ലാദന്റെ കാലടികളിൽ ഷേക്‌സ്പിയർ രക്തം വടുകെട്ടി നിന്നു

ഓഫ്‌റോഡ്-15

ഉസാമ ബിൻലാദന് ഷേക്‌സ്പിയറെക്കുറിച്ചുള്ള അഭിപ്രായം എന്തായിരുന്നു? നെൽസൺ മണ്ടേലയിൽ ജൂലിയസ് സീസർ എങ്ങിനെയാണ് പ്രവർത്തിച്ചത്? ഖാംനഇ ഷേക്‌സ്പിയറെ ഇഷ്ടപ്പെട്ടുവോ, വെറുത്തുവോ? ഇങ്ങിനെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്ന, ഷേക്‌സ്പിയർ സാഹിത്യത്തിന്റെ പിൽക്കാല ജീവിതം ആഴത്തിൽ അന്വേഷിക്കുന്ന അതിഗംഭീര പുസ്തകമാണ് ഡോ. ഇസ്‌ലാം ഇസ്സയുടെ ‘ഷേക്‌സ്പിയർ  ആന്റ് ടെററിസം’. എന്റെ 2022 തുടങ്ങിയത് ഈ പുസ്തകത്തിന്റെ വായനയിലൂടെയായിരുന്നു. സാഹിത്യ പഠനങ്ങളിലെ സാമൂഹികതയെക്കുറിച്ച് കൃത്യമായ ദിശാബോധം നൽകുന്നതാണ് ബർമിംഗ്ഹാം സിറ്റി യൂണിവേഴ്‌സിറ്റിയിലെ (യു.കെ) സ്‌കൂൾ ഓഫ് ഇംഗ്ലീഷിൽ അധ്യാപകനായ ഗ്രന്ഥകാരന്റെ കാഴ്ച്ചപ്പാടുകൾ.  

ബിൻലാദന്റെ ഷേക്‌സ്പിയർ അനുഭവം 13-ാം വയസ്സിലായിരുന്നു. ആരോഗ്യം മോശമായിരുന്ന ലാദന് നല്ല ചികിത്സ ലഭിക്കാനും മികച്ച വിദ്യാഭ്യാസം കിട്ടാനുമായി കുടുംബം ഇംഗ്ലണ്ടിലേക്കയക്കുന്നു. ഞായറാഴ്ച്ചകളിൽ കൂട്ടുകാർക്കൊപ്പം ആ 13 വയസ്സുകാരൻ സ്ഥിരമായി സന്ദർശിച്ചിരുന്ന സ്ഥലം ഷേക്‌സ്പിയർ ജന്മഗൃഹമുള്ള സ്ട്രാറ്റ്‌ഫോർഡ് അപ്പോൺ എ വൺ ആയിരുന്നു. അതിനെക്കുറിച്ച് ഗറില്ല ജീവിത കാലത്ത് മക്കൾക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ച ഡയറിയിൽ ഇങ്ങനെ ഉണ്ട്: “എനിക്കവിടം ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ കുത്തഴിഞ്ഞ ജീവിതമുള്ളവരായിരുന്നു. നമ്മുടേതു പോലെയല്ല. അവരുടെ സദാചാരം തീർത്തും അയഞ്ഞതുമായിരുന്നു. അന്നത്തെ എന്റെ ജീവിതത്തെക്കുറിച്ച് പറയാൻ ഇന്നത്തെ എന്റെ പ്രായം അനുവദിക്കുന്നില്ല.”

ബിൻലാദനെ വധിച്ച ശേഷം താമസസ്ഥലത്തെ തിരിച്ചലിൽ സി.ഐ.എക്ക് അദ്ദേഹത്തിന്റെ ഡയറി (ജേണൽ) ലഭിച്ചു. അതിലാണ് ഇക്കാര്യമുള്ളത്. പണ്ടു മുതലേ കമിതാക്കൾ സ്വതന്ത്രമായി വിഹരിക്കുന്ന ഒരിടമാണ് ഈ പ്രദേശമെന്ന് ഗ്രന്ഥകാരൻ പറയുന്നു. അതിൽ നിന്നായിരിക്കണം അയഞ്ഞ സദാചാരക്കാർ എന്ന സങ്കൽപ്പത്തിൽ ലാദൻ എത്തിയത്. 13 വയസ്സിൽ മിക്ക വാരാന്ത്യങ്ങളിലും ഷേക്‌സ്പിയർ ദേശത്ത് പോകുമായിരുന്നുവെന്ന് ലാദൻ പറയുന്നു. അവിടേക്ക് അന്നത്തെ ലാദനെ ആകർഷിച്ച ഘടകം എന്തായിരുന്നു? പിന്നീട് ആ കാഴ്ച്ചകൾ വെറുപ്പിലേക്കും ഭീകരതയിലേക്കുമുള്ള വഴിയായി എങ്ങിനെ വളർത്തിയെടുത്തു?

ഇസ്‌ലാം ഇസ്സ

ഈ ഷേക്‌സ്പിയർ പരാമർശത്തിൽ നിന്നും ലാദന്റെ മനോഘടനയുടെ വേരുകണ്ടെത്തുകയാണ് ഇസ്‌ലാം ഇസ്സ. അയഞ്ഞ സദാചാരക്കാരെ നേരിടണമെന്ന് ബാല്യത്തിൽ അയാൾ കരുതിയതിന് തെളിവുകളൊന്നുമില്ല. പിന്നീട് അതിൽ നിന്നും ഭീകര സിദ്ധാന്തം തന്നെ വളർത്തിയെടുത്ത ഒരാളെയാണ് പുസ്തകത്തിൽ വായനക്കാരൻ അഭിമുഖീകരിക്കുന്നത്. ലാദൻ ഷേക്‌സ്പിയർ നാടകങ്ങളിൽ ഒന്നുപോലും കണ്ടതായി തെളിവുകളുമില്ല. എന്നാൽ സ്ട്രാറ്റ്‌ഫോർഡ് അപ്പോൺ എ വൺ എന്ന പ്രദേശം തന്നെ ‘ഇങ്ങിനെയാണെങ്കിൽ’ അവിടെയുണ്ടായ നാടകങ്ങൾ എവ്വിധമായിരിക്കും? ആ പശ്ചാത്തലത്തിൽ ഈ സ്ഥലം പിന്നീട് ഒരു ടെറർ ഗ്രൗണ്ടാകുന്നതിനെക്കുറിച്ച്, ലണ്ടനിൽ പലപ്പോഴായുണ്ടായ ഭീകരാക്രമണങ്ങളെക്കുറിച്ച് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. ഒരിക്കൽ ആളും ഉടമയുമില്ലാതെ കിടന്ന ഒരു സ്യൂട്ട്കേസ് ചൂണ്ടി ഇത് നിങ്ങളുടേതാണോ എന്ന് പൊലീസ് തന്നോട് സ്ട്രാറ്റ്‌ഫോഡിൽ ഷേക്ക്‌സ്പിയർ വീടിനടുത്തുവെച്ച് ചോദിച്ചതിനെക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഇതോടെ കമിതാക്കൾ സ്വതന്ത്രരായി വിഹരിച്ചിരുന്ന ഷേക്‌സ്പിയർ ദേശവും പൊലീസ് നിരീക്ഷണത്തിലായി. ലാദൻ ആഗ്രഹിച്ച സദാചാര നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഭീകരത ഇങ്ങിനെയാണ് പിൽക്കാല ഷേക്‌സ്പിയർ ജീവിതത്തിൽ ഇടപെട്ടതെന്ന ഒരുദാഹരണം ഇസ്സ ഇതിലൂടെ വ്യക്തമാക്കുന്നു. എന്നാൽ നിരവധി ഭീകര ലോകങ്ങളുടെ ആദ്യ ചവിട്ടുപടി മാത്രമാണിതെന്ന് പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ വായനക്കാർ മനസ്സിലാക്കുന്നു.  

ഷേക്‌സ്പിയർ സാമൂഹ്യ സ്ഥലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന വിവിധങ്ങളായ ഭയങ്ങളെക്കുറിച്ച് ബോധവാനായിരുന്നു. ഭയം എന്ന വാക്കിന്റെ നൂറിലധികം പര്യായപദങ്ങൾ സ്വന്തം കൃതികളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. 1605ൽ ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് ഒന്നാമനെ വധിക്കാൻ നടത്തിയ വെടിമരുന്ന് ഗൂഡാലോചനയുടെ പശ്ചാത്തലത്തിൽ നിന്നാണ് മാക്‌ബെത്ത് രൂപം കൊണ്ടത്. മനുഷ്യരക്തത്തിന്റെ അരങ്ങാണ് ഷേക്‌സ്പിയർ നാടകങ്ങൾ. അദ്ദേഹത്തിന്റെ നാടകങ്ങളിൽ 150ലേറെ കൊലകൾ നടക്കുന്നു. മിക്കതും കുത്തേറ്റ മരണങ്ങളാണ്. (സ്ത്രീകൾക്ക് സർപ്പദംശനം, മുങ്ങി മരണം എന്നീ വിധത്തിലുമാണ്) 689 തവണ ഈ രചനകളിൽ രക്തം എന്നു കാണാം. 234 തവണ രക്തരൂക്ഷിതമായ, രക്തംപുരണ്ട എന്നീ വാക്കുകളും കാണാം. മനുഷ്യരക്തത്തിനു വേണ്ടി ദാഹിച്ച ഭീകരതയുടെ എല്ലാ കാലത്തേയും പ്രശ്‌നങ്ങളേയാണ് ഷേക്‌സ്പിയർ നാടകങ്ങൾ അഭിസംബോധന ചെയ്തുകൊണ്ടേയിരുന്നത് എന്നാണ് ഇതിനർത്ഥമെന്ന് ഇസ്‌ലാം ഇസ്സ വിശദമാക്കുന്നു. മനുഷ്യ രക്തത്തിന്റെ ഈ അരങ്ങിന്റെ പിൽക്കാല ജീവിതം രക്തം വീഴുകയും ഒഴുകുകയും ചെയ്ത എല്ലായിടങ്ങളിലും വീണ്ടും വീണ്ടും മനുഷ്യരാശി ദർശിക്കുകയായിരുന്നു. മനുഷ്യന്റെ നന്മകളിലല്ല എന്നും പെരുകിക്കൊണ്ടിരിക്കുന്ന തിന്മകളിലാണ്, കൊടിയ ഹിംസയിലാണ് ഷേക്‌സ്പിയർ നാടകങ്ങൾ പുനർജനി തേടുതെന്ന ആശയം ഈ പുസ്തകത്തിന്റെ താളുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. ഷേക്‌സ്പിയർ  നടന്മാർ കൊല്ലപ്പെട്ടതും ഷേക്‌സ്പിയർ നടനാൽ കൊല്ലപ്പെട്ടതുമായ സംഭവങ്ങളും ചരിത്രത്തിലുണ്ട്. അബ്രഹാം ലിങ്കനെ വധിച്ച ജോൺ വിൽക്ക്‌സ് ബൂത്ത് ഷേക്‌സ്പിയർ നടനും കോഫെഡറേറ്റ് അനുഭാവിയുമായിരുന്നു.

കൊല്ലപ്പെടുന്നതിന് അഞ്ചു മാസം മുമ്പ് ആഭ്യന്തര യുദ്ധത്തിന്റെ അന്ത്യം ലിങ്കൻ ആഘോഷിച്ചത് മാക്‌ബെത്തിൽ നിന്നുള്ള ഈ പാരഗ്രാഫ് വായിച്ചായിരുന്നു: The moments after Macbeth assassinates ing Duncan and is in a state of moral confusion. Days later, Lincoln would be in Duncan’s position and Booth would be in Macbeth’s, though confused about how to stay on the run, not the moral implications of his actions. Booth even ended an explanatory letter with Macbeth’s “I must fight the course”. 1993ൽ അൾജീരിയയിൽ അബ്ദുൽ ഖാദർ അല്ലൂല കൊല്ലപ്പെട്ടു. കാരണം അദ്ദേഹം ഷേക്‌സ്പിയർ നാടകങ്ങളിൽ അഭിനയിച്ചതും റേഡിയോ നാടക പ്രക്ഷേപകനായതുമായിരുന്നു എന്നതായിരുന്നു. ഒറാനിൽ വെച്ചാണ് (കമുവിന്റെ പ്ലേഗിന്റെ ദേശത്തുവെച്ച്) അല്ലൂല കൊല്ലപ്പെടുത്. ‘ദ ടേമിംഗ് ഓഫ് ദ ഷ്രൂ’വിലാണ് അല്ലൂല അഭിനയിച്ചത്.

സ്ട്രാഡ്‌ഫോഡിലെ ഷേക്‌സ്പിയർ പ്രതിമ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഷേക്‌സ്പിയർ അനുഭവങ്ങൾ അതിഭീകരമാണെന്ന് ഇസ്സ നിരവധി ഉദാഹരണങ്ങളിലൂടെ എടുത്തു കാട്ടുന്നു. 2001ൽ ജർമൻ-കനേഡിയൻ സംവിധായകയും നടിയുമായ കൊറിന്നേ ജാബ്ബർ കാബൂളിൽ ‘Love’s labours losts’ സംവിധാനം ചെയ്യാൻ വന്നു. ട്രാജഡി വേണ്ട, അത് ജനത്തിന് താങ്ങില്ല, ഞങ്ങൾ അത്രയും ട്രാജഡി അനുഭവിച്ചു കഴിഞ്ഞു, അതിനാൽ കോമഡി മതി എന്ന് പിന്നീട് നാടകത്തിലെ മുഖ്യ വേഷങ്ങൾ ചെയ്ത തൻഹയും മുഹമ്മദും വാദിച്ചു. അങ്ങിനെയാണ് ഈ നാടകം കാബൂളിൽ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ താലിബാൻ വധഭീഷണിയെത്തുടർന്ന് നടി മറീന ഗോൾബാഹരിക്ക്  സ്വീഡനിലും നടൻ മുഹമ്മദിന് പാരീസിലും അഭയം തേടേണ്ടി വന്നു. ബഹർ എന്ന നടിക്ക് കഴുത്തിന് കുത്തേറ്റു. (മച്ചുനൻ തന്നെയാണ് കുത്തിയത്). അവരും ജീവനും കൊണ്ട് പാരീസിലേക്ക് ഓടിപ്പോയി. നടി മുഷ്ത്തഹലിന്റെ ഭർത്താവ്  തവാബിനെ താലിബാൻ വെടിവെച്ചു കൊന്നു. ഭാര്യയെ നാടകാഭിനയത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല എന്നതായിരുന്നു കുറ്റം. മുഷ്ത്തഹൽ പിന്നീട് കാനഡയിൽ അഭയം തേടി. കാബൂളിൽ നാടകം തുടങ്ങുന്നതിനു മുമ്പായി കബീർ റഹീമി എന്ന നാടകക്കാരൻ പറഞ്ഞു; “അഫ്ഗാനിസ്ഥാനിൽ ഷേക്‌സ്പിയറെ  കാണേണ്ടത് കുറ്റബോധം നിറഞ്ഞു തുളുമ്പുന്ന മനസ്സുള്ളവരാണ്. ഈ നാടകം ഇവിടെ കളിക്കുമ്പോൾ കുറ്റബോധ മനസ്സുളളവരെ, നമ്മെ ഇപ്പോഴും ഭരിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഈ ജനതയുടെ പ്രശ്‌നങ്ങൾ കൂടി കൊണ്ടുവരികയാണ്. അതിനാൽ  നാടകം കാണാൻ നമ്മൾ അഫ്ഗാനിസ്ഥാനിലെ ‘യുദ്ധപ്രഭുക്കളേയും’ ക്ഷണിച്ചിട്ടുണ്ട്.” കരീമിയുടെ ആമുഖ വാക്കുകൾ വലിയ ആവേശം വിതറി. പക്ഷെ അദ്ദേഹം ഉദ്ദേശിച്ചവർ നാടകക്കാരെ കുത്താനും കൊല്ലാനുമുള്ള കത്തികൾ രാകി മൂർച്ച കൂട്ടുകയായിരുന്നു.

ഇറാൻ പരമോന്നത നേതാവ് ഖാംനഇ 2016 ഏപ്രിൽ 24ന് (400-ാം ഷേക്‌സ്പിയർ ചരമദിനത്തിൽ) ഇങ്ങിനെ ട്വീറ്റ് ചെയ്തു; “ഞാൻ ഏറെക്കുറെ ഷേക്‌സ്പിയർ കൃതികൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരമാണ് അവ. മനോഹരവും ശക്തവുമാണ്. ആ നാടകങ്ങൾ മൂല്യങ്ങളെ കേന്ദ്രീകരിക്കുന്നു. വെനീസിലെ വ്യാപാരി, മാക്‌ബെത്ത്, ഒഥല്ലോ എന്നീ കൃതികളെടുക്കുക. അവ മൂല്യങ്ങളെ കേന്ദ്രീകരിക്കുന്നു, പടിഞ്ഞാറൻ മൂല്യങ്ങളെ”. ഇറാനിൽ ഷേക്‌സ്പിയർ വിവർത്തനങ്ങൾ വരുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. 2018ൽ ‘എ മിഡ്സമ്മർ നൈറ്റ് ഡ്രീ’മിന്റെ സംവിധായിക മറിയം കസേമി, തിയേറ്റർ മാനേജർ സഈദ് ആസാദി എന്നിവർ ഇറാനിൽ തടവിലായി. നാടകത്തിൽ സ്ത്രീയും പുരുഷനും കലരുന്ന നൃത്ത രംഗങ്ങളുണ്ടെന്നും അത് അനുവദിക്കാൻ പറ്റില്ലെന്നുമായിരുന്നു ഇറാൻ നിലപാട്. ഖാംനഇ പറഞ്ഞതു പോലെ മൂല്യങ്ങൾ പടിഞ്ഞാറനായിപ്പോയി!

കാബൂളിൽ Loves Labours lost അവതരിപ്പിച്ചപ്പോൾ

ഖത്തർ തലസ്ഥാനമായ ദോഹയിൽ 2005ൽ ‘Twelfth night’ പ്രദർശനം നടന്ന തീയേറ്ററിൽ കാർ ബോംബ് ആക്രമണമുണ്ടായി. ദോഹയിൽ ഇംഗ്ലീഷ് അധ്യാപകനായ ബ്രിട്ടീഷ് പൗരൻ നാടകത്തിന്റെ സംവിധായകൻ ജൊനാഥൻ ആഡംസും ചാവേറും സംഭവത്തിൽ കൊല്ലപ്പെട്ടു. തീയേറ്ററിൽ നാടകം തുടങ്ങിയ ശേഷമാണ് ചാവേർ ആക്രമണമുണ്ടായത്. തിയേറ്ററിലേക്കുള്ള പടികളിലൂടെ ബോംബുള്ള കാറോടിച്ചു വരികയായിരുന്നു ചാവേർ. വണ്ടി ഒരു പടിയിൽ തട്ടിനിന്നു. വീണ്ടും ഇരപ്പിച്ചു കയറ്റാൻ ശ്രമിക്കുന്നതിന്റെ ശബ്ദം സംവിധായകന്റെ കാതിലെത്തി. അതെന്തെറിയാൻ സംവിധായകൻ നാടകശാലയുടെ പുറത്തേക്കു വന്നു. ആ നിമിഷം തന്നെ സ്‌ഫോടനമുണ്ടായി. ഇറാഖിൽ യു.എസ്-ബ്രിട്ടീഷ് അധിനിവേശത്തിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു സംഭവം. കൊളോണിയൽ ചരിത്രം, പുറത്തുനിന്നുള്ള നുഴഞ്ഞു കയറ്റം, വിദേശകാര്യ നയം എന്നിവ വിമർശിക്കപ്പെടാൻ ഷേക്‌സ്പിയർ  തന്നെ കാരണമായിരിക്കാമെന്ന് ഗ്രന്ഥകർത്താവ് പറയുന്നു. കാരണം ആ കൃതികൾ ഈ പറഞ്ഞ പ്രശ്‌നങ്ങളെ എല്ലാ കാലത്തേക്കും വേണ്ടി തുറന്നു കാട്ടിയവ കൂടിയാണ്.  ഇതിനൊരു മറുപുറം കൂടി ചേർത്തുവെച്ചുകൊണ്ട് ഇസ്സ വ്യക്തമാക്കുന്നു; “ഷേക്‌സ്പിയർ നാടകം ‘ഹെൻട്രി അഞ്ചാമൻ’ സൈനിക സന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിൽ ഈ നാടകം പോക്കറ്റ് ബുക്ക് എഡിഷനായി ബ്രിട്ടീഷ് പട്ടാളക്കാർക്ക് നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കൻ പട്ടാളക്കാർക്ക് യു.എസ് നൽകിയ സൗജന്യ സമ്മാനം ഇതേ നാടക പുസ്തകമായിരുന്നു.” അറബ്/ മുസ്‌ലിം ലോകത്തുണ്ടായ മേൽ സൂചിപ്പിച്ച ഷേക്സ്പിയർ അനുഭവങ്ങൾ നോക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം. കോമഡികളാണ് ഇവിടെയെല്ലാം രക്തപ്പുഴകളൊഴുക്കിയത്-ഇസ്‌ലാം ഇസ്സ നിരക്ഷിക്കുന്നു. ‘മിഡ് സമ്മർ നൈറ്റ്‌സ് ഡ്രീം’ ഇറാനിലും ‘ട്വെൽഫ്ത്ത് നൈറ്റ്’ ഖത്തറിലും ‘ദ ടേമിംഗ് ഓഫ് ദ ഷ്രൂ’ അൾജീരിയയിലും ‘ലൗവ്‌സ് ലേബേഴ്‌സ് ലോസ്റ്റ്’ അഫ്ഗാനിസ്ഥാനിലും മനുഷ്യരക്തമൊഴുക്കി. ഭീകരർ ഷേക്‌സ്പിയർ കോമഡി കൂടുതൽ ഭയപ്പെടുന്നുവെന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്? ഇസ്സ ചോദിക്കുന്നു.

ദോഹയിൽ ഭീകരാക്രമണത്തിനുശേഷം നാടകശാല പരിശോധിക്കുന്ന സുരക്ഷാസേന

1983ൽ യാസർ അറഫാത്ത് അദ്ദേഹത്തിന്റെ വിഖ്യാതമായ അഭിമുഖങ്ങളിലൊന്നിൽ ഷേക്‌സ്പിയറെ ഉദ്ധരിച്ചു. അറബ് ഐക്യത്തിന്റെ സാധ്യതയെക്കുറിച്ചായിരുന്നു ചോദ്യം. ഹാംലറ്റിലെ ഭാഷയിലായിരുന്നു മറുപടി; “എല്ലാ അറബ് രാജ്യങ്ങളും ഐക്യം എന്ന ആശയത്തോട് കാലത്തിന്റെ ആവശ്യത്തിനൊപ്പമുയർന്ന് പ്രതികരിക്കുകയും നിലപാട് സ്വീകരിക്കുകയുമാണ് വേണ്ടത്. കാലം അതാവശ്യപ്പെടുന്നു. അവർ ആ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം. It is a simple question for the Arab nations: to be or not to be”.  ഷേക്‌സ്പിയറുടെ ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞ To be or not to be അല്ലാതെ മറ്റൊരുത്തരം അവിടെ പാകമാവില്ലെന്ന് അറഫാത്തിനറിയാമായിരുന്നു.

ഈജിപ്തിലെ ബ്രദർഹുഡ് നേതാവ് സയ്യിദ് ഖുത്തുബ് ഷേക്‌സ്പിയർ കാര്യത്തിൽ വിരുദ്ധ നിലപാടുകളെടുത്തതായിക്കാണാം. ആദ്യത്തേത് 1945ൽ ഈജിപ്തിലെ സർക്കാർ ഷേക്‌സ്പിയർ വിവർത്തന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ഖുത്തുബ് അതിനെ അതിശക്തമായി വിമർശിച്ചു. എന്നാൽ ഒഥല്ലോയെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ശരിക്കും ഒരു ഷേക്‌സ്പിയർ ആരാധകനിൽ നിന്നു മാത്രം വരുന്നതുമാണ്. “ഒഥല്ലോയിൽ മനുഷ്യർ സംശയം എന്ന രോഗത്തിന് അടിപ്പെടുന്നതിനെക്കുറിച്ച് അത് ചിത്രീകരിക്കാൻ നാടകകൃത്ത് ചിലവിട്ട ഊർജ്ജത്തെക്കുറിച്ച്, എല്ലാവരും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന മട്ടിലുള്ള കഥാപാത്ര സൃഷ്ടിക്കായുള്ള ധിഷണയേയും ഭാവനയേയും കുറിച്ച് അറബ് എഴുത്തുകാർ മനസ്സിലാക്കണം, അതിന് മറ്റധികം മാതൃകകൾ ഉണ്ടായിക്കൊള്ളണമെില്ല. ‘വെനീസിലെ വ്യാപാരി’യുമായി താരതമ്യപ്പെടുത്തുമ്പോൾ അലി അഹമ്മദ് ബക്ത്യാർ എഴുതിയ ‘പുതിയ ഷൈലോക്ക്’ എന്ന നാടകം അങ്ങേയറ്റം ദുർബലമാണ്. ജൂതരുടെ അന്തരംഗം, കുതന്ത്രങ്ങൾ എന്നിവ ഷേക്‌സ്പിയർ അവതരിപ്പിച്ചതിന്റെ തൊട്ടയലത്തുപോലും എത്തിയതുമില്ല.” ഖുത്തുബിന് ജൂത വിമർശം ഷേക്‌സ്പിയറിൽ നിന്നും കിട്ടിയതിൽ സന്തോഷമുണ്ട്. എന്നാൽ ഈജിപ്തിലെ വിവർത്തനം അംഗീകരിക്കാനാകില്ല എന്ന നിലപാടുമുണ്ട്. ഈ വൈരുദ്ധ്യത്തെ ചർച്ചയാക്കാനുള്ള തന്റേടം ഇസ്‌ലാം ഇസ്സ കാണിക്കുന്നു എന്നതാണ് ‘ഷേക്സ്പിയറും ഭീകരവാദവും’ എന്ന പുസ്തകത്തിന്റെ പ്രാധാന്യങ്ങളിലൊന്ന്.

ഹിറ്റ്‌ലറും തന്റെ ജൂത വിരുദ്ധ കാമ്പയിന് ‘വെനീസിലെ വ്യാപാരി’ ഉപയോഗപ്പെടുത്തിയിരുന്നതായി ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു. ഹിറ്റ്‌ലറുടെ ഒരു നോട്ട്പാഡിൽ ജൂലിയസ് സീസറുടെ കൊലയുടെ ചിത്രീകരണം നടത്തിയത് പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്. ജർമൻ ഷേക്‌സ്പിയർ സൊസൈറ്റി ഹിറ്റ്‌ലറുടെ കാലത്ത് അതിൽ അംഗങ്ങളായിരുന്ന എല്ലാ ജൂതരേയും പുറത്താക്കി, ജൂത മുക്തമാക്കി. ഹിറ്റ്‌ലർ മീൻ കാഫിൽ എഴുതി: “But when nations are fighting for their existence on this earth, when the question of ‘to be or not to be’ has to be answered, then all humane and aesthetic con-siderations must be set aside”. ഹിറ്റ്‌ലർ ഉപയോഗിച്ച To be or not to be  യാസർ അറഫാത്ത് പിൽക്കാലത്തുപയോഗിച്ച To be or not to be അല്ല. ഒരേ ഉദ്ധരണി എങ്ങിനെ വിഭിന്ന പ്രതലങ്ങളിൽ വന്നു വീഴുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഈ പ്രയോഗമെന്ന് ഈ രണ്ടു ഉദാഹരണങ്ങൾ കൃത്യമായി വ്യക്തമാക്കുന്നു. അതൊടൊപ്പം കൗമാരത്തിൽ ജൂലിയസ് സീസറിൽ സഹോദരങ്ങൾക്കൊപ്പം അഭിനയിച്ച ക്ലോസ് വോൺ സ്റ്റാഫൻബർഗ് 1944 ജൂലൈ 20ന് ഹിറ്റ്‌ലറെ വധിക്കാൻ ശ്രമിച്ച സംഭവവുമുണ്ട്. കിഴക്കൻ പ്രഷ്യയിലെ ഹിറ്റ്‌ലറുടെ ആസ്ഥാനത്ത് സ്യൂട്ട്കേസ് ബോംബ് വെക്കാനായിരുന്നു സ്റ്റാഫൻബർഗ് തീരുമാനിച്ചത്. എന്നാൽ സംഗതി പാളി. പക്ഷെ അതിൽ ഷേക്‌സ്പിയർ പഠിതാക്കൾക്ക് പ്രതീകാത്മക മൂല്യമുണ്ട്. ഒരിക്കൽ സ്വസ്തികക്കൊടി പറന്ന സ്ട്രാറ്റ്‌ഫോർഡ് അപ്പോൺ എ വണ്ണിനെക്കുറിച്ചും (ചിത്ര സഹിതം) പുസ്തകം പ്രതിപാദിപ്പിക്കുന്നു.

മറ്റൊരു കൗമാര ജൂലിയസ് സീസർ കൂടി ചരിത്രത്തിലുണ്ട്. ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുൽ നാസർ 16-ാം വയസ്സിൽ ജൂലിയസ് സീസറായി വേഷമിട്ടു. പിന്നീട് മുഹമ്മദ് നജീബിനെ സ്ഥാനഭ്രഷ്ടനാക്കി പ്രസിഡന്റായി. ആ നീക്കത്തിന് ജമാൽ അബ്ദുൽ നാസറിന് കരുത്തുപകർന്ന ഒരു ഘടകം കൗമാരത്തിലെ ജൂലിയസ് സീസർ അനുഭവം കൂടിയാണെന്ന് ഇസ്‌ലാം ഇസ്സ നിരീക്ഷിക്കുന്നു.

ലിബിയൻ ഭരണാധികാരിയും അറബ് വസന്തത്തിൽ സ്വന്തം ജനതയുടെ മരണശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത ഗദ്ദാഫി ഒരിക്കൽ പറഞ്ഞു. “ഷേക്‌സ്പിയർ ബ്രിട്ടീഷുകാരനല്ല, അറബിയായ ഷെയ്ക്ക് സുബൈറാണെ്!” സ്വന്തം സ്വത്വത്തിലേക്ക് ഷേക്‌സ്പിയറെ അടുപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കാം ഗദ്ദാഫി ഇങ്ങിനെ പറഞ്ഞത്. ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേല റോബൻ ദ്വീപിലെ അതിദീർഘമായ കാരാഗ്രഹ വാസത്തിനിടെ ജൂലിയസ് സീസർ വായിച്ചു. 1979 ഡിസംബർ 16ന് അദ്ദേഹം ഈ വരികളുള്ള പേജിലെ മാർജനിൽ പേരെഴുതി ഒപ്പുവെച്ചു.
“Cowards die many times before their deaths;
The valiant never taste of death but once.
Of all the wonders that I yet have heard,
It seems to me most strange that men should fear;
Seeing that death, a necessary end,
Will come when it will come.”
ഈ വരികളാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്, അതിജീവിക്കാൻ ശക്തി പകർന്നത്. ഭീരുക്കൾ പല കുറി മരിക്കുന്നു, എന്നാൽ ധീരന് ഒരൊറ്റ മരണമേയുള്ളൂവെന്ന അതിവിഖ്യാതമായ വരികളോട് അദ്ദേഹം ലയിച്ചു ചേരുന്നത് ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഒപ്പുള്ള പേജിൽ നിന്നും ഷേക്‌സ്പിയർ എങ്ങിനെ മണ്ടേലക്ക് തടവുമുറിയിൽ ആത്മവിശ്വാസം പകർന്നു എന്ന് ഇന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അക്കാലത്ത് മണ്ടേലക്ക് വധശിക്ഷ നൽകാനിടയുണ്ടെന്ന ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. റോബൻ ദ്വീപിലെ കുപ്രസിദ്ധമായ തടവറയിലേക്ക് ആരോ കടത്തിക്കൊണ്ടുവന്നതായിരുന്നു ഷേക്‌സ്പിയറുടെ സമ്പൂർണ്ണ കൃതികൾ. അത് ഒരു ഹൈന്ദവ വേദപുസ്തകത്തെപ്പോലെയായിരുന്നുവെന്നു ഇസ്‌ലാം ഇസ്സ എഴുതുന്നു. അതിന്റെ പുറം, പിൻ ചട്ടകളിൽ വേദ-പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ചിരുന്നു. അങ്ങിനെ പ്രഛന്ന വേഷമണിയിപ്പിച്ച് ആ സമ്പൂർണ്ണ കൃതി എങ്ങിനെ ജയിലിൽ എത്തി, അതെങ്ങിനെ മണ്ടേലയുടെ കയ്യിൽ കിട്ടി- ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ മണ്ടേലയുടെ ഒപ്പുള്ള താളും ഹൈന്ദവ വേദഗ്രന്ഥംപോലുള്ള പുറംച്ചട്ടയും ഇന്റർനെറ്റ് ഡാറ്റാബേസിൽ ലഭ്യമാണ്. ലോകം കണ്ട ഏറ്റവും വലിയ വിമോചക സമരനായകരിൽ ഒരാളായ മണ്ടേലയെ എല്ലാ പ്രത്യാശയും കെടുത്തിക്കളയുന അവസരത്തിൽ ഷേക്‌സ്പിയർ എങ്ങിനെ പ്രചോദിപ്പിച്ചുവെന്ന ഈ ഉദാഹരണത്തിന് ലോകത്തിന്റെ പലയിടങ്ങളിൽ സമാനതകളുണ്ടാകാനുള്ള സാധ്യത തീർച്ചയായുമുണ്ട്.

നെൽസൺ മണ്ടേലയുടെ കയ്യൊപ്പുള്ള ജൂലിയസ് സീസറിന്റെ താള്
റോബൻ ദ്വീപിലെ തടവറയിൽ ഹൈന്ദവ ദേവഗ്രന്ഥം പോലെ തോന്നിച്ച ഷേക്‌സ്പിയർ സമ്പൂർണ്ണ കൃതി

ജൂലിയസ് സീസർ ഇപ്പോൾ കാണുമ്പോൾ ലോകം വെറുക്കുന്ന ഒന്നോ അതിലധികമോ ഭരണാധികാരികളാണ് ആ നാടകത്തിൽ അഭിനയിക്കുതെന്നു തോന്നും. അതിലെ വധരംഗങ്ങൾ ഇന്നത്തെ ഏകാധിപതികളാണ് ഏറ്റുവാങ്ങുതെന്നും അനുഭവപ്പെടും. അധികാരം എന്ന പ്രമേയത്തെ ഷേക്‌സ്പിയർ എല്ലാ കാലത്തേക്കും വേണ്ടിയാണ് ആവിഷ്‌ക്കരിച്ചതെന്നും കലയുടെ സമകാലികത എന്നതിന് ഇതിൽപരം മറ്റൊരുദാഹരണം വേറെ വേണ്ടെന്നും ഒരുപക്ഷെ വായനക്കാർ, കാണികൾ തിരിച്ചറിയും.

“Fair  is foul, and foul is fair”  എന്ന ആശയം ഐ.എസ്.ഐ.എസ് എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നതും പുസ്തകം പരിശോധിക്കുന്നു. ഐ.എസ് എന്ത് ബാക്കിവെക്കുന്നു? ഒന്നുകിൽ കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം, അല്ലെങ്കിൽ നാശത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കളുടെ കെട്ടമണം. ഈ രൂപകം ഷേക്‌സ്പിയറിൽ മനുഷ്യത്വത്തിന്റെ അന്ത്യം എന്ന അർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ട്. മനുഷ്യത്വം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഐ.എസ്.ഐ.എസ് ചെയ്യുന്നതും ഇതു തന്നെ. മാക്‌ബെത്തിൽ ഇങ്ങിനെ ഒരു വാചകമുണ്ടല്ലോ- “So foul and fair a day I have not seen”- ഞാനൊരു കാത്തോലിക്കനല്ല, ഷേക്‌സ്പീരിയനാണെന്ന് ഒ.ജെ.സിംപ്‌സൺ പറഞ്ഞതിന് ഈ സന്ദർഭത്തിൽ കൂടുതൽ വ്യക്തത ലഭിക്കുന്നു. മനുഷ്യനൃശംസതയുടെ, ഹിംസയുടെ കൊടുമുടികൾ ഷേക്‌സ്പിയർ നൂറ്റാണ്ടുകൾക്കു മുമ്പെ തുറന്നുകാട്ടി എന്നാണ് ആ പ്രസ്താവനയുടെ അർത്ഥം. ഒരു വിഭാഗം ഭീകരത എന്നു വിളിക്കുന്നത് മറ്റൊരു വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള പ്രവർത്തനമാണെന്ന വിവിധ ഭീകര സംഘടനകൾ പങ്കുവെച്ചിട്ടുള്ള ആശയത്തിന്റെ അടിവേരുകളും ഷേക്‌സ്പിയർ എങ്ങിനെ അടയാളപ്പെടുത്തി എന്ന് ഇന്നു തിരിഞ്ഞുനോക്കാൻ ഈ പുസ്തകം തീർച്ചയായും നമ്മെ സഹായിക്കുന്നു. ആ നിലയിൽ നോക്കിയാൽ ‘ആസ് യു ലൈക്ക് ഇറ്റിൽ’ നാടകകൃത്ത് പറഞ്ഞ “The world’s a  stage” എന്നത് ശരിയാണെന്ന് സമ്മതിക്കേണ്ടിയും വരും.

ഗൾഫിൽ ഷേക്‌സ്പിയർ വിപണിയുടെ ബ്രാൻഡായി മാറിയതിനെക്കുറിച്ചും ഇസ്സ എഴതുന്നു. ദോഹയിലെ കത്താറയിൽ ഷേക്‌സ്പിയർ തെരുവു കാണാം. ദുബായിൽ ഷേക്‌സ്പിയർ ആന്റ് കോ-കേഫ് റസ്റ്റോറന്റ് ചെയിനുണ്ട്. ഈ ബ്രാൻഡിംഗിനെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം ഇങ്ങിനെ; “ഭൂഗോളം വാങ്ങാൻ പറ്റില്ലെങ്കിൽ ഗൾഫ് അത് ഇറക്കുമതിയിലൂടെ സ്വന്തമാക്കും”. അബുദാബിയിൽ ല്യൂവ്‌റ് മ്യൂസിയം തുടങ്ങിയത് കൂടി ഉദാഹചരിച്ചാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിച്ചേരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലൂടെയായി നടക്കുന്ന ഷേക്‌സ്പിയർ നാടക ടൂറുകളെക്കുറിച്ചുള്ള ചില വിമർശനങ്ങളും ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നു. സിറിയ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ എല്ലായ്‌പ്പോഴും സുരക്ഷാ കാരണങ്ങളുടെ പേരിൽ ഷേക്‌സ്പിയർ ഗ്ലോബൽ ടൂറുകളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. ആഗോളം എന്ന പ്രയോഗത്തിൽ ഒഴിവാക്കപ്പെടുന്ന രാജ്യങ്ങളിലെ മനുഷ്യർ ഷേക്‌സ്പിയറെ എങ്ങനെ മനസ്സിലാക്കി/ കാണുന്നു എന്ന കാര്യവും ആഴത്തിൽ പഠിക്കപ്പെടേണ്ടതാണെന്നും ഇസ്സ വ്യക്തമാക്കുന്നു.

സമീപകാലത്ത് പാക്കിസ്ഥാനിൽ മാക്‌ബെത്ത് അവതരിപ്പിച്ചപ്പോൾ ഓരോ രംഗത്തിലും അതത് കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രതിഫലിപ്പിച്ചത് വെളിച്ചത്തിന് നൽകിയ നിറങ്ങളിലൂടെയായിരുന്നു. യക്ഷികൾക്ക് കടും നീലനിറം. ആസക്തിയെ സൂചിപ്പിച്ച ആ നിറം മാക്‌ബെത്തിനെ സ്വാധീനിക്കാനുള്ള അടയാളമായി പ്രവർത്തിച്ചു. യക്ഷികളുടെ സ്വാധീനം പ്രവർത്തിച്ചുതുടങ്ങുമ്പോൾ അതുവരേയുണ്ടായിരുന്ന വിളറിയ വെള്ള നിറത്തിൽ നിന്നും മാക്‌ബെത്തും നീലയിലേക്ക് കൂടുമാറുന്നു. ചുവന്ന നിറം ട്രാജഡിയുടെ ആഴങ്ങളെ കാണിച്ചു. മാക്ബത്ത് രാജാവിനെ വധിക്കാനാലോചിക്കുമ്പോൾ വേദിയിൽ ചുവന്ന വെളിച്ചം. അന്ത്യത്തിൽ മാക്‌ബെത്ത് കൊല്ലപ്പെടുമ്പോഴും ചുകപ്പുനിറം തന്നെ. പാകിസ്ഥാനിലെ നിയന്ത്രണങ്ങളെ മറികടക്കാൻ ഉപയോഗിച്ച രീതികളെക്കുറിച്ചാണ് ഇസ്സ ഇതുവഴി സൂചിപ്പിച്ചത്. നിയന്ത്രണങ്ങളും തടസ്സങ്ങളും കൊലകളും ആവർത്തിക്കപ്പെടുമ്പോൾ എന്തുകൊണ്ട് ഷേക്‌സ്പിയർ നാടകങ്ങൾ വീണ്ടും വീണ്ടും അരങ്ങിൽ പ്രത്യക്ഷപ്പെടുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം ജീവിതം കലയെ അനുകരിക്കുമ്പോൾ എന്ന ആശയം മുൻനിർത്തി ഇസ്സ ചർച്ച ചെയ്യുന്നു. കല ജീവിതത്തെയല്ല, മറിച്ചാണ് അനുകരിക്കുന്നതെന്നതാണ് ഷേക്‌സ്പിയർ സമകാലികത്വം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ഒരു മധ്യവേനൽ പ്രണയ രാവിൽ ഡോ.വി.സി. ഹാരിസ്
ശശിധരൻ നടുവിൽ സംവിധാനം ചെയ്ത മാക്ബെത്ത് നാടകത്തിൽ പ്രശാന്ത് നാരായണൻ

ഈ സാഹചര്യത്തിൽ മണിപ്പൂരി ഷേക്‌സ്പിയർ നാടകങ്ങളും (രത്തൻ തെയ്യം പിന്നീടിത് കൂടുതൽ ശക്തമായി ഉപയോഗിച്ചു) പഞ്ചാബി അവതരണങ്ങളും പെട്ടെന്ന് ഓർമ്മയിലേക്കുവന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ മാക്‌ബെത്ത് മണിപ്പുരിയിൽ ലണ്ടിൽ അവതരിപ്പിക്കപ്പെട്ടു. ആ നാടകത്തിന്റെ ഉള്ളടക്കം ആദിവാസികളുടേയും ഗോത്രവർഗക്കാരുടേയും അവകാശങ്ങളെ പ്രതിഫലിക്കുന്നതായിരുന്നു. പഞ്ചാബ് പ്രൊഡക്ഷൻ ഭീകര വേട്ടകൾക്കുശേഷം സാധാരണ പഞ്ചാബികൾ അവരുടെ കൃഷിക്കളങ്ങളിൽ അനുഭവിച്ച നരക പീഡനങ്ങളെക്കുറിച്ചായിരുന്നു. കേരളത്തിലും ഷേക്‌സ്പിയർ നാടകങ്ങൾ പലവിധ വ്യാഖ്യാനങ്ങൾ  മുൻതൂക്കം നൽകി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് ഈ അവസരത്തിൽ ഓർമ്മയിലേക്ക് വരുന്നു. കോട്ടയം സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ പി ബാലചന്ദ്രന്റെ സംവിധാനത്തിൽ ഒരുക്കിയ “ഒരു മധ്യവേനൽ പ്രണയ രാവ്”. ഷേക്‌സ്പിയറിന്റെ ‘മിഡ് സമ്മർ നൈറ്റ്‌സ് ഡ്രീം’, കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’, ചങ്ങമ്പുഴയുടെ ‘രമണൻ’- ഈ മൂന്നു കൃതികളിലേയും കഥാപാത്രങ്ങൾ നടത്തുന്ന അരങ്ങ് സംവാദം/സംവേദനമാണ് ഈ നാടകം. ‘മിഡ് സമ്മർ നൈറ്റ്‌സ് ഡ്രീമി’ലെ പക്കായി ഡോ. വി.സി ഹാരിസാണ് അഭിനയിച്ചത്. (ഹാരിസും ബാലചന്ദ്രനും ഇപ്പോൾ നമ്മോടൊപ്പമില്ല). ഇങ്ങിനെ ലോകത്ത് എല്ലായിടത്തും ഷേക്‌സ്പിയർ പല കോണുകളിലൂടെ അവതരിപ്പിക്കപ്പെടുന്നു. പലയിടങ്ങളിലും നാടകത്തിന്റെ പേരിൽ മനുഷ്യരുടെ ചോരയും ആയുസ്സും വീഴുന്നു. ഇസ്‌ലാം ഇസ്സയുടെ പുസ്തകം രക്ത അരങ്ങുകളിൽ നിന്ന് യഥാർത്ഥ ജീവിതത്തിലെ മനുഷ്യക്കുരുതികളുടെ സന്ദർഭങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഒരുപക്ഷെ ഈ നോട്ടമുളള ഷേക്‌സ്പിയർ പുസ്തകങ്ങൾ അധികം ഉണ്ടാകാനിടയില്ലെന്ന് തോന്നുന്നു. 2022ന്റെ ആദ്യ പുസ്തകം ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ‘തല തെറിപ്പിച്ച’ പുസ്തകം കൂടിയായി മാറിയിരിക്കുന്നു.

Shakespeare and Terrorism
Islam Issa
Page 235
Price- £14.39.
Publisher- Routledge.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read