Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തദ്ദേശ ജനവിഭാഗങ്ങളുടെ ‘വികസനം’ എന്നത് ലോകവ്യാപകമായി ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഈ ചർച്ചയുടെ ഭാഗമായി നിലവിലെ വികസന സമീപനങ്ങളെ വിമർശിക്കുകയും പകരം എന്തുതരം വികസന സമീപനമാണ് വേണ്ടതെന്ന അന്വേഷണം വ്യാപകമാവുകയും ചെയ്യുന്നുണ്ട്. ലോകത്താകമാനമുള്ള പലവിധ ഭരണകൂടങ്ങളും ആഗോള വികസന സ്ഥാപനങ്ങളും (world development institutions) പലവിധത്തിലുള്ള പദ്ധതികൾ ഇതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവയിൽ ഏറിയ പങ്കും ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹ്യ-സാംസ്കാരിക തലങ്ങളെ തകർക്കുകയോ രൂക്ഷമായ സ്വത്വ പ്രതിസന്ധി സൃഷ്ടിക്കുകയോ ചെയ്തിട്ടുള്ളതായി കാണാൻ സാധിക്കും. ഒരർത്ഥത്തിൽ ഇത്തരം വികസന നയങ്ങൾ ആദിവാസി ജനവിഭാഗങ്ങളെ വീണ്ടും അരികുവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്.
‘വികസനം’ എന്ന വ്യവഹാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലവും അതിന്റെ ചരിത്ര വഴിയും തികച്ചും അധീശവ്യവസ്ഥിതിയുടേതാണ്. അതിനാൽത്തന്നെ അതിന്റെ തുടർന്നുള്ള സമീപനങ്ങളിലും നിർമ്മിതികളിലും അത്തരം അധീശവ്യവസ്ഥിതിയുടെ ശക്തമായ സ്വാധീനം കാണാൻ സാധിക്കും. ഈ സമീപനം ആദിവാസി ജനവിഭാഗങ്ങളടങ്ങുന്ന കീഴാള ജനസമൂഹങ്ങളുടെ മുകളിലേക്കാണ് പൊതുവായി ‘വികസനം’ എന്ന പേരിൽ അടിച്ചേൽപ്പിക്കാറുള്ളത്. ഇന്ത്യൻ സമൂഹത്തെ ‘പരിഷ്കൃതരാക്കുക’ എന്ന കൊളോണിയൽ ഉത്തരവാദിത്തഭാരം ‘കോളനിയാനന്തര ഭരണകൂടങ്ങൾ’ (post-colonial states) കൊളോണിയൽ രീതിയുടെ തുടർച്ചയെന്നോണം കീഴാളരെ, പ്രത്യേകിച്ചും ആദിവാസി-ദലിത് സമൂഹങ്ങളെ ‘പരിഷ്കരിക്കാനായി’ ഏറ്റെടുത്ത് പോരുന്നുണ്ട്. ഈ ഭരണകൂടത്തിന്റെ പല വികസന നയങ്ങളും പൂർണ്ണമായും ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണെന്ന് കാണാൻ സാധിക്കും (bureaucratic centric). മാത്രമല്ല, പ്രാദേശിക വിജ്ഞാനങ്ങളെയും, സമൂഹങ്ങളുടെ സാമൂഹ്യ-സാംസ്കാരിക പ്രത്യേകതകളെയും ചരിത്ര പശ്ചാത്തലങ്ങളെയും വികസന നയങ്ങൾ തിരസ്കരിക്കുന്നു. ശക്തമായ സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ കെട്ടുപാടുകളുള്ള ആദിവാസി ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രസക്തവുമാണ്. ആദിവാസി ജനവിഭാഗങ്ങളടക്കമുള്ള കീഴാള സമൂഹങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് ചരിത്രപരമായ വലിയ പശ്ചാത്തലമുണ്ട്. ഇവയെ പരിഗണിക്കാതെ, കേവലം സാങ്കേതിക പ്രശ്നങ്ങളായി വികസനത്തെ കാണുന്നിടത്താണ് കടുത്ത വൈരുദ്ധ്യം രൂപപ്പെടുന്നത്. ഈ വൈരുദ്ധ്യങ്ങൾ വികസന നയങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല കീഴാള സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ പുനരുൽപാദിപ്പിക്കുയയും ചെയ്യുന്നു.
ഇത്തരത്തിൽ കേരളത്തിലെ ആദിവാസി പുനരധിവാസ പദ്ധതികളെ സംബന്ധിച്ചുള്ള വിമർശനാത്മക പഠനത്തിന്റെ ഭാഗമായാണ് ഈ ലേഖനം രൂപപ്പെടുന്നത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ 301 ഏക്കർ ആദിവാസി പുനരധിവാസ പദ്ധതിയെ ഒരു ഉദാഹരണമാക്കി എടുത്താണ് ലേഖനം പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നത്.


കേരള ആദിവാസി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന (Schedule Tribal Development Department, Kerala) ആദിവാസി പുനരധിവാസ-വികസന പദ്ധതിയുടെ (Tribal Rehabilitation and Development Program (TRDM)) ഭാഗമായാണ് 301 ഏക്കർ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാകുന്നത്. ഒരു കുടുംബത്തിന് ഒരേക്കർ എന്ന കണക്കിന് 301 കുടുംബങ്ങൾക്കാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി ഭൂമി നൽകിയിട്ടുള്ളത്. വളരെ ദുഷ്കരമായ ഭൂമിശാസ്ത്രവും അതിജീവനത്തിനുള്ള അടിസ്ഥാന ഉപാധികളുടെ അഭാവവും കാരണം ഭൂമി ലഭിച്ചിട്ടും ഇവിടേക്ക് വരാത്തവരും ഇവിടെ വന്നതിന് ശേഷം വീടും സ്ഥലവും ഉപേക്ഷിച്ച് പോയവരും നിരവധിയാണ്. നിലവിൽ വളരെ കുറച്ച് പേരെ ഇവിടെ താമസിക്കുന്നുള്ളൂ (ഏകദേശം മുപ്പതിൽ താഴെ കുടുംബങ്ങൾ മാത്രം). ഈ കൊഴിഞ്ഞുപോകലിന് ഭൂമിശാസ്ത്രപരമായതും സാമൂഹ്യ-സാംസ്കാരിക തലങ്ങളെ സംബന്ധിച്ചിട്ടുള്ളതുമായ നിരവധി പ്രശ്നങ്ങൾ പഠന മേഖലയിലനിന്നും മനസ്സിലാക്കാൻ ശ്രമിച്ചു.
301 ഏക്കറിൽ അധിവസിക്കുന്ന ആളുകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. എങ്ങനെയാണ് ഇത്തരം പുനരധിവാസങ്ങൾ ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹിക-സാംസ്കാരിക തലങ്ങളെയും അവരുടെ വൈകാരിക ഇടങ്ങളെയും (emotional spaces) സ്വാധീനിക്കുന്നതെന്ന അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ള പഠനമാണിത്. 301 ഏക്കറിനെ കൂടാതെ കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ പുനരധിവാസത്തെ സംബന്ധിച്ചും കാസർഗോഡ് ജില്ലയിലുള്ള കേരള കേന്ദ്ര സർവ്വകലാശാലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പുനരധിവാസത്തേയും ലേഖനത്തിൽ പരാമർശ വിധേയമാക്കുന്നുണ്ട്.
301 ഏക്കർ: അനുഭവവും ആഖ്യാനവും
ചെമ്പകത്തൊഴുകുടി എന്ന മുതുവാൻ കുടിയിൽ നിന്നുമാണ് 301 ഏക്കറിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചെമ്പകത്തൊഴുകുടിയിൽ നിന്നും ഒരു ജീപ്പ് വിളിച്ച് വേണം 301 ഏക്കറിലേക്ക് പോകാൻ. ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ അങ്ങോട്ട് പോകില്ല. മുതുവാൻ വിഭാഗത്തിലെ അംഗമായ രാമചന്ദ്രൻ എന്ന യുവാവാണ് ജീപ്പ് ഡ്രൈവറായുള്ളത്. മുതുവാൻ ആദിവാസി സമൂഹം അവിടെ പരമ്പരാഗതമായി അധിവസിച്ച് പോരുന്നവരാണ്. ഏലം കൃഷി, ജീപ്പ് സർവീസ് തുടങ്ങിയ നിരവധി തൊഴിലിലൂടെ സാമ്പത്തികമായും സാമൂഹ്യമായും ആ പ്രദേശത്തെ ഇതര ആദിവാസി ജനവിഭാഗങ്ങളെ അപേക്ഷിച്ച് മുതുവാൻ സമുദായം മെച്ചപ്പെട്ട നിലയിലാണ്. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ഒരു അധികാര ഘടന (hierarchy) നിലനിൽക്കുന്നുണ്ട്. രാമചന്ദ്രന്റെയും ചെമ്പകത്തൊഴുകുടിയിലെ മറ്റ് ആളുകളുടെയും സംസാരത്തിൽ ഇതര ആദിവാസി വിഭാഗങ്ങളുമായുള്ള ഇത്തരം അധികാര ഘടനയിലെ വ്യത്യാസവും വേർത്തിരിവുകളും പ്രകടമായിരുന്നു. “അവർ, അവരുടെ ആചാരം, ഞങ്ങളും അവരും” തുടങ്ങിയ പദപ്രയോഗങ്ങളും “ഞങ്ങൾ നന്നായിട്ട് അധ്വാനിച്ചു, അതുകൊണ്ട് ഞങ്ങൾക്ക് ഗുണമുണ്ടായി, മറ്റുള്ള ആദിവാസികൾ മടിയന്മാരാണ്” തുടങ്ങിയ പ്രസ്താവനകളും രാമചന്ദ്രനിൽ നിന്നടക്കമുള്ള മുതുവാൻ സമുദായ അംഗങ്ങളിൽ നിന്നും കേൾക്കാൻ സാധിച്ചു.
ഇടുങ്ങിയ, ഒരു സമയം ഒരു വണ്ടിക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന വഴി. ചുറ്റിലും കാട് മാത്രമാണുള്ളത്. ആളനക്കമില്ലാത്ത വിജനമായ പ്രദേശം. ആനക്കൂട്ടത്തിന്റെ, പ്രത്യേകിച്ചും അരിക്കൊമ്പന്റെയും ചക്കകൊമ്പന്റെയും കഥകൾ രാമചന്ദ്രൻ പറഞ്ഞുകൊണ്ടിരുന്നു. ഈ ആനകളടങ്ങുന്ന ആനക്കൂടത്തിന്റെ പ്രധാന വിഹാര കേന്ദ്രമാണ് 301 ഏക്കർ. ഇത്തരത്തിൽ വന്യമൃഗ സാന്നിധ്യമുള്ള ഇടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കുറെ ദൂരം എത്തിയപ്പോൾ കാട് മൂടി ഒറ്റപ്പെട്ട് കിടക്കുന്ന, പാതി തകർന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ചെറിയ കോൺക്രീറ്റ് വീടുകൾ കണ്ടുതുടങ്ങി. “ആന പൊളിച്ചതാണ്” രാമചന്ദ്രൻ പറഞ്ഞു, “അരിക്കൊമ്പൻ അടക്കമുള്ള ആനകൾ വീടുകൾ ആക്രമിക്കുന്നത് പതിവാണ്, ആളുകൾ വീടുകൾ ഉപേക്ഷിച്ച് അവരുടെ പ്രദേശങ്ങളിലേക്ക് തിരിച്ചുപോയി. അരികൊമ്പനെ ഇപ്പോ പിടിച്ചു, ഇനിയും ഒരുപാട് ആനകൾ ഇവിടെയുണ്ട്. പകൽ സമയങ്ങളിൽ അടക്കം സ്ഥിരം ഇവിടെ ആന ഉണ്ടാകും. അടുത്ത് വനത്തിൽ ആനക്കൂട്ടം നിൽക്കുന്നുണ്ട്” എന്ന് രാമചന്ദ്രൻ പറഞ്ഞു.


ആൾതാമസമുള്ള ഒരു വീട് കണ്ടപ്പോൾ അവിടെ കയറാം എന്ന് തീരുമാനിച്ചു. രാമചന്ദ്രൻ വീട്ടുകാരെ വണ്ടിയിൽ ഇരുന്ന് വിളിച്ചു. തേക്കാത്ത ഇടുങ്ങിയ ചെറിയ കോൺക്രീറ്റ് വീട്. വീടിന് മുന്നിൽ വലിയൊരു കിടങ്ങ് കുഴിച്ചുവെച്ചിരിക്കുന്നു. ആനകളെ പ്രതിരോധിക്കാനാണ്. വീടിന്റെ പഴകിയ കതക് തുറന്ന് ഒരു സ്ത്രീ പുറത്ത് വന്നു. രാമചന്ദ്രൻ അവരുടെ ഭാഷയിൽ അവരോട് കാര്യം പറഞ്ഞു. അവർ എന്നോട് ഇടുക്കി ശൈലിയിലുള്ള മലയാളത്തിൽ സംസാരിച്ചു. മന്നാൻ സമുദായത്തിൽപ്പെട്ട കുടുംബമാണ് അത്. സ്ഥിരമായുള്ള കാട്ടാന സാന്നിധ്യത്തെ കുറിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ സംബന്ധിച്ചും അവർ സംസാരിച്ചു. മാത്രമല്ല, ഇങ്ങോട്ടുള്ള മാറ്റത്തോടെ സാംസ്കാരികമായും സാമൂഹ്യമായും പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായും അവർ വിവരിച്ചു:
“ഇവിടെ ഞങ്ങൾ ഒറ്റയ്ക്കാണ്…. ഒറ്റയ്ക്കെന്ന് പറഞ്ഞാൽ ഞങ്ങളെ ആളുകൾ ഇവിടെ കുറവാ.. ഞങ്ങടെ കുടിയിലായിരുന്നപ്പോ ഒരു ‘ഇത്’ ഉണ്ടായിരുന്നു….. ഇപ്പോ ഞങ്ങൾക്ക് കൂടിയില്ല. ഇവിടെ ഇപ്പോ കുമളിക്കാര്, അടിമലിക്കാര്, ഉടുമ്പഞ്ചോലക്കാര് അങ്ങനെയാ ആൾക്കാര് താമസിക്കുന്നത്. പകുതി ആളുകളും ഇവിടെ ഇല്ല ഇപ്പോ…. ഞങ്ങൾ ഒറ്റയ്ക്കാ താമസിക്കുന്നേ…. ഞങ്ങൾക്കെന്തെങ്കിലും ആവശ്യം വന്നാ ഞങ്ങൾ ഞങ്ങടെ നാട്ടിലേക്ക് പോകും.”
ഈ പ്രതികരണത്തിൽ നിന്നും അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ മനസ്സിലാക്കാൻ സാധിക്കും. അവർ ഇവിടെ സ്വന്തം ഭൂമിയായി ഇപ്പഴും മാനസികമായി സ്വീകരിച്ചിട്ടില്ല. അവർ മുൻപ് താമസിച്ചിരുന്ന സ്ഥലവുമായി ബന്ധം വെച്ച് പുലർത്തുന്നുണ്ട്. അവരുടെ വിശ്വാസവും സാംസ്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പഴും അവർ ‘സ്വദേശത്തെ’ നിലനിർത്തുന്നു. മാത്രമല്ല, മറയൂരിൽ നിന്നുമുള്ള മല പുലയ (Hill Pulaya) സമുദായങ്ങളും ഇത്തരത്തിൽ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ആചാര അനുഷ്ഠാനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും അവരുടെ ‘സ്വദേശത്തെ’ തന്നെയാണ് ആശ്രയിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
കൂട്ടത്തോടെയുള്ള ജീവിതവും പരസ്പര സാമൂഹ്യ കൈമാറ്റങ്ങളും ആദിവാസി ജനവിഭഗങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. അതിൽ നിന്നും പെട്ടെന്നുള്ള ഇത്തരം മാറ്റം ആദിവാസി ജനവിഭാഗങ്ങളിൽ കടുത്ത ഒറ്റപ്പെടൽ സൃഷ്ടിക്കുന്നുണ്ട്. 301 ഏക്കറിലെ കുറച്ച് പേരോടും കൂടി സംസാരിച്ചു. 301 ഏക്കറിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് എത്തിയ വ്യത്യസ്ത ആദിവാസി ജനവിഭാഗങ്ങൾക്ക് നിലവിൽ സ്വന്തമായി ഊരുമൂപ്പനോ കാണിയോ ഇല്ല. പകരം അവിടെ പരമ്പരാഗതമായി അധിവസിച്ചു വരുന്ന മുതുവാൻ സമുദായത്തിലെ അംഗമാണ് ഊരുമൂപ്പനോ കാണിയോ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് മറ്റുള്ള ആദിവാസി ജനവിഭാഗങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, ഓരോ ആദിവാസി വിഭാഗങ്ങളും വ്യത്യസ്തമായ അധികാര ശ്രേണി പരസ്പരം വെച്ചുപുലർത്തുന്നവരാണ്. സ്വാഭാവികമായും ഉയർന്ന അധികാര ശ്രേണി വെച്ചുപുലർത്തുന്ന വിഭാഗമാണ് ഇത്തരമൊരു സാഹചര്യത്തിൽ കുടിയുടെ അധികാരം നിലനിർത്തുക. ഇത് ജാതീയമായ വേർത്തിരിവുകളുള്ള ഇന്ത്യൻ സാഹചര്യത്തിൽ പൊതുവായും ആദിവാസി ജനവിഭാഗങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും കടുത്ത അനീതി സൃഷ്ടിക്കപ്പെടാൻ ഇടയാക്കുന്നു. മാത്രമല്ല, ഓരോ സമുദായത്തിനും അവരുടെ സാമൂഹ്യ-സാംസ്കാരിക പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആവശ്യങ്ങളെ പൂർത്തീകരിക്കാൻ സാധിക്കാതെവരും. 301 ഏക്കറിലെ ആദിവാസി ജനവിഭാഗങ്ങളിൽ ഈ പ്രതിസന്ധി ശക്തമായ രീതിയിൽ കാണാൻ സാധിക്കും. പല വിഭാഗത്തിലുള്ള ആദിവാസി സമുദായങ്ങളാണ് ഇവിടെയുള്ളത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം അവരുടെ പൊതുവായ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. പൊതുവേ ഓരോ ആദിവാസി ജനവിഭാഗങ്ങളും ഓരോ കൂട്ടമായാണ് വസിച്ചുവരുന്നത്. ഇതിൽനിന്നും വിഭിന്നമായ സാഹചര്യമാണ് 301 ഏക്കറിലുള്ളത്. ഇത് അവരിൽ സാംസ്കാരിക സ്വത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഈ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
ഒരേക്കർ ഭൂമി ലഭ്യമായി, അതിൽ ഏലം അടക്കമുള്ള കൃഷി നടത്താൻ സാധിക്കുന്നു എന്നതിനപ്പുറത്തേക്ക് മറ്റൊരു ഗുണവും ഈ പുനരധിവാസം കൊണ്ട് ഉണ്ടായിട്ടില്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. ഈ കൃഷിയിൽ ഭൂരിഭാഗവും ആനയടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിക്കുന്നുമുണ്ട്. മാത്രമല്ല, മുൻപ് ഇവർ താമസിച്ചിരുന്ന മിക്ക പ്രദേശങ്ങളിലും സ്കൂൾ, ആശുപത്രി തുടങ്ങിയവ വളരെ അടുത്ത് ഉണ്ടായിരുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്കൂളിൽ വിടാൻ കഴിയുമായിരുന്നു. എന്നാൽ, നിലവിൽ 301 ഏക്കറിന് സമീപം സ്കൂളുകളോ ആശുപത്രികളോ ഇല്ല. ആനകളുടെ ആക്രമണം ഭയന്ന് കുട്ടികളെ അങ്ങനെ ദൂരെയുള്ള സ്കൂളിൽ വിടാനും സാധിക്കില്ല. ഇത്തരത്തിൽ നിരവധി കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നിർത്തിയിട്ടുണ്ട്. ഇത് ഈ ജനവിഭാഗങ്ങളുടെ സമൂഹ്യമായ നിശ്ചലനാത്മകതയ്ക്ക് (social immobility) കാരണമാകാവുന്ന പ്രധാന പ്രശ്നമാണ്. 301 ഏക്കറിലേക്ക് ആകെ ജീപ്പ് മാത്രമേ വരാറുള്ളൂ. അതിനാണെങ്കിൽ 500-600 രൂപ വരും വാടക. കൂടാതെ, പുറത്തുനിന്നുള്ള ആളുകൾ ആദിവാസികളിൽനിന്നും ചെറിയ വിലക്ക് ഭൂമി മേടിച്ച് ഇവിടെ കൃഷി നടത്തുന്നതും കാണാൻ സാധിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നുള്ള കുറച്ച് ആളുകൾ അത്തരത്തിൽ അവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂമി വാങ്ങിയിട്ടില്ല എന്നും ആദിവാസികളുടെ ഭൂമിയിൽ അവരുടെ അനുവാദത്തോടെ കൃഷി നടത്തുകയാണെന്നും അവർ പറഞ്ഞു. പക്ഷേ, രാമചന്ദ്ര അവർ പറയുന്നത് നുണയാണെന്ന് പറഞ്ഞു.
മന്നാൻ സമുദായത്തിൽപ്പെട്ട രണ്ട് വീടുകൾ കൂടി സന്ദർശിച്ചു. അവിടെയും ഒരു സ്ത്രീ സംസാരിച്ചു. അവർ ഭൂമി കിട്ടിയതിലും കൃഷി നടത്തുന്നതിലും തൃപ്തരാണ്. ആന ശല്യത്തെ കുറിച്ചും അവർ പറഞ്ഞു. ആ വീട്ടിൽനിന്ന് ഇറങ്ങിയപ്പോഴാണ് രാമചന്ദ്രൻ പറഞ്ഞത് അവരുടെ പറമ്പിൽ നിന്നും ആന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന്. ഇപ്പോൾ അവരുടെ ഭർത്താവ് മാനസികമായി വെല്ലുവിളി നേരിടുന്നുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.


പുനരധിവാസത്തിന്റെ മറ്റൊരു മാതൃക
കണ്ണൂരിലെ ആറളം ഫാമിലെ ആദിവാസി ജനവിഭാഗങ്ങളും ഇത്തരത്തിൽ സാമൂഹ്യവും സാംസ്കാരികവും ഉപജീവനപരവുമായ പ്രതിസന്ധികൾ നേരിടുന്നതായി കാണാൻ സാധിക്കും. ആറളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങൾക്കായി കാണുക [Deepa, S. (2016). Impact of Resettlement on Scheduled Tribes in. CHRIST. M S, S. (2010). Challenges before Kerala’s Landless: The Story of Aralam Farm. Economic and Political Weekly, 45(21), 55–62. Manojkumar A, & S Gregory. (2024). Rehabilitating Tribes and Recreating Livelihoods: Issues and Challenges the case of Aralalm Tribal Rehabilitation Programme in Kerala, India. https://doi.org/10.5281/ZENODO.11969098]. വ്യത്യസ്ത സാമൂഹ്യ സാംസ്കാരിക ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള ആദിവാസി ജനവിഭാഗങ്ങളെ ആറളം ഫാമിലേക്ക് പുനരധിവസിപ്പിച്ചിട്ടുള്ളത് ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി രൂപപ്പെടുത്തിയ നയങ്ങളുടെയും അളവുകോലുകളുടെയും അടിസ്ഥാനത്തിൽതന്നെയാണ്.
കാസർഗോഡ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള കേരള കേന്ദ്ര സർവ്വകലാശാലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പുനരധിവാസത്തിന് ഇതിൽനിന്നും വ്യത്യസ്തമായ അനുഭവമാണുള്ളത്. കാസർഗോഡ് ജില്ലയിലെ പെരിയയിൽ സ്ഥിതിചെയ്യുന്ന കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് വളരെ അടുത്ത് തന്നെയാണ് ഈ പുനരധിവാസത്തിന്റെ ഭാഗമായിട്ടുള്ള വീടുകൾ സ്ഥിതി ചെയ്യുന്നത്. കേരള കേന്ദ്ര സർവ്വകലാശാല വന്നപ്പോൾ അവിടെയുണ്ടായിരുന്ന ആദിവാസി ജനവിഭാഗങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. മാത്രമല്ല, ഇപ്പഴും കുറച്ച് ആദിവാസി കുടുംബങ്ങൾ സർവ്വകലാശാലയ്ക്ക് അകത്ത് തന്നെ താമസിക്കുന്നുണ്ട്. ആദിവാസി ജനവിഭാഗം കേസ് നടത്തിയതുമായി ബന്ധപ്പെട്ട്, അവരുടെ നിലവിലെ താമസ ഇടത്തിന് പ്രശ്നം വരാതെ സർവ്വകലാശാല നിർമ്മിക്കണം എന്ന ആദിവാസി വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് അവരെ അവിടെത്തന്നെ താമസിപ്പിച്ചത്. ഈ പുനരധിവാസവുമായി ബന്ധപ്പെട്ട് ആളുകളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ല. നിരന്തരമായ ശ്രമത്തിനൊടുവിൽ സർവ്വകലാശാല വരുന്നതുമായി ബന്ധപ്പെട്ട് ആദ്യ സമയത്തുണ്ടായ കൂടിയൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന സമരത്തിന് നേതൃത്വം നൽകിയ ഒരാളുമായി ബന്ധപ്പെടാൻ സാധിച്ചു. നേരിട്ട് കാണാൻ ബുദ്ധിമുട്ട് പറഞ്ഞ അദ്ദേഹം ഫോണിലൂടെയാണ് സംസാരിച്ചത്. ആദ്യഘട്ടത്തിൽ പുനരധിവാസത്തിനോ മതിയായ നഷ്ടപരിഹാരത്തിനോ സർവ്വകലാശാല കാര്യമായ പരിഗണന നൽകിയില്ലയെങ്കിലും ശക്തമായ സമരത്തിന്റെയും കോടതി ഇടപെടലുകളുടെയും ഭാഗമായി ആവശ്യങ്ങൾ നേടിയെടുക്കാൻ സമരക്കാർക്ക് സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ താമസ ഇടത്തിന് പ്രശ്നം വരാതെ സർവ്വകലാശാല നിർമ്മിക്കണം എന്ന ആദിവാസി വകുപ്പിന്റെ ഉത്തരവ് അടിസ്ഥാനമാക്കി അവിടെ തുടരേണ്ടവർക്ക് അവിടെ തുടരാമെന്ന് സ്ഥിതിവന്നു. എന്നാൽ, സർവ്വകലാശാലയ്ക്ക് പുറത്ത് താമസിക്കാൻ തയ്യാറുള്ള കുടുംബങ്ങൾക്ക് സർവ്വകലശാല തന്നെ വീട് വെച്ച് നൽകണമെന്നും കുടുംബത്തിലെ സ്ത്രീകൾക്ക് സർവ്വകലാശാലയിൽ തൊഴിൽ നൽകണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. അത് നേടിയെടുക്കാൻ അവർക്ക് സാധിച്ചതായി അവർ അഭിപ്രായപ്പെട്ടു. സി.പി.ഡബ്ള്യൂ (Central Public Works Department) ആണ് പുനരധിവാസത്തിന്റെ ഭാഗമായി വീടുകൾ നിർമിച്ചു നൽകിയിട്ടുള്ളത്.


ആദിവാസി വികസന സമീപനങ്ങളും വിമർശനങ്ങളും
സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളും ഉപജീവന സംബന്ധമായ വ്യത്യാസങ്ങളും നിലനിർത്തി പോരുന്നവരാണ് ആദിവാസി ജനവിഭാഗങ്ങൾ. അവരുടെ സവിശേഷതകളും വൈവിധ്യങ്ങളും പരിഗണിക്കാതെ ആദിവാസി എന്ന് കേട്ടാൽ ‘കാട്’ എന്ന് മാത്രം മനസ്സിൽ രൂപപ്പെടുന്ന നയരൂപകർ സൃഷ്ടിക്കുന്ന ഇത്തരം പദ്ധതികൾ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഭരണകൂട നേതൃത്വത്തിലുള്ള പുനരധിവാസമടക്കമുള്ള വികസന നയങ്ങൾ ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹിക-സാംസ്കാരിക-ഉപജീവന തലങ്ങളെ അവഗണിക്കുന്നു. മാത്രമല്ല, ആദിവാസി ജനവിഭാഗങ്ങളുടെ സമ്പന്നമായ അറിവ് വ്യവസ്ഥിതിയേയും ഇത്തരം വികസന നയങ്ങൾ അവഗണിക്കുന്നുണ്ട്. ഇത് ഈ ജനവിഭാഗങ്ങളുടെ സാമൂഹ്യ നിശ്ചലതയ്ക്ക് (social immobility) കാരണമാകുന്നുണ്ട്. കൂടതെ ഇത്തരത്തിലുള്ള സമീപനങ്ങളിലൂടെ രൂപപ്പെടുന്ന സ്വത്വ പ്രതിസന്ധിയും അതിജീവന പ്രശ്നങ്ങളും ആദിവാസി സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ പുനരുൽപ്പാദിപ്പിക്കുകയാണ് തത്വത്തിൽ ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധിയാണ് 301-എക്കറിലും, ആറളം ഫാമിലും കാണാൻ സാധിക്കുന്നത്. എന്നാൽ, കേരള കേന്ദ്ര സർവ്വകലാശാലയുമായി ബന്ധപ്പെട്ട പുനരധിവാസം നൽകുന്ന സൂചന മറ്റൊരു തരത്തിൽ വായിക്കാൻ സാധിക്കും. അതായത്, വികസനം ആദിവാസി ജനവിഭാഗങ്ങൾ തന്നെ തിരഞ്ഞെടുക്കുമ്പോൾ, അവരുടെ ആവശ്യങ്ങളെ പരിഗണിച്ച് നിശ്ചയിക്കുമ്പോൾ (വിലപേശൽ ശേഷി ഒരു പ്രധാന ഘടകമായിരുന്നപ്പോൾതന്നെയും) അത് എങ്ങനെയാണ് ഗുണകരമാകുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
ആദിവാസി ജനവിഭാഗങ്ങളെ കേൾക്കാതെയുള്ള വികസന നയങ്ങൾ രൂപപ്പെടുത്തുന്നു എന്നതാണ് പ്രധാനമായും ഇവിടെ നിലനിൽക്കുന്ന പ്രശ്നം. അവരുടെ ചരിത്രപരതയെയോ സാമൂഹ്യ സാംസ്കാരിക തലങ്ങളെയോ പരിഗണിക്കാതെയുള്ള വികസന നയങ്ങൾ വിപരീതമായ ഫലമാണ് സൃഷ്ടിക്കുക. വികസനത്തിന്റെ കേന്ദ്രീകൃത സ്വഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാന ഹേതു. പഞ്ചായത്തീരാജ് സംവിധാനങ്ങളും അതിന്റെ ഭാഗമായിട്ടുള്ള ഊരുകൂട്ടങ്ങളും നിയമപരമായി തന്നെ നിലവിലുണ്ടെങ്കിലും അവയുടെ പ്രവർത്തനം വളരെ ദുർബലമാണ്. അതിന്റെ അടിസ്ഥാന തത്വങ്ങളെപോലും അവഗണിച്ചാണ് അധികാര കേന്ദ്രങ്ങൾ നയരൂപീകരണം നടത്തുന്നത്. മാത്രമല്ല, ആർത്രോ എസ്കോബാറിന്റെ ‘എൻകൗണ്ടർ ഡെവലപ്മെന്റ്: ദി മേക്കിങ് ആന്റ് അൺമേകിങ് ഓഫ് ദി തേർഡ് വേൾഡ്’ (Encountering Development: The Making and Unmaking of the Third World (1995), ജയിംസ് ഫെർഗൂസന്റെ ‘ദി ആന്റി പൊളിറ്റിക്കൽ മെഷീൻ: ഡെവലപ്മെന്റ് ആന്റ് ബ്യൂറോക്രാറ്റിക് പവർ ഇൻ ലെസോത്തോ’ (The Anti-Politics Machine: “Development and Bureaucratic Power in Lesotho (1990)) എന്നീ പുസ്തകങ്ങളിൽ ചർച്ചചെയ്യുന്ന, വികസനത്തിന്റെ വ്യവഹാര രൂപവും അതിന്റെ അധീശ്വസ്വഭാവവും ആദിവാസി ജനവിഭാഗങ്ങളടങ്ങുന്ന കീഴാള ജനതയുടെ മേൽ ‘വികസന’ മെന്ന പേരിൽ പ്രയോഗിക്കുന്നതായി കാണാൻ സാധിക്കും. ഒരു തരത്തിൽ ‘തദ്ദേശീയ അധീശത്വം’ (localised hegemony) എന്ന് വിളിക്കപ്പെടാവുന്ന രൂപത്തിലാണ് ഇതിന്റെ നിലനിൽപ്പുള്ളത്.
ആറളാം പദ്ധതിയുമായി ബന്ധലപ്പട്ട പ്രശ്നങ്ങലള വിശകലനം ചെയ്യുന്ന പഠനങ്ങൾക്ക്:
Deepa, S. (2016). Impact of Resettlement on Scheduled Tribes in in
Kerala: A study on Aralam Farm. Christ University.
M S Seerekha. (2010). Challenges before Kerala’s Landless: The Story of Aralam Farm. Economic and Political Weekly, 45(21), 55–62.
Manojkumar A, & S Gregory. (2024). Rehabilitating Tribes and Recreating Livelihoods: Issues and Challenges the case of Aralalm Tribal Rehabilitation Programme in Kerala, India. https://doi.org/10.5281/ZENODO.11969098
(തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ വികസന പഠനം സ്കൂളിൽ ഗവേഷകനാണ് ലേഖകൻ)

