഷൻ കടയിൽ പോകുന്നത് വെറുതെയായി കഴിഞ്ഞിരിക്കുന്നു. പച്ചരി കഞ്ഞിവച്ച് കുടിക്കുന്ന ശീലം ഞങ്ങൾക്കില്ലാത്തതിനാൽ കഴിഞ്ഞ അഞ്ച് മാസങ്ങളിൽ വാങ്ങിക്കൂട്ടിയ പച്ചരി തന്നെ ഓരോ ഊരിലും വീടുകളിൽ കെട്ടി കിടക്കുകയാണ്. ഞങ്ങൾ കഴിക്കാത്ത പച്ചരി തന്ന് സർക്കാർ ഞങ്ങളെ കഷ്ടത്തിലാക്കുന്നത് എന്തിനാണ് ? ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന പുഴുക്കലരി ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത് ?

നാലു പേരുള്ള ഒരു കുടുംബത്തിന് എ.എ.വൈ കാർഡ് പ്രകാരം 30 കിലോ തോതിൽ പുഴുക്കലരി കിട്ടിയിരുന്നപ്പോൾ പഞ്ഞം അറിയാതെ ഒരു മാസം കഴിഞ്ഞുപോയിരുന്നു. എന്നാൽ പുഴുക്കലരി കിട്ടാതായതോടെ ഒരോ ദിവസവും കഴിഞ്ഞു കൂടാൻ കഴിയാതായിരിക്കുന്നു. കൂലിപണിയെടുക്കുന്ന ദിവസക്കൂലിക്കാരായ ഞങ്ങളെ പോലുള്ള കോളനിവാസികൾ ഞങ്ങൾക്ക് കഴിക്കാനുള്ള പുഴുക്കലരി കടകളിൽ നിന്നും വാങ്ങിക്കേണ്ട ഗതികേടിലായിരിക്കുന്നു. പണിയില്ലാതെയായാൽ പട്ടിണിയിലാവുന്ന ഈ അവസ്ഥയിൽ എങ്ങനെ ഈ മഴക്കാലം താണ്ടും? കുന്നോളം പച്ചരി കൂട്ടി വച്ച് പട്ടിണി കിടക്കുകയാണ് ഞങ്ങൾ.

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ

എന്റെ കോളനിക്കാർ അനുഭവിക്കുന്നത് തന്നെയാണ് കേരളത്തിലെ ആദിവാസി കോളനികളുടെയെല്ലാം അവസ്ഥ. കാസർഗോഡിലെ എല്ലാ റേഷൻ കടകളിലും പച്ചരി തന്നെയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ‘കഞ്ഞി വയ്ക്കാൻ കുത്തരി തരൂ പച്ചരി വേണ്ട’ എന്ന ആവശ്യം ഉന്നയിച്ച് വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിന് മുന്നിൽ ഊരിലുള്ളവർ ധർണ്ണ നടത്തിയിരുന്നു. ആദിവാസി ജില്ല പ്രസിഡന്റ് പിന രാഘവൻ ഉൾപ്പെടെ ധർണ്ണയിൽ ഈ ആവശ്യം ഉന്നയിച്ച് സംസാരിച്ചു.

കാസർഗോഡിലെ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ സർക്കാരി ഊരിൽ താമസിക്കുന്ന ഗോത്ര കവി ലിജിന കടുമേനിക്കും പറയാൻ ഉള്ളത് സമാനമായ അനുഭവമാണ് :

“ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിൽ സർക്കാരി ഊരിലാണ് ഞാൻ താമസിക്കുന്നത്. ഇവിടെ നൂറോളം എസ്.ടി കുടുംബങ്ങൾ ഉണ്ട്. ഇവരെല്ലാം കൂലിപണിയെടുത്ത് ജീവിക്കുന്നവരാണ്. റേഷനരി കഞ്ഞി വച്ച് കുടിച്ചു കഴിയുന്നവരാണ്. ആ കഞ്ഞിയിലാണ് ഈ പച്ചരി വിതരണത്തിലൂടെ പാറ്റ വീണിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ താലൂക്കുകളിലാണ് ഏറ്റവും അധികം പച്ചരി നൽകുന്നത്. ഇത് ഏകദേശം മൂന്ന് നാല് മാസത്തോളമായി ഈ അവസ്ഥ ഇങ്ങനെ തുടരുന്നു. ആദ്യമാസങ്ങളിൽ 15 കിലോ പച്ചരിയും ബാക്കി പുഴുക്കലരിയും ആണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 25 കിലോ പച്ചരിയും 5 കിലോ പുഴുക്കലരിയുമാണ് നൽകുന്നത്.

മഴക്കാലമായതോടെ എല്ലാവർക്കും പണിയും കുറഞ്ഞു. പലചരക്ക് കടകളിൽ നിന്നും 40 ഉം 50 ഉം രൂപയൊക്കെ കൊടുത്താണ് ഈ മൂന്ന് നാല് മാസം അത്യാവശ്യം പണിയുള്ളവർ കഴിഞ്ഞത്. എന്നാൽ അതും ഇല്ലാത്തവർക്ക് പച്ചരി തന്നെ ശരണം. അത്യാവശ്യം പലഹാരം ഉണ്ടാക്കാൻ അറിയുന്നവർ അങ്ങനെ തിന്നും, അല്ലാത്തവർ നിവൃത്തികേട് കൊണ്ട് കഞ്ഞി വച്ച് കുടിക്കും. റേഷൻ കടയിൽ നിന്നും പുഴുക്കലരി കിട്ടാതെ പലചരക്കു കടയിൽ അരി വാങ്ങാൻ പോയ അമ്മായിമാരോട് ഒരു രാഷ്ട്രീയ പ്രവർത്തകൻ ചോദിച്ചു, നങ്ങൾക്ക് റേഷനരി ഇല്ലേ പച്ചരി ആണേലും അത് തിന്നാലെന്താ എന്ന്. നിങ്ങൾ ഈ പച്ചരി തിന്നുവോ? എന്ന് അമ്മായി തിരിച്ചു ചോദിച്ചു. ഞങ്ങൾ പണിയെടുത്ത പൈസക്കാണ് അരി വാങ്ങുന്നത്, അല്ലാതെ നിങ്ങടെ വീട്ടിലെ കുറുവരിയും കുത്തരിയും തേടി വരുന്നില്ല എന്ന് മറുപടിയും കൊടുത്തു. ആദിവാസികളോട് എന്തും ആവാം എന്ന പൊതുനിലപാട് മാറേണ്ടിയിരിക്കുന്നു. എന്റെ അമ്മ സപ്ലൈ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. പല സ്ഥലത്തുനിന്നുള്ളവർ ഇതിനെതിരെ സപ്ലൈ ഓഫീസിൽ പരാതി കൊടുത്തിട്ടുണ്ട്. കോൺഗ്രസ്‌ പ്രവർത്തകരും എ.കെ.എസ് പ്രവർത്തകരും വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസ് ഉപരോധിച്ചതിന് പിന്നാലെ ഈ മാസം 15 മുതൽ പുഴുക്കലരി നൽകാമെന്ന വാഗ്ദാനം സപ്ലൈ ഓഫീസർ നൽകിയിട്ടുണ്ട്. ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”

ലിജിന കടുമേനി

ലിജിന കടുമേനിലിജിന കടുമേനിയുടെ അനുഭവം തന്നെയാണ് കാസർഗോഡെയും കേരളത്തിലെ മറ്റു ഊരുകളിലെയും ആദിവാസികൾക്ക് പറയാനുള്ളത്. പ്രായമായവരും കുട്ടികളുമാണ് പച്ചരി കഞ്ഞി കഴിക്കാൻ ഏറെ പ്രയാസപ്പെടുന്നത്. ഓരോ ഊരിലേയും പരാതി ഇത് തന്നെയാണ്. ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന നല്ല പുഴുക്കലരി എവിടെ? കുന്നു കൂടി കിടക്കുന്ന പച്ചരികൾ തീരാഞ്ഞിട്ടാണോ പാവപ്പെട്ട ഞങ്ങളെ തീറ്റിക്കുന്നത്? 30 കിലോ അരി വാങ്ങുന്ന ഒരു കുടുംബത്തിന് 25 കിലോ പുഴുക്കലരി തരാനുള്ള നടപടിയുണ്ടാവണം. ഉരുകളിലെ ഈ അവസ്ഥ അധികാരികൾ പരിഹരിക്കേണ്ടതുണ്ട്. നിങ്ങൾ തരുന്ന മൂന്നോ നാലോ കിലോ അരിയിൽ എങ്ങനെയാണ് ഒരു മാസം കഴിയാനാവുക ?

കൂലിപ്പണി പോലും ഇല്ലാത്ത ഈ സമയത്ത് കടം വാങ്ങി കുടുംബം പുലർത്തേണ്ടുന്ന അവസ്ഥയാണ് ഞങ്ങൾക്ക്. മഴ വന്നതോടെ രോഗങ്ങൾ ഞങ്ങളെ വളഞ്ഞു തുടങ്ങുന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. മുടക്കം വരാതെ മദ്യം വിതരണം ചെയ്യുന്ന സർക്കാർ മനസ്സിലാക്കണം, വിശപ്പാണ് ഏറ്റവും വലിയ രോഗമെന്ന്.

മാസങ്ങളായി റേഷൻ പച്ചരി വാങ്ങിച്ച് കഷ്ടത്തിലായ ഒരോ വീടുകളിലും എന്ത് ചെയ്യണമെന്നറിയാതെ പച്ചരികൾ കെട്ടികിടക്കുന്നു. മാസം മുഴുവനും പച്ചരി പുഴുങ്ങി തിന്നാൻ ഞങ്ങൾക്കാവില്ല. വയറ് പ്രശ്നങ്ങൾ കാരണം പ്രായം ചെന്നവർക്ക് ഒട്ടും കഴിക്കാനാവുന്നില്ല, കുട്ടികളുടെ കാര്യം ഇതുപോലെ തന്നെയാണ്. മഴക്കാലം തുടങ്ങിയപ്പോഴേ ഇങ്ങനെയാണെങ്കിൽ ഇക്കുറിയും ഞങ്ങളുടെ കാര്യം വളരെ കുഴപ്പത്തിലാവുക തന്നെ ചെയ്യും.

റേഷൻ കട ഉടമയോട് ചോദിച്ചാൽ പറയുന്നത് സർക്കർ തരുന്നതല്ലേ തരാൻ പറ്റൂ എന്നാണ്. പച്ചരി കൊടുക്കാനാണ് ഉത്തരവ് പുഴുക്കലരി വരുന്നില്ല എന്ന് അയാൾ കൈയ്യൊഴിയുന്നു. എന്തുകൊണ്ടാണ് വരാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇല്ല എന്നത് കള്ളമാണ്, കെട്ടി കിടക്കുന്ന ആർക്കും വേണ്ടാത്ത പച്ചരി ഞങ്ങളെ തീറ്റിക്കുകയാണ്. ഈ പച്ചരി ഇവിടേക്ക് കയറ്റി അയയ്ക്കുന്നവർക്ക് കൃത്യമായി അറിയാം കാര്യങ്ങൾ. നല്ല അരി ഇല്ലാഞ്ഞിട്ടല്ല എന്നതാണ് സത്യം. സർക്കാരിനോടും അധികാരികളോടും ഞങ്ങൾ ഉറച്ച നിലപാടോടു കൂടി പറയുന്നു, ഞങ്ങൾക്കിനി പച്ചരി വേണ്ട. ഇതു തുടർന്നാൽ ആദിവാസികൾ തെരുവിലിറങ്ങി പ്രധിഷേധിക്കുക തന്നെ ചെയ്യും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read