ഗോവയിൽ നടക്കുന്ന അൻപത്തിയഞ്ചാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ബയോപിക് സിനിമ. വൈവിധ്യമാർന്ന സിനിമാ സംസ്കാരവും, പാരമ്പര്യവും നിലനിൽക്കുന്ന ഇന്ത്യയെ പോലെയൊരു രാജ്യത്തിന്റെ ഔദ്യോഗിക ഫിലിം ഫെസ്റ്റിവലിൽ എന്തുകൊണ്ടാണ് ഹിന്ദു മഹാസഭാ നേതാവിന്റെ ജീവചരിത്രം പറയുന്ന ഒരു പ്രൊപ്പഗണ്ട സിനിമയ്ക്ക് സ്ഥാനം കിട്ടുന്നത്? ഹിന്ദുത്വ ഫാസിസം രാജ്യത്തിന്റെ സകലമേഖലകളിലേക്കും വ്യാപിക്കുന്നതിന് തെളിവായി മാറുന്നു ഐ.എഫ്.എഫ്.ഐയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ. ഐ.എഫ്.എഫ്.ഐയുടെ കഴിഞ്ഞ കുറച്ച് വർഷത്തെ ചരിത്രം പരിശോധിച്ചാൽ കൃത്യമായ അജണ്ടകളോട് കൂടിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത് എന്ന് കാണാൻ കഴിയും. കശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി, ആർ.ആർ.ആർ, മാളികപ്പുറം, ദി വാക്സിൻ വാർ, മാണ്ഡലി തുടങ്ങി ഹിന്ദുത്വ- വലതുപക്ഷ പ്രൊപ്പഗണ്ട സിനിമകൾക്ക് അവസരം കൊടുക്കുന്ന, ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ്-മുഖ്യധാരാ സിനിമകൾ മാത്രമാണെന്ന് അടിവരയിടുന്ന ഒന്നായി ഐ.എഫ്.എഫ്.ഐ മാറിയിരിക്കുന്നു.
ഇന്ത്യൻ ദേശീയതയെന്നാൽ ഹിന്ദു ദേശീയതയായിരിക്കണമെന്ന് വാദിച്ച, ഹിന്ദു രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്ര രൂപീകരണത്തിനായി തന്റെ ജീവിതം മാറ്റിവെച്ച വിനായക് ദാമോദർ സവർക്കർ എന്ന വ്യക്തിയെ കുറച്ച് കാലങ്ങളായി ഗാന്ധിയോടൊപ്പമോ അതിന് മുകളിലോ പ്രതിഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ആർ.എസ്.എസും ബി.ജെ.പിയും. അവർക്ക് സവർക്കർ ഒരു സ്വാതന്ത്ര്യസമര സേനാനിയും ബ്രിട്ടീഷുകാരോട് സധൈര്യം പോരാടിയ വ്യക്തിത്വവുമാണ്. എന്നാൽ സവർക്കറുടെ മാപ്പപേക്ഷകളുടെയും വർഗീയതയുടെയും ചരിത്രമറിയുന്നവർ സംഘപരിവാറിന്റെ ഈ വാദം ഒരിക്കലും വിലയ്ക്കെടുത്തിരുന്നില്ല. അത്തരത്തിൽ ചരിത്രം തള്ളിക്കളഞ്ഞ ഒരു വ്യക്തിയെ സിനിമ എന്ന ജനകീയ മാധ്യമത്തിലൂടെ തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് സംഘപരിവാർ ഇപ്പോൾ നടത്തുന്നത്. ഐ.എഫ്.എഫ്.ഐ പോലെ അന്താരാഷ്ട പ്രശസ്തമായ ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായെത്തുന്ന സവർക്കർ നാളെ ഇന്ത്യയുടെ ‘രാഷ്ട്രപിതാവായി’ അവരോധിക്കപ്പെട്ടാലും അത്ഭുതമില്ല.
രൺദീപ് ഹൂഡയും സവർക്കറും
ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ നിർബന്ധിക്കുന്നുവെന്ന കാരണത്താലാണ് ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിൽ നിന്നും സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന മഹേഷ് മഞ്ജരേക്കർക്ക് പിന്മാറേണ്ടി വന്നത്. അതിന് ശേഷമാണ് സവർക്കറായി വേഷമിട്ടിരുന്ന രൺദീപ് ഹൂഡ തന്നെ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുക്കുന്നത്. സിനിമയുടെ നിർമ്മാണത്തിന്റെ മുഖ്യ പങ്കും രൺദീപ് ഹൂഡയുടേത് തന്നെയായിരുന്നു. എന്നാൽ തിയേറ്ററിൽ തകർന്നടിഞ്ഞ ചിത്രം നിരൂപകർക്കിടയിലും വലിയ വിമർശനമാണ് നേരിട്ടത്. ആ സമയത്ത് തന്നെ ചിത്രം സവർക്കറെ മഹത്വവത്കരിക്കാൻ എടുത്തതാണെന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ, അച്ഛന്റെ സ്വത്തുക്കൾ വിറ്റാണ് താൻ സിനിമയെടുത്തതെന്നും, എന്നിട്ട് പോലും ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പറഞ്ഞ് രൺദീപ് ഹൂഡ ‘കണ്ണീരൊഴുക്കിയിരുന്നു’. ഗാന്ധിയെ പ്രതിസ്ഥാനത്ത് നിർത്താനും, സവർക്കറെ മഹത്വവത്കരിക്കുന്നതിനും രാജ്യത്തിന്റെ ഒരു പ്രതീകമായി ഉയർത്തികൊണ്ടുവരാനുമുള്ള വികല ശ്രമവും ചിത്രത്തിലൂടെ രൺദീപ് ഹൂഡ നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രൊപ്പഗണ്ട സിനിമയാണ് ഐ.എഫ്.എഫ്.ഐ പോലെയുള്ള ഇന്ത്യയുടെ ‘അഭിമാനമായിരുന്ന’ ഒരു ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി എത്തിയിരിക്കുന്നത്. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി ചെയർമാനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. സ്വതന്ത്ര വീർ സവർക്കർ അടക്കം 25 സിനിമകളാണ് ഇത്തവണ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.
ജൂറി ചെയർമാനായ ചന്ദ്രപ്രകാശ് ദ്വിവേദി ഹിന്ദുത്വയെ ഉദ്ഘോഷിക്കുന്ന സിനിമകളും ടെലി സീരിയലുകളും സംവിധാനം ചെയ്തിരുന്ന വ്യക്തിയാണ്. ചാണക്യ, മൃത്യുഞ്ജയ്, ഏക് ഔർ മഹാഭാരത്, ഉപനിഷത്ത് ഗംഗ തുടങ്ങിയ സീരിയലുകളുടെ സംവിധായകനും രാം സേതു, ഒ.എം.ജി 2 എന്നീ സിനിമകളുടെ നിർമ്മാതാവുമാണ് ചന്ദ്രപ്രകാശ് ദ്വിവേദി. സിനിമ എന്ന ഏറ്റവും ജനകീയമായ ഒരു മാധ്യമത്തെ വലതുപക്ഷവത്കരിക്കുക എന്ന അജണ്ട കാലങ്ങളായി എല്ലാ ഫാസിസ്റ്റ് ശക്തികളും ഉപയോഗപ്പെടുത്തുന്ന ഒന്നാണെന്ന് കാണാൻ കഴിയും. അതിന്റെ തുടർച്ച തന്നെയാണ് ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത്. രാമനെ ഇന്ത്യയുടെ പൊതു ബിംബമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൺപതുകളുടെ അവസാനം മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലൂടെ രാമായണം സീരിയൽ ടെലികാസ്റ്റ് ചെയ്തുതുടങ്ങുന്നത്. ഇതിന്റെ അനുരണനമെന്നോണമാണ് മുസ്ലീം വിരുദ്ധത എന്നത് ഹിന്ദുത്വയുടെ പ്രധാന പ്രചാരണ ആയുധമായി മാറുന്നതും 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് കർസേവകരാൽ തകർക്കപ്പെടുന്നതും. കോവിഡ് കാലത്ത് ഇതേ ദൂരദർശനിലൂടെ തന്നെ രാമായണം വീണ്ടും ടെലികാസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ അയോദ്ധ്യയിലെ രാംലല്ല പ്രാണപ്രതിഷ്ഠാ ദിനത്തിലും അതിന്റെ ചടങ്ങുകൾ ലൈവ് ടെലികാസ്റ്റ് ചെയ്തത് ദൂരദർശനിലൂടെയായിരുന്നു. എല്ലാ ദൃശ്യ സാധ്യതകളേയും ഹിന്ദുത്വയ്ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമമാണ് ഈ രീതിയിൽ കാലങ്ങളായി സംഘപരിവാർ നടത്തുന്നത്. ഐ.എഫ്.എഫ്.ഐയിലെ ഇടപെടലുകൾ അതിന്റെ ഒരു തുടർച്ച മാത്രമാണ്. ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി പൊതുമേഖലാ സ്ഥാപനങ്ങൾ ഉപയോഗിക്കപ്പെടുന്നതിനുള്ള മറ്റൊരു ഉദാഹരണം കൂടിയായി മാറുന്നു ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (NFDC) സഹായത്തോടെ സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.ഐ.
പ്രൊപ്പഗണ്ട സിനിമകളും ഫിലിം ഫെസ്റ്റിവലും
തൊണ്ണൂറുകളിൽ കശ്മീരിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമെന്ന പേരിലാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീർ ഫയൽസ്’ എന്ന ചിത്രം എത്തുന്നത്. കൃത്യമായി മുസ്ലീം വിദ്വേഷവും ഹിന്ദുത്വ പ്രൊപ്പഗണ്ടയും മാത്രം പറയുന്ന സിനിമയായിട്ടും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ഇന്ത്യയിൽ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സിനിമ കാണാൻ വേണ്ടി ആഹ്വാനം ചെയ്യുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതി ഇളവ് നൽകിയും ചിത്രം കാണാൻ അവധി നൽകിയും സർക്കാർ സംവിധാനങ്ങൾ പ്രൊപ്പഗണ്ടയ്ക്ക് പരവതാനി വിരിച്ചു. ആ വർഷം മികച്ച ദേശീയോദ്ഗ്രഥന ഫീച്ചർ ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നൽകിയാണ് ഇന്ത്യൻ ഭരണകൂടം ചിത്രത്തെ പ്രകീർത്തിച്ചത്. അൻപത്തിമൂന്നാമത് ഐ.എഫ്.എഫ്.ഐയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ജൂറി ചെയർമാനായ ഇസ്രേയലി സംവിധായകൻ നാദവ് ലാപിഡ് വലിയ വിമർശനമാണ് ചിത്രത്തിനെതിരെ നടത്തിയത്. “അന്താരാഷ്‌ട്ര മൽസര വിഭാഗത്തിലുണ്ടായിരുന്ന പതിനഞ്ച് സിനിമകളിൽ പതിനാലും സിനിമാറ്റിക് ക്വാളിറ്റി പ്രകടിപ്പിച്ചവയും ജൂറിയുടെ ഗഹനമായ ചർച്ചകൾക്ക് പാത്രമാവുകയും ചെയ്‌തവയായിരുന്നു. പക്ഷേ, പതിനഞ്ചാമത്തെ ചിത്രമായ കശ്‌മീർ ഫയൽസ് ജൂറി അംഗങ്ങളിലെല്ലാം തന്നെ ഞെട്ടലും അസ്വസ്ഥതയും ഉളവാക്കി. ഇതുപോലൊരു അഭിമാനകരമായ മേളയിലെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത വൾഗർ, പ്രൊപ്പഗാണ്ട ഫിലിം ആയിരുന്നു കശ്മീർ ഫയൽസ്” എന്നാണ് നാദവ് ലാപിഡ് പറഞ്ഞത്. ജൂറി ചെയർമാന്റെ ഈ തുറന്നുപറച്ചിലിനെതിരെ വലിയ വിമർശനമാണ് സംഘപരിവാർ അനുകൂലികളിൽനിന്നുമുണ്ടായത്.
തൊട്ടടുത്ത വർഷമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ ഐ.എഫ്.എഫ്.ഐയിൽ എത്തുന്നത്. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നും കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐഎസിൽ എത്തിച്ചെന്നുമാണ് ചിത്രത്തിലൂടെ സുദീപ്തോ സെൻ പറയുന്നത്. കേരളത്തിന്റെ മതേതരത്വത്തെയും സാമൂഹിക ഐക്യത്തെയും ഉന്നംവെച്ചുള്ള സിനിമ ഇവിടെ വിജയിച്ചില്ലെങ്കിലും കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേയ്ക്ക്’ എന്നായിരുന്നു ചിത്രത്തിന്റെ പ്രധാന ടാഗ് ലൈൻ. ഐ.എസിൽ നിന്നും രക്ഷപ്പെട്ട് യു.എൻ ക്യാമ്പിലെത്തിയ ശാലിനി ഉണ്ണികൃഷ്ണൻ എന്ന യുവതിയുടെ തുറന്നുപറച്ചിലിലാണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിൽ ഉൾപ്പെടെ അണിയറപ്രവർത്തകർ പറഞ്ഞ 32,000 എന്ന കണക്ക് സിനിമ റിലീസ് ആയപ്പോഴേക്കും മൂന്ന് എന്നായി ചുരുങ്ങി. ഹിന്ദുത്വവാദികളെയും അരാഷ്ട്രീയവാദികളെയും ലക്ഷ്യംവെച്ച് പുറത്തിറങ്ങിയ ഈ ചിത്രം എന്താണ് ഒരു പ്രൊപ്പഗണ്ട സിനിമ എന്നതിന് കൃത്യമായ ഉദാഹരണമാണ്.
‘കേരള സ്റ്റോറി’ ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള അർച്ചന, ശ്രീനാഥ് എന്നീ രണ്ട് ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയിലെടുത്തതും മേളയിൽ നിന്നും ആജീവനാന്ത വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ‘എന്തുകൊണ്ട് കേരള സ്റ്റോറി കാണരുത്’ എന്ന ലഘുലേഖ വിതരണം ചെയ്യുകയും ചിത്രത്തിനെതിരെയുള്ള ഒരു മീം പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തതിനാണ് ഈ രണ്ട് മലയാളികളെ കസ്റ്റഡിയിലെടുത്തത്. അത് മാത്രമായിരുന്നു ചലച്ചിത്രമേളയിൽ ആകെയുണ്ടായ പ്രതിഷേധം. ഐ.എഫ്.എഫ്.ഐ വേദി ഒരിക്കലും പ്രതിഷേധത്തിനോ തുറന്ന ചർച്ചയ്ക്കോ മറ്റോ സാധ്യതയുള്ള ഒരു ഇടമല്ല എന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ഡെലിഗേറ്റുകളും അന്ന് കേരളീയത്തോട് പ്രതികരിച്ചത്.
സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കളായ കുമരം ഭീമിന്റെയും അല്ലൂരി സീതരാമ രാജുവിന്റെയും ജീവിതത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് എസ്.എസ് രാജമൗലി ആർ.ആർ.ആർ എന്ന ചിത്രമൊരുക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിന്നും വ്യതിചലിച്ച് രാമയണവുമായി ബന്ധപ്പെടുത്തിയാണ് സിനിമയുടെ കഥാപരിസരം രൂപപ്പെടുത്തിയിരിക്കുന്നത്. ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഐ.എഫ്.എഫ്.ഐ വേദികളിൽ രാമന്റെയും മറ്റും ഫ്ലക്സ് ബോർഡുകൾ ഉയർന്നതും ഇതിനോട് അനുബന്ധിച്ചാണ്. ഉത്തരേന്ത്യയിലെ ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകളുടെ ചുവടുപിടിച്ച് മലയാളത്തിലും പ്രൊപ്പഗണ്ട സിനിമകളുടെ ഒരു ധാര സമീപകാലത്ത് പിറവിയെടുക്കുകയുണ്ടായി. മുമ്പും മലയാളത്തിൽ പ്രിയദർശൻ, ടി. ദാമോദരൻ, ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വ അജണ്ടകൾ പറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യക്ഷമായി തന്നെ പ്രൊപ്പഗണ്ട പറയാൻ ധൈര്യം വന്നത് ഒരുപക്ഷേ കേന്ദ്ര സർക്കാർ ഇത്തരം സിനിമകളോട് കാണിക്കുന്ന മൃദുസമീപനം മുന്നിൽ കണ്ടുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ കേരളത്തിൽ നിന്നുള്ള ഒരു പ്രൊപ്പഗണ്ട സിനിമയായിരുന്നു ശബരിമല യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം.’ കഴിഞ്ഞ വർഷത്തെ ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച മാളികപ്പുറം, ഹിന്ദുത്വ പ്രൊപ്പഗണ്ട പിൻപറ്റുന്നതുകൊണ്ട് മാത്രമാണ് അവിടെ കയറിപ്പറ്റിയത്. ഇത്തരത്തിൽ യാതൊരു യോഗ്യതകൾ ഇല്ലാതിരുന്നിട്ടും നിരവധി പ്രൊപ്പഗണ്ട സിനിമകൾ മേളയിലെത്തുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവർക്കർ മേളയിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയാലും ഇനി അത്ഭുതപ്പെടാനൊന്നുമില്ല. ബോളിവുഡ്- മുഖ്യധാര-പ്രൊപ്പഗണ്ട എന്നതാണ് ഇപ്പോൾ മേളയുടെ സമവാക്യം. സിനിമ സംബന്ധമായ ചർച്ചകളിലും, മേളയിലെ റെഡ് കാർപെറ്റുകളിലും ബോളിവുഡ് താരങ്ങളുടെ കുത്തൊഴുക്ക് കാണാൻ സാധിക്കും. അൻപതാമത് ഐ.എഫ്.എഫ്.ഐ വേദിയിലെ സംവാദത്തിനിടെയാണ് തപ്സി പന്നുവിനോട് ഇംഗ്ലീഷിൽ സംസാരിക്കരുതെന്നും ഹിന്ദിയിൽ മാത്രം സംസാരിച്ചാൽ മതിയെന്നും കാണികളിൽ നിന്നും ഒരാൾ പറയുന്നത്. എന്നാൽ താനൊരു പാൻ ഇന്ത്യൻ നടിയാണ്, എല്ലാവർക്കും ഹിന്ദി മനസിലാവില്ല എന്ന മറുപടി മാത്രമാണ് തപ്സി അതിന് നൽകിയത്. ഇത്തരത്തിൽ തീവ്ര ദേശീയതയിലൂന്നിയ ചിന്താഗതിക്കാരുടെ, സാധാരണക്കാരായ സിനിമാ സ്നേഹികൾക്ക് ഇടമില്ലാത്ത ഒരു വേദിയായി മാത്രം ചുരുങ്ങുകയാണ് ഒരുപാട് വർഷത്തെ പാരമ്പര്യവും ചരിത്രവുമുള്ള ഐ.എഫ്.എഫ്.ഐ.
രൺബിർ കപൂറിനെയും സായ് പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വരും മേളകളിലൊന്നിൽ നിതീഷ് തിവാരിയുടെ രാമായണ ആയിരിക്കും ഉദ്ഘാടന ചിത്രം. സവർക്കറുടെ ജീവിതം പറയുന്ന സിനിമ ഉദ്ഘാടന ചിത്രമായത് കേവലമൊരു യാദൃശ്ചികത മാത്രമല്ല, കാലങ്ങളായി ഫാസിസ്റ്റുകൾ പണിയെടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പൂർത്തികരണത്തിലേക്കുള്ള ചെറിയ ചില ചുവടുകൾ മാത്രമാണ്. ഭാവിയിൽ, ഇന്ത്യൻ സിനിമയെന്നാൽ ഇത്തരം പ്രൊപ്പഗണ്ട-മുഖ്യധാരാ സിനിമകൾ മാത്രമാണെന്ന തോന്നലിൽ ലോക സിനിമ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന കാലം വിദൂരമല്ല. രാമനും അർജുനനും സവർക്കറും കാവിയും മുസ്ലീം വിരുദ്ധതയും ഇന്ത്യൻ സിനിമയുടെ പൊതുമുഖമായി മാറുമ്പോൾ ഒട്ടേറെ മികച്ച സിനിമകളെ കൂടിയാണ് ഇവർ കൊന്നുകളയുന്നത്.