സുഭാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലായ സമുദ്രശില, പുസ്തകത്തിൽ ഒരിടത്ത് പറയുന്നതുപോലെ അകലെ നിന്ന് നോക്കുമ്പോൾ തുമ്പിക്ക് എടുക്കാൻ പാകത്തിലുള്ള ഒരു കല്ലാണ്. എന്നാൽ അത് ഒരു വെറും കല്ലല്ല, സമുദ്രശിലയാണ്. മഹാഭാരതത്തിലെ അംബയിൽ നിന്ന് തുടങ്ങുന്ന ഒരു മലയാളം നോവൽ എങ്ങനെയാകും എന്ന് സാധാരണഗതിയിൽ ഊഹിക്കാൻ വിഷമമുള്ളതാണ്. ഇതിൽ പുരാണവും വർത്തമാനവും സ്വപ്നവും യാഥാർത്ഥ്യവും ഇടകലരുന്ന ഒരു രചനാതന്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ അധികം പരിചയമില്ലാത്ത ഒരു രീതി. ഓരോ അധ്യായത്തിന്റെയും മുകളിൽ മുൻ കുറിപ്പുകൾ ആയി കൊടുത്ത ചില തുടക്കവാക്യങ്ങൾ ഉണ്ട്. ഏതോ പ്രമുഖ തത്വചിന്തകന്മാരുടെ ഉദ്ധരണികൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഈ ചിന്തകളും നിരീക്ഷണങ്ങളുമാണ് ആദ്യമായി അത്ഭുതപ്പെടുത്തിയ ഒരു സവിശേഷത. ഈ തുടക്ക വാക്യത്തിൽ നിന്ന് തുടങ്ങുന്നതും തുടരുന്നതും ആയ കഥാഗതികൾ പലപ്പോഴും അധ്യായത്തിന്റെ അവസാനത്തിൽ എത്തിച്ചേരുന്നവിധം സമ്യക്കായി സംവിധാനം ചെയ്തിട്ടുണ്ട്.
രാമായണത്തിൽ വാത്മീകിയും മഹാഭാരതത്തിൽ വ്യാസനും കഥാപാത്രങ്ങളായ സന്ദർഭങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഏകദേശം അതുപോലെ ഒരു ഐതിഹാസികസ്വഭാവമുള്ള ഈ നോവലിന്റെ മൂന്നാം അധ്യായത്തിൽ ഗ്രന്ഥകാരനുമായി അങ്ങനെയൊരു സുഹൃത്തിൻ്റെ കൂടിക്കാഴ്ച രസകരമായി ഇണക്കി ചേർത്തിട്ടുണ്ട്. പിറകെവരുന്ന പല സന്ദർഭങ്ങളിലും അതു തുടരുന്നുമുണ്ട്. അംബ എന്ന പുരാണകഥാപാത്രം വ്യാസനെ സമീപിച്ച് ചോദിക്കുന്ന ചോദ്യവും അതിന്നു വ്യാസൻ നൽകുന്ന ഞെട്ടിപ്പിക്കുന്ന ഉത്തരവും പിറകെ വായിക്കാൻ ഇരിക്കുന്ന കഥയുടെ ഒരു അവിഭാജ്യഘടകമായി മാറുന്നുണ്ട്. ആ ഭാഗം ചുവടെ ഇങ്ങനെ.
“സ്വേച്ഛയോടെ ആയിരിക്കില്ല നീ എന്നെ പ്രാപിക്കുന്നത് എന്നതിനാൽ”, വ്യാസൻ ഖേദത്തോടെ പറഞ്ഞു, “പിറക്കേണ്ടത് സുരക്ഷയോടെ കൈകാലുകൾ പോലും ചലിപ്പിക്കാൻ കഴിവില്ലാത്ത ഒരു മകൻ.”
അതിനുശേഷം “ഉപാധികൾ ഇല്ലാത്ത സ്നേഹം ഭൂമിയിൽ നിലനിൽക്കുന്നുണ്ടോ?” എന്ന അംബയുടെ ചോദ്യത്തിന് “എൻറെ അനന്തരഗാമികളായ എഴുത്തുകാരെ കണ്ടെത്താൻ ഇടയാകുന്നുവെങ്കിൽ അവരോടും ചോദിക്കുക. ഉപാധികൾ ഇല്ലാത്ത സ്നേഹം, അത് ജീവിതത്തിലോ സത്യസന്ധമായ സാഹിത്യത്തിലോ കണ്ടുകിട്ടുകയാണെങ്കിൽ നമുക്കു വീണ്ടും കാണാം” എന്ന് വ്യാസൻ വാക്ക് കൊടുക്കുന്നു.
“മാമുനിക്ക് മത്സ്യഗന്ധിയിൽ സ്നേഹത്തിന്റെ ഉപാധികൾ ഇല്ലാതെ പിറന്ന പുത്രൻ നിനക്ക് വാക്ക് തരുന്നു എന്നു കേട്ട് തിരിഞ്ഞു നോക്കാതെ അംബ നടന്നു. ജന്മജന്മാന്തരങ്ങളോളം ആ വാഗ്ദാനം അവളുടെ മനസ്സിൽ കിടന്നു. ചിതകൾ താണ്ടി അവൾ നടന്നുകൊണ്ടിരിക്കുന്നു.”
ആ ചിതയുടെ ജ്വാല പിറകെവരുന്ന അധ്യായങ്ങളിൽ ആളുന്നതു കാണാം. അതിന്നിടയിൽ അംബയുടെ തുടർയാത്രയിലെ കനൽപ്പാതകളിൽ കാലടിപ്പാടുകൾ വിണ്ടുകീറിയ ഇടനിലങ്ങളും.
മിഥ്യ എന്ന് പേരുള്ള രണ്ടാം അധ്യായത്തിൻ്റെ തുടക്കത്തിൽ കൊടുത്ത ഒരു ചിന്താശകലം മറ്റൊരു അത്ഭുതമായി മാറുന്നു. മിഥ്യയാണ് ജഗത്ത് എന്ന് അതിശങ്കരൻ പറയുന്നു. അങ്ങനെയെങ്കിൽ മിഥ്യയ്ക്കുള്ളിൽ മറ്റൊരു മിഥ്യ പണിയുന്ന വിദ്യയാണ് എഴുത്ത്. ഇത് ഗ്രന്ഥകാരന്റെ രചനാവൈഭവത്തിൻ്റെ മുദ്രയായി മാറുന്ന മുഹൂർത്തങ്ങളാണ് തുടർന്ന് സംഭവിക്കുന്നത്. പുലർച്ചെ കണ്ട സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ ജീവിതത്തിൽ കണ്ടുമുട്ടുന്ന ഒരു യാഥാർത്ഥ്യമായി മാറുന്ന സംഭവമാണ് അത്. ഈ അധ്യായത്തിലെ പലവാക്യങ്ങളും ഒരു സാധാരണ കഥാകാരനോ കവിക്കോ സങ്കല്പിക്കുവാൻ പറ്റുന്നവയല്ല. “ചില്ലിട്ട വിഷാദം പോലെ കണ്ണടയ്ക്കുള്ളിൽ കണ്ണുകൾ. പച്ചരിയുടെ നിറമുള്ള പല്ലുകൾ. സ്വപ്നത്തെ അക്ഷരത്തിൽ ആക്കുന്നത് ജഡത്തിൽ പ്രാണൻ നിറയ്ക്കുന്നതിനേക്കാൾ ദുഷ്കരമാണ്. എങ്കിലും ദുഷ്കരമായ കൃത്യങ്ങൾ ഏറ്റെടുക്കുന്ന, കരൾ വിറയ്ക്കുന്ന ആനന്ദത്തോടെ ഞാനിപ്പോൾ അതിന് ശ്രമിക്കുന്നു.” തുടർന്ന് നാം വായിക്കുന്നത് ഈ തപസ്സിൻ്റെ വഴികളാണ്. അതിൻ്റെ സഫലമായ കണ്ടെത്തലുകളാണ് .
സ്വപ്നവും യാഥാർത്ഥ്യവും ഇടകലരുന്ന പലരചനകളും നമുക്ക് പരിചിതമാണ്. എന്നാൽ ഇവിടെ അത് നമ്മുടെ ആശ്ചര്യസീമകൾ അതിലംഘിക്കുന്ന മുഹൂർത്തങ്ങളായി മാറുന്നു. ഒരു വൃദ്ധയായ അമ്മയുടെ നിസ്സഹായമായ ശാരീരികാവസ്ഥയുടെ വിവിധഘട്ടങ്ങളിലൂടെയും കിടക്കയിൽ മലർന്നുകിടക്കാൻ മാത്രം കഴിയുന്ന പ്രായപൂർത്തിയായ മകന്റെ നിശ്ചലമായ ജീവിതക്രമങ്ങളിലൂടെയും വായനക്കാരനെ പിന്തുടരുന്ന ഭയവിഹ്വലമായ ഉത്കണ്ഠകൾ നോവലിസ്റ്റ് അസാമാന്യവാഗ്വൈഭവത്തോടെയാണ് അവതരിപ്പിക്കുന്നത്.
അതിഥി എന്ന മൂന്നാം അദ്ധ്യായത്തിലാണ് ഗ്രന്ഥകാരനുമായി ഒരു അടുത്ത കുടുംബസുഹൃത്തിൻ്റെ സംഭാഷണം. സാന്ദർഭികവും സാധാരണവും ആയി തുടങ്ങുന്ന സംഭാഷണങ്ങളിൽ അസാധാരണവും അയഥാർത്ഥവും ആയ സങ്കല്പങ്ങൾ സത്യമായി പരിണമിക്കുകയാണ്. ഇതിഹാസങ്ങളിൽ ഇത്തരം കണ്ടുമുട്ടലുകൾ വിരളമല്ലല്ലോ. ഗ്രന്ഥകർത്താവും കഥാപാത്രങ്ങളും മലയാളകഥകളിലും നോവലുകളിലും ഒളിഞ്ഞും മറഞ്ഞും പതിവുണ്ടെങ്കിലും ഇവിടെ ആവരണങ്ങളില്ലാതെ അങ്ങനെ സംഭവിക്കുന്നു. അതിൻ്റെ സാദ്ധ്യതകളും പരിണിതഫലങ്ങളും പിറകെവരുന്ന സന്ദർഭങ്ങളെ സ്വാധീനിക്കുന്നത് അത്ഭുതങ്ങളുടെ പരമ്പരയെ മുന്നോട്ടുനയിക്കുന്നു.
അടുപ്പ് എന്ന പേരുള്ള നാലാം അധ്യായത്തിൽ തുടക്കവാക്യം വളരെ ശ്രദ്ധേയമാണ്: “ചിതയുടെ ഇളയ മകളാണ് ഓരോ അടുക്കളയടുപ്പും . ബലിച്ചോറോളം മുതിരാൻ ഇരിക്കുന്ന അന്നത്തിൻ്റെ തൊട്ടിൽ.” ഈ അധ്യായം വായിച്ച് അവസാനിക്കുമ്പോഴാണ് ഈ തുടക്കവാചകം ഒരു ഋഷിപ്രോക്തമായി നമ്മെ ആശ്വസിപ്പിക്കുന്നത്. അല്ലെങ്കിൽ പൊള്ളലേറ്റ അനുഭവത്തിൻറെ കലയായി മാറുന്നത്.
ഓരോ അധ്യായവും ആഖ്യാനവും വ്രതശുദ്ധിയോടെ തപസ്സിരുന്ന് നേടിയത് ഒരു ഋഷിമനസ്സിൻ്റെ വരസിദ്ധിയാണ് എന്ന് തീർച്ച. (ഇത് ലീലാവതിടീച്ചർ പുസ്തകത്തിൻറെ പുതിയ പതിപ്പിൽ ഉദാഹരണങ്ങളോടെ വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകം വായിക്കാനുള്ള പ്രചോദനം ടീച്ചറുടെ പഠനമാണ്.)
മൂന്നാം അധ്യായത്തിൽ ഗ്രന്ഥകാരനുമായുള്ള ഒരു കുടുംബസുഹൃത്തിന്റെ സംഭാഷണങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്ന ചില കാര്യങ്ങൾ ഇവിടെ കഥാഗതിയെ നിയന്ത്രിക്കുന്നതിന്ന് ഒരു ഉദാഹരണം. സുഹൃത്ത് ബഷീറിനെയും ബഷീറിന്റെ എഴുത്തിലെ മാജിക്കിനെയും തുടർന്ന് മാജിക്കൽ റിയലിസത്തേയും ഒക്കെ ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിനിടയിൽ ആന്റണി എന്ന ഒരാൾ ചെക്കുമാറുന്നതിൽ കള്ളത്തരം കാണിച്ചപ്പോൾ അയാൾ ആൻ്റൺ ചെക്കോവ് ആയി മാറുന്ന ഒരു നർമ്മകഥയും സൃഷ്ടിക്കുന്നുണ്ട്. അത് ആവർത്തനങ്ങളിലൂടെ അപരിചിതമായ എന്തൊക്കെയോ ആയും മാറുന്നുണ്ട്. അപ്പോഴും ശ്രദ്ധയോടെ പിരിച്ച ഒരു കയർ എവിടെയൊക്കെയോ തടഞ്ഞുവലിച്ച് ഉരസുന്നുണ്ട്. അത് നീറ്റലും പുകച്ചിലും ആവുന്നുമുണ്ട്.
അഞ്ചാം അധ്യായത്തിൽ സോഫിയയുടെ റഷ്യൻ സഞ്ചാരവും സഞ്ചാരക്കുറുപ്പിലെ കപ്പലും യാത്രാനുഭവും ചെക്കോവ് എന്ന എഴുത്തുകാരനും എല്ലാം കൂടുതൽ ആവേശജനകമായ വിവരണങ്ങളിലൂടെ ഒരു സാങ്കല്പി കയാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്. സോഫിയ അങ്ങനെ ഒരു യാത്ര ചെയ്യുന്നില്ല എന്നതാണ് സത്യം. യാത്രചെയ്യാൻ ശരീരം വേണ്ട മനസ്സും ഭാവനയും മാത്രം മതി എന്ന സൂചന തുടക്കവാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനയ്ക്കിടയിൽ വീണുകിട്ടിയ ചില തിളങ്ങുന്ന കണ്ണികൾ എവിടെയാണ് ഉറപ്പിക്കുന്നത്, എങ്ങനെയാണ് അത് ഒരു അത്ഭുത ശൃംഘലയുടെ ഭാഗമാകുന്നത് എന്ന വായനാനുഭവം ഇവിടെ വെല്ലുവിളിയുടെ മറ്റൊരു പര്യയമാണ്. ഇങ്ങനെ വെല്ലുവിളികളിലൂടെ സഞ്ചരിക്കുമ്പോഴും പുരാണങ്ങളിലെ ഛായാചിത്രങ്ങളും വർത്തമാന കഥാപരിസരങ്ങളിലെ കഥാപാത്രങ്ങളും തമ്മിൽ ഐക്യം സ്ഥാപിക്കുന്നതും തന്മയീഭവിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു നോവലിന്റെ ഘടനയിൽ വൈരുദ്ധ്യങ്ങളുട സമുദ്രത്തിൽ ശിലാഖണ്ഡങ്ങൾ ഇണക്കിച്ചേർക്കുന്ന ദൃശ്യാനുഭവത്തിന്നാണ് വായനക്കാരൻ സാക്ഷിയാവുന്നത്. നമ്മൾ സാധാരണ വായിക്കുന്ന നോവലുകളിൽ നിന്ന് വ്യത്യസ്തമായി അപരിചിതമായ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഇവിടെ പുതിയൊരു അനുഭവമേഖല സൃഷ്ടിക്കുകയാണെന്നതിന് സംശയമില്ല.
സുഭാഷ് ചന്ദ്രന്റെ രണ്ട് കഥകളുടെ സ്പന്ദനങ്ങൾ നമുക്ക് ഈ നോവലിന്റെ വായനയിൽ ഇടയ്ക്കെല്ലാം കേൾക്കാം. എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിക്കുമ്പോൾ ഘടികാരങ്ങൾ നിലയ്ക്കുന്നതുപോലെയും കാലദേശങ്ങൾ നിശ്ചലമാവുന്നതുപോലെയും തോന്നിയാൽ അത്ഭുതമില്ല. അതുപോലെ തുടർന്നുണ്ടാവുന്ന ജീവിതത്തിലെ പ്രത്യാഘാതങ്ങളിൽ അപ്രതീക്ഷിതമായ ദുരന്തങ്ങളെ സന്ധിക്കുമ്പോൾ ഒരു പറുദീസയുടെ നഷ്ടം – ഒരു സമാധാനത്തിന്റെ നഷ്ടം നമ്മെ കൂടുതൽ ആകുലമായ ചിന്തകളിലേക്ക് തള്ളിവിടുന്നതുപോലെയും തോന്നാം. ഇങ്ങനെ എഴുത്തിന്റെ ആദ്യകാലം മുതലേ എഴുത്തുകാരനെ പിടികൂടിയ രണ്ട് ആധികളാണ് തുടർന്നെഴുതിയ നോവലുകളിലും അദ്ദേഹത്തെ ആവേശിച്ചിരിക്കുന്നത് എന്നു കാണാം. അതിനുത്തരം കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും ആ അന്വേഷണമാണ് തുടരുന്നതെന്നും എല്ലാ വലിയ എഴുത്തുകാരും അതുതന്നെയാണ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതും കാണിച്ചു തരുന്നതും എന്നും നമുക്ക് തിരിച്ചറിയാം.
പേര് – എന്ന ആറാം അധ്യായം സ്ത്രീഹൃദയത്തിലേയ്ക്ക് കാതിലൂടെയാണ് കടക്കേണ്ടത് എന്ന നിരീക്ഷണം നടത്തുന്നുണ്ട്. വിവിധ ആസ്വാദനമേഖലകൾ കണ്ടെത്തുന്ന ഇതിൽ, തമിഴ് സാഹിത്യവും അവ്വയാറും വിഷയം ആകുന്നുണ്ട്. കാണാതായ ആടിനെ കിട്ടിയ അവ്വയാർ പറഞ്ഞു. “ചേരാ ഉന്നാട് പൊന്നാട് ” എന്ന പ്രയോഗം ഭട്ടതിരിയുടെ നാരായണീയം പോലെ രണ്ട് അർത്ഥത്തിൽ വായിക്കാവുന്നതാണ്. ചേരൻ്റെ നാടിനെക്കുറിച്ചും കണ്ടുകിട്ടിയ ആടിനെക്കുറിച്ചും അത് വിശേഷണങ്ങൾ പൂരിപ്പിക്കുന്നുണ്ട്.
അംബയുടെ സ്വപ്നത്തിലെ യാഥാർത്ഥ്യമാകാൻ പോകുന്ന ഒരു കഥാപാത്രം ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് ജലാലുദ്ദീൻ റൂമി. കവിതകളിലൂടെയാണ് അയാൾ അംബയെ തൊടുന്നത്. ജലാലുദ്ദീന്റെഒരു കവിത മുഴുവനായും ഇതിലുണ്ട് .
“നിന്നെ പ്രണയിക്കാൻ ഞാൻ നിശ്ശബ്ദത തിരഞ്ഞെടുക്കുന്നു, കാരണം നിശബ്ദതയിൽ നിന്റെ നിഷേധം കേൾക്കില്ല” എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്ത്രീ മനസ്സിനെ കീഴ്പ്പെടുത്തുന്ന പ്രകടനം മറ്റൊരു സമീപകാല യാഥാർത്ഥ്യത്തിലേക്ക് വഴി കാണിക്കുന്നുണ്ട്.
ജലം എന്ന ഏഴാമത്തെ അധ്യായത്തിൽ തുടക്കവാക്യങ്ങൾ ഋഷിപ്രോക്തത്തിന്റെ മുഴക്കം സൃഷ്ടിക്കുന്നുണ്ട്. ജലം ജനിക്കുന്ന സ്ഥലമായും മലം മരിക്കുന്ന സ്ഥലമായും തിരിച്ചറിയപ്പെടുന്നത് സ്വപ്നമല്ല, വിസ്മയമല്ല. യാഥാർത്ഥ്യമാണ്. കടൽ കാണാത്ത അമ്മയെ കടൽ കാണിക്കാനുള്ള അംബയുടെ ശ്രമം അമ്മയുടെ അപകടം വരെ നീളുന്നു. അപകടത്തിൻ്റെ വർണ്ണന കേൾക്കാൻ അയൽക്കാരിപ്പെണ്ണുങ്ങൾ കട്ടിൽത്തലയ്ക്കൽ തിരക്കുകൂട്ടുന്നത് വിവരിക്കുന്നത് സൂക്ഷ്മമായ വർത്തമാന നിരീക്ഷണ ചാരുതയാണ്. ഒരു വാക്യം പ്രത്യേകം ഓർമ്മിക്കട്ടെ “ആശരണരായ രണ്ടുപേരെ അപ്പുറവും ഇപ്പുറവും തൂക്കിപ്പിടിച്ചുകൊണ്ട് ഒരു സാധാരണ ജീവിതത്തിലേക്ക് പ്ലാസ്റ്ററിട്ട വലതുകാൽ വച്ച് പ്രവേശിച്ചു.”
കാലം തെറ്റിച്ച് കഥപറയുന്ന നോവലിസ്റ്റ് എട്ടാം അധ്യായത്തിൽ അപ്പുവിന്റെ പിറന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. ഇവിടെയും സ്വപ്നം യാഥാർത്ഥ്യമാകുന്ന ഒരു പുസ്തകകഥ ഉണ്ട്. അതിന്നിടയിൽ ആഗ്നസ് എന്ന പേര് “അഗ്നിസ്വാഹാ” എന്നതിലൂടെ കടന്ന് “അഗ്നിദേവന്റെ മകൾ” എന്നിടത്ത് എത്തുന്നു. അമ്മയുടെ സ്വപ്നം പുസ്തകം ആവുകയും പുസ്തകത്തിലെ അക്ഷരങ്ങൾ നക്ഷത്രങ്ങൾ ആവുകയും ചെയ്യുന്നതിന്നിടയിൽ അത് കൈക്കുടന്നയിൽനിന്ന് പൊടിഞ്ഞ് പൂഴിമണ്ണു ചോരുന്നതുപോലെ അപ്രത്യക്ഷമാകുന്ന ഒരു രംഗം നോവലിസ്റ്റ് വിവരിക്കുമ്പോൾ അത് കവിതയുടെ ഒരു സ്പർശമണിയാവുന്നു.
ഒന്നാം ഭാഗത്തിലെ ഒമ്പതാമത്തെ അധ്യായം, ദൈവം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ജീവിതം എന്ന മൂന്നക്ഷരത്തെക്കുറിച്ച് കഥാകൃത്ത് സംസാരിക്കുന്നു. ലോകത്തുള്ള എല്ലാ സാഹിത്യഗ്രന്ഥങ്ങളും ഈ മൂന്ന് അക്ഷരത്തിന്റെ വ്യാഖ്യാനങ്ങൾ ആണ്. അത് തുടരുന്നു. ഇത് മറ്റ് അധ്യായങ്ങളിലെ കഥാഗതികളോട് നേരിട്ട് ഇടപെടാത്ത ഒരു ചിന്താശകലം ആണ്. ഇതൊരുപക്ഷെ പിറകെ മറ്റുഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്നതായിരിക്കും. ഏതായാലും എഴുത്തുകാരൻ പ്രപഞ്ചശക്തിയെക്കുറിച്ചും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും ഒക്കെ പറയുന്നുണ്ട്. സ്ഥൂലാവസ്ഥയിൽ നിന്ന് സൂക്ഷ്മതയിലേക്കുള്ള ഒരു ഇറങ്ങിവരലാണ് ഇത്. മനുഷ്യന് പ്രപഞ്ചശക്തിയുടെ മുമ്പിൽ ചെയ്യാൻ കഴിയുന്ന ഒന്ന് പ്രാർത്ഥന മാത്രമാണ്. അത് പാപചിന്തയിൽനിന്നോ ദുഃഖചിന്തയിൽ നിന്നോ ഉള്ള മോചനത്തിന് ആണെന്നും നോവലിസ്റ്റ് പറയുന്നു. ചില ഭാഗങ്ങളിൽ തത്വചിന്തയും ചിലയിടത്ത് ആത്മീയതയും കണ്ടുമുട്ടുന്നു. എന്നാൽ ദൈവത്തേക്കാൾ ശക്തനായ ഒരു സൃഷ്ടാവാണ് കഥാകൃത്ത് എന്ന സ്ഥാപിക്കാനുള്ള ഒരു വാശി ഇതിൽ കാണുന്നു. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച ആ വലിയ ശക്തിക്ക് ഒരു കഥ എഴുതാനോ കവിത എഴുതാനോ കഴിയില്ല. അതിന് കുന്നും മലയും കുണ്ടും കുഴിയും പുഴയും കടലും സൃഷ്ടിക്കാനും അവയെ തകർക്കാനും മാത്രമേ കഴിയൂ. അതിന്നിടയ്ക്ക് പറയുന്ന ഒരു കാര്യമുണ്ട്. മനുഷ്യന്റെ ശരീരത്തിൽ മുട്ടിന് താഴെ ഉണ്ടാവുന്ന ഒരു കുരുപൊട്ടുന്നത്. അത് ഈ മഹാപ്രപഞ്ചത്തിലെ ഭൂമിയുടെ ഒരു ഭാഗത്ത് നടക്കുന്ന ഒരു പ്രകമ്പനം ഒരു വെള്ളപ്പൊക്കം ഒക്കെ ആകുന്നതുപോലെയാണ് എന്ന ഒരു നിരീക്ഷണം. ഈ വലിയ പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം അതിന്റെ ഒരു ഭാഗമായ മനുഷ്യനിലും വ്യത്യസ്തരൂപത്തിൽ നടക്കുന്നു. എന്നാൽ പ്രപഞ്ചത്തിന് മഴവില്ലുകളെക്കൊണ്ട് കവിത എഴുതാൻ കഴിയുമെന്ന്, കിളികളെ കൊണ്ട് പാട്ടുപാടിക്കാൻ കഴിയുമെന്ന്, കായലോരങ്ങളിലെ വൃക്ഷങ്ങളെക്കൊണ്ട് നൃത്തം ചെയ്യിക്കാൻ കഴിയുമെന്ന്… എന്ന ഭാവനകളെയെല്ലാം ഇവിടെ ഖണ്ഡിക്കുകയാണ്. ഇത് വളരെ ഉത്തുംഗമായ ഒരു പ്രതിഭാവിലാസമായും ഉയർന്ന ചിന്തയുടെ ചന്ദ്രപ്രഭയായും ഒക്കെ വ്യാഖ്യാനിക്കുന്ന ലീലാവതി ടീച്ചർക്ക്, സുഭാഷ് ചന്ദ്രൻ എന്ന പേരിനെക്കൂടെ കഥയുമായോ കഥയിലെ ഘടനയുമായോ അതിലെ ചലനാത്മകതയുമായോ ഒക്കെ ബന്ധിപ്പിച്ച് ഭാസുരമായ ചന്ദ്രപ്രഭയായി വാഴ്ത്താൻ വിശാലമനസ്കത ഉണ്ടായത് എന്നെ അങ്ങുതപ്പെടുത്തുന്നില്ല.
സ്ഥിതി എന്ന രണ്ടാം ഭാഗം കുറേക്കൂടി മാനുഷികമൂല്യം ഉള്ളതാണെന്നു കരുതാം.
അംബ എന്ന ഒരു സാധാരണ മനുഷ്യസ്ത്രീ ഭർത്താവിൻ്റെ ചരിത്രപുസ്തകശേഖരം കണ്ട് അത്ഭുതപ്പെടുന്നു. സ്വന്തം സാഹിത്യ പുസ്തകശേഖരം വളരെ ചെറുതെന്ന് തിരിച്ചറിയുന്നു. അപ്പുവിന് ഒരു പിറന്നാൾ സമ്മാനം തിരഞ്ഞെടുക്കാൻ ഉത്സാഹിക്കുമ്പോൾ ഒരു യാത്രാവിവരണം കണ്ടെത്തുന്നു. വെള്ളിയാങ്കല്ലിലേയ്ക്ക് ഒരു യാത്ര. അത് വാങ്ങാനുള്ള മോഹം പെരുത്തപ്പോൾ അതിൻ്റെ കർത്താവായ സുഭാഷ് ചന്ദ്രനെ കാണാനുള്ള മോഹം വളരുന്നു. ഇവിടെയൊക്കെ സ്വന്തം എഴുത്തിനോടുള്ള മതിപ്പ് വെളിപ്പെടുത്താനുള്ള ശാഠ്യം പ്രപഞ്ചസ്രഷ്ടാവിനെ വെല്ലു വിളിക്കുന്നതുപോലെ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാം. മുദ്ര എന്ന രണ്ടാം അധ്യായത്തിൽ സംഗീതമാണ് വിഷയം. “സംഗീതയന്ത്രത്തിലെ – ഹാർമോണിയമാവാം – കറുപ്പും വെളുപ്പും നിറത്തിലുള്ള കട്ടകൾ ആയിരുന്നു എൻറെ രാപ്പകലുകൾ.” ഈ അധ്യായത്തിൽ അവതരിപ്പിക്കുന്ന സംഗീതജ്ഞനും പൊലീസ് ഉദ്യോഗസ്ഥനും വിരലടയാളവിദഗ്ധനും ഒക്കെ എങ്ങനെയാണ് തുടർന്നുവരുന്ന കഥാമുഹൂർത്തങ്ങളിൽ ഇടപെടുന്നത് എന്നത് വായനക്കാരൻ്റെ ജിജ്ഞാസയും ഉത്ക്കണ്ഠയും പെരുപ്പിക്കുന്നു.
ഈ അധ്യായത്തിലെ അവസാന ഭാഗത്തിൽ കലാകാരന്മാരും കുറ്റവാളികളും ഒരു കാര്യത്തിൽ ആകസ്മികതയുടെ അടയാളങ്ങളാവുന്നു. വിരലടയാളവിദഗ്ധൻ ഒരു പൊതുതത്വം സ്ഥാപിക്കുന്നു. ഏതുതരത്തിൽ ആണെങ്കിലും ഒരു കുറ്റവാളി തന്റേതുമാത്രമായ ഒരു മുദ്ര തനിക്ക് കൃത്യമായും ചേരുന്ന ഇടങ്ങളിൽ അവശേഷിപ്പിക്കുന്നു. എഴുത്തുകാരനും തൻ്റേതായ കൈമുദ്ര ഓരോ എഴുത്തിലും നിക്ഷേപിക്കുന്നു. അവിടെയെത്തുന്ന മറ്റൊരാൾ ഒരിക്കൽ അത് കണ്ടെത്തുകയും ചെയ്യുന്നു.
കടന്നൽ എന്ന മൂന്നാം അധ്യായത്തിൽ പത്രപ്രവർത്തകൻ കടന്നൽ ആണെങ്കിൽ സാഹിത്യകാരൻ തേനീച്ചയാണ്. പക്ഷേ രണ്ടും കുത്തും എന്ന നിരീക്ഷണം എങ്ങനെയാണ് സഫലമാകുന്നത് എന്ന് നിരീക്ഷിക്കുന്നത് രസകരമാണ്. ഭാഷയിലെ പ്രധാനസാഹിത്യകാരന്മാർ ആരാണെന്ന് സമൂഹത്തിലെ പ്രധാന കുറ്റവാളികൾ ആരാണെന്ന് അറിയുന്നതുപോലെയെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ എന്ന കഥാകൃത്തിന്റെ ചോദ്യത്തിന് അത് ചിലപ്പോൾ പരസ്പരം മാറാറുണ്ടല്ലോ എന്ന ഉത്തരം തമാശ മാത്രമല്ല.
നാലാം അധ്യായം, മുഖാമുഖം – “ഭാഷ അമ്മയാണെങ്കിൽ നിത്യരോഗിയും നിരാലംബനായ ഒരുവന്റെ അമ്മയായി എനിക്ക് അവളെ വരയ്ക്കണം.”
അതിസൂക്ഷ്മമായ വാക്കുകളുടെ തിരഞ്ഞെടുപ്പ് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമ്മയും മകനും കടന്നുപോയ വഴിയിലെ ഒരു മാന്യൻ തന്റെ കസവുമുണ്ടിലൂടെ തുടയിൽ വീണ കൊഴുത്ത ഉമിനീർ അറപ്പോടെ തൂവാല എടുത്തു തുടയ്ക്കുകയും അതുതൻ്റെ കസേരയുടെ അടിയിലേക്ക് ധൃതിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതു ശ്രദ്ധിച്ച നോവലിസ്റ്റ് പ്രസംഗവേദിയിൽ ഇരിക്കുന്ന ഓരോരുത്തരും എങ്ങനെയാണ് ഈ സന്ദർഭം മുതലെടുക്കാൻ പോകുന്നത് എന്ന് പ്രവചിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിൽ വായനക്കാരനെ ത്രസിപ്പിക്കുന്ന ഒരു വാക്യമുണ്ട്, “ജീവനുള്ള ഭിന്നസംഖ്യ പോലെ കാണപ്പെട്ട അമ്മയെയും മകനെയും വേണ്ടവിധം കണ്ടില്ല.” ആ സ്ത്രീയുടെ ഇടംകൈയിൽ താനെഴുതിയ ഒരു പുസ്തകമാണുള്ളത് എന്ന് അന്നേരം സുഭാഷ് ചന്ദ്രൻ ശ്രദ്ധിച്ചു. അതിനുശേഷം എല്ലാം വ്യത്യസ്തമാവുകയാണ് .
കൃത്യമായ വാക്കുകളുടെ സംവിധാനത്തിന് മറ്റൊരു ഉദാഹരണം കൂടി. മറ്റുള്ളവർക്ക് നിസ്സാരമായി തോന്നിയേക്കാവുന്ന ഒരു പുസ്തകത്തോളം മാത്രം വലിപ്പമുള്ള ഒരു ഉള്ളുണർത്തൽ അയാളുടെ അതുവരെയുള്ള സംസാരത്തെ അതിന്റെ അന്തസ്സാരശൂന്യതയിൽനിന്ന് പൊടുന്നനെ ഞെട്ടിച്ചുണർത്തി – ഈ വേദിയിൽ എന്നല്ല ഈ ഭൂമിയിൽത്തന്നെ താൻ നിൽക്കുന്നതിന്ന്, നിലനിൽക്കുന്നതിന് തൽക്കാലം
ചുറ്റിലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങളുണ്ടെന്ന് ഓർത്ത നിമിഷം ‘തന്റെ കണ്oമുഴ കനമുള്ള വാക്കുകൾ നിറഞ്ഞ ഒരു കിഴി പോലെ ഭാരിക്കുന്നത്’ അയാൾ അറിയാൻ തുടങ്ങി.
വാക്ക് എന്ന അധ്യായം നേരത്തെ സൂചിപ്പിച്ച കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും കൂടുതൽ സാധ്യതകളോടെ ഒരു വലിയ സന്ദർഭമായി മാറുന്ന ഭാഗമാണ്. സിനിമാ നടിയുടെ പുസ്തകപ്രകാശനവേള. സുഭാഷ് ചന്ദ്രന്റെ പുസ്തകം വാങ്ങി ഇറങ്ങിയ അംബയും അവശനായ മകനും അവിടെ എത്തുന്നു. ഇവിടെ സിനിമാനടിയെക്കുറിച്ച് അവിടെ സ്റ്റേജിൽ ഇരിക്കുന്ന എല്ലാവരും വാനോളം പുകഴ്ത്തുന്നു. ഇതെല്ലാം കേട്ട് നിശബ്ദനായിരുന്ന സുഭാഷ് ചന്ദ്രൻ തന്റെ മുന്നിൽ കേൾക്കാൻ എത്തിപ്പെട്ട അംബയുടെ കയ്യിലെ തന്റെ പുസ്തകത്തിൻറെ പുറംചട്ട കണ്ട് അത്ഭുതപ്പെടുന്നു. അതുവരെ ആ രംഗത്ത് നിർജീവമായിരുന്ന കഥാകൃത്ത് അതോടെ പൂക്കുന്നു, പുഷ്പിക്കുന്നു. അദ്ദേഹത്തിന്ന് സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോൾ വാക്ക് എന്ന ഒരു ആശയമാണ് വിടർത്തുന്നത്. സാധാരണക്കാർ വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയതാണ് ഈ വാക്കുകളൊക്കെ. കഥാകൃത്തുക്കളും കലാകാരന്മാരും എല്ലാം ഈ വാക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത്, മറ്റു പലരൂപത്തിലും മറ്റു പലകാര്യങ്ങൾക്കും. ഇത് നമുക്കൊന്നും അവകാശവാദങ്ങൾ ഇല്ലാത്ത കാര്യമാണ് – ഒരു ഉദാഹരണത്തിന് എന്ന് പറഞ്ഞ് കരിമ്പ് എന്ന വാക്ക് എടുക്കുന്നു. കടുപ്പമേറിയ ഒരു സാധനമാണ് അത് കയ്യിൽ തടയുമ്പോൾ. പിന്നെ പലതും ചെയ്ത് അവസാനം കടിച്ചു നോക്കിയപ്പോഴാണ് അതിന്റെ മധുരം അറിയുന്നത്. ത്രസിപ്പിച്ച ഒരു രസമായി അത് മാറുന്നു. പിന്നെ അതിൽ നിന്നുണ്ടാവുന്ന ഇമ്പം. അങ്ങനെ കമ്പ് കരിമ്പാകുന്ന ഒരു സന്ദർഭം അദ്ദേഹം വളരെ വിശ്വസനീയമായ രീതിയിൽ, ചരിത്രകാരന്മാർക്ക് പോലും സംശയമില്ലാത്ത രീതിയിൽ അവതരിപ്പിക്കുന്നു. ഇത് കഴിഞ്ഞ് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് പോകാനുണ്ടെന്ന് പറഞ്ഞ് ബാക്കിയുള്ളവരുടെ പ്രശംസാവാക്കുകൾ കേൾക്കുന്ന ബുദ്ധിമുട്ടിൽനിന്ന് സ്വയം ഒഴിവായി പുറത്തെത്തുമ്പോൾ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന അംബയെ കാണുന്നു. ആ അവസരത്തിൽ അവൾ അദ്ദേഹത്തിന്റെ കയ്യൊപ്പ് വാങ്ങിക്കുന്നു. അപ്പോൾ അയാൾ അംബയോട് പറയുന്നു: “എന്റെ സ്വപ്നത്തിൽ കണ്ട ഒരു കാര്യം ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നു.” അപ്പോൾ അംബ പറയുന്നു, “കരിമ്പിന്റെ ഉല്പത്തിക്കഥ എനിക്ക് ഇഷ്ടമായി.” ഈ അവസാനവാക്യം വായിക്കുമ്പോൾ വായനക്കാർ ഓരോരുത്തരും മനസ്സിൽ പറയുന്നത് ആ ഉല്പത്തിക്കഥ തനിക്കും ഇഷ്ടമായി എന്നായിരിക്കും.
ബലിക്കല്ല് എന്ന ആറാമത്തെ അധ്യായത്തിൽ ഓർമ്മകളുടെയും സങ്കല്പങ്ങളുടെയും അനന്തമായ മഹാസമുദ്രം നമുക്ക് കാണാം. അതിനു നടുവിൽ യാഥാർത്ഥ്യത്തിന്റെ ശിലാകൂടം. സമുദ്രശില എന്ന പുസ്തകനാമം ഇവിടെ നിന്നാണ് വരുന്നത്. ഇതിലെ ആദ്യത്തെ പാരഗ്രാഫിൽ തന്നെ സുഭാഷ്ചന്ദ്രൻ്റെ മൗലികത ഉണരുന്ന ചില പ്രയോഗങ്ങൾ കാണാം. “നൂൽപ്പാമ്പുകളുടെ ജഡങ്ങളിൽ ചവിട്ടാതെ തിരമാലകൾ തല്ലി തഴമ്പുവീണ ബേപ്പൂരിന്റെ കര. കടൽയാത്ര സ്വപ്നം കാണുന്ന മത്സ്യബന്ധന ബോട്ടുകൾ. അറബിക്കടലിൽ കിടക്കുന്ന പ്രതാപികളായ ബോട്ടുകൾക്കുപോലും ഒഴിഞ്ഞ തീപ്പെട്ടിക്കൂടുകളുടെ വിനയം. പടിഞ്ഞാറെ പട്ടടയിൽ സതി അനുഷ്ഠിക്കുന്ന സന്ധ്യ.”
വെള്ളിയാങ്കല്ലിലേയ്ക്കുള്ള ബോട്ടുയാത്രയിലെ ഒരു തിളങ്ങുന്ന വാക്യമാണ്. അറബിക്കടലിൻ്റെ 2400 കിലോമീറ്റർ വീതിയും നാലര കിലോമീറ്റർ ആഴവും.കുഞ്ഞാലിമരക്കാരും ആയിഷയും പരദേശപക്ഷികളും തിളങ്ങുന്ന മത്സ്യങ്ങളും എല്ലാം ഇവിടെ നേർക്കാഴ്ചകളാവുന്നു. “തുമ്പിക്കെടുക്കാവുന്ന കല്ലുപോലെ കണ്ട വെള്ളിയാങ്കല്ല്” നാല് ഏക്കർ വിസ്തൃതിയുള്ള ഒരു ചെറുദ്വീപ് ആണ്. ലോഗൻ്റെ കുറിപ്പിൽ Sacrifice Rock എന്ന പേരിൽ ഒതുങ്ങുന്ന പാറക്കൂട്ടം.
ആത്മരതി എന്ന് ഏഴാം അധ്യായത്തിൽ അമ്മയുടെ പ്രതികരണമാണ് ശ്രദ്ധേയം. പുസ്തകപ്രകാശനം കഴിഞ്ഞ് മടങ്ങിയ അംബ സുഭാഷ് ചന്ദ്രന്റെ നമ്പറും ഈമെയിലും വാങ്ങിയിരുന്നു. വെള്ളിയാങ്കല്ലിലേക്ക് എന്ന പുസ്തകം വായിച്ചില്ലേ? സുഭാഷ് ചോദിച്ചപ്പോൾ വായിച്ചതിനെപ്പറ്റി അവർ എഴുതിയിട്ടുണ്ട്, ഒരു കോംപ്ലിമെന്റും ഒരു ക്രിട്ടിസിസവും ഉണ്ട് എന്നു പറയുന്നു. ക്രിട്ടിസിസത്തിലാണ് ആത്മരതിയെക്കുറിച്ച് എഴുതിയത്. ആത്മരതി ചിത്രകലയിലും മറ്റും കാണാം. പ്രശസ്തരായ ചിത്രകാരന്മാരുടെ സെൽഫ് പോർട്രെയ്റ്റുകളിലും മറ്റും. “ഇത്ര കടുത്ത പരമാത്മരതി താങ്ങാനുള്ള ഫിലമെൻറ് ജീവാത്മാക്കളുടെ ചെറിയ ബൾബിൽ ഇല്ല. ടേക്ക് കെയർ ഗുഡ് നൈറ്റ് “എന്ന അവസാനവാക്യം ശ്രദ്ധേയമാണ്. അതിനിടയിൽ മകരത്തിലെ മകയിരം തന്നെയാണ് ഞാനും എന്ന അംബയുടെ ഓർമിപ്പിക്കലും രസകരമാണ്. സുഭാഷ് ചന്ദ്രന്ന് മുമ്പേ വെള്ളിയാങ്കല്ല് താൻ സന്ദർശിച്ചിട്ടുണ്ട് എന്ന വിവരവും അതിൽ കാണുന്നു. “ആത്മാദാരമില്ലാത്ത ജനത കെട്ടിക്കിടക്കുന്ന മലിനജലം പോലെയാണ് അവിടെ മിന്നാമിനുങ്ങുകളെ പ്രതീക്ഷിക്കരുത്. കൊതുകിന്റെ കൂത്താടികളെയല്ലാതെ. അവരിൽ നിന്ന് വെളിച്ചവും കുത്തും കടിയും മാത്രമേ കിട്ടു” എന്ന നിരീക്ഷണം ഒരു മുതിർന്ന എഴുത്തുകാരന്നുപോലും അത്ര എളുപ്പം സാദ്ധ്യമല്ല.
പിന്നെ പത്രങ്ങളിൽ വരാത്ത ഒരു അപസർപ്പക കഥയാണ്. ദേവരാജിന്റെ വിരൽമുദ്ര കണ്ണിൽ പതിഞ്ഞ കഥ. ഇവിടെ പലയിടത്തും സുഭാഷ് ചന്ദ്രൻ ഒരു കോനൻ ഡോയൽ ആവുന്നുണ്ട്.
അം അ : എന്ന എട്ടാമത്തെ അധ്യായത്തിൽ ചന്ദ്രിക ടീച്ചറുടെ ത്യാഗമാണ് വിഷയം. പേരക്കുട്ടിയായ അപ്പുവിനെ നോക്കാൻ അവർ സ്വന്തം സമ്പാദ്യം മാറ്റിവയ്ക്കുന്നു. മകളെ ആഡംബരങ്ങൾ നിറഞ്ഞ ‘ടൗൺപ്ലാസ’ എന്ന അപാർട്മെന്റിൽ നിന്ന് വാടകകുറഞ്ഞ ‘രേവതി അപ്പാർട്ടിലേക്ക്’ താമസം മാറ്റുന്നു. പൊതു ശ്മശാനത്തിന്നടുത്താണ് ആ വാടകകുറഞ്ഞ ഫ്ലാറ്റ് എന്നത് വിട്ടുപോവരുത്. പേരക്കുട്ടിയുടെ കടികൊണ്ട് കലകൾ ഉണ്ടായ ടീച്ചറുടെ കൈത്തലം അവരുടെ സഹനത്തിൻ്റെ മുദ്രയാണ്. പരസ്സഹായം ഇല്ലാതെ മകൾക്ക് ജീവിക്കാനുള്ള വക സമ്പാദിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ‘ആന്റിക്സ് ഡിപ്പോ’യിൽ ജോലിക്ക് മകളെ പറഞ്ഞയച്ചതിലുള്ള ആശ്വാസവും അവരെ മുന്നോട്ടുനടത്തുന്നു. ജോലിയിൽനിന്ന് പിരിയുമ്പോൾ കിട്ടിയ പുസ്തകങ്ങൾ എല്ലാം കൊണ്ടുവന്നുവെങ്കിലും അവളുടെ മകളുടെയും പേരക്കുട്ടിയുടെയും ജീവിതഗ്രന്ഥം സ്വയം നിവർത്തി, അതിലെ ദുരിതാക്ഷരങ്ങൾ നിറഞ്ഞ പരസഹസ്രം പുറങ്ങൾ കണ്ടപ്പോൾ, ടീച്ചർ കടലാസ് പുസ്തകങ്ങളെ കയ്യൊഴിഞ്ഞു.
“അമ്മമാരെ കുറിച്ച് സ്നേഹത്തോടെ പറയൂ, അവരുടെ ഭൂതകാലത്തെക്കുറിച്ച് മതിപ്പോടെ ഓർമ്മിക്കൂ, ശയ്യാവലമ്പികളായ അമ്മമാരെക്കുറിച്ച് വീണ്ടും എഴുതൂ ” എന്ന തുടക്കവാക്യങ്ങളോടെയാണ് അടുത്ത അദ്ധ്യായം. ആരംഭിക്കുന്നത്. ഈ പുസ്തകത്തിൻ്റെ ഹൃദയവാക്യങ്ങൾ ഇവയാണ്.
ചന്ദ്രിക ടീച്ചറുടെ മരണം മകൻ ഇല്ലാത്തതുകൊണ്ട് പേരക്കുട്ടിയെ കൊണ്ട് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള വിധി… ചടങ്ങുകളെല്ലാം കഴിഞ്ഞ് അടുത്ത ദിവസം അംബ ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ഒരു അയൽക്കാരൻ പയ്യൻ അമ്മയുടെ അസ്ഥി നിറച്ച കലംകൊണ്ടുവന്നു വെയ്ക്കുന്നു. ആ നിമിഷത്തിൽ അവനെ കെട്ടിപ്പിടിച്ച് അംബ ഉറക്കെ നിലവിളിച്ചു. അമ്മയില്ലാതെ വളർന്ന അവൻ സ്ത്രീയുടെ ആലിംഗനം എന്തെന്നറിഞ്ഞപ്പോൾ, തൽക്കാലം മുഴുവൻ തെറ്റായരീതിയിൽ അതോർത്തു വച്ചത് ഇങ്ങനെയായിരുന്നു – “മാംസം കൊണ്ട് കെട്ടിപ്പൊതിഞ്ഞ് ഒരു പൊട്ടിക്കരച്ചിലാണ് സ്ത്രീ.”
ചെകുത്താൻ എന്ന പേരിലാണ് ഒമ്പതാമത്തെ അധ്യായം. ചെകുത്താൻ അവന്റെ മനോസാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന്റെ രൂപസാദൃശ്യത്തിൽ അവൻ ദൈവത്തെയും. “മുൻപൊരിക്കൽ നിങ്ങൾ വായിച്ച വാചകങ്ങൾ ആവർത്തിക്കട്ടെ ” എന്ന് നോവലിസ്റ്റ്. അങ്ങനെ പ്രപഞ്ചവും നക്ഷത്രങ്ങളും ഭൂമിയും എല്ലാം ഒരാളിലേക്ക് ചുരുങ്ങുന്നു. ഓരോ നക്ഷത്രയോഗവും നക്ഷത്രം എന്ന തന്മാത്രകേന്ദ്രം. അതിനെ ചൂഴ്ന്ന് കറങ്ങുന്നതും കേട്ടതുമായ ഗ്രഹങ്ങളുടെ കണികാകേന്ദ്രം. “നേടാവുന്ന അന്തർജ്ഞാനത്തിൽ ഞാൻ ഇപ്പോൾ കോഴിക്കോട് ഇരിക്കുന്നു. വിശ്വം പ്രപഞ്ചമായി നിലനിൽക്കുന്ന എൻറെ ശരീരത്തിൽ ഉള്ളടങ്ങുന്ന നിന്നോളം പോന്ന ഒരു അതിസൂക്ഷ്മ ജീവബിന്ദുവിന് വേണ്ടി ഞാൻ ഇത് മനനം ചെയ്യും.” ഇതൊരു ഋഷി മനസ്സിൻ്റെ ദർശനം. പ്രപഞ്ചസൃഷ്ടാവിനെക്കാൾ ഉയരത്തിൽ നിൽക്കുന്ന എഴുത്തുകാരന്റെ സർഗ്ഗപ്രതിഭയെ ആണ് ഇവിടെ നോവലിസ്റ്റ് കാണിച്ചു തരുന്നത്.
“അച്ഛനമ്മമാർക്ക് ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച നാക്ക് ഞരങ്ങുന്ന ഈ പ്രാണൻ ഒന്ന് അറ്റുപോയെങ്കിൽ എന്ന് പറയുന്നു മരണം. ദുഃഖം അല്ല മറിച്ച് ആശ്വാസമായി മാറുന്നു” ഇങ്ങനെയുള്ള ഓരോ തിക്തമായ ജീവിതാനുഭവത്തിൻ്റെ വ്യാഖ്യാനവും ഈ നോവലിനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും വ്യത്യസ്തമാക്കുന്നു. എഴുത്തുകാരന്റെ സർഗ്ഗവൈഭവം പ്രപഞ്ചകർത്താവിൻ്റെ ചെയ്തികൾക്കു മുകളിലാണെന്നാണ് നോവലിസ്റ്റ് വിശ്വസിക്കുന്നത്. ആദ്യരാത്രിയിൽ നവവരൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിവരിക്കുന്ന ഒരു ഭയപ്പെടുത്തുന്ന ഭാഗമുണ്ട്. അങ്ങോട്ടു കടക്കുന്നില്ല അതിന് ശേഷം ഒരുപാടുജന്മങ്ങളിൽ നിന്ന് ഒഴുകിവന്ന അമ്മയുടെ വായിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു പാട് പേരുകൾ ഉണ്ട് ൃ. അവ മുഴുവൻ വിശുദ്ധിയുടേതാണ് ൃ. അരുവികൾക്കോ സ്ത്രീകൾക്കോ മാത്രം ഇടാനാവുന്നവയാണെന്ന് അവ. വെറും പേരുകൾ ആയി ലോപിച്ച പലജീവിതങ്ങൾ. പുഴകളായി ഒഴുകിവന്നിടഞ്ഞ് അമ്മയെ ഒരു കടലാക്കുന്നത് പോലെ പലവട്ടം കേട്ടു. ചന്ദ്രിക ടീച്ചറുടെ മരണത്തിന്ന് മുൻപിലുള്ള നാല് ദിവസം കേട്ട പേരുകൾ ഇവയായിരുന്നു : ഗാർഗി, ലോപാമുദ്ര, മൈത്രേയി, മമത, വദ്ധ്രിമതി, വിശ്വപാൾ, അതിമന്ദിയാർ, നച്ചെല്ലിയാർ , വെള്ളിവിറിയാർ, കക്കൈപാടിയിനിയാർ, പൊൻമുതിയാർ, നക്കണ്ണിയാർ, മാച്ചാച്ചി, പരിമക്കളിർ. ഒന്നും സാധാരണ പേരല്ല. സഹനത്തിൻ്റെ, ധ്യാനത്തിൻ്റെ, തപസ്സിൻ്റെ, സിദ്ധിയുടെ, ജ്ഞാനത്തിൻ്റെ പേരുകൾ.
ചന്ദ്രിക ടീച്ചർ മരിക്കുന്ന സന്ദർഭം സ്വപ്നത്തിൽ എന്ന് പോലും പറഞ്ഞുപോകാം. “അ -അച്ചിപ്പുടവ സമരം. മ് – മൂക്കുത്തി സമരം പിന്നെ മുഴുവനായി വിറയ്ക്കുന്ന ചുണ്ടുകൾ മുഴുവനായി വിടർത്തി അ : എന്ന് പറഞ്ഞു. അംബ മല്ലിവെള്ളം കുറച്ചുകൂടി ഒഴിച്ചുകൊടുത്തു സ്വരാക്ഷരങ്ങൾ അവസാനിക്കുകയായിരുന്നു.” അതിന്നുശേഷമാണ് ജീവിതത്തിലെ ഖരാക്ഷരങ്ങൾ തുടങ്ങുന്നത്. അംബയുടെ കഠിനകാലം. ശിക്ഷയുടേയും പരീക്ഷയുടേയും.
ഈ നോവലിലെ മൂന്നാമത്തെ ഭാഗം സംഹാരം എന്ന പേരിലാണ്. ഈ ഭാഗം ഇതുവരെ വായിച്ചവയിൽ നിന്നൊക്കെ വ്യത്യസ്തമാണ്. ഈ ഭാഗത്തിലെ പ്രധാന സംഭവങ്ങൾ അംബയുടെ അമ്മയായ ചന്ദ്രിക ടീച്ചറുടെ മരണത്തിന് ശേഷമുള്ള കാര്യങ്ങളാണ്. അംബ എന്ന കേന്ദ്ര കഥാപാത്രം ഒറ്റപ്പെടുകയും ഓട്ടീസം ബാധിച്ച 20 -21വയസ്സുള്ള മകനെ വളർത്തുക എന്നുള്ളത് ഒരു ഭാരമാവാതെ, ഉപാധികളില്ലാത്ത സ്നേഹവും കരുതലും ആയി തുടരുകയും ചെയ്യുന്നതിന്നിടയിൽ മകന്റെ മാറിവരുന്ന ശീലങ്ങളിൽ ഭയപ്പെടുകയും ഫുട്ബാളിനോടുള്ള ആവേശം ഫോണിലൂടെ വരുന്ന രതിവൈകൃതചിത്രങ്ങളിലേയ്ക്ക് മാറുകയും ഭയവിഹ്വലയായ അമ്മ മറ്റൊരു മാർഗ്ഗവും കണ്ടെത്താനാവാതെ അവനെ തൃപ്തിപ്പെടുത്താൻ രതിയിലൂടെ മൃതിയും മൃതിയിലൂടെ രതിയും പങ്കിടാൻ ഒരു സംഹാരരൂപണി ആവുകയും ചെയ്യുന്ന ഭാഗമാണ്. ഒരു ഇതിഹാസത്തിലും പുരാണത്തിലും പൂർവ്വമാതൃകയില്ലാത്ത ഒരു അമ്മയുടെ ത്യാഗം. മരണം സാന്ത്വനവും പാവവും ആവുന്ന സന്ദർഭം. മകന് വേണ്ടി അവൻ്റെ നിശ്ചലതയ്ക്കുമുകളിൽ കണ്ണടച്ച് കവച്ചിരിക്കുന്ന അമ്മയുടെ ബലി.
ഇതുവായിച്ചു കഴിഞ്ഞപ്പോഴാണ് തുടക്കത്തിലേ ഇതിൽ മൂന്നു ഭാഗങ്ങൾ ഉണ്ടെന്നും അത് സൃഷ്ടി സ്ഥിതി സംഹാരം എന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നും മനസ്സിലായത്. സൃഷ്ടി എന്ന ഒന്നാം ഭാഗത്തിൽ ഒമ്പത് അധ്യായങ്ങളിലൂടെ പാത്രസൃഷ്ടിയാണ് നോവലിസ്റ്റ് നടത്തിയത്, അല്ലെങ്കിൽ അതിനുള്ള സൂചനകൾ ആണ് തന്നത്. സ്ഥിതി എന്ന രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രങ്ങൾ എങ്ങനെ പെരുമാറുന്നു, എങ്ങനെ പരിണമിക്കുന്നു എന്ത് സംഭവിക്കുന്നു എന്നുള്ള കാര്യങ്ങളാണ്. മൂന്നാം ഭാഗത്തിൽ സംഹാരം. ഇതിൽ കഥാപാത്രങ്ങളെയൊക്കെ എവിടെ എങ്ങനെ ഇറക്കിവെയ്ക്കുന്നു എന്നതാണ്. ഈ കഥാപ്രക്രിയയിലൂടെ എന്താണ് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത്, എന്ത് സന്ദേശമാണ് വായനക്കാരന് പകർന്ന് നൽകുന്നത് എന്ന കാര്യങ്ങൾ ലളിതമായി അക്കമിട്ട് പറയാൻ കഴിയില്ല. അതല്ല നോവലിൻ്റെ ലക്ഷ്യം.
കഥ വായിച്ച് അവസാനം എത്തുമ്പോൾപോലും സാധാരണവായനക്കാർക്ക് ഇതിലെ ഭാഗങ്ങളോ അധ്യായങ്ങളോ ക്രമപ്പെടുത്തി ഇതിന്റെ കഥാഗതി പരിശോധിക്കുവാനും വിലയിരുത്തുവാനും ഒരു തീർച്ചയിൽ എത്താനും സാധിക്കുകയില്ല. ഒരു സാധാരണ നോവൽ വായിക്കുന്നതുപോലെ ഇതിൽ ഒരു സാമ്പ്രദായിക സ്ഥലകാലഘടനയില്ല. കഥാപാത്രങ്ങളുടെ പ്രവേശനമോ ഇടപെടലുകളോ പരിസമാപ്തിയോ ഇല്ല. ഒന്നാം അധ്യായത്തിന്റെ തുടർച്ചയായി രണ്ടാം അധ്യായം വരുന്നില്ല. അങ്ങനെ വരണമെന്ന് ശാഠ്യം നമ്മുടെ പരമ്പരാഗതമായ വായനയുടെ സ്വാധീനമാണ്. അതിൽ നിന്ന് വായനക്കാരനെ മോചിപ്പിക്കുക, സന്ദർഭം അനുസരിച്ച് കൂട്ടിച്ചേർക്കാനും എടുത്തുമാറ്റാനും വീണ്ടും സംയോജിപ്പിക്കാനും വായനക്കാരനെ സമർഥനാക്കുക – അങ്ങനെ ഒരു പൂർണ്ണരൂപത്തിലേക്ക് എഴുത്തുകാരൻ്റെ ഒപ്പം വായനക്കാരന്ന് വളരാൻഅവസരം ഒരുക്കുക എന്നതാണ് പുതിയ എഴുത്തിന്റെയും വായനയുടെയും ശീലം.
സമുദ്രശില എന്ന നോവൽ എന്റെ വായനയിൽ വേറിട്ട് നിൽക്കുന്നത് മൂന്നു കാര്യങ്ങളിലാണ്. ഒന്ന്, അതിന്റെ നവീനമായ രചനാതന്ത്രം, രണ്ട്, അതിലെ സൂക്ഷ്മമായ നിരീക്ഷണ രീതികൾ, മൂന്ന്, അതിലെ മൗലികമായ പദവിന്യാസക്രമങ്ങൾ. ഇത് സാമാന്യമായ ഘടകങ്ങൾ. എന്നാൽ ഇതിലേറെ പ്രധാനമായ ഒരു കാര്യം ഇതിൽ നോവലിസ്റ്റ് സ്വീകരിച്ചിട്ടുള്ള സ്ത്രീയോടുള്ള സമീപനമാണ്. സ്ത്രീ അമ്മയായും അംബയായും ദേവിയായും വലുതാവുന്ന സന്ദർഭങ്ങൾ ഈ നോവലിന് ഒരു ത്രിമാന സാധ്യത നൽകുന്നുണ്ട്. ഒരുപക്ഷേ ഈ നോവൽ എഴുതിയത് തന്നെ സ്ത്രീ എന്ന സങ്കൽപ്പത്തെ സർവ്വാദരണീയമായ അത്യുന്നതസ്ഥാനത്തേക്ക് ഉയർത്തി പ്രതിഷ്ഠിക്കാനും അവളുടെ സ്നേഹത്തിനും വാത്സല്യത്തിനും സഹകരണത്തിനും സഹാനുഭൂതിക്കും സഹനത്തിനും ത്യാഗത്തിനും ക്ഷേത്രം നിർമിക്കാനും ആരാധിക്കാനും തന്നെയാവണം. ഇതിലെ ഏറ്റവും വിശേഷപ്പെട്ട വാക്യങ്ങൾ മിക്കവയും സ്ത്രീത്വത്തിന് സമർപ്പിക്കുന്ന സ്തോത്രങ്ങളാണ്. ഒരു ഭാഗത്ത് ഒരിക്കലും സംസാരിക്കാൻ അവസരം കിട്ടാത്ത, അപരിചിതനായ, അമ്മയില്ലാതെ വളർന്ന ഒരു പയ്യൻ അംബയോടു പറയുന്നതുപോലെ, “മാംസം കൊണ്ട് കെട്ടിപ്പൊതിഞ്ഞ ഒരു പൊട്ടിക്കരച്ചിലാണ് സ്ത്രീ” ആവർത്തിക്കുന്തോറും മന്ത്രമാവുന്ന പ്രോക്തങ്ങൾ ആണ്.
ചന്ദ്രിക ടീച്ചറും ടീച്ചറുടെ മകളായ അംബയും സ്ത്രീസങ്കല്പത്തിന്റെ അനന്യമാതൃകകളാണ്, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ത്യാഗത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത സമാനതകൾ ഇല്ലാത്ത ഉദാഹരണങ്ങളാണ്. അവരിലൂടെയാണ് തുടക്കത്തിൽ പറഞ്ഞ മഹാഭാരതത്തിലെ അംബയുടെ ചോദ്യത്തിന് നോവലിസ്റ്റ് ഉത്തരം കണ്ടെത്തുന്നത്. ഉത്തരം കണ്ടെത്തുകയല്ല, ഉത്തരം സ്വയം ഉണ്ടാവുകയാണ് വ്യാസന് പോലും തീർച്ചയില്ലാത്ത ഒരു സമസ്യക്ക് സുഭാഷ് ചന്ദ്രൻ ഉത്തരം കണ്ടെത്തുകയാണ് എന്നു പറയാം.
നിരാലംബയും ശയ്യാവലംബയും ആയ വൃദ്ധയായ അമ്മയെ വളരെ കരുതലോടെ സംരക്ഷിക്കുന്നതോടൊപ്പം അതിലേറെ നിസ്സഹായനായ, നിശ്ചലനായ സ്വന്തം മകനെ ചേർത്തുപിടിക്കാൻ സ്വയം സമർപ്പിച്ച അംബയുടെ ജീവിതം ഇതുവരെ എഴുതപ്പെടാത്ത ഒരു കഥയാണ്. അമ്മയുടെ വിസർജ്യ മാലിന്യങ്ങളിൽ നിന്ന് മകന്റെ വിസർജ്യ മാലിന്യങ്ങളിലേക്ക് പ്രഭാതം മുതൽ പ്രദോഷം വരെയുള്ള ജീവിതസഹനം ഒരു തീർത്ഥയാത്രയാക്കി, ഒന്നും പ്രതീക്ഷിക്കാതെ തുടരുന്ന അമ്മയുടെ തപസ്സിന്ന് ഒരു ഇതിഹാസത്തിലും സമാനത ഇല്ല. ഇവിടെയാണ് എഴുത്തുകാരൻ്റെ സർഗ്ഗസിദ്ധി പ്രപഞ്ചസൃഷ്ടിയുടെ കഴിവുകൾക്ക് മുകളിൽ സിംഹാസനം തേടുന്നത്.
നോവലിലെ പല ഭാഗങ്ങളിലും സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ടങ്കിലും എഴുത്തുകാരന്റെ ആത്മാഭിമാനവും ആദരവും ചോദ്യം ചെയ്യപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും ആയ സന്ദർഭങ്ങൾ സ്വന്തം കഥാപാത്രത്തെക്കൊണ്ട് തന്നെ അദ്ദേഹം സൃഷ്ടിക്കുന്നുണ്ട്. അബയുടെ എഴുത്തുകളിലും അതിലെ കർക്കശമായ അഭിപ്രായപ്രകടനങ്ങളിലും എഴുത്തുകാരന്റെ സ്വാർത്ഥത പരാമർശിക്കപ്പെടുമ്പോഴും എഴുത്തിന്റെ മൗലികത തിളങ്ങുന്നുണ്ട്. സങ്കല്പങ്ങൾ സ്വപ്നങ്ങൾ ആവുകയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയും യാഥാർത്ഥ്യത്തിൽ യാതനകൾ മധുരീകരിക്കപ്പെടുകയും ശിക്ഷകൾ നാളേയ്ക്കുള്ള പാഠങ്ങളാവുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ നോവലിലെ നിരീക്ഷണങ്ങളെ ദർശനങ്ങളായി ഉയർത്തുകയും അവ നക്ഷത്രങ്ങളായി പ്രകാശിക്കുകയും ചെയ്യുന്നു. നോവലിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കുന്ന പ്രപഞ്ചശക്തികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മാത്രകളും തന്മാത്രകളും ഒരു കേന്ദ്രബിന്ദുവിലേക്ക് ഒതുങ്ങുകയും അത് വായനലിലൂടെ വീണ്ടും മാത്രകളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അപാരതയിലേക്കും വളരുകയും ചെയ്യുന്ന ഒരു അവസ്ഥയിലേയ്ക്കാണ് ശ്രദ്ധാപൂർവ്വം മുന്നേറുന്ന വായനാനുഭവം ഉയരുന്നതും എത്തിച്ചേരുന്നതും.
സമുദ്രശില സാധാരണഗതിയിൽ എടുകൾമറിച്ച് അദ്ധ്യായങ്ങൾ കടന്ന് സംഭവങ്ങൾ ഓർമ്മിച്ച് ലളിതമായി വായിച്ചുപോകാവുന്ന ഒരു പുസ്തകം അല്ല. ഇത് സ്ത്രീമനസ്സിൻറെ സഞ്ചാരപഥങ്ങളെ വളരെ ശ്രദ്ധയോടെ പിന്തുടരുന്ന ഒരു ആൺ മനസ്സിൻറെ ആരാധനകലർന്ന തീർത്ഥാടനമാണ്. ഇതിൽ അന്വേഷണവും കണ്ടെത്തലും ഉണ്ട്. ഇതിൽ പദ്യവും ഗദ്യവും ഉണ്ട്. ഇതിൽ ധ്യാനവും അഭ്യാസവും ഉണ്ട്. ഇതിൽ സഞ്ചാരവും എത്തിച്ചേരലും ഉണ്ട്. ഇത് യാത്രാവിവരണവും ചിത്രരചനയും ആവുന്നുണ്ട്. ഇതിൽ കുറ്റാന്വേഷണവും തെളിവെടുപ്പും നടക്കുന്നുണ്ട്. ഒരേസമയം കാവ്യാത്മക നോവലായും അപസർപ്പക നോവലായും ഇത് മാറിയൊഴുകുന്നുണ്ട്. ഇത് ഭൂമിയായും ആകാശമായും മാറുന്നതും പകൽവെളിച്ചമായും പൂനിലാവായും അനുഭവപ്പെടുന്നതും ഭാഷയുടെ തരംഗവ്യത്യാസത്തിലൂടെയാണ്.
സോഫോക്കിൾസിന്റെ ഈഡിപ്പസ് രാജാവ് എന്ന ദുരന്തനാടകത്തിൽ അമ്മയെ കിഴ്പ്പെടുത്തി ആധിപത്യം ആഘോഷിക്കുന്ന മകൻ്റെ ദാരുണ കൃത്യമുണ്ടല്ലോ. അത് അമ്മയാണ് എന്നറിയാതെ പറ്റിപ്പോയതാണ്. എന്നാൽ ഇവിടെ അറിവോടെ ചെയ്യുന്ന അമ്മയുടെ മഹാപാതകത്തിന് അതിനേക്കാൾ തീക്ഷ്ണതയുണ്ട്. പക്ഷേ ന്യായീകരണമില്ല. അതുകൊണ്ടാവാം അതിനുള്ള ശിക്ഷ ഇത്ര കടുത്തുപോയത്. കണ്ണകിയുടെ ശാപം പാണ്ഡ്യനിൽ മാത്രം ഒതുങ്ങിയില്ല. മധുര മുഴുവൻ അത് അനുഭവിച്ചുതീർത്തതാണല്ലോ. ഇവിടെയും മഹാമാരിയായും പ്രളയമായും ദുരന്തങ്ങൾ പാപഫലങ്ങളായി വരുന്നു.