Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ചരിത്രത്തിലുടനീളം പ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് സഞ്ചരിക്കാനുള്ള ജിജ്ഞാസ മനുഷ്യ സമൂഹം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിൽ മനുഷ്യർ തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉതകുന്ന രീതിയിൽ മുന്നിലുള്ള വസ്തുക്കളെ വികസിപ്പിച്ചുകൊണ്ടേയിരുന്നു. കാൽപാദങ്ങളിലൂടെ സഞ്ചരിച്ചവൻ ചക്രങ്ങൾ കണ്ടെത്തിയതോടെ ദൂരം മുറിഞ്ഞു, സമയം കുറഞ്ഞു, പുതിയ സഞ്ചാരപഥങ്ങൾ സൃഷ്ടിക്കപ്പെട്ടു. കരയും കടലിന്റെ ആഴിയും ആകാശവിതാനങ്ങളും ഭേദിച്ച് മനുഷ്യൻ പ്രയാണം തുടരുന്നു.
വസ്തുക്കളെ ഉപകരണങ്ങളും യന്ത്രങ്ങളുമാക്കി വികസിപ്പിച്ചത് മനുഷ്യരാണ്. എന്നാൽ, പിന്നീട് ഈ ഉപകരണങ്ങൾ സ്വയമേവ മനുഷ്യ ശരീരത്തിന്റെ ഭാഗമായി മാറി. മനുഷ്യാസ്തിത്വത്തെ ചുറ്റുമുള്ള സാങ്കേതിക ഉപകരണങ്ങളാൽ ബന്ധിപ്പിക്കപ്പെട്ട സൈബോർഗ് ജീവിയായി ഡൊണ്ണേ ഹാരേവേ 1985 ൽ എഴുതിയ തൻ്റെ ‘സൈബോർഗ് മാനിഫെസ്റ്റോ’ എന്ന കൃതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി മനുഷ്യരുടെ കർതൃത്വത്തെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. നിർമ്മിത ബുദ്ധിയും റോബോട്ടും മനുഷ്യരുടെ ബദലായി മാറുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ അത്ഭുതകരമായ നേട്ടങ്ങൾ ഒരു യാഥാർഥ്യമാണ്. ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെ കണ്ടെടുത്ത അത്തരം നൂതനമായ സാങ്കേതിക ഉപകരണങ്ങൾ മനുഷ്യരുടെ സാമൂഹിക ജീവിതത്തിൽ വിപുലമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലളിതമായ സാങ്കേതിക ഉപകരണങ്ങളിൽ പോലും സംഭവിച്ച നൂതനമായ മാറ്റങ്ങൾ സാമൂഹിക ബന്ധങ്ങളെ തന്നെ പുനക്രമീകരിച്ചു. ഡിജിറ്റൽ സാങ്കേതിക പുരോഗതിയിൽ ലോകം ഒരു ചരടിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു.


നിരന്തരം നവീകരിക്കപ്പെടുന്ന ശാസ്ത്ര സാങ്കേതികവിദ്യയോടുള്ള ഇടപെടലുകളിലൂടെ നാം ഭൗതികമായും ആശയപരമായും പുനർനിർവചിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവയോടുള്ള സമീപനം എങ്ങനെയാവണം? ശാസ്ത്രസാങ്കേതിക വിദ്യയുമായുള്ള ഇടപെടലുകൾ മനുഷ്യ ജീവിതത്തെ എവ്വിധമാണ് ക്രമീകരിക്കുന്നത്? ആധുനികാനന്തരം വ്യത്യസ്ത വിജ്ഞാനീയങ്ങളിൽ നിന്ന് വിഭിന്നമായി ആധുനിക ശാസ്ത്രം മൂല്യനിരപേക്ഷ പ്രമാണമായി സ്വീകരിക്കപ്പെടുന്നതോടെ സംഭവിക്കുന്ന സാമൂഹിക പ്രതിഫലനങ്ങൾ എന്തെല്ലാമാണ്? ഭരണകൂടങ്ങളുടെ സാമാന്യമായ ഭാഷയായി സാങ്കേതിക യുക്തി മാറുന്നതിൻ്റെ രാഷ്ട്രീയം എന്താണ്?
ശാസ്ത്രവും ആധുനിക ശാസ്ത്രവും
ശാസ്ത്രം അതിന്റെ പരമ്പരാഗത നിർവചനമനുസരിച്ച്, പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് നിരീക്ഷണ-പരീക്ഷണങ്ങളിലൂടെയുള്ള വ്യവസ്ഥാപിതമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന നിഗമനങ്ങളാണ്. ആധുനിക ശാസ്ത്രം, ശാസ്ത്രയുക്തിയെ (scientific rationality) യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ഏക സർവാംഗീകൃത മാർഗമായി സ്വയം അവരോധിക്കുകയും, മതപരവും അനുഭവാതീതവുമായ അറിവുമാർഗങ്ങളെ അരികുവത്കരിക്കുകയും ചെയ്തു. വ്യത്യസ്ത വിജ്ഞാന മാർഗങ്ങളിൽ ഒന്നായ ശാസ്ത്രത്തെ സത്യം കണ്ടെത്താനുള്ള ഏക വിജ്ഞാന മാർഗമായി അവലംബിക്കുന്നതിൻ്റെ യുക്തിയെന്താണ്? പഞ്ചേന്ദ്രിയങ്ങളിലൂടെ സാധ്യമാവുന്ന അറിവനുഭവളാണ് ഏക ജ്ഞാനശാസ്ത്രമെന്ന അനുഭവവാദമാണ് (empiricism) ആധുനിക ശാസ്ത്രത്തിൻ്റെ കാതൽ. പൂർവാധുനിക കാലഘട്ടത്തിൽ തത്വചിന്ത, അതിഭൗതിക-ദൈവശാസ്ത്രങ്ങൾ, നൈതിക-രാഷ്ട്രീയ ചിന്തകൾ, ലോജിക്സ് തുടങ്ങി വിവിധ വിജ്ഞാന ശാഖകളിൽ ഒന്നു മാത്രമായിരുന്നു ശാസ്ത്രം. പാശ്ചാത്യ ആധുനികതയ്ക്ക് ശേഷം ലോകഗതി നിർണയിച്ച ജ്ഞാനോദയ പ്രസ്ഥാനത്തിലൂടെയും ശാസ്ത്രവിപ്ലവത്തിലൂടെയും ജ്ഞാനശാസ്ത്രത്തെയും വിജ്ഞാനത്തെയും സംബന്ധിച്ച അടിസ്ഥാന ധാരണകളിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. വിജ്ഞാന വിഭജനത്തിൻ്റെ പരികൽപ്പനകൾ പിന്നീടുള്ള കാലം ആധുനിക ശാസ്ത്രത്തിന് ചുറ്റുമാണ് ഭ്രമണം ചെയ്യുന്നത്. യൂറോപ്യൻ ആധുനികതയുടെ ലോകവീക്ഷണങ്ങൾ ആധുനിക ശാസ്ത്രം മൂല്യനിരപേക്ഷമാണെന്ന വ്യാജവാദം ഉന്നയിക്കുന്നതിനൊപ്പം സത്യ-യാഥാർത്ഥ്യങ്ങളെ നിർണയിക്കേണ്ട പ്രാഥമിക വിജ്ഞാനാധികാര രൂപമാണ് അതെന്നും പ്രഖ്യാപിക്കുന്നു. അങ്ങനെ സാമൂഹികതയാൽ നിർണയിക്കപ്പെടാത്തതും രാഷ്ട്രീയ പ്രത്യയശാസ്ത്ര മുക്തവുമായ ഒരു വിജ്ഞാന പ്രമാണമായി ആധുനിക ശാസ്ത്രം മനസ്സിലാക്കപ്പെട്ടു.
പാശ്ചാത്യ ആധുനിക ശാസ്ത്രത്തിന് സമ്പൂർണ ജ്ഞാനാധികാരം സാധ്യമാക്കിയ ഈ അടിസ്ഥാനപരമായ മാറ്റം (Paradigm Shift), കേവല പരീക്ഷണ-നിരീക്ഷണാലയങ്ങളെ ഭേദിച്ച് രാഷ്ട്രീയ ഘടനകളിലും സാംസ്കാരിക രൂപീകരണങ്ങളിലും തത്വചിന്തകളിലും നിർണായക സ്വാധീനം ചെലുത്തി. തോമസ് കുൻ ഇതിനെ ‘നിലനിൽക്കുന്ന വീക്ഷണ മാതൃകകളിൽ സംഭവിച്ച മൗലിക മാറ്റം’ എന്ന് വിവക്ഷിച്ചതായി കാണാം. പാശ്ചാത്യൻ അധീശ വിചാര മാതൃക, ശാസ്ത്രത്തെ സ്ഥാനപ്പെടുത്തിയ പരിധികൾക്കകത്ത് നിന്നായിരിക്കണം അറിവന്വേഷണങ്ങൾ രൂപപ്പെടേണ്ടതെന്നും, അവയെ നിരാകരിച്ചുള്ള ആശയ രൂപീകരണങ്ങളും ഗവേഷണ ഫലങ്ങളും ശാസ്ത്രീയമായി പരിഗണിക്കപ്പെടുകയില്ലെന്നുമുള്ള പാശ്ചാത്യൻ ജ്ഞാനാധികാര ഭാവനകൾക്ക് അങ്ങനെയാണ് അപ്രമാദിത്തം ലഭിക്കുന്നത്.
എല്ലാ കാലത്തും വിജ്ഞാനത്തെ വ്യാഖ്യാനിക്കുന്നതും നിർണയിക്കുന്നതും അതാത് കാലഘട്ടത്തിലെ അധികാര ക്രമങ്ങളും പ്രത്യശാസ്ത്രങ്ങളുമാണ്. പൂർവാധുനിക കാലഘട്ടത്തിൽ തത്വശാസ്ത്രത്തിന് ലഭിച്ചിരുന്ന സവിശേഷാധികാരം ആധുനികാനന്തരം ശാസ്ത്രത്തിലേക്ക് മാറുന്നതിൻ്റെ രാഷ്ട്രീയത്തെ കുറിച്ച് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ സുന്ദർ സറുകൈ വ്യക്തമാക്കുന്നുണ്ട്. പൂർവാധുനിക കാലഘട്ടത്തിൽ ശാസ്ത്രമെന്ന ഡിസിപ്ലിനെ തന്നെ ‘പ്രകൃതി തത്വചിന്ത’ (natural philosophy) എന്നാണ് പടിഞ്ഞാർ വിശേഷിപ്പിച്ചത്. തത്വചിന്ത പോലുള്ള അന്നത്തെ ആധികാരികവും സ്ഥാപിതവുമായ വിഷയവുമായി ബന്ധിപ്പിക്കുമ്പോഴാണ് പൂർവാധുനിക കാലഘട്ടത്തിൽ ശാസ്ത്രത്തിൻ്റെ മൂല്യം പരിഗണനീയമാവുക. തത്വശാസ്ത്രത്തിന് ലഭിച്ചിരുന്ന സാമൂഹികവും സാംസ്കാരികവുമായ മൂലധനം ആധുനികതക്ക് ശേഷം ശാസ്ത്രത്തിന് സ്വന്തമാണ്. ഭരണകൂടം തന്നെ നേരിട്ട് സമ്പത്തടക്കമുള്ള എല്ലാ വിഭവങ്ങളും നൽകി ശാസ്ത്രത്തെ അധീശ വിജ്ഞാനമായി നിലനിർത്തുന്നു. സമകാലിക സാമൂഹികക്രമം ശാസ്ത്രത്തിന് പ്രത്യേകാനുകൂല്യം നൽകുന്നതിനാൽ, മറ്റ് മേഖലകളിലുള്ളവരും തങ്ങളെ സ്വയം ശാസ്ത്രജ്ഞരായി അവതരിപ്പിച്ചു. മാനേജ്മെന്റ് പഠനങ്ങൾ പോലുള്ള വിഷയങ്ങൾ മാനേജ്മെന്റ് സയൻസായി മാറി; പരിസ്ഥിതി പഠനങ്ങൾ പരിസ്ഥിതി ശാസ്ത്രമായി മാറി. വൈൻ നിർമ്മാണത്തിന്റെയും രുചിക്കൽ കലയുടെയും പഠനങ്ങൾ പോലും ‘വൈൻ സയൻസ്’ ആയി അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ, ഹോം സയൻസ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക വിഷയം തന്നെയുണ്ട്. ഈ പ്രതിഭാസത്തെ അഭിമുഖീകരിക്കുമ്പോൾ ‘എന്താണ് ശാസ്ത്രം?’ എന്ന ചോദ്യം വളരെ പ്രധാനമാണ്.


ശാസ്ത്രം സാർവത്രികമായി നിഷ്പക്ഷമായിരിക്കുന്നതിനുപകരം, ഒരു പ്രത്യേക നാഗരികതയുടെ ലോകവീക്ഷണത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന് ആധുനിക ശാസ്ത്രത്തെ വിവക്ഷിക്കുന്നിടത്ത് സിയാവുദീൻ സർദാർ സ്ഥാപിക്കുന്നുണ്ട്. “മൂല്യ നിരപേക്ഷവും നിഷ്പക്ഷവും” എന്ന പാശ്ചാത്യ ശാസ്ത്രത്തിന്റെ അവകാശവാദം പാശ്ചാത്യർക്ക് മാത്രമുള്ള ഒരു സാംസ്കാരിക മൂല്യമാണ്. പാശ്ചാത്യ നാഗരികതയുടെ ആവശ്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനൂതനമായ ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഗുണഭോക്താക്കളിൽ അരികുവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾ ഉൾപെടാതിരിക്കുകയും അതിൻ്റെ ഇരകളായി മാറുകയും ചെയ്യുന്ന ലോക പശ്ചാത്തലത്തിൽ ശാസ്ത്രം എത്രത്തോളം മൂല്യനിരപേക്ഷവും നിഷ്പക്ഷവുമാണെന്ന ചോദ്യം പ്രസക്തമാണ്. ശാസ്ത്രത്തെ മൂല്യനിരപേക്ഷതയിൽ പ്രതിഷ്ഠിക്കാതെ ധാർമ്മികവും സാമൂഹികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നീതി, സമൂഹക്ഷേമം, സൃഷ്ടിയുടെ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി വിഭാവന ചെയ്യേണ്ടതിൻ്റെ അനിവാര്യതയെ സംബന്ധിച്ചും സർദാർ സൂചിപ്പിക്കുന്നുണ്ട്.
ശാസ്ത്ര സാങ്കേതികവിദ്യയും സാമൂഹികതയും
“വസ്തുക്കളെയും പ്രയോഗങ്ങളെയും യാഥാർത്ഥ്യമായി ആവിഷ്കരിക്കാൻ മനുഷ്യർ സാങ്കേതിക സംവിധാനങ്ങളെ ആശ്രയിക്കുന്നു” (ഹൈഡെഗർ). വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാനും മുമ്പ് അദൃശ്യമായിരുന്ന പലതും കണ്ടെടുക്കാനുമാണ് മനുഷ്യർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വസ്തുക്കളെ അവയുടെ ജനിതക സ്വഭാവത്തിൽ നിന്ന് മാറ്റാൻ സാങ്കേതികവിദ്യ മനുഷ്യരെ സഹായിക്കുന്നു. കല്ലുകൾ ഉപയോഗിച്ച് ഘർഷണരീതിയിൽ തീ ഉണ്ടാക്കിക്കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനഘടകങ്ങൾ സംയോജിപ്പിക്കുന്നത് വരെയുള്ള മനുഷ്യ ഇടപെടലുകൾ അതിനെ സ്ഥിരപ്പെടുത്തുന്നു. സാങ്കേതികവിദ്യയുമായുള്ള മനുഷ്യ ഇടപാടുകളിലൂടെ വിഭവശേഷി വികസിക്കുക മാത്രമല്ല ചെയ്തത്, അദൃശ്യമായ പലതിനെയും ദൃശ്യമാക്കുന്നതിലും സ്ഥല കാല ബോധങ്ങളെ മാറ്റിയതിലും തൊഴിൽ രൂപങ്ങളെ മാറ്റിമറിച്ചതിലും ശരീരാനുഭവങ്ങളെ പുനർനിർണയിച്ചതിലുമെല്ലാം സാങ്കേതികവിദ്യയയുടെ മധ്യസ്ഥ സാന്നിധ്യം നിർണായകമാണെന്ന് ഡോ. ഡോൺ ഇഹ്‌ഡെ തൻ്റെ ‘ടെക്നോളജി ആൻഡ് ലൈഫ് വേൾഡ്: ഫ്രം ഗാർഡൻ ടു എർത്ത്’ എന്ന കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്.


മുമ്പ് ‘മനുഷ്യർക്ക്’ മാത്രമായി ആരോപിക്കപ്പെട്ടിരുന്ന പല കഴിവുകളും നൂതന സാങ്കേതിക ഉപകരണങ്ങൾ അവകാശപ്പെടുന്നു. സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഗ്ലാസ്, ഡിജിറ്റൽ മൊബൈൽ ഫോണുകൾ തുടങ്ങിയ ദൈനംദിന സാങ്കേതിക ഉപകരണങ്ങൾ മുതൽ വ്യവസായങ്ങളിലെ വലിയ സെൻസിംഗ്, ഗുണനിലവാര പരിശോധന, റോബോട്ടിക് ഉപകരണങ്ങൾ വരെയുള്ള ശാസ്ത്ര സാങ്കേതിക വിദ്യയോടുള്ള ഇടപെടലുകളിലൂടെ നാം നിരന്തരം ഭൗതികമായും ആശയപരമായും പുനർനിർവചിക്കപ്പെടുന്നു, സാമൂഹിക ബന്ധങ്ങളിലും ഇടപാടുകളിലും മാറ്റങ്ങൾ രൂപപ്പെടുന്നു. കോവിഡ് പശ്ചാത്തലത്തിൽ സാധ്യമായ വെർച്വൽ ക്ലാസ്റൂമിൻ്റെ ഉദയം അധ്യാപന രീതിയെയും അധ്യാപക–വിദ്യാർത്ഥി ബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തന്നെയും അട്ടിമറിക്കുന്നുണ്ടല്ലോ. മാത്രമല്ല, മൈക്രോബയോളജി, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളിലെ വികാസം മനുഷ്യശരീരത്തെ തന്നെ കോഡിംഗ്, അൽഗോരിതം എന്നിവയുടെയെല്ലാം പ്രക്രിയകൾക്ക് വിധേയമാക്കുകയും, സാങ്കേതിക ഭാഷയുടെ പ്രയോഗ ഇടമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. മാറ്റി നിർത്താനാവാത്ത വിധം മനുഷ്യ ശരീരത്തോട് ചേർന്ന് നിൽക്കുന്ന അവയവങ്ങളായി മാറിയ ശാസ്ത്ര സാങ്കേതികവിദ്യയോടുള്ള ഇടപാടുകൾ മനുഷ്യന്റെ ജീവിതാവബോധങ്ങളെയും ദൈനംദിന ജീവിത വ്യവഹാരങ്ങളെയും നിരന്തരം നിർണയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
അത്യാധുനിക സാങ്കേതികവിദ്യ അൽഗോരിതത്താൽ ക്രമീകരിക്കപ്പെട്ട ഒരു ആവാസ വ്യവസ്ഥയെ സൃഷ്ടിച്ചു കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, യന്ത്രങ്ങൾ, കൃത്രിമബുദ്ധി എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണമായ ശൃംഖലയിലെ ഒരു കണ്ണിയായി മനുഷ്യൻ മാറി. മനുഷ്യബന്ധങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയുമാണ് ‘സാമൂഹികത’യുടെ പരമ്പരാഗത നിർവചനങ്ങൾ ഉൾക്കൊണ്ടിരുന്നത്. എന്നാൽ, ആധുനിക സാങ്കേതികവിദ്യയോടുള്ള മനുഷ്യ ഇടപെടലുകളിലൂടെ രൂപപ്പെട്ട നവസാമൂഹികതയെ അത്തരം നരവംശകേന്ദ്രികൃത ചട്ടക്കൂടുകൾക്ക് മനസ്സിലാക്കാൻ കഴിയില്ല. അഥവാ, സമകാലിക സാമൂഹിക സിദ്ധാന്തം മനുഷ്യനും അത്യാധുനിക സാങ്കേതിക യന്ത്രങ്ങൾ വരെ എത്തിനിൽക്കുന്ന വ്യത്യസ്ത ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധങ്ങളിലൂടെ രൂപപ്പെടുന്ന ശൃംഖലയെ സാമൂഹികതയായി നിർവചിക്കുന്നു. ബ്രൂണോ ലത്തോറിന്റെ ആക്ടർ-നെറ്റ്‌വർക്ക് തിയറി ഇതിനെ സാധൂകരിക്കുന്നുണ്ട്. ലോകത്തെ മനുഷ്യരും അല്ലാത്തവരുമായ (സാങ്കേതികവിദ്യകൾ, വസ്തുക്കൾ, ആശയങ്ങൾ, പ്രകൃതി) എല്ലാ ഘടകങ്ങളുടെയും സങ്കീർണ്ണമായ ശൃംഖലകളായാണ് അത് സാമൂഹികതയെ നിർവചിക്കുന്നത്. സാമൂഹിക ലോകത്തെ രൂപപ്പെടുത്തുന്നതിൽ തന്നെ സജീവ കർതൃത്വമുള്ളവരായി ശാസ്ത്രസാങ്കേതികവിദ്യ മാറിയിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയോടുള്ള സമീപനത്തിൽ ഈ മാറ്റത്തെ തിരിച്ചറിഞ്ഞുള്ള വിമർശനാത്മകവും ക്രിയാത്മകവുമായ ഇടപെടലുകൾ അനിവാര്യമാണ്.
തീർച്ചയായും, മനുഷ്യജീവിതം എളുപ്പമാക്കുന്നതിലും വിപുലമായ സാമൂഹിക മാറ്റങ്ങൾ സൃഷ്ടിച്ചതിലും ശാസ്ത്രസാങ്കേതികവിദ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മനുഷ്യ സമൂഹത്തിന്റെ സാമൂഹിക ചലനാത്മകതയെ ശക്തിപ്പെടുത്തിയ കപ്പൽയാത്ര, വിമാനയാത്ര, ട്രെയിൻ, പ്രിന്റ് തുടങ്ങി വിരൽത്തുമ്പിൽ ലോകം ലഭ്യമാവുന്ന ഡിജിറ്റൽ സാമൂഹികതയിൽ എത്തിനിൽക്കുന്ന ശാസ്ത്ര സാങ്കേതിക പുരോഗതി വർത്തമാന യാഥാർത്ഥ്യമാണ്. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യ മനുഷ്യന്റെ വിഭവശേഷിയെ ശക്തിപ്പെടുത്തുക മാത്രമാണോ? മനുഷ്യന്റെ നൈസർഗികമായ ഭാവനാശേഷിയെയും ധാർമ്മിക മൂല്യങ്ങളെയും ഉൾവഹിക്കാൻ സാങ്കേതികവിദ്യക്ക് സാധ്യമാണോ? മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ഇടപാടുകളിൽ എവിടെയാണ് അതിരുകൾ നിശ്ചയിക്കേണ്ടത്? നിർമ്മിതബുദ്ധിവരെ എത്തിനിൽക്കുന്ന സാങ്കേതികവിദ്യക്ക് മനുഷ്യന്റെ ബദലായി പ്രവർത്തിക്കാമോ? ഇത്തരം പുനരാലോചനകളിലൂടെ സാങ്കേതികവിദ്യയുമായുള്ള മനുഷ്യ ഇടപാടുകളെ പുനർനിർവചിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. മനുഷ്യന്റെ കർതൃത്വത്തെയും നൈസർഗിക ശേഷികളെയും നിലനിർത്തിക്കൊണ്ട് സാങ്കേതികവിദ്യയുടെ നീതിയിലധിഷ്ഠിതമായ വിനിയോഗം എങ്ങനെ സാധ്യമാക്കാം എന്നതാണ് മൗലികമായ ചോദ്യം.
ആധുനിക ശാസ്ത്രവും വിമർശനരഹിതമായ സാങ്കേതിക യുക്തിയും
അറിവ് രൂപീകരണത്തിൽ സാമൂഹികതയുടെ കളങ്കമേൽക്കാത്ത മൂല്യനിരപേക്ഷ പ്രമാണമായി ശാസ്ത്രം അവരോധിക്കപ്പെടുന്നതോടെ ലോകത്തുള്ള എല്ലാ കാര്യങ്ങളെയും ഈ ബോധ്യത്തിൻ്റെയും രീതിശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള പ്രവണത ശക്തിപ്പെട്ടു. ശാസ്ത്രീയ യുക്തിക്ക് നിരക്കാത്തതെല്ലാം പ്രാകൃതവും പിന്തിരിപ്പനുമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ശാസ്ത്രീയമായ മാനദണങ്ങളെ മുൻനിർത്തി മാറ്റിനിർത്തപ്പെട്ടു. വ്യത്യസ്ത സമുദായങ്ങൾ പരമ്പരാഗതമായി വികസിപ്പിച്ചെടുത്ത ശാസ്ത്രേതര വിജ്ഞാന പാരമ്പര്യങ്ങൾ ‘അശാസ്ത്രീയമായി’ പരിഗണിക്കപ്പെട്ടു. വൈദ്യമടക്കമുള്ള വ്യത്യസ്ത മേഖലകളിൽ ആധുനിക ശാസ്ത്രം നിർണയ അധികാര രൂപമായാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത വിജ്ഞാനീയങ്ങൾ തമ്മിലുള്ള ജനാധിപത്യപരമായ ഇടപാടുകൾ നിരാകരിക്കപ്പെടുകയും ഏകശിലാത്മകമായ അധീശ ജ്ഞാനമണ്ഡലമായി ശാസ്ത്രം മാറുകയും ചെയ്തു.
ശാസ്ത്രം മാത്രമാണ് പവിത്രമായ വിജ്ഞാന പ്രമാണമെന്നും മതം അതിന് വിരുദ്ധമാണെന്നുമുള്ള നവനാസ്തികവാദ ആഖ്യാനങ്ങളും ഈ ലോകബോധത്തിന്റെ സൃഷ്ടിയാണ്. റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നറ്റ്, ലോറൻസ് ക്രൗസ് തുടങ്ങിയ നവനാസ്തിക വാദികൾ ശാസ്ത്രവാദത്തെ (scientism) അവലംബിച്ചാണ് വാദങ്ങൾ ഉന്നയിക്കുന്നത്. സാം ഹാരിസൺ പറയുന്നു: “മതവും ശാസ്ത്രവും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ പരസ്പരവിരുദ്ധമാകയാൽ അവ തമ്മിലുള്ള സംഘർഷം സ്വഭാവികമാണ്. മത ചിന്തകളുടെ നാശത്തിലൂടെ മാത്രമേ ശാസ്ത്രത്തിന് വിജയിക്കാൻ കഴിയൂ. ശാസ്ത്രത്തിന്റെ നാശത്തിലൂടെ മാത്രമേ മതചിന്തക്ക് നിലനിൽക്കാൻ കഴിയൂ.” ‘മതവും ശാസ്ത്രവും’ എന്ന ബൈനറി എങ്ങനെ രൂപപ്പെടുന്നു, ആരാണീ അതിരുകൾ വരച്ചത്? ഏത് ജ്ഞാധികാരമാണ് ഇവയെ നിർണയിക്കുന്നത്?
ലോകത്തുള്ള എല്ലാ കാര്യങ്ങളെയും ശാസ്ത്രീയമായ ലോകവീക്ഷണത്തിനകത്ത് നിന്ന് മനസ്സിലാക്കുക എന്നത്, ഏതൊരു വിജ്ഞാനവും ഗവേഷണവും സ്ഥിരീകരിക്കപ്പെടാനുള്ള അധീശ മാനദണ്ഡമായി പരിഗണിക്കപ്പെട്ടു. മതമടക്കമുള്ള വ്യത്യസ്ത പാരമ്പര്യങ്ങളെ വ്യാഖ്യാനിക്കുന്നിടത്തും ശാസ്ത്രത്തോടുള്ള ഇടപെടലുകളിലും, ശാസ്ത്രം മറ്റുള്ളവയെ നിർണയിക്കുന്ന പ്രമാണമായി മനസ്സിലാക്കപ്പെടുന്ന അപകടകരമായ സമീപനരീതിയും തത്ഫലമായി രൂപപ്പെട്ടു. ശാസ്ത്രേതര വിജ്ഞാന-വിശ്വാസ പാരമ്പര്യങ്ങളെ പിന്തുടരുന്നവർ തന്നെ തങ്ങളുടെ പ്രാമാണികത സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമായി ശാസ്ത്രത്തെ പ്രാഥമികമായി അവലംബിക്കണമെന്ന അധിക ബാധ്യതയിൽ കുരുങ്ങി. എല്ലാ യാഥാർഥ്യങ്ങളെയും സ്ഥിരപ്പെടുത്താനുള്ള ‘ശാസ്ത്രീയത’യുടെ മാനദണ്ഡങ്ങൾ അത്രക്ക് പ്രാമാണികമാണോ? സത്യവും യാഥാർഥ്യവും ഗ്രഹിക്കാനുള്ള ഏക സർവാംഗീകൃത ജ്ഞാനമാർഗം ശാസ്ത്രം മാത്രമാണോ?
ആധുനിക ലോകത്ത് മതപരമായും തത്വചിന്താപരമായുമുള്ള ലോകവീക്ഷണങ്ങളെല്ലാം നിരാകരിക്കപ്പെടുകയും ശാസ്ത്രം മാത്രമാണ് ആത്യന്തിക സത്യത്തെ തിരിച്ചറിയാനുള്ള ഏക മാർഗമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നതിലൂടെ ശാസ്ത്രം അധികാരഘടനയുടെ ഭാഷയായി മാറുന്നു. ശാസ്ത്രേതര ജ്ഞാന രീതിശാസ്ത്രങ്ങളെയും സാമൂഹിക തത്വങ്ങളെയും സംവിധാനങ്ങളെയും അത് നിരന്തരം നിർവചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. യാഥാർഥ്യത്തെ നിർണയിക്കാനും സ്ഥിരീകരിക്കാനുമുള്ള ശാസ്ത്രീയ അധികാരത്തെ രാഷ്ട്രീയ ഭരണമേഖലകളിലുള്ളവർ ഒട്ടും വിമർശനാത്മകമായി സമീപിക്കാതെ സ്ഥായിയായ പ്രമാണമായി അവലംബിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾക്ക് നാം സാക്ഷികളാണ്. ശാസ്ത്രീയമായി വ്യാഖ്യാനിച്ച് കേരളത്തിൽ നടപ്പിലാക്കായ വ്യത്യസ്ത ഭരണകൂട വികസന പദ്ധതികളും, അതിൻെ ഇരകളായ പാർശ്വവൽകൃത ജനവിഭാഗങ്ങളും ‘ശാസ്ത്രീയ അധികാരത്തിൻ്റെ’ നേർചിത്രമാണ്. തലമുറകളെ നശിപ്പിച്ച എൻഡോസൽഫാൻ പദ്ധതിയും ഇതിൻ്റെ പ്രകടമായ ഉദാഹരണമാണ്.


കാര്യങ്ങളെ വിശകലനം ചെയ്യുന്നതിലും പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങൾ ശാസ്ത്രീയതയുടെ വികാസരൂപമായ ടെക്നോക്രാറ്റിക്ക് യുക്തിയെ സമ്പൂർണമായും സ്വാംശീകരിച്ചിരിക്കുന്നു. ആധുനിക ഭരണകൂട സംവിധാനങ്ങളിൽ സംഭവിച്ച ഈ മാറ്റത്തെ ടെക്നോക്രസിയെന്ന് വിളിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭാഷയിൽ നടപ്പാക്കപ്പെടുന്ന വികസന പദ്ധതികളും ഭരണകൂട ഇടപെടലുകളുമെല്ലാം വിമർശനരഹിതമായി സ്വീകരിക്കപ്പെടണമെന്ന ജനാധിപത്യവിരുദ്ധവും അരാഷട്രീയപരവുമായ മനോഭാവം സാമാന്യവൽക്കരിക്കപ്പെടാൻ ശാസ്ത്രീയത എന്ന ആശയത്തിലൂടെയും ടെക്നോക്രാറ്റിക്ക് സമീപനത്തിലൂടെയും സാധിക്കുന്നു. ശാസ്ത്ര സാങ്കേതികതയുടെ പിൻബലത്തിൽ പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളെ അവഗണിച്ച് ഭരണകൂടം നടപ്പിലാക്കിയ വ്യത്യസ്ത വികസന പദ്ധതികളെ പഠിക്കുമ്പോൾ ബോധ്യമാവുന്ന വസ്തുതയാണിത്. ജനങ്ങളനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ സാങ്കേതികമായി മാത്രം സമീപിക്കുകയും സാങ്കേതികമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന ടെക്നോക്രാറ്റിക് യുക്തിയിലൂടെ വ്യവസ്ഥാപിതവും ഘടനാപരവുമായ പ്രശ്നങ്ങളെ ഭരണകൂടങ്ങൾ കാണാതെ പോവുന്നു. ഇതിൻ്റെ പ്രധാന ഉദാഹരണമാണ് കേരളത്തിൽ നടപ്പാക്കപ്പെട്ട ലൈഫ് മിഷൻ പദ്ധതി. ചരിത്രപരവും വ്യവസ്ഥാപിതവുമായ ഭൂപ്രശ്നത്തെ തിരിച്ചറിയാൻ ശ്രമിക്കാതെ, എത്ര ന്യൂനീകരിച്ചാണ് ടെക്നോക്രാറ്റിക്ക് യുക്തി പ്രശ്നങ്ങളെ മനസ്സിലാകുന്നതും സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നത്. ഫ്ലാറ്റ് സമുച്ചയമെന്ന സാങ്കേതിക പരിഹാരം സമർപ്പിക്കുന്നതോടെ ഭൂമിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കീഴാള ജനതയെ ഭരണകൂടം നഗ്നമായി പരിഹസിക്കുകയാണ്.
തീരുമാനമെടുക്കാനുള്ള അധികാരങ്ങൾ ടെക് വിദഗ്ദ്ധർക്ക്, അല്ലെങ്കിൽ അൽഗോരിതങ്ങൾ പോലുള്ള വിദഗ്ദ്ധർ രൂപകൽപ്പന ചെയ്ത ഡിജിറ്റൽ നടപടിക്രമങ്ങൾക്ക് വിട്ട് കൊടുക്കുകയും സിവിൽ സമൂഹത്തിൻ്റെ ഇടപെടലുകൾ നിർവീര്യമാക്കപ്പെടുകയുമാണ് ടെക്നോക്രസിയിലൂടെ സംഭവിക്കുന്നതെന്ന് റോജേഴ്സ് ബ്രൂബേക്കർ തൻ്റെ ‘ഡിജിറ്റൽ ഗവൺമെൻറ് ബിറ്റ്വീൻ പോപ്പുലിസം ആൻഡ് ടെക്നോക്രസി’ എന്ന ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഭരണപ്രവർത്തനങ്ങളിൽ സമ്പൂർണമായും ‘വിമർശനരഹിതമായ സാങ്കേതികയുക്തി’ സ്വാംശീകരിക്കപ്പെടുന്നതിലൂടെ ചോദ്യം ചെയ്യപ്പെടാത്ത ടെക്നോക്രാറ്റിക്ക് പരമാധികാര ശക്തിയായി ആധുനിക ഭരണകൂടങ്ങൾ മാറിയിട്ടുണ്ട്. ഡൊണാൾഡ് ട്രമ്പും നരേന്ദ്ര മോദിയുമെല്ലാം തങ്ങളുടെ വംശീയ ഭരണകൂട പദ്ധതികളെ ആധികാരികമായി വ്യാഖ്യാനിക്കുന്നതും നടപ്പിലാക്കുന്നതും പ്രസ്തുത സാങ്കേതിക യുക്തിയെ ആധാരമാക്കിയാണ്. ഭരണകൂട വിമർശനത്തിൻ്റെ ജനാധിപത്യ ഇടങ്ങളും സിവിൽ സമൂഹത്തിൻ്റെ ക്രിയാത്മക സാന്നിധ്യവുമാണ് ജനാധിപത്യവൽക്കരിക്കപ്പെടാത്ത ശാസ്ത്ര സാങ്കേതിക മണ്ഡലത്തിലൂടെ നഷ്ടപ്പെടുന്നത്. മാത്രമല്ല, ഗവേഷണ വസ്തുവിനെ (മനുഷ്യനോ മനുഷ്യനല്ലാത്തതോ) ചൂഷണം ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള വെറും ‘വസ്തുക്കൾ’ മാത്രമായി ആധുനിക ശാസ്ത്രം പരിമിതപ്പെടുത്തുമ്പോൾ, മുല്യരഹിതമായ പാരിസ്ഥിതിക സാമൂഹിക ഇടപെടലുകൾക്ക് അത് കാരണമാകുന്നു.
ശാസ്ത്ര സാങ്കേതികവിദ്യ, അധികാരം, ഹിംസ
ശാസ്ത്ര-സാങ്കേതികവിദ്യ പലപ്പോഴും അനീതിയുടെയും ക്രൂരമായ ഹിംസയുടെയും പ്രയോഗരൂപങ്ങൾ കൂടിയാണ്. അധീശത്വ വ്യവസ്ഥകളെയും അധികാരക്രമങ്ങളെയും ഭീകരമായ ഹിംസയിലൂടെ നിലനിർത്താൻ ഇവ ഉപയോഗിക്കപ്പെടുന്നു. പാശ്ചാത്യ നാഗരികത തങ്ങളുടെ പരമാധികാരത്തെയും കൊളോണിയൽ പദ്ധതികളെയും സ്ഥാപിക്കാനുള്ള സങ്കേതങ്ങളായി ശാസ്ത്ര-സാങ്കേതികവിദ്യയെ വിനിയോഗിച്ചു. ഭരണകൂടത്തിൻ്റെ ഭാഗമായി മാറുന്നതോടെ ശാസ്ത്രവും സാങ്കേതികവിദ്യയും സ്വയമേവ പരമാധികാര ശക്തിയായി ദൈനംദിന ജീവിതത്തിലും സാമൂഹിക അവബോധങ്ങളിലും ലോകവീക്ഷണങ്ങളിലുമെല്ലാം സമഗ്രമായ മാറ്റങ്ങൾ സൃഷ്ടിച്ചു. പ്രസ്തുത മാറ്റങ്ങളെ സൂക്ഷ്മമായി തിരിച്ചറിയേണ്ടതിൻ്റെ അനിവാര്യതയെ സംബന്ധിച്ച് തലാൽ അസദ് സൂചിപ്പിക്കുന്നുണ്ട്: “എന്നിരുന്നാലും, എന്റെ വാദം ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് തിരിച്ചറിയുകയല്ല (ആധുനികത, യൂറോപ്യൻ നാഗരികത, മനുഷ്യത്വം), മറിച്ച് നമ്മെ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന ഭാഷകളും ജീവിതരൂപങ്ങളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുക എന്നതാണ്.”
മനുഷ്യജീവിതത്തെ സമഗ്രമായി നിർണയിക്കുന്ന വിധത്തിൽ സാങ്കേതികവിദ്യയുമായുള്ള മനുഷ്യ ഇടപാടുകൾ മാറിയിട്ടുണ്ട്. തലാൽ അസദ് ചൂണ്ടിക്കാണിച്ചതുപോലെ, ആധുനിക ശാസ്ത്രത്തിന്റെ അത്ഭുതകരമായ നേട്ടങ്ങൾ, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നശീകരണവും ആണവയുദ്ധത്തിന്റെ സാധ്യതകളും സൃഷ്ടിക്കുന്ന ഇരുണ്ട ഭാവിയിലേക്കുള്ള സൂചന കൂടിയാണ്. ഇതിന് ചരിത്രപരമായ നിരവധി ഉദാഹരണങ്ങളുണ്ട്. ജൂത വംശഹത്യയെ സാധ്യമാക്കിയ ഹിറ്റ്ലറുടെ വംശീയ സാങ്കേതികയുക്തിയിൽ കുറഞ്ഞ സമയത്തിൽ ഒരുപാടാളുകളെ കൊല്ലാൻ ഗ്യാസ് ചേംബറുകൾ ഉപയോഗിച്ചതും യൂജിനിക്സ് (eugenics) വംശീയ പദ്ധതികളും അവയിൽ ചിലതാണ്. ജൈവ ദേശീയത (biological nationalism), ജനിതക അധമത (genetic inferiority) എന്നിവയുടെ പേരിൽ വന്ധ്യവൽക്കരണം, ദയാവധം, വംശീയ ഉന്മൂലന പദ്ധതികൾ തുടങ്ങിയവയും നാസികൾ നടപ്പാക്കി.


ചരിത്രപരമായി, പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനുള്ള പരീക്ഷണാത്മക ഇടമായി യുദ്ധങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. യുദ്ധങ്ങൾ ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളിലേക്ക് സ്ഥിരമായി നയിച്ചിട്ടുണ്ട് എന്നതിൻ്റെ അടയാളമാണ് വെങ്കലത്തിന്റെയും ഇരുമ്പിന്റെയും ഉപയോഗം മുതൽ സ്റ്റിറപ്പുകൾ, വെടിമരുന്ന്, ടാങ്കുകൾ, ആണവായുധങ്ങൾ വരെ എത്തിനിൽക്കുന്ന ആയുധങ്ങളിലെ വികാസം (ഹോവാർഡ്). യുദ്ധത്തെക്കുറിച്ചുള്ള തന്ത്രപരമായ ചർച്ചകളും യുദ്ധക്കളത്തിലെ പരീക്ഷണങ്ങളും സായുധ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ഉപകരണങ്ങളുടെ വികാസത്തിനും പരീക്ഷണത്തിനും കാരണമായിട്ടുണ്ട്.
രണ്ട് ലോകമഹായുദ്ധങ്ങൾ ലോകത്തിന്റെ സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക ഘടനകളെ മാറ്റിമറിക്കുക മാത്രമല്ല, യുദ്ധത്തിന്റെ പുതിയ അർത്ഥങ്ങളും മേഖലകളും അവതരിപ്പിച്ചുവെന്നും പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (വിരിലിയോ). മുൻ സംഘർഷങ്ങളിൽ, മനുഷ്യശേഷിയും പരിമിതമായ സാങ്കേതികവിദ്യയും ഉള്ള സായുധ പോരാളികളാണ് യുദ്ധക്കളങ്ങളിൽ ഏറ്റുമുട്ടിയത്. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ ഘട്ടത്തിലാണ് മനുഷ്യർ പൂർണ്ണമായും ഉപകരണവൽക്കരിക്കപ്പെടുകയും ശാസ്ത്രീയ-മെഷീൻ സാങ്കേതികവിദ്യകളുടെ ഒരു ശൃംഖലയിലേക്ക് സംയോജിപ്പിക്കപ്പെടുകയും ചെയ്യുന്നത്. വ്യാവസായിക തോതിലുള്ള ആയുധങ്ങൾ, വിമാനങ്ങൾ, ടാങ്കുകൾ, യു-ബോട്ടുകൾ, വിവിധ രാസായുധങ്ങൾ തുടങ്ങിയ നിരവധി ഉപകരണങ്ങളിൽ ഒന്നായി മനുഷ്യൻ്റെ സാന്നിധ്യം മാറി.
രണ്ടാം ലോക മഹായുദ്ധം വലിയ ശാസ്ത്ര-സാങ്കേതിക ആയുധങ്ങളുടെ ഉപയോഗത്താൽ അടയാളപ്പെടുത്തപ്പെട്ടതാണ്. ‘സൈനിക ശക്തി’ എന്ന് വിളിക്കപ്പെടുന്നതിന് പുതിയ മാനദണ്ഡങ്ങൾ കൽപിക്കപ്പെട്ടു. വ്യോമയുദ്ധം, തന്ത്രപരമായ ബോംബിംഗ്, ആശയവിനിമയ ശൃംഖലകൾ, റഡാർ സംവിധാനങ്ങൾ, രഹസ്യാന്വേഷണം, ശാസ്ത്രജ്ഞരുടെയും തന്ത്രജ്ഞരുടെയും സഹകരണം മുതലായവ ഒരു രാജ്യത്തിന്റെ സൈനിക ശക്തിയെ നിർവചിക്കുന്ന സ്വഭാവസവിശേഷതകളായി രൂപപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഗോള രാഷ്ട്രീയത്തിലും യുദ്ധതന്ത്രങ്ങളിലുമുള്ള സുപ്രധാന ഘടകമായി ആണവ ശക്തി മാറുന്നുണ്ട്. ആണവായുധങ്ങളുടെ കൂട്ടനശീകരണ ശേഷി ആഗോള നാശത്തിന്റെ സ്ഥിരമായ ഭീഷണിയാണ്.
സാങ്കേതിക വിദ്യയുടെ വിപുലമായ പിന്തുണയോടെ അരങ്ങേറിയ ഗസ്സ വംശഹത്യ ഭ്രാന്തവും ഹിംസാത്മകവുമായ യൂറോപ്യൻ നാഗരികതയുടെ വംശീയ രാഷ്ട്രീയാവിഷ്കാരങ്ങൾക്കുള്ള രക്തമിറ്റുന്ന തെളിവുകളാണ്. ഫലസ്ത്വീനിൽ ശാസ്ത്രസാങ്കേതികവിദ്യകൾക്കിപ്പോൾ വംശഹത്യയുടെ മുഖമാണ്. ഇസ്രായേലി ഡ്രോണുകൾ, AI അടിസ്ഥാനമാക്കിയുള്ള ലക്ഷ്യനിർണയ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് ആയുധങ്ങൾ എന്നിവ നിരപരാധികളായ മനുഷ്യർക്ക് മേൽ ഭീകരമായി പ്രയോഗിക്കപ്പെടുന്നു. വംശഹത്യ ഫലപ്രദമായി നടത്തുന്നതിന് വേണ്ടി ഇസ്രായേൽ ആഗോള സാമ്പത്തിക ശക്തികളുമായും ടെക് ഭീമന്മാരുമായും സഹകരിച്ച് ഏറ്റവും നൂതനവും AI നിയന്ത്രിതവുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തു. മനുഷ്യ ചരിത്രത്തിലെ ജനസംഖ്യയിൽ ഇതുവരെ പ്രയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സാങ്കേതിക ശക്തിയുടെയും ഹിംസയുടെയും ആവിഷ്കാരമാണ് ഗസ്സ വംശഹത്യ.


കാലങ്ങളായി ഗസ്സ എങ്ങനെയാണ് ഇസ്രായേലിന് അവരുടെ നൂതന ആയുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണശാലയായി പ്രവർത്തിക്കുന്നതെന്ന് ആന്റണി ലെവൻസ്റ്റിൻ തന്റെ ‘പലസ്തീൻ ആസ് എ ലബോറട്ടറി’ എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്. പ്രസ്തുത പരീക്ഷണഫലങ്ങളെ ലോകമെമ്പാടും വിൽക്കുന്ന വിപുലമായ വ്യാവസായിക താൽപര്യം കൂടി ഇസ്രായേലിനുണ്ട്. സുരക്ഷാ സാങ്കേതികവിദ്യകളിലൂടെയും നിരീക്ഷണ സംവിധാനങ്ങളിലൂടെയും ഗസ്സ നിരീക്ഷിക്കപ്പെട്ടു, ആകാശത്ത് നിന്നുള്ള നിരീക്ഷണം, ഉപരോധങ്ങൾ, ചലനങ്ങളെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ വ്യാപകമായ അധീശ മേൽനോട്ടത്തിലൂടെയാണ് ഇസ്രായേൽ തങ്ങളുടെ സമ്പൂർണമായ ആധിപത്യം സ്ഥാപിക്കുന്നത്. 2023 ഒക്ടോബർ 7 ന് ശേഷം, ഇസ്രായേൽ സൈന്യം യു എസിൽ നിർമ്മിച്ച AI – നിയന്ത്രിത ആയുധങ്ങൾ ഉപയോഗിച്ച് അവർ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്യാനും ബോംബിംഗ് നടത്താനും വെടിവെപ്പുകൾ നടത്താനും തുടങ്ങി. ഇസ്രായേൽ അതിന്റെ സൈനിക പ്രവർത്തനങ്ങളിൽ തന്ത്രപരമായ കൃത്രിമ ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ചു. ലാവെൻഡർ, ഗോസ്പൽ പോലുള്ള പ്രോഗ്രാമുകളിലൂടെ ജനങ്ങളെ ലക്ഷ്യം വെച്ച് പിന്തുടർന്നു. ഗസ്സയിലെ പതിനായിരക്കണക്കിന് ഫലസ്തീനികളെ ഉന്മൂലനത്തിനുള്ള ലക്ഷ്യവസ്തുക്കളായി തിരിച്ചറിയുന്നതിൽ ഈ ഉപകരണങ്ങൾ നിർണായകമായിരുന്നു.
ഒക്ടോബർ 7 ന് ശേഷം ഇസ്രായേൽ ആദ്യം ലക്ഷ്യമിട്ടത് ഫലസ്തീൻ ടെക് സ്ഥാപനങ്ങളെയും പ്രോഗ്രാമർമാരെയും വിവരസാങ്കേതിക വിദഗ്ധരെയും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയുമാണെന്നാണ് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗസ്സയിലെ സാങ്കേതിക മേഖലയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ആശയവിനിമയ കമ്പനികളുടെ ആസ്ഥാനം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർത്തു. ആധുനിക യുദ്ധത്തിൽ വിവരസാങ്കേതികവിദ്യയാണ് ഏറ്റവും ശക്തമായ ആയുധമെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ആക്രമണം നടന്നത്.
ഇന്ത്യയിൽ സവർണ ഹിന്ദുത്വ പ്രത്യയശാസ്ത്രം അവരുടെ വംശീയ പദ്ധതികളെ ആധികാരികമായി അവതരിപ്പിക്കാൻ ശാസ്ത്രത്തെ അവലംബിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ബാനു സുബ്രഹ്മണ്യം നിരീക്ഷിച്ചതുപോലെ, ജീവശാസ്ത്രം (biology) ഹിന്ദുത്വ ദേശീയതയുടെ സങ്കൽപ്പലോകത്തിൽ കേന്ദ്രസ്ഥാനം കൈവരിച്ചിരിക്കുന്നു. ഇത് ഹിന്ദുത്വ ദേശീയവാദികൾക്ക് അവരുടെ വംശീയ പദ്ധതിയെ ഒരേ സമയം പുരാതനവും ശാസ്ത്രീയവുമായി അവതരിപ്പിക്കാൻ സഹായിക്കുന്നു. മുതലാളിത്തവും, നിയോലിബറലിസവും തങ്ങളുടെ വംശീയ-ദേശീയതക്ക് ഉള്ളിലായി പ്രതിഷ്ഠിച്ച പോലെ ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയെയും അവർ പ്രതിഷ്ഠിക്കുന്നു. അഥവാ, കേവലം ഒരു പുരാതന ഹിന്ദു ഭൂതകാലത്തെ വിഭാവന ചെയ്യുന്നതിനപ്പുറം, അതിനെ ആധുനികതയിലേക്ക് ചേർത്ത് ഒരു ‘പുരാതന ആധുനികത’യെ അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ബാനു സുബ്രഹ്മണ്യം പറയുന്നത് പോലെ, ഹിന്ദുത്വ ഒരിക്കലും ശാസ്ത്രത്തെ നിരാകരിക്കുന്നില്ല, മറിച്ച് ഹിന്ദുവിസത്തെ ശാസ്ത്രവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ‘DNA യുടെ സാമ്യത’, ‘ഹിന്ദു രക്തത്തിന്റെ ശുദ്ധി’ തുടങ്ങിയ അവകാശവാദങ്ങളും ഗണപതിയുടേതാണ് ആദ്യ പ്ലാസ്റ്റിക്ക് സർജറി പോലുള്ള പരാമർശങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.


ഹിന്ദുത്വ ദേശീയത ഒരു ബയോ-ദേശീയത (bio nationalism) കൂടിയാണെന്ന് ബാനു സുബ്രമണ്യം നിരീക്ഷിക്കുന്നുണ്ട്. അഥവാ, ജീവശാസ്ത്രം (biology) ഹിന്ദുത്വ ദേശീയതയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. രക്ത-ശരീര ശുദ്ധിയിലടിസ്ഥാനമായ പരമ്പരാഗത വംശീയ-ദേശീയതയെ ജൈവശാസ്ത്ര അടിത്തറയിലേക്ക് മാറ്റി മനുഷ്യന്റെ നിയന്ത്രണം സാധ്യമാക്കുന്ന പ്രക്രിയയെയാണ് ‘ബയോ-ദേശീയത’ എന്നവർ വിളിക്കുന്നത്. ഇതിലൂടെ, ശാസ്ത്രീയവും ജനിതകവുമായ ഒരു ‘ഹിന്ദു’ സ്വത്വത്തെ നിർമ്മിക്കാനും, ആരാണ് തദ്ദേശീയർ എന്ന് തീരുമാനിക്കാനും കഴിയുന്നു. ജനിതകശാസ്ത്രം ഉപയോഗിച്ച് ആര്യവംശം ഇന്ത്യയിലെ ആദിമ നിവാസികളാണ് എന്ന് വരുത്തിത്തീർക്കാനുള്ള യജ്ഞമെല്ലാം ഇതിന്റെ ഭാഗമാണ്. സ്വാഭാവികമായി, അപര സമുദായങ്ങൾ കേവലം മതപരവും രാഷ്ട്രീയപരവുമായ എതിരാളികളായല്ല, മറിച്ച് ശാസ്ത്രീയമായി തന്നെ അശുദ്ധരും അപരൻമാരായും ചിത്രീകരിക്കപ്പെടുന്നു. അതുപോലെ, ചില പ്രത്യേക പ്രവിശ്യകൾ മാത്രം തിരഞ്ഞെടുത്ത് പഠനം നടത്തി മുസ്ലിം ജനസംഖ്യ ക്രമാധീതമായി ഉയരുന്നു, ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞുവരുന്നു എന്ന പെരും നുണയെ ശാസ്ത്രീയമായി തെളിയിക്കുന്നു. ഇതിലൂടെ മുസ്ലിം അപരനെ കൂടുതൽ പൈശാചികവൽക്കരിക്കാനും ‘ജനസംഖ്യ നിയന്ത്രണം’ എന്ന പേരിൽ പലപ്പോഴും ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനും കാരണമാകുന്നു. അഥവാ, ഇവിടെയെല്ലാം ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കാനുളള പരമാധികാരം എല്ലാ ദേശരാഷ്ടങ്ങളിലെന്ന പോലെ ഇന്ത്യയിലും സാധ്യമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായാണ് ശാസ്ത്ര സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.
വിമോചനാത്മക ശാസ്ത്രം
ആധുനിക ശാസ്ത്രം സ്വയം വിഭാവനം ചെയ്യുന്ന ശാസ്ത്രത്തിൻ്റെ മൂല്യ നിരപേക്ഷതയും നിഷ്പക്ഷതയും വ്യാജമായ അവകാശവാദങ്ങൾ മാത്രമാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ വിനിമയത്തിലും പ്രയോഗത്തിലുമെല്ലാം സാമൂഹികവും പ്രത്യശാസ്ത്രപരവുമായ ഇടപെടലുകൾ നിത്യാനുഭവമായ ലോക പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. പശ്ചാത്യൻ നാഗരികതയുടെ ഭ്രാന്തവും ഹിംസാത്മകവുമായ വംശീയ പദ്ധതികൾ സാങ്കേതികവിദ്യയുടെ ഭാഷ സമ്പൂർണമായും സ്വാംശീകരിച്ചിരിക്കുന്നു. മനുഷ്യരും പ്രകൃതിയും ആവാസവ്യവസ്ഥയുമെല്ലാം ശാസ്ത്രീയ മാപിനിയിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കുള്ള കേവലം വസ്തുക്കൾ മാത്രമാവുമ്പോൾ, പ്രസ്തുത വസ്തുക്കളെ ചൂഷണാത്മകമായി സമീപിക്കുന്നതിന്റെ ആഴമേറിയ പ്രത്യാഘാതങ്ങൾക്ക് നാം സാക്ഷിയാവുന്നു.
നീതിബോധത്തെയും ധാർമ്മിക മൂല്യങ്ങളെയും നിരാകരിച്ചുള്ള സാങ്കേതിക പുരോഗതിയെന്ന ആശയത്തോട് ആഴമേറിയ വിമർശനങ്ങൾ രൂപപ്പെടണം. ശാസ്ത്രസാങ്കേതികവിദ്യ നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രതലത്തെ വിമർശനാത്മകമായി മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമാവണം. മനുഷ്യന്റെ നൈസർഗിക ശേഷിയെ പരിഗണിച്ച്, മനുഷ്യനന്മയിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ ശാസ്ത്ര സാങ്കേതികവിദ്യയുടെ വിനിയോഗസാധ്യതകളെ വികസിപ്പിക്കുന്ന ഇടപെടലുകൾ ഉണ്ടാവണം. ഭ്രാന്തവും ഹിംസാത്മകവുമായ യൂറോപ്യൻ നാഗരികതയുടെ വംശീയ രാഷ്ട്രീയാവിഷ്കാരങ്ങളെ മറികടന്ന് വിമോചനാത്മകമായ ലോകനിർമ്മിതിയെയും നാഗരികതയെയും സാക്ഷാത്കരിക്കുന്നതിൽ ഇത്തരം സംവാദങ്ങൾ ഏറെ പ്രധാനമാണ്.
അവലംബം
Ali, S. M. (2024). AI and/as racialised political theology.
Arendt, H. (2019). The Human Condition. University of Chicago Press. (Original work published, 1958)
Asad, T. (2018). Secular translations: Nation-state, modern self, and calculative reason. Columbia University Press.
Brubaker, R. (n.d.). Digital governance: Between populism and technocracy. Institute for Human Sciences (IWM). https://www.iwm.at/publication/iwmpost-article/digital-governance-between-populism-and-technocracy
Haraway, D. (2010). A cyborg manifesto (1985). In I. Szeman & T. Kaposy (Eds.), Cultural theory: An anthology (pp. 454–478). Wiley-Blackwell.
Heidegger, M. (1993). The question concerning technology. In D. F. Krell (Ed.), Basic writings (Rev. ed., pp. 311–341). HarperCollins. (Original work published 1954)
Howard, M. (2009). War in European history. Oxford University Press.
Ihde, D. (1990). Technology and the lifeworld: From garden to earth. Indiana University Press.
Loewenstein, A. (2023). The Palestine laboratory: How Israel exports the technology of occupation around the world. Verso.
Sarukkai, S. (2016). What is science? National Book Trust.
Sardar, Z. (2006). How do you know? Reading Islam, science and cultural relations. Pluto Press.
Subramaniam, B. (2019). Holy science: The biopolitics of Hindu nationalism. University of Washington Press.
Verbeek, P.-P. (2010). What things do: Philosophical reflections on technology, agency, and design. Pennsylvania State University Press.
Virilio, P. (1989). War and cinema: The logistics of perception. Verso.

