

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തിയേറ്ററിന്റെ ഇരുട്ടിൽ ദൃശ്യം കൊണ്ടും ശബ്ദം കൊണ്ടും സംഗീതം കൊണ്ടും വിസ്മയിപ്പിച്ചിരുത്തുന്ന ‘കാന്താര’ എന്ന സിനിമ അഗ്നിത്തോറ്റം പാടി, ഉറഞ്ഞാടിത്തിമിർത്ത് ആ തീയിലേക്ക് പ്രേക്ഷകനെ തന്നെ വലിച്ചിഴക്കുന്ന തെയ്യം പോലെയാണ് അനുഭവപ്പെടുന്നത്. ആദ്യത്തെ ‘കാന്താര’ കാടും മഴയും പുഴയും അതിരിടുന്ന തുളുനാടൻ ഗ്രാമത്തിൽ നിന്നും മിഥ്യയും യാഥാർത്ഥ്യവും ചേർത്ത് കഥ കോർത്തെടുത്തപ്പോൾ, രണ്ടാംഭാഗം ആ കഥയുടെ ഐതിഹ്യത്തിലേക്കാണ് യാത്രതിരിക്കുന്നത്. കാടിനുള്ളിലെ ‘ഈശ്വരന്റെ പൂന്തോട്ടം’ എന്ന വിശ്വാസത്തിൽ നിൽക്കുന്ന ഒരു കൊച്ചു ഗോത്രഗ്രാമം, അവരുടെ ദൈവങ്ങൾ, അവരുടെ ആചാരങ്ങൾ, അവരുടെ രക്തത്തിൽ ചേർന്നിരിക്കുന്ന പ്രതിരോധമനോഭാവം. മലബാറിലെ തെയ്യങ്ങളുടെ തീയിൽ പാടിയിട്ട കഥകളുടെ അനുസ്മരണം പോലെ, ഈ സിനിമയും ഒരു സംസ്കാരത്തിന്റെ ആത്മാവിനെയും അതിന്റെ പ്രതിരോധത്തെയും ഉയർത്തിപ്പിടിക്കുന്നുണ്ട്. അധികാരത്തിന്റെ ഇരുണ്ട ചരിത്രത്തിനുമേൽ ആത്മവിശ്വാസത്തിന്റെ തീപ്പൊരി വിതറുന്ന ജനതയുടെ കഥയാണ് കാന്താര പറയുന്നത്. ദൈവങ്ങളും മനുഷ്യരും, വിശ്വാസവും ഭരണവും, അടിമത്തവും വിമോചനവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ. അറബികളും പോർച്ചുഗീസുകാരും കച്ചവടത്തിലൂടെ വാങ്ങി കൊണ്ടുപോകുന്ന മറ്റൊരു കഥ. സിനിമ കണ്ടപ്പോൾ തോന്നിയ ചില അനുഭവങ്ങളാണ് ഈ കുറിപ്പിൽ പങ്കുവെക്കുന്നത്.


മനുഷ്യൻ തന്റെ ലോകത്തെ മനസ്സിലാക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ, അവൻ ഭൂമിയോടും മരങ്ങളോടും കാറ്റിനോടും ആത്മാവിനെ പോലെ സംസാരിച്ചിരുന്നു. എന്നാൽ ആ സംവാദം പിന്നീട് മതത്തിന്റെ ഭാഷയായി, പാരമ്പര്യത്തിന്റെ രൂപമായി, അധികാരമായി മാറിയപ്പോൾ നിസ്സാരവും നിർമ്മലവുമായ ആ ആദ്യകാല അനുഭവങ്ങൾ മാഞ്ഞുപോകുകയായിരുന്നു. കാന്താര 2 എന്ന സിനിമയുടെ ഏറ്റവും ആഴമുള്ള അത്ഭുതവും അതാണ്. ആ നഷ്ടപ്പെട്ട അനുഭവത്തെ തിരികെ വിളിച്ച്, മനുഷ്യരെ ഭൂമിയോടും ദൈവികതയോടും വീണ്ടും ബന്ധപ്പെടുന്ന ഒരു ലോകത്തെ സിനിമയുടെ ഭാഷയിൽ പുനർസൃഷ്ടിക്കുന്നു, അതിലൂടെ പഴയ പൗരാണികതകളെ മറികടന്ന് ഒരു പര്യായ മിത്തോളജി (alternative mythology) സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ, സിനിമയിൽ ദൈവം ആകാശത്തോ ക്ഷേത്രങ്ങളിലോ താമസിക്കുന്ന ദൂരസ്ഥ സത്തയല്ല. കാട്ടിൽ വസിക്കുന്നതും മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുവരുന്നതും മണ്ണിനോടൊപ്പം ചലിക്കുന്നതുമായ ഒരു ശക്തിയാണ്. അതിനാൽ, മതത്തിന്റെ ചട്ടകൂടുകളെയും പുരാണങ്ങളുടെ ഭൗതികതയെയും മറികടന്ന് ജീവിച്ചിരിക്കുന്ന ദൈവത്വത്തിന്റെ അനുഭവമായിട്ടാണ് കാന്താര കഥ പറയുന്നത്. മനുഷ്യൻ ദൈവികതയെ കാണുന്നത് ആകാശത്തോ മറ്റ് യൂണിവേഴ്‌സുകളിലോ അല്ലെന്നും ചുറ്റുപാടുകളിലൂടെയാണെന്നും വിശ്വാസിക്കുന്ന ഗ്രാമമാണ് കാന്താര. കാറ്റിൽ, മണ്ണിൽ, കാട്ടിലെ ശബ്ദങ്ങളിൽ, ചടങ്ങുകളിലൂടെയും പാട്ടുകളിലൂടെയും അവർ ആ ദൈവ സാന്നിധ്യത്തെ സ്പർശിക്കുന്നു. അതുകൊണ്ടാണ് റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന ഈ കഥ ‘മിത്ത്’ എന്ന വാക്കിന്റെ അർത്ഥം തന്നെ പുനർവായിക്കുന്നതും, ‘മിത്ത്’ അകലെയുള്ള ഒരു കഥയല്ലെന്നും, ജീവിച്ചിരിക്കുന്ന അനുഭവമാണെന്നും കാണിക്കുന്നതും.


ശിവയുടെ അച്ഛന്റെയും മുത്തച്ഛന്റെയും കാലത്ത് മായയായി പോയ, അഥവാ ഓർമ്മയിൽ മാത്രം നിലനിൽക്കുന്ന ഒരു ലോകത്ത് നിന്നാണ് കാന്താര ചാപ്റ്റർ വൺ ആരംഭിക്കുന്നത്. ഒരു അമ്മൂമ്മ കഥ പറയുന്ന പോലെ, പടിപടിയായി, സുഖകരമായ മന്ദഗതിയിൽ, പേടിപ്പിക്കേണ്ടിടത്ത് പേടിപ്പിച്ച്, ചിരിപ്പിക്കേണ്ടിടത്ത് ചിരിപ്പിച്ച്, എന്നാൽ എല്ലായ്പ്പോഴും ഒരുതരം മായയും വിസ്മയവും നിറച്ച രീതിയിൽ കഥ മുന്നോട്ട് പോകുന്നു. പിന്നീട്, റിഷബ് ഷെട്ടി മനുഷ്യനും ദൈവങ്ങളും തമ്മിലുള്ള ആ പ്രാചീന ബന്ധത്തിന്റെ ലോകത്തിലേക്ക് കടക്കുന്നു. അവിടെ ‘ദൈവത്തിന്റെ പൂന്തോട്ടം’ എന്നൊരു വിശുദ്ധസ്ഥലം ഉണ്ട്. കാടിന്റെ ഹൃദയം, മനുഷ്യനും പ്രകൃതിയും ഒരുമിച്ചിരുന്ന സ്ഥലം എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകളുള്ള ദൈവഭൂമിയാണ് ആ പൂന്തോട്ടം. ആ പൂന്തോട്ടത്തിലേക്കാണ് ഒരു രാജാവ് കടന്നുവരുന്നത്. അവന്റെ കണ്ണുകൾ സുവാസനയുള്ള അവിടത്തെ സസ്യങ്ങളിലേക്ക് ആകർഷിച്ചു. കാടിനെ സ്വന്തമാക്കാൻ വരുന്ന രാജാവിന്റെ മുന്നിൽ ഗുളികൻ പ്രത്യക്ഷപ്പെടുന്നു. മനുഷ്യനും ദൈവത്തിനും ഇടയിൽ ഉള്ള അതിർത്തിയിൽ നിൽക്കുന്ന അത്ഭുതജീവിയായ ഗുളികൻ വിശ്വാസത്തിന്റെ കാവൽക്കാരനും കാടിന്റെ ശ്വാസം തന്നെയായ ആ ദൈവീക ശക്തിയുമാണ്. പിന്നീട്, ഗുളികൻ മകന്റെ മുന്നിൽ തന്നെയാണ് ആ രാജാവിന്റെ ഉയരം എടുത്ത് അവനെ താഴെയിറക്കുന്നത്.
മുറിവ് മാറാതെ രക്ഷപ്പെട്ട രാജകുമാരൻ, കാടിന്റെ മറുവശത്ത് എത്തി, അവിടെ ദൈവഗണങ്ങളുടെ രഹസ്യം ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പേരിൽ മറിച്ച് വായിക്കുന്നവരെ കാണുന്നു. അതിനുശേഷം, ‘ദൈവത്തിന്റെ പൂന്തോട്ടം’ എന്ന ആ സ്ഥലത്തെ സ്വന്തമാക്കാനായി പലരും വരുന്നു. വ്യാപാരികളും രാജാക്കന്മാരും പുതിയ കാലത്തെ ഭരണാധികാരികളും. അവരുടെ ശ്രമം കാടിനെയും അതിലെ വിഭവങ്ങളെയും കീഴ്‌പ്പെടുത്തുക, അതിനായി കാട്ടിലെ ജനങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു. അവർ വിശ്വാസം മറയാക്കുന്നു, ദൈവം എന്ന് പറഞ്ഞ് ലാഭം നേടുന്നു, ഭക്തിയെ ചൂഷണത്തിന്റെയും അധികാരത്തിന്റെയും മുഖമൂടിയാക്കുന്നു. കാടിന്റെ മക്കളായ ആദിവാസി സമൂഹങ്ങൾക്ക് അവരുടെ കൈവശമുള്ള ഭൂമിയും ശബ്ദവും നഷ്ടപ്പെടുന്നു. അവർ തന്നെ കാട്ടിന്റെ കാവൽക്കാരായിരുന്നിട്ടും, അവർ അന്യരായി മാറുന്നു.
ഈ സാഹചര്യത്തിലാണ്, കാന്താരയുടെ കഥ ഒരു മിത്തിനപ്പുറത്തേക്ക് ചരിത്രത്തിന്റെ ആവർത്തനമാകുന്നത്. പ്രകൃതിയെ പിടിച്ചടക്കാനുള്ള മനുഷ്യന്റെ ആധുനിക ആഗ്രഹവും, അതിനെ പ്രതിരോധിക്കുന്ന ദൈവികതയുടെ കുരിശുമാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. രാജാക്കന്മാരും വ്യാപാരികളും തുറമുഖങ്ങളിൽ സന്ധിയിലെത്തുമ്പോൾ, കാടിന്റെ മക്കൾക്ക് അവരുടെ ആത്മാവും ഭൂമിയും നഷ്ടപ്പെടുന്നു. അതേസമയം, ഗുളികന്റെ മിത്ത് നമ്മെ ഓർമ്മിപ്പിക്കുന്നത് പ്രകൃതി തന്റെ നീതിയും പ്രതികാരവും ഒരിക്കലും മറക്കുന്നില്ല എന്നാണ്. അതിനാൽ ദൈവത്തിന്റെ പൂന്തോട്ടം ഒരിക്കലും പൂർണ്ണമായി കൈവശപ്പെടുകയില്ല, കാരണം അത് വിശ്വാസത്തിന്റെ ആവാസവ്യവസ്ഥയാകുമ്പോൾ തന്നെ പ്രതിരോധത്തിന്റെ ആത്മാവുമാണ്.


കാന്താരയിലെ മറ്റൊരു ഭാഗം പ്രകൃതിയുടെ ആഴമുള്ള സാന്നിധ്യമാണ്. കാട്, മണ്ണ്, കാറ്റ്, തീ, വെള്ളം തുടങ്ങിയവ പശ്ചാത്തലം മാത്രം ഒരുക്കുന്നതിന് പകരം മനുഷ്യനോടൊപ്പം ശ്വസിക്കുന്ന, ജീവിക്കുന്ന കഥാപാത്രങ്ങളാണ്. അവയുടെ സ്വഭാവങ്ങൾ മനുഷ്യന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ചിലപ്പോൾ മനുഷ്യനോട് കോപം കാണിക്കുകയും, ചിലപ്പോൾ കരുണയും സാന്ത്വനവും നൽകുകയും ചെയ്യുന്നു. അതുകൊണ്ട് ഈ സിനിമയിൽ ദൈവത്തെ മനുഷ്യന്റെ പുറത്തായുള്ള ഒരു ശക്തിയായിട്ടല്ല, മറിച്ച് പ്രകൃതിയുടെ ഉള്ളിലെതന്നെ അനുഭവമായിട്ടാണ് കാണിക്കുന്നത്. മനുഷ്യൻ കാട്ടിൽ ജീവിക്കുന്നതും കാടിനോടൊപ്പം ആശയവിനിമയം നടത്തുന്നതും, ഭയവും ആദരവും ചേർന്ന ഒരു ബന്ധം പുലർത്തുന്നതും കാണുമ്പോൾ, ഇത് വെറും കഥയല്ലെന്നും ഒരു ജീവിതരീതിയാണെന്നുമുള്ള ബോധ്യം ജനിക്കുന്നു. കാരണം, മനുഷ്യൻ പ്രകൃതിയെ കീഴടക്കേണ്ടതില്ല, പ്രകൃതിയുമായി സൗഹൃദപരമായ ബന്ധം നിലനിർത്തേണ്ടതാണ്. കാടിന്റെ ശബ്ദം കേൾക്കുമ്പോൾ അതിൽ ദൈവത്തിന്റെ ശബ്ദമുണ്ടായിരിക്കുന്ന അനുഭവം എല്ലാവർക്കും ലഭിക്കുന്നതാണ്. സിനിമയിലെ ചടങ്ങുകൾ, പാട്ടുകൾ, ആട്ടങ്ങൾ തുടങ്ങിയവ വെറും കലാപ്രകടനങ്ങളായല്ല അവതരിപ്പിക്കുന്നത്. മനുഷ്യൻ തന്റെ ചുറ്റുപാടുകളോടുള്ള നന്ദിയും ഭയവും ഒരുമിച്ച് പ്രകടിപ്പിക്കുന്ന മാർഗങ്ങളാണിതെല്ലാം. ഇതുതന്നെയാണ് ‘eco-phenomenology’ പറയുന്നതും.
ആധുനിക പുരാണ നിർമ്മാണമാണ് (modern myth-making) സിനിമയിലെ മറ്റൊരു പ്രാധാന ഭാഗം. മനുഷ്യൻ തന്റെ നഷ്ടപ്പെട്ട ആത്മീയബന്ധം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു കലാസങ്കല്പം. ഇന്നത്തെ കാലത്ത് മതം ആചാരമായി ചുരുങ്ങിയപ്പോൾ, ദൈവം പുസ്തകങ്ങളിലെയും ക്ഷേത്രങ്ങളിലെയും പ്രതിമകളിലെയും അർത്ഥങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ, മനുഷ്യന്റെ ജീവിതത്തിൽ നിന്നുള്ള ദൈവിക അനുഭവം മങ്ങിയിരിക്കുന്നു. കാന്താര അത്തരം മിത്തുകളെ പുനർനിർമ്മിക്കുന്നു. “ദൈവം പ്രകൃതിയിൽ ഉണ്ട്, കാട്ടിന്റെ ശ്വാസത്തിലാണ് ദൈവം ജീവിക്കുന്നത്” എന്ന വാക്യത്തിന്റെ അടിസ്ഥാനം തന്നെ കിടക്കുന്നത് ആ മിത്ത് മേക്കിങ്ങിലാണ്.


സിനിമയിലെ ദൈവത്തിന്റെ പൂന്തോട്ടത്തെ ഒരു ‘psychogeography’ ആയി മനസ്സിലാക്കുന്നതിൽ തെറ്റില്ല. കാരണം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ ദാരുണതയും, അതിനെ വീണ്ടെടുക്കാനുള്ള ആഗ്രഹവുമാണ് അതിൽ നിറഞ്ഞിരിക്കുന്നത്. ആ പൂന്തോട്ടം പിടിച്ചടക്കാനായി വരുന്ന രാജാക്കന്മാരും, വ്യാപാരികളും, മന്ത്രവാദികളും ഇന്നത്തെ ലോകത്തിലെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ പ്രതീകങ്ങളായി വായിക്കാം. അതായത്, പ്രകൃതിയെ ലാഭത്തിനായി ഉപയോഗിക്കുന്നവരും, ആത്മീയതയെ വിപണനം ചെയ്യുന്നവരുമാണ് അത്തരം കോർപ്പറേറ്റ് മുതലാളികൾ. അതിനാൽ ഗുളികൻ, അതിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പ്രതിരോധത്തിന്റെ രൂപമാണ്. ദൈവികതയെ ചൂഷണത്തിന്റെ ഭാഷയിൽ നിന്ന് രക്ഷിക്കാനുള്ള പ്രകൃതിയുടെ ശബ്ദം പോലെ വരുന്ന ഒരു ശക്തി.
ദൈവകഥകളെ പുനഃസൃഷ്ടിക്കുകയല്ല ഇവിടെ ചെയ്യുന്നത്. മിത്തിന്റെ രാഷ്ട്രീയശക്തിയെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. പുരാണം എന്നത് വെറും അത്ഭുതകഥയായി മനസ്സിലാക്കുന്നതാണ് നമുക്ക് പറ്റുന്ന അമളി. ഒരു സമൂഹം അതിന്റെ ആത്മാവിനെ മനസ്സിലാക്കുന്നത് തന്നെ പുരാണത്തിലൂടെയാണ്. പുതിയൊരു ‘മിത്തോളജി’യിലേക്കാണ് അത് നമ്മെ നയിക്കുന്നത്.