Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കഴിഞ്ഞ മൂന്ന് വർഷം എസ്.സി-എസ്.ടി ഫണ്ട് ചെലവഴിക്കാതെ പോയത് 1717 കോടിയെന്ന് അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട്. 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിൽ വകുപ്പിന് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് പോലും പൂർണമായി ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ് അക്കൗണ്ടന്റ് ജനറൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് മുറവിളി ഉയർത്തുന്നതിനിടയിലാണ് 2022-2025 കാലത്ത് ലഭിച്ച ഫണ്ട് ചെലവഴിക്കാൻ വകുപ്പിന് കഴിയാതെ പോയത്. ഇത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്. ഓഡിറ്റിന് വിധേയമായ കാലയളവിൽ എസ്.സി-എസ്.ടി വകുപ്പിൽ ആന്തരിക ഓഡിറ്റ് നടത്തിയിട്ടില്ല, അതുപോലെ സെക്രട്ടേറിയറ്റ് തലത്തിൽ വകുപ്പിന് ഒരു ആന്തരിക ഓഡിറ്റ് വിഭാഗം ഉണ്ടായിരുന്നില്ല.
മൂന്ന് വർഷം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചത് 582.24 കോടി രൂപയാണ് (2022-23ൽ 243.85, 2023-24 ൽ 135.57, 2024-25ൽ 202.81). അതിൽ ചെലവഴിച്ചത് 354.02 കോടിയാണ്. ഇക്കാലത്ത് പ്ലാൻ ഫണ്ട് 6191.63 കോടി രൂപ അനുവദിച്ചിരുന്നു (2022-23ൽ 1932.64, 2023-24 ൽ 1750.46, 2024-25ൽ 2508.53). ഇതിൽ ചെലവഴിച്ചത് 4734.91 കോടിയാണ്. നോൺപ്ലാൻ വിഭാഗത്തിൽ അനുവദിച്ചത് ആകെ 893.45 കോടി രൂപയാണ് (2022-23ൽ 275.73, 2023-24 ൽ 330.52, 2024-25ൽ 287.20). ഇതിൽ ചെലവഴിച്ചതാകട്ടെ 860.53 കോടിയാണ്. പട്ടികജാതി വകുപ്പിനു കീഴിലുള്ള ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ ഫണ്ട് പൂർണമായി വിനിയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.


പട്ടികജാതി ഉപപദ്ധതി (എസ്.സി-എസ്.ടി)ക്ക് അനുവദിച്ച് ഫണ്ടിലും വലിയ തുക ചെലവഴിച്ചിട്ടില്ല. എസ്.സി.എസ്.പിക്ക് കീഴിലുള്ള ഫണ്ടുകൾ ഉപയോഗിക്കാതിരിക്കൽ 2006 ലെ ചട്ടം 5.8 ൽ പുറപ്പെടുവിച്ച കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ച്, പട്ടികജാതി/പട്ടികവർഗ ഉപപദ്ധതി പ്രകാരം അനുവദിക്കുന്ന ഫണ്ടുകൾ, വഴിതിരിച്ചുവിടുകയോ പാഴാക്കുകയോ ചെയ്യാതെ ഫലപ്രദമായി വിനിയോഗിക്കണം. അങ്ങനെ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക-സാമ്പത്തിക വികസനത്തിലെ വിടവ് നികത്താൻ സാധിക്കുമെന്നും നിർദേശം നൽകി.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫണ്ടുകൾ വകുപ്പ് സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് ചെലവഴിക്കേണ്ടത്. അദ്ദേഹം ഫണ്ട് ചെലവഴിക്കുന്നതിെന്റ നോഡൽ ഓഫീസറാണ്. ജില്ല ഓഫീസുകൾക്ക് ഈ ഫണ്ട് അനുവദിക്കുന്നതിന് അദ്ദേഹം ഉത്തരവാദിയായിരിക്കും. ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗത്തിനായി മറ്റ് വകുപ്പുകൾ എസ്.സി-എസ്.ടി വകുപ്പുമായി സഹകരിക്കണമെന്നായിരുന്നു നിർദേശം. പട്ടികജാതി വകുപ്പിന് കീഴിലുള്ള ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ ഫണ്ട് പൂർണ്ണമായി വിനിയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി.
2023-2025 കാലത്തെ ഫയലുകൾ പരിശോധിച്ചതിൽ ഏതാണ്ട് 1702 കോടി രൂപയാണ് ചെലവഴിക്കാതെ പോയത്. ഫണ്ട് വിനിയോഗിക്കാതിരിക്കുന്നത് പദ്ധതിയുടെ നിലവിലുള്ള മാർഗനിർദേശങ്ങളുടെ ലംഘനമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനാണ് പ്രത്യേക വകുപ്പ് രൂപീകരിച്ചത്. സംസ്ഥാന പദ്ധതികളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ പട്ടിക വിഭാഗ സമൂഹങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക വികസനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പട്ടികജാതി ഡയറക്ടറേറ്റ്, പട്ടികവർഗ ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ, സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, കിർത്താഡ്സ്, കണ്ണൂർ ആറളം ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ്, ആദിവാസി പുനരധിവാസ മിഷൻ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് (ഗവൺമെന്റ് മെഡിക്കൽ കോളേജ്) എന്നിവയാണ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.


ജില്ലാതലത്തിൽ വകുപ്പിന്റെ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും പട്ടികജാതി, പട്ടികവർഗ വികസന ഓഫീസുകളുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നഴ്‌സറി സ്‌കൂളുകൾ, പ്രീ എക്‌സാമിനേഷൻ പരിശീലന കേന്ദ്രങ്ങൾ, സിവിൽ സർവീസ് പരീക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും വകുപ്പ് നടത്തുന്നു. എ.സി/എസ്.ടി സമുദായത്തിൽപ്പെട്ട യുവാക്കൾക്കായി പ്രീ-മെട്രിക് ഹോസ്റ്റലുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും പ്രവർത്തിക്കുന്നു. ഇവിടെയല്ലാം നടപ്പാക്കേണ്ട പദ്ധതികളുടെ പണമാണ് നഷ്ടപ്പെട്ടത്.
ഉന്നതി വിദേശ പഠനത്തിനുള്ള സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് യഥാസമയം വിതരണം ചെയ്യുന്നതിലെ കാലതാമസം നേരിട്ടുവെന്നും പരിശോധനയിൽ കണ്ടെത്തി. വിദേശ സർവകലാശാലകളിലെ കോളേജുകളിൽ പ്രവേശനത്തിന് ആവശ്യമായ തുക നൽകുന്നതിൽ വകുപ്പ് കാലതാമസം വരുത്തി. അതുവഴി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എ.സി/എസ്.ടി വകുപ്പ്, 2017ൽ രൂപീകരിച്ചിരുന്നു. ഇതനുസരിച്ചാണ് വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്.
പഠനത്തിൽ മികവുറ്റവരായ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് അവർക്ക് വിശാലമായ അറിവ് നേടാനും അവരുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് വകുപ്പ് വിലയിരുത്തിയത്. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചതിന് ശേഷം, പ്രമുഖ വിദേശ സർവകലാശാലകളിൽ ബിരുദാനന്തര പഠനത്തിന് സ്‌കോളർഷിപ്പിന് അർഹതയുണ്ടെങ്കിൽ വകുപ്പ് അത് നൽകണം.


പദ്ധതിയുടെ ചട്ടങ്ങൾ 2023-ൽ പരിഷ്‌കരിച്ചിരുന്നു. ഇതിൽ വകുപ്പ് സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇവർ പ്രത്യേക നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ഈ പദ്ധതി നടപ്പിലാക്കുന്നതിൽ ബന്ധപ്പെട്ട ഡയറക്ടർമാർക്ക് വിദഗ്ദ്ധ ഉപദേശവും, സേവനവും നൽകുമെന്നുമായിരുന്നു തീരുമാനം. എന്നാൽ, പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളുടെ സൂക്ഷ്മപരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി.
കോഴിക്കോട് എൻ.ഐ.ടി.യിലെ മികച്ച പൂർവ്വ വിദ്യാർത്ഥിയായ അശ്വിൻ പി. സത്യൻ യു.കെയിലെ ഹൾ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിക്കുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷിച്ചു. 25 ലക്ഷം രൂപയും സ്‌കോളർഷിപ്പും അനുവദിച്ചു. പ്രവേശനത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. യൂണിവേഴ്‌സിറ്റിയുടെ എല്ലാ ആവശ്യകതകളും നിറവേറ്റിയതിനാൽ, 2025 ജൂലൈ 24 ന് അദ്ദേഹത്തിന് പ്രവേശനത്തിനുള്ള ഉപാധികളില്ലാത്ത ഓഫർ ലെറ്റർ ലഭിച്ചു. ഡയറക്ടറേറ്റിൽ നിന്ന് 2025 ജൂലൈ 28ന് സാമ്പത്തിക ഗ്യാരണ്ടി ലെറ്റർ സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായി, ഫീസ് അടയ്ക്കുന്നതിനായി യൂണിവേഴ്‌സിറ്റി നേരിട്ട് ഡയറക്ടറേറ്റിന് ഒരു മെയിൽ അയച്ചു. ഏജൻസിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നും ഫീസ് അടയ്ക്കുന്നതിനായി ഫണ്ട് കൈമാറിയെന്നും ഡയറക്ടറേറ്റ് അദ്ദേഹത്തെ അറിയിച്ചു.
എന്നാൽ, ഒ.ഡി.ഇ.പി.സി.യുടെ കീഴിലുള്ള റിക്രൂട്ട്മെന്റ് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ, സർവകലാശാലയ്ക്ക് 4,000 പൗണ്ട് (ഡെപ്പോസിറ്റ്) അടയ്ക്കുന്നതിന് 6,00 പൗണ്ട് കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ഒ.ഡി.ഇ.പി.സി.ക്ക് നൽകാത്തതിനാൽ, അവർ ഫീസ് അടച്ചില്ല. ഫീസ് അടയ്ക്കാത്തതിനാലും പ്രവേശനം സംബന്ധിച്ച അദ്ദേഹത്തിന്റെ സ്‌പോൺസർ (എ.സി/എസ്.ടി വകുപ്പ്) സർവകലാശാല അധികൃതരെ അറിയിക്കാത്തതിനാലും പഠനത്തിന് അദ്ദേഹം യോഗ്യനല്ലെന്ന് സർവകലാശാല അറിയിച്ചു.
അങ്ങനെ, റിക്രൂട്ടിംഗ് ഏജൻസിയുടെയും ഒ.ഡി.ഇ.പി.സിയുടെയും ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടി കാരണം, അദ്ദേഹത്തിന് 2025 സെപ്റ്റംബറിലെ പ്രവേശനം നഷ്ടപ്പെട്ടു. തുടർന്ന് അപേക്ഷകൻ എ.സി/എസ്.ടി വകുപ്പിനോട് 2025 സെപ്റ്റംബറിൽ തന്നെ പ്രവേശനം ഉറപ്പാക്കാൻ സർവകലാശാലയോട് പ്രത്യേക അഭ്യർത്ഥന നൽകണമെന്ന് അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ സർക്കാർ ഉത്തരവിലെ ഈ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്ന് റിപ്പോർട്ടിൽ അടിവരയിട്ട് ചൂണ്ടിക്കാട്ടി.

