വിഭജനത്തിലും ഭിന്നിപ്പിക്കപ്പെടാത്ത കരുതലുകളുടെ കഥകൾ

ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തെ രൂപപ്പെടുത്തിയ അടിസ്ഥാനമൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സഹവർത്തിത്വം എന്നീ ആദർശങ്ങൾ ദുർബലമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച ഇന്ത്യാ വിഭജനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട വിടവുകൾ ഇന്നും രാജ്യത്തെ വേട്ടയാടുന്നുണ്ട്. പത്ത് ലക്ഷത്തോളം പേർ കൊല്ലപ്പെട്ട, ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്ന ഇന്ത്യാ വിഭജനത്തിന്റെ ദുരിതങ്ങൾ മറവിയിൽ നിന്നും മാഞ്ഞുപോകാൻ പ്രയാസമാണ്. ഇത്രമാത്രം കണ്ണുനീരിൽ ചാലിച്ചെടുത്ത രാഷ്ട്ര രൂപീകരണത്തിന്റെ കഥ ഒരു ദേശരാഷ്ട്രത്തിനും പറയാനുണ്ടാവില്ല. കാലത്തിന് ഒരിക്കലും ഉണക്കിക്കളയാൻ കഴിയാത്ത ആഴത്തിലുള്ള മുറിവുകളാണ് വിഭജനം സൃഷ്ടിച്ചത്. അതിന്റെ നീറുന്ന ഓർമ്മകൾ തലമുറകളായി ഇന്നും കൈമാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. അധികാരം അർദ്ധരാത്രിയിൽ കൈമാറുന്നതിന് മുമ്പ് തന്നെ അരാജകത്വവും അനിശ്ചിതത്വവും രാജ്യത്തിന്റെ മുക്കുമൂലകളിൽ അരങ്ങേറി. വിഭജനത്തോടെ കുത്തിയൊലിച്ച ചോരച്ചാലുകൾ, കബന്ധങ്ങൾ ഒഴുകിയ ഉത്തരേന്ത്യൻ നദികൾ, തെരുവിൽ പിച്ചിചീന്തപ്പെട്ട പെൺകുട്ടികൾ, ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ അനാഥരാവേണ്ടി വന്ന ബാല്യങ്ങൾ… പ്രിയപ്പെട്ടവർ മുന്നിൽ കൊല്ലപ്പെടുന്നത് എത്രയോ മനുഷ്യർക്ക് കണ്ടുനിൽക്കേണ്ടി വന്നു. മനുഷ്യരാണെന്ന ബോധം നഷ്ടപ്പെട്ട് അന്യോന്യം കൊന്നും കൊലവിളിച്ചും അട്ടഹാസങ്ങൾ തീർത്ത രാപ്പകലുകളായിരുന്നു അത്. തകർന്ന സ്വപ്നങ്ങളും വരണ്ടുണങ്ങിയ കണ്ണീരുമായി ശൂന്യതയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു ജനസമൂഹം. ഡൽഹിയിലും അമൃതസറിലും പതിനായിരങ്ങൾ ഓടകളിലും ഗോതമ്പ് പാടങ്ങളിലും മരിച്ചുവീണു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും ആളുകൾ കൂട്ടം കൂട്ടമായി പലായനം ചെയ്തുകൊണ്ടിരുന്നു. എത്രയോ മനുഷ്യർ അവരുടെ കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വേർപെടുത്തപ്പെട്ടു. ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ സമ്പാദ്യങ്ങളത്രയും കൈയ്യൊഴിഞ്ഞ് ഓടിപ്പോകേണ്ടി വന്ന ജനലക്ഷങ്ങൾ. ലക്ഷ്യങ്ങളില്ലാത്തിടത്തേക്ക് ആളുകൾ നീണ്ടനിരയായി കുടിയൊഴിഞ്ഞുപോയി. കൈയ്യിലെടുക്കാനോ, തലയിലേറ്റാനോ അവർക്കൊന്നുമുണ്ടായിരുന്നില്ല. ജീവനെങ്കിലും നിലനിർത്താനുള്ള കൊതി അവരെ എന്ത് സാഹസത്തിനും സന്നദ്ധരാക്കി. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകുന്ന നേരം പ്രായമുള്ളവർ അവർക്ക് ബാധ്യതയായി. രക്തദാഹികൾ പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്നത് നിസ്സംഗതയോടെ അവർക്ക് നോക്കി നിൽക്കേണ്ടി വന്നു. സ്വാതന്ത്യത്തിന് മുമ്പോ ശേഷമോ സമാനമായ ഒരു ദുരന്തത്തിന് രാജ്യം ഒരിക്കലും സാക്ഷ്യം വഹിച്ചിരുന്നില്ല.

ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ച് ഒന്നുമറിയാത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ റാഡ്ക്ലിഫ് രണ്ട് നാൾ ഹെലികോപ്റ്ററിൽ ആകാശ സഞ്ചാരം നടത്തിയാണ് രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരു മഷിയടയാളമിട്ടത്. ആ അടയാളം കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ തീക്കനൽ കോരിയിട്ടു. അയൽക്കാരും കുടുംബങ്ങളും രണ്ട് രാജ്യക്കാരായി. ഒരു ബെഞ്ചിലിരുന്ന് പഠനം നടത്തിയ സഹപാടികൾ ഒരു ദിവസം കൊണ്ട് വിരുദ്ധ ദേശക്കാരായി. കോടിക്കണക്കിന് മനുഷ്യരുടെ വിധി നിർണ്ണയിക്കുന്ന ഈ വര വരക്കുമ്പോൾ റാഡ്ക്ലിഫിന്റെ കൈകൾവിറച്ചിരുന്നില്ല, ഹൃദയം വിങ്ങിയിരുന്നില്ല. പതിനായിരക്കണക്കിന് ഹിന്ദുക്കളുടേയും മുസ്ലിംകളുടേയും സിക്കുകാരുടേയും ചങ്കിലൂടെ റാഡ്ക്ലിഫ് ലൈൻ കടന്നുപോയി.

വിഭജന കാലത്തെ മുസ്ലീം അഭയാർത്ഥികൾ കോളറ ബാധിച്ച് ആശുപത്രിയിൽ. കടപ്പാട്:life.com

വിഭജനത്തിന്റെ മുറിപ്പാടുകൾ രണ്ട് രാജ്യത്തേയും എഴുത്തുകാർ പിൽക്കാലത്ത് പുസ്തകങ്ങളാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ എത്രയോ രചനകൾ വിഭജനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലും പുറത്തിറങ്ങുകയുണ്ടായി. എന്നാൽ മാധ്യമ പ്രവർത്തകനും പാർലമെന്റ് അംഗവുമായ രാജീവ് ശുക്ലയുടെ Scars Of 1947: Real Partition Stories മറ്റ് പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമാവുകയാണ്. വിഭജനത്തിന്റെ കെട്ട നാളുകൾക്കിടയിലെ സ്നേഹത്തിന്റെ ചില വർത്തമാനങ്ങളാണ് ശുക്ല ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. വിഭജന കാലത്ത് സ്ത്രീകളും പുരുഷൻമാരും കുട്ടികളും അനുഭവിക്കേണ്ടി വന്ന തുല്യതയില്ലാത്ത യാതനകൾക്കിടയിലും ചരിത്രത്തിലിടം പിടിക്കേണ്ട കുറേ മനുഷ്യരുടെ അതിശയപ്പെടുത്തുന്ന ചില ചേർത്തുപിടിക്കലുകളാണ് ഇതിലെ പ്രതിപാദ്യം. വിഭജനത്തിന്റെ ഇരുൾ വീണ രാപ്പകലുകളിൽ മതഭ്രാന്ത് മാറി നിന്ന് മനുഷ്യത്വം പുറത്തെടുത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ കരുതലിന്റെ കഥയാണിത്. തങ്ങളുടെ ജീവിതം അത്യപകടത്തിലായിരിക്കുമ്പോഴും മറ്റ് മതത്തിൽ പെട്ട സഹോദരങ്ങളെ ചങ്കിലെ ചോര കൊടുത്തും സംരക്ഷിച്ച് നിർത്തിയ നന്മ മരങ്ങളുടെ അനുഭവങ്ങൾ എത്ര മനോഹരമായാണ് ഇതിൽ കോറിയിട്ടിരിക്കുന്നത്.

സ്കാർസ് ഓഫ് 1947, കവർ

കുടിയേറ്റ ഭൂമിയിൽ തങ്ങൾക്ക് കിട്ടിയ അന്യന്റെ വീട്ടിൽ അന്യരെപ്പോലെത്തന്നെ അവർ താമസിച്ചു. പ്രാർത്ഥിക്കാൻ ആരുമില്ലാതെ അനാഥമായി കിടന്നിട്ടും ഓടിപ്പോയവരുടെ ആരാധനാലയങ്ങൾ അവർ സംരക്ഷിച്ച് നിർത്തി. അതിൽ ഹിന്ദുവും മുസ്ലിമും സിക്കുമുണ്ട്. വെട്ടിമുറിക്കപ്പെട്ട രാജ്യത്തിന്റെ ഇന്നലകളിലൂടെയുള്ള യാത്രയിൽ കണ്ട ചില നുറുങ്ങുവെട്ടങ്ങൾ ഒട്ടും ചായം ചേർക്കാതെ ശുക്ല പകർത്തിയിരിക്കുന്നു. പിറന്ന മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട് മറ്റൊരു ദേശത്ത് ജീവിതം നയിക്കുമ്പോഴും ഗൃഹാതുരത്വം അവരിൽ അള്ളിപിടിച്ചിരിക്കുന്നു. ജീവിതത്തിന്റെ നവതി കഴിഞ്ഞിട്ടും ഒരു വട്ടം കൂടി പിറന്ന മണ്ണും ജീവിച്ച നാടും കാണാൻ അവർക്ക് കൊതിയുണ്ട്. അത് ഇനി സാധ്യമല്ലെന്നറിയുമ്പോൾ ആ നാട്ടിലെ ഒരു പിടി മണ്ണെങ്കിലും മരിക്കുന്നതിനു മുമ്പ് കിട്ടണമെന്ന് അവർ ആഗഹിക്കുന്നു. വിഭജനം കണ്ടറിഞ്ഞവരുടെ തീക്ഷ്ണമായ അനുഭവങ്ങളാണ് സ്കാർസ് ഓഫ് 1947 ന്റെ ഓരോ താളും വിളിച്ചുപറയുന്നത്. അതോടൊപ്പം, വിഭജനത്തോടെ ജന്മനാട് നഷ്ടപ്പെട്ട രാജ്യത്തെ കുറേ പ്രമുഖരുടെ കുടുംബത്തിനുണ്ടായ അനുഭവങ്ങളും ഇതിൽ വിവരിക്കുന്നു. ഐ.കെ ഗുജ്റാൾ, ഷാരൂഖാൻ, ഇംതിയാസ് ഹുമയൂൺ, കുൽദീപ് നയ്യാർ, മദൻലാൽ ഖുറാന, മൻമോഹൻ സിംഗ് തുടങ്ങിയവരുടെ വേരുകളും നാൽപ്പത്തിയേഴിൽ അവരുടെ കുടുംബം അനുഭവിച്ച തീക്ഷ്ണമായ പരീക്ഷണങ്ങളും വിശദമായി വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. വിഭജനത്തിന് എതിര് നിൽക്കുകയും ഇന്ത്യയെ അതിരറ്റ് സ്നേഹിക്കുകയും ചെയ്ത അനേകം മുസ്ലിംകൾക്ക് പോലും പാക്കിസ്ഥാനിലേക്ക് കടന്നുചെല്ലേണ്ട സാഹചര്യങ്ങളുണ്ടായതിന്റെ നാൾവഴികളും പലയിടത്തായി രേഖപ്പെടുത്തിയിരിക്കുന്നു. പാക്കിസ്ഥാനിൽ ജീവിക്കുമ്പോഴും ജനിച്ചുവീണ ഇന്ത്യൻ മണ്ണ് അവർ പവിത്രമായി കാണുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ പോലും ആ മുസ്ലിംകൾ ഇന്ത്യയോട് കൂറ് കാണിക്കുന്നു. ഇന്ത്യ തോൽക്കുമ്പോൾ അവർ വിതുമ്പുകയും ജയിക്കുമ്പോൾ ആവേശപ്പെടുകയും ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും പട്ടണങ്ങളും ഗോതമ്പ് പാടങ്ങളും ഇന്നുമവരുടെ ഓർമ്മകളുടെ ലോകത്ത് സജീവമാണ്. അവരുടെ സൗഹൃദങ്ങൾക്കും ശീലങ്ങൾക്കും മാറ്റമേതുമുണ്ടായില്ല. അവരുടെ മണ്ണുമായി വീണ്ടുമൊരിക്കൽ കൂടി യോജിക്കാനുളള ഒടുക്കത്തെ ആഗ്രഹങ്ങളുമായാണ് ഓരോ മനുഷ്യനും പരദേശത്ത് കഴിഞ്ഞുകൂടുന്നത്. ഭൂതകാലത്തിന്റെ കണ്ണികൾ പൊട്ടി പോകാതിരിക്കാൻ അവർ ബോധപൂർവ്വം ശ്രമം നടത്തുന്നു.

രാജീവ് ശുക്ല

തനിക്ക് പരിചയമുള്ള ചില മനുഷ്യരുടെ നേരനുഭവങ്ങൾ പകർത്തുമ്പോൾ രാജീവ് ശുക്ല ഒരിക്കൽ പോലും പക്ഷം ചേരുന്നില്ല. ഭ്രാന്തെടുത്ത ഒരു പറ്റം മനുഷ്യർ മനുഷ്യരെ കൊന്നുതള്ളുന്നതിനിടയിൽ പെറുക്കിയെടുത്ത കുറേ നല്ല മനുഷ്യരുടെ ചരിത്രം കൂടിയാണ് സ്കാർസ് ഓഫ് 1947. ഇതിന്റെ ആമുഖത്തിൽ പ്രിയങ്കാ ഗാന്ധി പറയുന്നു. It is essential for stories of love and friendship to be told in order to remind the world of its own humanity. Especially at times like thrones we live in,the simplicity of Rajeev Shukla’s writing is refreshing. രാജ്യാതിർത്തികൾക്കുള്ളിൽ നിസ്സഹായാരിപ്പോയ ഒരു കൂട്ടം ആളുകൾ അനുഭവിക്കേണ്ടി വന്ന വെന്ത ജീവിതത്തിനിടയിൽ നിന്ന് പെറുക്കിയെടുക്കുന്ന ഇത്തരം ചരിത്രക്കുറിപ്പുകൾ കാലം ആവശ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങൾക്കിടയിൽ ആരും കേൾക്കാതെ പോയ ചില നുറുങ്ങുകളാണിത്. മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കുകയും ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം ഒരു ലഹരി പോലെ പടരുകയും ചെയ്യുന്ന ഈ കെട്ടകാലത്ത് ഇതുപോലെയുള്ള പുസ്തകങ്ങൾ ഒരാശ്വാസമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read