കാതൽ ഒരു ഹോമോഫോബിക് സിനിമയാണ്. ഒരു ക്വിയർ വ്യക്തി എന്ന നിലയിൽ കാതൽ എനിക്ക് ഒരു വയലന്റ് സിനിമാനുഭവമാണ്. കുടുംബം, കോടതി മറ്റ് സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങി പല രീതിയിലുള്ള സമ്മർദ്ദങ്ങൾക്ക് വിധേയനായി ഒരാൾക്ക് തന്റെ ക്വിയർ സ്വത്വം വെളിപ്പെടുത്തേണ്ടി വരുന്നിടത്ത് തന്നെ ഈ സിനിമ അങ്ങേയറ്റം ക്വിയർ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും.
മാത്യു തന്റെ സ്വത്വം വെളിപ്പെടുത്തുവാൻ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു എന്നാണ് സിനിമയിൽ നിന്നും മനസിലാകുന്നത്. സാമൂഹിക സദാചാരവും, കുടുംബത്തിന്റെ അന്തസ്സും, തന്റെ സ്വത്വത്തെയും, പൗരുഷത്തെയും ചൊല്ലി അയാൾക്ക് തന്നെയുള്ള അപകർഷതകളും അടക്കം അതിന് പല കാരണങ്ങളും ഉണ്ടാകാം. ആഗ്രഹിക്കാതെ ആണെങ്കിലും ജീവിതത്തിലേക്ക് കടന്നുവന്ന ഓമനയും, അവളിൽ അയാൾക്ക് ജനിച്ച മകളും എല്ലാം ക്ലോസെറ്റഡ് ആയിരിക്കുക എന്ന അയാളുടെ ജീവിത തീരുമാനത്തെ സ്വാധീനിച്ചിട്ടും ഉണ്ടാകാം. എല്ലാത്തിലുമുപരി എല്ലാ പൗരരെയും പോലെ മാത്യുവിനും, തങ്കനും അവരുടെ സ്വകാര്യതയ്ക്ക് അവകാശവുമുണ്ടല്ലോ. ഇതിനെയെല്ലാം വയലേറ്റ് ചെയ്തുകൊണ്ട് അവരുടെ ലൈംഗിക ചായ്‌വുകളെ പരസ്യമാക്കുന്ന ക്രൂരത, സ്വത്വം വെളിപ്പെടുത്തുവാൻ സമ്മർദ്ദം ചെലുത്തുന്നതിലെ നീതികേട്, അതിന് സാധൂകരണം ചമക്കുന്ന വിധം ഒരു സ്ത്രീയുടെ വിക്‌ടിം ഹുഡ് കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച് നടത്തുന്ന കൈകഴുകൽ എല്ലാം കൊണ്ടും അങ്ങേയറ്റം അസഹ്യമാണ് ഈ സിനിമ.
നോൺ ക്വിയർ മനുഷ്യർ എഴുതുകയും, സംവിധാനം ചെയ്യുകയും ചെയ്യുന്ന ക്വിയർ സിനിമകളെ ചൊല്ലി വലിയ പ്രതീക്ഷകൾ, രാഷ്ട്രീയ മതിപ്പ് ഒന്നും തന്നെ സൂക്ഷിക്കാറില്ല എങ്കിലും ജിയോ ബേബി എന്ന സംവിധായകന്റെ സമാന്തര രാഷ്ട്രീയ ഇടങ്ങളുമായുള്ള ഇടപെടലുകളും, അടുപ്പവും കണക്കിലെടുത്ത് സൂക്ഷ്മവും, ആഴവുമുള്ള ഒരു ചലച്ചിത്രാഖ്യായിക ആയിരിക്കും കാതൽ എന്ന കേവല പ്രതീക്ഷയുടെ ഭാരമായിരിക്കാം ഈ നിരാശയുടെ കാതൽ.
ക്വിയർ സെൻസിറ്റീവ് ആയിരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു എന്ന് തോന്നിപ്പിച്ചു തന്നെ, ക്വിയർ ഇന്റിമസിയെ അദൃശ്യവൽക്കരിക്കുന്നുണ്ട് കാതൽ. ഒരു ഫ്ലാഷ് ബാക്ക് ആയെങ്കിലും മാത്യുവിനേയും, തങ്കനെയും ഒരു ഫ്രെയിമിൽ ഒരുപാട് അടുപ്പത്തിൽ, പ്രേമത്തിൽ ഒരുമിച്ചു സങ്കല്പിക്കുവാൻ നമ്മുടെ കളക്ടീവ് ഇമാജിനേഷൻ അല്ലെങ്കിൽ കളക്ടീവ് കോൺഷ്യസ്നസിനു പരിമിധികളുണ്ട്. കൂടെയിരുന്നു സിനിമകണ്ട എന്റെ കാമുകി പറഞ്ഞത് മാത്യുവിന്റെ അച്ഛനോ, ഭാര്യയോ സാക്ഷ്യപ്പെടുത്തും പോലെ അവർ തമ്മിൽ പ്രേമം ഉണ്ടെന്ന് ഈ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയില്ല എന്നാണ്. എന്തായാലും ക്വിയർ മനുഷ്യരുടെ അടുപ്പത്തിന്റെ ഊഷ്മളതയോ, സൗന്ദര്യമോ, തീവ്രതയോ അടയാളപ്പെടുത്തപ്പെട്ടില്ല എങ്കിലും, ക്രൂരമായ സാമൂഹിക സാഹചര്യങ്ങളാൽ ഉണ്ടാകുന്ന അകലങ്ങൾ, അവരവരെ നീറ്റുന്ന അപമാനം (ഷെയിം) ഒക്കെ ഒന്നിച്ചുള്ള ഒട്ടുമിക്ക ഫ്രയിമിലും ദൂരെ ദൂരെ പ്ലെയ്സ് ചെയ്യപ്പെട്ടിട്ടുള്ള മാത്യുവിലും തങ്കനിലും നമുക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട്.
ക്വിയർ സ്പെക്ട്രത്തിലെ മറ്റു തന്മാശരീരങ്ങൾക്കില്ലാത്ത അധിക പ്രിവിലേജുകൾ സിസ് ഗേ പുരുഷന്മാർക്ക് ഉണ്ടെങ്കിലും, അവർക്കിടയിലെ തന്നെ ക്ലാസ് പ്രിവിലേജുകളുടെ അന്തരം പല രീതിയിൽ സ്പർശിച്ച് പോകുന്നുണ്ട് ഈ ചിത്രം. എന്നാലും ഈ വരേണ്യ, വർഗവ്യത്യാസങ്ങൾക്കപ്പുറം തങ്കന് ഈ ആഖ്യാനത്തെ നിർണയിക്കുന്നതിലോ, മുന്നോട്ടുകൊണ്ടുപോകുന്നതിലോ സവിശേഷമായി ഒരു കർതൃത്വവുമില്ല എന്നത് വളരെ ഇൻസെൻസിറ്റീവ് ആണെന്നെ പറയാനാവൂ. സ്വവർഗാനുരാഗിയായ ഒരു സ്ഥാനാർത്ഥിയെ മതമൂല്യങ്ങളുടെയും, സാമൂഹിക സദാചാരത്തിന്റെയും കെട്ടുപാടുകളെ കുടഞ്ഞെറിഞ്ഞ് ഇലക്ഷനിൽ വിജയിപ്പിക്കുന്ന ഒരു ദേശത്തെ, ഒരു ജനതയെ വിഭാവനം ചെയ്യാനുള്ള കാല്പനികതയുടെ നൂറിൽ ഒരംശം മതി സംവിധായകനും എഴുത്തുകാർക്കും തങ്കനെ കുറച്ചുകൂടി ഏജൻസി ഉള്ള ഒരാളായി സങ്കല്പിക്കുവാനും അവതരിപ്പിക്കുവാനും എന്ന് തോന്നിപ്പോയി.
കേരളത്തിലെ മുഴുവൻ ക്വിയർ മുന്നേറ്റങ്ങളുടെയും ക്രെഡിറ്റ് തങ്ങൾക്ക് അവകാശപ്പെടുന്നതാണ് എന്ന് ഭാവിക്കുന്ന മുഖ്യധാരാ ഇടതുപക്ഷ പുരോഗമന പാർട്ടിയുടെ ക്ലെയിമുകളെ സാധൂകരിക്കുകയാണോ, ട്രോളുകയാണോ ഈ സിനിമ ചെയ്യുന്നത് എന്ന് എനിക്ക് വ്യക്തിപരമായി വ്യക്തമല്ലാത്തതിനാൽ സിനിമയുടെ അത്തരം ബാക്ക്ഡ്രോപ്പുകളെ കുറിച്ച്, അതിലെ രാഷ്ട്രീയ സൂചകങ്ങളെ കുറിച്ച് ഒന്നും പറയാനും വയ്യ. ജെൻഡർ പൊളിറ്റിക്സ് മനസിലാക്കുകയും, അത്തരം രാഷ്ട്രീയ ഇടപെടലുകളോട് ചേർന്ന് സഞ്ചരിക്കുവാൻ പ്രചോദിതരാണ് എന്നൊക്കെ അവകാശപ്പെടുമ്പോഴും, കുടഞ്ഞെറിയാൻ കഴിയാത്തത്ര ആഴത്തിൽ മിസോജെനി സിസ് പുരുഷന്റെ ബോധത്തിൽ ബാക്കിയാവും എന്നുകൂടി കാണിച്ചുതരുന്നുണ്ട് ഈ ചിത്രം.
വീട്ടിലെ പണികളിൽ നിന്ന് രക്ഷപെടാൻ ഡ്രൈവിംഗ് ക്ലാസിന് വരുന്ന, അത് പഠിക്കാൻ വലിയ താല്പര്യം ഒന്നും കാണിക്കാത്ത, എന്നാൽ അപ്പോഴും പുതുതായി തുറന്ന പലചരക്ക് കടക്ക് മുന്നിൽ വണ്ടി നിർത്തണേ എന്നാവശ്യപ്പെടുന്ന മധ്യവയസ്കകൾ തമാശയാകുന്ന തരം വളർച്ചയില്ലായ്മ ഉണ്ട് എന്തായാലും സംവിധായകന്റെയും, എഴുത്തുകാരന്റെയും ഫെമിനിസത്തിന്. കുടുംബ കോടതിയുടെ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന കല്യാണ ബ്രോക്കർ സ്ത്രീയുടെ വിധിയും മറ്റൊന്നല്ല ഈ സിനിമയിൽ. ജ്യോതിക അവതരിപ്പിക്കുന്ന ഓമന എന്ന ഭാര്യ കഥാപാത്രം പിന്നെ പറയുകയേ വേണ്ട. കുടുംബത്തിലെ മുഴുവൻ പുരുഷന്മാരും അനീതിയോടെ അവരുടെ ജീവിതത്തിനെ കൈകാര്യം ചെയ്തിട്ടും അവർ എല്ലാവരോടും കരുണയും, ആർദ്രതയും മാത്രം ബാക്കിയായുള്ള സ്ത്രീ.
ഇരുപത് വർഷത്തെ വൈകാരിക ലൈംഗിക ദാരിദ്ര്യത്തിന് ശേഷവും ഭർത്താവിനോടുള്ള കരുതലും കൂടി ചേർന്ന ഒരു തീരുമാനമായി ഡിവോഴ്സിലേക്ക് എത്തുന്ന, (അയാൾ ക്രിമിനലൈസ് ചെയ്യപ്പെടാതിരിക്കാൻ 377 ഡീക്രിമിനലലൈസ് ആവുന്നത് വരെ ത്യാഗം സഹിച്ച ഓമന സത്യത്തിൽ ഉള്ളുപൊള്ളിക്കും) അയാളെ സെൽഫ് ലൗവിലേക്ക് വിമോചിപ്പിക്കുന്ന അധിക ജോലികൂടി എടുക്കേണ്ടി വന്നിട്ടും അവര് സൂക്ഷിക്കുന്ന ഗ്രെയ്‌സ് ശെരിക്കും അസ്വാഭാവികമായി തോന്നി. എന്തായാലും ക്വിയർ സെൻസിറ്റീവ് ആവാൻ കഠിനമായി പ്രയത്നിക്കുന്നതിനിടയിൽ, ഓമന എന്ന ഭാര്യാകഥാപാത്രത്തെ ക്രിയേറ്റേഴ്സ് അലസമായി, ക്രൂരമായ കാല്പനിക യുക്തിയിൽ കൈകാര്യം ചെയ്തു എന്നത് മറ്റൊരു നിരാശയാണ്
ജൈവികമായ ഒരു ചലച്ചിത്ര ഭാഷയും, സാങ്കേതവും പല സന്ദർഭങ്ങളിലും കണ്ടെത്താൻ കഴിയാത്ത ഒരു സംവിധായകൻ ആയാണ് ജിയോ ബേബിയെ തോന്നിയിട്ടുള്ളത്. ആക്ടിവിസ്റ്റ് ആഖ്യാനങ്ങളെ ഒട്ടും സൂക്ഷ്മതയില്ലാതെ, സർഗാത്മകമല്ലാതെ തിരശീലയിലേക്ക് പകർത്തുന്ന ഒരു പ്രവണത സ്വത്വരാഷ്ട്രീയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജിയോ ബേബിക്ക് സംഭവിക്കാറുള്ളതായി തോന്നിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അവസാനത്തെ ഇറങ്ങിപ്പോക്ക് ഷോട്ടിലെ സമരപ്പന്തലുകളും, കൊടികളും, ക്ലൈമാക്സിലെ നൃത്തശില്പവും, കാതലിലേക്ക് വരുമ്പോൾ ‘സെല്ഫ് ലവ്’ എന്ന സ്ലോഗൻ ഉയർത്തുന്ന ഡാൻസ് പ്രാക്ടീസും ഒക്കെ ഒരു പ്രത്യേക പാറ്റേണിൽ കുരുങ്ങിക്കിടക്കുന്ന കഥ പറച്ചിൽ രീതിയായി തോന്നുന്നു. മടുപ്പുണ്ടാക്കുന്ന ഒരു വരട്ട് ആക്ടിവിസ്റ്റ് ശൈലി. അവസാന ഷോട്ടിൽ തെളിയുന്ന മഴവില്ലും, കോടതി വളപ്പിൽ മാത്യുവിനെ സപ്പോർട്ട് ചെയ്യാൻ എത്തുന്ന ക്വിയർ സംഘടനാ പ്രവർത്തകനായ ഗേ പുരുഷനും (സുഹൃത്തായ അനഘിനെ സ്‌ക്രീനിൽ കണ്ടതിൽ വ്യക്തിപരമായി സന്തോഷം തോന്നി) ഈ ശൈലിയെക്കുറിച്ച് ഒരുപാട് വോളിയം സംസാരിക്കുന്നുണ്ട്.
എന്തായാലും സ്വത്വരാഷ്ട്രീയ സ്ഥലങ്ങൾ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ തെളിച്ചങ്ങളെ മൂലധനമാക്കി സിനിമയെടുക്കുന്നവർ കേവല അപ്പക്കഷ്ണങ്ങൾ തന്ന് (ഡിസ്കോഴ്സ് ഉണ്ടാക്കൽ, അഭിനയിക്കാൻ ചെറിയ റോൾ, പിന്നണിയിൽ എന്തെങ്കിലും ജോലി… ) പറ്റിക്കാതെ, ആത്മാർത്ഥമായി കൂടുതൽ ആഴത്തിൽ പഠിച്ചു പരിപാടി അവതരിപ്പിച്ചാൽ കുറച്ചുകൂടി നീതിപൂർവം ആകും ഈ കൊടുക്കൽ വാങ്ങലുകൾ.
പിന്നെ മമ്മൂട്ടിയെ പോലെ ഒരാൾ ഒരു ഗേ കഥാപാത്രം ചെയ്തതിനെ സവിശേഷമായി പ്രേക്ഷക സമൂഹം ആഘോഷിക്കുന്നതിലെ വയലൻസിനെക്കുറിച്ചും പറയേണ്ടതുണ്ട്. മമ്മൂട്ടി അസാധാരണമായ എന്തോ ചെയ്യുവാൻ ധൈര്യം കാണിച്ചു എന്ന് പോരിശ പാടുന്നവർ ക്വിയർ ജീവിതങ്ങളുടെ എക്സിസ്റ്റൻസ് സ്വാഭാവികവും, ഏറ്റവും നോർമലും ആണെന്നതിനെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. സിസ് ഹെറ്റെറോസെക്ഷൽ മനുഷ്യർ ഗേ ആയും, ലെസ്ബിയനായും, ട്രാൻസായുമൊക്കെ കഥാപാത്രങ്ങൾ ചെയ്തു ദൃശ്യത ഉണ്ടാക്കിയെടുക്കേണ്ടുന്ന ഗതികേട് കണ്ട് സഹിച്ച് ഇപ്പോഴും പുറത്ത് നിൽക്കുന്ന എഴുതുവാനും, സംവിധാനം ചെയ്യാനും, അഭിനയിക്കാനും ഒക്കെ കഴിവും, ആഗ്രഹവുമുള്ള ക്വിയർ മനുഷ്യരും കൂടി ഈ ഉദാരതാ നാടകങ്ങൾ കണ്ടുകൊണ്ട് ഇരിക്കുന്നുണ്ട്. അരികുകളിൽ നിൽക്കുന്ന മനുഷ്യർക്ക് സ്വന്തം കഥകൾ പറയുവാനുള്ള ശബ്ദവും, ദൃശ്യതയും, അവസരസമത്വവും, മൂലധനവും ഒക്കെ ഉണ്ടാവുന്ന കാലത്തോളമേ എന്തായാലും ഇത്തരം അശ്ലീല ‘പുരോഗമന സാംസ്‌കാരിക രാഷ്ട്രീയ’ ഇടപെടലുകൾക്ക് നിലനിൽപ്പുണ്ടാകൂ.