യൂറോപ്പിൽ എന്തുകൊണ്ട് വലതുപക്ഷം വളരുന്നു?

സമകാലിക രാജ്യാന്തര രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഒരു ദിശാമാറ്റമാണ് യൂറോപ്പിലെ വലതുപക്ഷ പാർട്ടികളുടെ വളർച്ച. വലതുപക്ഷ സാമ്പത്തിക-സമൂഹിക വീക്ഷണങ്ങളും കുടിയേറ്റ വിരുദ്ധതയും അതിദേശീയതയും രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്ന പാർട്ടികൾക്ക് ജനപിന്തുണ ഏറിവരുകയാണ്. യൂറോപ്പിലെ വലുതും ചെറുതുമായ രാജ്യങ്ങളിലെല്ലാം വലതുപക്ഷം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിർത്തികൾ അടയ്ക്കണം, കുടിയേറ്റങ്ങൾ തടയണം, വംശീയ ന്യൂനപക്ഷങ്ങൾക്കുള്ള പരി​ഗണനകൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ഈ വലതുപക്ഷ പാർട്ടികൾ പൊതുവെ മുന്നോട്ടുവയ്ക്കാറുള്ളത്. സമ്പദ് വ്യവസ്ഥയിലുണ്ടായ മുരടിപ്പും കോവിഡ് മഹാമാരി പോലെയുള്ള പൊതുജനാരോ​ഗ്യ വിഷയങ്ങളും വലതുപക്ഷം അവരുടെ വളർ‌ച്ചയ്ക്ക് വിഷയമാക്കുന്നു. രണ്ടാംലോക യുദ്ധത്തിന് ശേഷം ആദ്യമായി തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നതിനും 2022 സാക്ഷ്യം വഹിച്ചു. ലോകത്തെമ്പാടും ഈ പ്രവണതയുടെ പ്രതിഫലനങ്ങൾ കാണാൻ കഴിയുന്നുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന് എന്തുകൊണ്ടാണ് ജനപിന്തുണ വർദ്ധിപ്പിക്കാൻ കഴിയുന്നത്? ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തുന്ന മലയാളി ​ഗവേഷകനാണ് ഡോ. അനിൽ മേനോൻ. യുദ്ധങ്ങളും നിർബന്ധിത കുടിയേറ്റവും പൊതുജനാരോഗ്യ പ്രതിസന്ധികളും രാഷ്ട്രീയ മനോഭാവങ്ങളെയും ഭരണസംവിധാനങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൽ നിരവധി പഠനങ്ങൾ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, മെഴ്‌സിഡിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായഡോ. അനിൽ മേനോൻ ന‍ടത്തിയിട്ടുണ്ട്. യൂറോപ്പിൽ വലതുപക്ഷ പാർട്ടികളും, പോപ്പുലിസ്റ് പാർട്ടികളും ശക്തിപ്പെടുന്നതിൽ ജനങ്ങളുടെ ആരോഗ്യാവസ്ഥയ്ക്കും നിർബന്ധിത കുടിയേറ്റങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ച് ഡോ. അനിൽ മേനോൻ കേരളീയവുമായി സംസാരിക്കുന്നു.

ഗ്രീസില് നിന്ന് മാസിഡോണിയയിലേക്ക് പ്രവേശിച്ച അഭയാർത്ഥികൾ. കടപ്പാട്: AP

യൂറോപ്പിലെ വലതുപക്ഷ കക്ഷികളുടെ വളർച്ചയുടെ തുടക്കം എവിടെ നിന്നായിരുന്നു? 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ ദിശാമാറ്റം ഉണ്ടായിത്തുടങ്ങുന്നത് എന്ന് വായിച്ചിട്ടുണ്ട്. അത് കൂടാതെ, മറ്റെന്തെല്ലാം ഘടകങ്ങളാണ് ഇത്തരമൊരു സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടാൻ കാരണമായിട്ടുള്ളത് എന്നാണ് താങ്കൾ നിരീക്ഷിക്കുന്നത്?

ചരിത്രം പരിശോധിക്കുമ്പോൾ ലോകത്ത് പല കാലഘട്ടങ്ങളിലും വലതുപക്ഷ പാർട്ടികളും ആശയങ്ങളും അധികാരത്തിലെത്തിയിട്ടുണ്ട്. പക്ഷെ ലോകം അത് ശ്രദ്ധിച്ചു തുടങ്ങിയത് 1930 കളിൽ ഹിറ്റ്ലറും മുസ്സോളിനിയും ജർമ്മനിയിലും ഇറ്റലിയിലും അധികാരത്തിൽ വന്നതോടെയാണ്. പക്ഷെ അതിനുശേഷം അവർ യുദ്ധം തോറ്റതിനാലും, യൂറോപ്പിലെ ജനങ്ങളുടെ മനസ്സിൽ യുദ്ധത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഉണ്ടായിരുന്നതിനാലും ഇത്തരം വലതുപക്ഷ ചിന്തകൾ മോശമാണെന്ന് യൂറോപ്യൻ ജനതക്ക് ബോധ്യം വന്നതിനാലും അറുപതു വർഷത്തേക്ക് വലതുപക്ഷ ശക്തികൾക്ക് ഉയർച്ച ഉണ്ടായില്ല. 2008 ലെ ആ​ഗോള സാമ്പത്തിക മാന്ദ്യവും, പല രാജ്യങ്ങളിലെയും കടബാധ്യതകളും യൂറോപ്പിൽ വലതുപക്ഷ പാർട്ടികളുടെ വളർച്ചക്ക് സഹായകമായി. അറബ് വസന്തവും അതിനുശേഷമുണ്ടായ സിറിയയിൽ നിന്നുള്ള 2015 ലെ അഭയാർത്ഥി പ്രവാഹവും യൂറേപ്പിലേക്കുള്ള കുടിയേറ്റം കൂടുന്നതിന് കാരണമായി. ഇത് വലതുപക്ഷ ശക്തികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കി. വലതുപക്ഷ ശക്തികൾക്ക് പിന്തുണ ലഭിക്കുവാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത് എന്നതാണ് പൊതു നിരീക്ഷണം. സാമ്പത്തികതകർച്ചയും തൊഴിലില്ലായ്മയും ഉണ്ടാകുന്ന സാഹചര്യത്തിൽ അരക്ഷിതരായ വ്യക്തികൾ വലിയ വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികൾക്ക് പിന്നാലെ പായാൻ സാധ്യതയുണ്ട്. രണ്ടാമത്തെ ഘടകം, റൊണാൾഡ്‌ എഫ് ഇൻ​ഗ്ലെഹേർട്ട് മുന്നോട്ടുവച്ച കൾച്ചറൽ തിയറി ആണ്. തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് ആളുകൾക്ക് തോന്നുമ്പോൾ, അവർ സമുദായ മൂല്യങ്ങളോട് ഐക്യപ്പെടുന്നതിനും, പുറത്തുനിന്നുള്ളവരെ പുറന്തള്ളുന്നതിനും, ശക്തരായ നേതാക്കളെ അനുസരിക്കുന്നതിനും തയ്യാറാവുമെന്നാണ് ഈ തിയറി പറയുതുന്നത്. “നമ്മുടെ സംസ്കാരം നശിച്ചുകൊണ്ടിരിക്കുകയാണ്, അതിനെ തിരിച്ചു പിടിക്കണം” എന്നൊക്കെ ആവശ്യമുന്നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും, നേതാക്കളും യൂറോപ്പിലുണ്ട്. അതുപോലെ മാറ്റങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത കോൺസർവേറ്റീവ് ആയ ആളുകൾക്കിടയിൽ സംസ്കാരത്തെ സംരക്ഷിക്കും എന്ന് പറയുന്നവർക്ക് ജനപ്രീതി കിട്ടാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളും വലതുപക്ഷ ശക്തികളുടെ വളർച്ചക്ക് സഹായകമായി. വലതുപക്ഷ ശക്തികളുടെ ഉയർച്ചയുമായി ബന്ധപെട്ട് നിലവിലുള്ള രണ്ട് പ്രധാന വിശദീകരങ്ങൾ ഇവയാണ്.

ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി) രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി

ഞാൻ യു.എസിലുള്ള എന്റെ സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോൾ വലിയ സാമ്പത്തികസ്ഥിതി ഇല്ലാത്തവരും ഡൊണാൾഡ് ട്രമ്പിന് വോട്ട് ചെയ്ത കാര്യം അദ്ദേഹം പറയുകയുണ്ടായി. സംസ്കാരവുമായി ബന്ധപ്പെട്ടോ, വ്യകതിപരമായോ പ്രതിസന്ധികളെ നേരിടുമ്പോൾ മനുഷ്യർ രക്ഷകരെ തേടാറുണ്ട്. ആരോഗ്യം കുറയുമ്പോഴും മനുഷ്യർക്ക് ഈ ചിന്താഗതി ഉണ്ടാകാറുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ മനോനില പരിശോധിക്കാനാണ് ഞങ്ങൾ ​ഗവേഷണത്തിലൂടെ ശ്രമിച്ചത്. 2002 മുതൽ ഇപ്പോഴും യൂറോപ്പിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സർവേയാണ് യൂറോപ്യൻ സോഷ്യൽ സർവ്വേ. ഞങ്ങൾ ഉപയോഗിച്ചത് യൂറോപ്യൻ സോഷ്യൽ സർവ്വേയുടെ 2002 മുതൽ 2020 വരെയുള്ള കണക്കുകളാണ്. രണ്ട് ലക്ഷം പേരുടെ ഡാറ്റയാണ് അതിൽ ഉണ്ടായിരുന്നത്. ഞങ്ങൾ ആ ഡാറ്റ മുഴുവനും ഉപയോഗിച്ചു. 28 യൂറോപ്യൻ രാജ്യങ്ങളിലെ ഡാറ്റ ഉപയോഗിച്ച് വ്യക്തികൾ അവരുടെ ആരോഗ്യം കുറയുമ്പോൾ വലതുപക്ഷ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചു. ആരോഗ്യം കുറയുമ്പോൾ വ്യക്തികൾക്ക് വോട്ട് ചെയ്യാനുള്ള താല്പര്യം പൊതുവെ കുറയുമെന്നും, അവർ വലതുപക്ഷത്തിനു വോട്ട് ചെയ്യുന്ന പ്രവണതയുണ്ടാകുമെന്നും വോട്ടിം​ഗ് പാറ്റേൺ പരിശോധിച്ച് ഞങ്ങൾ കണ്ടെത്തി.

ബ്രെക്ക്സിറ്റിനെക്കുറിച്ചു (യൂറോപ്യൻ യൂണിയനിൽ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിന്റെ ഭാ​ഗമായി നടന്ന ഹിതപരിശോധന) ഞങ്ങൾ ഒരു പഠനം നടത്തിയിരുന്നു. അതിൽ നിന്നും മനസിലായത് ആരോഗ്യം കുറഞ്ഞ ആളുകളാണ് ഏറ്റവുമധികം ബ്രെക്സിറ്റിന് വേണ്ടി, യൂറോപ്യൻ യൂണിയനിൽ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിന് വേണ്ടി വോട്ട് ചെയ്തത് എന്നാണ്. അതിനൊരു കാരണം ബ്രിട്ടന്റെ ക്രൗൺ ജ്യൂവെൽ ആയി അവർ വിലയിരുത്തുന്ന നാഷണൽ ഹെൽത്ത് സർവീസുമായി ബന്ധപ്പെട്ടതാണ്. കുടിയേറ്റക്കാർ വന്നതിനുശേഷം യൂറോപ്പിലെ ആരോഗ്യ സേവനങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നുവെന്നും, തങ്ങൾക്ക് സേവനങ്ങൾ ലഭിക്കുന്നില്ലെന്നും അവിടെയുള്ളവർക്ക് പരാതിയുണ്ട്. ഈ അവകാശ വാദങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഒരു കൂട്ടം രാഷ്ട്രീയക്കാർ ബ്രെക്സിറ്റിന് വേണ്ടി വാദിച്ചത്. ഞങ്ങൾ നടത്തിയ പഠനത്തിൽ പോപ്പുലിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്ത ആളുകൾ നിലവിലെ രാഷ്‌ടീയ സ്ഥാപനങ്ങളോട് മതിപ്പില്ലാത്ത, സർക്കാർ ഒന്നും തങ്ങൾക്കു വേണ്ടി ചെയ്യുന്നില്ല എന്ന് കരുതുന്നവരും, സംസ്‍കാരം നശിക്കുന്നു എന്ന് വേവലാതിപ്പെടുന്നവരും ആണെന്ന് കണ്ടെത്തി. അതുപോലെ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും പോപ്പുലിസ്റ്റ് പാർട്ടികൾക്കാണ് വോട്ട് ചെയ്തിട്ടുള്ളത്.

യൂറോപ്പിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്തതാണോ അവരെ വലതുപക്ഷ ചിന്തയിലേക്ക് നയിക്കുന്നത് എന്നതാണോ നിങ്ങൾ എത്തിച്ചേർന്ന നി​ഗമനം?

യു.കെയിലെ ഡോക്ടർമാർ പറയുന്ന പരാതി അവർക്ക് പല കാരണങ്ങളാൽ കൂടുതൽ രോഗികളെ കാണേണ്ടി വരുന്നുണ്ടെന്നാണ്. അതിനാൽ അവർ നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയും കുറയുന്നതായി പരാതിയുണ്ട്. അതുപോലെ രോഗികൾക്കിടയിലും തങ്ങളുടെ സേവനങ്ങൾ കുടിയേറ്റക്കാർ കവർന്നെടുക്കുന്നതായുള്ള പരാതിയുണ്ട്. യൂറോപ്പിൽ സർജറി പോലുള്ള സേവനങ്ങൾക്ക് കാത്തിരിക്കേണ്ട സമയം കൂടിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. യൂറോപ്പിൽ പൊതുജനാരോഗ്യ സേവനങ്ങൾക്ക് തകർച്ചയൊന്നും സംഭവിച്ചിട്ടില്ല, എന്നാൽ ഗുണനിലവാരം പ്രതീക്ഷിക്കുന്നതിനേക്കാൾ കുറയുന്നു എന്ന ആരോപണമുണ്ട്. ഈ ആരോപണങ്ങൾ സത്യമാണോ എന്നതല്ല ഈ കാലഘട്ടത്തിലെ പ്രശ്നം, ആളുകൾക്ക് എന്ത് തോന്നുന്നു എന്നതാണ്.

യൂറോപ്പിലെ ഏതൊക്കെ രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ പഠനം നടന്നത്? നിരീക്ഷണങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാമോ?

കഴിഞ്ഞ 20 വർഷമായി യൂറോപ്പിലുടനീളം ഏകദേശം 2,00,000 വോട്ടർമാരിൽ നിന്നുള്ള സർവേ പ്രതികരണങ്ങൾ ഞങ്ങൾ പരിശോധിച്ചു. അക്കാലത്ത്, അമേരിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും പോപ്പുലിസ്റ്റുകൾ അധികാരത്തിലേക്ക് ഉയർന്നുവന്നിട്ടുണ്ട്. യൂറോപ്പിലെ 24 രാജ്യങ്ങളിലെ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നതിന് റാൻഡം പ്രോബബിലിറ്റി സാമ്പിൾ ഉപയോഗിച്ച് യൂറോപ്യൻ സോഷ്യൽ സർവേ ശേഖരിച്ച വോട്ടർമാരുടെ പ്രതികരണങ്ങൾ ഞങ്ങൾ ശേഖരിച്ചു. രണ്ട് തരത്തിലാണ് ഞങ്ങൾ ആരോഗ്യം അളക്കുന്നത്. ഒന്നാമതായി, വോട്ടർമാർ അവരുടെ പൊതു ആരോഗ്യം വളരെ നല്ലതിൽ നിന്ന് വളരെ മോശം എന്ന ക്രമത്തിൽ വിലയിരുത്തി. രണ്ടാമതായി, അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ വിട്ടുമാറാത്ത രോഗം, വൈകല്യങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ എത്രത്തോളം തടസ്സപ്പെട്ടുവെന്ന് അവർ റിപ്പോർട്ട് ചെയ്തു.

ബ്രെക്സിറ്റിനു വേണ്ടി ബ്രിട്ടനിൽ നടന്ന റാലി. കടപ്പാട്: AFP

ഈ നടപടികൾക്ക് യഥാർത്ഥ ആരോഗ്യ നിലയുമായി അടുത്ത ബന്ധമുണ്ടെന്ന് വിപുലമായ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മോശം ആരോഗ്യം റിപ്പോർട്ട് ചെയ്ത വോട്ടർമാർ വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടികൾക്ക് വോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് ഞങ്ങൾ കണ്ടെത്തി. ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്ത വോട്ടർമാരും അങ്ങനെ തന്നെ ചെയ്യുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മൾ എത്രത്തോളം ആരോഗ്യമുള്ളവർ ആയിരിക്കണമെന്ന് ആളുകൾക്ക് ചില പ്രതീക്ഷകളുണ്ട്. വിട്ടുമാറാത്ത രോഗമോ വൈകല്യമോ മാനസികരോഗമോ ഉണ്ടാകുമ്പോൾ, നമ്മുടെ ശാരീരികവും വൈകാരികവുമായ പരിമിതികളിൽ നാം നിരാശരാകും. രോഗം ആളുകളെ ദുർബലരാക്കും. നമ്മുടെ അയൽക്കാർ നമ്മളേക്കാൾ ആരോഗ്യമുള്ളവരാണെന്ന് കരുതുന്നെങ്കിൽ നമ്മുടെ നിരാശ തീവ്രമായേക്കാം. ഈ നിരാശകൾ വോട്ടർമാരെ നിലവിലുള്ള രാഷ്ട്രീയ സ്ഥാപനത്തെ കുറ്റപ്പെടുത്താൻ പ്രേരിപ്പിച്ചേക്കാം. ഈ ചിന്ത “തകർന്ന” സംവിധാനം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സ്ഥാനാർത്ഥികളിലേക്ക് അവരെ തള്ളിവിടും.

ഡോ. അനിൽ മേനോൻ

കലാപങ്ങളും, യുദ്ധങ്ങളും പാലായനങ്ങൾക്കും കുടിയേറ്റങ്ങൾക്കും വഴിവയ്ക്കാറുണ്ടല്ലോ. ഇത്തരം കാര്യങ്ങൾ അവരുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനെയും വോട്ടിങ്ങിനെയും എങ്ങനെയാണ് സ്വാധീനിക്കുമെന്നതും താങ്കൾ പഠിച്ചിട്ടുണ്ടല്ലോ. രണ്ടാംലോക മഹായുദ്ധ ചരിത്രത്തെ പശ്ചാത്തലമാക്കി നടത്തിയ ആ പഠനത്തെക്കുറിച്ച് സംസാരിക്കാമോ ?

രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ വിൻസ്റ്റന്റ് ചർച്ചിൽ, റൂസ്‌വെൽറ്റ്, സ്റ്റാലിൻ എന്നിവർ ചേർന്ന് പൊട്സ്ഡാമിൽ വച്ച് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുള്ള ജർമ്മൻ വംശജരെ തിരിച്ച് ജർമ്മനിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. കിഴക്കൻ യൂറോപ്പിലുള്ള ജർമ്മൻ വംശജരോട് ആ രാജ്യങ്ങൾ വിവേചനപരമായി പെരുമാറുന്നുണ്ടെന്നും അതിനാലാണ് ആ രാജ്യങ്ങളെ തങ്ങൾ അക്രമിച്ചതെന്നും ഹിറ്റ്ലർ പറഞ്ഞിരുന്നു. കിഴക്കൻ യൂറോപ്പിലെ ജർമ്മൻ വംശജരുടെ സാന്നിധ്യം പിന്നീട് പ്രശ്ങ്ങൾ ഉണ്ടാക്കുമോ എന്ന ഭയം മറ്റുള്ളവർക്കും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനായി 1.2 മില്ല്യണിൽ കൂടുതൽ ജർമ്മൻ വംശജരെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും തിരികെ ജർമ്മനിയിയിലേക്ക് ആട്ടിപ്പായിച്ചു. ഈ നിർബന്ധിത കുടിയേറ്റത്തെക്കുറിച്ച് ഞാൻ പഠനം നടത്തിയിരുന്നു. ഒരു കൂട്ടം അഭയാർത്ഥികൾ ദീർഘകാലാടിസ്ഥാനത്തിൽ അവർ കുടിയേറി പാർക്കുന്ന ഇടങ്ങളിലെ പൊളിറ്റിക്കൽ ബിഹേവിയറിനെ സ്വാധീനിക്കുമോ എന്നതായിരുന്നു എന്റെ ഉള്ളിലുണ്ടായിരുന്ന ചോദ്യം. നിർബന്ധിതമായി കുടിയേറ്റം നടത്തിയവർക്ക് ശക്തമായ സമുദായ സ്വത്വ ബോധം ഉണ്ടാകുമെന്നും, അത് അവരെ അവരുടെ സ്വത്വപരമായ അവകാശങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്നുമാണ് ഞങ്ങൾ പഠനത്തിലൂടെ കണ്ടെത്തിയത്. നൂറു വർഷത്തിനിടയിൽ നടന്ന 32 ഇലക്ഷനുകളിലെ ഡിസ്ട്രിക്റ്റ് തലത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഞാൻ പഠനം നടത്തിയത്. കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ച സമൂഹങ്ങൾ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് അനുകൂലമായി നിൽക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 2013-നും 2017-നും ഇടയിൽ അഭയാർത്ഥി വിരുദ്ധ പാർട്ടിയായി AfD (Alternative für Deutschland) രൂപാന്തരപ്പെട്ടപ്പോൾ, നേരത്തെ കിഴക്കൻ യൂറോപ്പിൽ നിന്നും കുടിയേറിയ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ അതിന് കൂടുതൽ പിന്തുണ നൽകിയതായി കാണാം. മുമ്പ് നടന്ന പല സംഭവങ്ങളുടെയും അനുരണനങ്ങൾ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയെ രൂപപ്പെടുത്തുന്നുണ്ട് എന്ന് ഈ പഠനങ്ങൾ വ്യക്തമാകുന്നുണ്ട്. ജർമ്മൻ വംശജരുടെ നിർബന്ധിത കുടിയേറ്റത്തിന്റെ അനുഭവത്തിലൂടെ ആഘാതകരമായ അനുഭവങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ എന്തൊക്കെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിൽ ചില സംഭാവനകൾ നൽകാൻ ഈ പഠനത്തിന് കഴിഞ്ഞു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read