സംഘപരിവാറിനെ തോൽപ്പിച്ച ‘എദ്ദെളു’വിന് പറയാനുള്ളത്

കർണാടകയുടെ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും ഭരണനിർവഹണത്തിലും സംഘപരിവാർ ഹിംസാത്മക ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ ബി.ജെ.പിയെ അധികാര ഭ്രഷ്ടരാക്കാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുന്നിട്ടിറങ്ങുന്നത്. അതിനുവേണ്ടി എദ്ദേളു (ഉണരൂ) കർണാടക എന്ന കൂട്ടായ്മ നടത്തിയ ജനകീയ ഇടപെടലുകൾ വളരെ ഫലപ്രദമായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി പരിവർത്തനം ചെയ്യാൻ സംഘപരിവാർ ലക്ഷ്യമിടുമ്പോൾ പ്രതിരോധത്തിന്റെ വന്മതിലുകൾ തീർക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തോടെയാണ് എദ്ദേളു കർണാടക പ്രവർത്തിച്ചത്. കന്നഡ സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചും കർണ്ണാടക സാഹിത്യത്തിലെ ലോഹ്യ സ്വാധീനത്തെക്കുറിച്ചും ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്ത ഡോ. പുരുഷോത്തം ബിളിമലെ ആയിരുന്നു എദ്ദേളു കർണാടകയുടെ ബൗദ്ധിക നേതൃത്വനിരയിലെ ഒരു പ്രധാന അംഗം. എഴുത്തുകാരനും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ കന്നഡ ചെയറിന്റെ മുൻ ഡയറക്ടറുമായിരുന്നു അദ്ദേഹം. പാഠഭേദം രണ്ടാം സബാൾട്ടൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായി ആക്ടിവിസ്റ്റുകൾക്കുള്ള റൈറ്റ് ഷോപ്പിൽ എദ്ദേളു കർണാടകയുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കോഴിക്കോട് എത്തിയ ഡോ. പുരുഷോത്തം ബിളിമലെ കേരളീയത്തോട് സംസാരിക്കുന്നു.

എദ്ദേളു കർണ്ണാടക എന്ന ജനകീയ പ്രസ്ഥാനം ആരംഭിക്കാൻ ഇടയായ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു എന്ന് വിശദമാക്കാമോ?

2018 മുതൽ 2023 വരെ ബി.ജെ.പി ആയിരുന്നല്ലോ കർണ്ണാടക ഭരിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം അന്ന് അവർക്കുണ്ടായിരുന്നില്ല. അത് അവർ പരിഹരിച്ചത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ‘ഓപ്പറേഷൻ കമല’ എന്ന പദ്ധതിയിലൂടെയായിരുന്നു. സമകാലിക ഇന്ത്യയിൽ ജനങ്ങൾ വോട്ട് ചെയ്ത് ലഭിക്കുന്ന ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല സർക്കാർ രൂപീകരിക്കപ്പെടുന്നത് എന്ന് കാണാനാകും. ബി.ജെ.പി അധികാരത്തിൽ എത്തിയപ്പോൾ കർണ്ണാടകയിലും അവരുടെ യഥാർത്ഥ മുഖം പുറത്തെടുത്തു. വർഗീയത, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ, മുസ്ലിം – ക്രിസ്ത്യൻ വിരുദ്ധ നിലപാടുകൾ എല്ലാം അടങ്ങിയ ഹിന്ദുത്വവാദം ആയിരുന്നു അവരുടെ മുഖമുദ്ര. വിശാല അർത്ഥത്തിൽ അത് ബ്രാഹ്മിണിസം ആണ്. ഈ അവസ്ഥ കണ്ടിട്ട് എന്നെപ്പോലുള്ള സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ ഏറെ അസ്വസ്ഥനായിരുന്നു.

എന്നാൽ എഴുത്തുകാരും അധ്യാപകരും വിരമിച്ച ഉദ്യോഗസ്ഥരും ചരിത്രകാരും ബുദ്ധിജീവികളും ഒക്കെ അടങ്ങുന്ന സിവിൽ സമൂഹം അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ചിലർ വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോഴും ജനാധിപത്യത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുമ്പോഴും സിവിൽ സമൂഹം ശക്തമായി പ്രതികരിക്കേണ്ടതാണ്. ആ പ്രതികരണങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളെ ചെറിയ രീതിയിൽ എങ്കിലും പ്രതിരോധിക്കാൻ കഴിയും. നിർഭാഗ്യവശാൽ സർക്കാരുകൾ സിവിൽ സമൂഹത്തെ നിശബ്ദമാക്കുകയോ അല്ലെങ്കിൽ തങ്ങളുടെ സൗകര്യങ്ങൾ മാത്രം നോക്കിക്കൊണ്ട് അവർ സ്വയം നിശ്ബദതയുടെ പാത തെരഞ്ഞെടുക്കുകയോ ആയിരുന്നു. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ അസത്യ പ്രചാരണങ്ങൾ നടത്തുന്നവരായി പലരും മാറുക കൂടി ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഞങ്ങൾ കുറച്ചുപേർ എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കാൻ 2022 ഒക്ടോബർ മാസം അവസാനം യോഗം കൂടുന്നത്. ഞങ്ങളിൽ അധികംപേരും സർവ്വീസിൽ നിന്നും വിരമിച്ചവർ ആയിരുന്നു.

എദ്ദെളു കർണ്ണാടകയുടെ പ്രവർത്തകർ. കടപ്പാട്:federal

ഇത്തരം പ്രതികരണങ്ങൾ ഇന്ത്യ മുഴുവൻ ആവശ്യമായിരിക്കുന്ന ഒരു കാലമാണല്ലോ. എന്തായിരുന്നു ആ യോഗ തീരുമാനം എന്ന് പറയാമോ?

മറ്റ് സംഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് കർണ്ണാടകയ്ക്കുള്ളത്. മറാഠി, കൊങ്ങിണി, ഉറുദു, തുളു, തമിഴ് തുടങ്ങിയ ഭാഷ വൈവിധ്യങ്ങളാൽ ചുറ്റപ്പെട്ട കർണ്ണാടകയിൽ തന്നെ എഴുപത്തിയഞ്ചിൽ കൂടുതൽ ഭാഷകൾ ഉണ്ട്. ഭാഷാപരമായും വംശീയമായും ഏറെ വൈവിധ്യമുള്ള സംസ്ഥാനം. ഈ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ഞങ്ങൾ പൊതു ജനങ്ങൾക്കിടയിൽ ഒരു ചർച്ചയ്ക്കും സംവാദത്തിനും തുടക്കമിട്ടത്. എട്ടോളം സുഹൃത്തുക്കൾ ഒരു സൂം മീറ്റിൽ ഒത്തുകൂടുകയും ബി.ജെ.പിയുടെ ദുർഭരണത്തെക്കുറിച്ച് 2022 ഒക്ടോബർ മുതൽ 2023 ഏപ്രിൽ വരെ ജനങ്ങളെ ബോധവൽക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു സ്ഥാനാർത്ഥിക്ക് ഒരു പൗരൻ വോട്ട് ചെയ്യുമ്പോൾ എന്തുകൊണ്ട് അയാൾക്ക് വോട്ട് നൽകുന്നു എന്ന് അറിഞ്ഞിരിക്കണം എന്നത് പ്രധാനമാണല്ലോ. രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാരെ പണം നൽകിയും മറ്റ് പല രീതിയിലും സ്വാധീനിക്കാൻ ശ്രമിക്കുന്നത് കാരണം ഈ അവബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതോടെ പൗരന്മാർക്ക് തങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശവും നഷ്ടമാവുകയാണ്.

ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചു പറയാമോ?

ആദ്യം ചെയ്തത് ബി.ജെ.പിയുടെ കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്തെ മാനിഫെസ്റ്റോ എടുത്തു പരിശോധിക്കുകയായിരുന്നു. 2018 ൽ അവർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചു. എന്നിട്ട് അവർ നൽകിയ വാഗ്ദാനങ്ങളും അവർ യാഥാർഥ്യമാക്കിയ കാര്യങ്ങളുടെയും ഒരു ചാർട്ട് ഉണ്ടാക്കി. അങ്ങനെ മുപ്പത് പേജുള്ള ഒരു ഡോക്യുമെന്റ് ഞങ്ങൾ ഉണ്ടാക്കി. പ്രധാനപ്പെട്ട പന്ത്രണ്ടോളം മേഖലകൾ പരിശോധിച്ചാണ് അത് ചെയ്‍തത്. ജനപ്രതിനിധികളുടെ പെരുമാറ്റം, പ്രവർത്തനം, അവർ നേടിയ സമ്പത്ത്, കാർഷിക മേഖലയിലെ സ്ഥിതി തുടങ്ങിയവ അവയിൽ ചിലതായിരുന്നു. അവരുടെ സമ്പത്തിൽ 2018 ൽ പ്രഖ്യാപിച്ചതിൽ 64 ശതമാനം വർധനയാണ് 2023 ൽ ഞങ്ങൾക്ക് കാണാൻ പറ്റിയത്. ജനങ്ങളുടെ വരുമാനം താഴേക്കു പോകുമ്പോൾ ഈ വളർച്ച അവർ എങ്ങനെ സ്വായത്തമാക്കി എന്നതാണ് ഒരു അടിസ്ഥാന ചോദ്യം. 72 ശതമാനം സ്ത്രീകളാണ് കർണ്ണാടകയിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നത്. അവരിൽ 54 ശതമാനം പേർ പോഷക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അവരുടെ ജോലിയും ആരോഗ്യവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നർത്ഥം. കുട്ടികളുടെ പോഷക ദാരിദ്ര്യവും ഏറെ വർധിച്ചിരുന്നു. ഈ വിവരങ്ങളൊക്കെ ചേർന്നുള്ള ഒരു ഡോക്യുമെന്റ് ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ പങ്കുവച്ചു. അത് വായിച്ച് അവർ അത്ഭുതപ്പെട്ടു. വിവരാവകാശ നിയമം ശരിയായി നടപ്പാക്കാത്ത ഈ കാലത്ത് ഇതിനു വേണ്ട വിവരങ്ങൾ കണ്ടെത്തുക എളുപ്പമായിരുന്നില്ല. നാല് മാസം ഒരുപാട് ശ്രമിച്ചുകൊണ്ടാണ് ഇത്തരം വിവരങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചത്. മാർച്ച് 15 ആയപ്പോൾ ഈ വിവരങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ ഞങ്ങൾ ആരംഭിച്ചു. ദേവനൂർ മഹാദേവ, എ.ആർ വാസവി, വിജയമ്മ, റഹമത്ത് തരികെരെയെപ്പോലുള്ള പന്ത്രണ്ടോളം എഴുത്തുകാരുടെ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ച്, അവരുടെ പേര് സഹിതം ആ ഡോക്യുമെന്റ് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു.

എദ്ദെളു കർണ്ണാടകയുടെ യോ​ഗം

ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, അവ അവരെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങൾ അത്ര എളുപ്പമല്ലല്ലോ. സംഘപരിവാർ രാഷ്ട്രീയം തുറന്നുകാട്ടാൻ മറ്റെന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്?

സോഷ്യൽ മീഡിയ കമ്മറ്റി, സാമ്പത്തിക കമ്മറ്റി, ക്രിട്ടിക്കൽ കോൺസ്റ്റിറ്റ്യുവൻസി കമ്മിറ്റി, പൊളിറ്റിക്കൽ നെഗോസിയേഷൻ കമ്മിറ്റി, കണ്ടന്റ് റൈറ്റിംഗ് തുടങ്ങിയ ആറ് വ്യത്യസ്ത കമ്മറ്റികൾക്ക് ഞങ്ങൾ രൂപം നൽകി. സോഷ്യൽ മീഡിയയ്ക്കുവേണ്ടി ഞങ്ങൾ 900 പോസ്റ്ററുകൾ ഉണ്ടാക്കി. മുപ്പത് പേജുള്ള പുസ്തകത്തിൽ നിന്നായിരുന്നു അതിന് ആവശ്യമുള്ള ഉള്ളടക്കം തിരഞ്ഞെടുത്തത്. ഓരോ പോസ്റ്ററിലും മുപ്പതിൽ കൂടുതൽ വാക്കുകൾ ഉണ്ടായിരുന്നില്ല. ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വമാണ് അതിലെ ഭാഷ തെരഞ്ഞെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷം നിറഞ്ഞ മോശം ഭാഷ ഞങ്ങൾ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അത് വളരെ നല്ല ഫലം കണ്ടു. ജനങ്ങൾ ഏറെ നാളുകൾക്കു ശേഷം ആയിരുന്നു പോസിറ്റീവ് ആയ കാര്യങ്ങൾ കാണുന്നത്. അത് കൂടാതെ കർണ്ണാടകയിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം വിശദമാക്കുന്ന ഒരു പേജുള്ള പ്രസ്താവന ഞങ്ങൾ ഒപ്പുവച്ച് പുറത്തിറക്കിയിരുന്നു. അതിനോടൊപ്പം ഈ ആശയങ്ങൾ പ്രചരിപ്പിക്കാൻ സന്നദ്ധപ്രവർത്തകരാവാൻ താല്പര്യമുള്ളവരോട് ഒരു മിസ്ഡ് കാൾ തരാനും ആവശ്യപ്പെട്ടു. ഒരു ആഴ്ചയ്ക്കകം ഞങ്ങൾക്ക് 2800 സന്നദ്ധ പ്രവർത്തകരെ ലഭിച്ചു. ഞങ്ങൾക്ക് 3500 പ്രവർത്തകരെ ആവശ്യമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം 3800 പേരെ എദ്ദേളു കർണ്ണാടകയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അവരെ സംസ്ഥാന, ജില്ല, താലൂക്ക്, പ്രാദേശിക തലങ്ങളിലായി വിവിധ ​ഗ്രൂപ്പുകളാക്കി തിരിച്ചു.

അവരിൽ ഏതെങ്കിലും പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നോ?

ചിലർ പാർട്ടി പ്രവർത്തകർ ആയിരുന്നു. എന്നാൽ അവർ എദ്ദേളു കർണ്ണാടകയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടത് ബി.ജെ.പിക്ക് വോട്ടു ലഭിക്കാതിരിക്കാൻ പ്രവർത്തിക്കാൻ വേണ്ടി ആയിരുന്നു. വേറെ ഏതു രാഷ്ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യണം എന്ന് ഞങ്ങൾ പറഞ്ഞിരുന്നില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഉള്ള സംവിധാനങ്ങൾ നിലവിൽ ഉണ്ടാകും. എദ്ദേളു കർണ്ണാടകയ്ക്ക് അങ്ങനെയൊരു സംവിധാനം കെട്ടിപ്പടുക്കുകയും പ്രചാരണം ഫലവത്തായി നടത്തുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നോ?

തീർച്ചയായും, ഞങ്ങൾ പ്രതീക്ഷിച്ചതും അല്ലാത്തതുമായ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് എദ്ദേളു കർണ്ണാടക ജനങ്ങൾക്കിടയിൽ പ്രവൃത്തിച്ചത്. 220 നിയമസഭാ മണ്ഡലങ്ങളെ പത്ത് റീജിണൽ മേഖലകളാക്കിയായിരുന്നു പ്രവർത്തനം. അതിന്റെ ഉത്തരവാദിത്തം ഓരോ പ്രമുഖരായ വ്യക്തികളെ ഏൽപിപ്പിച്ചു. അവർക്ക് യാത്രയ്ക്കും മറ്റും ഉള്ള ചിലവുകൾ നൽകിയിരുന്നു. ഞാൻ സോഷ്യൽ മീഡിയ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്റെ കൂടെ പത്ത് സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാൻ തയ്യാറാക്കുന്ന പോസ്റ്ററുകൾ ബാംഗളൂരിൽ നിന്നും ഡിസൈൻ ചെയ്ത ശേഷം റീജിയണൽ ലെവൽ കോർഡിനേറ്ററുമാർക്ക് അയച്ചുകൊടുക്കും. അവർ മറ്റു സ്ഥലങ്ങളിലേക്കും അയച്ചു കൊടുക്കുകയായിരുന്നു. 30 മിനിറ്റിനകം അതെല്ലാം സന്നദ്ധ പ്രവർത്തകരുടെ അടുത്തേക്കും എത്തും. അവരിൽ നിന്നും സാധാരണ വോട്ടർമാരിലേക്കും. അങ്ങനെ ഒന്നര ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് അത്തരം സന്ദേശങ്ങൾ എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അവരിൽ നിന്നും മറ്റനേകം പേരിലേക്കും. എന്നാൽ ബി.ജെ.പിയുടെ ഐ ടി സെല്ലിന്റെ പ്രവർത്തനവുമായി താരതമ്യം ചെയ്യുമ്പോൾ അതൊക്കെ വളരെ ചെറുതായിരുന്നു. അതുകൂടാതെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള ചെറിയ വിഡിയോകളും ഞങ്ങൾ പ്രചരിപ്പിച്ചു. അതിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ലളിതമായും ആകർഷകമായും പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. ഇതുകൂടാതെ ഓഡിയോ മെറ്റിരിയലുകളും പ്രചരിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

പുരുഷോത്തം ബിളിമലെ. ഫോട്ടോ: പി.കെ രാജൻ

സാധാരണ രാഷ്ട്രീയ പാർട്ടികൾ രൂപം നൽകുന്നപോലെയുള്ള പ്രചാരണ തന്ത്രങ്ങൾ ഉണ്ടാക്കിയിരുന്നോ?

ചില നിയമസഭാ മണ്ഡലങ്ങൾ ഞങ്ങൾ എങ്ങനെ പ്രവൃത്തിച്ചാലും ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പുള്ളവയായിരുന്നു. അതുപോലെ പ്രതിപക്ഷ കക്ഷികൾ നിശ്ചയമായും വിജയിക്കുന്ന മണ്ഡലങ്ങളും ഉണ്ടായിരുന്നു. അത്തരം മണ്ഡലങ്ങൾ ഒഴിവാക്കി ഞങ്ങൾ ചില നിർണ്ണായക മണ്ഡലങ്ങളെ തിരഞ്ഞെടുത്തു. അത് ചുരുങ്ങിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചവ ആയിരുന്നു. എങ്ങനെ അവർ ആ വിജയം നേടി എന്ന് ഞങ്ങൾ പരിശോധിച്ചു. 2018ൽ ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറവായിരുന്നു എന്ന് കാണാൻ കഴിഞ്ഞു. അതിനുശേഷം ഏതു വിഭാഗം ജനങ്ങളാണ് കുറവ് വോട്ട് ചെയ്തതെന്ന് മനസിലാക്കി. മുസ്ലീം വിഭാഗം ആണ് വോട്ടു കുറച്ചു ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ചില സ്ത്രീകൾ വോട്ടു ചെയ്യുന്ന സമയത്തു തങ്ങളുടെ വിരൽ മഷി കുത്താൻ കാണിക്കാൻ മടിച്ചതിന്റെ പേരിൽ, ചിലപ്പോൾ ബുർഖ മാറ്റി മുഖം കാണിക്കുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടൊക്കെയായിരുന്നു. ഈ പ്രശ്നത്തെ മറികടക്കാൻ ഞങ്ങൾ മുസ്ലിം മുല്ലമാരെ കണ്ട് സംസാരിച്ചു. ഞങ്ങൾ അവരോട് സമുദായത്തിന്റെ പങ്കാളിത്തം തെരഞ്ഞെടുപ്പിൽ ഉറപ്പു വരുത്തുവാൻ അഭ്യർത്ഥിച്ചു. അല്ലെങ്കിൽ അത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും എന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകി. ഹിജാബ് വിഷയം കാരണം ആയിരക്കണക്കിന് മുസ്ലിം വിദ്യാർത്ഥികൾ സ്കൂൾ വിദ്യാഭ്യാസം നിർത്തിയിരുന്ന സാഹചര്യം കൂടിയായായിരുന്നല്ലോ. കൂടാതെ ഈ പ്രശനം പരിഹരിക്കാൻ ഡൽഹിയിലുള്ള വലിയ ഒരു സമുദായ നേതാവിനെയും കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹം ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ഒരു കാരണവശാലും വോട്ടു ചെയ്യാതിരിക്കരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇത്തരം മണ്ഡലങ്ങളിൽ ഞങ്ങളുടെ സന്നദ്ധ പ്രവർത്തകർ കഠിനപ്രയത്നം തന്നെ ചെയ്തു. അവർ വീട് വീടാന്തരം കയറി ഇറങ്ങി വോട്ടർമാരെ ബോധ്യപ്പെടുത്തി. അങ്ങനെ അവർ കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്യുകയും ബി.ജെ.പിയെ പരാജയപ്പെടുത്തുകയുമാണുണ്ടായത്.

ഞങ്ങൾക്ക് പൊളിറ്റിക്കൽ നഗോസിയേഷൻ കമ്മിറ്റി എന്നൊരു വിഭാഗം ഉണ്ടെന്ന് പറഞ്ഞല്ലോ. ബി.ജെ.പിയും കോൺഗ്രസ്സും വോട്ടു വിഭജിക്കാൻ വേണ്ടി സ്ഥാനാർത്ഥികളെ നിറുത്തുന്ന ഒരു രീതിയുണ്ടായിരുന്നു. അത്തരം 28 സ്ഥാനാർത്ഥികൾ ഇത്തവണ ഉണ്ടായിരുന്നു. അവരെ നേരിൽ കണ്ട് 22 പേരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.

സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം എങ്ങനെ ആയിരുന്നു? അവരുടെ ഇടയിൽ എന്തെങ്കിലും പ്രവർത്തനം നടത്തിയോ?

വേറെ ഒരു കാര്യം ഞങ്ങൾ ചെയ്‍തത് സ്ത്രീകൾക്ക് വേണ്ടി റീജിയണൽ തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കുകയായിരുന്നു. സന്നദ്ധ പ്രവർത്തകർക്കും, സ്ത്രീകൾക്കും പരിശീലനം നടത്തിയായിരുന്നു ഇത് സംഘടിപ്പിച്ചത്. അതിലൂടെ സ്ത്രീ വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കാൻ കഴിഞ്ഞു. അവർക്കു രാഷ്ട്രീയ രംഗത്തെ പ്രതിസന്ധികൾ എളുപ്പത്തിൽ മനസിലാക്കാനും സാധിച്ചു. അതിനുവേണ്ടി ഞങ്ങളുടെ പ്രവർത്തകർ ഗ്രാമങ്ങളിൽ നന്നായി പ്രവർത്തിച്ചു. അവർക്കു വോട്ടർമാരെ യാഥാർഥ്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

എദ്ദെളു കർണ്ണാടകയുടെ യോ​ഗത്തിൽ സ്ത്രീകൾ.

ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ എദ്ദേളു കർണ്ണാടകയുടെ പ്രവർത്തനത്തിൽ പങ്കാളികൾ ആയിരുന്നോ?

ഞങ്ങൾ കോൺഗ്രസിന് ജെ.ഡി.എസ്സിനും വോട്ടു കൊടുക്കണം എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ബി.ജെ.പിക്ക് വോട്ടു കൊടുക്കരുത് എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ഉണ്ടാക്കിയ പോസ്റ്ററുകൾ ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ വ്യാപകമായി ഉപയോഗിച്ചു. ചിലപ്പോൾ അവരുടെ ലോഗോ അതിൽ ഉപയോഗിച്ചും പ്രചാരണം നടത്തി. ഞങ്ങളുടെ എല്ലാ മെറ്റീരിയലുകളും പകർപ്പവകാശം ഇല്ലാതെയാണ് പുറത്തിറക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയെയും ഞങ്ങളുടെ പ്രവർത്തനത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല. അവരുടെ ഒരു രീതിയിലുമുള്ള സഹായങ്ങൾ ഞങ്ങൾ സ്വീകരിച്ചിരുന്നുമില്ല. എന്നാൽ കോൺഗ്രസ് ഞങ്ങളുടെ പ്രവർത്തനത്തിന് ഇത്രയും പ്രഭാവം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. അവർ സത്യത്തിൽ ഇപ്പോഴും ഉണർന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അവർക്കു മണ്ണിലിറങ്ങി പ്രവർത്തിക്കാനുള്ള പ്രവർത്തകർ ഇപ്പോഴും ഇല്ല.

എദ്ദേളു കർണ്ണാടക നേരിട്ട മുഖ്യ വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

പല പുരോഗമന പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങൾ ഏറെ വ്യത്യസ്തമാണ്. 112 ഓളം സംഘടനകളെയാണ് എദ്ദേളു കർണ്ണാടക അണിനിരത്തിയത്. അതിന് ഏറെ പരിശ്രമം ആവശ്യമായി വന്നു. ചിലർ അംബേദ്‌കറുടെ ആശയങ്ങൾ പിന്തുടരുമ്പോൾ മറ്റു ചിലർ ലോഹ്യയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. ഞങ്ങളുടെ ഒരു യോഗത്തിൽ പ്രകാശ് രാജ് പങ്കെടുത്ത് സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടായിരുന്നു, അദ്ദേഹം വലിയ മോദി വിമർശകനായിട്ടുപോലും. മാർക്സിസ്റ്റ് പാർട്ടികളിൽ തന്നെ വിവിധ വിഭാഗങ്ങൾ ഉണ്ട്. അങ്ങനെ ബി.ജെ.പി വിരുദ്ധ ശക്തികൾ പലതായി വിഭജിച്ചു കിടക്കുകയാണ്. അവരെല്ലാം ബി.ജെ.പിക്ക് എതിരാണെങ്കിലും അവരെ ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുക എന്നത് ഏറെ ദുർഘടകരമാണ്. എന്നാൽ ഈ പ്രശ്നം സംഘപരിവാറിന് വലിയ രീതിയിൽ നേരിടേണ്ടിവരുന്നില്ല. അവരുടെ ആളുകൾ ചിന്തിക്കാതെ നിർദ്ദേശങ്ങൾ അനുസരിക്കുന്നവരാണ്. അതുകൊണ്ടു വ്യത്യസ്ത അഭിപ്രായങ്ങൾ ഒക്കെ അവർക്കിടയിൽ കുറവാണ്. വേറൊരു പ്രശനം സിവിൽ സൊസൈറ്റി അംഗങ്ങളിൽ പലരും ഈഗോ കാണിക്കുന്നവരാണ്. അവർ പലരും തങ്ങൾക്ക് എല്ലാം അറിയാം എന്ന് കരുതുന്നവരാണ്, യാഥാർത്ഥ്യം അങ്ങനെ അല്ലെങ്കിലും. റിട്ടയർ ചെയ്ത ചില ഐ എ എസ് ഓഫിസർമാർ, പ്രൊഫസർമാർ ഒക്കെ അയക്കുന്ന വാട്സ്അപ് സന്ദേശങ്ങൾ വായിച്ചാൽ തന്നെ അത് മനസിലാകും. ആഗോളവൽക്കരണം, സംഘപരിവാറിന്റെ രാഷ്ട്രീയം, ജാതിവ്യവസ്ഥ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് പലർക്കും വ്യക്തതയില്ല എന്നുകാണാം. കൂടാതെ മധ്യവർഗം എപ്പോഴും കൂടുതൽ സൗകര്യങ്ങൾ സ്വന്തമാക്കാൻ പരക്കം പായുന്നവരാണ്. അവരെ കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല.

ബി.ജെ.പിയിൽ നിന്നും ഭീഷണികൾ നേരിട്ടോ?

ഇല്ല. ഞങ്ങൾ അക്രമത്തിന്റെ ഭാഷ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാദേശിക പ്രവർത്തകരും വലിയ രീതിയിലുള്ള എതിർപ്പുകളും ആക്രമണങ്ങളൂം നേരിട്ടില്ല. ഞങ്ങൾ ഒരിക്കലും ഒരു നുണയും പ്രചരിപ്പിച്ചില്ല. മോദിയെ തുറന്നുകാട്ടുമ്പോഴും വെറുപ്പിന്റെ ഭാഷ ഞങ്ങൾ ഉപയോഗിച്ചില്ല. മാത്രവുമല്ല എദ്ദേളു കർണ്ണാടകയുടെ പ്രവർത്തനങ്ങൾക്ക് ഇത്രവലിയ ഫലം ഉണ്ടാക്കാൻ പറ്റും എന്ന് അവർ കരുതിയിരുന്നില്ല എന്നതാണ് വേറൊരു കാര്യം. മാത്രവുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചും കളവുകൾ പ്രചരിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ ബി.ജെ.പിയുടെ മൊത്തം വോട്ട് ഷെയറിൽ മാറ്റം വന്നില്ല എന്ന യാഥാർത്ഥ്യവുമുണ്ട്. 2018 ൽ അത് 36 ശതമാനം ആയിരുന്നത് 36.2 ശതമാനം ആയി വർധിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന് 38 ശതമാനത്തിൽ നിന്നും 42 ശതമാനം ആയി വർധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

ബാം​ഗ്ലൂരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കടപ്പാട്:quint

ഈ ദിന (Eedina) എന്ന സമാന്തര മാധ്യമവും എദ്ദേളു കർണ്ണാടകയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നല്ലോ. അതിന് രൂപം കൊടുക്കാൻ എന്തായിരുന്നു പ്രചോദനം?

ഡൽഹിയിൽ നടന്ന കർഷക സമരത്തിന്റെ അവസരത്തിൽ അവർ മുഖ്യധാരാ മാധ്യമങ്ങളെ സമര വേദിയിൽ നിന്നും അകറ്റി നിർത്തുകയും ഒരു സമാന്തര മാധ്യമം ആരംഭിക്കുകയും ചെയ്തിരുന്നല്ലോ. tractor 2 twitter (@Tractor2twitr) എന്ന ട്വിറ്റർ അക്കൗണ്ട് അത്തരം ഒരു ഇടപെടലായിരുന്നല്ലോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അതിന് സഹായിച്ചിരുന്നു. അഞ്ചു ലക്ഷത്തോളം ആളുകൾക്കിടയിൽ യഥാർത്ഥ വിവരങ്ങൾ എത്തിക്കാൻ വേണ്ടി അവർ Trolley Times എന്ന ടാബ്ലോയിഡ് വലുപ്പത്തിലുള്ള പത്രം പ്രസിദ്ധീകരിച്ചു. അതിന്റെ സാധ്യതകൾ മനസിലാക്കിയ ഞങ്ങളും ഒരു സമാന്തര പ്രസിദ്ധീകരണം (eedina.com) തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഞങ്ങളുടെ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഈദിന (ഇന്ന്) എന്ന യൂട്യൂബ് ചാനൽ (https://www.youtube.com/@eedinanews/videos) ആരംഭിച്ചു. അത് കാണാനും പ്രചരിപ്പിക്കാനും ഞങ്ങൾ യുവാക്കളോട് അഭ്യർത്ഥിച്ചു. അത് വലിയ ഒരു വിജയമായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപേ 42,000 സന്നദ്ധ പ്രവർത്തകരെ വച്ച് കർണ്ണാടകയിലെ രാഷ്ട്രീയ അവസ്ഥ മനസിലാക്കാൻ ഈ ദിന ഒരു സർവ്വേ നടത്തി. ആ സർവ്വേ ഫലം കോൺഗ്രസിന് 132 നും 136 നും ഇടയ്ക്ക് സീറ്റ് ലഭിക്കുമെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 136 സീറ്റ് കോൺഗ്രസിന് ലഭിച്ചു. ബി.ജെ.പിക്ക് ലഭിക്കുമെന്ന് കണ്ടെത്തിയത് 70 ആയിരുന്നു, അവർക്കു 66 സീറ്റാണ് ലഭിച്ചത്. അങ്ങനെ ഇ ദിനയുടെ സർവ്വേ വളരെ ശരിയായിരുന്നു എന്ന് തെളിഞ്ഞു. തങ്ങളുടെ പ്രയത്നം ഫലവത്താവുന്നു എന്ന് കാണിച്ച സർവ്വേ ഫലങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് പ്രതീക്ഷയും ഊർജവും നൽകി. ഞങ്ങൾക്ക് യുവതലമുറയിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് നഗരങ്ങളിൽ നിന്നും. കർണ്ണാടകയിൽ വളരെ ജനശ്രദ്ധ ലഭിക്കുന്ന സമാന്തര മാധ്യമം ആണ് ഈ ദിന ഇപ്പോൾ. എദ്ദേളു കർണ്ണാടകയുടെ ചില പ്രവർത്തകർ ചേർന്ന് ‘ജാഗ്രത കർണ്ണാടക’ എന്ന ഒരു സംഘടനയ്ക്കു രൂപം നൽകിവരികയാണ്. കർണ്ണാടക ഭരണ മോഡൽ രുപീകരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവർ ബാംഗ്ലൂരിൽ അതിനുവേണ്ടി ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്ക് കർണ്ണാടകയിൽ എന്തെങ്കിലും ചലനം ഉണ്ടാക്കാൻ കഴിഞ്ഞോ?

കോൺഗ്രസ് പാർട്ടിയും ജെ.ഡി.എസ്സും അക്ഷാരാർത്ഥത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബി.ജെ.പിയുടെ പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും പ്രഹരശേഷി ഭയന്ന് അവർ ഹതാശയരായി ഇരിക്കുകയായിരുന്നു. 2022 ഒക്ടോബർ വരെ അവർ ആ അവസ്ഥയിൽ തുടർന്നു. കേരളത്തിൽ നിന്നും ഭാരത് ജോഡോ യാത്ര കർണ്ണാടകയിൽ എത്തിയപ്പോൾ അഭൂതപൂർവ്വമായ ജന പിന്തുണയാണ് അതിനു ലഭിച്ചത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നുള്ള സന്ദേശം അത് കോൺഗ്രസ് പാർട്ടിക്കു നൽകി. സിദ്ധരാമയ്യയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ചു ഒത്തുകൂടിയ പത്തുലക്ഷത്തിലധികം ജനങ്ങളും ആ സന്ദേശമാണ് നൽകിയത്. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ കോൺഗ്രസ് പാർട്ടി ഉണർന്നു പ്രവർത്തിക്കുകയില്ലായിരുന്നു.

ഭാരത് ജോഡോ യാത്ര ബാം​ഗ്ലൂരിൽ എത്തിയപ്പോൾ. കടപ്പാട്:outlook

കോൺഗ്രസ് പാർട്ടി എദ്ദേളു കർണ്ണാടകയുടെ പ്രവർത്തനത്തിൽ നിന്നും പുതിയകാല രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട പാഠങ്ങൾ ഉൾക്കൊള്ളും എന്ന് താങ്കൾ കരുതുന്നുണ്ടോ?

തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും എന്നെ ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ആ യോഗത്തിൽ എദ്ദേളു കർണ്ണാടക നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും കോൺഗ്രസ് പാർട്ടിയിൽ നിന്നും ഏതുതരത്തിലുള്ള ഭരണമാണ് പ്രതീക്ഷിക്കുന്നത് എന്നും എന്നോട് ചോദിക്കുകയുണ്ടായി. ഞാൻ എഴുതി തയ്യാറാക്കിയ പത്തു നിർദ്ദേശങ്ങൾ അവർക്കു മുൻപിൽ വച്ചു. കോൺഗ്രസ് സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചില്ല എങ്കിൽ സിവിൽ സമൂഹത്തിന്റെ പിന്തുണ ഉണ്ടാകില്ലയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രവർത്തിക്കുമെന്നും ഞാൻ പറഞ്ഞു. ഞാൻ ചോദിച്ച വേറൊരു കാര്യം ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട 136 അംഗങ്ങളിൽ എത്രപേർക്ക് അവരുടെ സ്വന്തം പ്രസ്ഥാനമായ കോൺഗ്രസിന്റെ ചരിത്രം അറിയാം എന്നായിരുന്നു. എത്രപേർക്ക് നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സംഭാവനകൾ അറിയാം? എത്രപേർക്ക് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം അറിയാം? രണ്ടോ മൂന്നോ പേർ മാത്രമായിരിക്കും അത്. അതുകൊണ്ട് കോൺഗ്രസ് പ്രവർത്തകരെ ബൗദ്ധികമായി ഉയർത്താനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പാർട്ടി ആലോചിക്കണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ദേശീയതയും പ്രാദേശികതയും ഒന്നിച്ചു കൊണ്ടുപോകാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയണമെന്നും ഞാൻ സൂചിപ്പിച്ചു. അദ്ദേഹം അതൊക്കെ പരിഗണിക്കാമെന്നാണ് പറഞ്ഞത്. അധികാരം ഏറ്റെടുത്തുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സിദ്ധരാമയ്യ എദ്ദേളു കർണ്ണാടകയുടെ പ്രവർത്തനത്തെ പ്രശംസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിന്റെ ഏതെങ്കിലും സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ എദ്ദേളു കർണ്ണാടക പ്രവർത്തകർ ആരും തന്നെ താല്പര്യപ്പെടുന്നില്ല. ഞങ്ങളെപ്പോലുള്ളവരെ സാഹിത്യ അക്കാദമി പോലുള്ള സംവിധാനങ്ങളിൽ കുടിയിരുത്തുക പതിവുള്ള കാര്യമാണല്ലോ.

സിവിൽ സൊസൈറ്റിയുടെ സാമൂഹ്യ പ്രവർത്തനത്തെ എങ്ങനെയാണ് താങ്കൾ വിമർശനാത്മകമായി നോക്കിക്കാണുന്നത്? രാഷ്ട്രീയ പ്രവർത്തന രംഗത്ത് തിരുത്തൽ ശക്തിയാവുക എന്നതാണോ അതിന്റെ ദൗത്യം?

നമ്മളെ ഓരോരുത്തരെയും ജീവിക്കാൻ പിന്തുണച്ച സമൂഹത്തിനുവേണ്ടി പ്രവൃത്തിക്കാനും തങ്ങളുടെ സുഖസൗകര്യങ്ങൾ മാറ്റിവച്ച് കർമ്മ രംഗത്തേക്കിറങ്ങാനും ഓരോ സിവിൽ സൊസൈറ്റി അംഗവും തായാറാവണം. പ്രത്യേകിച്ചും സമൂഹം ഇന്ന് നേരിടുന്നതുപോലുള്ള വലിയ ഭീഷണികൾ നിലനിൽക്കുമ്പോൾ. സ്വതന്ത്രമായി ചിന്തിക്കാനും പ്രവൃത്തിക്കാനും അവർക്കു കഴിയണം. എന്നാൽ സിവിൽ സൊസൈറ്റി സാധാരണ ചെറിയ കാലയളവിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. എദ്ദേളു കർണ്ണാടക 2022 ൽ തന്നെ അക്കാദമിക് വർക്ക് തുടങ്ങിയെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചത് തെരഞ്ഞെടുപ്പിന് ഒന്നര മാസം മുൻപ് മാത്രമാണ്. ഈ കാലയാളവിൽ മുഴുവൻ ഊർജവും അതിനുവേണ്ടി ആയിരുന്നു. ദീർഘകാലം അങ്ങനെ സന്നദ്ധ പ്രവർത്തനം നടത്താൻ സൊസൈറ്റി അംഗങ്ങൾ തയ്യാറാവില്ല. അതാണ് അവരുടെ മൈൻഡ് സെറ്റ്.

വിദ്വേഷ പ്രചാരണത്തിനെതിരെ ബാം​ഗ്ലൂരിൽ നടന്ന സിവിൽ സൊസൈറ്റി ​ഗ്രൂപ്പുകളുടെ ക്യാമ്പയിൻ

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഉണ്ടായ സിവിൽ സൊസൈറ്റി മൂവ്മെന്റ് നിർവ്വഹിച്ച ദൗത്യം ഇന്ത്യയിൽ സംഘപരിവാറിന് അധികാരത്തിലെത്താനുള്ള വഴിയൊരുക്കുക കൂടിയായിരുന്നല്ലോ. കൃത്യമായ പ്രത്യയശാസ്ത്ര ബോധ്യങ്ങളില്ലാതെ, സമൂഹത്തിൽ അതാത് കാലത്തുണ്ടാവുന്ന ചില പ്രതിസന്ധികളെ അഡ്രസ് ചെയ്യാൻ രൂപം കൊള്ളുന്ന സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ കാലാന്തരത്തിൽ ആപൽക്കരമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കാനും കാരണമാകുന്നില്ലേ? ആ പരിമിതി കാണാതിരിക്കാനാകുമോ?

തീർച്ചയായും അത് വലിയ ഒരു പരിമിതിയും അപകടവും തന്നെയാണ്. അതുകൊണ്ടാണ് കർണ്ണാടകയിൽ ഞങ്ങൾ ഒരു ഹ്രസ്വകാല പ്രവർത്തനം മാത്രം ലക്ഷ്യമിട്ടത്. ഒരു രാഷ്ട്രീയ പാർട്ടി ആവാനും അത് ഉദ്ദേശിച്ചിരുന്നില്ല. ഒരു അടിയന്തിര ആവശ്യം നേടിയെടുക്കുക മാത്രം ലക്ഷ്യമിട്ടത് ഈ പരിമിതി തിരിച്ചറിഞ്ഞതുകൊണ്ടാണ്. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല എന്നാണു ഞാൻ കരുതുന്നത്. അതിന് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച രാഷ്ട്രീയ പ്രസ്ഥാനം വേണ്ടിവരും. അത് ഏറെ നീണ്ടകാല പ്രവർത്തനം ആവശ്യപ്പെടുന്ന കാര്യമാണ്. തെലുങ്കാനയിൽ എദ്ദേളു കർണ്ണാടകയുടെ മാതൃകയിൽ എദ്ദേളു ബി.ജെ.പി മൂവ്മെന്റ് ആരംഭിച്ചിട്ടുണ്ട്. ഫലപ്രദമാവുന്നു എന്ന് കണ്ടാൽ രാഷ്ട്രീയ പാർട്ടികൾ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ രീതികൾ മാതൃകയാക്കുകയും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യും.

ഇന്ത്യയിലെ ഓരോ പ്രദേശങ്ങളും ഭൂമിശാസ്ത്രപരമായും, സാമൂഹിക സാംസ്ക്കാരിക സാഹചര്യങ്ങളാലും വ്യത്യസ്തമായിരിക്കുന്നതിനാൽ എദ്ദേളു കർണ്ണാടക പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ സാധ്യതയുള്ളതാണെന്ന് തോന്നുന്നുണ്ടോ?

എദ്ദേളു കർണ്ണാടകയുടെ പ്രവർത്തങ്ങളെക്കുറിച്ച് മനസിലാക്കാൻ തെലുങ്കാന, ഒഡീഷ, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നിന്നും സിവിൽ സൊസൈറ്റി അംഗങ്ങൾ ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ കേരളത്തിൽ എന്നെ ക്ഷണിച്ചതും അതിന്റെ ഭാഗമായാണല്ലോ. എന്നാൽ കർണ്ണാടകയിൽ നടന്ന ഒരു പ്രവർത്തനരീതി മറ്റിടങ്ങളിൽ അതേപോലെ പ്രാവർത്തികമാക്കാൻ പറ്റണമെന്നില്ല. എന്നാൽ ചില പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുകയും ചെയ്യും. നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളനുസരിച്ച് ഓരോ സ്ഥലത്തും ജനങ്ങളെ പ്രക്ഷോഭങ്ങളിൽ അണിനിരത്താൻ വേണ്ടി അനുയോജ്യമായ വഴികൾ കണ്ടെത്തേണ്ടിവരും.

എന്തുകൊണ്ടാണ് വലിയ അനുഭവസമ്പത്തുള്ള, ഒരുപാട് കാലം അധികാരത്തിലിരുന്ന കോൺഗ്രസ് പാർട്ടിക്ക് എദ്ദേളു കർണ്ണാടകയൊക്കെ വിഭാവനം ചെയ്ത് നടപ്പിലാക്കിയ രീതിയിൽ വളരെ നിർമ്മാണാത്മകമായ ഒരു രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാതെ പോകുന്നത്?

കോൺഗ്രസ് അടിസ്ഥാനപരമായി ഒരു ഫ്യൂഡൽ പാർട്ടിയാണ്. അവർക്കു പ്രാദേശിക തലത്തിൽ ശക്തരായ പ്രവർത്തകർ ഇല്ല എന്ന് പറയാം. ബി.ജെ.പിയെ മടുക്കുമ്പോൾ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യമെന്ന് അവർ വിശ്വസിക്കുന്നു. അത്തരം അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അവരുടെ പതിവ്. ഇപ്പോൾ പോലും കർണ്ണാടക രാഷ്ട്രീയത്തിലെ സുപ്രധാന വിഷയങ്ങളെ അഡ്രസ് ചെയ്യാൻ അവർക്കു കഴിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ ബി.ജെ.പി യെക്കാൾ മെച്ചപ്പെട്ട പാർട്ടി എന്നല്ലാതെ കോൺഗ്രസ് നമ്മുടെ രാജ്യത്തിന് ഭാവിയിൽ ആശ്രയിക്കാവുന്ന ഒരു പാർട്ടി ആണെന്ന് പറയാൻ കഴിയില്ല. ആർ.എസ്.എസ്സിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരുപാട് പേര് കോൺഗ്രസിൽ തന്നെയുണ്ട്. അവരിൽ പലർക്കും മുസ്ലിം വിരുദ്ധ നിലപാടുകളുമുണ്ട്. പല അസംബന്ധ പ്രസ്താവനകളും അവർ നടത്തുന്നത് അതുകൊണ്ടാണ്. അവർ ചരിത്രത്തിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ ഏറ്റെടുക്കാൻ അവർക്കു കഴിഞ്ഞിട്ടുമില്ല. അവർക്കു നല്ല ഐ.ടി നെറ്റ്‌വർക്ക് പോലുമില്ല.

എദ്ദെളു കർണ്ണാടകയുടെ യോ​ഗത്തിൽ സംസാരിക്കുന്ന ദേവനൂർ മഹാദേവ, യോ​ഗേന്ദ്ര യാദവ് സമീപം.

കർണ്ണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

ശരിയായ ഒരു വിലയിരുത്തലിന് സമയമായിട്ടില്ല. എങ്കിലും കർണ്ണാടകയിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതെയായി എന്ന് കാണാൻ കഴിയും. ബി.ജെ.പി ഭരണകാലത്ത് ഉണ്ടായിരുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ ഇപ്പോൾ കർണ്ണാടകയിൽ ഇല്ല. വർഗീയതയ്‌ക്കെതിരെ ചില നടപടികൾ സർക്കാർ എടുത്തിട്ടുള്ളതായും കാണാൻ കഴിയും. കോൺഗ്രസ് നടപ്പിലാക്കികൊണ്ടിരിക്കുന്ന ചില സാമൂഹ്യ സുരക്ഷ പദ്ധതികളാണ് ഇപ്പോൾ ചർച്ചാവിഷയം. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും അത്ര നല്ല സൗഹൃദത്തിൽ അല്ലെങ്കിലും അതിപ്പോൾ വലിയ പ്രതിസന്ധികൾ സൃഷിടിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അവർ തിരിച്ചറിയുന്നുണ്ട്.

I-N-D-I-A എന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയെ എങ്ങനെയാണ് താങ്കൾ കാണുന്നത്? അത് ഒരു ശുഭപ്രതീക്ഷയ്‌ക്ക് വക നൽകുന്നുണ്ടോ?

ഇപ്പോൾ ഒരു മാസം പിന്നിട്ട I-N-D-I-A യുടെ ഭാവി പദ്ധതികളുടെ രൂപരേഖ എന്താണെന്ന് അറിയില്ല. അങ്ങനെയൊന്ന് അവർ ഉണ്ടാക്കിയിട്ടുണ്ടോ? സമയബന്ധിതമായി നടപ്പാക്കി മുന്നോട്ടുപോകാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകാതെ എങ്ങനെ മുന്നോട്ടുപോകും? ചന്ദ്രശേഖര റാവു, മമത ബാനർജി, സ്റ്റാലിൻ, അരവിന്ദ് കെജരിവാൾ, ശരത് പവാർ തുടങ്ങിയ നേതാക്കളെ ഒരുമിച്ചുകൊണ്ടുപോവുക അത്ര എളുപ്പമല്ല. ഇപ്പോൾ തന്നെ അവർക്കിടയിൽ രണ്ട് ഗ്രൂപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ ഇല്ല എന്ന് പ്രഖ്യാപിച്ച ഏക നേതാവ് രാഹുൽ ഗാന്ധി മാത്രമാണ്. കലഹിക്കാതെ തെരഞ്ഞെടുപ്പ് വരെയെങ്കിലും അവർക്ക് മുന്നോട്ടുപോകാൻ കഴിയുമോ എന്ന് നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മറുവശത്ത് ബി.ജെ.പിയിൽ ഇത്തരം പ്രതിസന്ധികൾ താരതമേന്യ കുറവാണെന്ന് കാണാം. ആ രീതിയിൽ ഒരു കെട്ടുറപ്പ് അവർക്കുണ്ടെന്ന് പറയാം. കൂടാതെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ പരാജയം നേരിടുമ്പോൾ കൂടുതൽ ഊർജസ്വലമായ പ്രവർത്തിക്കുകയാണ് ആർ.എസ്.എസ് ചെയ്യുക. എന്നാൽ മറ്റു പാർട്ടികൾ നിഷ്ക്രിയരാവുകയാണ് പതിവ്. അതുകൊണ്ടാണ് കേരളത്തിലും തമിഴ് നാട്ടിലും ആർ.എസ്.എസ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നത്. ഇന്ത്യ നേരിടുന്ന അപചയത്തെക്കുറിച്ച് സിവിൽ സൊസൈറ്റികൾ ആകുലരാവുന്ന അതേ തീവ്രതയിൽ രാഷ്ട്രീയ പാർട്ടികൾ അസ്വസ്ഥരാണെന്ന് ഞാൻ കരുതുന്നില്ല. അവർക്കു സാമൂഹ്യ പുരോഗതിയെക്കാൾ വലുത് അധികാരമാണ്. കേന്ദ്ര സർക്കാർ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. അത് എത്രമാത്രം തങ്ങൾക്കു അനുകൂലമാക്കിയെടുക്കാൻ പ്രതിപക്ഷത്തിന് സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

സാധാരണഗതിയിൽ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ അത് അംഗീകരിക്കാനും പ്രതിപക്ഷത്തിരിക്കാനും ഒരു രാഷ്ട്രീയ പാർട്ടി തയ്യാറാവും. എന്നാൽ അങ്ങനെയൊരു ജനാതിപത്യ രീതിയെ അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികാരം നിലനിർത്താൻ അവർ ഏതറ്റംവരെയും പോകും എന്ന് കരുതുന്നുണ്ടോ?

അങ്ങനെയൊരു സാധ്യത തന്നെയാണ് ഉള്ളത്. പുൽവാമയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല. നമ്മൾ ഏറെ ജാഗരൂകരാകേണ്ടിയിരിക്കുന്നു. അത് സാമുദായിക സംഘർഷമാവാം, യുദ്ധം ആവാം അല്ലെങ്കിൽ രാമ ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം ആകാം. മുഖ്യമായും വർഗീയത സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന രീതിയാണ് സംഘ്പരിവാറിന്റേത്. ഇത്തവണ നമുക്ക് ഭാവനയിൽ കാണാൻ കഴിയാത്ത രീതിയിലുള്ള വിനാശപദ്ധതികൾക്ക് അവർ രൂപം നൽകിയേക്കാം.

നരേന്ദ്ര മോദി ഇപ്പോൾ പഴയപോലെ പ്രസന്ന വദനനായിട്ടല്ല കാണപ്പെടുന്നത്. താൻ കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകർന്ന് തുടങ്ങിരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിയുന്നതായിട്ട് വേണം കരുതാൻ. ആർ.എസ്.എസ്സിനകത്ത് നിന്നും മോദി വിമർശനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ മോദി ഹിംസയിൽ ആനന്ദം കണ്ടെത്തുന്ന (sadist) കൂടിയാണെന്ന് നമ്മൾ ഓർക്കണം. മറ്റുള്ളവർ തനിക്ക് അധികാരം നൽകിയില്ലെങ്കിൽ സ്വന്തം പാർട്ടിയെ തന്നെ നശിപ്പിക്കാനും മോദി മടിക്കില്ല. എന്റെ മനസ് പറയുന്നത് 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അങ്ങേയറ്റം മോശമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

15 minutes read September 6, 2023 2:09 pm