Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“റൂം ഫോർ ദി റിവർ വലിയ തോതിൽ ചർച്ച ചെയ്യപ്പടുന്ന ഒരു കാര്യമാണ്. മഹാപ്രളയത്തിന് ശേഷം പ്രകൃതിദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടിയുള്ള പദ്ധതിയാണ് നമ്മൾ നടപ്പാക്കാൻ തയ്യാറായത്. പക്ഷെ അതിനെ പരിഹസിക്കാനാണ് പലരും, നിങ്ങടെ കൂട്ടത്തിൽ ചിലരും (മാധ്യമ പ്രവർത്തകർ) ഒക്കെ ശ്രമിച്ചിട്ടുള്ളതെന്നത് നമ്മുടെ അനുഭവത്തിലുള്ളതാണ്. 2020 ൽ ആരംഭിച്ച് വെറും രണ്ട് വർഷമേ കേരളത്തിലെ റൂം ഫോർ ദി റിവർ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ. ആ സമയം കൊണ്ടാണ് കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞത്.”
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ‘റൂം ഫോർ ദി റിവർ’ പദ്ധതിയെക്കുറിച്ച് പിണറായി വിജയൻ ഇപ്രകാരം വിശദീകരിച്ചു. ഫിൻലൻഡ്, നോർവേ, യു.കെ, യു.എ.ഇ എന്നീ രാജ്യങ്ങളിലായി 12 ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബർ മാസം നടത്തിയത്. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 15 തവണ മുഖ്യമന്ത്രി വിദേശ രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും കാര്യമായ നേട്ടമൊന്നും സംസ്ഥാനത്തിനുണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷവും വിദേശകാര്യ വിദഗ്ധരും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സന്ദർശനം, പ്രത്യേകിച്ച് കുടുംബാംഗങ്ങളെ കൂടെക്കൂട്ടിയുള്ള യാത്ര വ്യാപകമായി വിമർശിക്കപ്പെട്ടു. അതിനെ പ്രതിരോധിക്കുന്നതിനും വിദേശയാത്രകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ബോധിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി ഉയർത്തിക്കാണിക്കുന്ന പദ്ധതിയാണ് ‘റൂം ഫോർ ദി റിവർ’. 2018ലെ മഹാപ്രളയത്തെ തുടർന്ന് പിണറായി വിജയൻ നെതർലൻഡ്സ് സന്ദർശിച്ച് പഠിക്കുകയും പ്രളയം ലഘൂകരിക്കുന്നതിന് വേണ്ടി കേരളത്തിൽ നടപ്പിലാക്കുകയും ചെയ്ത പദ്ധതി. ശരിക്കും മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ റൂം ഫോർ ദി റിവർ കേരളത്തിന് ഉപകാരപ്പെട്ടോ? പ്രളയലഘൂകരണം സാധ്യമായോ? ആ നെതർലൻഡ്സ് യാത്ര റൂം ഫോർ ദി റിവർ എന്ന പദ്ധതിയുടെ നടപ്പിലാക്കലിന് അനിവാര്യമായിരുന്നോ? ഒരു അന്വേഷണം.
എന്താണ് ഈ പദ്ധതി?
ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയമുന്നേറ്റമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും റൂം ഫോർ ദി റിവർ പദ്ധതിയെക്കുറിച്ചുള്ള അവ്യക്തത രണ്ടു വർഷം പിന്നിട്ടിട്ടും തുടരുകയാണ്. പദ്ധതി ഏത് ഘട്ടത്തിലാണ്, കേരളത്തിലെ ഏതൊക്കെ നദികളിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്, ഏതെല്ലാം വകുപ്പുകളാണ് പദ്ധതിയുടെ നടത്തിപ്പിന് ചുമതല വഹിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
2019 മെയിൽ ആണ് മുഖ്യമന്തി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും നെതർലൻഡ്സ് സന്ദർശിച്ച് റൂം ഫോർ ദി റിവർ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് സ്ഥിതി ചെയ്യുന്ന രാജ്യമായ നെതർലൻഡ്സ് തുടർച്ചയായ പ്രളയങ്ങളെ ചെറുക്കാൻ 2007 ൽ ആരംഭിച്ച് 2018ൽ പൂർത്തിയാക്കിയ പദ്ധതിയാണ് റൂം ഫോർ ദി റിവർ. നദികൾക്ക് ഒഴുകാൻ കൂടുതൽ ഇടമൊരുക്കി കൊടുത്തും, ആഴം കൂട്ടിയും പ്രളയത്തെ നിയന്ത്രിച്ച് ലോകത്തിന് തന്നെ മാതൃകയായി മാറി നെതർലൻഡ്സ്. ജലത്തോട് പോരാടിയല്ല, ജലവുമായി രമ്യപ്പെട്ടു ജീവിക്കണമെന്നാണ് നെതർലൻഡ്സിന്റെ റൂം ഫോർ ദി റിവർ പദ്ധതിയുടെ രാഷ്ട്രീയം. എന്നാൽ കേരളത്തിന്റെ പാരിസ്ഥിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിക്കാതെയാണ് നെതർലൻഡ്സ് മോഡൽ പദ്ധതി ഇവിടെ നടപ്പിലാക്കപ്പെട്ടതെന്ന് രണ്ട് വർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
കുട്ടനാടും നെതർലൻഡ്സും
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ സംരംഭമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) പദ്ധതിയുടെ ഏറ്റവും പ്രധാന പ്രോജക്ടുകളിൽ ഒന്നായാണ് റൂം ഫോർ ദി റിവർ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. നെതർലൻഡ്സിന് സമാനമായി സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടിലായിരുന്നു പരീക്ഷണം. കായലുകൾ നികത്തി കരഭൂമിയാക്കി കൃഷി ചെയ്യുന്ന നെതർലൻഡ്സിലെ പോൾഡർ എന്നറിയപ്പെടുന്ന മേഖലയുമായി വേമ്പനാട് കായൽ നികത്തി കരഭൂമിയൊരുക്കിയ കുട്ടനാടിന് ചില സാമ്യങ്ങളുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന് പ്രധാന കാരണം. അതുകൊണ്ട് പമ്പയാറും, അച്ചൻ കോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്റെ വീതി 80 മീറ്ററിൽ നിന്ന് 400 മീറ്ററായി ഉയർത്തിയതും, പമ്പയിൽ നിന്ന് 75,000 ക്യൂബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടിയതും, കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചും കുട്ടനാട്ടിലെ പ്രളയ തീവ്രത കുറച്ചെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ 2018 ലും 2019 ലും ഉണ്ടായ അളവിലുള്ള മഴ കഴിഞ്ഞ വർഷങ്ങളിൽ പെയ്യാതിരുന്നതുകൊണ്ടാണ് കേരളത്തിൽ പ്രളയം ആവർത്തിക്കാതിരുന്നത് എന്ന് നദീ സംരക്ഷണ പ്രവർത്തകർ പറയുന്നു.
നമ്മുടെ മിക്ക നദികളിലും ചെറിയ കൈവഴികളിലും ആഴം കൂട്ടൽ നടക്കുന്നുണ്ടെങ്കിലും റൂം ഫോർ ദി റിവർ പദ്ധതിയുടെ പേരിൽ മതില് കെട്ടുക, വശങ്ങൾ കെട്ടുക, പുഴയെ നേരെയാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടനാട്ടിലാണ് കൂടുതലായി നടക്കുന്നതെന്ന് നദീ സംരക്ഷണ പ്രവർത്തകൻ പി രജനീഷ് പറയുന്നു. സാധാരണ മണ്ണെടുത്താൽ പുഴയുടെ വശങ്ങളിൽ തന്നെയാണിടുക പതിവെന്നും എന്നാൽ പമ്പയിൽ ഇത് പുറത്തേക്ക് കൊണ്ടുപോകുന്നത് ഏത് ലൈസൻസിന്റെ പേരിലാണെന്ന് അറിയില്ലയെന്നും രജനീഷ് പറഞ്ഞു. “നെതർലൻഡ്സ് മോഡൽ പുഴക്ക് ഒരു ഇടം ഒരുക്കുകയാണ്. പുഴയുടെ ഉള്ളിൽ ഇടമുണ്ടാക്കുകയെന്നല്ല അതിന്റെ അർത്ഥം. നെതർലൻഡ്സ് മോഡൽ അതുപോലെ പകർത്തിയാലും പ്രശ്നമില്ലായിരുന്നു. കാരണം നെതർലൻഡ്സിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. പുഴയെ അപ് സ്ട്രീം, ഡൗൺ സ്ട്രീം എന്നൊക്കെ തിരിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങൾ അതിനനുസരിച്ച് ഡിസൈൻ ചെയ്തും അതിന് ആവശ്യമായ റിസർച്ചുകൾ നടത്തിയുമാണ് അവർ പദ്ധതി നടപ്പിലാക്കിയത്. നെതർലൻഡ്സിൽ കുട്ടനാടിന് സമാനമായ താഴ്ന്ന പ്രദേശങ്ങളിൽ സൈഡ് കേട്ടേണ്ട ഇടങ്ങളിൽ മാത്രം സൈഡ് കെട്ടിയിട്ടുണ്ട്.” രജനീഷ് ചൂണ്ടിക്കാട്ടി.
“നെതർലൻഡ്സ് മോഡൽ പുഴക്ക് ഒരു ഇടം ഒരുക്കുകയാണ്. പുഴയുടെ ഉള്ളിൽ ഇടമുണ്ടാക്കുകയെന്നല്ല അതിന്റെ അർത്ഥം. നെതർലൻഡ്സ് മോഡൽ അതുപോലെ പകർത്തിയാലും പ്രശ്നമില്ലായിരുന്നു. കാരണം നെതർലൻഡ്സിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു.” – പി രജനീഷ്
“നെതർലൻഡ്സിലേയും കേരളത്തിലേയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ ഒരു വർഷം പെയ്യുന്ന ശരാശരി വാർഷിക മഴ ഏകദേശം 3000 മില്ലിമീറ്ററിന് അടുത്താണ്. എന്നാൽ നെതർലൻഡ്സിലെ ശരാശരി വാർഷിക മഴ 300 മില്ലിമീറ്ററാണ്. നെതർലൻഡ്സിനേക്കാൾ മൂന്നിരിട്ടിയിലധികം മഴ പെയ്യുന്ന സ്ഥലമാണ് കേരളം എന്നതും റൂം ഫോർ ദി റിവർ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യമാണ്. നെതർലൻഡ്സിൽ നദിക്ക് ഇടം കൊടുക്കാനായി ബണ്ടുകൾ മാറ്റി സ്ഥാപിച്ചുകൊണ്ട് വിസ്തൃതി വർദ്ധിപ്പിക്കാൻ കഴിയും. ഇവിടെ നദികൾക്ക് ഇടമൊരുക്കുമ്പോൾ കൃഷിക്ക് വേണ്ടി മാറ്റിയെടുത്ത ഇടം മുഴുവൻ നദിക്ക് തിരികെ കൊടുക്കാൻ കഴിയുമോയെന്നും നദിയുടെ വീതി കൂട്ടാൻ കഴിയുമോയെന്നും ആലോചിക്കണം.” അന്താരാഷ്ട്ര കായൽ കൃഷി ഗവേഷമണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ അഭിപ്രായപ്പെട്ടു.
“കേരളത്തിൽ ഒരു വർഷം പെയ്യുന്ന ശരാശരി വാർഷിക മഴ ഏകദേശം 3000 മില്ലിമീറ്ററിന് അടുത്താണ്. എന്നാൽ നെതർലൻഡ്സിലെ ശരാശരി വാർഷിക മഴ 300 മില്ലിമീറ്ററാണ്. നെതർലൻഡ്സിനേക്കാൾ മൂന്നിരിട്ടിയിലധികം മഴ പെയ്യുന്ന സ്ഥലമാണ് കേരളം എന്നതും റൂം ഫോർ ദി റിവർ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യമാണ്.” – ഡോ. കെ.ജി പത്മകുമാർ
ഇടനാട്ടിലെ നെൽവയലുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കൃഷി സാഹചര്യമാണ് കുട്ടനാട്ടിലേത്. ഇടനാട്ടിലെ നെൽവയലുകൾ മഴക്കാലത്ത് വെള്ളം ശേഖരിക്കപ്പെടുന്ന പ്രദേശങ്ങളാണെങ്കിൽ കുട്ടനാട്ടിൽ വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നു എന്നതുകൊണ്ടുതന്നെ വെള്ളം ഉൾക്കൊള്ളാനുള്ള ഇടം കുറയുകയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “സമീപകാലത്തായി മഴക്കാല കൃഷി വർദ്ധിപ്പിക്കുന്ന പ്രവണത കൂടിവരുന്നത് പ്രളയ സാധ്യതയും, പ്രളയത്തിന്റെ കാഠിന്യവും വളരെയധികം കൂടാൻ കാരണമാകും. 2018 ലെ പ്രളയ സമയത്ത് 40 ശതമാനം സ്ഥലത്ത് വർഷകാല കൃഷിയുണ്ടായിരുന്നത് പ്രളയത്തിന്റെ കെടുതികൾ വർദ്ധിപ്പിക്കാൻ കാരണമായി. തോട്ടപ്പള്ളി കനാലിന്റെ ആഴം കൂട്ടുകയാണ് കുട്ടനാട്ടിലെ പ്രളയത്തിന് പരിഹാരം എന്ന് പറയുമ്പോൾ ന്യായമായ രീതിയിൽ ആഴം കൂട്ടാം. പക്ഷെ പരിധിയിൽ കൂടുതൽ കൂട്ടിയാൽ കടലിൽ നിന്ന് ഓരു വെള്ളം കയറാൻ സാധ്യതയുണ്ട്. ഡ്രെഡ്ജർ ഉപയോഗിച്ചുള്ള ആഴം കൂട്ടൽ അശാസ്ത്രീയമാണ്. പരമ്പരാഗതമായി കുട്ടനാട്ടിലുള്ളവർ കട്ട കുത്തിയെടുത്തായിരുന്നു ആഴം കൂട്ടിയിരുന്നത്.” ഡോ. കെ.ജി പത്മകുമാർ വ്യക്തമാക്കി.
പ്രളയം തടയാൻ കരിമണൽ കൊള്ളയും
റൂം ഫോർ ദി റിവറിന്റെ ഭാഗമായ ആഴം കൂട്ടലെന്ന പേരിൽ തോട്ടപ്പള്ളി പൊഴിമുഖത്ത് കരിമണൽ ഖനനമാണ് നടക്കുന്നതെന്ന് ആരോപിച്ച് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന സമരം 500 ദിവസം പിന്നിട്ടിരിക്കുന്നു. റൂം ഫോർ ദി റിവർ പദ്ധതിക്കെതിരെ ശക്തമായ വാദങ്ങളാണ് സമരപ്രവർത്തകർ ഉന്നയിക്കുന്നത്. സർക്കാരിന്റ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. തോട്ടപ്പള്ളി സ്പിൽവേ കനാൽ ഗ്രാബർ ഉപയോഗിച്ച് ആഴം കൂട്ടണമെന്ന് വിദ്ഗദ സമിതികൾ പറഞ്ഞിട്ടും അവിടെ ഒരു പ്രവർത്തനവും ചെയ്യാതെ തോട്ടപ്പള്ളി പൊഴിമുഖത്ത് വന്ന് കരിമണൽ മാത്രം എടുത്തുകൊണ്ട് പോകുകയാണെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് സുരേഷ്കുമാർ പറഞ്ഞു. പൊഴിമുഖത്ത് മണൽ ഖനനം പാടില്ലെന്നും മണൽ എടുക്കണമെങ്കിൽ തന്നെ തദ്ദേശീയ സമൂഹത്തെകൊണ്ട് കൊട്ടയിൽ മണ്ണ് വാരണമെന്നുമാണ് സി.ആർ.ഇസഡ് ചട്ടം. എന്നാൽ ഇപ്പോഴും പൊഴിമുഖത്ത് നിന്ന് ഡ്രെഡ്ജർ ഉപയോഗിച്ച് മണലെടുക്കൽ നടക്കുന്നുണ്ട്. കെ.എം.എം.എൽ, ഐ.ആർ.ഇ.എൽ എന്നീ പൊതുമേഖലാ കമ്പനികളുടെ നേതൃത്വത്തിൽ കരിമണൽ ഖനനമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരെ സമരം ചെയ്ത തങ്ങളുടെ പേരിൽ കള്ളക്കേസ് എടുക്കുകയാണെന്നും സുരേഷ് കുമാർ ആരോപിച്ചു. 2007 ലെ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം എവിടെയൊക്കെ ബണ്ട് കെട്ടണം, എവിടെയൊക്കെ ആഴം കൂട്ടണമെന്ന് വ്യക്തമായി പറഞ്ഞിട്ടും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. “ഇതൊക്കെ പഠിക്കാൻ നെതർലൻഡിൽ പോകേണ്ട കാര്യമില്ലല്ലോ, ഉപജില്ലാ ശാസ്ത്രമേളയിൽ പോയാൽ മതിയല്ലോ…അവിടെ ചെറിയ കുട്ടികൾ ഇതിലും നല്ല നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടല്ലോ?” സുരേഷ് കുമാർ ചോദിക്കുന്നു.
“ഇതൊക്കെ പഠിക്കാൻ നെതർലൻഡിൽ പോകേണ്ട കാര്യമില്ലല്ലോ, ഉപജില്ലാ ശാസ്ത്രമേളയിൽ പോയാൽ മതിയല്ലോ…അവിടെ ചെറിയ കുട്ടികൾ ഇതിലും നല്ല നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടല്ലോ?” – എസ് സുരേഷ്കുമാർ
ആസൂത്രണത്തിലെ പിഴവുകൾ
നെതർലൻഡ്സ് മുന്നോട്ടുവെച്ച ആശയത്തെ കൃത്യമായി മനസിലാക്കാതെയാണ് ഇവിടെ റൂം ഫോർ ദി റിവർ പദ്ധതി നടപ്പിലാക്കിയതെന്ന് കേരളത്തിലെ വിവിധ പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. റൂം ഫോർ ദി റിവർ എന്ന സങ്കൽപ്പത്തെ എങ്ങനെ മനസിലാക്കുന്നു എന്നതിൽ തന്നെ പ്രശ്നമുണ്ടെന്ന് കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് രവി എസ്.പി അഭിപ്രായപ്പെടുന്നു. “പുഴയുടെ ഉയർന്ന ഭാഗങ്ങളിൽ ആഴം കൂട്ടുന്നത് വളരെ അപകടമാണ്. ആഴം കൂട്ടുന്നവർ പുഴയെ മനസിലാക്കാനോ പുഴ ഒഴുകിയിരുന്നതെവിടെയെന്ന് മനസിലാക്കാനോ ശ്രമിക്കുന്നില്ല. പ്രളയ തടങ്ങൾ നഷ്ടപ്പെട്ട് പോയതിനെ പറ്റി ആലോചിക്കുന്നതേയില്ല. പ്രളയം വരുന്ന സമയത്ത് അതിന് പരന്നൊഴുകാൻ വേണ്ടിയിട്ടുള്ള ഇടമായിട്ടാണ് പ്രളയ തടങ്ങൾ പൊതുവേ കണക്കാക്കപ്പെടുന്നത്. ഇന്ന് അത്തരം പ്രദേശങ്ങളൊക്കെ നികത്തി നിർമ്മാണങ്ങൾ വന്നു. അതോടുകൂടി വലിയ തോതിൽ വെള്ളം വന്നാൽ പുഴക്ക് അത് വഹിക്കാനുള്ള ശേഷിയില്ലാതെയായി. നെടുമ്പാശേരി എയർപോർട്ട് പെരിയാറിന്റെ പ്രളയ തടത്തിൽ നിർമ്മിച്ചതാണ്. അത് തിരിച്ച് നികത്തികൊടുക്കുകയെന്നത് സാധ്യമല്ല. അതുകൊണ്ട് നിലവിലെ അവസ്ഥയിൽ പുഴക്ക് ഒഴുകാനുള്ള ഇടം എങ്ങനെ ഒരുക്കാമെന്ന് ആലോചിക്കുകയാണ് വേണ്ടത്.” രവി എസ്.പി വിശദമാക്കി.
“നെടുമ്പാശേരി എയർപോർട്ട് പെരിയാറിന്റെ പ്രളയ തടത്തിൽ നിർമ്മിച്ചതാണ്. അത് തിരിച്ച് നികത്തികൊടുക്കുകയെന്നത് സാധ്യമല്ല. അതുകൊണ്ട് നിലവിലെ അവസ്ഥയിൽ പുഴക്ക് ഒഴുകാനുള്ള ഇടം എങ്ങനെ ഒരുക്കാമെന്ന് ആലോചിക്കുകയാണ് വേണ്ടത്.” – രവി എസ്.പി
നിലവിൽ സർക്കാർ ഈ പദ്ധതിയുടെ പേരിൽ കാലങ്ങളായി നിക്ഷേപിക്കപ്പെട്ട മണൽ നീക്കം ചെയ്യുകയാണ്. ഇത് മഴക്കാലത്ത് വെള്ളപൊക്കം ഇല്ലാതാക്കില്ലെന്ന് മാത്രമല്ല, വേനൽക്കാലത്ത് വരൾച്ച കൂട്ടാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും. പല സ്ഥലങ്ങളിലും എതിർപ്പുകളെ തുടർന്ന് മണലെടുപ്പ് നിർത്തിവെച്ചു. എതിർപ്പുകളെ വകവെച്ചു എന്നത് നല്ല കാര്യമാണെന്നും രവി എസ്.പി പറയുന്നു. തണ്ണീർമുക്കത്ത് നിന്ന് വെള്ളം ഒഴുക്കാനുന്ന സാഹചര്യം കുട്ടനാടിനെ സംബന്ധിച്ച് ഗുണം ചെയ്തിട്ടുണ്ട്. പമ്പ, പെരിയാർ നദീതടങ്ങളിൽ റിസർവോയർ മാനേജ്മെന്റ് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ റൂം ഫേർ ദി റിവർ പദ്ധതി രണ്ട് വർഷം കൊണ്ട് പ്രളയ സാഹചര്യം കുറച്ചു എന്ന് അവകാശപ്പെടുമ്പോൾ 2018, 2019 വർഷങ്ങളിൽ പെയ്ത മഴ പിന്നീട് ആവർത്തിച്ചിട്ടില്ല എന്ന വസ്തുതയും കണക്കിലെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കേരളത്തിലെ 43 നദികളിലും (കല്ലായി പുഴ ഒഴികെ) റൂം ഫോർ ദി റിവർ പദ്ധതിയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, പദ്ധതിയുടെ പേരിൽ ചെളി നീക്കം ചെയ്യാനെന്ന വ്യാജേനെ ശുദ്ധമായ മണലാണ് വാരിയെടുക്കുന്നതെന്നും കേരള നദീ സംരക്ഷണ സമിതി അംഗം ടി.വി രാജൻ ആരോപിക്കുന്നു. “മൂന്ന് കോടിയിലധികം ക്യുബിക് മീറ്റർ മണലാണ് എടുക്കാനുത്തരവായിട്ടുള്ളത്. ഓരോ ദിവസവും എത്ര കോടി ക്യുബിക് മീറ്റർ മണലാണ് നീക്കം ചെയ്യുന്നതെന്ന് ജലസേചന വകുപ്പിന്റെ വെബ്സൈറ്റിൽ അപ്ഡേഷൻ നടത്തുന്നുണ്ട്. സാധാരണഗതിയിൽ ഒരു പദ്ധതിയുടെ റിവ്യൂ ഇത്തരത്തിൽ നടക്കാറില്ല. അത്രത്തോളം സമ്മർദ്ദം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടെന്നാണ് മനസിലാക്കുന്നത്.” അദ്ദേഹം അഭിപ്രായപ്പെട്ടു. പുഴയിലെ മണൽത്തരികളുടെ ഇടയിലാണ് ജലമുണ്ടാകുന്നത്. മണൽ നീക്കം ചെയ്യുമ്പോൾ വെള്ളം വീണ്ടും അടിത്തട്ടിലേക്ക് പോകുകയും നദിയുടെ ഉള്ളിൽ അടിത്തട്ടിലായി മറ്റൊരു നദി രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യമാകും റൂം ഫോർ റിവറിന്റെ ഫലമായി സംഭവിക്കാൻ പോകുന്നതെന്നും ടി.വി രാജൻ അഭിപ്രായപ്പെട്ടു.
“പുഴയിലെ മണൽത്തരികളുടെ ഇടയിലാണ് ജലമുണ്ടാകുന്നത്. മണൽ നീക്കം ചെയ്യുമ്പോൾ വെള്ളം വീണ്ടും അടിത്തട്ടിലേക്ക് പോകുകയും നദിയുടെ ഉള്ളിൽ അടിത്തട്ടിലായി മറ്റൊരു നദി രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യമാകും റൂം ഫോർ റിവറിന്റെ ഫലമായി സംഭവിക്കാൻ പോകുന്നത്.” – ടി.വി രാജൻ
റൂം ഫോർ ദി റിവർ പദ്ധതിയുടെ ഭാഗമായി അച്ചൻകോവിൽ, മണിമല, പമ്പ നദികളിൽ എക്കൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ജലസേചന വകുപ്പ് നടത്തുന്നുണ്ടെന്നും, ഏകദേശം 75 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ജോൺ റിച്ചാർഡ് പറയുന്നു. “പല കടവുകളിൽ അടിഞ്ഞു കൂടിയ ചെളിയുടെയും വേസ്റ്റിന്റെയും അനുപാതത്തിൽ വ്യത്യസ്തമായ അളവിലാണ് എക്കൽ നീക്കം നടത്തുന്നത്. ഡീസിൽറ്റേഷൻ എന്ന പേരിലാണ് എക്കൽ നീക്കം ചെയ്യുന്നതെങ്കിലും റൂം ഫോർ റിവറിന്റെ കീഴിൽ തന്നെയാണിത്. പണ്ട് മുതൽ നദിയുമായി ബന്ധപ്പെട്ട് മണലും ചെളിയും വാരുന്നത് ഇറിഗേഷൻ വകുപ്പാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി പ്രകാരവും ഡീസിൽറ്റേഷൻ ജോലികൾ ഇറിഗേഷന്റെ കീഴിലാണ് നടക്കുന്നത്. മുൻപും ഡീസിൽറ്റേഷൻ നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശാസ്ത്രീയമായി പഠിച്ചശേഷം ആവശ്യമുള്ളയിടത്ത് നിന്നും മാത്രം മണലും ചെളിയും മറ്റ് അവശിഷ്ടങ്ങളും അളവ് കൃത്യമായി വിലയിരുത്തി നീക്കം ചെയ്യുകയാണ്. നീക്കം ചെയ്യുന്ന ചെളി പത്തനംതിട്ട ജില്ലയിൽ വെറുതെ വാരി ഇട്ടിട്ടേ ഉള്ളൂ. ചെളിയും വാല്യു ആഡഡ് ആയിട്ടുള്ളവയും വേർതിരിച്ച് ലേലം വിളിച്ച് കൊടുക്കുമെന്നാണ് പറയുന്നത്. ചിലയിടങ്ങളിൽ ലേലം ചെയ്തു തുടങ്ങി. നമ്മുടെ ജില്ലയിൽ ഒന്നും ആയിട്ടില്ല.” ജോൺ റിച്ചാർഡ് പ്രവർത്തനങ്ങൾ വിശദമാക്കി.
സുതാര്യമല്ലാത്ത നടത്തിപ്പ്
ഒട്ടും സുതാര്യമായല്ല റൂം ഫോർ ദി റിവർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ നിലവിലെ അവസ്ഥയെന്താണെന്നോ, ഏതോക്കെ വകുപ്പുകൾക്ക് പദ്ധതിയുടെ നടത്തിപ്പിൽ പങ്കുണ്ടെന്നോ വ്യക്തമാക്കുന്ന വിവരങ്ങൾ സർക്കാർതലത്തിൽ ലഭ്യമല്ല. “അന്താരാഷ്ട്ര മാതൃകകൾ കണ്ട്, നമുക്ക് അനുയോജ്യമായത് സ്വീകരിച്ച് നടപ്പിലാക്കുന്നതിൽ ഒരു പ്രശനവും ഇല്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കാഴ്ചപ്പാട് സർക്കാരിനില്ല. പദ്ധതിയുടെ വിശദാംശങ്ങളെ സംബന്ധിച്ച് ഇപ്പോഴും പൊതുസമൂഹത്തിന് യാതൊരു ധാരണയുമില്ല”. ജലവിഭവവകുപ്പ് മുൻമന്ത്രിയും പാർലമെന്റ് അംഗവുമായ എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു.
“എന്താണ് ഈ പ്രോജക്ട്? എങ്ങനെയാണ് ഇത് പ്രാവർത്തികമാക്കുന്നത്? അതിന്റെ വിശദാംശങ്ങൾ എന്താണ്? കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ എന്തെങ്കിലും ധാരണയോ അവബോധമോ ഇതിനെ സംബന്ധിച്ചുണ്ടോ?” – എൻ.കെ പ്രേമചന്ദ്രൻ
“വി.എസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജലവിഭവ നയവുമായി ബന്ധപ്പെട്ട് മൂന്ന് വർഷമാണ് ചർച്ച നടന്നത്. 2008 ൽ ഒരു ഇടതുപക്ഷ വീക്ഷണത്തിൽ നിന്നുകൊണ്ട് പരിസ്ഥിതിയുടെ പരിരക്ഷ ഉറപ്പ് വരുത്താനുതകുന്ന ഒരു ജലനയം ആവിഷ്ക്കരിച്ചിട്ടുമുണ്ട്. അതിൽ ജലവിഭവ മാനേജമെന്റിന്റെ കാര്യത്തിൽ വെള്ളപൊക്ക നിയന്ത്രണമുൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ ദിശാബോധത്തോടെ പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകരുമായും ജലവിഭവരംഗത്ത് പ്രവർത്തിക്കുന്നവരുമായും കൂടിയാലോചിച്ച് നമ്മുടെ നദികളും പുഴകളും പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. പകരം റൂം ഫോർ റിവർ എന്നൊരു പ്രോജക്ട് മുഖ്യമന്ത്രി പോയി കണ്ട് അതിവിടെ നടപ്പാക്കുന്നു. എന്താണ് ഈ പ്രോജക്ട്? എങ്ങനെയാണ് ഇത് പ്രാവർത്തികമാക്കുന്നത്? അതിന്റെ വിശദാംശങ്ങൾ എന്താണ്? കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ എന്തെങ്കിലും ധാരണയോ അവബോധമോ ഇതിനെ സംബന്ധിച്ചുണ്ടോ? ഒരുതരത്തിലുള്ള പ്രസിദ്ധീകരണവും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽ വന്നിട്ടില്ല. പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് വാർത്തകൾ പോലും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കാര്യങ്ങൾ ഗ്രഹിച്ച് മനസിലാക്കി ചെയ്യാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭരണപരമായ കാഴ്ചപ്പാട് എത്രയോ കഷ്ടമാണ്.” പ്രേമചന്ദ്രൻ വിമർശനമുന്നയിച്ചു.
അവഗണിക്കപ്പെടുന്ന തദ്ദേശീയ അറിവുകൾ
റൂം ഫോർ ദി റിവർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രാദേശികമായ അറിവുകളെ അന്വേഷിക്കുകയോ കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്‌ദ്ധരോട് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല. പ്രളയത്തിന് ശേഷം അപൂർവ്വം ചില ശില്പശാലകൾ നടത്തിയെന്നത് ഒഴിച്ചാൽ തദ്ദേശീയമായ അറിവുകളെയോ, വിഷയ വിദഗ്ദ്ധരെയോ പരിഗണിക്കാതെയാണ് മുഖ്യമന്ത്രി പ്രളയ ലഘൂകരണം പഠിക്കാൻ വിദേശത്തേക്ക് യാത്ര നടത്തിയതും പദ്ധതിയാരംഭിച്ചതും. കേരളത്തിൽ പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശത്തെ ജനങ്ങളെയോ, ജനകീയ സംഘടനകളെയോ, തദ്ദേശ സ്ഥാപനങ്ങളെ ജനപ്രതിനിധികളെയോ പോലും കേൾക്കാൻ സർക്കാർ സന്നദ്ധമായിട്ടില്ല. നെതർലൻഡ്സിൽ നിന്നും കേരളത്തിലേക്ക് പദ്ധതി പകർത്തിയപ്പോൾ പ്രധാനമായും നഷ്ടമായത് ജനങ്ങളുടെ പങ്കാളിത്തമാണ്.
നെതർലൻഡ്സിന്റെ അനുഭവം അങ്ങനെയായിരുന്നില്ല. വലിയ ജനപങ്കാളിത്തത്തോടെയാണ് റൂം ഫേർ ദി റിവർ അവിടെ നടപ്പിലാക്കപ്പെട്ടത്. സാങ്കേതികമായ മാറ്റങ്ങൾ എങ്ങനെയാണ് ഗുണകരമാവുക എന്ന് ജനങ്ങളെ അറിയിച്ച ശേഷം അതിൽ നിന്ന് ഒരു തീരുമാനത്തിലെത്തിയാണ് (ഇൻഫോമ്ഡ് കൺസൾട്ടേഷൻ) അവിടെ പദ്ധതി പൂർത്തിയാക്കിയത്. ‘പ്രളയം: പ്രതിരോധം, പുനർനിർമാണം പഠിക്കാം ഡച്ച് പാഠങ്ങൾ’ എന്ന പുസ്തകത്തിൽ മുൻ നെതർലൻഡ്സ് അംബാസിഡറും മലയാളിയുമായ വേണു രാജാമണി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
“കോൺക്രീറ്റ് നിർമ്മിതികളിലൂടെ നമുക്ക് വെള്ളത്തെ തടയാവുന്നതാണ്. എന്നാൽ അതൊരു ശാശ്വതമായ പരിഹാരമല്ല, ചിലവേറിയതുമാണ്. കേരളത്തെ സംബന്ധിച്ച് ക്വാറിയിങ്ങ് അനുവദിക്കാത്തതുകൊണ്ട് കോൺക്രീറ്റ് നിർമ്മിതികളിലൂടെയുള്ള പ്രതിരോധം ചിലവേറിയതാകും. തീരശോഷണം തടയാൻ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നത് പോലെ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ പ്രകൃതിയോടിണങ്ങിയ മാർഗങ്ങൾ കണ്ടുപിടിക്കണം. ലോകത്ത് എവിടെയൊക്കെ അത്തരം മാർഗങ്ങളുണ്ടോ അത് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കണം. നമ്മുടെ നാട്ടുകാരിൽ നിന്നും ഗവേഷകരിൽ നിന്നും എൻ.ജി.ഒകളിൽ നിന്നും പ്രാദേശികമായ പരിഹാര മാർഗങ്ങൾ കണ്ടെത്തണം.” വേണു രാജാമണി അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശന വേളയിൽ നെതർലൻഡ്സ് അംബാസിഡറായിരുന്നു അദ്ദേഹം.
“തീരശോഷണം തടയാൻ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നത് പോലെ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ പ്രകൃതിയോടിണങ്ങിയ മാർഗങ്ങൾ കണ്ടുപിടിക്കണം. ലോകത്ത് എവിടെയൊക്കെ അത്തരം മാർഗങ്ങളുണ്ടോ അത് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കണം.” – വേണു രാജാമണി
നെതർലൻഡ്സിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, തീരശോഷണം തടയാൻ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കാം എന്നാണ് വേണു രാജാമണി അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിർദ്ദേശിക്കുന്നത്. എന്നാൽ കേരളത്തിൽ സംഭവിച്ചത് നേർ വിപരീദമാണ്. റൂം ഫോർ ദി റിവറിന്റെ പേരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒഴുക്കിന് തടസമാകുന്നുവെന്ന് പറഞ്ഞ് ആറിന്റെ തീരത്തുള്ള വൃക്ഷങ്ങളും കണ്ടൽക്കാടും ഉൾപ്പടെ വെട്ടിനീക്കുകയുണ്ടായി എന്ന് മീനച്ചിൽ നദീ സംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ പറയുന്നു. “30 വർഷത്തെ മണൽ വാരൽ കാരണം വലിയ ആഴമുള്ള സ്ഥലങ്ങളുണ്ട് മീനച്ചിലാറിൽ. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ചരിവുള്ളതിനാൽ ഉപ്പ് വെള്ളം കേറി വരുന്ന സാഹചര്യവുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ വെള്ളപൊക്കമുണ്ടാകുന്നത് കഴിഞ്ഞ പ്രളയങ്ങളിൽ ചെളിയും മണ്ണും അടിഞ്ഞതുകൊണ്ടാണെന്ന ജനങ്ങളുടെ തെറ്റിദ്ധാരണയെ മുതലെടുത്ത് ആഴം കൂട്ടലെന്ന പേരിൽ മണലെടുപ്പ് തുടരുന്നത്. എന്നാൽ പുഴ കയ്യേറിയ മേഖലകൾ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും റൂം ഫോർ റിവറിന്റെ ഭാഗമായി നടക്കുന്നില്ല.” എബി ഇമ്മാനുവൽ വ്യക്തമാക്കി.
“റൂം ഫോർ ദി റിവറിന്റെ പേരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒഴുക്കിന് തടസമാകുന്നുവെന്ന് പറഞ്ഞ് ആറിന്റെ തീരത്തുള്ള വൃക്ഷങ്ങളും കണ്ടൽക്കാടും ഉൾപ്പടെ വെട്ടിനീക്കുകയുണ്ടായി.” – എബി ഇമ്മാനുവൽ
ഏത് പദ്ധതി നടപ്പിലാക്കുമ്പോഴും പദ്ധതി പ്രദേശത്തുള്ളവരുടെ അഭിപ്രായം തേടലും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ടെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ പറയുന്നു. “ഡച്ചിൽ നടപ്പാക്കുന്ന അതേ രീതി തന്നെ കേരളത്തിൽ വേണം എന്ന് നിർബന്ധമില്ലലോ. കേരളത്തിലെ പെരിയാർ പോലെയുള്ള നദികൾ ഉത്ഭവിച്ച് അവസാനിക്കുന്ന സ്ഥലം വരെ താമസിക്കുന്ന ആൾക്കാർ വർഷങ്ങളായി തുടരുന്ന ജീവിതരീതികളുണ്ട്. പദ്ധതി നടപ്പിലാക്കുമ്പോൾ അവരെയൊക്കെ കൺസൾട്ട് ചെയ്യണം. അല്ലാതെ ഒരു എഞ്ചിനിയറിംഗ് പരിഹാരം എന്ന നിലയ്ക്ക് ഇതിനെ കണ്ടിട്ട് കാര്യമില്ല. സാങ്കേതിക പരിഹാരമല്ല, ജനകീയ പരിഹാരമാണ് ഇക്കാര്യങ്ങളിൽ വേണ്ടത്. കണ്ടൽക്കാടുകൾ പോലെ പ്രകൃതി സൗഹാർദപരമായ കാര്യങ്ങൾ പ്രാദേശിക ജനങ്ങളുടെ പിന്തുണയോടും സഹായത്തോടും പങ്കാളിത്തത്തോടും കൂടി നടപ്പാക്കുക. അല്ലാതെ എവിടെ എങ്കിലും കരാർ കൊടുത്തിട്ട് കാര്യമില്ലല്ലോ.” ടി.പി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു.
“കണ്ടൽക്കാടുകൾ പോലെ പ്രകൃതി സൗഹാർദപരമായ കാര്യങ്ങൾ പ്രാദേശിക ജനങ്ങളുടെ പിന്തുണയോടും സഹായത്തോടും ങ്കാളിത്തത്തോടും കൂടി നടപ്പാക്കുക. അല്ലാതെ എവിടെ എങ്കിലും കരാർ കൊടുത്തിട്ട് കാര്യമില്ലല്ലോ.” – പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ
സർക്കാരിന് തന്നെ വ്യക്തതയുണ്ടോ?
ജലവിഭവ മാനേജ്മെന്റിന്റെ കാര്യത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയും ഭൗതിക സാഹചര്യങ്ങളും അറിയുന്ന നിരവധി പ്രഗത്ഭർ രാജ്യത്ത് തന്നെയുള്ളപ്പോഴാണ് വൻ തുക ചിലവാക്കി സർക്കാർ വിദേശയാത്ര നടത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നെതർലൻഡ്സ് സന്ദർശനത്തിന് 20.85 ലക്ഷം രൂപയാണ് ചെലവായത്. റൂം ഫോർ ദി റിവർ പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിന് ചെന്നൈ ഐ.ഐ.ടിക്ക് സർക്കാർ കരാർ നൽകിയത് 1.38 കോടി രൂപയ്ക്കാണ്. ഇതിൽ 81.42 ലക്ഷം രൂപ ഐ.ഐ.ടിക്ക് ഇതുവരെ നൽകിയതായി സർക്കാർ രേഖകൾ പറയുന്നു. 15-ാം കേരള നിയമസഭയുടെ 3-ാം സമ്മേളനത്തിൽ (10-11-2021) റൂം ഫോർ ദി റിവർ പദ്ധതിയുടെ പുരോഗതിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി, പദ്ധതി നടപ്പിലാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് 4.50 കോടി രൂപക്ക് ഭരണ അനുമതി നൽകുകയും 1.38 കോടി രൂപ അനുവദിക്കുകയും ചെയ്തുവെന്നാണ് റവന്യൂ മന്ത്രി കെ രാജൻ മറുപടി നൽകിയത്. 2022 ജനുവരി 5ന് ഹൈഡ്രോഡൈനാമിക് പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. 2022 ജൂലൈ 12 ന് നടന്ന 15-ാം കേരളനിയമസഭയുടെ 5-ാം സമ്മേളനത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് റൂം ഫോർ ദി റിവർ എന്ന പേരിൽ പൈലറ്റ് പദ്ധതി ആയി കുട്ടനാട് പ്രദേശം തിരഞ്ഞെടുക്കുകയും വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയെന്നുമാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി. എന്നാൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞ സമയപരിധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞട്ടും മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടിയിൽ ഹൈഡ്രോഡൈനാമിക് പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിനെക്കുറിച്ച് പറയുന്നില്ല.
അതേസമയം, ഹൈഡ്രോഡൈനാമിക് പഠനം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും ജലസേചന വകുപ്പ് തള്ളിയെന്ന് 2022 ഒക്ടോബർ 21ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. അന്തിമ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയാൽ കുട്ടനാടിന്റെ വെള്ളപൊക്ക തീവ്രത കൂടുമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തലെന്നും, അതിനാൽ ശുപാർശകളിൽ മാറ്റം വരുത്തി പുതുക്കിയ അന്തിമ റിപ്പോർട്ട് ഡിസംബർ അവസാനം സമർപ്പിക്കണമെന്ന് ഐ.ഐ.ടിയോട് ആവശ്യപ്പെട്ടതായും വാർത്തയിൽ പറയുന്നു. ഇടക്കാല റിപ്പോർട്ട് ജനുവരിയിൽ സമർപ്പിച്ചെങ്കിലും അന്തിമ റിപ്പോർട്ട് ഒരു മാസം മുമ്പ് മാത്രമാണ് സമർപ്പിച്ചതെന്നും, ഐ.ഐ.ടി അന്തിമ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് ജലസേചന വകുപ്പ് നിർദ്ദേശമുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തോട് പ്രതികരിക്കാൻ തയ്യാറാകുന്നുമില്ല.
കാലാവസ്ഥ മാറുന്നതിനൊപ്പം കേരളത്തിന്റെ മഴക്കാലവും മാറുകയാണ്. പ്രളയം ആവർത്തിക്കപ്പെടുമെന്ന ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രളയമുണ്ടായാൽ സൃഷ്ടിക്കപ്പെടുന്ന നഷ്‍ടങ്ങൾ കുറയ്ക്കാൻ ദുരന്തലഘൂകരണത്തെക്കുറിച്ച് കേരളം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ടെന്ന് ഓരോ മഴക്കാവലും ഓർമ്മിപ്പിക്കുന്നു. എന്നാൽ റൂം ഫോർ ദി റിവർ എന്ന പേരിൽ ഇപ്പോൾ നടപ്പിലാക്കുന്ന കാര്യങ്ങൾ കേരളം കടന്നുപോകുന്ന കെടുതികളുടെ ഗുരുതരസ്വഭാവത്തെ വേണ്ടത്ര പരിഗണിക്കുന്നതേയില്ല എന്ന് വ്യക്തം. വിദേശയാത്രയുടെ നേട്ടമായി നെതർലൻഡ്സിൽ നിന്നും മനസ്സിലാക്കിയ പ്രളയലഘൂകരണ പാഠങ്ങൾ മുഖ്യമന്ത്രി എടുത്ത് പറയുമ്പോഴും കേരളത്തിൽ നടപ്പിലാക്കിയ റൂം ഫോർ ദി റിവർ പദ്ധതിയിലെ പാളിച്ചകൾ അദ്ദേഹത്തിന്റെ വാദങ്ങളെ പൊളിക്കുകയാണ്. പ്രകൃതിയോടും ജലത്തോടുമിണങ്ങി ജീവിച്ചുകൊണ്ട് മാത്രമേ പ്രളയത്തെ അതിജീവിക്കാൻ കഴിയൂ എന്നതാണ് ഡച്ചുകാരുടെ അനുഭവം. പതിറ്റാണ്ടുകളായി നെതർലൻഡ്സ് ഭരണ സംവിധാനങ്ങളും ഡച്ച് ജനതയും ഒരുമയോടെ അത് തുടരുകയാണ്. റൂം ഫോർ ദി റിവർ അവർക്ക് ഒരു പദ്ധതിയല്ല, ജീവിതരീതിയാണ്. ലക്ഷങ്ങൾ ചിലവഴിച്ച് യാത്ര ചെയ്തിട്ടും കോടികളുടെ പദ്ധതി വിഭാവനം ചെയ്തിട്ടും കേരളത്തിലെ ഭരണസംവിധാനങ്ങൾക്ക് മനസ്സിലാകാതെ പോയത് ആ അടിസ്ഥാന വസ്തുതയാണ്.