ഒരു മാസം മുൻപ് ഫോൺ വിളിച്ചപ്പോൾ തൃശൂരിലെ ഒരു ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശശിയേട്ടൻ സംസാരിച്ചത്. ബാംഗ്ലൂരിൽ നിന്ന് ചികിത്സയ്ക്കായി എത്തിയതാണ്. അടുത്താഴ്ച കോഴിക്കോട്ടേക്ക് വരുന്നുണ്ട്, നേരിൽ കാണാം, വിശദമായി പറയാനുണ്ടെന്ന് പറഞ്ഞ് നിർത്തിയതാണ് ആ സംസാരം. കോഴിക്കോട് എത്തിയപ്പോൾ കാണാൻ കഴിഞ്ഞില്ല. അസുഖം അൽപം കൂടുതലാണ്, പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നറിഞ്ഞ് വിളിച്ചപ്പോൾ ആ ഫോൺ അനന്തമായി റിങ്ങ് ചെയ്യുക മാത്രമായിരുന്നു… കോവിഡ് കാലത്തും അതിനുശേഷം ഫോണിലായിരുന്നു കൂടുതൽ സംസാരം. ആ ഫോൺ ശബ്ദം നിലച്ചുപോയിരിക്കുന്നു.
മലയാളി ആയിരിക്കെ ഒരു പാൻ ഇന്ത്യൻ മുഴുനീള രാഷ്ട്രീയജീവി, ക്യാമറ ആയുധമാക്കിയ ആക്ടിവിസ്റ്റ്- അതൊക്കെയായിരുന്നു കെ.പി ശശി എന്ന ഏവരുടെയും ശശിയേട്ടൻ. ബുദ്ധിജീവി ഭാഷയിൽ ചിലപ്പോൾ ജൈവബുദ്ധിജീവി എന്നൊക്കെ വിളിക്കാവുന്ന റെയർ സ്പീഷ്യസ്. പരിസ്ഥിതി, കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയം, ലിംഗസമത്വം അടക്കം സകല വിഷയങ്ങളിലും ആഴത്തിൽ ഇടപെടുന്ന വ്യക്തി. അതിനേക്കാൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യംവെച്ച് സംഘപരിവാറിനെതിരെ ധീരമാർന്ന ഇടപെടൽ നടത്തുന്ന സദാ ജാഗ്രത്തായ ശശിയേട്ടനെ ആയിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്. ഭരണകൂട ഭീഷണിക്ക് മുന്നിൽ പലരും നിശബ്ദരായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തും അത്തരം രാഷ്ട്രീയ ഇടപെടലിന് അവധി കൊടുത്തിരുന്നില്ല ആ മനുഷ്യൻ. തന്റെ ഡോക്യുമെന്ററിയിലൂടെയും എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും പലതരം സോഷ്യൽ മീഡിയാ കാമ്പയിനിലൂടെയും അവസാന സമയം വരെയും ശശിയേട്ടൻ പോരാടിക്കൊണ്ടിരുന്നു. കുറേക്കാലമായി അതാത് സമയത്തെ ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളോട് വിട്ടുവീഴ്ചയില്ലാതെ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതികരണങ്ങൾ ശക്തമായിരുന്നു. ഒരു സുപ്രഭാതത്തിൽ ശശിയേട്ടന്റെ എഫ്.ബി അക്കൗണ്ട് നഷ്ടപ്പെട്ടപ്പോൾ നിരവധി പേരെ ടാഗ് ചെയ്തുകൊണ്ട് ശശിയേട്ടന്റേതായി വന്ന അത്രയും കാമ്പുള്ള കണ്ടന്റുകൾ പൂർണമായും ഇല്ലാതെയായി. അതിന്റെ വേദന പങ്കുവെച്ച് ഒരുപാട് നേരം സംസാരിച്ചിരുന്നു. തന്റെ ജീവിതകാലത്തെ മുഴുവൻ ഷൂട്ടിംഗ് ഡോക്യുമെന്റുകളും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടുപോയി, പിന്നീട് മരണത്തിന് കീഴടങ്ങിയ മറ്റൊരു ആക്ടിവിസ്റ്റ് സതീഷേട്ടനെയായിരുന്നു (കെ സതീഷ്) അപ്പോൾ ഞാനോർത്തത്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും എണ്ണമറ്റ ജനകീയ സമരങ്ങളുടെ വേദികളിൽ കയറിയിറങ്ങി അത് അടയാളപ്പെടുത്താൻ ഉത്സാഹിച്ചയാൾ. തോറ്റ സമരപ്പന്തലുകളിൽ പലരുടെയും സമാശ്വാസ സാന്നിധ്യമായി നിലയുറപ്പിച്ച് എതിരാളികളോടുപോലും ജനാധിപത്യത്തിന്റെ ഭാഷയിൽ സൗമ്യതയോടെ ഇടപെട്ടു.
കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന ശശിയേട്ടനെക്കുറിച്ച് പലപ്പോഴും ആക്ടിവിസ്റ്റുകളുടെ സംസാരത്തിൽ കേട്ട് പരിചയം മാത്രമേ പിൽക്കാല തലമുറയിലെ പ്രതിനിധിയെന്ന നിലയിൽ എനിക്കുണ്ടായിരുന്നുള്ളൂ. വിബ്ജിയോർ പോലുള്ള ചില സമാന്തര ചലച്ചിത്രവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ദൂരെനിന്ന് കണ്ടിട്ടുമുണ്ട്. കെ ദാമോദരൻ എന്ന വലിയ നേതാവിന്റെ മകൻ എന്ന പരിവേഷവും കൂടിയുള്ളതിനാൽ ആരാധനാഭാവത്തിൽ മാറിനിന്നു. പക്ഷെ അടുത്തിടപഴകിയപ്പോഴാണ് കുട്ടികളുടെ നിഷ്‌കളങ്കതയോടെ ഏത് സാധാരണ മനുഷ്യരോടും അവരുടേതായ തനിമയിൽ ഇടപെടാൻ കഴിയുന്ന ആ പച്ചമനുഷ്യനെ തിരിച്ചറിയാൻ തുടങ്ങിയത്.
ദേശീയ രാഷ്ട്രീയത്തിൽ 2002ലെ ഗുജറാത്ത് വംശഹത്യാപരീക്ഷണം വലിയ ചർച്ചയാകുകയും 2008ൽ ഒഡീഷയിലുണ്ടായ മറ്റൊരു വംശഹത്യ അത്ര ചർച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സമയത്താണ് തൃശൂരിലെ വിബ്ജിയോർ ചലച്ചിത്രോത്സവത്തിന്റെ ഒരു എഡിഷനിൽ കന്ധമാലിൽ സംഘപരിവാർ പ്രവർത്തകർ ക്രിസ്ത്യൻ പള്ളികൾ അടിച്ചുതകർക്കുന്നതിന്റെ ചില ദൃശ്യങ്ങൾ ഞാൻ കാണാനിടയായത്. തൃശൂരിൽ അത്തവണ നടന്ന വിബ്ജിയോർ ഫെസ്റ്റിവലിൽ ഒഡീഷയിൽ നിന്നുള്ള ചില ഇരകളും എത്തിയിരുന്നു. അന്ന് ആ ഫെസ്റ്റിന്റെ നേതൃത്വവും ശശിയേട്ടനായിരുന്നു എന്നാണ് ഓർമ്മ. ആയിടെ ശശിയേട്ടൻ മുഴുവൻ സമയവും കന്ധമാൽ വിഷയത്തിലായിരുന്നു.
കന്ധമാൽ വിഷയത്തിൽ ഡോക്യുമെന്ററി ചെയ്യാൻ മുന്നേ വിടപറഞ്ഞ ഡോക്യുമെന്ററിമെയ്ക്കർ ശരത്ചന്ദ്രനോടൊപ്പം മലകയറിപ്പോയ മനുഷ്യൻ അത് മറന്ന് അവിടെ പൂർണ്ണസമയ ആക്ടിവിസ്റ്റായി മാറിപ്പോയതാണ് യഥാർത്ഥ കഥ. ഇത് ശശിയേട്ടന്റെ സ്ഥിരം സ്വഭാവമായിരുന്നു. ഇരകളിലേക്ക് ക്യാമറ ചലിപ്പിക്കുന്നതിനിടയിൽ അവരുടെ ജീവിതത്തിലേക്ക് മുഴുകി, അവരിലൊരാളായി മാറിപ്പോകുന്ന പ്രകൃതം. ആർട്ടിസ്റ്റിന്റെയും ആക്ടിവിസ്റ്റിന്റെയും അതിർവരമ്പുകൾ എവിടെയാണെന്ന് പലപ്പോഴും ശശിയേട്ടന്റെ കാര്യത്തിൽ വേർതിരിച്ചെടുക്കാൻ കഴിയില്ലായിരുന്നു. അവിടെയെത്തിയപ്പോൾ ഇരകളായ സാധാരണ മനുഷ്യർക്ക് സിനിമകൾ കാണിച്ചുകൊടുക്കുകയും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ പരിശീലനക്കളരികൾ ഒരുക്കുകയും ചെയ്തു ശശിയേട്ടൻ. ആദ്യം വർഗീയ വിരുദ്ധ സിനിമയായിരുന്നു പ്രദർശിപ്പിച്ചത്. ഡോക്യുമെന്ററി ആക്ടവിസ്റ്റുകളായ നിരവധി പേരെ (മേഖനാഥ്, ദേബരഞ്ജൻ സാരംഗി, പ്രഫുല്ല സാമന്തറായ്, ധീരേന്ദ്രപാണ്ടെ) അവിടേക്ക് ക്ഷണിച്ചു. ദിവസങ്ങൾ നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് അവിടെയുള്ളവർ ശക്തിസംഭരിച്ച് കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായതെന്നും അത്തരം ഇടപെടലുകളായിരുന്നു മാസങ്ങളോളം നടത്തിയതെന്നും ശശിയേട്ടൻ പറഞ്ഞതോർക്കുന്നു.
കന്ധമാൽ വിഷയം ദേശീയ-അന്തർദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ദില്ലിയിലും മറ്റും പല പരിപാടികളും സംഘടിപ്പിക്കുന്നതിനിടയിൽ അദ്ദേഹം ഷൂട്ട് ചെയ്ത 130 മണിക്കൂർ ദൈർഘ്യമുള്ള റഷസ് സിനിമയായി പിറവിയെടുക്കാതെ അനാഥമായി കിടന്നു. ഒപ്പം സാമ്പത്തികപരാധീനതകളും ഡോക്യുമെന്ററി പൂർത്തീകരിക്കുന്നതിന് തടസ്സമായി. ഒടുക്കം 130 മണിക്കൂർ റഷസിൽനിന്ന് ഒരു മണിക്കൂർ ഡോക്യുമെന്ററിയായി എഡിറ്റ് ചെയ്തു കഴിയുമ്പോഴേക്കും ആറ് വർഷം പിന്നിട്ടിരുന്നു. ‘Voices From the Ruins – Kandhamal In Search of Justice’ എന്ന ഡോക്യുമെന്ററി വർഷങ്ങളായി സംഘപരിവാർ ഒഡീഷയിലെ ക്രിസ്ത്യാനികൾക്കെതിരെ നടപ്പാക്കിവരുന്ന പദ്ധതികളുടെ ആർക്കുമറിയാത്ത വിവരങ്ങളായിരുന്നു ചിത്രീകരിച്ചത്.
2016 ജൂലായിൽ ഈ ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം നിർവഹിക്കുന്നതിന് മുൻപ് ശശിയേട്ടനുമായി അതിദീർഘമായി സംസാരിച്ചതിൽനിന്നാണ് ഇത്രയും വിവരങ്ങൾ എനിക്കറിയാൻ കഴിഞ്ഞത്. തൃശൂരിൽ ശശിയേട്ടൻ സ്ഥിരമായി തങ്ങിയിരുന്ന ബുദ്ധ ലോഡ്ജിൽ രണ്ടുദിവസത്തോളം ചെലവഴിച്ചാണ് ആ അഭിമുഖം പൂർത്തിയാക്കിയത്. പാതിരാത്രിയിൽപോലും സംസാരിച്ചുകൊണ്ടിരിക്കെ പല സംഭവത്തിന്റെയും വ്യക്തതയ്ക്കായി ഒഡീഷയിലെ സുഹൃത്തുക്കളെ വിളിച്ച് ഫോൺ എനിക്ക് കൈമാറുകയായിരുന്നു. ‘ഒഡീഷയയിൽ എതിരേറ്റത്ത് കത്തിക്കരിഞ്ഞ കാഴ്ചകൾ’ എന്നായിരുന്നു ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആ ദീർഘമായ അഭിമുഖത്തിന്റെ ടൈറ്റിൽ. അതിന്റെ ഇംഗ്ലീഷ് പരിഭാഷ പിന്നീട് countercurrents.org പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയിൽ സംഘപരിവാറിന്റെ ആദ്യത്തെ വംശഹത്യാ പരീക്ഷണം തുടങ്ങിയത് ഗുജറാത്തിലായിരുന്നില്ലെന്നും ഒഡീഷയിലാണെന്നും അത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും വേണ്ടത്ര തിരിച്ചറിഞ്ഞില്ല എന്നുമായിരുന്നു ശശിയേട്ടന്റെ നിരീക്ഷണം. 2008ന് മുന്നേ 1999ൽ ഗ്രഹാം സ്റ്റെയിൻ എന്ന പാതിരിയെയും കുട്ടികളെും ഒഡീഷയിൽ ജീപ്പിലിട്ട് ചുട്ടുകൊന്നതെല്ലാം ഇതിന്റെ മുന്നൊരുക്കമായിരുന്നു എന്നും ശശിയേട്ടൻ വ്യക്തമാക്കുന്നു. ഗുജറാത്തിൽ അടിത്തട്ടിലും ആദിവാസിമേഖലകളിലും ഇടപെടാൻ അസീമാനന്ദ എന്ന സ്വാമിയെ ആർ.എസ്.എസ് ഉപയോഗിച്ചപ്പോൾ ഒഡീഷയിൽ ലക്ഷ്മണാനന്ദ എന്ന സ്വാമിയെയാണ് നിയോഗിച്ചത്. ഗുജറാത്തിൽ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാൻ കാരണമായത് ഇന്നും ദുരൂഹമായി കിടക്കുന്ന ഗോധ്ര സംഭവമാണെങ്കിൽ ഒഡീഷയിൽ ലക്ഷ്മണാനന്ദയുടെ ദുരൂഹമായ കൊലപാതകമായിരുന്നു ക്രിസ്ത്യാനികൾക്കെതിരായ കലാപത്തിന് കാരണമായത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനയിലേക്ക് ശശിയേട്ടൻ വിരൽ ചൂണ്ടുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേ തങ്ങളുടെ അടിത്തറ ഒരുക്കുന്നതിന് സംഘപരിവാർ അവിടെ ചെയ്തുകൂട്ടിയ നടപടിക്രമങ്ങളുടെ ഒടുവിലത്തെതായിരുന്നു 2008ലെ കലാപം. അന്ന് 38 പേർ കൊല്ലപ്പെട്ടിരുന്നു. 305ലധികം ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു. 2007ൽ ക്രിസ്തുമസ് ദിനത്തിൽ സംഘപരിവാർ നടത്തിയ ഹെയ്റ്റ് ക്യാമ്പയിനാണ് അവിടെ സ്ഥിതിഗതികൾ വഷളാക്കിയതെന്ന് ഡോക്യുമെന്ററി വിലയിരുത്തുമ്പോൾ മറ്റൊരു ക്രിസ്തുമസ് ദിനത്തിൽ, 2022ൽ അതിന്റെ സംവിധായകൻ ലോകത്തോട് വിടപറയുന്നു. ഒപ്പം ഉത്തരേന്ത്യയിൽ ക്രിസ്തുമസ് നാളിൽ പള്ളികളിൽ കാവിക്കൊടി കെട്ടുന്ന വാർത്തകൾക്ക് പഞ്ഞവുമില്ല, കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ സംഘപരിവാറുമായി അവിശുദ്ധ ധാരണകൾ ഒരുക്കുമ്പോഴും.
രാഷ്ട്രീയം ശ്വസിച്ചും ഭക്ഷിച്ചും കഴിച്ചുകൂട്ടിയ ആൾ മരിക്കുമ്പോഴും താനുയർത്തിയ രാഷ്ട്രീയപോരാട്ടത്തിലൂടെ ആ മനുഷ്യൻ ഓരോ നിമിഷവും ഓർക്കപ്പെടുകയാണ്. സംഘപരിവാർ ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോഴൊക്കെയും ശശിയേട്ടന്റെ ഓർമ്മകളെ പ്രതിരോധത്തിന്റെ കരുത്താക്കി മാറ്റേണ്ടിവരും. കാരണം അവസാനവേളയിൽപോലും വ്യക്തിപരമായ ഓർമകൾ ആർക്കൈവ് ചെയ്യുന്നതിന് പകരം ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ നിരന്തര സമരത്തെക്കുറിച്ച് മാത്രമായിരുന്നു ആ മനുഷ്യൻ സംസാരിച്ചുകൊണ്ടേയിരുന്നത്.
കന്ധമാൽ ചെയ്യുന്നതിനിടിയിൽ തുടങ്ങിയ മറ്റൊരു ഡോക്യുമെന്ററിയായിരുന്നു കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ഉൾപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന മനുഷ്യരുടെ വിഷയത്തെ മുൻനിർത്തി മഅദനിയുടെ ജീവിതം പ്രതിപാദിക്കുന്ന ‘ഫാബ്രിക്കേറ്റഡ്’. അക്കാലത്ത് മഅദിനെക്കെതിരായ ‘തീവ്രവാദി ബ്രാന്റ്’ നിലനിൽക്കെതന്നെ കേസുകളുടെ പിന്നിലെ രാഷ്ട്രീയം ഉൾക്കൊണ്ട് ധീരമായി ആ ഡോക്യുമെന്ററി ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു ശശിയേട്ടൻ. മഅദനി വിരുദ്ധമായ അന്നത്തെ പൊതുബോധം ഒരുപരിധിവരെ ഇല്ലാതാക്കാൻ ഈ ഡോക്യുമെന്ററി ഉപകരിക്കപ്പെട്ടിരുന്നു. മഅദനിക്കുശേഷം ഇത്തരത്തിൽ ബുദ്ധിജീവികളും എഴുത്തുകാരും അടക്കം എത്രയോ പേരെ കെട്ടിച്ചമച്ച കേസുകളിൽ ജയിലിലടക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ ഈ ഡോക്യുമെന്ററിയുടെ പ്രാധാന്യവും അനുദിനം വർധിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷവിഭാഗങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ ഒരുപരിധിവരെ ആർക്കൈവ് ചെയ്യുകയായിരുന്നു മുകളിൽ പറഞ്ഞ രണ്ട് ഡോക്യുമെന്ററികളിലൂടെയും കെ.പി ശശി.
ഡോക്യുമെന്ററി മെയ്ക്കർ എന്ന ശശിയേട്ടനിലെ പ്രോ ആക്ടിവ് മാധ്യമപ്രവർത്തന സ്വഭാവവും വസ്തുതകൾ തേടിയുള്ള നിരന്തര യാത്രയും എന്നെപ്പോലുള്ള പല മാധ്യമപ്രവർത്തകരെയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. വിഷയം എത്ര തീവ്രവും കലുഷിതവുമാണെങ്കിലും പലരും മടിച്ചുനിൽക്കുമ്പോൾ അതിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ധൈര്യമായിരുന്നു, പിന്തുണയായിരുന്നു എന്നും കെ.പി ശശി. ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെടുത്തി കർണാടക അഗ്രഹാര ജയിലിൽ മഅദനി കിടക്കുമ്പോഴെല്ലാം ശശിയേട്ടന്റെ ഫോൺ സംഭാഷണത്തിൽ ആ നീതിനിഷേധം തന്നെയായിരുന്നു എപ്പോഴു വിഷയമാകാറുണ്ടായിരുന്നത്. അതിനിടയിലാണ് മഅദനിയെ അഭിമുഖം ചെയ്യാനായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്ചപ്പതിപ്പ് തയ്യാറാകുന്നത്. ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്ററും ശശിയേട്ടന്റെ സുഹൃത്തുമായ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുൻകൈ എടുത്ത് സഹപ്രവർത്തകനായ വി.കെ സുരേഷിനെ കർണ്ണാടക ജയിലിലേക്ക അയച്ച് മഅദനിയെ അഭിമുഖം ചെയ്യുന്നതിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് കെ.പി ശശിയായിരുന്നു.
അതിനെത്തുടർന്ന് ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ മഅദനി നേരിടുന്ന നീതിനിഷേധത്തിനെതിരെ പാർലിമെന്റിൽ ശബ്ദിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ശുഭസൂചനയായി ശശിയേട്ടൻ വിലിയിരുത്തിയതും ഓർക്കുന്നു. ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററിൽ, ന്യൂനപക്ഷ രാഷ്ട്രീയത്തിൽ നിന്നുള്ള പ്രതികരണങ്ങൾക്കൊപ്പം തന്നെ കെ.എൻ പണിക്കർ, കെ.ഇ.എൻ തുടങ്ങിയ ഇടതു ബുദ്ധിജീവികളെയും സംവിധായകൻ കമലിനെ പോലെയുള്ള ഇടത് സാംസ്കാരിക പ്രവർത്തകരെയുമെല്ലാം പങ്കുചേർക്കാൻ കഴിഞ്ഞത് ശശിയേട്ടന്റെ മാത്രം സാധ്യതയായിരുന്നു. ചലച്ചിത്ര പ്രവർത്തകനും എഡിറ്ററും ശശിയേട്ടന്റെ സുഹൃത്തുമായ ബി അജിത്കുമാർ ആയിരുന്നു ഫാബ്രിക്കേറ്റഡ് എഡിറ്റ് ചെയ്തത്.
ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ കെട്ടിച്ചമച്ച തെളിവിന്റെ ബലത്തിൽ കർണ്ണാടക അഗ്രഹാര ജയിലിൽ അടക്കപ്പെട്ട യുവാക്കളായ രണ്ടുപേരുടെയും (സക്കരിയ, ഷമീർ) അഭിമുഖവും അവരുടെ മുഴുവൻ ജീവിതവും പകർത്തിയ മറ്റൊരു കവർസ്റ്റോറി മഅദനി അഭിമുഖത്തിന്റെ തുടർച്ചയായി ഞാൻ ചെയ്തപ്പോഴും ശശിയേട്ടൻ അതിന് വലിയ പ്രചാരം കൊടുക്കുകയുണ്ടായി. ഇതേപോലെ കണ്ണൂർ തളിപ്പറമ്പിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകൽ വയലിൽവച്ച് വെട്ടിക്കൊന്ന കേസിൽ സി.പി.എം പ്രതിസ്ഥാനത്തുനിൽക്കെ മാധ്യമപ്രവർത്തകർ പലരും സംഭവസ്ഥലത്തേക്ക് പോയി റിപ്പോർട്ടിങ്ങ് നടത്താതെയാണ് വാർത്തകൾ കൊടുത്തിരുന്നത്. അവിടേക്ക് പോയി അതിന് ദൃസാക്ഷികളായവരെയും അന്ന് രക്ഷപ്പെട്ടവരെയും കണ്ട് സംസാരിച്ചുവന്ന ഞാൻ അത് എഴുതാനാകാതെ സ്തംഭിച്ചുനിന്നുപോയി. അന്ന് ശിഹാബുദ്ദീനാണ് ശശിയേട്ടനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. ശശിയേട്ടനുമായി ഏറെനേരം സംസാരിച്ചശേഷമാണ് അത്രയും ഭീതിതമായ അനുഭവം എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിഞ്ഞത്. അത്തരം കേസുകളുടെ ഒരു വിഷ്വൽ ഡോക്യുമെന്റേഷൻ നമുക്ക് ചെയ്യണമെന്നും നാട്ടിലെത്തുമ്പോൾ സംസാരിക്കാമെന്നും അന്നു പറഞ്ഞതോർക്കുന്നു.
ഡോക്യുമെന്ററി ചിത്രീകരണവും അതിന്റെ എഡിറ്റിങ്ങുമൊക്കെയായി ശശിയേട്ടൻ കേരളത്തിൽതന്നെ ഉണ്ടായിരുന്ന വേളയിലാണ് ഇന്ന് വാർത്തകളിൽ നിറയുന്ന വിഴിഞ്ഞം തുറമുഖ വിഷയം അദ്ദേഹം ഒരു ക്യാമ്പയിനായി ഏറ്റെടുക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുന്നേ, ആക്ടിവിസ്റ്റുകൾ ആ വിഷയം ഏറ്റെടുക്കുന്നതിന് മുന്ന് ഇത് മറ്റൊരു സൈലന്റ് വാലിയായി മാറും എന്ന് ശശിയേട്ടൻ ഉറപ്പിച്ചുപറഞ്ഞിരുന്നു. 1980കൾ മുതൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സമരങ്ങളുമായും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം പോലെയുള്ള സംഘടനകളുമായും ശശിയേട്ടനുള്ള ബന്ധമാണ് ഈ തിരിച്ചറിവ് അദ്ദേഹത്തിന് നൽകിയത്. അതുകൊണ്ടുതന്നെ ആ വിഷയത്തിന് അതിഗൗരവം കൊടുത്തിരുന്ന ശശിയേട്ടൻ അന്ന് തൃശൂർ സാഹിത്യ അക്കാദമയിൽ വച്ച് കേരളീയം ബിജു എസ് ബാലൻ അനുസ്മരണം നടക്കവെ വേദിയിൽ വിഴിഞ്ഞം ചർച്ച ചെയ്യപ്പെടണമെന്ന് നിർബന്ധം പിടിച്ചു. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പരിപാടിയിൽ പ്രമേയം പാസാക്കണമെന്ന് വാശി പിടിക്കുകയും അത് എന്നെക്കൊണ്ട് എഴുതിപ്പിക്കുകയുമുണ്ടായി അന്ന്. ചിലപ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ആദ്യ പ്രമേയവും ശശിയേട്ടന്റേതാകാം. നേരത്തെതന്നെ മത്സ്യത്തൊഴിലാളി വിഷയത്തിൽ ‘We Who Make History’ എന്ന ഡോക്യുമെന്ററി ചെയ്ത ശശിയേട്ടന് വലിയ അടിച്ചമർത്തലിലേക്ക് പിന്നീട് വഴിമാറിയ വിഴിഞ്ഞം പദ്ധതി ഉയർത്താനിടയുള്ള രാഷ്ട്രീയ പാരിസ്ഥിതക ആഘാതം എന്തായിരിക്കുമെന്ന് വ്യക്തമായിരുന്നു. പിന്നീട് നിരന്തരമായി വിഴിഞ്ഞം പദ്ധതിക്കെതിരായ ക്യാമ്പയിൻ അദ്ദേഹം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ആ പദ്ധതിക്കെതിരെ എഴുതി. ശശിയേട്ടൻ വർഷങ്ങൾക്ക് മുമ്പ് സൂചിപ്പിച്ച ആശങ്കകളാണ് ഇന്ന് സമരത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെടുന്നതും.
കോർപ്പറേറ്റ് വികസനത്തിന്റെയും ഭരണകൂടവാഴ്ചയുടെയും ആധുനിക കാലഘട്ടത്തിൽ മനുഷ്യനും മനുഷ്യനും തമ്മിലും അവന്റെ ചുറ്റുപാടും തമ്മിലും ഉടലെടുക്കുന്ന നൂറുകണക്കിന് സംഘർഷങ്ങളിൽ പോരാടുന്ന മനുഷ്യർക്കൊപ്പം നിന്ന് കൊണ്ട് നീതിക്കുവേണ്ടി അലയുന്ന യഥാർത്ഥ കലാകാരന്റെ ശബ്ദമാണ് നിലച്ചത്. രാഷ്ട്രീയ ആകുലതകളും സന്ദേഹങ്ങളും ഏത് നേരത്തും ഫോണിലൂടെ മണിക്കൂറുകളോളം സംവദിക്കാൻ ഇനി അങ്ങേത്തലക്കൽ ശശിയേട്ടൻ എന്ന മനുഷ്യൻ ഉണ്ടാകില്ല.