വൈക്കം സത്യ​ഗ്രഹം: പെരിയാർ ഉയർത്തിയ ഗാന്ധി വിമര്‍ശനം

ഡി.സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാൻ രചിച്ച വൈക്കം സത്യഗ്രഹം എന്ന പുസ്തകത്തിലെ ഒരു അധ്യായം. ക്ഷേത്രപ്രവേശന വിളംബരത്തിന് വിത്തുപാകിയ വൈക്കം സത്യഗ്രഹത്തിന്റെ നാൾവഴി ചരിത്രം പറയുന്ന ഡയറിക്കുറിപ്പ് മാതൃകയിൽ രചിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള വിവർത്തനം ഡോ. ഷിജു കെ ആണ് നിർവ്വഹിച്ചിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തിന് ഒരു നൂറ്റാണ്ട് പ്രായമാകുമ്പോൾ പെരിയാർ ഉന്നയിച്ച കടുത്ത ഗാന്ധി വിമർശനം കൂടിയുള്ള ഈ അധ്യായം സംവാദത്തിനും ചർച്ചകൾക്കുമായി കേരളീയം പ്രസിദ്ധീകരിക്കുന്നു.

ക്ഷേത്രപ്രവേശനം: പെരിയാറും അംബേദ്ക്കറും

ക്ഷേത്രങ്ങൾക്ക് സമീപമുള്ള റോഡുകളിൽ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് വൈക്കത്തു നടത്തിയ സത്യാഗ്രഹവും അതിനെ പിന്തുടർന്ന് നടത്തിയ ക്ഷേത്രപ്രവേശന സമരവും കുറച്ചുകാലം കഴിഞ്ഞപ്പോൾ പെരിയാർക്ക് അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. അംബേദ്ക്കറെപ്പോലെ പെരിയാറും പിൽക്കാലത്ത് ക്ഷേത്രങ്ങളിലുള്ള വിശ്വാസം ഉപേക്ഷിച്ചു. ഇക്കാര്യത്തെക്കുറിച്ചുള്ള അംബേദ്ക്കറുടെയും പെരിയാറുടെയും നിലപാടുകൾ വിശകലനം ചെയ്ത പ്രശസ്ത അമേരിക്കൻ പണ്ഡിതനായ നിക്കോൾ ഡർക്ക്സിന്റെ അഭിപ്രായം കാണുക: “ഈ.വി രാമസ്വാമിനായ്ക്കർ തീണ്ടൽ ജാതിക്കാരെ വിജയകരമായി അമ്പലത്തിനുള്ളിലേക്ക് നയിച്ചുകൊണ്ടുപോയ വാർത്തയറിഞ്ഞ അംബേദ്ക്കർ അദ്ദേഹത്തെ പ്രശംസിച്ചു. അതിനുശേഷം അദ്ദേഹം മുൻകൈയെടുത്ത് 1927 ൽ മുംബായി ഠാക്കൂർ ഗുരുദ്വാരയിൽ ദലിതരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരവും നടത്തി.” (മനസ്സിനുള്ളിലെ ജാതി, പുറം 467) ക്ഷേത്രപ്രവേശന സമരത്തെ അനുകൂലിച്ച അംബേദ്ക്കർ സ്വയം അതിനുവേണ്ടി സമരം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ 6 വർഷത്തിനുശേഷം അദ്ദേഹം തന്റെ അഭിപ്രായത്തിൽ മാറ്റം വരുത്തി.

1933 ഫെബ്രുവരിമാസം അംബേദ്ക്കർ ക്ഷേത്രപ്രവേശന പ്രമേയത്തിനെതിരായ നിലപാട് സ്വീകരിച്ചു. അതിന് അദ്ദേഹം ചൂണ്ടിക്കാണിച്ച കാരണമിതാണ്; “മുൻപ് ഞാൻ ക്ഷേത്രപ്രവേശന സമരത്തെ അനുകൂലിച്ചു എന്നത് ശരിയാണ്. വാസ്തവത്തിൽ ക്ഷേത്രപ്രവേശനം അവരുടെ ആവശ്യങ്ങളിൽ അപ്രധാനമായ ഒന്നു മാത്രമാണ്. ഉന്നതവിദ്യാഭ്യാസവും ഉന്നത ജോലികളും ഉന്നത പദവികളും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് അയിത്തജാതിക്കാരുടെ പ്രധാന ആവശ്യങ്ങൾ. വസ്തുത ഇതായിരിക്കെ കോൺഗ്രസ് ഇപ്പോൾ ക്ഷേത്രപ്രവേശനത്തിനുവേണ്ടയാണ് സമരം ചെയ്യുന്നത്. (അതും പല സംസ്ഥാനങ്ങളിലെയും കോൺഗ്രസുകാരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഇപ്പോൾ അഖിലേന്ത്യാ കോൺഗ്രസ് അതിന്റെ ലക്ഷ്യങ്ങളിൽ ഒന്നായി ക്ഷേത്രപ്രവേശനം ഉൾപ്പെടുത്തിയത്). അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനം സവർണജാതിക്കാരുടെ അന്തസ്സിനെ ഒന്നുകൂടി ഉറപ്പിക്കാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.” എന്നും അംബേദ്ക്കർ അഭിപ്രായപ്പെട്ടു. (മനസ്സിനുള്ളിലെ ജാതി, പുറം 473).

അംബേദ്കറും പെരിയാറും. കടപ്പാട്: www.forwardpress.in

ഏറെക്കുറെ സമാന നിലപാടുതന്നെയാണ് പെരിയാർക്കും ഉണ്ടായിരുന്നത്. വൈക്കം സത്യാഗ്രഹത്തിനും ക്ഷേത്രപ്രവേശനസമരത്തിനും നേതൃത്വം നൽകിയ പെരിയാർക്ക് 1936 ൽ ചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചപ്പോൾ വലിയ സന്തോഷമൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല അതിനെ ദലിതരുടെ വിജയമായും അദ്ദേഹം പരിഗണിച്ചില്ല. ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സവർണർ നടത്തിയ ഒരു ഗൂഢതന്ത്രമായി മാത്രമാണ് അദ്ദേഹം അതിനെ പരിഗണിച്ചത്.

കേളപ്പനും പെരിയാറും

വൈക്കം സത്യാഗ്രഹം സംഘടിപ്പിച്ച തീണ്ടൽ വിരുദ്ധ സമിതിയുടെ സെക്രട്ടറിയും സത്യാഗ്രഹ വിജയാഹ്ലാദ സമ്മേളനത്തിലേക്ക് തന്നെ ക്ഷണിച്ച മാന്യദേഹവുമായ കെ കേളപ്പനോടൊപ്പം 1933 ൽ തൃശൂരിൽ നടന്ന സമ്മേളനത്തിൽ പെരിയാർ പങ്കെടുത്തു. അവിടെവച്ചും അദ്ദേഹം ക്ഷേത്രപ്രവേശനത്തിന്റെ നിരർത്ഥകത വിശദീകരിച്ചു;
“പ്രിയ സുഹൃത്ത് കെ കേളപ്പൻ ദൈവം ഉണ്ടോ ഇല്ലേ എന്ന് തനിക്കറിയില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിൽ സംശയമുള്ള ഒരു കാര്യത്തിനുവേണ്ടി എത്രമാത്രം മെനക്കേടുകളും കഷ്ടപ്പാടുകളും നാം അനുഭവിക്കുന്നു? എത്രമാത്രം സമയം പാഴാക്കുന്നു? ചിന്തിച്ചു നോക്കുക… ദൈവം, മതം, വേദം എന്നീ സങ്കല്പനങ്ങളെ ഉപേക്ഷിച്ചാൽ മാത്രമേ മനുഷ്യന് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കൂ. ദൈവവിശ്വാസത്തിലൂടെ മോചനം നേടാൻ കഴിയും എന്ന വിശ്വാസം അംബന്ധമാണ്. അത്തരത്തിലുള്ള ഈശ്വരവിശ്വാസത്തിന് അടിമപ്പെടുത്തി മനുഷ്യനെ മതമൗലികവാദികളാക്കി മാറ്റി കരിങ്കല്ലിനെ ആരാധിക്കുന്നതിനായി അമ്പലത്തിനുള്ളിലേക്ക് തള്ളിവിടുന്നത് വളരെ മോശപ്പെട്ട സംഗതിയാണ്.” (കുടി അരസ്, 1933 ഫെബ്രുവരി 26)

തീണ്ടലും ക്ഷേത്രപ്രവേശനവും

സമത്വത്തിന് നിദാനമായി ഉയർത്തിക്കാട്ടി നിരന്തര സമരങ്ങളിലൂടെ തങ്ങൾ നേടിയെടുത്ത ക്ഷേത്രപ്രവേനാവകാശത്തെ സവർണർ ഹിന്ദുമതസംരക്ഷണത്തിനുള്ള ഉപാധിയാക്കി മാറ്റിയെന്ന് അധികം വൈകാതെ പെരിയാർ തിരിച്ചറിഞ്ഞു. താഴെ ഉദ്ധരിക്കുന്ന വാക്യങ്ങൾ ഇതിനു തെളിവാണ്. “സവർണ ഹിന്ദുക്കളെപ്പോലെ ഉന്നതവിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് ഹരിജനങ്ങൾക്കാവശ്യം. എന്നാൽ ഗാന്ധിജിയും കോൺഗ്രസും ചേർന്ന് ഹരിജനങ്ങൾക്ക് നൽകിയത് ക്ഷേത്രപ്രവേശന അവകാശമാണ്. ഹരിജനങ്ങൾ വിദ്യാഭ്യാസമേഖലയിലും സാമ്പത്തികരംഗത്തും മുന്നേറിയാൽ അവർ തങ്ങൾ പറയുന്നത് അപ്പടി അനുസരിക്കുന്ന അടിമകളായി തുടരില്ലെന്ന് സവർണർക്ക് ഉറപ്പാണ്. അയിത്തം അവസാനിച്ചാൽ വർണാശ്രമധർമ്മവും നശിച്ചുപോകും. ഇതൊഴിവാക്കുന്നതിനുവേണ്ടി, ദൈവത്തിന്റെ പേരുപറഞ്ഞ് ദലിതരെ തുടർന്നും അടിമകളായി നിലനിർത്തുന്നതിന് സവർണർ കണ്ടെത്തിയ ഗൂഢമാർഗമാണ് ക്ഷേത്രപ്രവേശനം.” (കുടി അരസ്, 1933 സെപ്റ്റംബർ 17)

ഈഴവരും പെരിയാറും

1933 ൽ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി ഈഴവർ തങ്ങൾക്ക് മതം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. അതിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് പെരിയാർ അയച്ച ആശംസയിലും വൈക്കം പരാമർശവിഷയമായിട്ടുണ്ട്. “… വൈക്കം സത്യാഗ്രഹം ആരംഭിച്ചകാലം മുതൽ 25 ലക്ഷത്തോളം വരുന്ന ഈഴവ സുഹൃത്തുക്കൾ തങ്ങളെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്നതിന് പല പ്രവൃത്തികളിലും ഏർപ്പെടുന്നുണ്ട്. അത്തരം മിക്ക സംരംഭങ്ങളിലും അവർ വിജയിച്ചിട്ടുമുണ്ട്. തിരുവിതാംകൂറിലുള്ള 25 ലക്ഷം ഈഴവരും തങ്ങൾക്ക് ‘ഇനിമുതൽ മതം ആവശ്യമില്ല’ എന്നു പ്രഖ്യാപിച്ചിരിക്കുന്നു. ആ രാജ്യത്തെ താണജാതിക്കാർക്ക് ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും ഉണ്ടായി എന്നതിന് ഇതിൽപ്പരമൊരു തെളിവ് ഇനി ആവശ്യമില്ല.” (കുടി അരസ്, 1933 സെപ്റ്റംബർ 24)

ഈഴവരുടെ വിമോചനസമരത്തിൽ പങ്കെടുത്ത പെരിയാർ, തുടർച്ചയായി അവർ നടത്തുന്ന നവോത്ഥാനപരിശ്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളും വൈക്കം സത്യാഗ്രഹവുമാണ് ഈഴവരുടെ മുന്നേറ്റത്തിന് നിമിത്തമായതെന്ന് അദ്ദേഹം വിലയിരുത്തി. “ഈഴവസമൂഹം വൈക്കം സത്യാഗ്രഹവിജയത്തിനുശേഷവും അവരുടെ അനന്വയനായ നേതാവ് ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായങ്ങൾ അക്ഷരംപ്രതി അനുസരിച്ച്, ഇനി ഒരു നിമിഷം പോലും അയിത്തജാതിക്കാരായും പഞ്ചമജാതിക്കാരായും തുടരാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരന്തരം പോരാടുന്നു.” (കുടി അരസ്, 1936 മേയ് 10)

പുസ്തകത്തിന്റെ കവർ

വൈക്കം സത്യാഗ്രഹനിധിയുമായി ബന്ധപ്പെട്ട വിവാദം

1924 ൽ തമിഴ് നാട് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായിരുന്ന പെരിയാർ വൈക്കം സത്യാഗ്രഹനേതാക്കളുടെ അഭ്യർത്ഥനപ്രകാരം സത്യാഗ്രഹനേതൃത്വം ഏറ്റെടുത്തു. കോൺഗ്രസ് കമ്മറ്റി സത്യാഗ്രഹ ചെലവുകൾക്കായി വൈക്കത്തേക്ക് പുറപ്പെട്ട പെരിയാറുടെ പക്കൽ 1000 രൂപ ഏൽപ്പിച്ചു. പ്രസ്തുതതുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പെരിയാർക്കെതിരെ ചില ആരോപണങ്ങളുണ്ടായി. ആരോപണമുണ്ടായപ്പോൾ പെരിയാർ കോൺഗ്രസ് കമ്മറ്റി അംഗമായിരുന്നില്ല. ആരോപണത്തിന് പെരിയാർ രണ്ട് വിശദീകരണക്കുറിപ്പുകൾ ഇറക്കിയിരുന്നു. പ്രസ്തുത വിവാദം ചോദ്യോത്തര രൂപത്തിൽ താഴെ ചേർക്കുന്നു.

ചോദ്യം : സ്വാതന്ത്ര്യസമര ഫണ്ടിലേക്ക് ലഭിച്ച തുക പെരിയാർ വകമാറ്റി ചെലവഴിച്ചതായി ദിനമണി പത്രം കുറ്റാരോപണം നടത്തി. പ്രസ്തുത വാർത്തയുടെ അടിസ്ഥാനത്തിൽ, വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കമ്മറ്റി അനുവദിച്ച 1000 രൂപയുടെ കണക്ക് ബോധിപ്പിച്ചില്ലെന്ന് ബാലഗംഗാധര തിലകനും ആരോപിച്ചിട്ടുണ്ടല്ലോ? ഇതിനെക്കുറിച്ച് താങ്കൾ എന്തു പറയുന്നു?

ഉത്തരം : “… ആയിരം രൂപ ചെലവഴിച്ചതിന്റെ കൃത്യമായ കണക്കുകൾ അപ്പോൾത്തന്നെ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വിശദീകരണം ആവശ്യമുള്ളവർ ഈറോഡിൽ വന്നാൽ വിശദമായ കണക്കുകൾ നൽകാൻ ഞാൻ തയ്യാറാണ്. (കുടി അരസ്, 1935 ഓഗസ്റ്റ് 2)

ആഗസ്റ്റ് മാസത്തിൽ ആരംഭിച്ച ഈ വിവാദം മൂന്നുമാസമായിട്ടും കെട്ടടങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട് പെരിയാർക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി അവയിൽ ചിലത് കാണുക; സുഹൃത്ത് രാമസ്വാമിനായ്ക്കർ വൈക്കം സത്യാഗ്രഹഫണ്ട് വിഷയത്തിൽ കൃത്യമായി കണക്ക് ബോധിപ്പിക്കേണ്ടതല്ലേ? ചോദ്യം ചെയ്യുന്നവരെ താർക്കികമായി, ഇത് ചോദ്യം ചെയ്യുന്ന നീ അത്ര യോഗ്യനാണോ? എന്ന മറു ചോദ്യം കൊണ്ട് നേരിടുന്നത് ശരിയാണോ? അതുപോലെ, വേറെ വലിയകാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് ഇതിനു മറുപടി നൽകാൻ സമയമില്ലെന്നു പറഞ്ഞ് രക്ഷപ്പെടുന്നത് ശരിയാണോ? ചോദ്യം ചെയ്യുന്നവർ ദേശത്തിനുവേണ്ടി സ്വയം സമർപ്പിച്ച ത്യാഗികളല്ലേ എന്നും മറ്റും ചോദിച്ച് കൃത്യമായി മറുപടി നൽകാതിരിക്കുന്നത് ശരിയാണോ?

വൈക്കം സത്യാഗ്രഹ ചെലവുകൾക്കായി പെരിയാർ 1000 രൂപ കൈപ്പറ്റിയത് ശരിയാണ്. അതിന് അദ്ദേഹം രണ്ട് പ്രാവശ്യം കണക്ക് സമർപ്പിച്ചതിനും തെളിവുണ്ട്. “മുമ്പ് രണ്ട് തവണ ഞാൻ കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. രസീതുൾപ്പെടെ ആദ്യതവണ സമർപ്പിച്ച കണക്കുകളുടെ രേഖകൾ കോൺഗ്രസ് ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടു. രണ്ടാമത്തെ തവണ കണക്ക് ചോദിച്ചപ്പോൾ മുമ്പ് വൗച്ചർ ഉൾപ്പെടെ ഞാൻ കണക്ക് സമർപ്പിച്ചിട്ടുണ്ട് എന്ന് മറുപടി നൽകി. അതിനുശേഷം മുത്തുരംഗ മുതലിയാർ അന്വേഷണത്തിനായി ഓഫീസിൽ നേരിട്ടെത്തി. ഞാൻ കോൺഗ്രസിന്റെ പ്രവർത്തനശൈലിയെ കഠിനമായി വിമർശിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയെങ്കിലും എന്നെ ഒതുക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടുകൂടി ഓഫീസിലെത്തിയ മുതലിയാർ രേഖകൾ മുഴുവൻ ഭൂതക്കണ്ണാടി ഉപയോഗിച്ച് പരിശോധിച്ചു. എനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. നിരാശനായ അദ്ദേഹം അടിയന്തിരമായി 1000 രൂപയുടെ കണക്ക് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എനിക്ക് രജിസ്ട്രേഡ് നോട്ടീസയച്ചു. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ അക്കാര്യം പത്രക്കാരെ അറിയിക്കും എന്നൊരു ഭീഷണിയും കത്തിലുണ്ടായിരുന്നു. ഈ കത്ത് കിട്ടിയ ഉടൻ കൃത്യമായ കണക്കുകൾ മടക്കത്തപാലിൽ രജിസ്ട്രേഡായിത്തന്നെ ഞാൻ അയച്ചുകൊടുത്തു.”

വൈക്കം സത്യാ​ഗ്രഹം. കടപ്പാട്: wikipedia.

“1000 രൂപയിൽ 700 രൂപ വൈക്കം സത്യാഗ്രഹ കാര്യദർശിയുടെ പക്കൽ ഏൽപ്പിച്ചു. ബാക്കി 300 രൂപയിൽ 200 രൂപയോളം ഖദറിനാവശ്യമായ പഞ്ഞി വാങ്ങുന്നതിന് പാലക്കാട്ട് ശബരി ആശ്രമത്തിനു നൽകി. ബാക്കിയുണ്ടായിരുന്ന 100 രൂപ ചില്ലറപൈസ കോട്ടാർ സത്യാഗ്രഹത്തിന് നൽകിയിട്ടുണ്ട്.” ഇപ്രകാരം കൃത്യമായ കണക്ക് മൂന്നാം തവണയും ബോധ്യപ്പെടുത്തിയപ്പോൾ, നിങ്ങൾക്ക് ഇഷ്ടംപോലെ ചെലവഴിക്കാനാണോ പണം നൽകിയത്? താങ്കളുടെ ഇഷ്ടപ്രകാരം തുക ചെലവഴിക്കാൻ താങ്കൾക്ക് അധികാരം നൽകിയതാര്? എന്നിങ്ങനെയുള്ള ചോദ്യങ്ങളുണ്ടായി. പെരിയാർ ആ ചോദ്യങ്ങളൊന്നും ഗൌരവത്തിലെടുത്തില്ല.

പെരിയാർ ഈഴവ ബന്ധം തുടരുന്നു

വൈക്കം സത്യാഗ്രഹം അവസാനിച്ചതോടുകൂടി പെരിയാർ കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളവുമായുള്ള ബന്ധത്തിൽ ഈഴവരുമായുള്ള ചാർച്ചയാണ് പ്രധാനം. 1936 ഈഴവ യുവജന സംഘടനയുടെ 43-ാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിലും എറണാകുളത്തും സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പെരിയാർ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹവും തീണ്ടലും രണ്ട് പ്രഭാഷണത്തിലും പരാമർശവിഷയമായി. “… ഈ ജനക്കൂട്ടവും അവരുടെ കൗതുകവും ഉത്സാഹവും കാണുമ്പോൾ എനിക്ക് വൈക്കം സത്യാഗ്രഹം ഓർമ വരുന്നു. വൈക്കം സത്യാഗ്രഹമാണ് എന്നെയും നിങ്ങളെയും ആദ്യമായി ഒന്നിപ്പിച്ചത്. ഒന്നിപ്പിക്കുക മാത്രമല്ല അത് നമ്മെ വേർപിരിക്കാനാകാത്ത തരത്തിൽ വിളക്കിച്ചേർക്കുകയാണ് ചെയ്തത്. അന്ന് വൈക്കം സത്യാഗ്രഹം മുന്നോട്ടുവച്ച ആശയമാണ് ഇന്ന് ഇന്ത്യ മുഴുവൻ നടക്കുന്ന നവോത്ഥാനസമരങ്ങൾക്ക് വിത്ത് പാകിയത്. 100 കണക്കിന് വർഷം കൊണ്ട് നേടിയെടുക്കാൻ സാധിക്കാത്ത പുതിയ ചിന്തയും സാമൂഹിക പരിവർത്തനവും യാഥാർത്ഥ്യമാക്കാൻ സത്യാഗ്രഹത്തിന് സാധിച്ചിട്ടുണ്ട്.” (കുടി അരസ്, 1936 ഏപ്രിൽ 26)

ക്ഷേത്രപ്രവേശന വിളംബരം

1936 ൽ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരത്തിരുനാൾ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. അതിനോടുള്ള പെരിയാറുടെ പ്രതികരണം. “… ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചറിഞ്ഞ പലരും അതിനു നിമിത്തമായത് വൈക്കം സത്യാഗ്രഹമാമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നതായി ഞാൻ മനസ്സിലാക്കുന്നു. അതോടൊപ്പം എന്നെ പുകഴ്തിയും അഭിനന്ദിച്ചും പലരും പത്രങ്ങളിൽ എഴുതുകയും നേരിട്ട് കത്തയയ്ക്കുകയും ചെയ്യുന്നുണ്ട്…. ഈ വിളംബരത്തിലൂടെ സമൂഹത്തിന് നന്മയാണോ തിന്മയാണോ ലഭിക്കാൻ പോകുന്നതെന്ന വലിയ ആശങ്ക നിലനിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യസമുദായത്തിനും ഇന്ത്യാമഹാരാജ്യത്തിനും പ്രത്യേകിച്ച് ഹരിജനങ്ങൾക്കും ഇതിലൂടെ ആപത്തുണ്ടാകും എന്നാണ് തോന്നുന്നത്… ഈ വിളംബരത്തിലൂടെ ആദി ദ്രാവിഡർക്ക് അതായത് സവർണർ അടിച്ചമർത്തി വച്ചിരുന്ന ജനതയ്ക്ക് ലഭിക്കുന്ന നേട്ടമെന്താണെന്ന് ചിന്തിക്കുമ്പോൾ, പുരോഗതി നേടാനുള്ള അവസരങ്ങൾ ഇല്ലായ്മ ചെയ്യുന്നതാണ് ഈ വിളംബരം എന്നു പറയേണ്ടിവരും… തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അടിമത്തത്തിന്റെ കാരണത്തെക്കുറിച്ച് ചിന്തിച്ച് അതിനെതിരെ പോരാടുന്നതിനു പകരം അവർ ഈശ്വരനിലും വിധിയിലും വിശ്വസിച്ച് എല്ലാം സഹിച്ച് മയങ്ങിപ്പോകും എന്നതാണ് ഈ വിളംബരം കൊണ്ടുണ്ടാകാൻ പോകുന്ന ദോഷം.” (കുടി അരസ്, 1936 ഡിസംബർ, 6)

ഇപ്രകാരം വിളംബരത്തെ തള്ളിപ്പറഞ്ഞ പെരിയാർ വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം അനുസ്മരിച്ച്, അതിനോട് ഗാന്ധിജിയും രാജാജിയും കൈക്കൊണ്ട നിലപാടുകളെയും വിമർശിച്ചു. വൈക്കം സത്യാഗ്രഹവുമായി നേരിട്ട് ബന്ധമുള്ളതിനാൽ പ്രസ്തുത വിമർശനങ്ങളുടെ ചുരുക്കം താഴെ സൂചിപ്പിക്കുന്നു.

“വൈക്കം സത്യാഗ്രഹവുമായി ഗാന്ധിജിക്കു വലിയ ബന്ധമില്ലെന്നകാര്യം ജനങ്ങൾ മനസ്സിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ടി.കെ മാധവൻ, സഹോദരൻ അയ്യപ്പൻ എന്നീ ഈഴവനേതാക്കളുടെ സത്വരനടപടികളുടെ ഫലമായാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. അതിന് കെ.പി കേശവമോനോൻ, ജോർജ് ജോസഫ് എന്നീ രാഷ്ട്രീയ നേതാക്കൾ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണകൂടം ഒറ്റയടിക്ക് എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു… സത്യാഗ്രഹത്തിന് നേതൃത്വം നൽകുന്നതിന് ആരുമില്ലാത്ത അവസ്ഥ സംജാതമായി. സൂഹൃത്തുക്കളായ കേശവമേനോനും ജോർജ് ജോസഫും അടിയന്തിരമായി പുറപ്പെട്ടുവന്ന് സത്യാഗ്രഹനേതൃത്വം ഏറ്റെടുക്കാൻ എനിക്ക് കത്തയച്ചു. ‘താങ്കൾ വന്നില്ലെങ്കിൽ സത്യാഗ്രഹം അവസാനിപ്പിക്കേണ്ടിവരുമെന്നും അത് കടുത്ത അപമാനത്തിനു കാരണമാകുമെന്നും’ അവർ എഴുതിയിരുന്നു. കത്ത് കിട്ടിയ ഉടൻ പെരിയാർ തന്റെ കർത്തവ്യങ്ങൾ രാജാജിയെ ഏൽപ്പിച്ച് വൈക്കത്തേക്ക് തിരിച്ചു. സ്വന്തം ഇഷ്ടപ്രകാരം പെരിയാർ വൈക്കത്തേക്ക് പോയതിനു പിന്നാലെ അദ്ദേഹത്തിന്റെ യാത്രയെ ഗാന്ധിജിയും രാജാജിയും പലതരത്തിൽ വിമർശിച്ചു. പെരിയാറുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിന് അഖിലേന്ത്യാ പ്രശസ്തി ലഭിച്ചു തുടങ്ങിയപ്പോൾ ഗാന്ധിജിക്കും സത്യാഗ്രഹത്തെ അനുകൂലിക്കേണ്ടി വന്നു… വൈക്കം സത്യാഗ്രഹം നടത്താൻ പാടില്ലെന്ന ഗാന്ധിജിയുടെയും രാജാജിയുടെയും അഭിപ്രായം ‘തമിഴ് നാട്’ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.”

ജോർജ് ജോസഫിനെയും ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയതിന് തെളിവുണ്ട്. സത്യാഗ്രഹവിജയത്തിനായി സൗജന്യഭക്ഷണശാല നടത്തിയിരുന്ന അകാലികളെയും അദ്ദേഹം ഇടപെട്ട് തിരിച്ചയച്ചു. ഇങ്ങനെ സത്യാഗ്രഹത്തെ പ്രതികൂലമായി ബാധിച്ച നിരവധി സംഭവങ്ങൾ ഗാന്ധിജിയുടെ ഭാഗത്തുനിന്നുണ്ടായി. ഗാന്ധിജിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചിക്കുന്ന പല ലേഖനങ്ങളും അക്കാലത്തെ തമിഴ്പത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളിൽ കാണാം. ഇത്തരം പ്രതിലോമകരമായ പ്രവൃത്തികൾ ചെയ്തതോടൊപ്പം “വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതാണ്, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ളതല്ല” എന്നും ഗാന്ധിജി ഇടയ്ക്കിടയ്ക്ക് പ്രസ്താവിച്ചിരുന്നു. വൈക്കം സത്യാഗ്രഹം ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ളതല്ലെന്ന് അദ്ദേഹം ഭരണകൂടത്തിന് ഉറപ്പു നൽകിയിരുന്നു. ഇന്ത്യയാകമാനം പരിശോധിച്ചു നോക്കുമ്പോൾ അയിത്ത നിർമാജനത്തിനായി സ്വദേശി സംസ്ഥാനങ്ങളിൽ നടന്ന സമരങ്ങളിൽ വിജയം നേടാൻ സാധിച്ച ഏക സത്യാഗ്രഹവും വൈക്കം സത്യാഗ്രഹം തന്നെ. പിൽക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് നിമിത്തമായിത്തീർന്നതും പ്രസ്തുത സത്യാഗ്രഹം തന്നെയാണ്… ക്ഷേത്രപ്രവേശന വിളംബരത്തിൽ ഗാന്ധിജിക്ക് ഒരു പങ്കുമില്ലെന്നും നിങ്ങൾ തിരിച്ചറിയണം. (കുടി അരസ്, 1936 ഡിസംബർ 6)

തിരുവിതാംകൂർ മഹാരാജാവ് സ്വന്തം ഇഷ്ടപ്രകാരം കൈക്കൊണ്ട തീരുമാനമല്ല ക്ഷേത്രപ്രവേശന വിളംബംരം. രാജാവിന്റെ അമ്മയും അന്നത്തെ ദിവാനായ സി.പി രാമസ്വാമി അയ്യരും ചേർന്ന് അവരുടെ കീർത്തിക്കുവേണ്ടി മഹാരാജാവിനെ തെറ്റിദ്ധരിപ്പിച്ചാണ് വിളംബരത്തിൽ ഒപ്പു വയ്പ്പിച്ചതെന്ന് റാവുസാഹിബ് നടേശയ്യർ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം പെരിയാർ തന്റെ പത്രത്തിൽ പുനഃപ്രസിദ്ധീകരിച്ചു. (കുടി അരസ്, 1938 ഓഗസ്റ്റ് 21)

മനിജർ – സമരം

കേരളജനതയ്ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി 1924 ൽ നടന്ന വൈക്കം സത്യാഗ്രഹത്തിലും തുടർന്നു നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിലും അതിനിടയ്ക്ക് നടന്ന കല്പാത്തി സമരത്തിലും പെരിയാർ സജീവമായ പങ്കുവഹിച്ചു. വടക്കൻ മലയാളത്തിലുള്ള മനിജർ എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ആദിദ്രാവിഡർക്ക് അവിടെയുള്ള പൊതുവഴി ഉപയോഗിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. മുകളിൽ സൂചിപ്പിച്ച സത്യാഗ്രഹങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട മനിജഗ്രാമത്തിലെ ദലിത് ജനത തീണ്ടൽ അവസാനിപ്പിക്കുന്നതിനായി വിലക്കപ്പെട്ട വഴിയിലൂടെ ഒരു ജാഥ നടത്താൻ തീരുമാനിച്ചു. ജാഥ വഴിയിൽ പ്രവേശിപ്പിച്ചപ്പോൾ സവർണർ മനുഷ്യമതിൽ തീർത്ത് ജാഥയെ തടഞ്ഞുനിർത്തി. തീണ്ടൽജാതിക്കാർ രാവിലെ 6 മണി മുതൽ രാത്രി 11 മണിവരെ തെരുവിൽ കുത്തിയിരുന്നു. സവർണരും അവരെ ഉപരോധിച്ച് അവിടെ നിലയുറപ്പിച്ചു. പിന്നീട് തീണ്ടൽ ജാതിക്കാർ അധികാരികളെ സമീപിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്താം എന്ന തീരുമാനമെടുത്ത് തിരിച്ചുപോയി. (കുടി അരസ്, 1939 ഡിസംബർ 3)

ആന്ധ്രാപ്രദേശിൽ

കേരളത്തിൽ മാത്രമല്ല ദ്രാവിഡദേശത്തിൽ ഉൾപ്പെട്ട ആന്ധ്രാപ്രദേശിൽ നടന്ന സമരങ്ങൾക്കും പെരിയാർ നേതൃത്വം നൽകി. 1944 ൽ അണ്ണാദുര, ഗജേന്ദ്രൻ, ജനാർദ്ദനം, മണിയമ്മ എന്നിവരോടൊപ്പം ആന്ധ്രാപ്രദേശിൽ നടന്ന സമരത്തിൽ പെരിയാറും പങ്കെടുത്തു. തിരിച്ചെത്തിയ അദ്ദേഹം അതിനെക്കുറിച്ച് എഴുതിയ ലേഖനത്തിലും വൈക്കംസത്യാഗ്രഹം പരാമർശ വിഷയമായി. “വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി മലയാളദേശത്തിലെ ഈഴവയുവാക്കൾക്ക് മതം, ജാതി, ദൈവം, ശാസ്ത്രം, പുരാണം എന്നിവയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല അവർ അതിനെതിരെ തീവ്രമായി പ്രതികരിക്കുകയും ചെയ്തു. മലയാളികൾ മതപരിവർത്തന സമ്മേളനവും നാസ്തിക സമ്മേളനവും നടത്തി. സത്യാഗ്രഹത്തിന്റെ അനന്തരഫലമായി തിരുവിതാംകൂറിലെ കുളങ്ങൾ, സത്രങ്ങൾ, ചാവടികൾ, റോഡുകൾ, നടവഴികൾ എന്നിവയെല്ലാം പറയർ, പുലയർ, ചക്കിലിയർ, ഈഴവർ തുടങ്ങി നാനാജാതി മതസ്ഥർക്കുമായി തുറന്നു കൊടുത്തു.” (കുടി അരസ്, 1944 ജൂൺ 17)

കുടി അരസിന്റെ ഉത്ഭവവും വൈക്കം സത്യാഗ്രഹവും

വൈക്കം സത്യാഗ്രഹം ആരംഭിച്ച 1924 മാർച്ച് മാസത്തിൽ പെരിയാർക്ക് സ്വന്തമായി പത്രമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ആരംഭിച്ച ആദ്യത്തെ പത്രമാണ് കുടി അരസ്. 1925 മേയ് 2 നാണ് പത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. കുടി അരസ് പത്രം പ്രസിദ്ധീകരിക്കാനിടയാക്കിയ സാഹചര്യം വിശദീകരിച്ചപ്പോഴും പെരിയാർ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചു. “… അതിന്റെ ഫലമായി വൈക്കം സത്യാഗ്രഹം ആരംഭിച്ചു. ഞാൻ ജയിലിലേക്ക് പോവുകയാണ് അതിനാൽ താങ്കൾ വന്ന് സത്യാഗ്രഹനേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് ജോസഫ് എനിക്ക് കത്തയച്ചു. പ്രസ്തുത കത്ത് എന്നെ വൈക്കത്തെത്തിച്ചു. സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചപ്പോഴാണ് ഒരു പത്രം ആരംഭിക്കുന്നതിനെക്കുറിച്ച് ഞാൻ ഗൗരവപൂർവം ചിന്തിച്ചുതുടങ്ങിയത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നിൽ പത്രമാരംഭിക്കാനുള്ള ആഗ്രഹം തീവ്രമായിത്തീർന്നു. അങ്ങനെ ഞാൻ കുടി അരസ് എന്ന പത്രം ആരംഭിച്ചു. (പെരിയാറുടെ ചിന്തകൾ, പുറം 774)

ജാതിനിർമാർജന ചരിത്രം

‘ജാതി ഒഴിപ്പ് – ആതി ചരിത്തിരം’ (ജാതി നിർമാർജം – ആദിചരിത്രം) എന്ന തലക്കെട്ടിൽ 1958 മാർച്ച് 14,15,16 തീയതികളിലായി വിടുതലൈ ദിനപ്പത്രത്തിൽ നീണ്ട ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. വൈക്കം സത്യാഗ്രഹം നടന്ന് 33 വർഷത്തിനുശേഷം പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ ജാതിനിർമാർജന ചരിത്രത്തിൽ വൈക്കം സത്യാഗ്രഹത്തിനുള്ള പങ്ക് വിശദീകരിക്കുന്നതോടൊപ്പം ഗാന്ധിജി, രാജാജി, എസ് ശ്രീനിവാസ അയ്യർ എന്നിവരുടെ നിലപാടുകളെ വിമർശിക്കുകയും ചെയ്യുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ ഉൽപ്പത്തി, അതിൽ പെരിയാർ പങ്കെടുക്കാനിടയാക്കിയ സാഹചര്യം, അദ്ദേഹത്തിന്റെ സംഭാവനകൾ, അഹിന്ദുക്കളെ ഗാന്ധിജി ഇടപെട്ട് പുറത്താക്കിയ സാഹചര്യം, മഹാറാണിയുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് ബോധപൂർവം പെരിയാറെ ഒഴിവാക്കിയ സാഹചര്യം, ഒരു ഘട്ടത്തിൽ സത്യാഗ്രഹം അവസാനിപ്പിക്കാൻ ഗാന്ധിജി നൽകിയ നിർദ്ദേശം എന്നിവയെല്ലാം വിശദീകരിച്ചിട്ടുണ്ട്… ജാതി നിർമാർജനചരിത്രം വൈക്കം സത്യാഗ്രഹത്തോടുകൂടിയാണ് ആരംഭിക്കുന്നതെന്ന് ഈ ലേഖനം അവകാശപ്പെടുന്നു… (ഞാൻ പരിശോധിച്ച കോപ്പി വളരെ പഴയതായതിനാൽ പല ഭാഗങ്ങൾക്കും വ്യക്തതയില്ല.) പൊതുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ആദ്യസമരവും ഇതുതന്നെ. ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് 1927 ൽ ഈറോഡിൽ ക്ഷേത്രപ്രവേശന സത്യാഗ്രഹം ആരംഭിച്ചത്.

അനീതിയ്ക്കെതിരെയുള്ള ഒരു മഹാപോരാട്ടത്തിന്റെ കഥയാണ് വൈക്കം സത്യാഗ്രഹത്തിന് പറയാനുള്ളത്. അതിനെ തുരങ്കം വയ്ക്കുന്നതിന് ഉത്തരേന്ത്യൻ ബ്രാഹ്മണരും ഗാന്ധിജിയും നടത്തിയ തന്ത്രങ്ങൾ വിവരണാതീതമാണ്… സത്യാഗ്രഹികളുടെ നിരന്തരസമ്മർദ്ദ ഫലമായി, തന്റെ ഹിതത്തിനു വിരുദ്ധമായി പല സന്ദർഭങ്ങളിലും തന്റെ അഭിപ്രായം മാറ്റേണ്ടിവന്നിട്ടുണ്ടെന്ന് ഗാന്ധിജിതന്നെ പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്.

വൈക്കം തിരഞ്ഞെടുക്കാൻ കാരണമെന്ത്?

“… തിരുവനന്തപുരം സ്വദേശിയും ഒരു സമ്പന്ന ഈഴവകുടുംബത്തിലെ അംഗവും വക്കീലുമായ മാധവന് തിരുവനന്തപുരം കോടതിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചു. കോടതി സ്ഥിതിചെയ്യുന്നതിനു സമീപം ഒരു ക്ഷേത്രം ഉണ്ടായിരുന്നതിനാലാണ് മാധവനെ കോടതിയിൽ പ്രവേശിപ്പിക്കാത്തത്. കോടതി സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനുചുറ്റും രാജാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനുള്ള പന്തൽ നിർമ്മിച്ചിരുന്നു. ആ പന്തലിനുള്ളിലേക്ക് താണജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പന്തലിനുള്ളിൽ ഈഴവനായ മാധവൻ പ്രവേശിച്ചാൽ അയിത്തമുണ്ടാകും എന്നു പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. തങ്ങൾക്ക് നേരിട്ട ഈ അപമാനം അവസാനിപ്പിക്കുന്നതിനായി ഈഴവജാതിയിലെ പ്രമുഖവ്യക്തികൾ കൂടിച്ചേർന്ന് സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. എന്നാൽ തിരുവനന്തപുരത്ത് കോടതി സ്ഥിതിചെയ്യുന്ന സ്ഥലത്ത് സത്യാഗ്രഹം നടത്താൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം രാജിവിന്റെ പിറന്നാ​ളാഘോഷത്തിനിട്ട പന്തലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിനെതിരെ അവിടെ വച്ച് പ്രതികരിച്ചാൽ രാജാവിന്റെ കോപത്തിന് നേരിട്ട് ഇരയാകുമെന്ന് അവർ ഭയപ്പെട്ടു. അതിനാൽ തിരുവനന്തപുരം ക്ഷേത്രത്തെക്കാൾ പ്രശസ്തിയുണ്ടായിരുന്ന വൈക്കം ക്ഷേത്രം തിരഞ്ഞെടുത്തു. വൈക്കം ക്ഷേത്രത്തിന്റെ നാലുവശത്തുംകൂടി കടന്നുപോകുന്ന പൊതുവഴികളിൽ നാലഞ്ച് ഫർലോങ് ദൂരം ഈഴവർക്ക് പ്രവേശനമുണ്ടായിരുന്നില്ല… ഈ അലിഖിത നിയമം ലംഘിച്ച് സത്യാഗ്രഹം നടത്താൻ അവർ തീരുമാനിച്ചു.

പെരിയാറെ ക്ഷണിക്കുന്നു

കെ.പി കേശവ മേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ്, ടി.കെ മാധവൻ, കെ അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം ആരംഭിച്ചത്. മഹാരാജാവിന്റെ അനുമതിയോടുകൂടി 19 നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സത്യാഗ്രഹം പരാജയപ്പെടുന്ന സാഹചര്യം സംജാതമായി. ഉടൻതന്നെ കേശവമേനോനും ജോർജ് ജോസഫും കൂടിയാലോചിച്ച് പെരിയാറെ വരുത്തുന്നതിനായി ഒരു അടിയന്തിര സന്ദേശം ദൂതൻവഴി പെരിയാർക്ക് കൈമാറി. “സത്യാഗ്രഹം പരാജയപ്പെട്ടു എന്നു പറയേണ്ട അവസ്ഥയാണുള്ളത്. നേതൃത്വം ഏറ്റെടുക്കാൻ പറ്റിയ ആരും പുറത്തില്ല. ജനങ്ങൾ ഭയപ്പെടുന്നു. നിങ്ങൾ വന്ന് സത്യാഗ്രഹനേതൃത്വം ഏറ്റെടുക്കണം.” ഈ സന്ദർഭത്തിൽ തമിഴ്നാട് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റായിരുന്ന പെരിയാർ തഞ്ചാവൂർ പി.എസ് വേങ്കടകൃഷ്ണപിള്ളയോടൊപ്പം മധുര തേവാരം പണ്ണയപുരത്ത് കോൺഗ്രസിന്റെ പ്രചാരണപരിപാടികൾക്ക് നേതൃത്വം നൽകുകയായിരുന്നു. കത്ത് ലഭിച്ച ഉടൻ അദ്ദേഹം തന്റെ മറ്റു പരിപാടികൾ നിർത്തിവച്ച് ഈറോഡിലേക്ക് മടങ്ങി. അവിടെ നിന്ന് കൊച്ചി, എറണാകുളം വഴി വൈക്കത്തെത്തി സത്യാഗ്രഹനേതൃത്വം ഏറ്റെടുത്തു.

പെരിയാർ. കടപ്പാട്: thewire.in

പെരിയാറുടെ പ്രവർത്തനങ്ങൾ

ദിവസവും രാവിലെ ഉണർന്ന് രണ്ടോ മൂന്നോ ഗ്രാമങ്ങൾ സന്ദർശിച്ച് അവിടത്തെ ജനങ്ങൾക്ക് സത്യാഗ്രഹത്തിന്റെ ലക്ഷ്യം വിശദീകരിച്ചു കൊടുത്തശേഷം പരമാവധി പുരുഷന്മാരെയും സ്ത്രീകളെയും സത്യാഗ്രഹ വളണ്ടിയർമാരാക്കി മാറ്റുകയായിരുന്നു പെരിയാറുടെ പ്രവർത്തനരീതി. ഇതിനിടയ്ക്ക് സത്യാഗ്രഹം നടത്തുന്നതിനാവശ്യമായ ധനസമാഹരണവും നടത്തും. ഒരു മാസത്തോളം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടും പൊലീസ് പെരിയാറെ അറസ്റ്റ് ചെയ്തില്ല. കാരണം പെരിയാറെ രാജാവിന് മുൻപരിചയം ഉണ്ടായിരുന്നു. രണ്ടു മൂന്നു പ്രാവശ്യം രാജാവ് പെരിയാറുടെ ഈറോഡിലുള്ള ബംഗ്ലാവിൽ അതിഥിയായി താമസിച്ചിട്ടുണ്ട്. സർക്കാരിനെതിരെ വ്യാപകപ്രചാരണം നടത്തിയിട്ടും പെരിയാറെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനാൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ജനങ്ങൾക്ക് അദ്ദേഹത്തിൽ വലിയ വിശ്വസം ഉണ്ടായി. സത്യാഗ്രഹികൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പൂർണമായും അനുസരിച്ചു. കേരളനേതാക്കളോടൊപ്പം തോളോടുതോൾ ചേർന്ന് പെരിയാർ പ്രവർത്തിച്ചതിൽ ഗാന്ധിജിക്കും മറ്റും എതിർപ്പുണ്ടായിരുന്നുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

ഗാന്ധിജിയും രാജാജിയും നുഴഞ്ഞുകയറുന്നു

“… കേരളനേതാക്കളെയും പെരിയാറെയും തമ്മിൽ തെറ്റിക്കുന്നതിന് ഗാന്ധിജിയും രാജാജിയും ശ്രീനിവാസ അയ്യങ്കാരും ആവുന്നത്ര ശ്രമിച്ചു. ക്രൈസ്തവർ എന്ന കാരണം ചൂണ്ടിക്കാട്ടി ജോർജ് ജോസഫിനെയും സുഹൃത്തുക്കളെയും സത്യാഗ്രഹത്തിൽ നിന്ന് അകറ്റി. ഇതിന്റെ ഫലമായി സത്യാഗ്രഹത്തിന് ആദ്യഘട്ടത്തിൽ എല്ലാവിധ പിന്തുണയും നൽകിക്കൊണ്ടിരുന്ന ക്രൈസ്തവർക്ക് പിന്മാറേണ്ടിവന്നു.

ഗാന്ധിജി.കടപ്പാട്: www.rediff.com

ഹിന്ദുക്കളുടെ അവകാശങ്ങൾക്കുവേണ്ടി ഹിന്ദുക്കൾ മാത്രം പോരാടിയാൽ മതിയെന്നു പറഞ്ഞ് മുസ്ലീങ്ങളെയും സത്യാഗ്രഹത്തിൽ നിന്നകറ്റി. …പഞ്ചാബിൽനിന്നെത്തിയ അകാലികൾ ഇവിടെ ഒരു സൗജന്യ ഭക്ഷണശാല നടത്തി. സത്യാഗ്രഹികൾക്ക് ഏറെ പ്രയോജനം നൽകിയ ഒന്നായിരുന്നു ആ ഭോജനശാല. ഗാന്ധിജിയുടെ നിർബന്ധം കാരണം അവർക്കും ഭക്ഷണശാല പൂട്ടേണ്ടിവന്നു. ഇങ്ങനെ സത്യാഗ്രഹത്തെ പരാജയപ്പെടുത്താൻ എന്തൊക്കെ നിബന്ധനകളാണ് ഗാന്ധിജി കൊണ്ടുവന്നത്… ഇതിനിടെ, ഉടൻ തമിഴ് നാട്ടിലേക്ക് മടങ്ങാൻ ശ്രീനിവാസ അയ്യർ പെരിയാർക്ക് അന്ത്യശാസനവും നൽകി. വൈക്കം സന്ദർശിച്ച അയ്യർ അവിടെ നടക്കുന്നത് സത്യാഗ്രഹമല്ല, സത്യാഗ്രഹാഭാസമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.”

പെരിയാറെയും നിർബന്ധിക്കുന്നു

“ഈ ഘട്ടത്തിൽ പെരിയാറുടെ നില പരിതാപകരമായിരുന്നു. പ്രതിസന്ധിയിൽ തളരാതെ അദ്ദേഹം തമിഴ് ‌നാട്ടിൽ നിന്ന് 30, 40 പേരെ സത്യാഗ്രഹാശ്രമത്തിലെത്തിച്ചു. വലിയൊരു പന്തലിലാണ് സത്യാഗ്രഹാശ്രമം പ്രവർത്തിച്ചിരുന്നത്. ആണും പെണ്ണുമായി കുറഞ്ഞത് 300 പേരെങ്കിലും എപ്പോഴും സത്യാഗ്രഹാശ്രമത്തിലുണ്ടായിരിക്കും. എങ്കിലും എതിരാളികളുടെ അക്രമങ്ങൾ കാരണവും പത്രങ്ങളുടെ വിഷപ്രചാരണങ്ങൾ കാരണവും സത്യാഗ്രഹം അധികം താമസിയാതെ നിർത്തേണ്ടിവരുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. പെരിയാർക്കും രണ്ടുപ്രാവശ്യം ജയിൽശിക്ഷ ലഭിച്ചു.”‌

ശ്രദ്ധാനന്ദനും മറ്റും വൈക്കത്തെത്തുന്നു

സത്യാഗ്രഹം പരാജയപ്പെട്ടേയ്ക്കും എന്നൊരു സംശയം ഉളവായ സാഹചര്യത്തിൽ സ്വാമി ശ്രദ്ധാനന്ദൻ വൈക്കത്തെത്തി സത്യാഗ്രഹനേതൃത്വം ഏറ്റെടുക്കുന്നതിന് പെരിയാറോഡ് അനുവാദം ചോദിച്ചു. മലയാളി സുഹൃത്തുക്കൾ അതിനെ അനുകൂലിച്ചെങ്കിലും പെരിയാറുടെ ഒപ്പമുണ്ടായിരുന്ന എസ് രാമനാഥൻ അതിനെ എതിർത്തു. ഈ ഘട്ടത്തിലാണ് പെരിയാറെ രണ്ടാമതും അറസ്റ്റ് ചെയ്ത് 6 മാസ തടവിന് ശിക്ഷിച്ച് വീണ്ടും ജയിലിലടച്ചത്. അപ്പോൾ മറ്റുചില നേതാക്കൾ തമിഴ്നാട്ടിൽ നിന്ന് വൈക്കത്തെത്തി സത്യാഗ്രഹനേതൃത്വം ഏറ്റെടുത്തു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആരംഭിച്ച സത്യാഗ്രഹം ക്ഷേത്രപ്രേവേശനം എന്ന ആവശ്യം കൂടി ചർച്ചചെയ്യാൻ തുടങ്ങിയത് ഇക്കാലത്താണ്. അയ്യാമുത്തുവാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചത്.

ഭരണകൂടം നടത്തിയ സമാധാന ശ്രമങ്ങൾ

സത്യാഗ്രഹം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിൽ മഹാരാജാവ് മരിച്ചു. റീജന്റ് മഹാറാണി അധികാരമേറ്റെടുത്തപ്പോൾ പെരിയാർ ഉൾപ്പെടെ 19 സത്യാഗ്രഹ തടവുകാരെ മോചിപ്പിച്ചു. ഗാന്ധിജിയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ സത്യാഗ്രഹം ശക്തിപ്രാപിച്ചു. സത്യാഗ്രഹികൾ ക്ഷേത്രപ്രവേശനമുദ്രാവാക്യം മുഴക്കാൻ തുടങ്ങിയപ്പോൾ റാണി ഭയപ്പെട്ടു. എങ്ങനെയും സത്യാഗ്രഹികളുമായി ഒത്തുതീർപ്പിലെത്താൻ തിരുവിതാംകൂർ ഭരണകൂടം ശ്രമങ്ങൾ ആരംഭിച്ചു. തിരുവിതാംകൂർ ദിവാൻ പെരിയാറുമായി സന്ധിസംഭാഷണം നടത്തുന്നതിന് സാഹചര്യമൊരുക്കണമെന്ന് രാജാജിയോട് അഭ്യർത്ഥിച്ചു. മഹാറാണി പെരിയാറുമായി സംസാരിച്ച് ഒത്തുതീർപ്പെലെത്തുന്നത് ഇഷ്ടപ്പെടാത്ത രാജാജി ഗാന്ധിജിയെ അടിയന്തിരമായി വൈക്കത്തേക്ക് വരുത്തി. എങ്കിലും ഗാന്ധിജി ഭരണകൂടവുമായി സന്ധിസംഭഷണത്തിലേർപ്പെട്ടപ്പോൾ ഒപ്പം പെരിയാറും ഉണ്ടായിരുന്നു.
പെരിയാറും ഗാന്ധിജിയും രാജാജിയും മഹാറാണി അപ്പോൾ താമസിച്ചിരുന്ന വർക്കല കൊട്ടാരത്തിലെത്തി. ആദ്യം ഗാന്ധിജി ഒറ്റയ്ക്ക് കൊട്ടാരത്തിലെത്തി റാണിയുമായി സംസാരിച്ച് ഏകദേശ ധാരണയിലെത്തി. തിരിച്ചെത്തിയ ഗാന്ധിജി, ചില വ്യവസ്ഥകൾക്ക് വിധേയമായി വൈക്കത്തെ റോഡുകളിൽ അയിത്തജാതിക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സഞ്ചാരവിലക്ക് പിൻവലിക്കാൻ റാണി തയ്യാറാണെന്നറിയിച്ചു. സഞ്ചാരവിലക്ക് പിൻവലിക്കുന്നതിനുമുമ്പ് സത്യാഗ്രഹം അവസാനിപ്പിക്കണം, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്താൻ പാടില്ല ഇവയായിരുന്നു റാണി മുന്നോട്ടുവച്ച വ്യവസ്ഥകൾ. ഈ വ്യവസ്ഥകൾ അംഗീകരിച്ച് സത്യാഗ്രഹം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. താങ്കൾ എന്തു പറയുന്നു എന്ന് ഗാന്ധിജി പെരിയാറോഡ് ചോദിച്ചു.

നമ്മുടെ ആത്യന്തിക ലക്ഷ്യം സഞ്ചാരസ്വാതന്ത്ര്യമല്ല, ക്ഷേത്രപ്രവേശനമാണ്. എങ്കിലും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാൽ സത്യാഗ്രഹം അവസാനിപ്പിക്കാവുന്നതാണ്. ക്ഷേത്രപ്രവേശനത്തിന്റെ ആവശ്യകത പതുക്കെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാം. സാഹചര്യം അനുകൂലമാകുമ്പോൾ അതിനുവേണ്ടിയുള്ള സമരം ആരംഭിക്കാമെന്ന് പെരിയാർ മറുപടി നൽകി. ഇക്കാര്യം ഗാന്ധിജി റാണിയെ അറിയിച്ചു. ചില സർവേകൾ പൂർത്തിയാക്കിയാലുടൻ സത്യാഗ്രഹം അവസാനിപ്പിക്കാമെന്ന് റാണി ഗാന്ധിജിക്ക് ഉറപ്പു കൊടുത്തു അപ്പോൾ അദ്ദേഹം സത്യാഗ്രഹം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. ഉത്തരവ് ഇറങ്ങിയതിനുശേഷം മാത്രമേ സത്യാഗ്രഹം അവസാനിപ്പിക്കൂ. ഉത്തരവ് പുറത്തിറങ്ങുന്നതുവരെ സമാധാനപരമായി 16 പേർ മാത്രം സമരം ചെയ്യും എന്നറിയിച്ചുകൊണ്ട് പെരിയാർ സത്യാഗ്രഹാശ്രമത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. സത്യാഗ്രഹം അവസാനിച്ചെങ്കിലും ക്ഷേത്രപ്രവേശനലക്ഷ്യം മുൻനിർത്തി മലയാളദേശത്തും തമിഴകത്തും ശക്തമായ പ്രചാരണപരിപാടികൾ നിർബാധം തുടർന്നുകൊണ്ടിരുന്നു.

ഗുരുവായൂർ സത്യാഗ്രഹം

വൈക്കം സത്യാഗ്രഹത്തിനുശേഷം ക്ഷേത്രപ്രവേശത്തിനുവേണ്ടി അയിത്തജാതിക്കാർ കെ. കേളപ്പന്റെ നേതൃത്വത്തിൽ മലയാളദേശത്തുൾപ്പെട്ട ഗുരുവായൂരിൽ സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹം ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് ഗാന്ധിജി ഇടപെട്ട് സത്യാഗ്രഹം അവസാനിപ്പിച്ചു. ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കുന്നതിനുമുമ്പുതന്നെ പെരിയാർ കോൺഗ്രസ് പാർട്ടയിൽ നിന്നും പുറത്തു പോയിരുന്നു. (വിടുതലൈ, 1958 മാർച്ച് 14)

ഗുരുവായൂർ സത്യാഗ്രഹം. കടപ്പാട്: mathrubhumi.com

ജാതി ഒഴിപ്പ് – ആദിചരിത്രം എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗത്ത് വൈക്കം സത്യാഗ്രഹം സംബന്ധിച്ച് ഇത്രയും കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. രണ്ടാംഭാഗത്ത് വൈക്കം സത്യാഗ്രഹംകൊണ്ടുണ്ടായ പ്രയോജനങ്ങൾ വിശദീകരിക്കുന്നു. അത് കാണുക, വൈക്കം സത്യാഗ്രഹാനന്തരം തിരുവിതാംകൂറിലും കൊച്ചിയിലും രണ്ടുവർഷക്കാലം നാസ്തികപ്രചാരണവും മതം ഉപേക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രചാരണവും ശക്തമായി നടന്നു. പ്രചാരണ പരിപാടികളോടനുബന്ധിച്ച് കൊച്ചിയിൽ ഒരു സമ്മേളനവും നടന്നു. പെരിയാറുടെ അധ്യക്ഷതയിൽ കൂടിയ പ്രസ്തുത സമ്മേളനം “ഈഴവരും അയിത്തസമുദായങ്ങളിൽ ഉൾപ്പെട്ട മറ്റു ജനങ്ങളും എത്രയും വേഗം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കണം” എന്നൊരു തീരുമാനം പാസ്സാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ലേഖനത്തിലുണ്ട്.

“… അത്രയധികം ദൂരം പെരിയാർ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ വൈക്കം സത്യാഗ്രഹചരിത്രം എഴുതിയവർ പെരിയാറുടെ സേവനങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം പലതരത്തിൽ സത്യാഗ്രഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ച ഗാന്ധിജിയെ ആദർശവൽക്കരിച്ച് അവതരിപ്പിക്കാനാണ് താൽപര്യം കാണിച്ചത്. പെരിയാറുടെയും സുഹൃത്തുക്കളുടെയും സ്ത്രീകളുടെയും സംഭാവനകളെക്കുറിച്ച് പ്രസ്തുത പുസ്തകങ്ങളിൽ ഒരു വാക്കുപോലും പരാമർശിച്ചിട്ടില്ല.” എന്ന സത്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. (വിടുതലൈ, 1958 മാർച്ച് 15)

ഉപസംഹാരം

രാഷ്ട്രീയസ്വാതന്ത്ര്യം എന്നപേരിൽ ലഭിക്കുന്ന സ്വരാജ്യം ചില പ്രത്യേകജാതിക്കാരിൽ, അതായത് ഇന്ന് സാധാരണജനങ്ങളെ അടിമകളാക്കി അധികാരം കൈയാളുന്ന സ്വദേശികളായ ബ്രാഹമണരിൽ അധികാരം കേന്ദ്രീകരിക്കുന്നതിന് കാരണമാകും എന്ന് പെരിയാർ ഉറച്ച് വിശ്വസിച്ചിരുന്നു. വൈക്കത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിൽ ഇപ്രകാരമൊരു വിശ്വാസം വളർത്തിയെടുത്തത്. ശുചീന്ദ്രം സത്യാഗ്രഹത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തിയപ്പോൾ, സമൂഹസമത്വമെന്ന ആശയത്തെ ഒരുപക്ഷേ ഭരണകൂടം ആദരിച്ചാലും ബ്രഹ്മണർ ആദരിക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പെരിയാർ ശുചീന്ദ്രം സത്യാഗ്രഹത്തെ പരിഗണിച്ചത്. കല്പാത്തിയിൽ നടന്ന സമരത്തിലും പെരിയാർ പങ്കെടുത്തു.

വൈക്കം സത്യാഗ്രഹവിജയത്തെ വൈക്കത്തെ ജനതയുടെ വിജയമായാണ് പെരിയാർ വിലയിരുത്തിയത്. അതിലൂടെ ഇന്ത്യയിലെ അയിത്തം പൂർണമായി അവസാനിക്കുമെന്ന മിഥ്യാധാരണയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഓരോ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന സമരത്തിൽക്കൂടി മാത്രമേ അതതു സ്ഥലങ്ങളിലെ അയിത്തം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
തന്നോടൊപ്പം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്ത കെ.പി കേശവമേനോൻ, സഹോദരൻ അയ്യപ്പൻ, കെ കേളപ്പൻ, ശിവതാണുപിള്ള എന്നിവരുടെ അഭിപ്രായങ്ങളോട് പലപ്പോഴും പെരിയാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃദ്ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല, ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പെരിയാർ തന്റെ നിലപാടുകൾ സ്വീകരിച്ചിരുന്നത്. വൈക്കം പൊലീസ് കമ്മിഷണർ ബിഡിന്റെ ഇടപെടലുകളാണ് വൈക്കം സത്യാഗ്രഹത്തിന് വിജയം സമ്മാനിച്ചതെന്ന്, ശുചീന്ദ്രം സത്യാഗ്രഹത്തിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച പെരിയാർ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ക്ഷേത്രപ്രവേശനത്തിനുവേണ്ടി വാദിക്കാനാരംഭിച്ചു. എന്നാൽ ക്ഷേത്രപ്രവേശനം ലഭിച്ചതുകൊണ്ടുമാത്രം അവശജനവിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ പെരിയാർ പിന്നീട് അവരുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കാനാരംഭിച്ചു.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പെരിയാർക്ക് ഈഴവരുമായുണ്ടായ ബന്ധം ചന്ദ്രക്കലപോലെ പതുക്കെ പതുക്കെ വളരാനാരംഭിച്ചു. അവർ മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നതിന് വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിന് പെരിയാറെ ക്ഷണിക്കുന്നിടത്തോളം ആ ബന്ധം ശക്തമായിരുന്നു.

കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച്, കോൺഗ്രസിന്റെ നയങ്ങളെ വിമർശിച്ചപ്പോൾ, പെരിയാർ വഴി വൈക്കം സത്യഗ്രഹത്തിന് സംഭാവന നൽകിയ 1000 രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട കണക്കുചേദിക്കുകയും, പെരിയാർ അഴിമതിനടത്തിയെന്നാരോപിച്ച് പുകമറ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിൽ നടന്ന അയിത്തനിർമാർജന യജ്ഞങ്ങളിൽ പെരിയാർ തുടർന്നും ഇടപെട്ടിരുന്നു. 1939 ൽ മനിജർ ഗ്രാമത്തിൽ നടന്ന ആദിദ്രാവിഡരുടെ സമരത്തിന് ആശംസയർപ്പിച്ച് എഴുതിയ ലേഖനം ഇതിനു തെളിവാണ്. 1944 ൽ അദ്ദേഹം ആന്ധ്രാപ്രദേശിൽ നടന്ന സമത്വസമരത്തിലും പങ്കെടുത്തു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിച്ചപ്പോഴാണ് അദ്ദേഹം ഒരു പത്രം തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചത്. വൈക്കം സത്യാഗ്രഹാനന്തരം ‘കുടി അരസ്’ എന്ന പേരിൽ ഒരു പത്രം ആരംഭിച്ച് അദ്ദേഹം തന്റെ സ്വപ്നം സഫലമാക്കി.

ജാതിനിർമാർജന സമരചരിത്രമെഴുതിയ പെരിയാർ വൈക്കം സത്യാഗ്രഹത്തിനാണ് പ്രഥമസ്ഥാനം നൽകിയത്. വൈക്കം സത്യാഗ്രഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് ഗാന്ധിജി, രാജാജി, ശ്രീനിവാസ അയ്യർ എന്നിവരെ അദ്ദേഹം കുറ്റപ്പെടുത്തി. താൻ 33 വർഷമായിത്തുടരുന്ന പോരാട്ടചരിത്രം അദ്ദേഹം തന്റെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് നമുക്ക് വിയോജിപ്പ് തോന്നുമെങ്കിലും അതിനെല്ലാം യുക്തിഭദ്രാമായ വിശദീകരണം നൽകാൻ പെരിയാർക്ക് സാധിച്ചിരുന്നു. ചുരുക്കത്തിൽ വൈക്കം സത്യാഗ്രഹത്തിലും തീണ്ടൽവിരുദ്ധ സമരങ്ങളിലും പെരിയാർ വഹിച്ച പങ്ക് കൃത്യമായി മനസ്സിലാക്കുന്നതിന് ഈ ലേഖനം ഏറെ പ്രയോജനകരമാണ്.

(കടപ്പാട്: ഡി.സി ബുക്സ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 29, 2023 2:40 pm