Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ബുക്ക് പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച, പ്രമുഖ ഫലസ്തീൻ നോവലിസ്റ്റ് ഗസ്സാൻ കനഫാനിയുടെ ‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’ എന്ന നോവലിനെക്കുറിച്ച് പരിഭാഷകൻ മുഹമ്മദലി വാഫി അങ്ങാടിപ്പുറം എഴുതിയ, പുസ്തകത്തിൽ ഉൾപ്പെടുത്തിയ കുറിപ്പ്.
പ്രമുഖ ഫലസ്തീനി രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനും നോവലിസ്റ്റുമാണ് ഗസ്സാൻ ഫായിസ് കനഫാനി. അറബ് പ്രതിരോധ സാഹിത്യത്തിന്റെയും ഫലസ്തീനി വിപ്ലവ വീര്യത്തിന്റെയും അനശ്വര പ്രതീകങ്ങളാണ് കനഫാനിയുടെ എഴുത്തും ജീവിതവും. 1936 ഏപ്രിൽ എട്ടിന് ബ്രിട്ടീഷ് അധിനിവിഷ്ട ഫലസ്തീനിലെ അക്കയിൽ (Acre) ഒരു മിഡിൽ ക്ലാസ് സുന്നി മുസ്ലിം കുടുംബത്തിൽ ജനിച്ച കനഫാനി മറ്റേതൊരു ഫലസ്തീനിയെയുംപോലെ അതിതീക്ഷണവും നിന്ദ്യവുമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.
പിറന്ന മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് അഭയാർഥികളായി ജീവനുംകൊണ്ട് ഓടിപ്പോകുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ദയനീയ ചിത്രങ്ങൾ ബാല്യത്തിലെ കനഫാനിയുടെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകളാണ് സമ്മാനിച്ചിട്ടുള്ളത്. മാത്രമല്ല കുടിയൊഴിപ്പിക്കലിന്റെയും അഭയാർഥിത്വത്തിന്റെയും ഭയാനകമായ അവസ്ഥകൾ താൻ നേരിട്ട് അനുഭവിച്ചതുകൊണ്ട് കൂടിയാണ് തീ പടരുന്ന കൂർത്ത വാക്കുകൾ വിന്യസിച്ചുകൊണ്ട് കനഫാനിക്ക് തന്റെ കഥകളിലൂടെ ചെറുത്ത് നിൽപിനും സായുധ സമരങ്ങൾക്കും വേണ്ടി കാഹളം മുഴക്കാൻ സാധിച്ചത്.
സ്വന്തം ജനത നേരിട്ടുകൊണ്ടിരിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെ തീവ്രത കനഫാനി വാക്കുകളിലൂടെ വരച്ചുവച്ചപ്പോൾ ചെറുത്തുനിൽപ്പിന്റെ പുതിയ പോർമുഖങ്ങൾ രൂപംകൊള്ളുകയും അധിനിവേശ ശക്തികളുടെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു. 1972 ൽ മൊസാദിന്റെ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ കനഫാനിയുടെ സമരജീവിതത്തിന് വളരെ നേരത്തെ തിരശ്ശീല വീണെങ്കിലും തന്റെ സാഹിത്യത്തിലൂടെ ഫലസ്തീൻ വിമോചന സമരഭൂമികയിൽ കൊത്തിവച്ച ചെറുത്തുനിൽപ്പിന്റെ പാഠങ്ങൾ, അറബ് ജനതക്ക് മാത്രമല്ല മറ്റെല്ലാ മർദിത വിഭാഗങ്ങൾക്കും തലമുറകൾക്കിപ്പുറം ഇന്നും സമരവീര്യം പകരുന്ന കനലുകളായി ബാക്കിനിൽക്കുന്നുണ്ട്.
സംഭാഷണങ്ങൾക്കോ ചർച്ചകൾക്കോ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കില്ലെന്നും സമരവും പോരാട്ടവും മാത്രമാണ് അവിടത്തെ ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയെന്നും കനഫാനി തന്റെ സാഹിത്യങ്ങളിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു. ഇസ്രയേലുമായുള്ള സംഭാഷണത്തെ വാളും കഴുത്തും തമ്മിലുള്ള ഇടപാടെന്നാണ് അദ്ദേഹം സമർഥിക്കുന്നത്.
1948 ൽ നക്ബയെ തുടർന്ന് സ്വന്തം മണ്ണിൽനിന്ന് പിഴുതുമാറ്റപ്പെട്ട് വിവിധ നാടുകളിൽ അഭയാർഥികളായി ജീവിക്കേണ്ടിവന്ന ലക്ഷക്കണക്കിന് ഫലസ്തീനി കുടുംബങ്ങളിൽ ഒന്നായി കനഫാനിയുടെ കുടുംബവും ഉണ്ടായിരുന്നു. ആദ്യം ദമസ്കസിലാണവർ അഭയം തേടിയെത്തിയത്.
ദമസ്കസിൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ കനഫാനി അഭയാർഥികൾക്കായി UN ഏജൻസി(UNRWA) നടത്തുന്ന സ്കൂളിൽ കലാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അതിനിടയിൽ തന്റെ വിദ്യാർഥികൾക്കായി എഴുതിയ ബാലസാഹിത്യ കഥകളിലൂടെയാണ് കനഫാനി സാഹിത്യരചനകൾക്ക് തുടക്കം കുറിക്കുന്നത്. എഴുത്തിനോടും സാഹിത്യത്തോടുമുള്ള അഭിനിവേശമാണ് കനഫാനിയെ ദമസ്കസ് യൂണിവേഴ്സിറ്റിയിൽ അറബിസാഹിത്യത്തിൽ ബിരുദപഠനത്തിന് ചേരാൻ പ്രേരിപ്പിച്ചത്. പക്ഷേ, അറബ് നാഷണലിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകിയതു കാരണം ഒരു വർഷത്തിനുശേഷം യൂണിവേഴ്സിറ്റിയിൽനിന്ന് പുറത്താക്കപ്പെട്ടു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്റ്റൈൻ (PFLP) എന്ന സംഘടനയുടെ സ്ഥാപകനായ ജോർജ് ഹബഷ് ആണ് കനഫാനിയെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും പാൻ അറബ് ദേശീയപ്രസ്ഥാനത്തിലേക്കും അടുപ്പിക്കുന്നത്.
പിന്നീട് 1956 ൽ കുവൈത്തിലേക്ക് കുടിയേറുകയും അവിടെ അറബ് നാഷണലിസ്റ്റ് മൂവ്മെന്റിനോട് ആഭിമുഖ്യമുള്ള അൽ റഅ് ദിനപത്രത്തിൽ പത്രാധിപരായി പ്രവർത്തിക്കുകയും ചെയ്തു. 1960 ൽ വീണ്ടും ജോർജ് ഹബഷിന്റെ നിർദേശ പ്രകാരം കനഫാനി ബൈറൂത്തിലേക്ക് കുടിയേറുകയും അറബ് ദേശീയ പ്രസ്ഥാനത്തിന്റെ(MAN) മുഖപത്രമായ അൽ ഹുരിയ്യയിൽ പത്രാധിപ സ്ഥാനം ഏറ്റെടുത്ത്, തന്റെ എഴുത്തുകളിലൂടെ ഫലസ്തീൻ വിമോചന സമരങ്ങൾക്കും സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങൾക്കും ശക്തമായ പ്രചോദനം നൽകി.
1961 ൽ ആനി ഹോവർ എന്ന ഡെൻമാർക്കുകാരിയെ വിവാഹം ചെയ്തു. ആനി ഹോവർ ഫലസ്തീൻ അഭയാർഥി കുഞ്ഞുങ്ങൾക്കുവേണ്ടി നഴ്സറികളും ലൈബ്രറികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ച് നടത്തിയിരുന്ന ഒരു വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തകയുമായിരുന്നു. രണ്ട് കുട്ടികളാണ് അവർക്ക് ജനിച്ചത്, ഫായിസ് കിഫാനിയും ലൈല കനഫാനിയും.
മതിയായ തിരിച്ചറിയൽ രേഖകൾ കൈവശം ഇല്ലാത്തതിന്റെ പേരിൽ കുറച്ചു കാലം ഒളിവിൽ കഴിയാൻ നിർബന്ധിതനായ കനഫാനി വീണ്ടും ലബനാനിൽ തന്നെ തിരിച്ചെത്തുകയും വിവിധ പത്രങ്ങളിൽ സേവനം തുടരുകയും ചെയ്തു. നാസറിയൻ ദേശീയവാദ പക്ഷത്തിന്റെ മുഖപത്രങ്ങളായ അൽ മുഹരിറിലും പിന്നീട് അൽ അൻവാറിലും പത്രാധിപ സ്ഥാനം വഹിക്കുകയും ഫാരിസ് ഫാരിസ് എന്ന അപരനാമത്തിൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതുകയും ചെയ്തു.
1969 ൽ PFLP യിൽ ചേർന്ന കനഫാനി അൽ അൻവാറിൽനിന്ന് രാജിവച്ച് PFLP യുടെ ശബ്ദമായിരുന്ന അൽ ഹദഫ് ആഴ്ചപ്പപതിപ്പിന്റെ എഡിറ്റർ പദവി ഏറ്റെടുത്തു. പാൻ അറബ് ദേശീയതയിൽ നിന്ന് വിഭിന്നമായി സ്വതന്ത്ര ഫലസ്തീൻ സ്വത്വത്തെ ഉയർത്തിപ്പിടിച്ച് മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആദർശത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന വിപ്ലവ പ്രസ്ഥാനമായിരുന്നു PFLP. സംഘടനയുടെ ഔദ്യോഗിക വക്താവായിരുന്ന കനഫാനി, കാർബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ അൽ ഹദ്ഫിന്റെ പത്രാധിപരായി തുടർന്നു.
ഒരേസമയം രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനും വിപ്ലവകാരിയും ആയിരിക്കെത്തന്നെ കഥയും നോവലും നിരൂപണ രചനകളുമായി സാഹിത്യ മേഖലയിലും കനഫാനി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സയണിസത്തിന്റെ വഞ്ചനാത്മക രാഷ്ട്രീയത്തെയും മാനുഷിക വിരുദ്ധതയെയും കൃത്യമായി അടയാളപ്പെടുത്തുന്ന കനഫാനിയുടെ കഥാപാത്രങ്ങളും രചനകളും ഫലസ്തീൻ പ്രതിരോധ സമരഭൂമികയിലെ ഏറ്റവും മൂർച്ചയേറിയ ആയുധങ്ങളായാണ് ഗണിക്കപ്പെടുന്നത്. ഇസ്രായേൽ അധിനിവേശത്തിന് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണവ സമ്മാനിച്ചത്. അറബ് പ്രതിരോധ സാഹിത്യത്തെ സൂചിപ്പിക്കുന്ന ‘അദബുൽ മുഖാവമ’ എന്ന സാങ്കേതിക പ്രയോഗവും കനഫാനിയുടെ സംഭാവനയാണ്. തന്റെ ഓരോ കഥാപാത്രവും ഫലസ്തീൻ ജനതയുടെ നേർചിത്രങ്ങളാണ്. ഒരു ജനതയുടെ മണ്ണും സ്വപ്നങ്ങളും കവർന്നെടുക്കാൻ ഹീന തന്ത്രങ്ങൾ മെനയുന്ന സയണിസ്റ്റ് രാഷ്ട്രീയ നേതൃത്വത്തിന്റെ നീചവും വന്യവും പൈശാചികവുമായ മുഖങ്ങളും അവയിൽ കൃത്യമായി വരച്ചുവച്ചതായി കാണാം. അതോടൊപ്പം, നിഷ്ക്രിയത്വവും അശ ക്തതയും നിരാശയും ചാലിച്ചുവച്ച ചില മുഖങ്ങളിലൂടെ കനഫാനി അറബ് നേതൃത്വത്തെയും ഉന്നംവക്കുന്നതായി നമുക്ക് കാണാം.
കനഫാനിയുടെ ഏറെ ശ്രദ്ധേയമായ നോവലാണ് 1963 ൽ പ്രസിദ്ധീകൃതമായ രിജാലുൻ ഫിശ്ശംസ് (Men in Sun) ‘സൂര്യതാപത്തിൽ’ എന്ന ശീർഷകത്തിൽ ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഐഡന്റിറ്റികൾ നഷ്ടപ്പെട്ട ഫലസ്തീനിന്റെ മണ്ണിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ജീവിതവിഭവങ്ങൾ തേടി കുവൈത്തിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന മൂന്ന് ഫലസ്തീനി അഭയാർഥികളുടെ കഥയാണ് രിജാലുൻ ഫിശ്ശംസ്.
മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതുകാരണം വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്റെ ഇരുട്ടറയിൽ കിടന്ന് പുതിയ ജീവിതം സ്വപ്നം കണ്ട് മരുഭൂമിയിലൂടെ കിലോ മീറ്ററുകളോളം സഞ്ചരിച്ച്, അവസാനം ശ്വാസംമുട്ടി മരിച്ചുവീണ മൂന്നു പേരുടെ കഥ. യഥാർഥത്തിൽ നോവൽ മൂന്നു പേരുടെ മാത്രം കഥയല്ല പറയുന്നത്, ഫലസ്തീൻ ജനത അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയുടെ നേർചിത്രമാണത്.
ജനതയെ നയിക്കാനറിയാത്ത ഷണ്ഡത്വം നിറഞ്ഞ ഫലസ്തീൻ അറബ് നേതൃത്വമാണ് അബുൽ ഖൈസുറാൻ എന്ന കഥാപാത്രമെന്നും നിരൂപണ വായനയുണ്ട്. നോവൽ അവസാനിക്കുന്നിടത്ത് നിലക്കാത്ത പ്രതിധ്വനിയോടെ തുളച്ചുകയറുന്ന ഒരു ചോദ്യം കനഫാനി ബാക്കിവക്കുന്നുണ്ട്.
“എന്തുകൊണ്ടവർ ടാങ്കറിന്റെ ഭിത്തിയിൽ ആഞ്ഞടിച്ചില്ല? ടാങ്കറിനകത്ത് ശ്വാസം മുട്ടി മരിക്കുമെന്ന് ഉറപ്പായിട്ടും അവരെന്തേ ഒന്ന് ഉറക്കെ നിലവിളിക്കാതിരുന്നത്?”
കനഫാനി ഈ ചോദ്യശരത്തിലൂടെ ഉന്നംവയ്ക്കുന്നത്, സഹായഹസ്തം ചോദിക്കുന്നത് പോലും തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന ഫലസ്തീനിയുടെ നിസ്സഹായ അവസ്ഥയെയാണന്നും അല്ല, അവർ വിളിച്ചിട്ടും വിളികേൾക്കാത്ത അറബ് ജനതയെയാണെന്നുമുള്ള വിശകലന സാധ്യതകൾ നിലനിൽക്കുകയാണവിടെ.
1966 ൽ പ്രസിദ്ധീകൃതമായ ‘മാ തബ്ഖാ ലകും'(all that’s left to you) എന്ന നോവലിലും കനഫാനി ഫലസ്തീൻ പ്രശ്നത്തിന്റെ ഗൗരവമായ മറ്റൊരു വശം ഉയർത്തിക്കാട്ടുന്നുണ്ട്. 1948 ലെ നക്ബക്കുശേഷം ശിഥിലമായ അനേകായിരം കുടുംബങ്ങളുടെ പരിഛേദമാണ് ഹാമിദിലൂടെയും മർയമിലൂടെയും നാം വായിച്ചെടുക്കുന്നത്.
വിപ്ലവ ശൂരത്വം നിറഞ്ഞ് പ്രക്ഷുബ്ധമായൊരു ഫലസ്തീൻ സ്ത്രീത്വത്തെയും നമുക്ക് മർയമിൽ ദർശിക്കാനാവും. ‘ഉമ്മു സഅദിലും’ (1969) പുതുതലമുറയെ ആയുധ സജ്ജമാക്കി പിറന്ന മണ്ണ് വീണ്ടെടുക്കാൻ പ്രാപ്തമാക്കുന്ന മാതൃത്വത്തിന്റെ ചിത്രം കാണാം.
അധിനിവേശാനന്തര ഫലസ്തീനിന്റെ ഭീതിതമായ പ്രതിന്ധിയെ സൂക്ഷ്മമായി ഒപ്പിയെടുത്ത കാലദേശാതിവർത്തിയായ നോവലാണ് 1969 ൽ പ്രസിദ്ധീകൃതമായ ‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ’ (ആഇദുൻ ഇലാ ഹൈഫ്).
1948 ലെ നക്ബയിൽ ലക്ഷക്കണക്കിന് മനുഷ്യർ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത നേരത്ത്, തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ പോലും എടുക്കാനാവാതെ, പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അന്യ നാട്ടിലേക്ക് അഭയാർഥികളായി ഓടിപ്പോകേണ്ടിവന്ന സഈദും സഫിയയും, 1967 ലെ നക്സക്കുശേഷം ലഭിച്ച ഇളവിൽ സ്വന്തം ജന്മനാടായ ഹൈഫയിലേക്ക് തിരിച്ച് വരുന്നതിന്റെ വികാരങ്ങളും വിചാരപ്പെടലുകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
വിവിധങ്ങളായ പ്രതിരൂപകത്വങ്ങൾ നിരത്തിവച്ച് കനഫാനി ഈ നോവലിലൂടെ ഫലസ്തീൻ പ്രശ്നത്തിന്റെ വിവിധ മാനങ്ങളിലേക്ക് വിരൽചൂണ്ടുന്നത് കാണാം. അധിനിവേശം, പാരതന്ത്ര്യം, ഐഡന്റിറ്റി, അഭയാർഥി, ദേശക്കൂറ്, വിരഹം, സമാഗമം, ജന്മദേശത്തേക്ക് തിരിച്ചുപോവാനുള്ള ഉത്കടമായ അഭിലാഷം, മാതൃരാജ്യം, സഹനം പോരാട്ടം, വിമോചനം, മനുഷ്യൻ, വംശം തുടങ്ങി ഫലസ്തീൻ പ്രശ്നത്തിന്റെ അടിവേരുകളിലേക്കിറങ്ങി പരിഹാരങ്ങളാരായുകയാണ് കനഫാനിയുടെ ‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’ നിർവഹിക്കുന്നത്.
നക്ബയുടെ ചിത്രം മാത്രമല്ല, അധിനിവേശം നാളിതുവരെ ഫലസ്തീനി ജനതയുടെ മേൽ അടിച്ചേൽപിച്ച ഓരോ ദുരന്തത്തിന്റെ ചിത്രങ്ങളും നമുക്ക് നോവലിൽ ആവർത്തിക്കുന്നതായി കാണാം. മാത്രമല്ല, അന്യായമായി അടിച്ചമർത്തപ്പെട്ടുന്ന മറ്റേതൊരു ജനതയുടെ പരിസരങ്ങളിലും ഈ നോവൽ പ്രസക്തമായി നിൽക്കുന്നതും കാണാം.
മാതൃരാജ്യം വെറും ഭൂതകാലത്തിന്റെ വൈകാരികതകളോ ഓർമകളോ അല്ലെന്നും ഭാവിയെക്കുറിച്ചുള്ള നിർമ്മാണാത്മകമായ കാഴ്ചകളാണെന്നുമുള്ള സഈദിന്റെ തിരിച്ചറിവ് ഓരോ അഭയാർഥിയും നാടണയുമ്പോൾ രൂപപ്പെടുന്ന യാഥാർഥ്യം തന്നെയാണ്. ഇരുപത് വർഷങ്ങൾക്കുശേഷം ഹൈഫയിൽ തിരിച്ചെത്തുമ്പോൾ സഈദ് വേവലാതിപ്പെടുന്നത് ഹൈഫ തന്നെ തിരിച്ചറിയുന്നില്ലെന്നതാണ്. ഇരുപത് വർഷമായി ഓർമയുടെ മനോഹരമായ ചെരുവുകളിൽ താലോലിച്ചുവച്ചിരുന്ന പ്രിയപ്പെട്ടവയെല്ലാം ഹൈഫയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ ഒന്നു തിരിഞ്ഞുനോക്കാൻ പോലും മൂല്യമില്ലാതെ വീണുടയുന്ന കാഴ്ച അതിദയനീയമാണ്.
മഞ്ഞപെയിന്റടിച്ച് ബാൽക്കണിയും കോണിപ്പടിയും ഓടാമ്പലും ഡോർ ബെല്ലും ചുമരിൽ കുട്ടികൾ കുത്തിവരച്ച പെൻസിൽ വരകളും വഴിയിലെ കല്ലുകളും മരങ്ങളും തെരുവുകളും മേശപ്പുറത്തെ പൂത്താലത്തിൽ കുത്തിവച്ച മയിൽപീലികളും, എല്ലാത്തിനും പുറമേ ഓർമയുടെ മുറ്റത്ത് പ്രതീക്ഷയുടെ നിലാവ് പരത്തിയിരുന്ന ഖൽദൂന്റെ വശ്യമായ മുഖവും, ഇവയെല്ലാമായിരുന്നു ഇരുപത് വർഷങ്ങൾക്കുശേഷം മടങ്ങിവരുന്ന സഈദിന്റെ ഹൈഫ. അഞ്ച് മാസം പ്രായത്തിൽ നിവൃത്തിയില്ലാതെ ഉപേക്ഷിച്ചുപോകേണ്ടിവന്ന ഖൽദൂൻ എന്ന മകനെ ആകാംക്ഷയോടെ കാത്തു നിൽക്കുന്ന സഈദിന്റെയും സഫിയയുടെയും മുന്നിലേക്ക് ജൂത സയണിസത്തിന്റെ വേഷഭാവങ്ങളും സംസ്കാരങ്ങളും എടുത്തണിഞ്ഞ് സർവ ഗർവോടു കൂടി ദോഫ് വന്നുനിൽക്കുമ്പോഴാണ് പല ബോധ്യങ്ങളും തകിടം മറിയുന്നത്.
വെറും രക്തവും മാംസവും അല്ല മനുഷ്യൻ, വെറും മണ്ണും മരങ്ങളും ഓർമകളുമല്ല മാതൃരാജ്യം. മനുഷ്യൻ ഒരു സമസ്യയാണെന്ന വലിയൊരു ധൈഷണിക സംവാദവും കനഫാനി ഇവിടെ കൊണ്ടുവരുന്നുണ്ട്. ‘യഥാർഥത്തിൽ നമ്മൾ മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് രക്തവും മാംസവുമായോ പാസ്പോർട്ടുകളും ഐഡന്റിറ്റി കാർഡുകളുമായോ ഒരു ബന്ധവുമില്ലാത്ത ഒന്നാണ്’. ഇത്തരം ലളിതമായ വംശീയ നിർവചനങ്ങൾക്കപ്പുറം ഒരു കൂട്ടം ആശയങ്ങളും തത്ത്വങ്ങളും രൂപപ്പെടുത്തുന്ന വിഷയമാണ് മനുഷ്യനെന്നും കനഫാനി ഇവിടെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.
എന്താണ് ഫലസ്തീൻ എന്ന തിരിച്ചറിവിന്റെ ഞെട്ടലിൽ സഈദ് ഭാര്യയോട് ചോദിക്കുന്നുണ്ട്. സഫിയാ, എന്താണ് മാതൃരാജ്യമെന്ന് നിനക്കറിയുമോ?’ ‘ഇതൊന്നും സംഭവിക്കാതിരിക്കലാണ് മാതൃരാജ്യം.’ മാതൃരാജ്യത്തിന്റെ ഭൂതകാലത്തിൽനിന്ന് പൂർണമായും പുറത്തുകടക്കാത്ത സഫിയ ആശ്ചര്യപ്പെട്ടു നിൽക്കുകയാണ്. സഈദ് വീണ്ടും തുടരുന്നുണ്ട്. ടഇല്ല. ഞാൻ വെറുതെ ചോദിക്കുകയായിരുന്നു. ഞാൻ യഥാർഥ ഫലസ്തീനെ അന്വേഷിക്കുകയായിരുന്നു, ഒരു ഓർമയേക്കാൾ ആധിക്യമുള്ള ഫലസ്തീൻ, ഒരു മയിൽപീലിയേക്കാൾ ആധിക്യമുള്ള ഫലസ്തീൻ, ഒരു മകനേക്കാൾ ആധിക്യമുള്ള ഫലസ്തീൻ, കോണിപ്പടികളിലെ പെൻസിൽ കുത്തിവരകളേക്കാൾ ആധിക്യമുള്ള ഫലസ്തീൻ.’
ഫലസ്തീന്റെ വിമോചനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള പുതു തലമുറയുടെ കാഴ്ചപ്പാടും അവരിൽ കനഫാനിയുടെ പ്രതീക്ഷയും ഖാലിദിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നു. ആയുധവും പോരാട്ടവുമാണ് വിമോചനമാർഗമെന്നും അത് പുതുതലമുറ മനസ്സിലാക്കിയിട്ടുണ്ടെന്നുമാണ് കനഫാനി നോവലിലൂടെ ഉറക്കെ വിളിച്ചുപറയാൻ ശ്രമിക്കുന്നത്. ‘ഖാലിദിനെ സംബന്ധിച്ച് എന്തായിരിക്കും ഫലസ്തീൻ? അവന് പൂപാത്രം അറിയില്ല, ചിത്രം അറിയില്ല, കോണി അറിയില്ല, ഹലീസയും അറിയില്ല, എന്നിട്ടും അവനെ സംബന്ധിച്ചിടത്തോളം ഫലസ്തീൻ ആയുധമേന്തി പോരാടി മരിക്കാൻ മാത്രം അർഹതപ്പെട്ടതാണ്. മാതൃരാജ്യം എന്നത് ഭൂതകാലം ആണെന്ന് കണക്കുകൂട്ടിയിടത്ത് നമുക്ക് പിഴവ് പറ്റിയിരിക്കുന്നു. എന്നാൽ, ഖാലിദിന് മാതൃരാജ്യം ഭാവിയാണ്.’ വീണ്ടും ഒരിക്കൽ കൂടി പഴയ ഹൈഫയെയും ഖൽദൂനെയും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമായിട്ടും നിർവികാരതയോടെ തിരിച്ചിറങ്ങുന്ന സഈദും സഫിയയും റാമല്ലയിലെ വീട്ടിലെത്തുമ്പോഴേക്കും ഖാലിദ് ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയിട്ടുണ്ടാവണമെന്ന പ്രതീക്ഷയിലാണ് കാറിലേക്ക് കയറുന്നത്.
സഈദിന്റെ വീട് കവർന്നെടുത്ത് അതിൽ താമസിക്കുന്ന മിർയാമും ഇഫ്റത് കോശിനും അതിലെ സാധന സാമഗ്രികളെല്ലാം അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ, അതേസമയം ഊണിലും ഉറക്കിലും സയണിസവും അറബ് വംശീയ വിദ്വേഷവും ചാലിച്ചുകൊടുത്ത് ഖൽദൂനെ ശുദ്ധ ജൂതനായ ദോഫ് ആക്കി അവർ പരിവർത്തിപ്പിച്ചിരിക്കുന്നു. ഫലസ്തീനിലെ ഭൗതിക പുരോഗതിയും പൈതൃക സംരക്ഷണവും നിങ്ങളേക്കാൾ മികച്ച രീതിയിൽ ഞങ്ങളാണ് ചെയ്യുകയെന്ന ജൂത രാഷ്ട്രീയത്തിന്റെ പൊള്ള വാദങ്ങളെ ഇവിടെ തൊലിയുരിച്ചുകാണിക്കുകയാണ് കനഫാനി. ഫലസ്തീൻ പ്രതിസന്ധിയുടെ എല്ലാ വശങ്ങളെയും സൂക്ഷ്മവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന ‘ആഇദുൻ ഇലാ ഹൈഫ’ വിവിധ കാലങ്ങളിൽ സിനിമയും നാടകവുമായി നിർമിക്കപ്പെട്ടിട്ടുണ്ട്.
1982 ൽ ലബനാനിൽ ‘ഖാസിം ഹവൽ’ സംവിധാനം ചെയ്ത് ഇതേ പേരിൽ തന്നെ സിനിമയായി പുറത്തിറക്കി. പിന്നീട്, ഇറാനിയൻ സംവിധായകൻ സൈഫുല്ല ദാദ് സംവിധാനം ചെയ്ത് ‘ദ സർവൈവർ’ എന്ന പേരിൽ 1995 ലും, സിറിയൻ സംവിധായകൻ ബാസിൽ ഖതീബ് ടെലിവിഷൻ സീരീസ് ആയി 2004 ലും ഈ നോവലിന് ദൃശ്യാവിഷ്കാരം നൽകുകയുണ്ടായി.
കനഫാനിയുടെ മറ്റു ചെറുകഥാസമാഹാരങ്ങളും നാടകങ്ങളും എല്ലാംതന്നെ ഫലസ്തീനിലെ മനുഷ്യർ അനുഭവിക്കുന്ന ദുരിതയാതനകളെ അവലംബമാക്കിയുള്ളത് തന്നെയാണ്. മൗത് സരീർ റഖം 12, അർജുൽ ബുർതുഖാലിൽ ഹസീൻ, അശൈഉൽ ആഖർ, അൽ ഖിനീലു അസ്സഈർ, അൽ ഖമീസുൽ മസ്റൂഖ് തുടങ്ങിയവ ചെറുകഥാ സമാഹരങ്ങളാണ്. അൽ ഖുബ്ബഅ വന്നബി, ജിസ്ൻ ഇലൽ അബദ്, അൽ ബാബ് തുടങ്ങിയവ നാടകങ്ങളും അദബുൽ മുഖാവമ ഫീ ഫിലസ്തീൻ അൽ മുല്ല 1948-1966, അൽ അദബുൽ മുഖാവിം തഹ് അൽ ഇതിലാൽ 1948-1968, ഫിൽ അദബിസ്സ് നീ എന്നിവ നിരൂപണ പഠന ഗ്രന്ഥങ്ങളുമാണ്. അദ്ദേഹത്തിന്റെ കൃതികൾ ഇരുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനവും സാഹിത്യരചനയും തന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പരസ്പരപൂരകങ്ങളായ വഴികളാണെന്ന ബോധ്യത്തിൽ ഊന്നി ഹ്രസ്വമായ തന്റെ സമര ജീവിതത്തെ അറബ് ഫലസ്തീൻ സാഹിത്യത്തിലും ഫലസ്തീൻ വിമോചന സമര ചരിത്രത്തിലും ഒരിക്കലും വിമസ്മൃതമാവാത്തവിധം അടയാളപ്പെടുത്താൻ ഗസ്സാൻ കനഫാനിക്ക് സാധിച്ചു.