രാഷ്ട്രീയ ശക്തിയായി മാറുന്ന കർഷകർ

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ ദേശീയ കർഷക സമരത്തിന്റെ ഭാവിയെക്കുറിച്ചും രാഷ്ട്രീയ പ്രതിഫലനങ്ങളെക്കുറിച്ചും പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള യോ​ഗേന്ദ്ര യാദവ് സംസാരിക്കുന്നു.

കർഷക സമരത്തെക്കുറിച്ച് തന്നെ ചോദിച്ച് തുടങ്ങട്ടെ. ചരിത്രപരമായി തന്നെ വളരെ പ്രാധാന്യമുള്ള ഒരു സമരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട വലിയ പ്രക്ഷോഭങ്ങളിൽ ഒന്ന്. സമരം ചെയ്യുന്ന കർഷകർ വ്യത്യസ്തമായ സാമൂഹ്,രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. ഈ വ്യത്യസ്തതകൾ മറികടന്ന് ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കാൻ കർഷകരെ പ്രാപ്തമാക്കിയ ഘടകം എന്താണ്?

ഈ ചോദ്യം 2020 ജൂൺ-ജൂലൈ മാസം ചോദിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ഒരു വിജയം സാധ്യമാവും എന്ന് ഞാൻ പറയുമായിരുന്നില്ല. അത്തരമൊരു സാധ്യത അന്ന് വളരെ കുറവായിരുന്നു. ലക്ഷക്കണക്കിന് കർഷകർ ദില്ലിയിൽ എത്തിച്ചേരാനുള്ള സാധ്യതപോലും അന്ന് ആലോചിക്കാൻ കഴിയുമായിരുന്നില്ല. മുഴുവൻ സംവിധാനവും തങ്ങൾക്കെതിരായാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നത് വർഷങ്ങളായി കർഷകർ മനസിലാക്കിയ കാര്യമാണ്. ഇത്രയും കാലമായി അവർ അനുഭവിച്ചുവന്ന നൈരാശ്യവും വേദനയും അമർഷവും ഈ സമരത്തിലൂടെ പുറത്തേക്കു വന്നു എന്നതാണ് യാഥാർഥ്യം. മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ മൂന്ന് നിയമങ്ങൾക്കെതിരെ ഉള്ള സമരം മാത്രമല്ല ഇത്. അന്ന ഹസാരെയുടെ പ്രക്ഷോഭത്തിൽ നിന്നും കർഷക സമരം ഏറെ വ്യത്യസ്തമാണ്. അന്ന് പ്രക്ഷോഭകാരികളായ ഭൂരിപക്ഷം പേർക്കും എന്താണ് ലോക്പാൽ ബില് എന്ന് പോലും അറിയില്ലായിരുന്നു. അത് അഴിമതിക്കെതിരെ അണപൊട്ടിയ ജനരോഷം ആയിരുന്നു. ഇവിടെ കർഷകർക്കെതിരെ രൂപപ്പെട്ട ഒരു സംവിധാനത്തിനെതിരെയാണ് അവർ സമരംചെയ്യുന്നത്. ഒടുക്കം ഗത്യന്തരമില്ലാതെ ഈ ദുഷിച്ച വ്യവസ്ഥ തന്നെ അവസാനിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങുകയായിരുന്നു അവർ. വളരെ സ്വാഭാവികമായി പലതും ഈ സമരത്തിന് അനുകൂലമാവുകയായിരുന്നു. പഞ്ചാബിലെ കർഷകർക്കിടയിൽ അതുവരെ സാധ്യമല്ലാതിരുന്ന ഐക്യമാണ് ഇതോടനുബന്ധിച്ചു സാധ്യമായത്. അതുപോലെ കിസാൻ മോർച്ച എന്ന കൂട്ടായ്‌മയ്‌ക്ക് ദേശീയ തലത്തിൽ രൂപം കൊടുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു ഇത് കർഷക പ്രസ്ഥാനങ്ങൾക്ക് മുൻ അനുഭവമില്ലാത്ത ഒന്നായിരുന്നു. ഇതൊക്കെ സാധ്യമായതിന് കാരണം ആഴത്തിൽ അവരെ ബാധിച്ച പ്രതിസന്ധിയാണ്.

ഇത്രയും സംഘടിതരായ കർഷകർ ആവശ്യപ്പെടുന്ന ന്യായമായ അവകാശങ്ങളെ അംഗീകരിച്ചുകൊടുക്കാൻ തടസ്സം നിൽക്കുന്നത് പ്രധാനമന്ത്രിയുടെ ഈഗോ മാത്രമാണോ? അതോ ബാഹ്യശക്തികളിൽ നിന്നുള്ള വലിയ സമ്മർദ്ദമാണോ? വേൾഡ് ഇക്കണോമിക് ഫോറം ‘ദ ഗ്രേറ്റ് റീസെറ്റ്’ പോലുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഒരു കാലം. മൂലധന ശക്തികൾ എന്ത് വിലകൊടുത്തും തങ്ങളുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ഒരു കാലത്ത് രാഷ്ട്രീയ സാമ്പത്തിക ശക്തികളിൽ നിന്നുള്ള സമ്മർദ്ദവും പ്രധാനമന്ത്രിയെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നാണ്ടാവില്ലേ?

ഈ ബാഹ്യസമ്മർദ്ദം കഴിഞ്ഞ ഇരുപതു വർഷമായി നിലൽനിൽക്കുന്നുണ്ട്. അഗ്രോ ബിസിനസ് കാർഷിക മേഖലയിൽ ഇടപെടുന്നത് ഒരു പുതിയ കാര്യമല്ല. ഓരോ സർക്കാരുകളെയും സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവ്യശ്യങ്ങൾ സാധിക്കുന്നത് അവർ കുറെകാലങ്ങളായി ചെയ്തുവരുന്നതാണ്. കോൺഗ്രസ്സ് ഭരണകാലത്ത് അവർക്കു ഇത്തരം നയങ്ങൾ കൊണ്ടുവരാൻ ധൈര്യം ഉണ്ടായില്ല എന്നതാണ് സത്യം. മഹാമാരി കാലം ഇത്തരം നിയമം കൊണ്ടുവരാൻ പറ്റിയ നല്ല അവസരം ആണെന്നും ആരും ഇതൊന്നും ശ്രദ്ധിക്കുകയില്ലെന്നുമായിരുന്നു മോദി വിചാരിച്ചത്. ഇപ്പോൾ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ആ തീരുമാനം എടുത്തതിലൂടെ രാഷ്ട്രീയപരമായ നഷ്ടം സംഭവിച്ചിരിക്കുന്നു എന്ന് നന്നായി അറിയാം എന്നാണ് ഞാൻ കരുതുന്നത്. കോപ്പറേറ്റുകൾ വേണോ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് വേണോ എന്ന് വരുമ്പോൾ അവർക്ക് സ്വാഭാവികമായും രണ്ടാമത്തേതിന് പ്രാധാന്യം കൊടുക്കേണ്ടിവരും. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താൻ പ്രധാനമന്ത്രിക്ക് മുൻപിൽ ഒരുപാട് അവസരങ്ങൾ വേറെയുണ്ട്. അത് അദ്ദേഹം രാഷ്ട്രത്തിന്റെ സമ്പത്തുകൾ ഓരോന്നായി വിൽപ്പന നടത്തിക്കൊണ്ട് ഭംഗിയായി നിർവ്വഹിക്കുന്നുമുണ്ട്. തന്റെ കോർപ്പറേറ്റ് ചങ്ങാതിമാർക്കു പകരം അവസരങ്ങൾ നൽകിക്കൊണ്ട് കാർഷിക മേഖലയെ മാറ്റി നിർത്താവുന്നതേയുള്ളൂ. കോർപ്പറേറ്റുകളും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഏകപക്ഷീയമായ ഒന്നല്ല. പരസ്പ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള കൂടിയാലോചനകളാണ് സാധാരണ നടക്കാറുള്ളത്. കോർപ്പറേറ്റ് താൽപ്പര്യത്തെ സംരക്ഷിക്കുന്നതിനപ്പുറം പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ നിലനിർത്താനുള്ള വിലകുറഞ്ഞ ശ്രമമാണ് നടത്തുന്നത് എന്നതാണ് ഇവിടെ സംഭവിക്കുന്നത്. താൻ ഒരു പരിഷ്ക്കർത്താവാണ് എന്നതാണ് മോദി സ്വയം നിർമ്മിച്ചെടുത്തിരിക്കുന്ന പ്രതിച്ഛായ. അങ്ങനെയുള്ള താൻ വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള സംഘടനകളുടെയൊക്കെ മുന്നിൽ എങ്ങനെ തന്റെ ഇമേജ് സംരക്ഷിക്കും എന്നാണ് മോദി ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഈഗോ, ധാർഷ്ട്യം, നിർമ്മിച്ചെടുത്ത ഇമേജ് തകരാതിരിക്കാനുള്ള ശ്രമം തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കാനുള്ള പ്രധാന കാരണം. ബാഹ്യ സമ്മർദ്ദം ഒഴിവാക്കാനുള്ള വഴികൾ അറിയാത്ത ആളല്ല അദ്ദേഹം. മോദി ഒന്നിനും വഴങ്ങിക്കൊടുക്കാത്ത ശക്തനായ ഭരണാധികാരിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം. മാത്രവുമല്ല, അദ്ദേഹം വഴങ്ങുന്നു എന്ന് കണ്ടാൽ നിരവധി പ്രക്ഷോഭങ്ങൾ തുടർന്ന് വരുമെന്നും ഭയക്കുന്നുണ്ടാവും.

കർഷക സമരത്തിന്റെ ഭാവി പ്രവചിക്കുക എളുപ്പമല്ല. കർഷകർ പിന്മാറില്ല എന്ന കാര്യം ഉറപ്പാണ്. ഈ പ്രക്ഷോഭം എങ്ങനെ അവസാനിക്കുമെന്നാണ് താങ്കൾ കണക്കുകൂട്ടുന്നത്?

സമരത്തിന്റെ ഭാഗമായി നിൽക്കുന്ന ഒരാൾ എന്ന നിലയിൽ കൃത്യമായി ഒന്നും പറയാൻ കഴിയില്ല. കർഷകർ വിജയം കാണാതെ മടങ്ങിപ്പോകില്ലെന്ന് ഉറപ്പാണ്. പകുതിക്കുവച്ച് അവസാനിപ്പിക്കുന്ന ഘട്ടമെല്ലാം കഴിഞ്ഞിരിക്കുന്നു. കർഷകരെ വിഭജിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും ചെയ്തു. ഇനി അവർ അതിൽ വിജയിക്കുമെന്നും തോന്നുന്നില്ല. ഇനി സർക്കാരിന്റെ മുമ്പിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ചില വളഞ്ഞ വഴികളാണുള്ളത്. സുപ്രീംകോടതി കമ്മിറ്റിയെക്കൊണ്ട് കർഷകർക്ക് അനുകൂലമായ നിലപാട് എടുപ്പിച്ച് അതിനെ അംഗീകരിക്കുന്നു എന്ന് പറയാം. രണ്ടാമത്തെത്, ആർ.എസ്.എസ്സിന്റെ ഭാരതീയ കിസാൻ സംഘിന്റെ ചില നിർദ്ദേശങ്ങൾ വരുകയും അത് താൻ അംഗീകരിക്കുന്നു എന്ന് പറയുകയുമാണ് മറ്റൊരുവഴി. അങ്ങനെ എന്തെങ്കിലും ചില കളികളിലൂടെ തന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മോദി ശ്രമിച്ചേക്കാം. നമ്മൾ ഒരിക്കലും കണക്കുകൂട്ടാത്ത ചില കളികളൊക്കെ നടത്താൻ മോദി മിടുക്കാനാണ്. എന്തായാലും സി.എ.എ പ്രക്ഷോഭത്തിൽ സംഭവിച്ചതുപോലെ സമരക്കാർ പിരിഞ്ഞുപോകാനുള്ള സാധ്യത ഇവിടെ ഇല്ല.

കർഷക സമരത്തിന്റെ ദീഘകാല പ്രതിഫലനങ്ങൾ എന്തൊക്കെയായിരിക്കും?

കർഷകർ തിരിച്ചുപോകുന്നത് ചില പ്രധാന നേട്ടങ്ങളുമായിട്ടായിരിക്കും എന്നാണ് എന്റെ കണക്കുകൂട്ടൽ. പുതിയ മൂന്ന് നിയമങ്ങൾ പിൻവലിക്കപ്പെടുക, അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ട എ.പി.എം.സി ആക്ട് പിൻവലിക്കപ്പെടും എന്നതായിരിക്കും. എന്തായാലും ഇന്ത്യൻ കാർഷിക രംഗത്തെ കീഴടക്കാനുള്ള കോർപ്പറേറ്റ് അജണ്ടയ്ക്ക് തീർച്ചയായും വലിയ തിരിച്ചടിയായിരിക്കും അത്. താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ കിട്ടുകയാണെങ്കിൽ, അത് കർഷകരുടെ പ്രധാന ആവശ്യമാണ്, അത് ഒരു സുപ്രധാന നേട്ടമായിരിക്കും. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന ഒരു വലിയ നേട്ടം ആയിരിക്കും അത്. എന്നെ സംബന്ധിച്ച് കർഷകർ ഇപ്പോൾത്തന്നെ സുപ്രധാന നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഒന്ന് കർഷകർക്ക് ലഭിച്ച ആത്മാഭിമാന ബോധം, രണ്ടാമത്തേത് കർഷകർ ഒരു രാഷ്ട്രീയ സ്വാധീന ശക്തിയായി ഉയർന്നുവന്നു എന്നത്. മൂന്നാമത്തേത് കർഷകർക്കിടയിൽ ഉണ്ടായ ഐക്യം. ഈ മൂന്നു കാര്യങ്ങൾ നിലനിൽക്കുകയാണെങ്കിൽ കർഷകർ ഭാവിയിൽ വലിയ രാഷ്ട്രീയ ശക്തിയായി മാറും. സർക്കാരിനോട് ആവശ്യങ്ങൾ ശക്തമമായി ആവശ്യപ്പെടാനും നയരൂപീകരണത്തിൽ ഇടപെടാനുമുള്ള ശക്തി ലഭിക്കും. ലേബർ യൂണിയനുകൾക്കു ബ്രിട്ടീഷ് സർക്കാരിനെ പണ്ട് സ്വാധീനിക്കാൻ കഴിഞ്ഞതുപോലെ. അതുപോലെ കർഷക പ്രസ്ഥാനം ദീർഘകാല പദ്ധതികളെ കുറിച്ച് ആലോചിക്കും. ഇപ്പോൾ മിനിമം താങ്ങുവിലയ്ക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ പറ്റുന്ന അവസ്ഥയിലല്ല കർഷക പ്രസ്ഥാനങ്ങൾ. ഈ സമരം വിജയിക്കുന്നതോടെ ഇപ്പോഴത്തെ കൃഷിരീതികൾ വിമർശനാത്മകമായി പരിശോധിക്കാൻ അവർക്ക് കഴിയും. ഇപ്പോഴത്തെ കൃഷി രീതികൾ പാരിസ്ഥിതികമായി സുസ്ഥിരമല്ല. അപ്പോൾ ഹരിതവിപ്ലവത്തെ വിമർശനാത്മകമായി നോക്കിക്കാണേണ്ടിവരും. അത് ഇനിയും തുടർന്നുപോകാൻ കഴിയുന്ന ഒന്നല്ല. പഞ്ചാബിൽ അതുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതാണ്. കാലം ആവശ്യപ്പെടുന്ന പുതിയ കൃഷിരീതികളെക്കുറിച്ചുള്ള ചർച്ചകൾ തീർച്ചയായും ഉണ്ടാവും.

വളരെ പ്രധാനപ്പെട്ട കാര്യമാണ് താങ്കൾ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രതിസന്ധികളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആണ് കാർഷിക മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രകൃതി സൗഹൃദമായ കൃഷിരീതികളിലേക്കുള്ള മാറ്റം നിർണ്ണായകമാണ്. എന്നാൽ അങ്ങനെയൊരു സുപ്രധാന മാറ്റത്തിലേക്ക് നയിക്കാൻ കഴിയുന്നതരത്തിൽകർഷകർക്കിടയിലുള്ള ഇന്നുള്ള ഐക്യം സമരം അവസാനിപ്പിച്ചതിന് ശേഷവും നിലനിൽക്കുമോ?

ഒരു പ്രസ്ഥാനവും എല്ലാക്കാലത്തും ഒരേപോലെ ശക്തമായി നിലനിൽക്കുന്നില്ല. ഒരുപക്ഷെ സ്വതന്ത്രലബ്ധിക്ക് ശേഷം ആദ്യമായാണ് കർഷകർക്ക് ഒരു സമരോപാധി കിട്ടുന്നത്. അതുകൊണ്ടാണ് അവർക്ക് ഭാരത്ബന്ദ് പോലെയുള്ള ഒരു കാര്യം ആലോചിക്കാൻ കഴിഞ്ഞത്. ഒരു വർഷം മുന്നേ ഇങ്ങനെയൊരു കാര്യം ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ഈയൊരു ശക്തി തുടർന്നും നിലനിൽക്കും എന്നാണ് ‍ഞാൻ കരുതുന്നത്. ഇന്നവർക്ക് ലഭിച്ചിരിക്കുന്ന ഉപാധി അവർക്ക് നിലനിർത്താൻ കഴിയുകയാണെങ്കിൽ ഭാവിയിൽ വലിയൊരു ഇടം അതുണ്ടാക്കിക്കൊടുക്കും. പഞ്ചാബിലെ കർഷകർ കാലാകാലങ്ങളായി ചെയ്തുവരുന്ന അരി ഉത്പാദനം ജലദൗർലഭ്യത്തിന്റെ പശ്ചാത്തലത്തിൽ അതേപോലെ തുടരണോ എന്ന ചോദ്യം ഈ പശ്ചാത്തലത്തിൽ അവർക്ക് ഉന്നയിക്കാൻ കഴിയും. ഹരിയാനയിലെയും പഞ്ചാബിലെയും മുഖ്യാഹാരമല്ലാത്ത അരി തങ്ങൾ ഇത്രയധികം എന്തിന് ഉണ്ടാക്കണം എന്ന് അവർ ചിന്തിച്ചേക്കാം. അതുകൊണ്ടുതന്നെ കൂടുതൽ വില കിട്ടുന്ന മറ്റ് ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കുന്ന കാര്യം അവർ ആലോചിച്ചേക്കാം. അതുപോലെ പാരിസ്ഥിതികമായി കൂടുതൽ ശരിയായ തീരുമാനങ്ങൾ അവർക്ക് എടുക്കാൻ കഴിഞ്ഞേക്കും. ഈ രാജ്യത്തെ എല്ലാ അഭിവൃദ്ധിക്കും കർഷകർ ബലിയാടാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ റേഷൻ ഷോപ്പുകൾ വഴി അരി ലഭിക്കുന്നതിന് കർഷകർ ത്യാഗം സഹിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ദില്ലിയിലെ വായുമലിനീകരണത്തിന്റെ ഉത്തരവാദിത്തവും വൈക്കോൽ കത്തിക്കുന്ന കർഷകരുടെ മുകളിലാണ് ചുമത്തപ്പെടുന്നത്. ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ സമയത്ത്, സധൈര്യം സമരം ചെയ്യുന്ന കർഷകർ, ഇന്ത്യൻ സമൂഹത്തിന് മുഴുവൻ ചോദ്യങ്ങളുന്നയിക്കാനുള്ള പ്രാഥമിക അവകാശത്തിന് ശക്തി പകരുകയല്ലേ ചെയ്യുന്നത്? അങ്ങനെ നോക്കുമ്പോൾ കർഷക സമരം മൊത്തം സമൂഹത്തിന് സ്വതന്ത്രമായി ജീവിക്കാനുള്ള ഊർജ്ജം പകരുന്നില്ലേ?

അടിയന്തിരാവസ്ഥയ്ക്ക് ശേഷം നമ്മുടെ രാജ്യം കടന്നുപോകുന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണ് ഇപ്പോൾ. പലകാരണങ്ങൾ കൊണ്ടും അടിയന്തിരാവസ്ഥയേക്കാൾ കൂടുതൽ ഇരുണ്ട ഒരു കാലം. അങ്ങനെയൊരു കാലത്ത് കർഷക പ്രസ്ഥാനം ഒരു വലിയ പ്രതീക്ഷ തന്നെയാണ്. അത് കർഷകർക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുന്നു എന്നതുകൊണ്ട് മാത്രമല്ല, അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സധൈര്യം ഉറച്ചനിലപാടെടുക്കാൻ കഴിയുന്നതുകൊണ്ട് കൂടിയാണ്. അങ്ങനെ മാത്രമേ ഫെഡറലിസത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. ഈ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കും ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നവർക്കും എതിരെയുള്ള ഒരു സന്ദേശം കൂടിയാണ് ഈ സമരം. ഈ രാജ്യത്തിന്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാനുള്ള ഒരു സമരമായിക്കൂടി ഇത് മാറുകയാണ്. കൂടാതെ ജനാധിപത്യത്തിന്റെ സംരക്ഷണം കൂടി ഇതുവഴി സാധ്യമാവുകയാണ്. വൈവിധ്യത്തെ അംഗീകരിക്കാതെ കർഷക പ്രസ്ഥാനത്തിന് നിലനിൽക്കാൻ കഴിയില്ല. കാരണം, കർഷകർ അത്രമാത്രം വ്യത്യസ്തമാണ്. ഞാൻ കേരളത്തിലെ കർഷകരെ കണ്ട് ഹരിയാനയിൽ എത്തിച്ചേരുമ്പോൾ രണ്ട് സ്ഥലങ്ങളിലുള്ള കർഷകരും രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ളവരാണ് എന്ന് തോന്നിപ്പോകും. രണ്ട് സ്ഥലങ്ങളുടെയും കൃഷിരീതികളും ഭൂഘടനയും കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും എല്ലാം വ്യത്യസ്തമാണ്. ഈയൊരു വൈവിധ്യത്തെ അംഗീകരിക്കാതെ ഒരിക്കലും കർഷക പ്രസ്ഥാനത്തിന് നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഈ രാജ്യത്തിന്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിയുന്നത്. മനുഷ്യചരിത്രം പരിശോധിച്ചാൽ അതിന്റെ വികാസഘട്ടങ്ങളിൽ ഒരു പ്രത്യേക വർഗത്തിന്റെ താത്പര്യം ചരിത്രത്തിന്റെ മുന്നോട്ടുള്ള ഗതിയെ നിർണ്ണയിക്കുന്നതായി കാണാൻ കഴിയും. 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ തൊഴിലാളി വർഗമാണ് അതിന് നേതൃത്വം നൽകുകയെന്ന് മാർക്സ് വിലയിരുത്തി. 21-ാം നൂറ്റാണ്ടിലെത്തുമ്പോൾ ഇന്ത്യൻ സമൂഹത്തിന്റെ കാര്യത്തിൽ അത് കർഷക പ്രസ്ഥാനമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് കർഷക വർഗത്തിന്റെ താത്പര്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ താത്പര്യമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇത് കൂടാതെ, ഈ സമരം വളരെ ക്രിയാത്മകമായ പ്രതിഷേധങ്ങളുടെ ഒരു മാതൃകയായി മാറുകയായിരുന്നു. കർഷകർ സമരം ചെയ്യുക മാത്രമല്ല, ഒന്നിച്ച് ഭക്ഷണമുണ്ടാക്കുകയും പങ്കുവയ്ക്കുകയും സന്തോഷം പങ്കിടുകയും മറ്റൊരു വിഭാഗം വയലിൽ പണിയെടുക്കുകയും ചെയ്യുന്നു. അങ്ങനെ വളരെ വ്യത്യസ്തമായ ഒരു സമരമുഖമാണ് നമ്മൾ ദില്ലിയിൽ കാണുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇത് വളരെ അപൂർവ്വമായി സംഭവിച്ച ഒന്നല്ലേ?

ആവശ്യം സൃഷ്ടിയുടെ മാതാവാകുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഇക്കാര്യത്തിന് മോദി സർക്കാരിനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. ഒരർത്ഥത്തിൽ സർക്കാർ സമരക്കാരോട് പുതുവഴികൾ തേടാൻ നിർബന്ധിക്കുകയായിരുന്നു. ഷഹീൻബാഗിൽ സംഭവിച്ചത് മറ്റൊരു ഉദാഹരണമായിരുന്നു. സാധാരണഗതിയിലുള്ള പ്രതിഷേധം സി.എ.എയ്ക്കെതിരെ അനുവദിക്കാതിരുന്നപ്പോഴാണ് ഷഹീൻബാഗ് സംഭവിച്ചത്. അതേപോലെ, ദില്ലിയിൽ മൈതാനത്തിലാണ് ഈ സമരം നടന്നിരുന്നതെങ്കിൽ അതൊരു സാധാരണ പ്രതിഷേധ സമരമായി മാറുമായിരുന്നു. പക്ഷെ ഞങ്ങളെ ദില്ലിയിലേക്ക് കടക്കാൻ അനുവദിക്കാതെ, പ്രതിഷേധത്തിന് മറ്റൊരു വഴിതേടാൻ സർക്കാർ തന്നെ നിർബന്ധിക്കുകയായിരുന്നു. തെരുവിൽ സമരം ചെയ്യാൻ ഞങ്ങൾ നിർബന്ധിക്കപ്പെട്ടു. അങ്ങനെയാണ് പല സൃഷ്ടിപരമായ കാര്യങ്ങളും സമരരംഗത്ത് നടന്നത്. ഞാൻ വിചാരിക്കുന്നത് ഏകാധിപധികളായ ഭരണാധികാരികൾ ഒരുതരത്തിൽ ഇങ്ങനെ സൃഷ്ടിപരതയ്ക്ക് കാരണമാകുന്നു എന്നാണ്.

താങ്കൾ അന്ന ഹസാരെയുടെ അഴിമതിക്കെതിരായ സമരത്തിലും സജീവ സാന്നിധ്യമായിരുന്നല്ലോ. ഇപ്പോൾ കർഷ സമരത്തിലും. ഈ രണ്ട് സമരത്തിലുമുള്ള വ്യത്യാസം എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാൻ ആ സമരസമിതിയുടെ ഔദ്യോഗിക കമ്മിറ്റിയിൽ അംഗമായിരുന്നില്ല. മറിച്ച്, അതിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ആ സമരം ഇന്ത്യയിലെ മധ്യവർഗത്തിന്റേതായിരുന്നു. അതും നഗരമധ്യവർഗത്തിന്റേത്. ആ സമരത്തെ തുടക്കത്തിൽ മാധ്യമങ്ങൾ വലിയ രീതിയിൽ പിന്തുണച്ചിരുന്നു. എന്നാൽ കർഷക സമരത്തിൽ മാധ്യമങ്ങൾ ശത്രുതാപരമായ നിലപാടാണ് കൈക്കൊണ്ടത്. ആദ്യത്തെ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമായിരുന്നു സമരത്തോട് അവർ അനുഭാവം പ്രകടിപ്പിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ പിന്നീട് സർക്കാരിന്റെ കുഴലൂത്തുകാരാവുകയും കർഷക പ്രസ്ഥാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുക്കുകയും ചെയ്തു. ഇതുപോലെ അന്ന ഹസാരെയുടെ സമരകാലത്ത് മാധ്യമങ്ങൾ നിലകൊണ്ടിരുന്നു എങ്കിൽ ആ സമരം വളരെ വേഗത്തിൽ തന്നെ ഇല്ലാതാകുമായിരുന്നു. മധ്യവർഗം നടത്തുന്ന സമരങ്ങൾക്ക് മാധ്യമങ്ങളുടെ പിന്തുണയില്ലാതെ നിലനിൽക്കാൻ കഴിയില്ല. എന്നാൽ കർഷകരുടെ കാര്യത്തിൽ അങ്ങനെയല്ല. മുഖ്യധാരാ മാധ്യമങ്ങൾ കരുതിയത് കർഷക പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർന്നുപോകുമെന്നായിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണുണ്ടായത്. അന്നാ ഹസാരെ പ്രക്ഷോഭത്തിൽ മധ്യവർഗത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇത് രണ്ടു പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസമാണ്. കർഷകരുടെ സമരവീര്യവും പ്രതിരോധശേഷിയും വളരെ വ്യത്യസ്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായുള്ള സംവേദന ശേഷിയുടെ കാര്യത്തിലും ആ വ്യത്യാസം ഉണ്ട്.

ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാൻ പോവുകയാണ്. ഈ തെരഞ്ഞെടുപ്പ് എത്രമാത്രം നിർണ്ണായകമാണ്? ഇത് കർഷക സമരത്തെ എങ്ങനെയാവും സ്വാധീനിക്കാൻ പോവുന്നത്?

കർഷക സമരത്തെ യു.പി തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല എന്നാണു ഞാൻ കരുതുന്നത്. അതേസമയം ബി.ജെ.പി യുടെ സീറ്റുകളെ കർഷക സമരം സ്വാധീനിക്കുകയാണെങ്കിൽ അത് ബി.ജെ.പി യിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ബംഗാൾ തെരെഞ്ഞെടുപ്പ് പോലെയാവില്ല യു.പി ഫലം പാർട്ടിയെ സ്വാധീനിക്കാൻ പോകുന്നത്. മറിച്ച് യു.പിയിൽ ബി.ജെ.പിക്ക് അനുകൂല വിധിയാണ് ഉണ്ടാകുന്നതെങ്കിൽ അത് കർഷക സമരത്തെ ഒരുതരത്തിലും ബാധിക്കാൻ പോകുന്നില്ല.

സമാജ് വാദി പാർട്ടിക്കും ബഹുജൻ സമാജ്‌ പാർട്ടിക്കും അധികാരത്തിൽ വരാനുള്ള ജനപിന്തുണ ഉണ്ട് എന്ന് താങ്കൾ കരുതുന്നുണ്ടോ? എന്താണ് അവസ്ഥ?

കേരളത്തിൽ നിന്നും നോക്കുമ്പോൾ ബഹുജൻ സമാജ്‌ പാർട്ടി, ബി.ജെ.പിക്ക് എതിരാണെന്ന് തോന്നും. യു.പിയിലെ ഒരാൾക്ക് അങ്ങനെ തോന്നുകയില്ല. അവർ ബി.ജെ.പിക്ക് എതിരാണെന്ന് അവിടുത്തെ ജനങ്ങൾ കരുതുന്നില്ല. മായാവതിക്ക് സമാജ് വാദി പാർട്ടിയെപോലെ ബി.ജെ.പിയെ എതിർക്കാൻ പരിമിതികൾ ഉണ്ട് എന്നതാണ് യാഥാർഥ്യം.

നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിന്റെ പ്രത്യേകത അത് പ്രതിപക്ഷമായിരിക്കാൻ സന്നദ്ധമാവുകയില്ല എന്നതാണ്. ഭൂരിപക്ഷ ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമായി ജനാധിപത്യ പ്രക്രിയയിലെ തോൽവിയെ അവർക്ക് അംഗീകരിക്കാൻ താൽപ്പര്യമുണ്ടാകില്ല. അധികാരം നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ ജീവിതം മോദി ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തെങ്കിലും കാരണത്താൽ ഒരു തെരഞ്ഞെടുപ്പ് പരാജയം മോദിക്ക് ഏറ്റുവാങ്ങേണ്ടി വരികയാണെങ്കിൽ എന്തായിരിക്കും ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്?

ഒരു ലളിതമായ കാര്യം, മോദി ജനാധിപത്യ ഘടനയ്ക്കകത്തു പരിചയം ഉള്ള ആളല്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഒരു അവസ്ഥ വന്നാൽ അദ്ദേഹം എന്ത് ചെയ്യും എന്ന് നമുക്ക് പ്രവചിക്കാനാവില്ല.

ഒരു അടിയന്തിരാവസ്ഥയ്ക്ക് സാധ്യത കാണുന്നുണ്ടോ?

ഔദോഗികമായി ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള തന്ത്രങ്ങളൊക്കെ മോദിക്ക് നന്നായി അറിയാം. എന്നാൽ ഇപ്പോൾത്തന്നെ നമ്മൾ എമർജൻസിക്ക് തുല്യമായ അവസ്ഥയിലാണ് ജീവിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജനാധിപത്യത്തെ സാങ്കേതികമായി കശാപ്പ് ചെയാതെ തന്നെ അത് കൊണ്ടുവരാൻ പറ്റും. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ അതി വിദഗ്ധമായി ജനാധിപത്യത്തെ ഇല്ലാതാക്കാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിൽ അങ്ങനെ ആയിരുന്നില്ല. മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന് തോന്നിയായാൽ നീതിപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് എനിക്ക് സംശയമാണ്.

കോവിഡ് വ്യാപനവും കർശനമായ പോലീസ് നടപടികളും കാരണം സി.എ.എ ക്കെതിരായ സമരം നിർത്തിവയ്‌ക്കേണ്ടി വന്നു. സർക്കാരിന്റെ സമീപനത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അസ്സമിൽ കുടിയൊഴിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ പ്രക്ഷോഭത്തിന്‌ നേരെ നടന്ന പോലീസ് വെടിവെയ്പ്പിൽ ഇന്ന് രണ്ടു പേർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. സി.എ.എക്കെതിരായ സമരത്തിന്റെ ഭാവി എന്തായിരിക്കാം?

സി.എ.എ സമരത്തെ മുസ്ലിം പ്രക്ഷോഭമായി അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. അതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചത്. അങ്ങനെ മുസ്ലിം വിഭാഗത്തിന്റെ പേരിലേക്ക് മാറ്റിയാൽ അതിനെ ആക്രമിക്കുക വളരെ എളുപ്പമാണ്. അതുപോലെ കർഷക സമരത്തെ ഖാലിസ്ഥാൻ വാദികളുടെ പ്രക്ഷോഭമായി ചിത്രീകരിക്കാൻ അവർ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ബി.ജെ.പി നാട്ടിലുടനീളം തെരഞ്ഞെടുപ്പ് റാലി നടത്തിക്കൊണ്ടിരിക്കുമ്പോൾ കർഷക സമരം കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നു തുടങ്ങിയ വാദങ്ങളൊക്കെ അവർ പയറ്റി നോക്കി. ഒന്നും വിജയിച്ചില്ല.

നവ ലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഇന്ത്യയിൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ സാധ്യതകൾ വികസിച്ചു വന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പരിഗണിക്കാതെയുള്ള വികസന നയങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കുവേണ്ടിയുള്ള പദ്ധതികൾക്കും വ്യാപകമായി സ്വീകാര്യത ലഭിക്കുന്നു. ഒളിഗാർക്കിക് ക്യാപിറ്റലിസം ഇന്ന് ഭരണകൂടം ഏറെ താൽപ്പര്യത്തോടെ വളർത്തിക്കൊണ്ട് വരുന്നു. നേരത്തേതിൽ നിന്ന് വ്യതസ്തമായി ചെറിയ ന്യൂന പക്ഷത്തിന്റെ കൈയ്യിൽ സമ്പത്ത് കുമിഞ്ഞുകൂടുന്നു. ഈ സാമ്പത്തിക നയത്തിന്റെ ദുരന്തം എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തെ ബാധിക്കുക?

ആദ്യം നമ്മൾ മനസിലാക്കേണ്ടത് ഇത് ഒരു പുതിയ കാര്യം അല്ല എന്നതാണ്. ഈ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാന രൂപകൽപ്പന നടന്നിട്ട് ഏകദേശം ഇരുപത് വർഷത്തോളമായി. ബി.ജെ.പിയും കോൺഗ്രസും ഒരേപോലെ ഈ നയങ്ങളെ പിന്തുണച്ചിരുന്നു. അതിലെ വ്യത്യാസം എന്തെന്നാൽ കോൺഗ്രസ് പത്ത് ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു എന്നുള്ളതാണ്. തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളിലൂടെയാണ് കോൺഗ്രസ് അത് നിർവഹിച്ചത്. വളർച്ചയിൽ അധിഷ്ഠിതമായ നയപരിപാടികൾ തന്നെയാണ് ഇക്കാലയളവിൽ നടന്നുവന്നത്. അതിനിടയിൽ കോൺഗ്രസ് പാരിസ്ഥിതികമായി നീതിപുലർത്തുന്നു എന്ന് തോന്നിക്കുന്ന ചില പരിപാടികൾ ഇക്കാലയളവിൽ ചെയ്തു. അങ്ങനെ ആ നയപരിപാടികളുടെ ആഘാതം കുറയ്ക്കാനുള്ള ചില ശ്രമങ്ങളുണ്ടായി. അപ്പോഴും അതിന്റെ ഗുണഭോക്താക്കൾ ഒരു ന്യൂനപക്ഷം തന്നെയായിരുന്നു. ഇപ്പോൾ നടക്കുന്നത് ബി.ജെ.പി സർക്കാർ കോൺഗ്രസ് നൽകിവന്ന 10 ശതമാനം ഡിസ്കൗണ്ട് കൂടി നിർത്തലാക്കിയിരിക്കുന്നു എന്നതാണ്. അക്ഷരാർത്ഥത്തിൽ ചങ്ങാത്ത മുതലാളിമാർക്കുള്ള സാമ്പത്തിക നയപരിപാടികൾ മാത്രമായി അതിനെ മാറ്റിയിരിക്കുന്നു. കൂടാതെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളെ അത് പൂർണ്ണമായും റദ്ദു ചെയ്തിരിക്കുന്നു. ഇത് പുതിയ ഒരു പൊളിറ്റൽ ഇക്കോണമിയുടെ തുടക്കമാണ്. ഇതാണ് കർഷക സമരത്തിലൂടെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴും അടിസ്ഥാനപരമായ ബദലുകൾ ആരും തന്നെ അവതരിപ്പിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അടുത്തിടെ പുറത്തിറങ്ങിയ ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം അതിധനികരായ ഒരു ശതമാനം ആളുകൾ ദേശീയ സമ്പത്തിന്റെ 42.5 ശതമാനം കയ്യാളുന്നു. അടിത്തട്ടിലെ 50 ശതമാനം ആളുകൾ ദേശീയ സമ്പത്തിന്റെ വെറും 2.8 ശതമാനം സമ്പത്ത് മാത്രമെ കൈകാര്യം ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ കോടീശ്വരരുടെ ആസ്തി 35 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി മാറി. ഈ അതിരൂക്ഷമായ സാമ്പത്തിക അസമത്വം ഇന്ത്യയിൽ ഒരു ജനകീയ പ്രക്ഷോഭത്തിന് കളമൊരുക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

സാമ്പത്തിക അസമത്വം എന്ന പ്രതിഭാസം കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. 1990 കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും ഇന്ത്യയിലെ പാവപ്പെട്ടവരുടെ എണ്ണം കുറഞ്ഞുവന്നു എന്നത് യാഥാർത്ഥ്യമാണ്. അതേസമയം ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വർദ്ധിക്കുകയാണുണ്ടായത്. കഴിഞ്ഞ 3-4 വർഷമായി, പ്രത്യേകിച്ച് മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷം അളുകൾക്കും വരുമാനം വലിയ തോതിൽ കുറഞ്ഞു. അതേസമയം അദാനിക്കും അംബാനിമാർക്കും ഇരട്ടിയിൽ അധികം സാമ്പത്തിക വളർച്ച ഉണ്ടാവുകയാണ് ചെയ്തത്. മഹാമാരിയുടെ തുടക്കത്തിൽ മുകേഷ് അംബാനിയുടെ ആസ്തി 2.6 ലക്ഷം കോടി ആയിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇത് 6.2 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. അദാനിയുടെ കാര്യത്തിൽ എഴുപതിനായിരം കോടിയിൽ നിന്നും 3.65 ലക്ഷം കോടിയായി വർദ്ധിച്ചു. ഇതുപോലെ ലോകമെമ്പാടും ഒരു ന്യൂനപക്ഷത്തിന്റെ സാമ്പത്തിക വളർച്ച അതിദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഇത് നടക്കുന്നത് ഭരണകൂടത്തിന്റെ കൃത്യമായ ഒത്താശയോട് കൂടിയാണ് എന്നതാണ് ഒരു പ്രത്യേകത. എന്നാൽ ഈ അസമത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായി ഒരു ജനകീയ പ്രക്ഷോഭം ഉയർന്നുവരാനുള്ള സാധ്യതയില്ല. ലോകചരിത്രം കാണിക്കുന്നത് സാമ്പത്തിക അസമത്വവും ദുരിതങ്ങളും മാത്രം സാമൂഹ്യമാറ്റം ഉണ്ടാക്കുന്നില്ല എന്നാണ്. അതൊരു കാരണമാണെങ്കിലും അതുമാത്രം മതിയാകില്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ മുന്നിൽ ഒരു ബദൽ മാതൃക ഉണ്ടായിവരുക എന്നുള്ളതാണ് ആവശ്യമായി വരുന്നത്. കോൺഗ്രസ് ഇങ്ങനെയൊരു സാമ്പത്തിക ബദൽ നമ്മുടെ മുന്നിൽ വയ്ക്കുന്നതായി കാണാൻ കഴിയുന്നില്ല. എന്തിന് സി.പി.എം പോലും അങ്ങനെയൊരു സാമ്പത്തിക ബദൽ മുന്നോട്ടുവയ്ക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ അടിസ്ഥാന സാമ്പത്തിക നയങ്ങളിൽ ബി.ജെ.പിയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കോൺഗ്രസിനുള്ളതായി മനസ്സിലാക്കാൻ കഴിയുന്നില്ല. സി.പി.എം ദില്ലിയിൽ പ്രസിദ്ധീകരിക്കുന്ന നയരേഖകൾ വളരെ വ്യത്യസ്തമാണ്. എന്നാൽ അവർ ഭരണത്തിൽ വരുന്ന സ്ഥലങ്ങളിൽ, ബുദ്ധദേവ് ഭട്ടാചാര്യ ഭരിച്ച ബംഗാളിലായാലും പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലായാലും കാതലായ മാറ്റങ്ങൾ ബി.ജെ.പി പിന്തുടരുന്ന സാമ്പത്തിക നയങ്ങളിൽ നിന്നും ഉണ്ട് എന്ന് തോന്നുന്നില്ല. കൃത്യമായ ബദലിന്റെ അഭാവത്തിൽ സാമൂഹ്യ വിപ്ലവം നടക്കുന്നില്ല എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ആരെങ്കിലും വിശ്വസനീയമായ ബദൽ നയങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്.

കേരളത്തിൽ നടന്ന കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പ് ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്. ആദ്യമായാണ് തുടർഭരണം ഒരു രാഷ്ട്രീയ കക്ഷിക്ക് ലഭ്യമാകുന്നത്. കേരളപ്പിറവിക്ക് ശേഷം നടന്ന ഈ മാറ്റത്തെ ഒരു തെര‍ഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞാനിപ്പോൾ ഒരു തെര‍ഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ അല്ല. ഒരർത്ഥത്തിൽ അത് വളരെ സ്വാഗതാർഹമായ കാര്യമാണ്. ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷി തോൽവി ഏറ്റുവാങ്ങുകയും പ്രതിപക്ഷ പാർട്ടി അധികാരത്തിലേറുകയും ചെയ്യുന്ന ഒരു സ്ഥിരം പാറ്റേൺ ആവർത്തിക്കുകയായിരുന്നല്ലോ. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതിനാലും, പ്രതിപക്ഷത്തിന് സാധ്യത ഉറപ്പായതിനാലും ജനങ്ങൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യേണ്ടതില്ല എന്ന ഒരു സ്ഥിതി വിശേഷമായിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നന്നായി ഭരണം നിർവഹിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയുണ്ട് എന്ന തോന്നലിൽ കൂടതൽ നന്നായി ഭരിക്കാനുള്ള ഒരു പ്രചോദനം അപ്പോൾ പാർട്ടികൾക്ക് ഉണ്ടാകും. സാമൂഹ്യ സമവാക്യങ്ങളിൽ വന്ന മാറ്റമാണ് മറ്റൊരുകാര്യം. അതും വളരെ സ്വാഗതാർഹമാണ്. മുമ്പ് ഇടതുപക്ഷത്തിന് കിട്ടിയിരുന്ന ന്യൂനപക്ഷ വോട്ടിന്റെ പങ്ക് വളരെ കുറവായിരുന്നു. അത് ഇത്തവണ വർദ്ധിച്ചിരിക്കുന്നു. കൂടാതെ രണ്ട് കക്ഷികൾക്കും ഒരുപോലെ ജയിക്കാനും തോൽക്കാനുമുള്ള സാധ്യത ഉണ്ടായി വരുന്നത് ജനങ്ങൾക്ക് ഗുണകരമാണ്. വിജയപരാജയങ്ങളെക്കുറിച്ച് എപ്പോഴും ആധി പിടിച്ചിരിക്കുന്ന ഒരു സർക്കാർ ജനാധിപത്യത്തെ സംബന്ധിച്ച് വളരെ അഭികാമ്യമാണ്. എല്ലാ സർക്കരുകളും എപ്പോഴും ഇങ്ങനെ ആധി പിടിച്ചിരിക്കുന്നതാണ് നമുക്ക് നല്ലത്. എങ്കിൽ ‍മാത്രമേ അവർ നന്നായി ഭരണ നിർവ്വഹണം നടത്തുകയുള്ളൂ. അതേസമയം കോൺഗ്രസിന്റെ ഭാവി എന്തായിരിക്കുമെന്ന് എനിക്ക് കൃത്യമായി അറിയില്ല. അവിടെയാണ് അപകടം പതിയിരിക്കുന്നത്. കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അത് ബി.ജെ.പിയുടെ വളർച്ചയ്ക്കുള്ള സാധ്യതയാണ്. അതാണ് ഏറ്റവും വലിയ അപകടവും. അത് നമുക്ക് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ കോൺഗ്രസിന് അത്ര അനുകൂലമല്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം ഇന്ത്യയിൽ കുറച്ചെങ്കിലും കോൺഗ്രസിന് സാധ്യതയുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ബംഗാളിൽ സംഭവിച്ചതുപോലെ ഇവിടെ ബി.ജെ.പിയുടെ വളർച്ച നടക്കാതിരിക്കുകയാണെങ്കിൽ കേരളത്തിൽ നടന്നിരിക്കുന്ന ഈ ചരിത്രപരമായ മാറ്റം സ്വാഗതാർഹം തന്നെയാണ്.

ഒരു വ്യക്തിപരമായ ചോദ്യം ചോദിച്ചുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം എന്ന് തോന്നുന്നു. അഞ്ചാം ക്ലാസ് വരെ താങ്കളുടെ പേര് സലീം എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സ്കൂളിൽ പഠനകാലത്ത് കുട്ടികൾ കളിയാക്കിയതുകൊണ്ട് യോഗേന്ദ്ര യാദവ് എന്ന് പേര് മാറ്റുകയാണുണ്ടായത് എന്നും മനസ്സിലാക്കുന്നു. താങ്കളുടെ പേര് സലീം എന്നുതന്നെ ആയിരുന്നെങ്കിൽ, ഇന്നത്തെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ അത് കൂടുതൽ പ്രസക്തമായിരിക്കും എന്ന് തോന്നുന്നുണ്ടോ?

രാഷ്ട്രീയമായ ലാഭമുണ്ടാക്കാൻ ഒരാളുടെ പേര് ഉപയോഗിക്കുന്നത് വളരെ മോശം കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മനുഷ്യർ അത്രയും തരം താഴരുത്. എന്റെ ജീവിതത്തിൽ സംഭവിച്ചത് വളരെ വ്യത്യസ്തമായ കാര്യമാണ്. എന്റെ മുത്തച്ഛൻ ഒരു വർഗീയ കലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്റെ അച്ഛൻ ആ സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. ആ സംഭവത്തിൽ മുസ്ലീംങ്ങളെ പഴിക്കുന്നതിന് പകരം, അല്ലെങ്കിൽ മുസ്ലീംങ്ങളോട് വിദ്വേഷം തോന്നുന്നതിന് പകരം അച്ഛൻ മറ്റൊരു വഴിയാണ് സ്വീകരിച്ച്. കാരണം 1947ലെ വിഭജനത്തിന്റെ കാലത്ത് നടന്ന വർഗീയ ലഹളകളും കണ്ടിട്ടുള്ള ഒരാളാണ് അച്ഛൻ. ആ സമയത്ത് ഒരുപാട് മുസ്ലീംങ്ങളും എന്റെ ഗ്രാമത്തിൽ കൊല ചെയ്യപ്പെട്ടിരുന്നു. ആ അനുഭവം അദ്ദേഹത്തെ പുതിയൊരു മനുഷ്യനാക്കി മാറ്റി. ഹിന്ദു-മുസ്ലീം എന്ന കള്ളിക്കുള്ളിൽ നിൽക്കാൻ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് എനിക്ക് സലീം എന്ന പേര് നൽകുന്നത്. ഇപ്പോഴും എന്റെ കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും എന്നെ സലീം എന്നാണ് വിളിക്കുന്നത്. പക്ഷെ സ്കൂളിൽ പോയപ്പോൾ മതപരമായ കാഴ്ച്ചപ്പാടിൽ നിന്ന് കുട്ടികൾ എന്റെ പേരിനെ കളിയാക്കിയിരുന്നു. ഇത് കുട്ടിയായിരുന്ന എനിക്ക് അന്ന് താങ്ങാൻ കഴിഞ്ഞില്ല. ഞാൻ സ്കൂളിൽ പോകില്ല എന്ന് വാശിപിടിച്ചു. അങ്ങനെയാണ് ഞാൻ യോഗേന്ദ്ര യാദവ് എന്ന പേരിലേക്ക് എത്തുന്നത്. തന്റെ വിദ്യാർത്ഥികളെ രക്ഷിക്കാൻ വേണ്ടി കൊലചെയ്യപ്പെട്ട എന്റെ മുത്തച്ഛനും അച്ഛനും ആണ് യഥാർത്ഥിത്തിൽ ഈ കഥയിലെ നായകന്മാർ. അവർക്ക് മുന്നിൽ ‍ഞാൻ ഒന്നുമല്ല. ഈ കാര്യം പുറലോകത്തിന് അത്ര അറിയില്ലായിരുന്നു. പൊതുമണ്ഡലത്തിൽ ഞാൻ യോഗേന്ദ്ര യാദവ് എന്നുതന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഞാൻ ഇലക്ഷനിൽ മത്സരിച്ചപ്പോൾ ആർ.എസ്.എസുകാർ ഇക്കാര്യം അറിയുകയും പത്രസമ്മേളനം വരെ ഈ വിഷയത്തിൽ നടത്തുകയും ചെയ്തു. വർഗീയ വിഭജനമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് എന്റെ പേരിന്റെ കഥ പുറംലോകം അറിയുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read