‘അംബേദ്കര്‍ ബുദ്ധിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ ബുദ്ധിസം ഇന്ത്യയില്‍ അവസാനിക്കുമായിരുന്നു’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സ്‌കോളറും ഡോക്യുമെന്ററി സംവിധായകനുമായ സോംനാഥ് വാഗ്മാരെയുടെ നാല് ഡോക്യുമെന്ററി സിനിമകൾ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി. ബുദ്ധിസ്റ്റ് കലാകാരനായ യശ്വന്ത് പെയ്ന്റര്‍, ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ആദ്യത്തെ പൊതുസമ്മേളനം നടന്ന മാന്‍ഗാവ് എന്ന ഗ്രാമം, ജ്യോതിബാ ഫൂലെയുടെ സത്യശോധക് സമാജ് മുന്നേറ്റത്തെക്കുറിച്ച് ഗവേഷണം ചെയ്യാനായി ഇന്ത്യയിലെത്തി പടിഞ്ഞാറന്‍ ഇന്ത്യയിലെ ദലിത് സാംസ്‌കാരിക മുന്നേറ്റത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ പാശ്ചാത്യ ഗവേഷക ഗെയ്ല്‍ ഓംവെദ്ത്, ഡോ. ബി.ആര്‍ അംബേദ്കറിന്റെ സ്മാരകമായി നിലകൊള്ളുന്ന മുംബൈ ദാദറിലുള്ള ചൈത്യഭൂമി എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നാല് ഡോക്യുമെന്ററികളുടെ പ്രദർശനത്തിനാണ് ബിനാലെ വേദിയായി മാറിയത്.

മഹാ ഉപാസക് യശ്വന്ത് പെയ്ന്റർ, മെമ്മറീസ് ഓഫ് മാൻഗാവ്, ഗെയ്ൽ ആൻഡ് ഭരത്, ചെെത്യഭൂമി എന്നീ ഡോക്യുമെന്ററി സിനിമകൾ ദൃശ്യഭാഷയുടെ വിശാല സാധ്യതകളില്‍, ഒട്ടും പരമ്പരാഗതമല്ലാത്ത സിനിമാഭാഷയില്‍ ജാതിവിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. ഡിസംബര്‍ 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായിരുന്നു കൊച്ചി ബിനാലെയില്‍ ഈ ഡോക്യുമെന്ററി സിനിമകളുടെ പ്രദര്‍ശനം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ സോംനാഥ് വാഗ്മാറെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിൽ പിഎച്ച്ഡി ചെയ്യുകയാണ്.

മഹാരാഷ്ട്രയിലെ ബുദ്ധിസ്റ്റ് മുന്നേറ്റത്തിന്റെ പ്രയോക്താക്കളിലൊരാളായ യശ്വന്ത് പെയ്ന്ററെക്കുറിച്ചുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെ തുടര്‍ന്ന് സോംനാഥ് പറഞ്ഞു,

“ബുദ്ധിസത്തിന്റെ വേരുകളെക്കുറിച്ച് പറയുമ്പോൾ, അംബേദ്കര്‍ മതപരിവര്‍ത്തനത്തിനായി നാഗ്പൂര്‍ തെരഞ്ഞെടുത്തതിന് കാരണമുണ്ട്. അന്ന് ആര്‍എസ്എസ് ഇന്നത്തേതുപോലെ സജീവമല്ല. മഹാരാഷ്ട്രയില്‍ 1500ഓളം ബുദ്ധിസ്റ്റ് കേന്ദ്രങ്ങളുണ്ട്. തായ്വാനിലെയോ ചൈനയിലെയോ പോലെ മഹാരാഷ്ട്രയിലേത് ആത്മീയമായ ബുദ്ധിസമല്ല. ഇവിടെയത് കൂടുതലായും പൊളിറ്റിക്കല്‍ ബുദ്ധിസമാണ്. മഹാരാഷ്ട്രയിലെ ഏത് ബുദ്ധവിഹാരം സന്ദര്‍ശിച്ചാലും മനസ്സിലാകും, അംബേദ്കറിസം വ്യാപിച്ചത് ഈ ബുദ്ധ വിഹാരങ്ങളിലൂടെയാണ്. യശ്വന്ത് പെയ്ന്റര്‍ അവിടത്തെ ഒരു ബുദ്ധിസ്റ്റ് ആക്റ്റിവിസ്റ്റ് കൂടിയാണ്. സമാജ് സേവാ മണ്ഡല്‍ എന്നാണ് അവരുടെ മ്യൂസിക് ഗ്രൂപ്പിന്റെ പേര്. മഹാരാഷ്ട്രയിലെ ദലിത് ഗാനങ്ങളെ രേഖപ്പെടുത്തിയിരുന്ന സമയത്താണ് ഞാന്‍ യശ്വന്ത് പെയ്ന്ററെ കാണുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി അവരവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.”

യശ്വന്ത് പെയ്ന്റർ സൃഷ്ടിച്ച അംബേദ്കറുടെയും ബുദ്ധന്റെയും ശിൽപങ്ങളിലൂടെയും ചുവർചിത്രങ്ങളിലൂടെയുമാണ് ഡോക്യുമെന്ററി സംസാരിക്കുന്നത്.

“സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്വന്തം സംസ്ഥാനത്ത് സംവരണം നടപ്പിലാക്കിയ ഷാഹു മഹാരാജ് എന്ന രാജാവും ജ്യോതിബാ ഫൂലെയുടെ സത്യശോധക് മുന്നേറ്റവുമായും ദലിത് മുന്നേറ്റവുമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അംബേദ്കര്‍ക്കും അദ്ദേഹം ഉറച്ച പിന്തുണ നല്‍കിയിരുന്നു. ഈ സമ്മേളനത്തിന് ജൈന നേതൃത്വവും ഉണ്ടായിരുന്നു, അവരും സത്യശോധക് മുന്നേറ്റത്തെ പിന്തുണച്ചിട്ടുണ്ട്. ഈ സമ്മേളനം നടന്നതിന്റെ നൂറാം വാര്‍ഷികം പിന്നിട്ടപ്പോള്‍ ഞാനും ഒരു സുഹൃത്തും മാന്‍ഗാവില്‍ പോയിരുന്നു. അവിടത്തെയാളുകള്‍ സമ്മേളനത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് പോയത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നൊരു സ്‌കോളറും ഉണ്ട് മാന്‍ഗാവിൽ നിന്നും. ഡോക്യുമെന്ററിയില്‍ അവരും സംസാരിക്കുന്നുണ്ട്. ഷാഹു മഹാരാജ് സത്യശോധക് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. ഷാഹു മഹാരാജ് ശിവാജിയുടെ കുടുംബത്തില്‍ നിന്നാണ്. ശൂദ്ര വിഭാഗത്തില്‍നിന്നുള്ളയാളാണ്. ശിവാജി വര്‍ഗീയവാദിയായ ഒരു രാജാവായിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുരോഗമനകാരിയായൊരു രാജാവായിരുന്നു ഷാഹു മഹാരാജ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദലിതര്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി. മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങൾക്കും സംവരണം ബാധകമാക്കി. എജ്യുക്കേഷന്‍ സൊസൈറ്റികളും ഷാഹു മഹാരാജ് സ്ഥാപിച്ചു. ജൈനമതക്കാരും എജ്യുക്കേഷന്‍ സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ കൃഷിക്കാരായ മധ്യജാതിവിഭാഗത്തിലുള്ളവര്‍, ജൈന മതക്കാര്‍ എന്നിവർ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നടത്തിയ ധാരാളം ഇടപെടലുകളുണ്ട്. ഈ സമ്മേളനത്തിന് പന്ത്രണ്ട് ആവശ്യങ്ങളുണ്ടായിരുന്നു. ദലിതര്‍ക്ക് പൊതുസ്ഥലത്ത് വെള്ളം കുടിക്കാന്‍ കഴിയണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കണം എന്നും പറയുന്നുണ്ട്.”

കൊളോണിയല്‍ കാലത്തുതന്നെ മഹാരാഷ്ട്രയില്‍ സാധ്യമായ ദലിത് മുന്നേറ്റത്തിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ സോംനാഥ് വിശദമാക്കി.

ബിനാലെയിലെ സ്ക്രീനിം​ഗ് മുമ്പ് 2025 നവംബറില്‍ നൽകിയ, ‘ഗെയ്ല്‍ ആന്‍ഡ് ഭരത്’ എന്ന ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കിയുള്ള അഭിമുഖത്തിൽ ഇന്ത്യയിലെ ഡോക്യുമെന്ററി സംവിധാനത്തിന്റെ രാഷ്ട്രീയങ്ങളെക്കുറിച്ചും ഗെയ്ൽ ഓംവേദിനെക്കുറിച്ചും ജാതിവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ചും സോംനാഥ് വാഗ്മാരെ സംസാരിച്ചു. ഡോക്യുമെന്ററി സ്‌ക്രീനിങ്ങിന് ശേഷം ഇന്ത്യയിലെ ദലിത് ബുദ്ധിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചും സോംനാഥുമായി സംസാരിക്കാൻ കഴിഞ്ഞു. അഭിമുഖം വായിക്കാം.

സോംനാഥ് വാഗ്മാരെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡോക്യുമെന്ററി പ്രദർശനത്തിനായി എത്തിയപ്പോൾ.

‘ഗെയ്ല്‍ ആന്‍ഡ് ഭരത്’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി നടത്തിയ വിദേശ യാത്രയിലെ അനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഒക്ടോബറിൽ യുകെയിലായിരുന്നു ഞാൻ, ഏഴിടങ്ങളിൽ ഞങ്ങൾ ഡോക്യുമെന്ററി സ്ക്രീനിങ് നടത്തി. യൂണിവേഴ്സിറ്റികളിൽ മാത്രമായിരുന്നില്ല, സാംസ്കാരിക ഇടങ്ങളിലും സൊസെെറ്റികളിലും സ്ക്രീനിങ് നടത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ്, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, ലീഡ്സ് യൂണിവേഴ്സിറ്റി എന്നീ സ‍ർവ്വകലാശാലകളിലാണ് സ്ക്രീനിങ് നടത്തിയത്. ലെസ്റ്റർ സിറ്റിയിൽ വളരെ പഴയ ഒരു സൊസെെറ്റിയുണ്ട്, ലെസ്റ്റർ സെക്യുലർ സൊസെെറ്റി. 150 വർഷങ്ങൾക്ക് മുമ്പാണ് ലെസ്റ്റർ സെക്യുലർ സൊസെെറ്റി രൂപംകൊണ്ടത്. യുകെയിലെ പുരോഗമനകാരികളായ ആളുകളാണ് ഈ സൊസെെറ്റി തുടങ്ങിയത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി അവർ തുടർച്ചയായി ജാതിവിരുദ്ധ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം വയലൻസ് നടന്നിട്ടുണ്ട്. ലെസ്റ്റർ സിറ്റി കൂടുതൽ ഇന്ത്യക്കാരുള്ള സ്ഥലമാണ്. നേരിട്ടുണ്ടായ കുടിയേറ്റമല്ല, ഗുജറാത്തിൽ നിന്നും ആഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാർ, ആഫ്രിക്കയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർ. ലെസ്റ്ററിൽ ഈ ഡോക്യുമെന്ററി സ്ക്രീൻ ചെയ്തിരുന്നു, കുറേ വെള്ളക്കാർ ഡോക്യുമെന്ററി കാണാൻ എത്തിയിരുന്നു.

സെപ്തംബറില്‍ ഹെയ്ഡൽബെർഗ് യൂണിവേഴ്സിറ്റിയിൽ പോയിരുന്നു. ബെർലിനിലുള്ള ഇന്ത്യൻ, സൗത്ത് ഏഷ്യൻ ആർട്ടിസ്റ്റുകൾ ചേർന്ന് തുടങ്ങിയ ‘സബ് കോണ്ടിനന്റ്’ എന്ന സ്പേസിൽ അവർ ജാതിവിരുദ്ധ വിഷയങ്ങൾ സംസാരിക്കുന്നുണ്ട്, പ്രത്യേകിച്ച് പുരോഗമനകരമായ കലാസൃഷ്ടികൾ. അവിടെയും ഈ ഡോക്യുമെന്ററി സ്ക്രീൻ ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ലെയ്ഡൻ, നെതർലാൻഡിലാണ് പിന്നെ ഇത് സ്ക്രീൻ ചെയ്തത്. അതിന് മുമ്പ് ഞാൻ ഈ ഡോക്യുമെന്ററി കൊളംബിയ യൂണിവേഴ്സിറ്റിയുടെ മുംബെെയിലെ സെന്ററിൽ ഒരു പ്രെെവറ്റ് സ്ക്രീനിങ് വഴി കാണിച്ചിരുന്നു, സെക്യുലർ ആർട്ട് മൂവ്മെന്റ് എന്ന അംബേദ്കറെെറ്റ്, ദലിത് ആർട്ടിസ്റ്റുകളുടെ കലക്റ്റീവ് മൂവ്മെന്റ് സംഘടിപ്പിച്ച ഒരു ശിൽപശാലയിൽ കഴിഞ്ഞ മേയിൽ ‍ഞാൻ ഈ ഡോക്യുമെന്ററി സ്ക്രീൻ ചെയ്തിരുന്നു. ഇന്ത്യയിലെ പബ്ലിക് സ്ക്രീനിങ്ങ് തുടങ്ങുന്നതേയുള്ളൂ. പ്രതികരണങ്ങൾ എങ്ങനെ വരുമെന്ന് നോക്കാം.

‘ഗെയ്ല്‍ ആന്‍ഡ് ഭരത്’ ബിനാലെയിൽ പ്രദർശിപ്പിച്ചപ്പോൾ.

ബിനാലെയിൽ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികളെക്കുറിച്ച് വിശദമായി പറയാമോ?

ഗെയ്ൽ ആൻഡ് ഭാരത് പ്രദർശിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര- കർണാടക അതിർത്തിയിൽ നിന്നുള്ള ദലിത് ആർട്ടിസ്റ്റ് യശ്വന്ത് പെയ്ന്ററെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് മറ്റൊന്ന്. ചെെത്യഭൂമി പ്രദർശിപ്പിക്കുന്നുണ്ട്. യശ്വന്ത് പെയ്ന്റർ പെയ്ന്റിങ്ങും സംഗീതവും ശിൽപകലയും ചെയ്യുന്നയാളാണ്, അദ്ദേഹത്തെ കുറിച്ച് ചെയ്ത ഒരു ചെറിയ ഡോക്യുമെന്ററിയുണ്ട്. അദ്ദേഹത്തെക്കുറിച്ചൊരു വലിയ ‍ഡോക്യുമെന്ററിയും ചെയ്യണമെന്നുണ്ട്. മറ്റൊരു ഷോർട്ട് ഡോക്യുമെന്ററി മെമ്മറീസ് ഓഫ് മാൻഗാവ് ഡോ.അംബേദ്കറുടെ ആദ്യത്തെ പൊതു സമ്മേളനത്തെ കുറിച്ചാണ്. കോലാപൂരിൽ മാൻഗാവ് എന്നൊരു ചെറിയ ഗ്രാമമുണ്ട്. മുപ്പതു വയസ്സായിരുന്നപ്പോൾ ഈ ഗ്രാമത്തിലാണ് അംബേദ്കറുടെ ആദ്യത്തെ പബ്ലിക് അപ്പിയറൻസ് നടന്നത്. ദ ഫസ്റ്റ് അൺടച്ചബ്ൾ കോൺഫറൻസ് എന്നാണ് ഈ കോൺഫറൻസിന്റെ പേര്. ഈ പൊതു സമ്മേളനം നടന്നത് 1927ലായിരുന്നു. ഷാഹു മഹാരാജ് ആയിരുന്നു ആ പൊതുസമ്മേളനത്തിന് അധ്യക്ഷനായിരുന്നത്. ഈ കോൺഫറൻസിന്റെ നേതൃത്വത്തിലുണ്ടായിരുന്നത് ജെെനനായ ഒരാളാണ്, അപ്പാസേ പാട്ടിൽ.

കഴിഞ്ഞ വർഷമാണ് യശ്വന്ത് പെയ്ന്ററുടെ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മഹാരാഷ്ട്രയിൽ നിന്നുള്ള ആർട്ടിസ്റ്റ് പ്രഭാകർ കാംബ്ലേയുടെ ആർട്ടും കൊച്ചി ബിനാലെയിലുണ്ട്. നാല് മാസങ്ങൾക്ക് മുമ്പ് ബ്രസീലിൽ നടന്ന സാവോപോളോ ബിനാലെയിലും പ്രഭാകർ കാംബ്ലേയുടെ ആർട്ട് എക്സിബിഷൻ ഉണ്ടായിരുന്നു, പത്ത് ദലിത് ആർട്ടിസ്റ്റുകളെയും രണ്ട് ഓബിസി ആർട്ടിസ്റ്റുകളെയും ആ ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ബിനാലെയിൽ പ്രദർശിപ്പിക്കാൻ വേണ്ടിയാണ് യശ്വന്ത് പെയ്ന്ററുടെ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. പ്രഭാകർ കാംബ്ലേയുടെ ആർട്ട് പെർഫോമൻസ് ആണ്, ദലിത് ചരിത്രങ്ങളാണ് അടിസ്ഥാനം.

യശ്വന്ത് പെയ്ന്റർ

ഗെയ്ൽ ഓംവേദ്തിനെ താങ്കൾ എങ്ങനെ പരിചയപ്പെടുത്തും, അവരെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾക്ക്?

ഗെയ്ൽ ഒരു വെള്ളക്കാരിയായ സ്ത്രീയാണെങ്കിലും അവരെ പലരും ദളിത് സ്കോളർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗെയ്ൽനെ ഞാൻ നമ്മുടെ ഒരാളായിട്ടാണ് കണക്കാക്കുന്നത്. ദലിത് മുന്നേറ്റത്തിന് വേണ്ടി (Dalit Cause) ജീവിതം ചെലവഴിക്കുന്നവർ ദലിത് അല്ലെങ്കിൽ, അവർ അംഗീകരിക്കപ്പെടുകയോ പബ്ലിക് പോപ്പുലർ കൾച്ചറിന്റെ ഭാഗമാകുകയോ ചെയ്യുകയില്ല. ഗെയ്ൽ ഇത്രയും വലിയൊരു ഫിഗർ ആണ്. പക്ഷേ, ഗെയ്ൽ ഈ പോപ്പുലർ കൾച്ചറിന്റെ ഭാഗമല്ല. ഗെയ്ൽ വരുന്നത് വളരെ പ്രിവിലേജ്ഡ് ആയൊരു കുടുംബത്തിൽ നിന്നാണ്. അവരുടെ ഫാദർ ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തകനായിരുന്നു, അവരുടെ ഗ്രാൻഡ്ഫാദറും രാഷ്ട്രീയ പ്രവർത്തകനായിരുന്നു. അവർ ഇന്ത്യയിലേക്ക് വരുന്നത് 1970കളിലാണ്, അവരുടെ പിഎച്ച്ഡി ഫീൽഡ് വർക്കിന് വേണ്ടി. എലിനാർ സെലറ്റ് എന്നൊരു സ്കോളറുണ്ട്, എലിനറും വളരെ interesting ആണ്. അവരുടെ സംഭാവനകൾ ഇംഗ്ലീഷ് സാഹിത്യത്തിലാണ്. പക്ഷേ, അവരുമായി അധികം അഭിമുഖങ്ങളൊന്നും നിലവിലില്ല. എലിനറും മഹാരാഷ്ട്രയെക്കുറിച്ച് പഠിച്ചിട്ടുണ്ട്. എലിനറിന്റെയും ഗെയ്ലിന്റെയും വർക്ക് സമാനമാണ്. ഗെയ്ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു, ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചു. ഗെയ്ൽ ഇവിടെ വരുന്നത് മഹാത്മാ ഫൂലെയുടെ സത്യശോധക് മുന്നേറ്റത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനാണ്. അതിനുശേഷം ദലിത് ചരിത്രത്തെക്കുറിച്ച് തുടർച്ചയായി എഴുതുവാൻ തുടങ്ങി. ഗെയ്ൽ വിവാഹം ചെയ്തത് ഒരു ശൂദ്ര ജാതിയിൽ (മറാഠ) നിന്നുള്ള വ്യക്തിയെയാണ്. കാര്‍ഷികവൃത്തി ചെയ്യുന്ന മധ്യ ജാതിയില്‍പ്പെട്ട ഒരു വ്യക്തിയാണ് ഭരത്.

ഗെയ്‌ലിന്റെ ജീവിതം മുഴുവനും ഇന്ത്യയിലാണ് ചെലവഴിച്ചത്. ഗെയ്‌ലും എലിനാറും വിദേശ രാജ്യങ്ങളിലെ സർവ്വകലാശാല ഇടങ്ങളിൽ അംബേദ്കർ സെന്ററുകൾ തുടങ്ങിയവരാണ്. അവരാണ് ഫൂലെയെയും അംബേദ്കറെയും അവിടെ അക്കാദമിക ഡിസ്കോഴ്സിലേക്ക് കൊണ്ടുവന്നത്. അതിനുമുമ്പ് ഇതെല്ലാം ലെഫ്റ്റ് ആണ് ചെയ്തിരുന്നത്. ഇന്ന് അംബേദ്കർ എല്ലാ അക്കാദമിക മണ്ഡലങ്ങളിലും പോപ്പുലർ കൾച്ചറിലുമുണ്ട്. ഈ രണ്ട് സ്ത്രീകളുടെ പങ്ക് അതിൽ വളരെ വലുതാണ്.

ഗെയ്ൽ ഓംവേദ്തിന്റെ കുടുംബത്തിനൊപ്പം സോംനാഥ് വാഗ്മാരെ.

അംബേദ്കർ കൂടുതലും എഴുതിയത് ഇംഗ്ലീഷിലും മറാഠിയിലുമാണ്. അതിന് ശേഷം അവിടെയൊരു വിടവുണ്ട്, പ്രത്യേകിച്ച് ഇംഗ്ലീഷ് എഴുത്തുകളുടെ കാര്യത്തില്‍. ഇപ്പോൾ കൂടുതൽപ്പേർ ഇംഗ്ലീഷിലെഴുതുന്നുണ്ട്. പക്ഷേ, മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് സാഹിത്യം മറാഠിയിൽത്തന്നെയാണ് എഴുതപ്പെട്ടത്. മൊഴിമാറ്റങ്ങളും അധികമൊന്നും ഉണ്ടായിട്ടില്ല. ഗെയ്ൽ ബഹുജൻ സമാജ് പാർട്ടി സ്ഥാപകനായ കാൻഷിറാമിന്റെ അടുത്ത സുഹൃത്തായിരുന്നു. ബഹുജൻ സമാജ് പാർട്ടിയുടെ രൂപീകരണത്തിലും ഗെയ്ൽ ഭാഗമായിരുന്നു.

എന്റെ നാട് തന്നെയാണ് ഗെയ്‌ലിന്റെയും നാട്. ബിരുദ കാലം മുതലാണ് ഞാൻ ഗെയ്‌ലിനെ അടുത്തറിയുന്നത്. ഗെയ്ൽ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് ‘സീക്കിങ് ബീഗംപുര’ എന്നാണ്. ബീഗംപുര എന്നത് സന്ത് രവിദാസിന്റെ വിശാലമായൊരു ആശയമാണ്. ബുദ്ധൻ മുതൽ തുക്കാറാം, അംബേദ്കർ, ശിവാജി എന്നിവരിലേക്ക് ചരിത്രത്തെ അന്വേഷിക്കുകയാണ് ഈ പുസ്തകം. ജാതിവിരുദ്ധമുന്നേറ്റത്തിന്റെ ചരിത്രമായിട്ടാണ് ഇതിനെ ഗെയ്ൽ അവതരിപ്പിക്കുന്നത്. ബീഗംപുര സങ്കൽപ്പിക്കുന്നത് എല്ലാവരും തുല്യരായിരിക്കുന്ന ഒരു സമൂഹത്തെയാണ്.

നമ്മുടെ സമൂഹത്തിന് പുറമേ നിന്നുള്ളൊരാൾ നമ്മുടെ സമൂഹത്തെക്കുറിച്ച് പഠിക്കുകയും എഴുതുകയും തിയറെെസ് ചെയ്യുകയും ചെയ്യുന്നതിൽ നിന്നും ഉയരുന്ന, അവർ എങ്ങനെയാണ് നമ്മുടെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടല്ലോ, ഗെയ്ല്‍ ഓംവേദിന്റെ ഇടപെടലുകളെ വിലയിരുത്തുമ്പോൾ ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഡോക്യുമെന്ററിയിൽ പൂനെയിൽ നടന്ന ദലിത് വിമെൻ സ്പീക് ഔട്ട് കോൺഫറൻസിൽ നിന്നുള്ള ഭാഗമുണ്ട്. ഈ കോൺഫറൻസ് നടന്നത് 2018ൽ ആണ്. ദലിത് സ്ത്രീകളുടെ മാത്രം കോൺഫറൻസാണത്. അതിൽ വളരെ കുറച്ച് പുരുഷന്മാരെയേ പങ്കെടുപ്പിച്ചിട്ടുള്ളൂ. എന്റെ ‘ഭീമാ കൊറേഗാവ്’ ഡോക്യുമെന്ററി അവിടെ സ്ക്രീൻ ചെയ്തതുകൊണ്ട് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. അവർ ഗെയ്ൽ ഓംവേദിനെയും ക്ഷണിച്ചിരുന്നു. അതാണ് ഗെയ്‌ലിന് ദലിത് സമൂഹവുമായുള്ള ബന്ധം. അവരെയും കമ്മ്യൂണിറ്റിയിൽ നിന്നുള്ളൊരാളായി കണക്കാക്കുന്നു. അധീശജാതിയിൽ നിന്നുള്ള ആളുകൾക്ക് ഗെയ്‌ലില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കമ്മ്യൂണിറ്റിയുടെ ഭാഗമല്ലാത്ത ഒരാൾ എങ്ങനെ പെരുമാറണമെന്ന് അവർക്ക് ഗെയ്‌ലിൽ നിന്ന് പഠിക്കാം.

ദലിതരല്ലാത്തവരെ ദലിതർ നേതാക്കളായി സ്വീകരിക്കാറില്ല. ഞാൻ ഇതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയിട്ടുണ്ട്. ഫെമിനിസ്റ്റ് മുന്നേറ്റത്തിൽ ബ്രാഹ്മണ്യ നേതൃത്വത്തെ സ്വീകരിക്കും. ആദിവാസി മുന്നേറ്റത്തിൽ ബ്രാഹ്മണ്യ നേതൃത്വത്തെ സ്വീകരിക്കും, ആദിവാസി മുന്നേറ്റത്തിൽ നിരവധി ആദിവാസി ഇതര വ്യക്തികൾ നേതാക്കളായിട്ടുണ്ട്. പക്ഷേ, ദലിത് മുന്നേറ്റത്തിൽ സവർണരായ ആരെയും ഒരു നേതാവായിട്ടോ വക്താവായിട്ടോ സ്വീകരിക്കുകയില്ല. വളരെ അപൂർവ്വമായ ഗെയ്ൽ ഓംവേദിനെപ്പോലെയൊരാളാണ് ഉള്ളത്. ചിലപ്പോൾ അവർ ജാതിവ്യവസ്ഥയുടെ ഭാഗമല്ലാത്തതുകൊണ്ടായിരിക്കാം. പുറമേ നിന്നുള്ളൊരാള്‍ ആയതുകൊണ്ടായിരിക്കും. ഇതൊരു വിശ്വാസ്യതയുടെ കാര്യമാണ്, അവർ വളരെ ആധികാരികമായിട്ടാണ് എഴുതിയിരുന്നത്. ഇരട്ടനിലപാടുള്ള എഴുത്തായിരുന്നില്ല ഗെയ്ലിന്റേത്, മുന്നേറ്റത്തെ തകർക്കുന്ന രീതിയിൽ അവർ ഒന്നും ചെയ്തിട്ടില്ല. ഇന്ത്യൻ അല്ലാത്ത ഒരു വ്യക്തിയെന്ന നിലയിലാണ് ഈ വിശ്വാസം രൂപപ്പെടുന്നതെന്ന് തോന്നുന്നു.

അവർ ജാതിയെയും വംശത്തെയും താരതമ്യം ചെയ്യുന്നുണ്ടല്ലോ, അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇടതുപക്ഷ അക്കാദമിയ, ഇടതുപക്ഷ സെെദ്ധാന്തികർ, വലതുപക്ഷ സെെദ്ധാന്തികർ, ഇവരെല്ലാം തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ജാതി എന്ന ചോദ്യത്തെ അവ​ഗണിക്കാനും മറച്ചുപിടിക്കാനുമാണ്. അതുകൊണ്ടാണ് ജാതി ആഗോളമായി തിരിച്ചറിയപ്പെടാൻ ഇത്രയധികം സമയമെടുക്കുന്നത്. ജാതി വ്യവസ്ഥ വംശ വ്യവസ്ഥയോട് സമാനമല്ലെന്ന് എനിക്കറിയാം. ഇന്ത്യയ്ക്ക് പുറത്തുള്ളവരോട് ജാതിയെക്കുറിച്ച് എങ്ങനെയാണ് വിശദീകരിക്കുക? ഇന്ത്യയിലെ ദലിതര്‍ക്ക് നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലും ആഫ്രോ അമേരിക്കക്കാര്‍ക്ക് നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലും സമാനമാണ് എന്ന് പറയേണ്ടത് വളരെ പ്രധാനമാണ്.

സൂരജ് യെങ്ഗ്ഡേയുടെ ഏറ്റവും പുതിയ പുസ്തകം Caste: A Global Story ജാതിയുടെ ചരിത്രത്തെ അന്വേഷിക്കുന്നുണ്ട്. ഈ പുസ്തകം 16 രാജ്യങ്ങളുടെ ചരിത്രം അന്വേഷിക്കുന്നുണ്ട്. ജാതിയുടെ യാത്ര എങ്ങനെയായിരുന്നു, ദലിത് ഗ്രൂപ്പുകൾ ഈ രാജ്യങ്ങളിൽ രൂപംകൊള്ളുന്നതെങ്ങനെ എന്നെല്ലാമാണ് ഈ പുസ്തകം രേഖപ്പെടുത്തുന്നത്.

ഗെയ്ൽ ഓംവേദ്തിന്റെ പ്രഭാഷണം ചിത്രീകരിക്കുന്ന സോംനാഥ് വാഗ്മാരെ.

ഭരത് പതങ്കറിനെ കുറിച്ച് പറയാമോ?

ഭരത് പതങ്കർ എന്റെ നാട്ടുകാരനാണ്. ഭരതിന്റെ കുടുംബം ദലിത് കുടുംബമല്ല, മഹാത്മാ ഫൂലെയുടെ സത്യശോധക് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ഭരത് പതങ്കറിന്റെ കുടുംബം. ഗെയ്ൽ സത്യശോധക് മുന്നേറ്റത്തെക്കുറിച്ച് ഗവേഷണം ചെയ്യാനായിരുന്നു ഇന്ത്യയിലേക്ക് വന്നത്. ‘ദ കൾച്ചറൽ റിവോൾട്ട് ഇൻ കൊളോണിയൽ ഇന്ത്യ, നോൺ ബ്രാഹ്മിൺ മൂവ്മെന്റ് ഓഫ് വെസ്റ്റേൺ ഇന്ത്യ’ എന്നതാണ് ഗെയ്ലിന്റെ പിഎച്ച്ഡി തീസിസിന്റെ തലക്കെട്ട്. ഭരത് കാർഷികവൃത്തി ചെയ്യുന്ന മധ്യജാതിയിൽ നിന്നുള്ള ഒരാളാണ്. ദലിത് മുന്നേറ്റവുമായി ചേർന്ന് നിൽക്കുന്നതാണ് ഭരതിന്റെ കുടുംബം. ഗെയ്ൽ ഫീൽഡ് വർക്കിന് വന്ന സമയത്താണ് ഭരതിനെ പരിചയപ്പെടുന്നത്. കർഷകരുമായി ബന്ധപ്പെട്ടാണ് ഭരത് പ്രവർത്തിച്ചിരുന്നത്. ഗെയ്ലിനൊപ്പം ഭരതും എഴുതിയിട്ടുണ്ട്. ഇവർ രണ്ടുപേരും ചേർന്ന് തുക്കാറാമിന്റെ എഴുത്തുകൾ മറാഠിയിൽ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഈ ഡോക്യുമെന്ററി ചെയ്യുന്നതിനും എത്രയോ മുമ്പ്‍ തന്നെ ഇവരെ എനിക്കറിയാം. ആറോ ഏഴോ വർഷങ്ങളായി അറിയാം. എനിക്ക് ഗെയ്ലും ഭരതുമായുള്ള ബന്ധത്തിന്റെ വ്യക്തിപരത ഈ ഡോക്യുമെന്ററിയിൽ കാണാൻ കഴിയും.

ഡോക്യുമെന്ററി ചെയ്യണമെന്ന തോന്നലോടുകൂടിയാണോ ഗെയ്ൽ ഓംവേദിന്റെ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്തിരുന്നത്?

2016-2017 കാലത്ത് ഗെയ്ൽ ഓംവേദിന് ഡിമെൻഷ്യ ബാധിച്ചു. ആർക്കെെവൽ ഫൂട്ടേജുകൾ തിരഞ്ഞപ്പോൾ ബാംഗ്ലൂരിലും കോലാപ്പൂരിലും നടന്ന കോൺഫറൻസുകളിൽ നിന്നുള്ള വീഡിയോകൾ കണ്ടു. കുറഞ്ഞത് അഞ്ചുവർഷത്തോളം ഗെയ്ൽ ഡിമെൻഷ്യ ബാധിതയായിരുന്നു. കേരളത്തിൽ ദലിത് ഓട്ടോ ഡ്രെെവറായ ചിത്രലേഖ ജാതീയമായി ആക്രമിക്കപ്പെട്ടപ്പോൾ ഗെയ്ൽ കേരളത്തിൽ വന്നിട്ടുണ്ട്.

സോംനാഥ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി സിനിമകൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സർവ്വകലാശാലകളിലും പൊതു ഇടങ്ങളിലും യാത്ര ചെയ്ത് പ്രദർശിപ്പിക്കുന്ന രീതിയാണല്ലോ. എങ്ങനെയാണ് ഈ രീതി രൂപപ്പെട്ടത്?

എനിക്കിങ്ങനെ ചെയ്യുന്നതൊക്കെ ഒട്ടും എളുപ്പമായിരുന്നില്ല. ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ച് തുടങ്ങിയ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ കുറച്ചൊക്കെ എളുപ്പമായിട്ടുണ്ട്. അടുത്ത വർഷമാകുമ്പോൾ ഡോക്യുമെന്ററി വര്‍ക്കില്‍ ഞാൻ പത്ത് വർഷം പൂർത്തിയാക്കാൻ പോകുകയാണ്. എന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത് ഒരു ഗ്രാമത്തിലാണ്. ഈ മേഖലയിലുള്ളവർ വരുന്നത് വളരെ ധനികരായ സവർണ പ്രിവിലേജുകളുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നാണ്. അവരൊരിക്കലും അവരുടെ പ്രിവിലേജിനെ കുറിച്ച് സംസാരിക്കുകയില്ല. യൂറോപ്പിൽ നിന്നും അവർക്ക് നല്ല ഫണ്ടിങ് കിട്ടും. ഈ ഡോക്യുമെന്ററിയുടെ അവസാനം ‘ഈ പ്രൊജക്റ്റ് ഒരു ഫണ്ടിന്റെയും സഹായമില്ലാതെ ചെയ്തതാണ്’ എന്ന ഒരു വരി ഞാനതിൽ ചേർത്തത് അതുകൊണ്ടാണ്. ഇതൊരു ചെറിയ ബഡ്ജറ്റിലുള്ള പ്രൊജക്റ്റാണ്. എനിക്കൊരിക്കലും ഗ്രാന്റോ ഫെലോഷിപ്പോ കിട്ടിയിട്ടില്ല. വളരെ അടഞ്ഞൊരു സവര്‍ണ സിനിമാ സംവിധായക സർക്കിളുണ്ട്. ഫണ്ടിങ്ങിനെ കുറിച്ചുള്ള അവസരങ്ങളുടെ അറിയിപ്പുകളൊക്കെ അവർക്കിടയിൽ തന്നെ ഷെയർ ചെയ്യുകയാണ് ചെയ്യുക. അവരെപ്പോഴും നമ്മളിൽനിന്നും അകലം സൂക്ഷിക്കുന്നുണ്ട്. നമ്മൾ കൂടുതൽ വോക്കലും കൂടുതൽ പൊളിറ്റിക്കലും ആണെന്ന് അവർക്ക് തോന്നുന്നുണ്ട്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ സ്വന്തം ഇടം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യൻ ഡോക്യുമെന്ററി സർക്കിളിൽ ഭൂരിഭാഗം ഡോക്യുമെന്ററി സംവിധായകരും പുരോഗമനകാരികളാണെന്ന് അവകാശപ്പെടുന്നവരും അതേസമയം സാമ്പത്തികമായ വളരെ ഉയർന്ന നിലയിലുള്ള അധീശജാതി പശ്ചാത്തലത്തിൽ നിന്നും വരുന്നവരാണ്.. എനിക്കിപ്പോഴും ഫിലിം ഫെസ്റ്റിവലുകളിലേക്ക് സിനിമ അയക്കുന്നത് എളുപ്പമല്ല. ഫെസ്റ്റിവലുകളിലേക്ക് സിനിമ അയക്കുന്നതിന് വലിയ ചെലവുണ്ട്. ഇന്ത്യയ്ക്കകത്ത് അത്രയും ഫീസ് ആവശ്യമില്ല. പക്ഷേ, യുഎസ് അല്ലെങ്കിൽ യൂറോപ്പിലേക്കുള്ള ഏതെങ്കിലും ഫെസ്റ്റിവലിലേക്ക് അയക്കണമെങ്കിൽ അവരുടെ ഫീസ് ചിലപ്പോൾ 20,000 ആയിരിക്കും. സെലക്റ്റ് ചെയ്യപ്പെടുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. ഇതിന് മെച്ചപ്പെട്ടൊരു സപ്പോർട്ട് സിസ്റ്റം വേണം. പ്രൊഡക്ഷൻ ഹൗസ്, നല്ല ഫണ്ടിങ് ഇതൊക്കെ വേണം. ഭാവിയിൽ നമുക്ക് ഇതിനെയും മറികടക്കാൻ കഴിയും. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളിൽ നിന്ന് വരുന്ന ഞങ്ങൾക്ക് പ്രൊജക്റ്റ് പൂർത്തിയാക്കി സിനിമയെ ഒരു പൊതുവേദിയിലേക്ക് കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ ഒമ്പത് വർഷങ്ങളെടുത്തു ഇവിടെവരെയെത്താൻ. കുറേയധികം പേർ ഇതുപോലെ പ്രയാസപ്പെടുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു സിനിമ മാത്രമല്ല, ഇത് ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഞങ്ങൾ ഇതൊക്കെയും സംഭാവന ചെയ്യുന്നത് ജാതിവിരുദ്ധ മുന്നേറ്റത്തിലേക്കാണ്, അതാണ് നമ്മുടെ പ്രധാന ലക്ഷ്യം.

ബുദ്ധൻ, യശ്വന്ത് പെയ്ന്ററുടെ ചിത്രം.

നിലവിലെ സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള സമയവും ഊര്‍ജ്ജവും കണ്ടെത്തുന്നത് എങ്ങനെയാണ്?

കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ഞാന്‍ സ്വതന്ത്രമായിട്ടാണ് ഡോക്യുമെന്ററികള്‍ ചെയ്യുന്നത്. ഇതുവരെ സംവിധാനം ചെയ്ത എല്ലാ ഡോക്യുമെന്ററികളും വളരെ കുറഞ്ഞ ചെലവില്‍ ചെയ്ത, വളരെ ഇന്‍ഡിപെന്‍ഡന്റ് ആയ പ്രൊഡക്ഷന്‍ ആണ്. ഞാന്‍ ഗ്രാന്റ് ഒന്നും വാങ്ങിയിട്ടല്ല ഇതെല്ലാം ചെയ്‌തെടുത്തത്. ഫണ്ട് ഒരു വലിയ പ്രശ്‌നമാണ്, ഈ ഫണ്ടിങ് എന്നത് വളരെ അടഞ്ഞ ഗ്രൂപ്പിനകത്ത് നടക്കുന്ന കാര്യമാണ്. സവര്‍ണരായ ഡോക്യുമെന്ററി സംവിധായകര്‍ ഇടപെടുന്നത് അവരുടെ ഭാഷയില്‍ സംസാരിക്കുന്ന ദലിതരോടായിരിക്കും. ക്ലാസ് തലത്തിലെങ്കിലും അവരോട് ചേര്‍ന്ന് നില്‍ക്കണം. അവര്‍ എന്നെ ഒരിക്കലും പിന്തുണയ്ക്കുകയില്ല, കാരണം അവര്‍ക്കറിയാം ഞാന്‍ രാഷ്ട്രീയമായി സംസാരിക്കുന്നയാളാണെന്ന്. എനിക്കവരുമായി ഒരു ലവ് ഹേറ്റ് ബന്ധമാണുള്ളത്, ചിലപ്പോള്‍ ഇടപെടാന്‍ കഴിയും, ചിലപ്പോള്‍ കഴിയില്ല. എനിക്ക് എന്റേതായൊരു ടീം ഉണ്ട്. ദലിത് സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സൗഹൃദങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്, ലോകത്തെങ്ങുമുള്ളവര്‍. ഇന്ത്യക്കാരല്ലാത്ത ചില പ്രൊഫസര്‍മാരുമുണ്ട്. ചിലപ്പോള്‍ ഇന്ത്യന്‍ പ്രൊഫസര്‍മാരെക്കാള്‍ പരിഷ്‌കൃതരാണ് ഇന്ത്യക്ക് പുറത്തുള്ളത്, അവര്‍ക്ക് നമ്മളുമായി ഇടപെടാന്‍ ഒരു താല്‍പര്യവുമില്ല. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് എന്നെപ്പോലൊരാളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല, അതുകൊണ്ട് അവര്‍ എന്നെ എവിടെയും പരാമര്‍ശിക്കുകയില്ല. എനിക്കൊപ്പം റെസിഡെന്‍സിയിലോ ഏതെങ്കിലും പ്രോഗ്രാമിലോ പങ്കെടുക്കുകയില്ല. എന്റെ വഴി വേറെയാണ്, അവരുടെ വഴി വേറെയാണ്.

ഇന്ത്യയിലേത് പൊളിറ്റിക്കല്‍ ബുദ്ധിസമാണെന്ന് ഇന്ററാക്ഷനില്‍ പറഞ്ഞിരുന്നല്ലോ, എന്താണ് പൊളിറ്റിക്കല്‍ ബുദ്ധിസം?

ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ മതപരിവര്‍ത്തനമാണ് ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ നടന്നത്. ഇത്തരത്തിലൊരു മതപരിവര്‍ത്തനം വേറെ നടന്നതായി എനിക്കറിയില്ല. ബുദ്ധിസത്തെക്കുറിച്ചുള്ള എന്റെ മനസ്സിലാക്കലിലും കാഴ്ചപ്പാടിലും നമ്മുടെ ബുദ്ധിസം ശ്രീലങ്കയിലോ ടിബറ്റിലോ ആളുകള്‍ പിന്തുടരുന്ന ബുദ്ധിസം പോലെയല്ല. ഇവിടെയത് പൂര്‍ണമായും ജാതി വ്യവസ്ഥയെ തിരസ്‌കരിക്കുന്നതിനുള്ളതാണ്. എന്റെ സമുദായത്തിലുള്ള ആളുകളുടെ വീടുകള്‍ സന്ദര്‍ശിച്ചാല്‍ ഈ ബുദ്ധിസ്റ്റ് ചിഹ്നങ്ങള്‍ കാണാം. അതാണ് ഇത് കൂടുതലും ആത്മീയമെന്നതിനെക്കാളും രാഷ്ട്രീയമായ കാര്യമാണെന്ന് ഞാന്‍ പറയുന്നത്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയ ബുദ്ധിസമാണ്, ആത്മീയ ബുദ്ധിസമല്ല എന്ന് പറയുന്നത്.

അംബേദ്കര്‍ സ്വന്തം കള്‍ട്ട് തുടങ്ങിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ജനകീയമാകുമായിരുന്നു. എന്തുകൊണ്ടാണ് അംബേദ്കര്‍ ബുദ്ധനെ തെരഞ്ഞെടുത്തത്? ക്രിസ്തു മതമോ സിഖ് മതമോ ഇസ്‌ലാമോ തെരഞ്ഞെടുത്തില്ല? അംബേദ്കര്‍ തെരഞ്ഞെടുത്തത് നവയാന ബുദ്ധിസമാണ്, നമ്മള്‍ പിന്തുടരുന്നത് നവയാന ബുദ്ധിസമാണ്. ഇത് പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല. ബുദ്ധന്‍ ഒരു ദൈവമല്ല എന്ന ഉറച്ച വിശ്വാസമാണിത്. അത്തരത്തിലുള്ള ശാസ്ത്രീയമായ കാര്യങ്ങളാണ് ഇതിലുള്ളത്. ഗെയ്‌ലും ഭരതും ബുദ്ധിസം സ്വീകരിച്ചവരാണ്. ഞാനൊരു ഹിന്ദുവല്ല എന്ന് പറയുന്നൊരു പ്രവൃത്തി കൂടിയാണത്. ഗെയ്‌ലിന്റെ സിനിമയില്‍ ഒരു ബുദ്ധന്റെ ഫ്രെയിം കണ്ടത് ഓര്‍ക്കുന്നുണ്ടോ? ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ എന്റെ ജാതി സ്വത്വം മറച്ചുപിടിക്കുകയില്ല. എവിടെ നിന്നാണ് എനിക്കതിനുള്ള ആത്മവിശ്വാസം കിട്ടുന്നത്? ഇതൊരു മനശാസ്ത്രപരമായ കാര്യമാണ്. ഞാനെങ്ങനെയാണ് എന്റെ സ്വത്വം മറച്ചുപിടിച്ചുകൊണ്ട് ജീവിക്കുക? അല്ലെങ്കിലത് നമ്മള്‍ നമ്മളെ സവര്‍ണമാക്കുന്നതുപോലെയാണ്. ജാതി മറച്ചുപിടിക്കാനുള്ള ചോയ്‌സും ആളുകള്‍ക്കുണ്ട്. യഷികാ ദത്ത സ്വന്തം ജാതിയെക്കുറിച്ച് സംസാരിക്കാതിരുന്നതും അവരുടെ ചോയ്‌സ് ആണ്. 2018 വരെ നീരജ് ഗെയ്വാന്‍ ദലിത് വ്യക്തിയാണ് എന്ന് ആര്‍ക്കൊക്കെ അറിയാമായിരുന്നു? എനിക്കൊപ്പം ജോലി ചെയ്യുന്നൊരു സുഹൃത്തുണ്ട്, അയാള്‍ പലപ്പോഴും പറയാറുണ്ട് എനിക്ക് എന്റെ സ്വത്വത്തെക്കുറിച്ച് തുറന്നു പറയാന്‍ താല്‍പര്യമില്ലെന്ന്. അത് അയാളുടെ ചോയ്‌സ് ആണ്. പക്ഷേ, നിങ്ങളാരാണെന്ന് അവര്‍ക്കറിയാം. എനിക്ക് അതേപ്പറ്റി തുറന്നു സംസാരിക്കാനുള്ള ആത്മവിശ്വാസം കിട്ടിയത് മഹാരാഷ്ട്രയിലെ ബുദ്ധിസം കാരണമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ആരോടും വിവേചനം കാണിക്കുന്നില്ല, ആരെയും ഉപദ്രവിക്കുന്നില്ല. നമുക്ക് സംവദിക്കാനുള്ള ഇടമുണ്ട് ജനാധിപത്യത്തില്‍.

മഹാ ഉപാസക് യശ്വന്ത് പെയ്ന്റർ എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

അംബേദ്കര്‍ ഒരു വിമോചന പാതയായി ബുദ്ധിസം തെരഞ്ഞെടുത്തതിലെ കാഴ്ചപ്പാടിനെക്കുറിച്ച് പറയാമോ ?

ബുദ്ധിസത്തില്‍ ജാതിവ്യവസ്ഥയില്ല, ഔദ്യോഗികമായിട്ടെങ്കിലും. ബുദ്ധിസത്തില്‍ അധികാര ശ്രേണികളില്ല, ലിംഗപരമായ വേര്‍തിരിവുണ്ട് എന്നത് ശരിതന്നെ. ബുദ്ധിസത്തില്‍ ആരാധന എന്ന ആശയം തന്നെ ഇല്ല. ബുദ്ധവിഹാരത്തില്‍ പോകണമെന്നുള്ള നിര്‍ബന്ധം തന്നെ ഇല്ല. ഇതില്‍ കൂടുതലും സ്വയം ഒരു ഹിന്ദുവല്ല എന്നു പറയാനുള്ള ഒരു പൊതു ജീവിതത്തിനുള്ള സാധ്യതയാണുള്ളത്. ഞാന്‍ കരുതുന്നത് ഒരാള്‍ക്ക് ഞാന്‍ ഹിന്ദുവല്ല എന്നു പറയാനുള്ള സ്വത്വമാകുകയാണ് ബുദ്ധിസം. മാര്‍ക്‌സിസ്റ്റുകളെ പോലെയല്ല, മാര്‍ക്‌സിസ്റ്റുകള്‍ക്ക് ജാതിയും മതവുമെല്ലാം സൂക്ഷിക്കാം. ബ്രാഹ്മിണ്‍ ആയി ജനിച്ച ഒരാള്‍ക്ക് ജാതിവ്യവസ്ഥ ഉപേക്ഷിക്കുവാനുള്ള സാധ്യതയായി എന്താണുള്ളത്? മഹാരാഷ്ട്രയില്‍ ബുദ്ധിസം സ്വീകരിച്ച കുറേയേറെ ബ്രാഹ്മിണ്‍ സ്ത്രീകളുണ്ട്. ഒരു പ്രൊഫസറുണ്ട് നാഗ്പൂരില്‍, രൂപ കുല്‍ക്കര്‍ണി ബോധി. അവര്‍ ബുദ്ധമതം സ്വീകരിച്ചു. ബുദ്ധിസത്തിലേക്കുള്ള മതപരിവര്‍ത്തനം നമുക്ക് ജാതി വ്യവസ്ഥ ഉപേക്ഷിക്കാനുള്ള വഴിയാണ്.

എന്തുകൊണ്ടാണ് ബുദ്ധിസത്തിന് മറ്റ് മതങ്ങള്‍ക്ക് നിലനില്‍ക്കാനും വ്യാപിക്കാനും കഴിഞ്ഞതുപോലെ ഇന്ത്യയില്‍ പ്രചരിക്കാന്‍ കഴിയാതിരുന്നത്?

ഓരോ മതത്തിനും അതിന്റെ ആത്മീയമായ വശങ്ങളുണ്ട്. എല്ലാ മതങ്ങളിലും ദൈവം എന്നൊരു ആശയമുണ്ട്, അല്ലേ? ബുദ്ധിസത്തില്‍ അങ്ങനെയല്ല. ബുദ്ധിസം കൂടുതലായും ഒരു മാനവിക തത്വമെന്ന നിലയിലാണ് നിലനിന്നത്, മനുഷ്യര്‍ക്ക് എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ചുള്ള തത്വങ്ങള്‍. എല്ലാവരും തുല്യരാണെന്ന് ബുദ്ധിസം പറയുന്നുണ്ട്. ബ്രാഹ്മണിസത്തോട് തുടര്‍ച്ചയായ പോരാട്ടം നടത്തേണ്ടിവന്നിട്ടുണ്ട് ബുദ്ധിസ്റ്റ് ആശയത്തിന്. ഇതു രണ്ടുമായിരിക്കണം കാരണങ്ങള്‍, അവര്‍ ബുദ്ധിസത്തെ അത്രയും മോശമായി നശിപ്പിച്ചിട്ടുണ്ട്. ചിന്തിച്ചു നോക്ക്, അംബേദ്കര്‍ ബുദ്ധിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ ബുദ്ധിസം ഇന്ത്യയില്‍ അവസാനിക്കുമായിരുന്നു.

സ്റ്റുഡന്റ്‌സ് ബിനാലെയിൽ രോഹിത് അത്താവ്‌ലെ, സച്ചിൻ ബന്നെ, കൈലാഷ് ഖൻജോദ് എന്നീ കലാ വിദ്യാർഥികളുടെ പ്രദർശനം കാണുന്ന സോംനാഥ്.

ഫാസിസ്റ്റ് വിരുദ്ധ ഡോക്യുമെന്ററികള്‍ എന്ന നിലയില്‍ ഏതെങ്കിലും ഡോക്യുമെന്ററികളെ കുറിച്ച് സംസാരിക്കാന്‍ തോന്നുന്നുണ്ടോ?

ഇന്ത്യയിലെ ഡോക്യുമെന്ററികള്‍ വളരെ പരിഷ്‌കൃതമായ രീതിയിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ആനന്ദ് പട്വര്‍ധനെ പോലുള്ളവരുടെ ഡോക്യുമെന്ററികള്‍ ആ രീതിയില്‍ വളരെ നേരിട്ടാണ് ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നത്. ഡോക്യുമെന്ററി പ്രാക്റ്റീസ് വളരെ ഉപരിവര്‍ഗ, സവര്‍ണ രീതികളിലാണ് നടക്കുന്നത്. അവര്‍ സ്വന്തം ലൊക്കേഷനെ കുറിച്ച് പൂര്‍ണമായും നിശബ്ദത പാലിച്ചുകൊണ്ട് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുന്നു. സ്വന്തം സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ച് അവരൊട്ടും സംസാരിക്കുകയില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ എന്തു സംഭവിച്ചു എന്നതിനെ കുറിച്ചറിയാന്‍ ആനന്ദ് പട്വര്‍ധന്‍ന്റെ ഡോക്യുമെന്ററികള്‍ സഹായിക്കും. ആനന്ദ് ഒരു ഇടതുപക്ഷ അനുഭാവിയായ ബ്രാഹ്മണന്‍ ആണ്. ദലിതരെക്കുറിച്ച് സംവിധാനം ചെയ്ത ‘ജയ് ഭീം കോമ്രേഡ്’ വളരെ സങ്കീര്‍ണമാണ്. കാരണം മഹാരാഷ്ട്രയില്‍ ആരും തമ്മില്‍ ‘ജയ്ഭീം കോമ്രേഡ്!’ എന്ന് അഭിസംബോധന ചെയ്യാറില്ല. ഇതും ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ബ്ലാക്ക് അമേരിക്കന്‍ ഫിലിം മേക്കര്‍ അവാ ഡുവര്‍ണേയുടെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. അവര്‍ ‘ഒറിജിന്‍’ എന്നൊരു ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ഇരുപത് മിനിറ്റ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചും ഡോ. ബി.ആര്‍ അംബേദ്കറെ കുറിച്ചുമാണ് സംസാരിക്കുന്നത്. സൂരജ് യെങ്ഗ്‌ഡേയും അതില്‍ സംസാരിക്കുന്നുണ്ട്. അംബേദ്കറുടെ മഹാപരിനിര്‍വാണ്‍ ദിവസമായ ഡിസംബര്‍ ആറിന് ലണ്ടനില്‍ വെച്ച് നടന്ന പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു. ഫിക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്ന രഞ്ജിത്തും മാരിയും മഞ്ജുളെയുമുണ്ട്. പക്ഷേ, ഡോക്യുമെന്ററിയില്‍ നേരിട്ട് ജാതിയെ കുറിച്ച് സംസാരിക്കുന്നവര്‍ കുറവാണ്.

ബുദ്ധൻ, യശ്വന്ത് പെയ്ന്ററുടെ ചിത്രം.

“നിലവില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ ഞാന്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. ഞാനൊരു യൂണിവേഴ്‌സിറ്റി സ്‌പേസില്‍ ഗവേഷണം ചെയ്യുകയാണ്. ക്യാംപസുകളില്‍ അംബേദ്കറൈറ്റ് മുന്നേറ്റങ്ങള്‍ വളരെ സജീവമാണ്. ജെഎന്‍യുവിലെയും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെയും തെരഞ്ഞെടുപ്പുകള്‍ ഞാന്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഡയാസ്‌പോറയില്‍ എന്തു സംഭവിക്കുന്നു എന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്, ജാതി എങ്ങനെ യാത്ര ചെയ്യുന്നു എന്നതിനെക്കുറിച്ച്.

ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ജാതി എന്താണ് എന്നത് മറച്ചുപിടിക്കുകയില്ല. എന്റെ കമ്മ്യൂണിറ്റിയിലെ മറ്റാരെങ്കിലും അവരുടെ ജാതി സ്വത്വം മറച്ചുപിടിക്കുന്നതിന് ഞാനെതിരാണ് എന്നല്ല. പക്ഷേ, ഞാനൊരിക്കലും എന്റെ സ്വത്വം മറച്ചുപിടിക്കുകയില്ല”, ഡോക്യുമെന്ററി സ്ക്രീനിങ്ങിനെ തുടർന്നുണ്ടായ ചർച്ചയിൽ സോംനാഥ് വാഗ്മാരെ പറഞ്ഞു.

ഫീച്ചേർഡ് ഇമേജ്: ബിനാലെയിൽ പ്രദർശിപ്പിച്ച നാല് ഡോക്യുമെന്ററികളുടെ പോസ്റ്റർ. അഭിമുഖത്തിൽ ഉപയോഗിച്ച ഫോട്ടോകൾ സോംനാഥ് വാഗ്മാരെയുടെ ശേഖരത്തിൽ നിന്നുള്ളതാണ്.

Also Read