ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ ദേശീയവാദികൾ

പരാജയപ്പെടുത്താനാകില്ല എന്ന പരിവേഷം ഒറ്റ നിമിഷത്തിൽ തകർന്നുവീണു.

ബന്ദികളാക്കപ്പെട്ട ഇസ്രായേലി കമാൻഡോകളും സൈനികരും; ഗാസയെ ആവരണം ചെയ്തിരുക്കുന്ന ഇസ്രായേൽ വേലിക്ക് മുകളിലൂടെ പാരാഗ്ലൈഡ് ചെയ്യുന്ന ഹമാസ് പോരാളികൾ; പലസ്തീൻ യോദ്ധാക്കൾ ഇനിയും വരുമെന്ന ഭയത്താൽ മരുഭൂമിയിലെ സം​ഗീതവിരുന്നിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ഇസ്രായേലികൾ; 1948 ന് ശേഷം ആദ്യമായി പലസ്തീനികൾ അവരുടെ കുടുംബങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും കടക്കുന്നു – ഈ ദൃശ്യങ്ങളെല്ലാം നടുക്കത്തിന്റെയും അമ്പരപ്പിന്റെയും അടയാളങ്ങൾ അവശേഷിപ്പിച്ചു.

ഇതേപറ്റിയുള്ള ചിന്തകളും സംവാദങ്ങളും ഊഹാപോഹങ്ങളുമായി ടെലിവിഷൻ അവതാരകർ സജീവമായി. എന്നാൽ ഒരു കാര്യം ഉറപ്പാണ്; തിരക്കഥ മാറിമറിഞ്ഞിരിക്കുന്നു.

സുരക്ഷാപിഴവിന്റെ വ്യാപ്തിയും ​യുദ്ധമുഖത്തെ സാഹചര്യവും ഉൾപ്പെടെ വാരന്ത്യത്തിലുണ്ടായ സംഭവങ്ങൾ വിലയിരുത്താൻ ലോകം ശ്രമിക്കുമ്പോൾ, ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദികൾ ഒരു ഓൺലൈൻ പ്രചാരണം ആരംഭിച്ചു: ഇസ്രായേലിനുള്ള ശക്തമായ പിന്തുണ പ്രകടിപ്പിക്കൽ.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദ് ന​ഗരം വൃത്തിയാക്കുന്ന ‌മുനിസിപ്പൽ തൊഴിലാളി. കടപ്പാട്: റോയിട്ടേഴ്‌സ്

അധിനിവേശ ഭരണകൂടത്തിനെതിരെ ഹമാസ് ആക്രമണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നരേന്ദ്ര മോദി സർക്കാർ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളും പ്രഭാതഭക്ഷണം കഴിക്കുന്നതിനും മുൻപ്, ‘ഇസ്രായേലിലെ ഭീകരാക്രമണങ്ങളിൽ’ ഞെട്ടൽ പ്രകടിപ്പിച്ച് മോദി പ്രസ്താവന ഇറക്കി. “ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്,” ‌എന്ന് മോദി എക്‌സിൽ കുറിച്ചു. മോദിയുടെ പ്രതികരണം ഇസ്രായേൽ, പലസ്തീൻ വിഷയത്തിൽ നാളിതുവരെ ഇന്ത്യ പാലിച്ചിരുന്ന നിഷ്പക്ഷ നിലപാടിന് കടകവിരുദ്ധമായിരുന്നുവെന്ന് മാത്രമല്ല, ഇത് ​ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സമീപനത്തിൽ നിന്നും വ്യത്യസ്തവുമാണ്. ​

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മോദി എക്‌സിൽ പങ്കുവെച്ചത്.

പലസ്തീനികളെ തുടച്ചുനീക്കുന്നതിന് ഇസ്രായേലിനുള്ള മോദിയുടെ പിന്തുണ ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) നിരവധി നേതാക്കളും അംഗങ്ങളും അനുഭാവികളും ഉടനടി ആവർത്തിച്ചു. അവരുടെ പ്രതികരണങ്ങൾ ക്രൂരവും അസംബന്ധവും സ്ഥിരതയില്ലാത്തതുമായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ മുൻ കേണലായിരുന്ന ഇപ്പോൾ ഒരു റിന്യൂവബിൾ എനർജി കമ്പനിയുടെ അവാർഡ് നേടിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഇസ്രായേലിനോട് ആവശ്യപ്പെട്ടത് ഹമാസിനോട് “ദയയോ, കരുണയോ, പശ്ചാത്താപമോ” കാണിക്കരുതെന്നാണ്. “രാഷ്ട്രീയ പ്രേരിത തീവ്രചിന്താ​ഗതിക്കെതിരെ നമ്മൾ നിലകൊണ്ടില്ലെങ്കിൽ ഇസ്രായേൽ ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യം ഇന്ത്യ അഭിമുഖീകരിച്ചേക്കാം”എന്നാണ് കർണാടക നിയമസഭയിലെ ഒരു ബി.ജെ.പി അംഗം സമൂഹമാധ്യമമായ എകസിൽ കുറിച്ചത്. “ഹമാസ്, ലഷ്കർ, ഐ.എസ്‌.ഐ ഇതെല്ലാം ഒരേ ചിന്തയിൽ നിന്നുള്ളവരാണ്. അവർ തീവ്രവാദികളാണ്. ലോകം ഇസ്രായേലിനൊപ്പം ഐക്യദാർഡ്യത്തോടെ നിൽ​ക്കണം- #SolidarityWithIsrael.” പാകിസ്ഥാൻ സായുധ ഗ്രൂപ്പായ ലഷ്‌കർ ഇ തൊയ്ബയെയും പാക് രഹസ്യാന്വേഷണ ഏജൻസിയെയും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ചിലർ ഹമാസ് പോരാളികൾ ഇസ്രായേലികളെ തലയറുത്ത് കൊന്നുവെന്ന് ആരോപിക്കുന്ന ഒരു ദൃശ്യം പങ്കിട്ടു: അതിലൊരാൾ ഇങ്ങനെ കുറിച്ചു “അവർ മനുഷ്യരല്ല, അവരുടെ വിശ്വാസം അവരെ മൃഗങ്ങളേക്കാൾ മോശമാക്കുന്നു. ‘മതേതര-ലിബറലുകൾ’ എന്ന് വിളിക്കപ്പെടുന്നവർ ഈ പന്നികളെ പിന്തുണയ്ക്കുന്നുണ്ടോ?” ആ ദൃശ്യങ്ങൾ 2016-ൽ സിറിയയിൽ നിന്നുള്ളതാണെന്ന് പിന്നീട് കണ്ടെത്തി. സമൂഹ മാധ്യമമായ എക്സിൽ ഇപ്പോഴും സജീവമായ ആ ദൃശ്യങ്ങൾ രണ്ട് ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ചിലർ പലസ്തീനിയൻ ചെറുത്തുനിൽപ്പിനെ 1990-ൽ കാശ്മീരിൽ ഇന്ത്യക്കെതിരെ ഉണ്ടായ തീവ്രവാദവുമായി താരതമ്യം ചെയ്യുകയും അതിനായി കശ്മീരിൽ ഹിന്ദുക്കൾ വംശഹത്യ അനുഭവിച്ചുവെന്ന പൊളിഞ്ഞുപോയ വലതുപക്ഷ ഹിന്ദുത്വ സിദ്ധാന്തം പ്രയോഗിക്കുകയും ചെയ്തു. ചിലർ, ജ്വലിക്കുന്ന മേഘങ്ങൾക്കരികിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈകൾ സമാശ്വസിപ്പിക്കുന്ന തരത്തിൽ മോദി പിടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും, ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചു.

പലസ്തീനിയൻ ചെറുത്തുനിൽപ്പിനെ കാശ്മീരിൽ ഇന്ത്യക്കെതിരെ ഉണ്ടായ തീവ്രവാദവുമായി താരതമ്യം ചെയ്തുകൊണ്ട് എക്സിൽ പങ്കുവെക്കപ്പെട്ട പോസ്റ്റ്

‘ഇന്ത്യ ഇസ്രായേലിനൊപ്പമാണ്’

ഇന്ത്യ നൽകിയ പിന്തുണയുടെ ബാഹുല്യവും തങ്ങൾക്ക് സഹായകരമാകുന്ന കള്ള പ്രചരണങ്ങളും ഇസ്രായേൽ ശ്രദ്ധിക്കാതെയിരുന്നില്ല. ഓൺലൈനിൽ നടക്കുന്ന വാക് പോരിൽ ഇന്ത്യയുടെ ഈ ശ്രമങ്ങൾ ഇസ്രായേലിന് ഗുണകരമായിരുന്നു, ഇസ്രായേലിന്റെ ഔദ്യോഗിക എകസ് പേജിൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായ ‘ഇന്ത്യ ഈസ് വിത്ത് ഇസ്രായേൽ’ എന്നതിന്റെ സ്‌ക്രീൻ ഷോർട്ട് പങ്കിട്ടുകൊണ്ട് ഇന്ത്യയുടെ ഉദാരമായ പിന്തുണക്ക് ഇസ്രയേൽ നന്ദി അറിയിക്കുകയും ചെയ്തു.

ഇസ്രായേലിനെ യുദ്ധത്തിൽ സഹായിക്കാനായി നിരവധി ഇന്ത്യക്കാർ സന്നദ്ധരാകുന്ന ആവേശം കാണുമ്പോൾ താനും ആവേശഭരിതനാകുന്നു എന്നാണ് ന്യൂ ഡൽഹിയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ ഞായറാഴ്ച പറഞ്ഞത്. (തങ്ങളുടെ പോരാട്ടത്തിൽ ഇസ്രയേലിന് മറ്റുള്ളവരെ ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു).

ഇന്ത്യക്ക് നന്ദി അറിയിച്ചുകൊണ്ട് ഇസ്രയേൽ എക്സിൽ പങ്കുവെച്ച പോസ്റ്റ്

ഇന്ത്യ ഇസ്രായേലിന് നൽകുന്ന തീവ്ര പിന്തുണയുടെ ഇത്തരം പ്രകടനങ്ങൾ തീർച്ചയായും പുതിയ പ്രവണതയല്ല. 2021 മെയ് മാസത്തിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ, 60ലധികം കുട്ടികൾ ഉൾപ്പെടെ 250ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ആയിരത്തലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോഴും ഇന്ത്യയിലെ ആയിരക്കണക്കിന് വലതുപക്ഷ ചിന്താ​ഗതിക്കാർ സമൂഹ മാധ്യമങ്ങളിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ കാലത്ത്, #SupportIsrael, #IndiaWithIsrael, #IndiaStandsWithIsrael, #IsraelUnderFire, #PalestineTerrorists തുടങ്ങിയ ഹാഷ്‌ടാഗുകൾ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായിരുന്നു.1992-ൽ ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യ സൗഹാർദപരമാക്കിയത് മുതൽ ടെൽ അവീവും ന്യൂഡൽഹിയും തമ്മിലുള്ള സൈനിക ഇടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ. 9/11 ന് ശേഷം, സുരക്ഷാ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ഇന്ത്യ പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിൽ നിന്ന് വാങ്ങുന്നുമുണ്ട്. എന്നാൽ, അത്രയൊന്നും സൗഹാർദപരമല്ലാതിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിന്നും ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്തായി മാറിയത് മോദി ഭരണത്തിന് കീഴിലാണ്. 2014-ൽ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയെ ഒരു ഹിന്ദു ദേശരാഷ്ട്രമാക്കി മാറ്റുന്നതിന് വേണ്ടി അനുകരിക്കാവുന്ന ഒരു നേതാവായി മോദി നോക്കി കണ്ടത് നെതന്യാഹുവിനെയാണ്; ഒരു സൈനിക മേധാവിത്വ, വംശീയദേശവാദ രാഷ്ട്രത്തിന്റെ ലജ്ജയില്ലാത്ത തലവനെ.

സാമ്പത്തിക താല്പര്യങ്ങൾ

2017-ൽ, ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ആ സന്ദർശനത്തിൽ സൈബർ സുരക്ഷ, ആയുധ നിർമ്മാണം, കൃഷി, ജല മാനേജ്മെന്റ് എന്നിവയിൽ ഇരു രാജ്യങ്ങളും ഒരു തന്ത്രപരമായ ചങ്ങാത്തം സ്ഥാപിച്ചു. 2015 നും 2019 നും ഇടയിൽ, ഇന്ത്യയിലേക്കുള്ള ഇസ്രായേൽ ആയുധ കയറ്റുമതി 175 ശതമാനം വർദ്ധിച്ചത് ഇസ്രായേലി ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി ഇന്ത്യയെ മാറ്റി. അടുത്തിടെ സ്ഥാപിതമായ പശ്ചിമേഷ്യ ക്വാഡിന്റെ (ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ) ആഭിമുഖ്യത്തിൽ, മധ്യപൂർവ്വേഷ്യയിൽ ഇസ്രായേലിനെ സമന്വയിപ്പിക്കാൻ സഹായിക്കുന്നതിലും ചൈനയെ എതിർക്കുന്നതിൽ വാഷിംഗ്ടണിനെ പിന്തുണയ്ക്കുന്നതിനും ഇന്ത്യ മുൻകൈ എടുത്തു.

നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം. കടപ്പാട്:thestatesman

ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഇന്ത്യൻ കമ്പനിയായ അദാനി പോർട് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെയും ഉടമസ്ഥതയിലാകുന്നത്, എബ്രഹാം ഉടമ്പടിയുടെയും വാഷിംഗ്ടണിന്റെ ചൈനാ വിരുദ്ധ നിലപാടുകളുടെയും സുപ്രധാന ഘടകമാണെന്നിരിക്കെ ഇസ്രായേലിന് ഇന്ത്യ നൽകുന്ന പിന്തുണ കേവലം വാചകകസർത്തല്ല. ന്യൂഡൽഹിയുടെ ഇപ്പോഴത്തെ സാമ്പത്തിക കാഴ്ചപ്പാടിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഒരു ബദൽ വിതരണ ശൃംഖലയായി മാറുകയെന്നത് ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യ-ഇസ്രായേൽ സർക്കാരുകൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധുത്വ വികാരം ഓൺലൈനിൽ പെരുപ്പിച്ചു കാണിക്കുന്നതിനും, മതപരമായ സംഭവങ്ങളും രാഷ്ട്രീയ നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യങ്ങളിൽ തമ്മിൽ ആഴത്തിൽ സാംസ്കാരിക നിക്ഷേപമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിനും വേണ്ടി കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. നിരവധി പുതിയ സംരംഭങ്ങളും പരിപാടികളും ഇതിനെ പിന്തുണക്കുന്നതിനായുണ്ട്. മുംബൈയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചേരികളിലും ഇസ്രായേലി സന്നദ്ധപ്രവർത്തകരുള്ള ഇസ്രായേൽ എൻ‌.ജി‌ഒ.കൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്കായുള്ള സാങ്കേതിക വിനിമയ പരിപാടികൾ എന്ന് വിളിക്കപ്പെടുന്ന ഡസൻ കണക്കിന് കാർഷിക കേന്ദ്രങ്ങളും ഇസ്രായേൽ തുടങ്ങിയിട്ടുണ്ട്, എന്നാൽ ഇതിന് ഇസ്രായേൽ സൈന്യവുമായി സ്ഥിര ബന്ധമുണ്ട്.
ഇസ്രായേൽ ആയുധ നിർമ്മാതാക്കൾ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് സെമി ഓട്ടോമാറ്റിക് ആയുധങ്ങളും ഡ്രോണുകളും നിർമ്മിക്കുന്നുമുണ്ട്.

മാറുന്ന മുഖം

അതേസമയം, സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ മുമ്പെങ്ങുമില്ലാത്തവിധം ഇസ്രായേലിലേക്ക് പോകുന്നത് ജനങ്ങൾക്കിടയിൽ ഇസ്രായേലിന്റെ പ്രതിച്ഛായ മാറ്റുന്നുണ്ട്. “പല ഇന്ത്യക്കാർക്കും ഇസ്രായേലിനെ അറിയുന്നത് മുഖ്യധാരാ മാധ്യമങ്ങളിലൂടെ മാത്രമാണ്- മാധ്യമങ്ങളാകട്ടെ യുദ്ധങ്ങൾ മാത്രമാണ് കാണിച്ചത്. 2017 ൽ ഞങ്ങളുടെ ക്യാമ്പയിൻ ആരംഭിച്ചപ്പോൾ, ഇന്ത്യക്കാർ ടൂറിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കാൻ തുടങ്ങി. അതവരുടെ കണ്ണ് തുറപ്പിച്ചു. എല്ലാത്തിനുമുപരി, ഇസ്രായേൽ എന്നാൽ വിശുദ്ധ ഭൂമിയാണ്. സംഘർഷം മാത്രമല്ല, ഇവിടെ വിനോദവും ആളുകളും ചരിത്രവുമുണ്ട്.” ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ 2018-ൽ Haaretz എന്ന ഇസ്രായേൽ മാധ്യമത്തോട് പറഞ്ഞതാണ്.

പരിചാരകർ, ഐ.ടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ, വിദ്യാർത്ഥികളുൾപ്പടെ ഇന്ന് ഇസ്രായേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരുണ്ട്. ഇന്ത്യൻ വംശജരായ 85,000 ജൂതന്മാരും ഇസ്രായേലിലുണ്ട്. വർദ്ധിച്ചുവരുന്ന സ്കോളർഷിപ്പുകളും അവസരങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളെ ഇസ്രായേലിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. 2018 ൽ നെതന്യാഹു ഇന്ത്യ സന്ദർശിച്ചപ്പോൾ, ബോളിവുഡ് താരങ്ങളെ കാണുകയും ടെൽ അവീവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുമെന്ന് സിനിമാ വ്യവസായം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനിയൻ ‘ഭീകരവാദികളോട്’ പോരാടുന്ന ഒരു വരേണ്യ ഇസ്രായേൽ തീവ്രവാദ വിരുദ്ധ സംഘടനയെക്കുറിച്ചുള്ള ഹിറ്റ് ടെലിവിഷൻ ഷോയായ Fauda ഇന്ത്യയിലും വിജയിച്ചതിന് തെളിവാണ് ഒരു ഇന്ത്യൻ നിർമ്മാണ കമ്പനി Tanaav എന്ന പേരിൽ കശ്മീരിലെ ‘ഭീകരവാദികളോട്’ പോരാടുന്ന ഇന്ത്യൻ തീവ്രവാദ വിരുദ്ധ യൂണിറ്റ് എന്ന രീതിയിൽ അതിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിച്ചത്.

Fauda യിലെ അഭിനേതാവ് Tsahi Halevi അഭിനയിച്ച പുതിയ ബോളിവുഡ് ചിത്രമായ Akelli യും മുസ്ലീം ‘തീവ്രവാദ’ത്തെ ചുറ്റിപ്പറ്റിയാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭരണത്തിൻ കീഴിലുള്ള ഒരു മുസ്ലീം രാജ്യത്ത് ഒരു ഇന്ത്യൻ യുവതി അകപ്പെടുന്നതും അവരെ രക്ഷപ്പെടുത്തുന്നതും ദുരാ​ഗ്രഹിയും ലൈം​ഗിക വൈകൃതവുമുള്ള മുസ്ലീം പുരുഷ തീവ്രവാദി ട്രൂപ്പെന്ന ആശയത്തെ ഒരിക്കൽ കൂടി ശക്തിപ്പെടുത്തുന്നു.

അനുകരിക്കാനുള്ള ഒരു രാജ്യമായി ഇസ്രയേലിനെ ഇന്ത്യക്കാർ നോക്കിക്കാണുതായി താൻ വിശ്വസിക്കുന്നുവെന്നാണ് ന്യൂഡൽഹിയിലെ മുൻ ഇസ്രായേലി നയതന്ത്രജ്ഞൻ ഹോദയ അവ്സാദ പറയുന്നത്. “ഇന്ത്യക്കാർ ഇസ്രായേലിനെ ഗുണനിലവാരത്തിന്റെ ഒരു വ്യാപാരമുദ്രയായാണ് കാണുന്നത്, ഞങ്ങളെ പലതരത്തിൽ അവർ നോക്കിക്കാണുന്നു”, ഈ വർഷം ആദ്യം ലണ്ടനിൽ നടന്ന ഒരു പൊതു പരിപാടിയിൽ അവ്സാദ പറഞ്ഞു. “ഇസ്രായേൽ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു രാജ്യമായിരുന്നു. പ്രകൃതി വിഭവങ്ങളില്ല, ഒന്നുമില്ല, എന്നിട്ടും പ്രാദേശിക ശക്തിയായി മാറി.” ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഇസ്രായേലിലെ ജൂതന്മാരുടെ അവസ്ഥയുമായി സാമ്യം ഉണ്ടെന്നും അവ്സാദ കൂട്ടിച്ചേർത്തു: “ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന് അവർക്ക് തോന്നുന്നു, അത് പലതരത്തിൽ ഒരു മതം എന്നതിലുപരി ഒരു ദേശീയ വികാരമാണ്.”

ഇന്ത്യ ഇസ്രയേൽ ബന്ധത്തെക്കുറിച്ചുള്ള ആസാദ് ഈസയുടെ പുസ്തകം

ഇന്ത്യയും ഇസ്രയേലിനെപ്പോലെ അടിച്ചമർത്തുന്നതും അടിച്ചമർത്തപ്പെട്ടതുമായിരിക്കാൻ ആഗ്രഹിക്കുന്നു – അല്ലെങ്കിൽ കുറഞ്ഞപക്ഷം അതിന് വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ പത്ത് വർഷമായി, പലസ്തീനികൾക്കെതിരായ ഇസ്രായേൽ രീതികളാണ് ന്യൂനപക്ഷങ്ങൾക്കും കശ്മീരികൾക്കുമെതിരായ സ്വന്തം പ്രവർത്തികളിൽ ഇന്ത്യ മാനദണ്ഡമാക്കിയിരിക്കുന്നത്. യഹൂദ വിരുദ്ധതയ്‌ക്കെതിരായ ചരിത്രപരമായ യഹൂദ പോരാട്ടങ്ങളും പലസ്തീനികൾക്കെതിരായ അതിന്റെ ആയുധവൽക്കരണവും ഇന്ത്യയുടെയോ ഹിന്ദുത്വ ദേശീയതയുടെയോ വിമർശകരെ നിയമവിരുദ്ധരാക്കുന്നതിനുള്ള ഒരു സുപ്രധാന പാഠപുസ്തകമായി മാറുന്നു.

ഇസ്രായേലിനെതിരായ ആക്രമണം ഇപ്പോൾ ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണ്, കാരണം ഇന്ത്യയുടെ പ്രതിച്ഛായയും ഇപ്പോൾ അപകടത്തിലാണ്.

കടപ്പാട്: middleeasteye.net, പരിഭാഷ: അനിഷ എ മെന്റസ്.

(ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മിഡിൽ ഈസ്റ്റ് ഐ’ എന്ന വെബ് പോർട്ടലിന്റെ റിപ്പോർട്ടറാണ് ആസാദ് ഈസ. 2010-2018 കാലയളവിൽ അദ്ദേഹം അൽ-ജസീറ ഇംഗ്ലീഷിൽ തെക്കൻ, മധ്യ ആഫ്രിക്കയിൽ പ്രവർത്തിച്ചു. ‘Hostile Homelands: The New Alliance Between India and Israel’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 20, 2023 2:45 pm