സുരേഷ് ഗോപിയെ എതിർക്കുന്നത് എന്തുകൊണ്ട്?

“അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായിട്ട് ജനിക്കണം, എന്നിട്ട് പൂണൂലിട്ട് ശബരിമലയിലെ തന്ത്രിയാവണം എന്നു പറഞ്ഞയാളാണ് സുരേഷ് ഗോപി. അതിൽ നിന്നു തന്നെ മനസ്സിലാക്കാനാവും അയാളുടെ ചിന്തകളെന്താണെന്ന്. ജാതിയുടെ ഉയർച്ച താഴ്ച്ചകൾ വെറും കെട്ടുകഥയാണ്, അത് മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്, സ്ത്രീ വിരുദ്ധമാണ് എന്നൊക്കെ നമുക്ക് അറിയാവുന്ന സമയത്താണ് സുരേഷ് ഗോപി ഇങ്ങനെ സംസാരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ പാലിക്കാം എന്ന് പ്രതിജ്ഞ ചെയ്ത് ഒരു രാജ്യസഭാ എം.പി ആയിരിക്കെയാണ് ഇത്തരം ഒരു പരാമർശം നടത്തിയത്. ഇത്തരം ഒരു വ്യക്തിയെ ഒരു കലാവിദ്യാലയത്തിന്റെ പ്രസിഡന്റാക്കിയാൽ എന്താണുണ്ടാവുക? വിദ്യാർത്ഥികളോട് അയാൾക്ക് എന്താണ് പറയാനുണ്ടാവുക? ബ്രാഹ്മണ്യം മാത്രമെ പറയാനുണ്ടാവൂ എന്നാണ് എന്റെ പേടി”

ആശങ്കകളോടെയാണ് എസ്.ആ‍ർ.എഫ്.ടി.ഐയിലെ സംവിധാന വിദ്യാർത്ഥിയായ അനീഷ് കേരളീയത്തോട് സംസാരിച്ചു തുടങ്ങിയത്.

അനീഷ്

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അനീഷിന്റെ പ്രതികരണം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ 2023 സെപ്റ്റംബർ 21ന് എക്സിലൂടെയാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. എന്നാൽ സുരേഷ് ​ഗോപിയുടെ നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് എസ്.ആ‍ർ.എഫ്.ടി.ഐയിലെ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

അനുരാഗ് ഠാക്കൂറിന്റെ എക്സ് പോസ്റ്റ്

“സംവരണ വിരുദ്ധതയും, മുസ്ലിംവിരുദ്ധതയും കത്തി നിൽക്കുന്ന ഒരു സമയത്ത് അത്തരം ബോധ്യങ്ങളുമായെ അയാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വരികയുള്ളൂ. ഏതൊക്കെ സിനിമകൾ പ്രദർശിപ്പിക്കാം, ഏതൊക്കെ സിനിമകൾ എടുക്കാം എന്നൊക്കെ അയാൾ തീരുമാനിക്കുമ്പോൾ ഹിന്ദുത്വത്തോട് യോജിക്കാത്ത സിനിമകൾ ഇവിടെ പ്രദർശിപ്പിക്കപ്പെടുമോ ? അത്തരം സിനിമകൾ എടുക്കാൻ സമ്മതിക്കുമോ ? എനിക്കതിൽ സംശയമുണ്ട്. എസ്.ആർ.എഫ്.ടി.ഐ പോലെ ഒരു സ്ഥാപനം നയിക്കാവുന്നയാളല്ല സുരേഷ് ഗോപി.” അനീഷ് പറയുന്നു.

”ബോധമുള്ളവർക്കെല്ലാം മനസ്സിലാകും ഇത് സ്ഥാപനത്തെ സംഘിവൽക്കരിക്കാനാണെന്ന്. ജെ.എൻ.യു, ജാമിയ, അലിഗഡ്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ യൂണിവേഴ്സിറ്റികൾ സംഘിവൽക്കരിക്കുന്നതിന്റെ ഭാ​ഗമായിട്ട് അവരോട് കൂറുള്ള സ്റ്റാഫിനെയും അഡ്മിനിസ്ട്രേറ്റേർസിനെയും എല്ലാം നിയമിക്കുകയാണ്.” എസ്.ആ‍ർ.എഫ്.ടി.ഐയിലെ സിനിമോട്ടോഗ്രഫി വിദ്യാർത്ഥിയായ റിയാൽ പ്രതികരിച്ചു.

റിയാൽ

“പലരും ചോദിക്കുന്ന ചോദ്യമാണ്, സുരേഷ് ഗോപി ഒരു നല്ല മനുഷ്യനല്ലേ, അയാൾ വന്നാൽ നമുക്ക് ഗുണമല്ലേ ചെയ്യുന്നത് എന്നത്. പക്ഷേ ഒരു ഫാസിസ്റ്റ് പാർട്ടിയുടെ, ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിയായിട്ടുള്ള ഒരു പാർട്ടിയുടെ ഭാഗമായിട്ടുള്ള മനുഷ്യനാണ്. അവരുടെ സ്വജനപക്ഷപാതത്തിന്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപിയെ നിയമിക്കുന്നത്. അതിനവർക്ക് തീർച്ചയായിട്ടും വളരെ ഹിഡൺ ആയിട്ടുള്ള അജണ്ടകളുണ്ടാകും.” എസ്.ആ‍ർ.എഫ്.ടി.ഐയിലെ എഡിറ്റിങ്ങ് വിദ്യാർത്ഥിയായ എസ്. ശരത്ത് അഭിപ്രായപ്പെട്ടു. അർഹതപ്പെട്ട സംവരണ സീറ്റുണ്ടായിട്ടും യോ​ഗ്യതയില്ലെന്ന് പറഞ്ഞ് കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം നിഷേധിച്ച ശരത് പിന്നീട് എസ്.ആ‍ർ.എഫ്.ടിയിൽ പ്രവേശനം നേടുകയായിരുന്നു.

എസ് ശരത്

“സംഘപരിവാർ സംഭവങ്ങൾ ഇല്ലാത്ത ഇന്ത്യയിലെ ഒരു ക്യാംപസാണ് എസ്.ആർ.എഫ്.ടി.ഐ. വളരെ ലിബറലായിട്ടുള്ള ഒരു ക്യാംപസാണ്. കല പഠിക്കുന്ന വിദ്യാർത്ഥികളായതുകൊണ്ട് തന്നെ ഇവിടെ എല്ലാത്തരം വിദ്യാർത്ഥികൾക്കും സാമാന്യമായ ജനാധിപത്യബോധവും മനുഷ്യാവകാശ ബോധവുമൊക്കെയുണ്ട്. അല്ലാതെ എക്സ്ട്രീമായിട്ടുള്ള ഫാസിസ്റ്റ് കാര്യങ്ങളൊന്നും ആരും ഇവിടെ പറയാറില്ല. ഈ ഒരു നീക്കം, എന്തോ വലിയ നീക്കത്തിന്റെ തുടക്കമായിട്ട് തന്നെയാണ് ഞാൻ മനസ്സിലാകുന്നത്. ആദ്യം അവർ അധ്യക്ഷനെ മാറ്റും പിന്നെ അവർ ജി.സി കമ്മറ്റിയെ മാറ്റും. പല സംഘപരിവാർ ആൾക്കരെയും ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കടത്തിവിടും. അതിലൂടെ ക്യാംപസിനെ സ്പ്ലിറ്റ് ചെയ്യാനും കാവിവത്കരിക്കാനും ആ രാഷ്ട്രീയം വളർത്തിയെടുക്കാനുമുള്ള ഒരു ആശയത്തിന്റെ തുടക്കമായിട്ടാണ് എനിക്കിത് മനസ്സിലാകുന്നത്. സുരേഷ് ഗോപി എത്ര നല്ല മനുഷ്യനാണെന്ന് പറഞ്ഞാലും, രാജ്യം ഭരിക്കുന്ന ഒരു ഫാസിസ്റ്റ് പാർട്ടിയുടെ ഭാഗം തന്നെയാണ് അയാൾ.” ശരതിന്റെ വാക്കുകളിൽ ആശങ്കയും, പ്രതിഷേധവും നിറഞ്ഞുനിന്നു.

കേന്ദ്ര സർവ്വകലാശാലകൾ ഹിന്ദുത്വ ശക്തികൾ കയ്യടക്കുന്നതിന്റെയും വർഗീയ വത്കരിക്കുന്നതിന്റെയും അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് എസ്.ആർ.എഫ്.ടി.ഐ വിദ്യാർത്ഥികളും വിദ്യാർത്ഥി യൂണിയനും സുരേഷ് ഗോപിയുടെ അധ്യക്ഷ പദവിയെ ആശങ്കയോടെ നോക്കി കാണുന്നതും എതിർക്കുന്നതും.

​1995-ൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിൽ സിനിമാ വിദ്യഭ്യാസത്തിനായി സ്ഥാപിതമായ സ്വയംഭരണ അക്കാദമിക് സ്ഥാപനമാണ് കൊൽക്കത്ത ആസ്ഥാനമായുള്ള എസ്.ആ‍ർ.എഫ്.ടി.ഐ അഥവാ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ. എസ്.ആ‍ർ.എഫ്.ടി.ഐ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിക്കുന്നതിന് എതിരെ വിദ്യാർത്ഥി യൂണിയൻ പ്രസ്ഥാവന പുറത്തിറക്കിയിരുന്നു.

എസ്.ആ‍ർ.എഫ്.ടി.ഐ വിദ്യാർത്ഥി യൂണിയൻ പ്രസ്ഥാവന

പ്രസ്ഥാവനയുടെ പൂർണ്ണരൂപം വായിക്കാം (21-09-2023)

ആദരണീയമായ ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ജനറൽ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് സുരേഷ് ​ഗോപിയെ നി‍ർദ്ദേശിച്ചുകൊണ്ടുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ ഞങ്ങൾ, സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI) വിദ്യാർത്ഥി യൂണിയൻ എതിർക്കുന്നു.

25 വ‍ർ‌ഷത്തെ പാരമ്പര്യമുള്ള എസ്.ആ‍ർ.എഫ്.ടി.ഐ വ്യത്യസ്ത വീക്ഷണങ്ങളുള്ള ശ്രദ്ധേയമായ ചലച്ചിത്രങ്ങളും ചലച്ചിത്രകാരെയും സ‍ൃഷ്ടിച്ചിട്ടുണ്ട്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത്ത് റേയുടെ പാരമ്പര്യം ഉയ‍ർത്തിപ്പിടിക്കുന്ന ഞങ്ങളുടെ സ്ഥാപനത്തിന് കലാപരവും ധൈഷണികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. ഈ സ്ഥാപനത്തെ നയിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി, എസ്.ആ‍ർ.എഫ്.ടി.ഐ നിലകൊള്ളുന്ന മൂല്യങ്ങളായ കലാസ്വാതന്ത്ര്യം, ബഹുസ്വരത, ഉൾക്കൊള്ളൽ​​​ എന്നിവ പ്രതിനിധാനം ചെയ്യേണ്ടത് അനിവാര്യമാണ്.

സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശന കവാടം

സുരേഷ് ​ഗോപിയുടെ നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് ഞങ്ങൾക്കുള്ള ആശങ്ക എന്നത് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായും ബി.ജെ.പിയുമായുള്ള അദ്ദേഹത്തിന്റെ പരസ്യമായ ബന്ധത്തെ മുൻനി‍‍ർത്തിയുള്ളതാണ്. ഈ രാജ്യത്തിന്റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകൾ പോലും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ഒരു വ്യക്തിയുടെ അടുത്ത ബന്ധം, പ്രത്യേകിച്ച് ധ്രുവീകരണത്തിന് പേരുകേട്ട ഒന്നുമായുള്ളത്, എസ്.ആ‍ർ.എഫ്.ടി.ഐ ഉയർത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സർഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംവാദങ്ങൾക്കുമായുള്ള ഒരു സങ്കേതമാണ് എസ്.ആ‍ർ.എഫ്.ടി.ഐ. എസ്.ആ‍ർ.എഫ്.ടി.ഐയുടെ പ്രസിഡന്റും ജി.സി ചെയർമാനും ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ ആശയങ്ങൾ മുൻവിധിയില്ലാതെയും പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെയും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന അന്തരീക്ഷം വള‍ർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

സുരേഷ് ഗോപിയെ നാമനിർദ്ദേശം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുള്ളവരാണ് ഞങ്ങൾ. സ്ഥാപനത്തിന്റെ യശസ്സിനെയും, വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്നും എത്തുന്ന വിദ്യാ‍ർത്ഥികളെ ഉൾക്കൊണ്ട് പരിപോഷിപ്പിക്കുവാനുള്ള ഇടം നൽകുന്ന അതിന്റെ പ്രാപ്തിയേയും ബാധിക്കും. അത്യന്തികമായി, എസ്.ആ‍ർ.എഫ്.ടി.ഐയുടെ പ്രസിഡന്റും ജി.സി ചെയർമാനും സ്ഥാപനത്തിന്റെ ബഹുസ്വര ധാർമ്മികതയെ സ്വീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യാൻ കഴിയുന്ന വ്യക്തിയായിരിക്കണം. അതല്ലാതെ സ്ഥാപനത്തിന്റെ കലാപരവും അക്കാദമികവുമായ വ്യവഹാരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാകരുത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഏറെ വർഷങ്ങളായി എസ്.ആർ.എഫ്.ടി.ഐ നിലനിർത്തുന്ന സമ​ഗ്രതയെയും ഉൾച്ചേർക്കലിനെയും കലാമികവിനെയും കാത്തുസൂക്ഷിക്കുന്ന ഒരു പ്രിസിഡന്റ് / ജി.സി ചെയർമാനെയാണ് ഞങ്ങൾക്ക് ആവശ്യം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 22, 2023 9:36 am