ഇനിയും കത്തിതീരാത്ത മനുസ്‌മൃതിയും മനുവാദികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“If unfortunately, Brahminism does not end by burning Manu Smriti, then we will have to either burn the people suffering from Brahmanism or leave Hinduism.” – Dr. Babasaheb Ambedkar

ചരിത്രത്തിൽ ഒരിക്കലും മറന്നുപോവരുതാത്ത പ്രധാനപ്പെട്ട ദിവസമാണ് മാനവ ധർമ്മശാസ്ത്രം അല്ലെങ്കിൽ മനുവിൻ്റെ നിയമങ്ങൾ എന്ന് അറിയപ്പെടുന്ന മനുസ്മൃതി എന്ന ഗ്രന്ഥം സമത്വത്തിനായുള്ള ഒരു സാമൂഹിക വിപ്ലവത്തിന് തുടക്കമിടുന്നതിനുള്ള പ്രതീകാത്മകമായ നിരാകരണമായി 1927-ൽ ബാബാസാഹേബ് അംബേദ്ക‍ർ പരസ്യമായി കത്തിച്ചത്. യഥാർത്ഥ സാമൂഹിക മാറ്റത്തിന് സ്മൃതി അധിഷ്ഠിതമായ ഏതൊരു വ്യവസ്ഥയെയും പൊളിച്ചുമാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു. സ്ത്രീകളും പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളും വെറും രണ്ടാം തരം പൗരരായി മാത്രം കാണപ്പെടേണ്ടവരാണെന്ന് വിധിക്കുന്ന, അസമമത്വവും അനീതിയും ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമായ മനുസ്മൃതി ബാബാസാഹേബ് അംബേദ്‌കർ കത്തിച്ചിട്ട് ഇന്ന് 98 വർഷം തികയുന്നു. മനുസ്മൃതി പൊതുസ്ഥലത്ത് കത്തിച്ചത് സവർണ്ണ ബ്രാഹ്മണ മതത്തോടുള്ള വെറുപ്പിന്റെ പ്രതീകം മാത്രമല്ല, ദലിതരുടെയും സ്ത്രീകളുടെയും ആത്മാഭിമാനം ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു വിമോചന മാർഗം കൂടിയായിരുന്നു.

ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന മഹദ് സത്യാഗ്രഹത്തിനിടെ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് അപ്രധാനമായ മനുസ്മൃതി എന്ന ഗ്രന്ഥം ബാബാസാഹേബ് കത്തിക്കുന്നത്. മഹദ് (ചാവദാർ) ടാങ്കിൽ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനായി അംബേദ്കറും അദ്ദേഹത്തിന്റെ അനുയായികളും സംഘടിപ്പിച്ച സമാധാനപരമായ പ്രക്ഷോഭമായിരുന്നു മഹദ് സത്യാഗ്രഹ. സത്യാഗ്രഹയുടെ ഭാഗമായി അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും മഹദ് ടാങ്കിൽ നിന്നും വെള്ളം കുടിച്ചു. ആർക്കും നിയമപരമായി വെള്ളം കുടിക്കാൻ അവകാശമുള്ള ടാങ്കിൽ നിന്നും വെള്ളം കുടിച്ചിട്ടും, അതിനെതിരെ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ പ്രാദേശിക കോടതിയെ സമീപിച്ചു. തുടർന്ന് ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരായ ശക്തമായ പ്രതിഷേധമായും, ദലിതർക്കും സ്ത്രീകൾക്കുമെതിരായ സാമൂഹിക അസമത്വത്തെയും വിവേചനത്തെയും ശക്തിപ്പെടുത്തുന്നതിന് എതിരെയുമാണ് ബാബാസാഹേബ് മനുസ്മൃതി കത്തിച്ചത്.

മനുസ്മൃതി കത്തിക്കൽ. പ്രതീകാത്മക ചിത്രം.

തൊട്ടുകൂടായ്മയെ ഇല്ലാതാക്കുക എന്നത് മാത്രമല്ല ചാതുർവർണ്യത്തെ അതിന്റെ വേരോട് കൂടെ പിഴുതെറിയണം എന്നും അബേദ്ക്കർ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ബ്രാഹ്മണ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. ഒരു പത്രം അദ്ദേഹത്തെ ‘ഭീം അസുരൻ’ എന്ന് വിളിച്ചു. മനുസ്മൃതി കത്തിച്ചതിനെക്കുറിച്ച് ഡോ. അംബേദ്കർ നിരവധി ലേഖനങ്ങളിലൂടെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ വിമർശകർ ആരും തന്നെ മനുസ്മൃതി വായിച്ചിട്ടില്ല എന്നും ഞങ്ങൾ ഒരിക്കലും മനുസ്‌മൃതിയെ അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മനുസ്മൃതി എല്ലാ ജാതികളിലുമുള്ള സ്ത്രീകളിൽ നിന്നും അറിവ് നിഷേധിച്ചിരുന്നു. അവരുടെ പ്രധാന ചുമതല കുട്ടികളെ വളർത്തലും വീട്ടുപണികളിൽ ഏർപ്പെടുകയുമാണെന്ന് മനുസ്‌മൃതി ശാസിക്കുന്നു. ബൗദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവർക്ക് അനുവാദമില്ലായിരുന്നു. ഈ സമീപനം നൂറ്റാണ്ടുകളായി തുടർന്നുവന്നതാണെന്ന് ചരിത്രം പറയുന്നത്. മനുസ്മൃതി തരം തിരിച്ച ജാതിവ്യവസ്ഥ പ്രകാരം മേൽജാതികൾക്ക് (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യ‍ർ) മാത്രമാണ് പഠനത്തിനും അറിവിനും അവകാശം അനുവദിച്ചതിരുന്നത്. ശൂദ്രരെ പഠനത്തിൽ നിന്ന് മാത്രമല്ല, ജ്ഞാനമോ ബോധോദയമോ നൽകുന്ന ഏതൊരു വാക്കും കേൾക്കുന്നതിൽ നിന്ന് പോലും കർശനമായി വിലക്കി. അത്തരത്തിലുള്ള അറിവ് കേൾക്കുക എന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കിയിരുന്നു; അതിന് കേൾവിശക്തി നഷ്ടപ്പെടുന്നതടക്കമുള്ള ക്രൂരമായ ശിക്ഷകൾ വരെ നിർദ്ദേശിക്കപ്പെട്ടു (यदि शूद्रः वेदम् आकर्णयेत् तस्य कर्णौ सीसेन पूरयेत् । (Manusmriti 8.270). ശൂദ്രൻ വേദം കേട്ടാൽ, അവന്റെ ചെവിയിൽ ഈയ്യം ഉരുകിയ ഒഴിക്കണമെന്നതാണ് ശിക്ഷ. ഇതിലൂടെ അറിവ് ചില ജാതിയുടെ മാത്രം ഏകാധിപത്യമായി നിലനിർത്തുകയും, ജാതി ശ്രേണിയിലൂടെ കീഴാളരാക്കപ്പെട്ടവരെ ബൗദ്ധിക അന്ധകാരത്തിലേക്ക് ഉദ്ദേശപൂർവ്വം തള്ളിവിടുകയും ചെയ്ത ഒരു അധികാര സംവിധാനം മനുസ്മൃതി സ്ഥാപിച്ചു.

‘പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവനേ
രക്ഷതി സ്ഥാവിരേ പുത്രാ
നാ സ്ത്രീ സ്വാതന്ത്ര്യമർഹതി’

“കൗമാരത്തിൽ പിതാവും, യൗവ്വനത്തിൽ ഭർത്താവും, വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കണം; സ്ത്രീക്ക് ഒരിക്കലും സ്വാതന്ത്ര്യം അവകാശപ്പെടാൻ പാടില്ല” എന്ന മനുസ്മൃതിയിലെ ശ്ലോകം, സ്ത്രീയെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പുരുഷാധീനതയിൽ നിർത്തുകയാണ് ചെയ്യുന്നത്. ഈ ഗ്രന്ഥം അനുസരിച്ച് സ്ത്രീക്ക് പിതാവിൽ നിന്നും, ഭർത്താവിൽ നിന്നും, പുത്രന്മാരിൽ നിന്നും വേർപിരിയാനുള്ള ആഗ്രഹം പോലും അനുവദനീയമല്ല. അവൾ കൗമാരത്തിൽ പിതാവിന്റെ നിയന്ത്രണത്തിലും, യൗവ്വനത്തിൽ ഭർത്താവിന്റെ കീഴിലും, വാർദ്ധക്യത്തിൽ പുത്രന്റെ ആശ്രയത്തിലുമാണ് ജീവിക്കേണ്ടതെന്ന് മനുസ്മൃതി നിർദ്ദേശിക്കുന്നു.

മനുസ്മൃതിയുടെ കാഴ്ച്ചപ്പാടിൽ സ്ത്രീ എല്ലായ്പ്പോഴും ‘സംരക്ഷിക്കപ്പെടേണ്ടവളാണ്’; അതിനാൽ അവൾക്ക് സ്വതന്ത്ര അവകാശം ഇല്ല. ഭർത്താവ് ഭാര്യയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കിലും, പരസ്ത്രീബന്ധമുള്ളവനോ ദുർഗുണങ്ങളുള്ളവനോ ആയാലും, ഭാര്യ അവനെ ദൈവത്തെപ്പോലെ ആരാധിക്കണമെന്ന് ഗ്രന്ഥം ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുനർവിവാഹത്തിന് അവകാശമില്ലെന്ന് വ്യക്തമാക്കുമ്പോൾ, ഭാര്യ മരിച്ചാൽ പുരുഷന് വീണ്ടും വിവാഹം കഴിക്കാൻ അനുവാദമുണ്ടെന്നും മനുസ്മൃതി പറയുന്നു.

കർണ്ണാടകയിലെ കൽബുർ​ഗിയിൽ മനുസ്മൃതി കത്തിക്കുന്ന ദലിത് ആക്ടിവിസ്റ്റുകൾ. കടപ്പാട്:thehindu

അതിനുമപ്പുറം, സ്ത്രീകളെ ബലമായി അപഹരിച്ച് വിവാഹം കഴിക്കുന്ന ‘രാക്ഷസ’രീതിയെ ക്ഷത്രിയന്റെ ധർമ്മമായി പോലും മനുസ്മൃതി അംഗീകരിക്കുന്നു. സ്ത്രീകളെ പുരുഷന്മാരെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നവരായി ചിത്രീകരിക്കുന്നതിലൂടെ, അവരെ സംശയത്തിന്റെയും കുറ്റാരോപണത്തിന്റെയും കേന്ദ്രമായി ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു.

വേദോഽഖിലോ ധർമമൂലം (മനുസ്മൃതി 2.6)

എല്ലാ ധർമത്തിന്റെയും ഏക അടിസ്ഥാനം വേദങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, വേദങ്ങളെയും മറ്റ് പുണ്യഗ്രന്ഥങ്ങളെയും ദൈവത്തിന്റെ നേരിട്ടുള്ള വചനങ്ങളായി അവതരിപ്പിച്ചതിനാൽ, ജനങ്ങൾക്ക് അവയെ ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതായിത്തീർന്നു. ഇതോടൊപ്പം മറ്റ് അറിവുകളുടെ വഴികളെല്ലാം അടച്ചതോടെ, സാധാരണ ജനങ്ങൾ അജ്ഞതയിൽ തന്നെ തുടരേണ്ട അവസ്ഥയിലായി. ഈ അറിവില്ലായ്മ ആധിപത്യമുള്ള ജാതികൾക്ക് അധികാരം നിലനിർത്താൻ സഹായിച്ചു; പാർശ്വവത്കരിക്കപ്പെട്ട ജനത അവരുടെ നിയന്ത്രണത്തിനടിയിൽ തുടരുകയും, നിലവിലുള്ള സാമൂഹിക വ്യവസ്ഥയിൽ നിന്ന് ലാഭം നേടുന്ന വിഭാഗങ്ങൾ അതിനെ മഹത്വപ്പെടുത്തി സംരക്ഷിച്ച് പോരുകയും ചെയ്തു.

ശ്രുതിസ്തു വേദോ വിജ്ഞേയഃ (മനുസ്മൃതി 2.10)

വേദങ്ങൾ ദൈവിക വെളിപ്പെടുത്തലുകളായി (ശ്രുതി) അവതരിപ്പിക്കപ്പെടുന്നതിനാൽ, മനുഷ്യചിന്തയ്ക്കും വിമർശനത്തിനും അതീതമാക്കപ്പെടുന്നു.

न शूद्राय मतिं दद्यान्नोच्छिष्टं न हविष्कृतम् ।
न चास्योपदिशेद् धर्मं न चास्य व्रतमादिशेत् ॥ ८० ॥
na śūdrāya matiṃ dadyānnocchiṣṭaṃ na haviṣkṛtam |
na cāsyopadiśed dharmaṃ na cāsya vratamādiśet || 80 ||

He shall not offer advice to a Śūdra, nor the leavings, nor what has been prepared as an offering to the Gods. He shall hot expound the law to him; nor shall he indicate to him any penance (80).

ശൂദ്രർക്ക് ഉപദേശം നൽകുകയോ ധാർമ്മിക ബൗദ്ധിക അറിവ് പങ്കുവെക്കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കുന്ന ഈ ശ്ലോകം, അറിവ് ചില വർഗ്ഗങ്ങളുടെ ഏകാധിപത്യമായി നിലനിർത്തിയതിനെ തെളിയിക്കുന്നു. ഡോ. ബി.ആർ. അംബേദ്കർ വ്യക്തമാക്കിയതുപോലെ, അറിവ് നിഷേധിക്കുന്നത് വെറും അനീതിയല്ല, അത് അധികാരം നിലനിർത്താനുള്ള ഏറ്റവും ശക്തമായ ആയുധമാണ്. ഈ ശ്ലോകം കാണിക്കുന്നത്, അറിവിനെ ചില ജാതിയുടെ കൈവശം മാത്രമായി മാറ്റിയ ഒരു ക്രമബദ്ധമായ സാമൂഹിക സംവിധാനം എങ്ങനെ പ്രവർത്തിച്ചുവെന്നതാണ്. പഠിക്കാനും ചിന്തിക്കാനും അനുവാദം നിഷേധിക്കപ്പെട്ട ശൂദ്രർ, സേവനത്തിന്റെയും ആശ്രയത്തിന്റെയും ജീവിതത്തിലേക്ക് നിർബന്ധിതരായി. മറുവശത്ത്, അറിവും ധാർമ്മിക അധികാരവും കൈവശം വെച്ച മേൽവർഗ്ഗങ്ങൾ, ഈ അസമത്വം സ്വാഭാവികവും ദൈവദത്തവുമാണെന്ന ധാരണ സമൂഹത്തിൽ വളർത്തി. അംബേദ്കറുടെ ഭാഷയിൽ പറഞ്ഞാൽ, ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ സാമൂഹികമായി മാത്രം അല്ല, ബൗദ്ധികമായും ന്യായീകരിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

“You cannot build anything on the foundations of caste. You cannot build up a nation, you cannot build up a morality. Anything that you build on the foundations of caste will crack and will never be a whole.” Annihilation of Caste (Dr. B.R Ambedkar)

സമകാലിക സാഹചര്യത്തിൽ, മനുസ്മൃതിയെ ഒരു പുരാതന ഗ്രന്ഥമായി മാത്രം വായിച്ച് ഒഴിവാക്കാനാവില്ല. സ്ത്രീകളെയും ജാതിവ്യവസ്ഥയിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെയും അധീനതയിലും അപമാനത്തിലും നിർത്തിയ ചിന്താവ്യവസ്ഥയായി ഡോ. ബി.ആർ അംബേദ്കർ മനുസ്‌മൃതിയെ വിമർശിച്ചത്, സാമൂഹിക നീതിയുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്കുള്ള ഒരു ശക്തമായ ഇടപെടലായിരുന്നു. മനുസ്മൃതി ദഹനം ഒരു പ്രതിഷേധമെന്നതിലപ്പുറം, ജാതിയെയും ലിംഗത്തെയും അടിസ്ഥാനമാക്കി അസമത്വം ന്യായീകരിക്കുന്ന ഗ്രന്ഥാധിഷ്ഠിത അധികാരത്തെ പൂർണ്ണമായി നിഷേധിക്കുന്ന ഒരു രാഷ്ട്രീയ ബൗദ്ധിക പ്രഖ്യാപനമായിരുന്നു.

മനുസ്മൃതി കത്തിച്ച് പ്രതിഷേധിക്കുന്ന ദൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ. കടപ്പാട്:thehindu

എന്നാൽ അടുത്തകാലത്ത് ഡൽഹി യൂണിവേഴ്സിറ്റിയിൽ മനുസ്മൃതിയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഉയർന്നതും, അതിനെതിരെ ശക്തമായ അക്കാദമിക വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉണ്ടായതും, മനുസ്മൃതി ഇന്നും വെറും ചരിത്രവസ്തുവല്ലെന്ന് തെളിയിക്കുന്നു.ദേശീയ വിദ്യാഭ്യാസ നയം 2020 (NEP) നടപ്പിലാക്കുന്ന സാഹചര്യത്തിൽ, Indian Knowledge Systems എന്ന പേരിൽ മനുവാദ ചിന്തകളെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്. വേദ, സ്മൃതി, ശാസ്ത്ര പരമ്പരയെ വിമർശനാത്മക പരിശോധനയില്ലാതെ ‘സാംസ്കാരിക പൈതൃകം’ എന്ന നിലയിൽ വിദ്യാഭ്യാസത്തിലേക്ക് ഉൾക്കൊള്ളിക്കാനുള്ള പ്രവണത, ഭരണഘടനാപരമായ സമത്വവും സാമൂഹിക നീതിയും ദുർബലപ്പെടുത്തുന്ന അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. NEP യുടെ പശ്ചാത്തലത്തിൽ മനുസ്മൃതിയെ പോലുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെ ‘സാംസ്കാരിക പൈതൃകം’ എന്ന പേരിൽ വിമർശനാത്മകമല്ലാതെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ, അംബേദ്കർ നിരന്തരം മുന്നറിയിപ്പ് നൽകിയ മനുവാദത്തിന്റെ സമകാലിക പുനരാവിർഭാവത്തെ സൂചിപ്പിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യാൻ നിയമപരമായ ന്യായീകരണം നൽകിയ മനുവിന്റെ നിയമങ്ങൾ പ്രതിനിധീകരിക്കുന്ന പ്രതിമ, രാജസ്ഥാൻ ഹൈക്കോടതി കെട്ടിടത്തിന് മുന്നിൽ ഇന്നും നിലനിൽക്കുന്നു. മനുസ്മൃതി ഇപ്പോഴും സമൂഹത്തിന്റെ ചിന്തകളിലും സ്ഥാപനങ്ങളിലുമുള്ള ഒരു സജീവ സാന്നിധ്യമാണ്. അതിനാൽ, മനുസ്മൃതി ദഹൻ ദിനത്തിന്റെ പ്രസക്തി ചരിത്രസ്മരണയിൽ ഒതുങ്ങുന്നില്ല; ഭരണഘടനാപരമായ സമത്വം, സ്വാതന്ത്ര്യം, മാനവമഹത്വം എന്നിവയെ വെല്ലുവിളിക്കുന്ന മനുവാദ ചിന്തകളെ നിരന്തരം തിരിച്ചറിയാനും വിമർശിക്കാനും ആവശ്യപ്പെടുന്ന ഒരു സമകാലിക രാഷ്ട്രീയ ബൗദ്ധിക ഇടപെടലായി അതിനെ വായിക്കേണ്ടതുണ്ട്.

References

Ambedkar, B.R. (1936/2014). Annihilation of caste. New Delhi: Navayana.
Ambedkar, B.R. (1987). Dr. Babasaheb Ambedkar: Writings and speeches (Vol. 1). Mumbai: Government of Maharashtra.
Bühler, G. (Trans.). (1886). The laws of Manu (Sacred Books of the East, Vol. 25). Oxford: Oxford University Press.
Government of India. (2020). National education policy 2020. Ministry of Education.
https://www.education.gov.in/sites/upload_files/mhrd/files/NEP_Final_English_0.pdf
Government of India. (2021). Indian Knowledge Systems: Vision and implementation. Ministry of Education.
https://www.education.gov.in/en/nep/indian-knowledge-systems
Jha, G. (Trans.). (1920). Manusmṛti with the commentary of Medhātithi (Vols. 1–3). Calcutta: Asiatic Society.
Olivelle, P. (2004). Manu’s code of law: A critical edition and translation of the Mānava-Dharmaśāstra. Oxford: Oxford University Press.
University Grants Commission. (2023). Guidelines for incorporating Indian Knowledge Systems in higher education curricula.
https://www.ugc.gov.in/pdfnews/6436045_Guidelines-IKS-in-HE-Curricula.pdf
Indian Express. (2024, July 11). Manusmriti will not be taught at Delhi University, says VC.
https://indianexpress.com/article/cities/delhi/manusmriti-will-not-be-taught-at-delhi-university-says-vc-yogesh-singh-10061996/
India Today. (2024, July 10). Delhi University drops Manusmriti from curriculum after protests.
https://bestcolleges.indiatoday.in/news-detail/delhi-university-drops-manusmriti-from-curriculum-after-student-protests-3966
Guru, G. (2009). Humiliation: Claims and contexts. New Delhi: Oxford University Press.
Rege, S. (2013). Against the madness of Manu: B. R. Ambedkar’s writings on Brahmanical patriarchy. New Delhi: Navayana.

Also Read

6 minutes read December 25, 2025 9:37 am