Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


1984 ഡിസംബര്‍ രണ്ടാം തീയതി രാത്രി മധ്യ ഇന്ത്യയിൽ, മധ്യപ്രദേശിലെ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്നും 30,000 ടണ്‍ മീഥെയ്ല്‍ ഐസോസയനേറ്റ് ചോര്‍ച്ചയുണ്ടായി. 3,500ലധികം പേര്‍ തൽക്ഷണം മരിച്ചു. അന്ന് മുതല്‍ 25,000 ഓളം പേർ രോഗബാധ കാരണം മരിച്ചു. ഈ ദുരന്തത്തില്‍ രക്ഷിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഹൃദയഭേദകമായ കഥയാണിത്.
ഞാന്‍ ജനിച്ചത് 1984ലാണ്. എന്റെ ജനതയെ ഈ ദുരന്തം ബാധിച്ചപ്പോള്‍ അഞ്ച് മാസം മാത്രമായിരുന്നു എനിക്ക് പ്രായം. 1984ലെ ഡിസംബര്‍ രണ്ടാം തീയതിയെക്കുറിച്ച് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്രയും ചെറുതായിരുന്നു ഞാന്‍. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞ കഥകള്‍ ഞാൻ വര്‍ഷങ്ങളോളം കേട്ടു, ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടവരാണ് അവരെല്ലാം. എന്റെ ചേച്ചിയും ചിലപ്പോള്‍ ആ രാത്രിയെക്കുറിച്ച് പറയാറുണ്ട്.
വിഷവാതക ദുരന്തത്തെക്കുറിച്ച് റേഡിയോയിലൂടെ കേട്ടറിഞ്ഞ ചില ബന്ധുക്കള്‍ വന്ന് ഞങ്ങളെ ലക്നൗവിലേക്ക് കൊണ്ടുപോയി. ഭോപ്പാലില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണത്. കുറച്ച് മാസങ്ങള്‍ ഞങ്ങള്‍ അവരോടൊപ്പം താമസിച്ചു. പക്ഷേ, അവര്‍ നമ്മളോട് മോശമായി പെരുമാറിത്തുടങ്ങി. അവര്‍ക്കും അവരുടെ കുടുംബത്തിനും നമ്മളൊരു ഭാരമാണെന്ന് തോന്നിപ്പിക്കാന്‍ തുടങ്ങി. ദുരിതമതിജീവിച്ച എന്റെ ചേട്ടന്‍ സുനിലിന് ദുരന്തം നടന്നപ്പോള്‍ പത്ത് വയസ്സായിരുന്നു. സുനിൽ ഞങ്ങളെ തിരിച്ച് ഭോപ്പാലിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. പിന്നെ നമ്മള്‍ ഭോപ്പാലിലുള്ളൊരു അനാഥാലയത്തിലാണ് താമസിച്ചത്, ദി എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജ്. സുനില്‍ നമുക്കൊപ്പം അനാഥാലയത്തില്‍ താമസിക്കാന്‍ തയ്യാറായിരുന്നില്ല, കാര്‍ബൈഡ് വിരുദ്ധ പ്രചാരണങ്ങളില്‍ മുഴുകി പ്രവര്‍ത്തിച്ചു. ചില്‍ഡ്രന്‍ എഗെയ്ന്‍സ്റ്റ് കാര്‍ബൈഡ് എന്നൊരു സംഘടനയ്ക്ക് സുനില്‍ രൂപം കൊടുത്തു. ഈ സംഘടനയിലുണ്ടായിരുന്ന കൂടുതലും കുട്ടികളും നമ്മുടെ അതേ സമുദായത്തിൽ നിന്നുള്ളവരായിരുന്നു – ഭോപ്പാല്‍ പ്ലാന്റിന്റെ പ്രധാന റോഡിന് മറുവശത്ത് ജയ് പ്രകാശ് നഗറിലായിരുന്നു (ജെപി നഗര്‍) ഞങ്ങള്‍ താമസിച്ചിരുന്നത്.


ഭോപ്പാലിലെ ഓര്‍ഫനേജിലെ ജീവിതം എനിക്ക് സന്തോഷമുള്ളതായിരുന്നു, എനിക്ക് എല്ലാമുണ്ടായിരുന്നു: ക്രിക്കറ്റ് ബാറ്റുകള്‍, സ്‌കേറ്റ്‌സ്, ഫുട്‌ബോള്‍, നല്ല വിദ്യാഭ്യാസം അങ്ങനെയെല്ലാം. അതേസമയം, എന്റെ അമ്മയെയും അച്ഛനെയും കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. മിഡില്‍ സ്‌കൂളില്‍ പാരന്റ് ടീച്ചര്‍ മീറ്റിങ്ങുകളില്‍ എന്റെ ക്ലാസിലെ കുട്ടികളുടെയെല്ലാം അച്ഛനോ അമ്മയോ അവര്‍ക്കടുത്തുവന്നിരിക്കും. എന്റെയടുത്ത് അങ്ങനെയാരും ഉണ്ടായിരുന്നില്ല. ഈ കാലത്താണ് ഞാനെന്റെ ചേച്ചിയോട് നമ്മുടെ അമ്മയെയും അച്ഛനെയും കുറിച്ചു ചോദിച്ചത്. ചേച്ചി അന്നാണ് ഭോപ്പാല്‍ വിഷവാതക ദുരന്തത്തെക്കുറിച്ചും അന്ന് രാത്രിയില്‍ സംഭവിച്ചതെന്താണെന്നും എന്നോട് പറയുന്നത്. അതുവരെയും ഒരു ഓര്‍ഫനേജിലാണ് ഞാന്‍ വളരുന്നതെന്ന് എനിക്ക് മുഴുവനായും മനസ്സിലായിരുന്നില്ല, ഓര്‍ഫനേജ് എന്ന വാക്കിന്റെ അര്‍ത്ഥവും അറിയുമായിരുന്നില്ല.
നമ്മുടെ കുടുംബത്തില്‍ നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമായിരുന്നു. നമ്മുടെ അച്ഛന്‍ മരപ്പണിക്കാരനായിരുന്നു, വീട്ടിലെ ഏറ്റവും ചെറിയ അംഗം ഞാനായിരുന്നു. അമ്മയ്ക്കും അച്ഛനുമൊപ്പം നമുക്ക് മൂന്ന് സഹോദരിമാരെയും രണ്ട് സഹോദരന്മാരെയും ആ രാത്രിയില്‍ നഷ്ടപ്പെട്ടു. ഞാന്‍ ചേച്ചിയോട് ചോദിച്ചു, ‘നമ്മളെങ്ങനെയാണ് അതിജീവിച്ചത്?’ എന്നെ അവളൊരു ബ്ലാങ്കറ്റിൽ പൊതിഞ്ഞു, സുനിലിനോടൊപ്പം ഓടി. ഓടിക്കൊണ്ടിരിക്കെ സുനിലിന് ബാത്ത്‌റൂമില്‍ പോകേണ്ടിവന്നു, സുനില്‍ ബോധമറ്റ് വീണു. തെരുവുകളില്‍ എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു, എന്റെ ചേച്ചി ആള്‍ത്തിരക്കിനൊപ്പം തന്നെ തള്ളി നീങ്ങപ്പെട്ടു. സുനില്‍ തിരിച്ചുവരുന്നതുവരെ അവള്‍ക്ക് കാത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല.
തൊട്ടടുത്ത ദിവസം രാവിലെ തെരുവില്‍ നിന്നും മരിച്ചവരുടെ ശരീരങ്ങളെടുക്കുവാന്‍ ആളുകള്‍ വന്നപ്പോള്‍ അവര്‍ സുനിലിനെയും കണ്ടു. സുനിലും മരിച്ചുവെന്ന് അവര്‍ കരുതി. മറ്റ് മൃതശരീരങ്ങള്‍ക്കൊപ്പം അവര്‍ സുനിലിനെയും ട്രക്കിനകത്തേക്കിട്ടു, മൃതശരീരങ്ങള്‍ പുഴയിലേക്കെറിയാന്‍ വേണ്ടിയായിരുന്നു അവര്‍ ട്രക്കിലെടുത്തുകൊണ്ടുപോയത്. മരണസംഖ്യ പറ്റാവുന്നത്രയും കുറച്ചുകാണിക്കാന്‍ വേണ്ടിയാണിത്. ഭോപ്പാലില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരെ നര്‍മ്മദ നദിയിലേക്ക് എടുത്തെറിയാന്‍ പോയപ്പോള്‍ സുനില്‍ പറഞ്ഞു, ‘ ഞാന്‍ മരിച്ചിട്ടില്ല’. സുനിലിനെ എടുത്തെറിയാനൊരുങ്ങിയവര്‍ അവരോട് സംസാരിക്കുന്നത് ഒരു മൃതശരീരമാണെന്ന് പേടിച്ചു.
മമ്തയും സുനിലും എന്നെ വളര്‍ത്തി, എനിക്ക് എല്ലാമുണ്ടെന്ന് ഉറപ്പുവരുത്തി. അവര്‍ എനിക്ക് രക്ഷിതാക്കളെപ്പോലെയാണ്. എന്നെ പഠിപ്പിക്കുന്നതിന് പണം വേണ്ടിവന്നപ്പോള്‍ ചില ചാരിറ്റി സംഘടനകള്‍ ട്യൂഷന്‍ ഫീസ് നല്‍കാന്‍ സഹായിച്ചു. അങ്ങനെ ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞു. 1997ല്‍ സുനിലിന് പാരനോയിഡ് സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ വന്നുതുടങ്ങി. ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത്രയധികം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് കാരണമുള്ള മാനസികാഘാതമാണ് കാരണമെന്നാണ്. സുനില്‍ പല തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഒരിക്കല്‍ എലി വിഷം കഴിച്ചു. ഒരിക്കല്‍ തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ഒരിക്കല്‍ കാട്ടിലേക്ക് ഓടിക്കയറി, അതിനകത്തുവെച്ച് മരിക്കാമെന്ന പ്രതീക്ഷയില്‍. ഓരോ തവണയും പരാജയപ്പെട്ടു.
2006ല്‍ ഈ ശ്രമം വിജയിച്ചു, സുനില്‍ തൂങ്ങിമരിച്ചു. ഇപ്പോള്‍ മമ്തയും ഞാനും മാത്രം. പത്തുപേരുണ്ടായിരുന്ന ഒരു കുടുംബത്തില്‍ നിന്നും ദുരന്തത്തെ അതിജീവിച്ച രണ്ട് പേര്‍.
മമ്ത ലക്‌നൗവില്‍ അവരുടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്, ഞാന്‍ ഭോപ്പാലില്‍ തനിച്ചും. കടുത്ത തലവേദനയും കണ്ണുകള്‍ക്ക് പ്രശ്‌നങ്ങളുമുണ്ടാകാറുണ്ടെന്ന് മമ്ത ഇടക്കിടെ പറയാറുണ്ട്.
മുപ്പത് വര്‍ഷങ്ങളാകാറായി. ഭോപ്പാലിലെ ജനങ്ങള്‍ ഇപ്പോഴും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയാണ്. ദുരന്തം കുറേ മനുഷ്യരുടെ ജീവനെടുത്തു, ഇപ്പോഴും മനുഷ്യര്‍ അതുകാരണം മരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ഫാക്റ്ററി ഇപ്പോഴും നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാക്കിക്കൊണ്ടിരിക്കുന്നു. കുട്ടിയായിരിക്കെ, ഭോപ്പാലിന്റെ തെരുവുകളില്‍ പല പ്രായങ്ങളിലുള്ള ആളുകള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുന്നത് കണ്ടിട്ടാണ് ഞാന്‍ ഈ ദുരന്തത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്.


2004ല്‍ ഗ്രീന്‍പീസ് എന്നെ പാരീസിലേക്ക് അയച്ചു, ഡൗ കെമിക്കല്‍ കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാരുടെ മീറ്റിങ് നടക്കുന്നതിന് പുറത്ത് ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി. 2004ല്‍ ഞാന്‍ ഈ പ്രചാരണത്തിന്റെ ഭാഗമായത് എന്റെ സഹോദരനും ഇതിന്റെ ഭാഗമായിരുന്നതുകൊണ്ട് തന്നെയാണ്. സംഭവിച്ചതിനെ കുറിച്ചുള്ള മാനസികാഘാതത്തിനും വിഷാദത്തിനും കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി മരിക്കുന്നതു തന്നെയാണ്.
2005ല്‍ എനിക്ക് സ്‌ട്രോക്ക് വന്നു. എല്ലാ ദിവസവും ആസ്പിരിന്‍ കഴിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം യുഎസില്‍ വെച്ച് ശ്വാസകോശത്തിലും ചോര കട്ടകെട്ടുകയുണ്ടായി (പള്‍മണറി എംബോളിസം). ഇപ്പോള്‍ ഞാന്‍ ആസ്പിരിന്‍ എടുക്കുന്നില്ല, കാരണം ചോര നേര്‍പ്പിക്കുന്നതിനുള്ള വാര്‍ഫാരിന്‍ എന്ന മരുന്ന് 7.5 എംജി ഞാന്‍ കഴിക്കാന്‍ തുടങ്ങി, വാര്‍ഫാരിന്‍ എലി വിഷത്തിലും ഉപയോഗിക്കുന്നതാണ്.
2008ല്‍ ന്യൂ ഡല്‍ഹിയില്‍ 21 ദിവസം വെള്ളം മാത്രം കുടിച്ച് നിരാഹാര സമരം നടത്തിയ ഭോപ്പാല്‍ ദുരന്ത അതിജീവിതരില്‍ ഒരാള്‍ ഞാനാണ്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഭോപ്പാല്‍ പ്രശ്‌നം പരിശോധിക്കുന്നതിനായി ഒരു എംപവേഡ് കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ആ സമരത്തിലൂടെ. ദുരിതബാധിതരായ ജനങ്ങള്‍ക്ക് നല്ല വെള്ളം വിതരണം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇവിടെയുള്ളവര്‍ മലിനജലമുപയോഗിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നല്ല വെള്ളവും ആവശ്യമായ ആരോഗ്യപരിചരണവും ആവശ്യപ്പെട്ടുകൊണ്ട് ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്ക് രണ്ട് കാല്‍നട യാത്രകള്‍ നടത്തേണ്ടി വന്നു ഭോപ്പാലുകാർക്ക്. അവസാനം പ്രധാനമന്ത്രി നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, സംസ്ഥാന സര്‍ക്കാരിന് ഫണ്ട് നല്‍കി. പുതിയ പൈപ് ലൈനുകള്‍ സ്ഥാപിക്കപ്പെട്ടു, അതോടെ ദുരിത ബാധിതരായ എല്ലാവര്‍ക്കും നല്ല വെള്ളം കിട്ടിത്തുടങ്ങി.
എന്റെ മനുഷ്യര്‍ അനുഭവിച്ചതിനൊന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് യുഎസിലേക്ക് രക്ഷപ്പെട്ട വാറൻ ആൻഡേഴ്സൺ ശിക്ഷിക്കപ്പെടാതെ മരിച്ചുപോകുകയും ചെയ്തുവെന്നതില്‍ ഞങ്ങള്‍ക്ക് വലിയ വേദനയുണ്ട്. ദുരന്തത്തിന് ഉത്തരവാദികളായവരിൽ ഒരാള്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ ആണ്. ഇന്ത്യയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ ഗവണ്മെന്റും യുഎസ് ഗവണ്മെന്റും (ഇന്ത്യയിലേക്ക് നാടുകടത്താത്തതിന്) ഒരു പോലെ ഉത്തരവാദികളായിരുന്നു.
ഭോപ്പാല്‍ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം എന്നെങ്കിലും കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല, അവര്‍ക്ക് നഷ്ടപ്പെട്ടതിനും അവരനുഭവിച്ച വേദനയ്ക്കും പണം പകരമാകുകയില്ല. പക്ഷേ, അവര്‍ക്ക് സ്വാഭിമാനവും ആരോഗ്യവുമുള്ള ഒരു ജീവിതമുണ്ടാകണമെങ്കില്‍ സാമ്പത്തികമായ നഷ്ടപരിഹാരം ആവശ്യമാണ്. ഈ ദേഷ്യവും അമര്‍ഷവും ഈ ഭൂമിയിലുള്ള എല്ലാവര്‍ക്കും തോന്നണം. മുപ്പത് വര്‍ഷം കഴിയുമ്പോഴും ഭോപ്പാലിലെ ജനങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. ഒരുതരത്തില്‍ മുഴുവന്‍ ലോകവും ഒരു ഭോപ്പാലായി മാറിക്കഴിഞ്ഞുവെന്ന് ഞങ്ങള്‍ ഭോപ്പാലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു: ചുറ്റും നോക്കിയാല്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ഒരുത്തരവാദിത്തവുമില്ലാതെ ബിസിനസ് നടത്തുവാന്‍ കഴിയുന്നു, ലോകത്തെ വിഷപ്പെടുത്തിക്കൊണ്ട്, മനുഷ്യർക്ക് മേൽ ലാഭങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്. ഭോപ്പാലിന് നീതി കിട്ടിയാല്‍ മുഴുവന്‍ ലോകത്തിനുമുള്ള നീതിയായിരിക്കും അത്. അങ്ങനെയെങ്കില്‍ അതൊരു മാതൃകയായി മാറും, ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കോര്‍പ്പറേറ്റുകളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.
(സഞ്ജയ് വെർമ, 2014/ അൽ ജസീറ ഇംഗ്ലീഷ്. പരിഭാഷ: മൃദുല ഭവാനി)

