‘ജാതി’കുരുക്കിൽ അവസാനിക്കുന്ന
അവകാശങ്ങൾ

“എം.ബി.ബി.എസിന് സീറ്റ് കിട്ടിയപ്പോൾ റിസൾട്ട് തടഞ്ഞുവച്ചു. ലിസ്റ്റ് നോക്കി വെയിറ്റ് ചെയ്യുമ്പോൾ ഞാൻ എസ്.സി എന്ന് എഴുതിയിരുന്ന ജാതി കോളം ഒഴിഞ്ഞ് കിടന്നു. നോട്ടിഫിക്കേഷനുകളൊന്നും കിട്ടിയതുമില്ല. എന്താണെന്നൊന്നും മനസ്സിലാവാതെ ഇരുന്നപ്പോഴാണ് അന്വേഷിക്കാൻ കുറേ സാറ്മ്മാരും ഓഫീസർമാരും വീട്ടിൽ വന്നത്. എന്റെ ജാതിയാണ് പ്രശ്‌നം. എസ്.സി ആണോ എസ്.ടി ആണോ എന്നതാണ് അവരുടെ തർക്കം. തലമുടിയും നഖവും വരെ പരിശോധിച്ചു. അച്ഛനും അമ്മയും ഒന്നാം ക്ലാസ്സിൽ പഠിച്ച സ്‌കൂളിൽ നിന്ന് സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ പറഞ്ഞു. അതുംകൊണ്ട് ചെന്നപ്പോൾ അത് പോര, അപ്പൂപ്പനും അമ്മൂമ്മയും അച്ഛന്റെ അച്ഛനും അവരുടെ മുൻ തലമുറയും സ്‌കൂളിൽ പഠിച്ച സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞു. ഞാൻ ഒന്നിൽ പഠിച്ചതും അച്ഛൻ പഠിച്ചതും ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ നൽകി. അപ്പോൾ അച്ഛന്റെ സഹോദരങ്ങൾ, അവരുടെ വംശത്തിലുള്ളവരുടെയെല്ലാം രേഖകൾ വേണമെന്നായി. അത് എവിടെ നിന്ന് കൊണ്ടുവരാനാണ്? അതിന്റെ പുറകെ നടക്കാൻ എനിക്കായില്ല. അപ്പോഴേക്കും സമയവും കഴിഞ്ഞിരുന്നു. അഡ്മിഷൻ കിട്ടിയില്ല. വേടർ സമുദായത്തിൽ നിന്നുള്ള നമ്മൾ എത്ര കഷ്ടപ്പെട്ടാലാണ് എൻട്രൻസ് ലിസ്റ്റിൽ പേര് വരുന്നത്. പക്ഷെ അഡ്മിഷൻ കിട്ടിയില്ല”. ഏറെ ആഗ്രഹിച്ചും പ്രയാസപ്പെട്ടും നേടിയെടുത്ത എം.ബി.ബി.എസ് അഡ്മിഷൻ നഷ്ടമായതിന്റെ വിഷമം അഭിജിത്ത് വേദനയോടെ പങ്കുവച്ചു.

ഈ പ്രശ്‌നം അഭിമുഖീകരിച്ച് നാല് വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് മെഡിസിന് പഠിക്കാൻ അഡ്മിഷൻ ലഭിക്കാതെ പോയത് എന്ന കാര്യം അഭിജിത്തിന് ഇനിയും പൂർണ്ണമായും വ്യക്തമായിട്ടില്ല. അന്ന് ജാതി അന്വേഷിച്ച് കുറേ പേർ വന്നതും നിരവധി ഓഫീസർമാർ ചോദ്യം ചെയ്യുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തതും മാത്രം അറിയാം. “വേടർ സമുദായം എസ്.സി ആണ്. ഞാൻ എന്റെ ജാതി എസ്.സി എന്ന് തന്നെയാണ് നൽകിയിരുന്നതും. പക്ഷെ പിന്നെന്തിനാണ് പലവിധ കാരണങ്ങൾ പറഞ്ഞ് റിസൾട്ട് തടഞ്ഞുവച്ചതെന്നറിയില്ല. അച്ഛന് എസ്.ടി സർട്ടിഫിക്കറ്റ് ആണെന്നും ജാതിയിൽ എന്തൊക്കെയോ സംശയങ്ങളുണ്ടെന്നുമാണ് അവർ പറഞ്ഞത്. കിട്ടിയ ചാൻസ് എനിക്ക് നഷ്ടപ്പെട്ടു എന്നതാണ് ഒടുവിൽ സംഭവിച്ചത്.” മെഡിസിൻ പഠനത്തിന് പോവണമെന്ന അഭിജിത്തിന്റെ ആഗ്രഹം ‘ജാതി’കുരുക്കിൽ അവസാനിച്ചു. അഭിജിത്തിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. സമാനമായ കാരണത്താൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയ വേടർ സമുദായത്തിലെ പലരിൽ ഒരാൾ മാത്രമാണ് അഭിജിത്ത്. സാമൂഹിക, സാമ്പത്തിക അസമത്വം നേരിടുന്ന പട്ടികജാതി വിഭാഗത്തിലെ ഒരു കണ്ണി. വേടർ, മലവേടർ, വേട്ടുവൻ, മലവേട്ടുവൻ എന്നിങ്ങനെ പല നാമധേയങ്ങളിൽ ചിതറി കിടക്കുന്ന ഒരു ജനതയാണ് വേടർ സമുദായം. വേടർ, വേട്ടുവർ പട്ടിക ജാതിയും മലവേടൻ, മലവേട്ടുവർ പട്ടിക വർഗ്ഗ വിഭാഗത്തിലും ആണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. വേടർ സമുദായത്തെ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുത്തുക എന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

അഭിജിത്ത്

“അഡ്മിഷൻ കിട്ടാതായതും അതിനെ തുടർന്ന് നടന്ന അന്വേഷണവും… ആ ട്രോമയിൽ നിന്ന് പുറത്തുവരാൻ തന്നെ കുറേ നാളെടുത്തു. ഒരു വർഷം പഠിക്കാൻ പോവാൻ പോലും കഴിഞ്ഞില്ല. ഇപ്പോൾ ഡിഗ്രി ബോട്ടണി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് എന്റെ മാത്രം അനുഭവമല്ല. ഞങ്ങൾക്കിടയിൽ ഇത് എപ്പോഴും നടക്കാറുണ്ട്. ഒരു വീട്ടിൽ തന്നെ ചേട്ടന് എസ്.ടി സർട്ടിഫിക്കറ്റും അനിയന് എസ്.സി സർട്ടിഫിക്കറ്റും കിട്ടും. എല്ലാം തരുന്നത് ഓഫീസർമാരാണ്. അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?” അഭിജിത്ത് രോഷത്തോടെ ചോദിച്ചു.

പരമ്പരാഗത തൊഴിലുകളെല്ലാം ഇല്ലാതായതോടെ നിത്യവൃത്തിക്കായി കഷ്ടപ്പെടേണ്ടി വരുന്ന നിരവധി കുടുംബങ്ങൾ വേടർ സമുദായത്തിലുണ്ട്. അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ അഭിജിത്തിനെ പോലുള്ളവർ നിരന്തരം നേരിടുന്നുമുണ്ട്. നന്നായി പരിശ്രമിച്ച് ലക്ഷ്യത്തിന് അടുത്തെത്തിയിട്ടും കപ്പിനും ചുണ്ടിനും ഇടയിൽ ഉപരിപഠനം നഷ്ടമമാകുന്ന അവസ്ഥയാണ് വേടർ സമുദായാംഗങ്ങളായ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നത്.

“ഞങ്ങളുടെ സമുദായത്തിൽ ഇതുപോലെ കുറേ പേർക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ഏത് പ്രൊഫഷണൽ കോഴ്‌സിന് ചേരുമ്പോഴും ഇതേ പ്രശ്‌നം ഞങ്ങളുടെ പുറകെയുണ്ട്. സർക്കാർ ജോലി കിട്ടുന്നതിനും ജാതി നിർണ്ണയം പ്രശ്നമായി മാറാറുണ്ട്”. അഭിജിത്ത് കൂട്ടിച്ചേർത്തു. സാമൂഹികമായി ഏറെ പിന്നോക്കം നിൽക്കുന്ന വേടർ സമുദായത്തെ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ തവണയും അത് പരിഗണിക്കാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതൃത്വങ്ങൾ കയ്യൊഴിയുമ്പോൾ പഠിക്കാനോ ജോലി ചെയ്യാനോ കഴിയാത്തതരത്തിൽ ജാതി ‘കുരുക്കുകൾ’ വിദ്യാർത്ഥികളെ ചുറ്റിവരിയുകയാണ്.

“ജാതി നിർണ്ണയിക്കുന്നതിനും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഒരു തരത്തിലുമുള്ള വ്യവസ്ഥയും ഇല്ല. ഞങ്ങളുടെ മുന്നിൽ വന്ന നിരവധി പ്രശ്‌നങ്ങളിൽ നിന്ന് അതാണ് മനസ്സിലായിട്ടുള്ളത്. ഒരു ഉദാഹരണം പറയാം. വേടർ സമുദായാംഗമായ അയിരൂർ പഞ്ചായത്തിൽ നിന്നുള്ള ഒരാൾ മലവേടർ അധികമായി താമസിക്കുന്ന ഉറുകുന്നിൽ നിന്ന് വിവാഹം കഴിക്കുന്നു. ഉറുകുന്നിൽ തന്നെ താമസമാക്കിയ ഇവർക്ക് അമ്പു എന്ന മകൻ ജനിക്കുന്നു. ആ കുട്ടിക്ക് പട്ടിക വർഗ്ഗ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. അതേ ദമ്പതികൾ പിന്നീട് വർക്കലയ്ക്ക് താമസം മാറി. രണ്ടാമത്തെ കുട്ടി വേണു അവിടെയാണ് ജനിച്ചത്. വേണുവിന് ലഭിച്ചത് പട്ടിക ജാതി സർട്ടിഫിക്കറ്റ്. ജനിച്ച സ്ഥലം മാറിയപ്പോൾ ജാതിയും മാറി. മിശ്രവിവാഹിതരായവരുടെ കുട്ടികൾക്ക് അമ്മയുടെയോ അച്ഛന്റെയോ ജാതി സ്വീകരിക്കാം എന്ന നിയമം വരുന്നതിന് മുമ്പ് നടന്നതാണിത്. ഇതേ കാര്യങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. എന്ത് പഠനം നടത്തിയാണ് ഇവർ ജാതി തീരുമാനിക്കുന്നത്? ഇത്തരം സാങ്കേതികതകൾ നിരത്തി കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും സർക്കാർ ജോലിയും ഇവർ തടയുകയാണ്. ജാതി തെളിയിക്കേണ്ടത്, പട്ടിക ജാതിയാണോ പട്ടിക വർഗ്ഗമാണോ എന്ന് തെളിയിക്കേണ്ടത് വേടരുടെ നിലനിൽപ്പിന്റെ ആവശ്യമായി വരുന്നു. അത് പലപ്പോഴും നടക്കാതെ വരുന്നതോടെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ ഓരോന്നായി അടയുന്നു”. സമുദായ അംഗമായ ജയകുമാർ പ്രതികരിച്ചു.

ഭരണഘടന പ്രകാരം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെ രണ്ട് ലിസ്റ്റുകളിലായി തരംതിരിക്കുന്ന കാലം മുതൽ വേടർ പട്ടിക ജാതി വിഭാഗത്തിലാണ്. എന്നാൽ കിഴക്കൻ മേഖലകളിലോ, മലകളിലോ താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ മലവേടരായി കണക്കാക്കി അവരെ പട്ടിക വർഗ്ഗത്തിലും ഉൾപ്പെടുത്തി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളൊഴിച്ചാൽ ഒരേ സംസ്‌കാരവും ആചാരങ്ങളും പ്രാർത്ഥനാ രീതികളും പിന്തുടരുന്നവരാണ് വേടരും മലവേടരും. എന്നാൽ വിവിധ ജില്ലകളിലായി പരന്നു കിടക്കുന്ന വേടർ സമുദായത്തെ പട്ടിക വർഗ്ഗ വിഭാഗമായി അംഗീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഇതേവരെ തയ്യാറായിട്ടില്ല.

“വർഷങ്ങൾക്ക് മുമ്പ് പട്ടിക തിരിച്ചപ്പോൾ ഉള്ളാടർ, മല ഉള്ളാടർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്ക് വ്യത്യസ്ത നീതിയായിരുന്നു. മല ഉള്ളാടരെ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഉള്ളാടരെ പട്ടിക ജാതിയായി കണക്കാക്കി. എന്നാൽ പിന്നീട് 1976ൽ ലിസ്റ്റിൽ പ്രധാനമായ മാറ്റങ്ങൾ വരുത്തിയപ്പോൾ ഉള്ളാടരേയും പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുത്തി. വേടരും മലവേടരും ഒരേ സംസ്‌കാരങ്ങളും ആചാരരീതികളും പിന്തുടരുന്നവരാണെന്നും ജീവിതരീതി സമാനമാണെന്നും പഠനങ്ങളുണ്ട്. അത് കണക്കിലെടുത്ത് വേടരേയും പട്ടിക വർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം”. വേടൻ ഗോത്ര മഹാസഭ സംസ്ഥാന പ്രസിഡന്റ് കക്കോടി സുരേഷ് ചൂണ്ടിക്കാട്ടി.

കക്കോടി സുരേഷ്
ബി ശ്രീകണ്ഠൻ

സർക്കാർ കണക്കുകളിൽ 25,000ത്തിൽ താഴെ മാത്രമാണ് സംസ്ഥാനത്ത് ആകെയുള്ള വേടർ. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കന്യകുമാരി ജില്ലയിലുമാണ് വേടർ കൂടുതലായി താമസിക്കുന്നത്. മുൻകാലങ്ങളിൽ പല തൊഴിലുകൾക്കുമായി മലകളിൽ നിന്ന് കൊണ്ടുവന്ന കുടുംബങ്ങളാണ് സമതലങ്ങളിൽ താമസമാക്കിയത്. മലവേടർക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന ആവശ്യം ഇവർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. നിരവധി സമരങ്ങളും ഈ ആവശ്യം ഉന്നയിച്ച് നടത്തുകയുണ്ടായി. നീണ്ട സമരങ്ങൾക്കൊടുവിൽ 1996ൽ നാട്ടുപ്രദേശങ്ങളിൽ ജീവിക്കുന്നവർ തങ്ങളും മലവേടരാണെന്ന് സ്വയം അവകാശപ്പെടുന്ന സാഹചര്യത്തിൽ മലവേടർ സർട്ടിഫിക്കറ്റ് നൽകണമെന്ന് സർക്കാർ ഉത്തരവിറങ്ങി. “എന്നാൽ ഈ ഉത്തരവിനൊപ്പം നാല് ക്ലോസുകൾ വച്ചിരുന്നു. അതിൽ രണ്ടാമത്തെ ക്ലോസ് ഉത്തരവിന്റെ പ്രാധാന്യത്തെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു. വേടർ വിഭാഗത്തിൽ, നിലവിൽ എസ്.സി സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് ഈ ഉത്തരവ് ബാധകമല്ല എന്നതാണ് രണ്ടാമത്തെ ക്ലോസ്”. കക്കോടി സുരേഷ് തുടർന്നു. ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ നാല് ക്ലോസുകളും മാറ്റി പ്രശ്‌നം പരിഹരിക്കണമെന്ന് സമുദായാംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവിൽ ഒരു മാറ്റവും വരുത്താൻ പിന്നീട് വന്ന സർക്കാരുകളൊന്നും തയ്യാറായില്ല. 2004ൽ ഈ ആവശ്യം ഉന്നയിച്ചും തങ്ങളെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വേടർ സമുദായ സംഘടനകൾ സമരം ചെയ്തു. സമരത്തെ തുടർന്ന് അന്ന് മന്ത്രിയായിരുന്ന എ.പി അനിൽകുമാർ പ്രശ്‌നത്തിൽ ഇടപെടുകയും പിന്നീട് വേടർ, ചക്ലിയ, കാക്കാല, നായാടി ഉൾപ്പെടെയുള്ള ജാതികളെ പട്ടിക ജാതിയിൽ തന്നെ അതി ദുർബല വിഭാഗങ്ങളാക്കി സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളെങ്കിലും തങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് സമുദായാംഗങ്ങൾ ആവശ്യപ്പെടുന്നത്. ഒന്നു മുതൽ പത്ത് വരെ ക്ലാസിലുള്ള കുട്ടികൾക്ക് ലഭിക്കുന്ന സ്റ്റൈപ്പന്റ് ഒഴിച്ച് ഉന്നത പഠനത്തിന് ഒരാനുകൂല്യവും വേടർ സമുദായത്തിന് ലഭിക്കുന്നില്ല.

“അയിത്തം അനുഭവിച്ചിരുന്ന വിഭാഗങ്ങളെയാണ് പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ വേടർ ഒരു കാലത്തും അയിത്തം അനുഭവിച്ചിരുന്നില്ല എന്നതാണ് പഴയ കാല അനുഭവങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉറപ്പിക്കാൻ കഴിയുന്നത്. അയിത്തവും അടിമത്തവും രണ്ടാണ്. അടിമ ജോലികൾക്കായി വേടരെ മലകളിൽ നിന്നും നാട്ടുപ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നു എന്നത് ശരിയാണ്. വേടർ കുടുംബങ്ങൾ മല മേഖലകളിലല്ല താമസം എന്ന കാര്യം ഒഴിച്ചാൽ മലവേടരും വേടരും ഒന്നാണ്. പരസ്പരം വിവാഹം പോലും കഴിക്കും. 1996ൽ കിർതാഡ്‌സ് തയ്യാറാക്കിയ പുസ്തകത്തിൽ വേടരും മലവേടരും ഒരേ ഗോത്രവിഭാഗമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇല്ലം, ബന്ധുമിത്രാദികൾ, ഗോത്രസംസ്‌കാരം എന്നിവ പരിശോധിക്കുമ്പോഴും തീരപ്രദേശത്ത് താമസിക്കുന്ന വേടരുൾപ്പെടെ മലവേടർക്ക് സമാനരാണ് എന്ന് വ്യക്തമാകും. അതിനാൽ കേരള സർക്കാരിന് വേണമെങ്കിൽ ഇവരെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നും ആ പഠന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടും കേന്ദ്രം ഇതേവരെ അത് അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. 2016ലും ഞങ്ങളുടെ ആവശ്യപ്രകാരം സർക്കാർ ഈ വിഷയം പഠിക്കാൻ കിർതാഡ്‌സിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ വേടർ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടേണ്ടവരാണെന്ന് തെളിയിക്കാനുള്ള മതിയായ രേഖകളുണ്ടോ എന്ന കാര്യത്തിൽ കിർതാഡ്‌സ് സർക്കാരിനോട് സംശയം ഉന്നയിച്ചു. 2016ന് ശേഷം പിന്നീട് ആ വിഷയത്തിൽ അനക്കമൊന്നും ഉണ്ടായില്ല. നിലവിൽ ഞങ്ങളുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് കിർതാഡ്‌സിനോട് വീണ്ടും അന്വേഷണം നടത്താൻ പറഞ്ഞിരിക്കുകയാണ് സർക്കാർ”. വേടൻ ഗോത്രമഹാസഭ നേതാവ് ബി ശ്രീകണ്ഠൻ പറഞ്ഞു.

അനീഷ്യ

ഓലമെടയൽ, വിറക് ശേഖരണം, വെള്ളത്തിൽ മുങ്ങിയുള്ള മീൻപിടുത്തം തുടങ്ങിയ പരമ്പരാഗത തൊഴിലുകളാണ് വേടർ സമുദായം ചെയ്തുപോന്നിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇപ്പോൾ ആ തൊഴിലുകൾ നിലനിൽക്കുന്നില്ല. ചിലർ മാത്രം ഇപ്പോഴും പറമ്പുകളിലും വീടുകളിലും വിറക് ശേഖരിക്കാൻ പോയി അത് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്. മറ്റുള്ളവർ കല്യാണ മണ്ഡപങ്ങൾ വൃത്തിയാക്കുക, ലേലം ചെയ്യുന്ന മീൻ ചുമന്നെത്തിക്കുക എന്നിങ്ങനെ തുച്ഛമായ വരുമാനം ലഭിക്കുന്ന ജോലികളാണ് ചെയ്യുന്നത്. “അണ്ണാ, ജോലി ഇല്ലണ്ണാ.. എന്ന പറച്ചിൽ മാത്രമാണ് എല്ലാ ഊരുകളിൽ നിന്നും കേൾക്കുന്നത്”. ജയകുമാർ പറഞ്ഞു. മുമ്പ് കൊല്ലം, തിരുവനന്തപുരം ജില്ലയിൽ അണ്ടി ഓഫീസുകളിൽ അണ്ടി തല്ലൽ ജോലികളിൽ വേടർ സമുദായത്തിലെ സ്ത്രീകൾക്ക് ഇടം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ മേഖല സ്തംഭിച്ചതോടെ സ്ത്രീകളിൽ പലർക്കും തൊഴിലില്ലാതായി. “1972ൽ ഉറുകുന്നിൽ അതിഭയങ്കരമായ ക്ഷാമം ഉണ്ടായപ്പോൾ കുറേയേറെ പേരെ സർക്കാർ കൊല്ലം, പത്തനംതിട്ട ജില്ലകളിലായി പുനരധിവസിപ്പിച്ചിരുന്നു. അവരെ പട്ടിക വർഗ്ഗമായി ഉൾപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ തന്നെ ബന്ധുക്കളായിട്ടുള്ളവരാണ് അതിൽ പലരും. എന്നിട്ടും ഞങ്ങൾക്ക് മാത്രം പട്ടിക വർഗ്ഗ സ്റ്റാറ്റസ് നൽകില്ല. ഭൂമി വാങ്ങാനോ, വിദ്യാഭ്യാസത്തിനോ എന്തിനെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കുറേക്കൂടി വ്യത്യസ്തമായേനെ. ജോലിയുമില്ല, വിദ്യാഭ്യാസത്തിനും വഴിയില്ല, സാമൂഹികമായോ സാമ്പത്തികമായോ ഉയരാനാവാതെ ഒരു സമൂഹം കഷ്ടപ്പെടുകയാണ്”. സമുദായാംഗമായ അനീഷ്യ പ്രതികരിച്ചു.

വേടർ സമുദായത്തെ പട്ടിക വർഗ്ഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് വീണ്ടും ശുപാർശ നൽകുമെന്ന് 2021 ഒക്ടോബർ 21ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. “ആദിവാസി വിഭാഗങ്ങളാ. വേടൻ ഗോത്രത്തെ പട്ടികജാതി ലിസ്റ്റിൽ വേടനായും പട്ടികവർഗ ലിസ്റ്റിൽ മലവേടനായും നിലവിൽ പരിഗണിച്ചു വരുന്നു. പട്ടികജാതി ലിസ്റ്റിൽ ക്രമനമ്പർ 67 ആയി ഉൾപ്പെട്ടിട്ടുള്ള വേടൻ സമുദായത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ 22-ാം നമ്പറായി ഉൾപ്പെട്ടിട്ടുള്ള മലവേടൻ സമുദായത്തോടൊപ്പം ചേർക്കുന്നതിന് നാലുതവണ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. ശുപാർശയ്ക്ക് മുപ്പത് വർഷത്തോളമായി അംഗീകാരം ലഭ്യമായിട്ടില്ല”. എന്നാണ് വി ജോയി എം.എൽ.എ യുടെ സബ്മിഷനുള്ള മറുപടിയായി മന്ത്രി പറഞ്ഞത്. എന്നാൽ നിരന്തരമായ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായാൽ മാത്രമേ തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുകയുള്ളൂ എന്ന് വേടർ സമുദായാംഗങ്ങൾ പറയുന്നു. തങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം കിർതാഡ്സ് നൽകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 25, 2022 2:25 pm