മണിപ്പൂരിനെ വിഭജിച്ച മാധ്യമ ഇടപെടലുകൾ

വംശീയ കലാപത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കാൻ മണിപ്പൂരിലേക്ക് പോയ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘത്തിലെ അം​ഗങ്ങൾക്കെതിരെ കേസെടുത്തിരിക്കുകയാണ് മണിപ്പൂർ പൊലീസ്. മണിപ്പൂരിൽ കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സംഘം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അഭിപ്രായപ്പെടുകയുമുണ്ടായി. 2023 ആഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരും മണിപ്പൂർ മാധ്യമങ്ങളും ഏകപക്ഷീയമായി മെയ്തെയ് വിഭാ​ഗത്തിനൊപ്പം നിന്നു എന്നാണ് വസുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മണിപ്പൂർ കലാപത്തിൽ ബിരേൻ സിങ്ങ് സർക്കാരിന്റെ പങ്ക്, ഇംഫാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വംശീയ പക്ഷപാതിത്വം, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കപ്പെട്ടത് കലാപത്തെ രൂക്ഷമാക്കിയതെങ്ങനെ എന്നീ കാര്യങ്ങൾ റിപ്പോർട്ട് വിശദീകരിക്കുന്നു. മണിപ്പൂരിലെ ജനങ്ങളും ഭരണസംവിധാനവും വംശീയമായി വിഭജിക്കപ്പെട്ടുവന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലിലെ സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. ശരത് സിംഗ് നല്‍കിയ പരാതിയിൽ ഇംഫാൽ പൊലീസ് കേസെടുത്തത്. എന്നാൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അംഗങ്ങൾക്കെതിരെ എടുത്ത നടപടി സെപ്തംബർ 6ന് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയുണ്ടായി. മണിപ്പൂർ സർക്കാർ സ്വീകരിച്ച പക്ഷപാതിത്വപരമായ നിലപാടുകളും, ഇംഫാലിലെ മാധ്യമങ്ങൾ എങ്ങനെ മെയ്തെയ് മാധ്യമങ്ങളായി മാറിയെന്നും തുറന്നുകാണിക്കുന്ന, Report of the Fact-Finding Mission on Media’s Reportage of the Ethnic Violence in Manipur എന്ന റിപ്പോർട്ടിന്റെ സംക്ഷിപ്തം വായിക്കാം. തയ്യാറാക്കിയത്: നിഖിൽ വർ​ഗീസ്

വംശീയ കലാപത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനം

2023 മെയ് മൂന്നിന് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുന്നേതന്നെ ഭൂരിപക്ഷ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ കുക്കി-ചിൻ-സോ വിഭാഗവും തമ്മിലുള്ള വിഭാഗീയത മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. സ്വജനപക്ഷപാതപരമായ നയങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും മെയ്തെയ് വിഭാഗത്തിനിടയിൽ കുക്കി വിഭാഗത്തിനെതിരെ വെറുപ്പുണ്ടാക്കുന്നതിനെ സംസ്ഥാന സർക്കാർ പിന്താങ്ങി. സംസ്ഥാന സർക്കാരിന്റെ നേതൃപദവികളിലുള്ളവർ വിശ്വസനീയമായ വിവരങ്ങളോ, കണക്കുകളോ ഇല്ലാതെ കുക്കി സമൂഹത്തെ അനധികൃത കുടിയേറ്റക്കാരും വിദേശികളുമായി ചിത്രീകരിക്കുവാൻ ശ്രമിക്കുകയുണ്ടായി. 1972-ലെ ഹിൽ ഏരിയ കമ്മിറ്റി ആക്ടിലെ വകുപ്പുകൾ പരിഗണിക്കാതെ കുന്നിൻ ചെരിവിലെ പ്രദേശങ്ങൾ ബീരേൻ സിങ് സർക്കാർ സംരക്ഷിത/റിസേർവ്ഡ് വനങ്ങളോ, ചതുപ്പുകളോ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ ഭൂവുടമസ്ഥതാ രേഖകളും റദ്ദാക്കുകയും ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികൾ 2022 ഡിസംബറിൽ തുടങ്ങുകയും ചെയ്തു. കാങ്‌പോപ്കി ജില്ലയിൽ ആരംഭിച്ച ഒഴിപ്പിക്കൽ (Demolition Drive) പ്രക്രിയയകൾ ചുരാചന്ദ്പൂരിലേക്കും, തെങ്ങ്ഔപാൽ എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ഈ നടപടികൾ നാഗ വിഭാഗം ആദിവാസികൾക്ക് നേരെ ഉണ്ടായിരുന്നില്ല. കുക്കി വിഭാഗത്തെ മാത്രമാണ് ഇത് ലക്ഷ്യംവെച്ചത്. ത്രികക്ഷി സസ്പെൻഷൻസ് ഓഫ് ഓപ്പറേഷൻ കരാറിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതും, 2023 മാർച്ച് മാസത്തിൽ AFSPA നിയമം ഏകപക്ഷീയമായി താഴ്വര ഭാഗത്ത് നിന്ന് പിൻവലിച്ചതും കുക്കി വിഭാഗത്തിനിടയിൽ സർക്കാരിനെതിരെയുള്ള വികാരമുണ്ടാക്കി. മാർച്ച് മാസത്തിൽ മെയ്തെയ് വിഭാഗത്തിന് ട്രൈബൽ സ്റ്റാറ്റസ് നൽകുവാനായുള്ള നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിനോട് മണിപ്പൂർ ഹൈക്കോടതി നിർദേശിച്ചു. ഈ നീക്കത്തെ തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കമായി നാഗകളും, കുക്കികളും കണ്ടു.

ബീരേൻ സിങ് സർക്കാരിന്റെ ‘വാർ ഓൺ ഡ്രഗ്സ്’ നയവും കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. മ്യാന്മാർ-ബംഗ്ലാദേശ് അതിർത്തിയിൽ പോപ്പി മാത്രമല്ല മറ്റ് മയക്കുമരുന്ന് മാഫിയകളുടെയും പ്രവർത്തനമുണ്ട്. അതുപോലെ നാഗ വിഭാഗവും, കുക്കി വിഭാഗവും, മെയ്തെയ് വിഭാഗവും പോപ്പി കൃഷിയിലേർപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ കുക്കി വിഭാഗത്തെ മാത്രം പോപ്പി കൃഷിക്കാരായും, നാർകോ-തീവ്രവാദികളായും അവതരിപ്പിച്ചു. എന്നാൽ മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയകൾക്ക് രാഷ്ട്രീയ സഹായമില്ലാതെ നിലനിൽക്കാൻ സാധിക്കില്ല എന്നത് വസ്തുതയാണ്. മെയ് മൂന്നിന് മെയ്തെയ്-കുക്കി സംഘർഷം കത്തിപ്പടരുന്നതിലേക്ക്‌ നയിച്ച സങ്കീർണമായ ഘടകങ്ങൾ മേൽ സൂചിപ്പിച്ചവയാണ്. മെയ് 3ന് മെയ്തെയ്കൾക്ക് പട്ടികവർഗ പദവി അനുവദിക്കുന്നതിനെതിരെ ‘ദി ആൾ ട്രൈബൽ സ്റ്റുഡന്റസ് യൂണിയൻ മണിപ്പൂർ’ സംഘടിപ്പിച്ച റാലിക്ക് മറുപടിയെന്നോണം മെയ്തെയ്കൾ മലഞ്ചെരിവുകളിലേക്ക് പോകുന്ന റോഡുകൾ ബ്ലോക്ക് ചെയ്തിരുന്നു. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകം മെയ്തെയ് ഗ്രൂപ്പുകൾ തീവച്ചു എന്ന ആരോപണം ഈ സമയത്ത് വന്നിരുന്നു. (ചില റിപോർട്ടുകൾ പ്രകാരം ഗേറ്റിനു സമീപം ടയറുകൾ കത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളു). റാലിയിൽ പങ്കുചേരാനെത്തിയ കുക്കി അംഗങ്ങൾ ഇവിടേയ്ക്ക് പാഞ്ഞെത്തുകയും ഇത് പിന്നീട് രണ്ടു വിഭാഗങ്ങളും തമ്മിൽ കലാപത്തിന് തിരികൊളുത്താനുള്ള കാരണമാകുകയും ചെയ്തു.

അക്രമത്തിൽ ഇടപെടുന്നതിൽ നിന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥരെ തടയുന്ന മേരാ പൈബിസ് അം​ഗങ്ങൾ. കടപ്പാട്: ദി പ്രിന്റ്

ഇതിനെത്തുടർന്നാണ് ചുരാചാന്ദ്പൂർ മെഡിക്കൽ കോളേജിലെ മെയ്തെയ് സ്ത്രീകൾ പീഡനത്തിനിരയായി എന്ന വ്യാജപ്രചരണം ഉണ്ടാകുകയും, ഇതിന് പ്രതികാരമെന്ന നിലയിൽ കുക്കി സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്. മെയ് മൂന്ന് രാത്രിയോട് കൂടി തന്നെ മെയ്തെയ് ഭൂരിപക്ഷ മേഖലകളിലെ കുക്കി-സൊ പള്ളികൾ, വീടുകൾ, മറ്റു വസ്തുവകകൾ എന്നിവ പൂർണമായും തകർക്കപ്പെട്ടു. ഇതിനെ തുടർന്നാണ് ഇംഫാലിലെ പൊലീസ് സേനയുടെ വെടിക്കോപ്പുകളും, ആയുധങ്ങളും കവർച്ച ചെയ്യപ്പെടുന്നതും, കർഫ്യു നിലവിൽ വരുന്നതും, മണിപ്പൂരിലാകെ ഇന്റർനെറ്റ് കണക്ടിവിറ്റി വിച്ഛേദിക്കപ്പെടുന്നതും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മെയ്തെയികൾ കുക്കി ഭൂരിപക്ഷ പ്രദേശത്ത് നിന്നും കുക്കികൾ മെയ്തെയി ഭൂരിപക്ഷ പ്രദേശത്ത് നിന്നും തങ്ങളുടെ വംശത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലേക്ക് സേനകളുടെ സഹായത്തോടെയോ അല്ലാതെയോ രക്ഷപ്പെട്ടു. ആസാം റൈഫിൾസ് 1000 മെയ്തെയ്കളെ ചുരാചന്ദ്പൂരിൽ നിന്നും 500 മെയ്തെയ്കളെ മോറെയിൽ നിന്നും രക്ഷപ്പെടുത്തി. ആസാം റൈഫിൾസ് കുക്കികളെ മാത്രമാണ് രക്ഷപ്പെടുത്തിയതെന്ന മെയ്തെയ്കളുടെ വാദത്തെ ഇത് ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 355 പ്രഖ്യാപിക്കാനോ, ലോ ആൻഡ് ഓർഡർ ഏറ്റെടുക്കുവാനോ തയ്യാറായില്ല. കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചെയ്യുന്ന ഒരു സുരക്ഷാ ഉപദേഷ്ടാവിനെ നിയമിച്ചു. ആസാം റൈഫിൾസും, പൊലീസ് സേനയും മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഒരു ഏകീകൃത സുരക്ഷാ സംവിധാനം ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. എന്നാൽ ഈ സംവിധാനങ്ങളൊന്നും ഫലവത്തായില്ല. പ്രശ്നങ്ങൾക്ക് കാരണമായ ഒരാളിൽ തന്നെ അത് പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടു. സംസ്ഥാന ഭരണനേതൃത്വവും, പൊലീസും, ബ്യൂറോക്രസിയും വംശീയമായി വിഭജിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോലീസ് താഴ്വരയിലെ ഉത്തരവാദിത്വവും, അമിത് ഷായുടെ നിയന്ത്രണത്തിലുള്ള അസ്സാം റൈഫിൾസ് മലഞ്ചെരിവുകളുടെ ഉത്തരവാദിത്വവും എന്ന രീതിയിലായിരുന്നു സേനയുടെ വിഭജനം.

മേരാ പൈബിസും കലാപബാധിരായ സ്ത്രീകളും

മണിപ്പൂരിലെ വംശീയാടിസ്ഥാനത്തിലുള്ള വിഭജനം കേവലം ജനങ്ങളുടെ മനഃസാക്ഷിയിലോ ബോധ്യത്തിലോ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. കുക്കികളും മെയ്തെയ്കളും ഭൂമിശാസ്ത്രപരമായി തന്നെ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നത് എഡിറ്റർസ് ഗിൽഡ് ടീമിന് വ്യക്തമായി. മണിപ്പൂരിലെ മെയ്തെയ് സ്ത്രീകളുടെ പൗരാവകാശ കൂട്ടായ്മയായ മേരാ പൈബിസ്, മണിപ്പൂരിലെ സായുധസേനകളുടെ അമിതാധികാരപ്രയോഗങ്ങൾക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ അറിയപ്പെടുന്നവയാണ്. എന്നാൽ മണിപ്പൂരിലെ ഇപ്പോഴത്തെ അക്രമങ്ങളിൽ മേരാ പൈബിസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുക്കി സ്ത്രീകൾക്കെതിരെ നടന്ന പീഡനത്തെ പോലും മേരാ പൈബിസ് സ്ത്രീകൾ പ്രോത്സാഹിപ്പിച്ചു. അസ്സാം റൈഫിൾസ്, കുക്കി മാധ്യമങ്ങൾ, പൗരാവകാശ കൂട്ടായ്മകൾ എന്നിവ മണിപ്പൂരിൽ നടന്ന നിരവധി ആൾക്കൂട്ട അക്രമങ്ങളിൽ മേരാ പൈബിസിന്റെ ഇടപെടൽ ആരോപിക്കുന്നു. മെയ്തെയ് വിമത സംഘടനായ kangleiYawoIKannaLup (KYKL) സംഘടനയിലെ 12 തടവുകാരെ മേരാ പൈബിസ് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു. ജൂൺ 26ന് സ്പിയർ കോപ്സ് ഓഫ് ഇന്ത്യ 2 .12 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മേരാ പൈബിസ് കലാപകാരികളെ രക്ഷപെടാൻ സഹായിക്കുന്നതും, സേനയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും, സായുധധാരികളായ കലാപകാരികൾക്കു മറയായി പ്രവർത്തിക്കുന്നതും ഈ വിഡിയോയിൽ ഉൾപ്പെടുന്നു. അസ്സാം റൈഫിൾസിനും മിലിറ്ററിക്കും മേരാ പൈബിസിന്റെ പ്രവർത്തനം ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. മെയ്തെയ് സമൂഹത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടന എന്ന നിലയിൽ ഇവർ ഈ പ്രവർത്തനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം പോലെയാണ് കാണുന്നത്.

എല്ലാ കലാപത്തിലും സംഭവിക്കുന്നതുപോലെ മണിപ്പൂരിലും സ്ത്രീകളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടി വന്നത്. ഗർഭിണികളുടെയും, ഇപ്പോൾ കുഞ്ഞുക്കൾക്ക് ജന്മം കൊടുത്ത അമ്മമാരുടെയും വേദനയും അവർ അനുഭവിക്കുന്ന മാനസികാഘാതങ്ങളും വളരെ വലുതാണെന്നും ഇ.ജി ടീമിന് മനസിലാക്കാൻ കഴിഞ്ഞു. പൊതുവെ മണിപ്പൂർ സമൂഹത്തിൽ സ്ത്രീകൾ വളരെ പ്രധാന സ്ഥാനം വഹിക്കുന്നവരാണ്. കുക്കി സ്ത്രീകളും സമൂഹത്തിന് വേണ്ടി ജാഗ്രതയോടെ നിൽക്കുന്നു. അവരും ബാരിക്കേഡുകൾക്കു സമീപം നിന്ന് കുക്കി മേഖലയിലേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്.

മെയ് 31 ന് ചുരാചന്ദ്പൂർ ജില്ലയിൽ കത്തിനശിച്ച വീടുകൾ. ചിത്രം: സൗമ്യ ഖണ്ഡേൽവാൾ

മണിപ്പൂരിലെ മാധ്യമങ്ങളും സത്യാനന്തര ആഖ്യാനങ്ങളും

എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിലെ അംഗങ്ങൾ മണിപ്പൂരിലെ അച്ചടി-ടെലിവിഷൻ-ഡിജിറ്റൽ മാധ്യമങ്ങൾ, കേബിൾ ടിവി-സേവനങ്ങൾ എന്നിവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കുക്കി മാധ്യമപ്രവർത്തകർക്കും, മെയ്തെയ് മാധ്യമപ്രവർത്തകർക്കും തങ്ങളുടെ വിഭാഗത്തിന്റെ മാത്രം കാഴ്ചപ്പാട് പ്രധാന്യത്തോടെ അവതരിപ്പിക്കാനുള്ള സമ്മർദമുണ്ട്.

മെയ്തെയ് മാധ്യമങ്ങളായി മാറിയ ഇംഫാൽ മാധ്യമങ്ങൾ

ഇംഫാൽ താഴ്വരയിലാണ് കൂടുതൽ പത്രങ്ങളും, ടെലിവിഷൻ ചാനലുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ചിരിക്കുന്നത്. മെയ് അഞ്ചിന് ശേഷം മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധിക്കപ്പെട്ടു. ഇത് വാർത്തകളുടെ ആധികാരികത പരിശോധിക്കുന്നതിനും, ഊഹാപോഹങ്ങളും വസ്തുതകളും തമ്മിൽ വ്യത്യാസപ്പെടുത്തുന്നതിനും, തടസം നിന്നു. “പൊതുസമൂഹത്തെ വിവരങ്ങളറിയിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഇന്റർനെറ്റ്-ഫോൺ എന്നിവ ഇല്ലാത്തതിനാൽ തടസപ്പെട്ടു. വസ്തുതകളും വ്യാജപ്രചാരണങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതായി. ഓരോ ഭാഗത്ത് നിന്നും പ്രചരിപ്പിക്കപ്പെട്ട ഊഹാപോഹങ്ങൾ പരിശോധിക്കാൻ മാർഗം ഇല്ല എന്ന അവസ്ഥയായി.” ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.

ചുരാചന്ദ്പൂർ മെഡിക്കൽ കോളേജിൽ മെയ്തെയ് സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യാജപ്രചരണം നടന്നതിന്റെ അടിസ്ഥാനത്തിലാണ് കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി പരേഡ് ചെയ്യിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. എന്നാൽ ചുരാചന്ദ്പൂർ മെഡിക്കൽ കോളേജിൽ ഒരു സ്ത്രീ പോലും ഉപദ്രവിക്കപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. ആരോപിക്കപ്പെട്ട സ്ത്രീയുടെ കുടുംബവും, അസ്സാം റൈഫിൾസും പീഡനം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ചില മെയ്തെയ് വീടുകൾ തീവെക്കപ്പെടുകയോ കൊള്ള ചെയ്യപ്പെടുകയോ ഉണ്ടായി. എന്നാൽ ചുരാചന്ദ്പൂരിൽ മെയ്തെയ്കൾ ശാരീരികമായി ആക്രമിക്കപ്പെട്ടില്ല. കുക്കി, മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വെടിവെയ്‌പ്‌ നടന്നിരുന്നു. എന്നാൽ സംഘർഷങ്ങളുടെ ആദ്യഘട്ടത്തിൽ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ മെയ്തെയ് വംശജർക്ക് ശാരീരികമായ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല.

ബിഷ്ണുപൂർ ജില്ലയിലെ മെയ്തെയ് റിലീഫ് ക്യാമ്പ്. ഫോട്ടോ: സൗമ്യ ഖണ്ഡേവാൾ

താഴ്വരയിലുള്ള മിക്ക ദിനപത്രങ്ങൾക്കും കുന്നിൻ ചെരിവുകളിൽ റിപ്പോർട്ടർമാരുണ്ട്. എന്നാൽ ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഈ റിപ്പോർട്ടർമാർക്ക് അവരവരുടെ ഓഫീസുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കുന്നിൻ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാരുടെ വാർത്തകൾ പിന്നീട് താഴവരയിലെ മാധ്യങ്ങൾ ഉപയോഗിച്ചില്ല. അതിനാൽ ചുരാചന്ദ്പൂർ, കാംകോക്പി, തെങ്ങ്നോപാൽ എന്നിവിടങ്ങളിൽ നിന്നുമുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ പിന്നീട് ഈ മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷമായി. ഓൾ ഇന്ത്യ റേഡിയോയുടെ കാര്യത്തിലും, ദൂരദർശന്റെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു. കുന്നിൻ ചെരിവുകളിലെ റിപ്പോർട്ടർമാർ കൃത്യമായ പരിശീലനം നേടാത്തവരാണെന്നും കലാപത്തിന് മുന്നേതന്നെ അവർ അയക്കുന്ന റിപ്പോർട്ടുകൾ വലിയ രീതിയിൽ എഡിറ്റ് ചെയ്യേണ്ടി വരുമായിരുന്നെന്നും ഇംഫാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റർ പറയുന്നു. ഇത് കുന്നിൻ ചെരിവിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ അവഗണിക്കുന്നതിന് ഒരു കാരണമായി പരിഗണിക്കാമോ എന്നത് വ്യക്തമല്ല. എന്നാൽ ഇംഫാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് കുന്നിൻ ചെരിവിലുള്ള മാധ്യമപ്രവർത്തകരിൽ അത്രത്തോളം അവിശ്വാസമുണ്ടായിരുന്നു. മറ്റു പ്രാദേശിക പത്രങ്ങൾക്ക് സമാനമായി മണിപ്പൂരിലും പത്രങ്ങളും, ടെലിവിഷനുകളും, ഡിജിറ്റൽ മീഡിയയും പ്രധാന വരുമാന മാർഗമായി ആശ്രയിക്കുന്നത് സർക്കാർ നൽകുന്ന പരസ്യങ്ങളെയാണ്. ഈ സഹായം ഈ മാധ്യമസഥാപനങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമാണ് എന്നതുകൊണ്ട്, അധികാരത്തിലിരിക്കുന്നവരെ സന്തോഷിപ്പിക്കുക എന്നത് അവർക്കു ഒരു ബാധ്യതയായി മാറുന്നുണ്ട്.

കുക്കി-സൊ മാധ്യമ വീക്ഷണം

വംശീയ കലാപത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ ഇംഫാൽ കേന്ദ്രമാക്കിയുള്ള മാധ്യമസ്ഥാപനങ്ങൾ മെയ്തെയ് അനുകൂല ആഖ്യാനമാണ് പുറത്തുവിട്ടത്. എന്നാൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ ആഖ്യാനം ചോദ്യം ചെയ്യപ്പെടുകയും രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കുകയും ചെയ്തു. മണിപ്പൂരിന് പുറത്തുനിന്നുമുള്ള മാധ്യമ റിപ്പോർട്ടർമാരെ കുക്കികളും, മെയ്തെയ്കളും സ്വാഗതം ചെയ്തു. ഈ റിപ്പോർട്ടർമാരുമായി ഇടപെടുന്നതിൽ കുക്കി വിഭാഗങ്ങൾ കൂടുതൽ മികച്ച് നിന്നു. ഓരോ സംഭവത്തിന്റെയും വിശദാംശങ്ങൾ നൽകുന്നതിലും, ആ സംഭവങ്ങളെ സാധുകരിക്കുന്ന ഫോൺ-വീഡിയോ റെക്കോർഡിങ്ങുകൾ നൽകുന്നതിലും അവർ ശ്രദ്ധ പുലർത്തി. ഇംഫാൽ കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകരെല്ലാം സ്വജനപക്ഷപാതം കാണിക്കുന്നവരാണെന്നാണ് കുക്കികൾക്കിടയിലെ പ്രധാന വികാരം. കലാപത്തിന് കാരണം സസ്പെൻഷൻസ് ഓഫ് ഓപ്പറേഷൻ കരാർ പ്രകാരമുള്ള കുക്കി സായുധ സേനകളാണെന്ന് കലാപത്തിന്റെ ആദ്യ ഘട്ടത്തിലും, പോപ്പി കൃഷിക്കാരും, മയക്കുമരുന്ന് മാഫിയകളും ആണെന്ന് രണ്ടാം ഘട്ടത്തിലും, മ്യാന്മറിൽ നിന്നും വന്ന അനധികൃത കുടിയേറ്റക്കാരും നാർകോ-തീവ്രവാദികളുമാണെന്ന് അവസാന ഘട്ടത്തിലും മെയ്തെയ് മീഡിയ കുറ്റപ്പെടുത്തി.

മണിപ്പൂർ മാധ്യമങ്ങൾക്കെതിരെ ഇംഫാലിൽ നടന്ന പ്രതിഷേധം. കടപ്പാട്:PTI

ദേശീയ മാധ്യമങ്ങൾ

ദേശീയ മാധ്യമങ്ങളുടെ ‘പാരച്യൂട്ട് ജേർണലിസ’ത്തിൽ (റിപ്പോർട്ടർമാർക്ക് കാര്യമായ അറിവോ അനുഭവപരിചയമോ ഇല്ലാത്ത ഒരു മേഖലയിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരെ നിയോ​ഗിക്കുന്ന രീതി) മെയ്തെയ് സമൂഹത്തിന് വിയോജിപ്പുണ്ട്. ദേശീയ മാധ്യമങ്ങൾ മണിപ്പൂർ സംഘർഷത്തെ ഹിന്ദു മെയ്തെയ്കളും ക്രിസ്ത്യൻ കുക്കി വിഭാഗവും തമ്മിലുള്ള മതപരമായ സംഘർഷമായി ചിത്രീകരിച്ചു എന്ന് അവർ ആരോപിക്കുന്നു. അതുപോലെ തന്നെ ദേശീയ മാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടർമാരെ മണിപ്പൂരിലേക്ക് അയയ്ക്കാൻ മടിച്ചു. മെയ്തെയ്കൾക്ക് ദേശീയ മാധ്യമങ്ങളോടും, കുക്കി വിഭാഗം മാധ്യമങ്ങൾക്ക് ഫലപ്രദമായി വിവരങ്ങൾ നൽകുന്നതിലും അമർഷമുണ്ട്.

മാധ്യമങ്ങളുടെ പരാജയം

മണിപ്പൂരിലെ സംഘർഷത്തിൽ ആദ്യ ദിനങ്ങളിൽ മാത്രമാണ് മാധ്യമങ്ങൾ പ്രസ്സ് കൗൺസിൽ നിർദേശക തത്വങ്ങൾ അനുസരിച്ച് റിപ്പോർട്ട് ചെയ്തത്. ആക്രമണങ്ങൾക്ക് പിന്നിലെ സമുദായ സ്വത്വം വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യുക എന്ന അടിസ്ഥാന തത്വം അവർ പെട്ടെന്ന് തന്നെ ഉപേക്ഷിച്ചു. മെയ് നാല് മുതൽ ഇന്റർനെറ്റ് സേവങ്ങൾ നിഷേധിക്കപ്പെട്ടത് ഭൂരിപക്ഷ സമുദായത്തിന് അനുകൂലമായ ആഖ്യാനം ഉണ്ടായിവരുന്നതിൽ സഹായകമായി. ഇംഫാലിലാണ് ഏറ്റവും പ്രധാനപ്പെട്ട ദിനപത്രങ്ങളും, ഡിജിറ്റൽ മീഡിയയും കേന്ദ്രീകരിച്ചിരിക്കുന്നത്. ടോം ടി.വി, ഇമ്പാക്ട് ടി.വി, ISTV തുടങ്ങിയ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ളതുമായ ഡിജിറ്റൽ മീഡിയയും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഫാൽ താഴ്വരയിലാണ്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ ഈ മാധ്യമങ്ങൾക്കെല്ലാം കുക്കി ഭൂരിപക്ഷ മേഖലകളായ ചുരാചന്ദ്പൂർ, കാങ്‌പോക്പി, മോറെ തുടങ്ങിയ ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യാൻ കഴിയാതെയായി. ദി സങ്കെയ് എക്സ്പ്രസ്സ്, ഇംഫാൽ ഫ്രീ പ്രസ്സ്, ഫ്രോണ്ടിയർ എക്സ്പ്രസ്സ് എന്നിവക്ക് ഈ ജില്ലകളിൽ നിന്നുമുള്ള റിപ്പോർട്ടർമാരിൽ നിന്നുമുള്ള വിവരങ്ങൾ ലഭ്യമായില്ല. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്തത് ഭൂരിപക്ഷ ആഖ്യാനങ്ങൾക്ക് അപ്പുറത്തുള്ള കാര്യങ്ങൾക്ക് ദൃശ്യത ഇല്ലാതാക്കി. ഇംഫാൽ അടിസ്ഥാനമാക്കിയുള്ള ആഖ്യാനം മുഴച്ചു നിന്നു.

ഇന്റർനെറ്റ് നിരോധിക്കുന്നു

മെയ് നാലിന് മണിപ്പൂർ സർക്കാർ മൊബൈൽ ഡാറ്റ സേവനങ്ങൾ നിരോധിച്ചു. അതിന് പിറ്റേ ദിവസം തന്നെ ബ്രോഡ്ബാൻഡ് സേവനങ്ങളും നിരോധിക്കപ്പെട്ടു. ഇന്റർനെറ്റ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് മൊബൈൽ ഫോണുകളിലൂടെയും, വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങളും നുണപ്രചാരണങ്ങളും നിർത്തലാക്കിക്കൊണ്ട് ദേശവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഗൂഢാലോചനകളും പ്രവർത്തനങ്ങളും തടയുക എന്നതായിരുന്നു. ദി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഇന്റർനെറ്റ് നിരോധനത്തിന്റെ കാലയളവിനെക്കുറിച്ചും, നിയമപരവും സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തെറ്റായ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിക്കുന്നത് തടയുന്നതിൽ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള വാർത്ത റിപ്പോർട്ടിങ്ങിന് അതീവ പ്രാധാന്യമുണ്ടെന്ന് IFF സൂചിപ്പിച്ചിരുന്നു. അനുരാധ ഭാസിൻ കേസിലെ സുപ്രീംകോടതി വിധിയും മണിപ്പൂർ സർക്കാരിനെ IFF ഓർമിപ്പിക്കുകയുണ്ടായി. ഈ വിധിയിൽ അപ്രഖ്യാപിത കാലയളവിലുള്ള ഇന്റർനെറ്റ് സേവന നിരോധനം അനുവദനീയമല്ലെന്ന് വ്യക്തമാകുന്നുണ്ട്. ജൂലൈ 25ന് ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം ഭാഗികമായി പിൻവലിച്ചു. എന്നാൽ മൊബൈൽ സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ഇത് സംസ്ഥാനത്തിന്റെ മൂന്ന് ശതമാനം ഇന്റർനെറ്റ് ഉപഭോക്താക്കൾക്കേ സഹായകമാകൂ. അനുരാധ ഭാസിൻ കേസിലെ വിധി ഇന്റർനെറ്റ് നിരോധനം 15 ദിവസത്തേക്ക് മാത്രമേ നടപ്പിലാക്കാവൂ എന്ന് പറയുന്നു. ഇന്റർനെറ്റ് നിരോധനം സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചതു പോലെ സമാധാനം കൊണ്ടുവന്നില്ല. ഇന്റർനെറ്റ് നിരോധനത്തിന് ശേഷം ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന ആക്രമണങ്ങൾ കൂടി, ഗ്രൗണ്ടിൽ നിന്നുമുള്ള റിപ്പോർട്ടുകളുടെ സ്വഭാവം മാറാൻ തുടങ്ങി. എല്ലാ ധാർമ്മിക ബോധ്യങ്ങളെയും, നിയന്ത്രണങ്ങളെയും തെറ്റിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള റിപ്പോർട്ടിങ്. ഇന്റർനെറ്റ് നിരോധനമാണോ, എല്ലാ മാധ്യമങ്ങളും ഭൂരിപക്ഷ സമുദായം താമസിക്കുന്ന ഇംഫാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണോ ഇതിനു കാരണം? സസ്പെന്ഷന്സ് ഓഫ് ഓപ്പറേഷൻസ് പ്രകാരമുള്ള സായുധ സേനയാണ് കലാപത്തിന് പിന്നിലെന്ന് മെയ്തെയ് മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ഇവർ കരാർ പ്രകാരം ക്യാമ്പുകളിൽ നിന്നും ആയുധങ്ങൾ ശേഖരിച്ചുവെന്ന് ആരോപിക്കപ്പെട്ടു. എന്നാൽ ഈ വിവരങ്ങൾ തെറ്റാണെന്ന് അസ്സാം റൈഫിൾസ് സ്ഥിരീകരിക്കുന്നു. മാധ്യമങ്ങളിലെ വംശീയ വേർതിരിവ് വ്യക്തമാക്കുന്നതാണ് വാർത്തകളിലും, എഡിറ്റോറിയലുകളിലും അസ്സാം റൈഫിൾസ് കുക്കികളെ സംരക്ഷിക്കുന്നു എന്ന തരത്തിൽ വന്ന വാർത്തകൾ.

മണിപ്പൂർ പ്രസ്ക്ലബ്. കടപ്പാട്:northeastlive

വ്യാജ വാർത്തകളും വിവരങ്ങളും; ഉദാഹരണങ്ങൾ

ജൂലൈ 11: ‘ഇംഫാൽ ഫ്രീ പ്രസ്’ൽ മ്യാന്മാർ പൗരന്മാർക്ക് കുക്കി സ്വാധീനമുള്ള ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി എന്ന തരത്തിൽ വാർത്ത വരുന്നു. ഈ ചികിത്സ ലഭിച്ചവർ നുഴഞ്ഞുകയറ്റക്കാരാണെന്നും ഇവർ മെയ്തെയ്കളുമായുള്ള സംഘർഷത്തിൽ പരിക്ക് പറ്റിയവരുമാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിൽ യാതൊരു വസ്തുതയുമില്ലെന്നും ഇത് ശത്രുതയുടെ പേരിൽ നിർമ്മിച്ചെടുത്ത വാർത്തയാണെന്നും അസ്സാം റൈഫിൾസ് സാക്ഷ്യപ്പെടുത്തുന്നു.

ജൂൺ 9: പൊലീസ് യൂണിഫോമിൽ സായുധ ഗുണ്ടകൾ ജൂൺ 9 ന് പുലർച്ചെ 4 മണിക്ക് ഖോകെൻ ഗ്രാമത്തിൽ ആക്രമണം നടത്തുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണം നടത്തിയത് കുക്കി സായുധ സേനകളാണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു.

ജൂൺ 4: ഇംഫാലിലെ ഇറോയിസംബ ലോക്കൽ ഏരിയയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, ഏഴ് വയസുള്ള കുക്കി ആൺകുട്ടിയെയും അദ്ദേഹത്തിന്റെ മേയ്‌തെയ് അമ്മയെയും മറ്റൊരു സ്ത്രീ ബന്ധുവുമൊത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മേയ്‌തേയ് ജനക്കൂട്ടം ആക്രമിച്ചു. ആൺകുട്ടിയുടെ പിതാവ് കുക്കി ആയതിനാൽ അവരെയെല്ലാം കുക്കി കുടുംബമായി മുദ്രകുത്തി ആംബുലൻസിൽ ജീവനോടെ കത്തിച്ചു. എന്നിരുന്നാലും മണിപ്പൂർ മാധ്യമങ്ങൾ ഈ സംഭവം ഒഴിവാക്കി. ദേശീയ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചുവെങ്കിലും കുക്കി ആൾക്കൂട്ടമാണ് അക്രമം നടത്തിയതെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം വന്നതോടെ അവർക്ക് വാർത്ത പിൻവലിക്കേണ്ടി വന്നു.

ആഗസ്റ്റ് 4: ഇംഫാൽ പത്രങ്ങളിൽ, ‘സങ്കെയ് എക്സ്പ്രസ്’ ഉൾപ്പെടെ ഒരേ സംഭവത്തിന്റെ നാല് വിവരണങ്ങൾ കൊടുത്തതായി അസ്സാം റൈഫിൾസ് ചൂണ്ടിക്കാട്ടി. അതിൽ, സൈന്യം മേരാ പൈബിസ് ഗ്രൂപ്പിൽപ്പെട്ട സ്ത്രീകളുടെ കൂട്ടത്തെ തടയാൻ ബ്ലാങ്ക് ഷോട്ടുകൾ ഉതിർത്തതായി ആരോപിക്കുന്നു. എന്നാൽ അസ്സാം റൈഫിൾസ് നൽകുന്ന വിവരങ്ങൾ വ്യത്യസ്തമാണ്. “ഉച്ചയ്ക്ക് 11:50 ഓടെ, അക്രമാസക്തരായ പുരുഷന്മാരും സ്ത്രീകളും കല്ലെറിയാൻ തുടങ്ങി. കൂട്ടത്തിൽ ഉണ്ടായിരുന്ന പൊലീസ് യൂണിഫോം ധരിച്ചവരും, കറുത്ത വസ്ത്രങ്ങൾ ധരിച്ച ഗുണ്ടകളും സൈനികരെ ചെറു ആയുധങ്ങളും മുളക് ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഭീഷണി നേരിട്ടപ്പോൾ, അസ്സാം റൈഫിൾസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പുക ഗ്രനേഡ് ഉപയോഗിച്ചു.”

ആഗസ്റ്റ് 3: കുക്കികൾ (“നാർക്കോ- പോരാളികൾ”) ഗ്വാൾതാബിയിലെ സൈന്യം സംരക്ഷണം നൽകുന്ന ഒരു ക്ഷേത്രം അശുദ്ധമാക്കിയെന്ന് ‘സങ്കെയ് എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ അസ്സാം റൈഫിൾസ് ഇത് നിഷേധിച്ചുകൊണ്ട് സൂചിപ്പിക്കുന്നത് ആ പ്രദേശത്ത് കുക്കി പോരാളികളുടെ പ്രവർത്തനമില്ലെന്നും ക്ഷേത്രത്തിന് യാതൊരു നാശവും സംഭവിച്ചില്ല എന്നുമാണ്. സൈന്യത്തിന്റെ കാഴ്ചപ്പാടിൽ ഇത് വ്യക്തമായും ‘മണിപ്പൂരിലെ സമാധാനം തകർക്കാൻ’ ഉദ്ദേശിച്ചുള്ള റിപ്പോർട്ടായിരുന്നു.

നിഗമനങ്ങളും നിർദ്ദേശങ്ങളും

മണിപ്പൂരിലെ വംശീയ സംഘർഷസമയത്ത്, മാധ്യമപ്രവർത്തകർ ഏകപക്ഷീയ റിപ്പോർട്ടുകൾ എഴുതി. സാധാരണ സാഹചര്യങ്ങളിൽ എഡിറ്റർമാർ അല്ലെങ്കിൽ പ്രാദേശിക ഭരണകൂടം, പോലീസ്, സുരക്ഷാസേന എന്നിവയിൽ നിന്നുള്ള പരിശോധനയ്ക്കും നിരീക്ഷണത്തിനും ഈ റിപ്പോർട്ടുകൾ വിധേയമാകും. എന്നാൽ കലാപസമയത്ത് ഇത് സാധ്യമായില്ല.

ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം കാര്യങ്ങൾ കൂടുതൽ മോശമാക്കി. സർക്കാർ, ആശയവിനിമയ മാർഗ്ഗങ്ങൾ നിഷേധിച്ചത് മാധ്യമപ്രവർത്തനം അസാധ്യമാക്കി.

മെയ്തെയ് മാധ്യമങ്ങളുടെ എഡിറ്റർമാർ പരസ്പരം സംസാരിച്ച് സംഘടിതമായി ഒരു ആഖ്യാനം മാത്രം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു. ഒരു സംഭവം ഒരേപോലെ മാത്രം റിപ്പോർട്ട് ചെയ്യാൻ ധാരണയിലെത്തുക, ഒരേ ഭാഷ ഉപയോഗിക്കുക, മനപ്പൂർവം തെരഞ്ഞെടുത്തവ റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നീ കാര്യങ്ങൾ ഇവർ ചെയ്തു. മോശമായ സാമൂഹിക അന്തരീക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്താതിരിക്കാനാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് എഡിറ്റർസ് ഗിൽഡ് ടീമിനോട് ഇവർ പറഞ്ഞു.‌‌

ഇന്റർനെറ്റ് സംവിധാനങ്ങളും ഗതാഗത സംവിധാനങ്ങളും ഇല്ലാതായതോടെ മാധ്യമങ്ങൾക്ക് സർക്കാർ ആഖ്യാനത്തെ മാത്രം ആശ്രയിക്കേണ്ടി വന്നു. എൻ ബീരേൻ സിങ് സർക്കാർ നൽകിയ ആഖ്യാനം സങ്കുചിതവും, വംശീയവും, ഭൂരിപക്ഷ മെയ്തെയ് സമൂഹത്തിന് അനുകൂലവുമായിരുന്നു.

അസ്സാം റൈഫിൾസ് അടക്കമുള്ള സുരക്ഷാ സേനകളെ പ്രതികളായി ചിത്രീകരിക്കുന്നതിൽ മെയ്തെയ് മാധ്യമങ്ങൾ പ്രധാന പങ്കുവഹിച്ചു. അസ്സാം റൈഫിൾസിനെതിരെ നിരന്തരം പ്രൊപഗണ്ട അഴിച്ചുവിട്ട മെയ്തെയ് മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം നിർവഹി​ക്കുന്നതിൽ വീഴ്ച വരുത്തി. വസ്തുതകൾ പരിശോധിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും മാധ്യമങ്ങൾ പരാജയമായിരുന്നു. അസ്സാം റൈഫിൾസിനെതിരെ FIR ഫയൽ ചെയ്യാൻ മണിപ്പൂർ പോലീസിനെ അനുവദിക്കുന്നതിലൂടെ സംസ്ഥാന സർക്കാരും തന്ത്രപരമായി ഇതിന് പിന്തുണ നൽകി.

സംഘർഷം നടക്കുന്ന സമയത്ത് സർക്കാർ സംവിധാനം പക്ഷപാതിത്വപരമായി പെരുമാറി എന്നതിന് വ്യക്തമായ സൂചനകളുണ്ട്. വംശീയ സംഘർഷത്തിൽ പക്ഷം ചേരാതിരിക്കാൻ സർക്കാർ ശ്രമിക്കണമായിരുന്നു. മുഴുവൻ സംസ്ഥാനത്തെയും പ്രതിനിധീകരിക്കുക എന്ന ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇത് ഭരണത്തെയും ബാധിച്ചു. എക്സിക്യൂട്ടീവ്, അതിന്റെ ഉപകരണങ്ങൾ (പൊലീസ്, സംസ്ഥാനത്തിന്റെ മറ്റു സുരക്ഷാ സേനകൾ), ബ്യൂറോക്രസി എന്നിവ മുഴുവനായും വംശീയമായി വിഭജിക്കപ്പെട്ടു. മണിപ്പൂരിൽ ഔദ്യോഗിക സംവിധാനങ്ങൾ മെയ്തെയ് സർക്കാർ, മെയ്തെയ് പോലീസ്, മെയ്തെയ് ബ്യൂറോക്രസി എന്ന രീതിയിൽ നിലനിൽക്കുന്നു. കുക്കികൾക്ക് ഇവയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു.

ഇന്റർനെറ്റ് നിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം ഊഹാപോഹങ്ങൾ പരക്കുന്നതിനും, ദുർബല സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ തടയുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂ.

ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുമ്പോൾ സംസ്ഥാന സർക്കാർ ശ്രദ്ധ പുലർത്തണം. നിരോധനം അത്യാവശ്യമാണെങ്കിൽ മാധ്യമ സ്ഥാപനങ്ങളെ അവയിൽ നിന്നും ഒഴിച്ചുനിർത്തണം. മാധ്യമ പ്രതിനിധികൾ, പൗര സംഘടനകൾ, സർക്കാർ പ്രതിനിധികൾ എന്നിവർ ചേർന്ന ഒരു കമ്മിറ്റി ഈ നിരോധനത്തെയും, അതിന്റെ കാലയളവിനെയും നിരീക്ഷിക്കുകയും വേണം. ഒരു സാഹചര്യത്തിലും സംസ്ഥാന സർക്കാർ അനുരാധ ഭാസിൻ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കരുത്.

നിരോധനാജ്ഞ പ്രഖ്യാപിക്കുന്നിടത്ത് വിശ്വസനീയമായ വാർത്തകൾ പത്രങ്ങൾ, ടി.വി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റുഫോമുകൾ എന്നിവ വഴി പ്രചരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കണം.

വസ്തുതാന്വേഷണ ടീം
സീമ ഗുഹ, സഞ്ജയ് കപൂർ , ഭരത് ഭൂഷൺ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read