തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം എട്ട്. വര: നാസർ ബഷീർ
എസ്.ടി.എഫ് കസ്റ്റഡിയിലെ ആദ്യരാത്രി വലിയ ആശങ്കകള്‍ ഒന്നുമില്ലാതെ കടന്നുപോയി. ഞങ്ങള്‍ക്ക് കാവല്‍ നിന്നിരുന്ന ഒരു ഉദ്യോഗസ്ഥന് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. അദ്ദേഹം ഞങ്ങളെ ബന്ധികളാക്കിയ ഓഫീസ് റൂമിലെ സോഫയിലാണ് അന്ന് കിടന്നത്. ഞങ്ങള്‍ താഴെ ബ്ലാങ്കറ്റ് വിരിച്ച് അതിലും. ഞങ്ങളുമായി അദ്ദേഹം കുറേ സമയം സംസാരിച്ചു. ഞങ്ങളുടെ കസ്റ്റഡിയും ചോദ്യം ചെയ്യലുമെല്ലാം സര്‍ക്കാരിനും എസ്.ടി.എഫിനും ഒരു നേരംപോക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഞങ്ങളോട് മാന്യമായി ഇടപെടുന്നവരോടെല്ലാം ഞങ്ങള്‍ ഞങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ ഞങ്ങളേയോര്‍ത്ത് സഹതപിക്കുകയല്ലാതെ അവര്‍ക്ക് വേറെ ഒന്നും ചെയ്യാനില്ലായിരുന്നു. ചില ഉദ്യോഗസ്ഥര്‍, ഞങ്ങളോടൊത്ത് തനിച്ചാകുമ്പോള്‍ വലിയ മര്യാദരാമന്മാരായി കാണപ്പെട്ടു. മറ്റ് പോലീസുകാരുടെ കൂടെ നില്ക്കുമ്പോള് അവര്‍ വലിയ ഗൗരവത്തിലാണ് പെരുമാറിയിരുന്നത്. എസ്.ടി.എഫ് കസ്റ്റഡിയില്‍ ആയതിന് ശേഷമുള്ള ആദ്യ പകല്‍, ഞങ്ങളുടെ വിശദമായ ബയോഡാറ്റ തയ്യാറാക്കലായിരുന്നു ഉദ്യോഗസ്ഥരുടെ പണി. പേരും വിലാസവും തൊഴിലും കുടുംബാംഗങ്ങളുടെ പേരും ജോലിയും കൂലിയും എല്ലാം ചോദിച്ച് അറിഞ്ഞ് എ ഫോര്‍ ഷീറ്റുകള്‍ നിറക്കുകയായിരുന്നു. അതിന് ശേഷം എസ്.ടി.എഫിലെ എസ്.പി, ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ എന്നെ ഹാജരാക്കി. എസ്.പി വളരെ ഔപചാരികമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ശേഷം, ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് വിശദമായി ചോദ്യം ചെയ്തു.
അദ്ദേഹത്തിന്റെ ഓഫീസില്‍ ഒരു കസേരയില്‍ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഞാന്‍ തടവിലായതിന് ശേഷം ആദ്യമായിട്ടാണ് ഒരു കസേരയില്‍ ഇരിക്കുന്നത്. ഫൂല് കട്ടോരി സ്കൂളില്‍ തടവില്‍ കിടന്ന സമയത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ വന്ന് ബെഞ്ചില്‍ ഇരുത്തി നടത്തിയ ‘എഴുത്തു പരീക്ഷ’ ചോദ്യം ചെയ്യല്‍ മാറ്റി നിര്‍ത്തിയാല്‍, ഇതുവരേയുള്ള ചോദ്യം ചെയ്യല്‍ എല്ലാം നിലത്ത് കുത്തിയിരുത്തിയോ നിന്ന നില്പ്പില് നിര്‍ത്തിയോ ഒക്കേയായിരുന്നു. ഡി.വൈ.എസ്.പിയുടെ ചോദ്യങ്ങള്‍ പലതും കൗതുകകരമായ ഉദാഹരണങ്ങള്‍ അടങ്ങിയതും ഞാന്‍ ജനിക്കുന്നതിന് മുന്‍പുള്ള സംഭവങ്ങളെ കുറിച്ചുമൊക്കെയായിരുന്നു. ശിവസേനയുടെ മുഖപത്രമായ സാംനയെ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഒരു ചോദ്യം.
അദ്ദേഹം ഒരു പ്രസ്ഥാനത്തെ ഒരു മനുഷ്യ ശരീരത്തോട് ഉപമിച്ചു.
ശരീരത്തിലെ കൈയ്യും കാലും തലയും വായയും എല്ലാം അടങ്ങിയതല്ലെ ഒരു മനുഷ്യ ശരീരം എന്ന് പറയുന്നത് ?
അതേ, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
അപ്പോള്‍, ഒരു പ്രസ്ഥാനത്തിന്റെ മൗത്ത് പീസായ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുന്നവരേയും ആ പ്രസ്ഥാനത്തിന്റെ ആളുകളായല്ലേ കാണേണ്ടത്… എന്ന ‘താത്വികമായ‘ തീര്‍പ്പിലാണ് അദ്ദേഹത്തിന്റെ സംസാരം എത്തിച്ചേര്‍ന്നത്. അതിനെ ഉദാഹരിക്കാനാണ് ശിവസേനയേയും അതിന്റെ മുഖപത്രമായ സാംനയേയും അദ്ദേഹം കടമെടുത്തത്. ഞാന്‍ ഇത്രയും കാലം ജോലി ചെയ്ത മാധ്യമങ്ങള്‍ ഓരോന്നിന്റെയും പേരും സംഘടന, ബിസിനസ് ബന്ധങ്ങളും പറഞ്ഞ് അദ്ദേഹത്തിന്റെ ‘താത്വിക അവലോകന‘ത്തിന് മറുപടി പറഞ്ഞെങ്കിലും അതിലൊന്നും അദ്ദേഹം തൃപ്തനായില്ല. ഞാന്‍ ജനിക്കുന്നതിന് മുന്‍പ്, ഞാന്‍ ജോലി ചെയ്ത പത്ര സ്ഥാപനത്തിലെ പത്രാധിപര്‍ എഴുതിയ ലേഖനങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥി കാലത്ത് പ്രവര്‍ത്തിച്ച സംഘടനകളെ കുറിച്ചുമൊക്കെയാണ് എന്നോട് ചോദ്യങ്ങള്‍ ചോദിച്ചത്.
എസ്.ടി.എഫ് ആസ്ഥാനത്തെ എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഞങ്ങളെ വീണ്ടും ഓഫീസിന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. പുറത്തേക്ക് എങ്ങോട്ടോ കൊണ്ടുപോവാനുള്ള പദ്ധതിയാണ്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ഒരു സൂചനയും ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ നാലു പേരേയും കൈയ്യാമത്തില്‍ നിന്ന് മോചിപ്പിച്ച് വെവ്വേറെ നിര്‍ത്തിയിരിക്കുകയാണ്. ഓരോരുത്തരുടെയും കൈകള്‍ ഓരോ എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍ മുറുകെ പിടിച്ചിരിക്കുന്നു. ഹരിയോം എന്ന ഒരു എസ്.ടി.എഫ് ഉദ്യോഗസ്ഥനാണ് എന്റെ കൈപിടിച്ചിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനുമുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ് ഞങ്ങളുടെ പോലീസ് കസ്റ്റഡി. ഇന്ന് വെള്ളിയാഴ്ച, നാളെ വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങളെ മഥുര ജില്ലാ ജയിലില്‍ തിരികെ എത്തിക്കേണ്ടതുണ്ട്. അതിനു മുന്‍പുള്ള എന്തൊക്കെയോ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് എസ്.ടി.എഫ്. ഹരിയോം എന്ന ഉദ്യോഗസ്ഥന് എന്നെ ഒരു വാഹനത്തില്‍ കയറ്റി. കൂടെ രണ്ടു മൂന്ന് ഉദ്യോഗസ്ഥന്മാരും കയറി ഇരുന്നു. വാഹനത്തില്‍ ഇരുന്ന് കുറേ സമയമായിട്ടും വാഹനം പുറപ്പെടുന്നില്ല. ഇതിനോടകം വാഹനത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഓരോ പൊലീസുകാരും ഓരോരുത്തരായി പുറത്തേക്കിറങ്ങിയിരുന്നു.
വണ്ടിയില്‍ ഇരുന്ന് മുഷിഞ്ഞപ്പോഴാണ് ഞാന്‍ പുറത്തെ കാഴ്ചകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഞാന്‍ ഇരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്ന ജോലിയിലാണ് ചില എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍. ഞാന്‍ ഇരുക്കുന്ന വാഹനം ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള നമ്പറായിരുന്നു. ഇപ്പോള്‍ അവര്‍ അതിന് മേല്‍ ഡല്‍ഹി റെജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്നു. അല്പം ചങ്കിടിപ്പോടെയാണെങ്കിലും അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, എന്നെ ഡല്‍ഹിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന്. ആശങ്കകള്‍ പങ്കുവെക്കാന്‍ വാഹനത്തില്‍ സഹതടവുകാര്‍ ആരുമില്ല. മറ്റുള്ളവരെ എല്ലാം ഓരോ വണ്ടിയില്‍ കയറ്റിയിട്ടുണ്ടാവണം. അവരൊന്നും ഇപ്പോള്‍ എന്റെ കണ്ണെത്തും ദൂരത്തില്ല. അവര്‍ ഏതെങ്കിലും വണ്ടിയിലോ ഓഫീസിനകത്തോ ആയിരിക്കണം. കുറച്ച് സമയം കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ കേസ് അന്വേഷിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ (ഐ.ഒ) സച്ചിന് കുമാര്‍ വാഹനത്തില്‍ കയറി, കൂടെ രണ്ട് മൂന്ന് എസ്.ടി.എഫ് കോണ്‍സ്റ്റബിള്‍മാരും. നോയ്ഡയിലെ ഗൗതം ബുദ്ധ നഗറിലുള്ള എസ്.ടി.എഫ് ആസ്ഥാനത്ത് നിന്ന് ഞങ്ങളുടെ വാഹനം ഡല്‍ഹി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ സ്വച്ഛന്ദം വിഹരിച്ചിരുന്ന വീഥികളിലൂടെ എന്നേയും കൊണ്ടുള്ള പൊലീസ് വാഹനം ചീറിപ്പായുകയാണ്. കൊച്ചു കുട്ടികളെ പോലെ കണ്ണിമ വെട്ടാതെ പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ് ഞാന്‍. റോഡിലൂടെ വാഹനം ഓടിച്ചു പോകുന്നവരേയും കാല്‍നടക്കാരേയും വഴിയോര കച്ചവടക്കാരേയും യാചകരായ തെരുവ് കുട്ടികളെ കാണുമ്പോള്‍ പോലും എനിക്ക് അവരോട് എന്തെന്നില്ലാത്ത ഒരു ‘അസൂയ’ തോന്നുന്നുണ്ടായിരുന്നു. ഞാന്‍ അവരില്‍ ഒരാളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് വരെ ചിന്തിച്ചുകൂട്ടിയ നിമിഷങ്ങള്‍.
2020 നവംബര്‍ അഞ്ച്, ഞാന്‍ തടവിലായിട്ട് ഇന്നേക്ക് കൃത്യം ഒരു മാസം പൂര്‍ത്തിയാകുകയാണ്. ഇന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവരികയാണ്, കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഞാന്‍ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിച്ച വഴികളിലൂടെ, ഒരു അപരിചിതനായി, ക്രിമിനലിനെ പോലെ, എന്നെ അറിയുന്ന ആരെങ്കിലും എന്നെ ഈ അവസ്ഥയില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയോടെയുള്ള തിരിച്ചുവരവ്. എയിംസ് ആശുപത്രിയും, ഐ.എന്‍.എ മാര്‍ക്കറ്റും അടക്കം അറിയാവുന്ന കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും എല്ലാം പിന്നിലാക്കി എന്നേയും കൊണ്ട് എസ്.ടി.എഫിന്റെ വാഹനം നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് മുന്പില് എത്തി. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സച്ചിനും മറ്റൊരു എസ്.ടി.എഫ് കോണ്‍സ്റ്റബിളും വാഹനത്തില്‍ നിന്നിറങ്ങി സ്റ്റേഷനകത്തേക്ക് പോയി. ഞാന്‍ കാറിനകത്ത്, നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള, പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സബ്സ് ബുര്‍ജിലെ, നീല കുംഭഗോപുരത്തിന് ചുറ്റും പ്രാവുകള്‍ സ്വതന്ത്രരായി വട്ടമിട്ട് പറക്കുന്നതും നോക്കിയങ്ങനെ ഇരുന്നു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ്, ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സച്ചിന്റെ കൂടെ സ്റ്റേഷനിലേക്ക് പോയ കോണ്‍സ്റ്റബിള്‍ തിരിച്ച് വന്ന്, എന്നേയും കൂട്ടി സ്റ്റേഷനകത്തേക്ക് പോയി. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള സ്റ്റേഷന് ഹൗസ് ഓഫീസറുടെ (എസ്.എച്ച്.ഒ) ഓഫീസിനകത്തേക്കാണ് എന്നെ കൊണ്ടുപോയത്. എസ്.എച്ച്.ഒ എന്നോട് മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാസ്ക് മാറ്റി. പേരും ഡല്‍ഹിയിലെ ഏന്റെ താമസ സ്ഥലവും എല്ലാം ചോദിച്ചറിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഞാന്‍ നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ജംഗ്പുര എക്സ്റ്റന്‍ഷനിലാണ് താമസം.
നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങളുടെ വാഹനം ജംഗ്പുരയിലേക്ക് നീങ്ങി. ഞാന്‍ താമസിച്ചിരുന്ന റൂമിന്റെ അടുത്തുള്ള താമസക്കാരോടും എന്റെ റൂമിന്റെ ഉടമയോടും എല്ലാം എന്നെ കുറിച്ച് അന്വേഷിച്ചു. അവരെല്ലാം എന്നെ കുറിച്ച് നല്ല അഭിപ്രായമാണ് എസ്.ടി.എഫിനോട് പറഞ്ഞത്. ഞാന്‍ റൂം ബ്രോക്കര്‍ക്ക് നല്കിയ എന്റെ ആധാറിന്റെ കോപ്പിയും മറ്റു രേഖകളുമെല്ലാം എസ്.ടി.എഫ് ബ്രോക്കറില്‍ നിന്ന് വാങ്ങി. ഞാന്‍ താമസിച്ചിരുന്ന റൂമിന്റെ അടുത്ത്, ജംഗ്പുരയിലെ കശ്മീരി പാര്ക്കിന് സമീപത്തെത്തിയപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ മോബൈലിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നോട് എന്റെ ഇ-മെയില്‍ ഐ.ഡിയും പാസ് വേഡും ചോദിച്ചു. ഇ-മെയില്‍ ഐ.ഡി ഞാന്‍ പറഞ്ഞ് കൊടുത്തു. പാസ് വേഡ് എനിക്ക് ഓര്‍മ്മയില്ലെന്ന് പറഞ്ഞു. ഓര്‍മ്മയിലുള്ള എതെങ്കിലും പറഞ്ഞു കൊടുക്കണമെന്നായി അദ്ദേഹം. സച്ചിന് അദ്ദേഹത്തിന്റെ ഫോണ്‍ എനിക്ക് തന്നു. മറ്റേ തലക്കില് സംസാരിക്കുന്ന ആളുമായി സംസാരിക്കാന്‍ പറഞ്ഞു. മറുതലക്കില്‍ ഉള്ളയാള്‍ ഇ-മെയില്‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പാസ് വേഡ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ ഓര്‍മ്മയില്‍ വന്ന ചില പാസ് വേഡുകള്‍ പറഞ്ഞുകൊടുത്തു. അതുകൊണ്ടൊന്നും അദ്ദേഹത്തിന് അവ തുറക്കാന്‍ സാധിച്ചില്ല.. മറു തലക്കല്‍ നിന്ന്…. തെറി തുടങ്ങി, ‘തേരി മാ കി…’ അത്രയും കേട്ടതോടെ ഞാന്‍ ഫോണ്‍ മുന്‍ സീറ്റിലിരിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സച്ചിന് കൈമാറി. ആരാണ് മറുതലക്കല്‍ സംസാരിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എസ്.ടി.എഫിന്റെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്നായിരുന്നു മറുപടി. പാസ് വേഡ് ചോദിച്ച് വാങ്ങി ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുക, തുറക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അമ്മയ്ക്ക് വിളിക്കുക.
ജംഗ്പുരയില്‍ ഞാന്‍ താമസിച്ചിരുന്ന റൂം പൂട്ടികിടക്കുകയായിരുന്നു. റൂമിന്റെ ചാവി എന്റെ ലാപ്പ് ടോപ്പ് ബാഗിലാണ്. ലാപ്ടോപ്പും ബാഗും വാലറ്റും മൊബൈലുമെല്ലാം മാണ്ഡ് പൊലീസ് തൊണ്ടിമുതലായി പിടിച്ചെടുത്ത് മഥുര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടതിനാലാണോ എന്നറിയില്ല, വാതില്‍ ചവിട്ടിപൊളിക്കാനോ പൂട്ട് കുത്തിതുറക്കാനോ ഒന്നും എസ്ടി..എഫ് മുതിര്‍ന്നില്ല. എന്നേയും കൊണ്ട് അവര്‍ തിരിച്ചുള്ള യാത്ര തുടങ്ങി. നോയ്ഡയില് എത്തിയപ്പോള്‍, ഒരു മദ്യശാലയ്ക്ക് പുറത്ത് വാഹനം നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന ഒരു കോണ്‍സ്റ്റബിളിനെ വിട്ട് സച്ചിന് ഏതാനും മദ്യ കുപ്പികള്‍ വാങ്ങിച്ച് വണ്ടിയില്‍ വെച്ചു. എന്നോട് മദ്യപിക്കാറുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ മദ്യപിക്കാറില്ലെന്ന് മറുപടി പറഞ്ഞു.
എസ്.ടി.എഫ് ഉദ്യോഗസ്ഥരുടെ മദ്യ പര്‍ച്ചേസിങ് കഴിഞ്ഞ്, ഞങ്ങള്‍ ഗൗതം ബുദ്ധ നഗറിലെ എസ്.ടി.എഫ് ആസ്ഥാനത്തെത്തിയപ്പോള്‍ രാത്രി 11 മണിയോടടുത്തിരുന്നു. എസ്.ടി.എഫ് ആസ്ഥാനത്ത് ഞങ്ങളെ തടവില്‍ വെച്ചിരുന്ന ഓഫീസ് റൂമില്‍ ഞാന്‍ എത്തുമ്പോള്‍ അവിടെ അത്തീക്കുറഹ്മാന് ഇരിക്കുന്നുണ്ടായിരുന്നു. കൈയ്യാമം വെച്ച നിലയിലാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അത്തീക്കുറഹ്മാനെ തെളിവെടുപ്പിനായി എവിടേയും കൊണ്ടുപോയിരുന്നില്ല. അത്തീക്കുറഹ്മാന് ഒഴികെ ഞങ്ങളെ മൂന്നു പേരേയും അവരവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. മസൂദിനെ ഡല്‍ഹിയില്‍ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലിലേക്കാണ് കൊണ്ടുപോയത്. ഡ്രൈവര്‍ ആലം താമസിച്ചിരുന്നത് ഡല്‍ഹിയിലായിരുന്നെങ്കിലും അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലേക്കാണ് തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നത്. ആലമിനെ എസ്.ടി.എഫ് ആസ്ഥാനത്തേക്ക് തിരിച്ച് കൊണ്ടുവരുമ്പോള്‍ കാലത്ത് മൂന്ന് മണിയോടടുത്തിരുന്നു. ആലമിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് എസ്.ടി.എഫ് എടുത്തു കൊണ്ടുപോന്നു. മസൂദിന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും ഏതാനും പുസ്തകങ്ങളുമാണ് എസ്.ടി.എഫ് കൈവശപ്പെടുത്തിയത്. ആലമിനെ തിരിച്ച് കൊണ്ടു വരുന്നത് വരെ ഞങ്ങള്‍ ആശങ്കയോടെ എസ്.ടി.എഫ് ആസ്ഥാനത്ത് ഉറങ്ങാതെ കാത്തിരുന്നു. അദ്ദേഹം തിരിചെത്തിയതോടെയാണ് അല്പം ആശ്വാസമായത്. നാലു പേരും ഒന്നിച്ചായതോടെ വീണ്ടും രണ്ട് പേരെ വീതം ഒന്നിച്ച് കൈയ്യാമം വെച്ചു. ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കില്ലെന്നും ഓരോരുത്തരെ മാത്രം കൈയ്യാമം വെക്കണമെന്നും ഞങ്ങള്‍ എസ്.ടി.എഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ല. ഒരാളുടെ ഇടത്തേ കൈയ്യും മറ്റേയാളുടെ വലത്തേ കൈയ്യും ബന്ധിച്ച നിലയില്‍ ഞങ്ങള്‍ നാലു പേരും ഉറങ്ങാന്‍ കിടന്നു. യാത്രാ ക്ഷീണം കാരണം ഞങ്ങള്‍ വേഗം ഉറങ്ങിപ്പോയി.
എസ്.ടി.എഫ് കസ്റ്റഡിയിലെ അവസാനത്തെ ദിനമാണിന്ന്. ഇന്ന് വൈകുന്നേരം അഞ്ചുമണി, അല്ലെങ്കില്‍ ആറുമണിക്കകം മഥുര ജില്ലാ ജയിലില്‍ ഞങ്ങളെ തിരിച്ചെത്തിക്കണം. എസ്.ടി.എഫിന് ജില്ലാ മജിസ്ട്രേറ്റ് അനുവദിച്ച 48 മണിക്കൂര്‍ അവസാനിക്കാന്‍ ഇനി എത്ര മണിക്കൂര്‍ ഉണ്ടെന്ന് കണക്ക് കൂട്ടാന്‍ ആരംഭിച്ചു ഞങ്ങള്‍. എവിടെ നിന്നാണ് 48 മണിക്കൂര്‍ എണ്ണുക എന്നതായി ഞങ്ങളുടെ സംശയം. ജയിലില്‍ നിന്ന് ഞങ്ങളെ ഇറക്കികൊണ്ടുവന്ന സമയം മുതലാണോ അതോ കോടതി ഞങ്ങളെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡറില്‍ പരാമര്‍ശിച്ച വല്ല മാനദണ്ഡ പ്രകാരമാണോ തുടങ്ങിയ ചര്‍ച്ചകളാണ് ഞങ്ങള്‍ നടത്തിയത്. എന്തായാലും ഇന്ന് രാത്രിയാകുന്നതിന് മുന്‍പ് ഞങ്ങളെ ജയിലില്‍ എത്തിക്കേണ്ടി വരും എന്ന അനുമാനത്തിലാണ് ഞങ്ങള്‍. രാവിലെ ഒരു പത്തുമണിയോടെ, ഞങ്ങളെ രണ്ടു വീതം കോണ്‍സ്റ്റബിള്‍മാര്‍ വന്ന് എസ്.ടി.എഫ് ആസ്ഥാനത്തെ ഓരോ മുറികളിലേക്ക് കൊണ്ടുപോയി. ഹരിയോം എന്ന ഒരു കോണ്‍സ്റ്റബിളാണ് എന്നെ ചോദ്യം ചെയ്യുന്നത്. എന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍, ട്വിറ്ററിലെ ട്വീറ്റുകള്‍, പാറപ്പുറം എന്ന പേരില്‍ ഞാനുണ്ടാക്കിയ ബ്ലോഗിലെ ഉള്ളടക്കം എന്നിവയെ കുറിച്ചാണ് ചോദ്യങ്ങള്‍. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്തുകൊണ്ട് സുപ്രിംകോടതി വിധി പുറപ്പെടുവിച്ച ദിവസം ഹിന്ദിയില്‍ ഞാനെഴുതിയ ഒരു സാര്‍ക്കാസം (വ്യംഗ്യാര്‍ത്ഥം) നിറഞ്ഞ വാക്കായിരുന്നു ചോദ്യങ്ങളുടെ കേന്ദ്രബിന്ദു. ‘ബാബരി മസ്ജിദ് ആത്മഹത്യ കിയ’ – ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല, അത് ആത്മഹത്യ ചെയ്തതാണ് എന്ന അര്‍ത്ഥത്തില്‍ എഴുതിയ ഒരു മുള്ളുവാക്കായിരുന്നു അത്. എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സായ സയത്ത് സ്ഥാപിതമായ ഒരു സംഘടനയുടെ സ്ഥാപകാംഗമാണ് ഞാനെന്നായിരുന്നു എസ്.ടി.എഫ് പറഞ്ഞത്. ആ സംഘടനയുടെ തിങ്ക് ടാങ്കാണ് (ബുദ്ധി കേന്ദ്രം) ഞാനെന്ന് എസ്.ടി.എഫ് വിശ്വസിക്കുകയും അക്കാര്യം മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു. ചോദ്യം ചെയ്യലും ചില പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കി ഞങ്ങളെ വീണ്ടും വണ്ടിയില്‍ കയറ്റി. എസ്.ടി.എഫ് ആസ്ഥാനത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. (തുടരും)