എന്റെ സുഹൃത്ത് ഖാദർ

ഇന്ത്യ-പാക് വിഭജന കാലത്ത് ഏത് രാജ്യത്തിനൊപ്പം നിൽക്കണമെന്ന ചോദ്യമുയർന്നപ്പോൾ സൈന്യത്തിലെ ആത്മസുഹൃത്തും സഹപ്രവർത്തകനുമായ ഖാദർ എടുത്ത നിലപാടിനെക്കുറിച്ചാണ് കുഞ്ചു. എൻ (കുഞ്ചു നമ്പ്രാത്തിൽ) ഈ ലേഖനത്തിൽ പറയുന്നത്. കോവിലൻ (എ മൈനസ് ബി), നന്തനാർ (ആത്മാവിന്റെ നോവുകൾ), പാറപ്പുറത്ത് (നിണമണിഞ്ഞ കാൽപ്പാടുകൾ), ഏകലവ്യൻ (റെജിമെന്റ്) എന്നീ പട്ടാള നോവലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് കുഞ്ചുവാണ്. 25 വർഷം സൈനികനായി പ്രവർത്തിച്ചു. സൈനിക് സമാചാർ മാസിക സബ് എഡിറ്റർ, കാരവൻ സീനിയർ സബ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.

എന്‍ കുഞ്ചു പരിഭാഷപ്പെടുത്തിയ കോവിലൻ, നന്തനാർ‍, പാറപ്പുറത്ത് എന്നിവരുടെ നോവലുകൾ.

തൃശൂർ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ‘കന്റോൺമെന്റ് കഥകൾ’ (എഡി: ഹരി അരയമ്മാക്കൂൽ) എന്ന പുസ്തകത്തിലെ കുഞ്ചു നമ്പ്രാത്തിലിന്റെ ലേഖനം പ്രസാധകരുടെ പ്രത്യേക അനുമതിയോടെ പുനഃപ്രസിദ്ധീകരിക്കുന്നു.

എന്റെ സുഹൃത്ത് ഖാദർ

ഞങ്ങൾ, അബ്ദുൽ ഖാദറും ഞാനും, 1947 ജൂണിലാണ് പട്ടാളത്തിൽ ചേരുന്നത്. പതിനേഴു വയസ്സ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞകാലം. മദിരാശി പട്ടണത്തിന്റെ തിരക്കേറിയ കവലയിലൂടെ ഞങ്ങൾ രണ്ടു പേരും ജോലിതേടി നടക്കുകയായിരുന്നു. കത്തിനിന്ന സൂര്യന് താഴെ, ഉരുകിയൊലിക്കുന്ന ടാറിന് മുകളിലൂടെ നഗ്നപാദരായി മുണ്ടും ചുറ്റി കടന്നുചെന്ന ഞങ്ങളെ പ്രതീക്ഷിച്ചതുപോലെ, ഓഫീസുകളെല്ലാം സഹതാപപൂർവ്വം തിരിച്ചയച്ചു. അവർക്കെല്ലാവർക്കും, പ്രവൃത്തി പരിചയമുള്ള, മാന്യമായ വേഷം ധരിച്ച, നല്ല പേഴ്സണാലിറ്റി ഉള്ള ജീവനക്കാരെ വേണം. ആദ്യമായി ജോലി അന്വേഷിച്ച് ചെല്ലുന്ന ഞങ്ങൾക്ക് എന്ത് പ്രവൃത്തിപരിചയം! മെലിഞ്ഞുണങ്ങിയ, തനിനാടൻ വേഷധാരികളായ ഞങ്ങളുടെ പേഴ്സണാലിറ്റിയെ പറ്റി പറയേണ്ടതുമില്ലല്ലോ! അങ്ങിനെ നഗരത്തിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോഴാണ് റിക്രൂട്ട്മെന്റ് ഓഫീസ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. കാരണം മനസ്സിലുള്ള പട്ടാളക്കാരന്റെ രൂപവും ഞങ്ങളുടെ അന്നത്തെ ശരീരപ്രകൃതവും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. “എന്തായാലും ഒരു ശ്രമം നടത്തുന്നതിൽ തെറ്റൊന്നുമില്ലല്ലോ?” ഖാദർ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി വസ്ത്രം ഉരിഞ്ഞു നിൽക്കുന്ന തൊഴിലന്വേഷകരെക്കൊണ്ട് റിക്രൂട്ടിംഗ് ഓഫീസ് നിറഞ്ഞൊഴുകുന്നു. ഇന്റർവ്യൂ, എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, മെഡിക്കൽ ടെസ്റ്റ്; ആകെ ബഹളമയം. ഓർഡറുകൾ വിളിച്ചു പറയുന്ന, ഉദ്യോഗാർത്ഥികളെ ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്ക് നയിക്കുന്ന യൂണിഫോമിലുള്ള പട്ടാളക്കാർ. ആകെ ഒരു പന്തികേട്. മുമ്പിലുള്ള കരുത്തരുമായി തുലനം ചെയ്തപ്പോൾ ഞങ്ങളുടെ ശരീരത്തോട് ഞങ്ങൾക്കുതന്നെ സഹതാപം തോന്നി. നല്ല ആരോഗ്യമുള്ള പലരേയും തിരിച്ചയക്കുന്നു. ചെറിയ പരിഹാസച്ചിരിയുമായി നിൽക്കുന്ന ഒരു സൈനികനെത്തന്നെ ഞങ്ങൾ സമീപിച്ചു. എന്തുകൊണ്ടാണെന്നറിയില്ല, അദ്ദേഹം ഞങ്ങളുടെ വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഞങ്ങൾ നീട്ടിയ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ ഒരു ജാലവിദ്യയിലെന്നപോലെ അദ്ദേഹത്തിന്റെ മുഖത്ത് വന്ന മാറ്റം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അയാൾ ഞങ്ങളെ ഒരു ഓഫീസറുടെ അരികിലേക്ക് കൊണ്ടുപോയി. കുറെ രേഖകൾ പൂരിപ്പിച്ചു കൊടുത്തു. പിന്നെ മെഡിക്കൽ ടെസ്റ്റ്. ഞങ്ങൾ രണ്ടുപേരും ‘അണ്ടർവെയ്റ്റ്’ ആയിരുന്നു. അത് കാര്യമാക്കേണ്ടെന്നും ഭാരം പിന്നീട് കൂടിക്കൊള്ളുമെന്നും മെഡിക്കൽ ഓഫീസർ ആശ്വസിപ്പിച്ചു. അന്നൊക്കെ പട്ടാളത്തിൽ മെട്രിക്കുലേഷൻ ഉള്ളവർ ചേരുന്നത് വളരെ വിരളമായിരുന്നു. അങ്ങിനെ എന്നെയും അബ്ദുൾഖാദറെയും ‘ശിപായി ക്ലാർക്ക്’മാരായി റിക്രൂട്ട് ചെയ്തു.

കുറച്ചു കാശും തന്ന് ഒരു ട്രക്കിൽ കയറ്റി ഞങ്ങളെ മദിരാശി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മിലിട്ടറി സ്പെഷൽ വണ്ടി കിടക്കുന്നുണ്ട്. അത് ഞങ്ങളെയും കൊണ്ട് പഞ്ചാബിലെ ഫിറോസ്പൂരിലേക്ക് പോകും. അവിടെ ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള പട്ടാളക്കാർ ഞങ്ങളെ സ്വീകരിക്കും. ഒരാഴ്ച പല പ്രദേശങ്ങളിലൂടെ ഓടി ട്രെയിൻ അവസാനം ഫിറോസ്പൂരിൽ എത്തിയപ്പോൾ ട്രെയിനിംഗ് സെന്ററിലെ സ്റ്റാഫ് ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. ട്രെയിനിംഗ് സെന്റർ ആർമിയിലെ നേഴ്സറിയാണ്. റിക്രൂട്ട് ചെയ്ത യുവാക്കൾ ‘കുഞ്ഞുങ്ങൾ’ ആയാണ് ഇവിടെയെത്തുക. അവർ ഇരിക്കാനും, നിൽക്കാനും, നടക്കാനും പഠിക്കും; മിലിട്ടറി സ്റ്റൈലിൽ. യൂണിഫോം, മറ്റു സാമഗ്രികൾ, ഓരോ മരപ്പെട്ടി തുടങ്ങിയവയെല്ലാം ഓരോ റിക്രൂട്ടിനും എത്തിയ ഉടനെ കിട്ടും.

അമ്പതോളം പേരുള്ള ബാരക്കിൽ നിരത്തിയിട്ട കട്ടിലുകളിലാണ് ഞങ്ങളുടെ അന്തിയുറക്കം. ഇന്ത്യ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ പ്രതിരൂപമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ആർമിയിൽ നാനാത്വം ഏകത്വത്തിൽ ലയിച്ചു ചേരുകയാണ്. ഇവിടെ റിക്രൂട്ടുകൾ എത്തുക പഞ്ചാബിയും, ബംഗാളിയും, മലയാളിയുമൊക്കെ ആയാണ്. പക്ഷെ, ട്രെയിനിംഗ് സെന്ററിൽ നിന്നും പുറത്ത് വരുമ്പോഴേക്കും ഹിന്ദി പറയുന്ന, ചോറും ചപ്പാത്തിയും ഒരുപോലെ കഴിക്കുന്ന, മുണ്ടും പൈജാമയുമായി ഒരുപോലെ സമരസപ്പെടുന്ന ഒരു ഭാരതീയനായി കഴിഞ്ഞിരിക്കും അവർ. തലയുയർത്തിപ്പിടിച്ച്, കൈകൾ വീശി, ചുവടൊപ്പിച്ച് മാർച്ച് ചെയ്തുവരുന്ന ഒരു ഇന്ത്യക്കാരൻ, നിറത്തിലും, പൊക്കത്തിലും, തടിയിലുമുള്ള വ്യത്യാസമൊന്നും അളന്നുമുറിച്ചുള്ള മാർച്ചിംഗിന്റെ കാലളവിൽ മാറ്റം വരുത്താൻ പാടില്ല. മതവും, ജാതിയും, പ്രാദേശിക ചിന്തകളുമൊന്നും ജ്യാമിതീയമായി നിരയും, വരിയും ശരിയാക്കി നിർത്തേണ്ട ഘട്ടങ്ങളിൽ തടസ്സമാകാൻ പാടുള്ളതല്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ ഞങ്ങൾ ആർമിയിൽ ചേർന്നത് 1947 ജൂണിൽ ആയിരുന്നല്ലോ. രണ്ടു മാസങ്ങൾക്കുള്ളിൽ ഇന്ത്യ സ്വതന്ത്രയായി. വർഷങ്ങൾക്ക് ശേഷം ഞാനിതിനെപ്പറ്റി പൊങ്ങച്ചം പറയുന്നത് കേട്ട് ഒരു സുഹൃത്ത് തമാശയായി പറഞ്ഞു; ബ്രിട്ടീഷുകാർ ഇവിടം വിട്ടുപോയത് നിന്നെപ്പോലുള്ള പട്ടാളക്കാരെയും വെച്ച് നാട് ഭരിക്കാൻ പറ്റാഞ്ഞത് കൊണ്ടായിരിക്കും. പക്ഷെ, സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ഞങ്ങൾ റിക്രൂട്ടുകളെക്കുറിച്ച് രാഷ്ട്രം ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു. ഞങ്ങൾ ഫിറോസ്പൂരിലെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ ഉത്തരേന്ത്യയിലെങ്ങും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഫിറോസ്പൂരിലും ആക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്നുവരെ ആയുധങ്ങളൊന്നും തൊട്ടിട്ടു പോലുമില്ലാത്ത ഞങ്ങൾ ട്രെയിനികൾക്ക് റൈഫിളുകൾ നൽകി സമാധാന സേനയാക്കി നിയോഗിക്കപ്പെട്ടു. തോക്ക് ചുമലിൽ തൂക്കി ഞങ്ങൾ കവലകളിൽ റോന്തു ചുറ്റിയപ്പോൾ ലഹളക്കാർ പേടിച്ചോടി. ഞങ്ങൾ ആർമിയിലെ ആഴ്ചകൾ മാത്രം പ്രായമുള്ള ശിശുക്കൾ ആയിരുന്നെന്ന സത്യം അവർക്കാർക്കും അറിയില്ലായിരുന്നു. അമിത വലിപ്പമുള്ള വട്ടത്തൊപ്പി കൊണ്ട് മറച്ചുവെച്ച മുഖത്ത് രോമം കിളിർത്തു വരുന്നുണ്ടായിരുന്നതേയുള്ളൂ. ഞങ്ങൾക്ക് വെടി വെയ്ക്കുന്നത് പോയിട്ട് റൈഫിളിൽ ഉണ്ട നിറയ്ക്കുന്നത് പോലും അറിയില്ലായിരുന്നു. എന്നിരുന്നാലും നാട്യം ഫലിച്ചു. സൂത്രത്തിൽ കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു.
ചുറ്റും കൊള്ളയും കൊള്ളിവെപ്പുമായിരുന്നു. വീടുകൾ നിരന്നുകത്തി. തെരുവുകളിൽ ശവങ്ങൾ ചിതറിക്കിടന്നു. മനുഷ്യർ മനുഷ്യരെ കൊന്നു. അപരിചിതരെപ്പോലും വെറുതെ വിട്ടില്ല. വർഗീയ ഭ്രാന്തിന്റെ സമയത്ത്, മറ്റെല്ലാ മതിഭ്രമങ്ങൾക്കുമുള്ളതു പോലെതന്നെ യുക്തി അന്യമാവുമല്ലോ!

മനുഷ്യനിർമിതമായ ദുരിതങ്ങൾ തീരുംമുമ്പെ പ്രകൃതിക്കും കലി കയറി. ഫിറോസ്പൂർ വെള്ളപ്പൊക്കത്തിൽ മുങ്ങി. കരകവിഞ്ഞൊഴുകുന്ന സത് ലജിന് ചിറകെട്ടാൻ ഞങ്ങൾ പുതിയ റിക്രൂട്ട്കളെ കൊണ്ടുപോയി. പക്ഷെ, മഹാപ്രളയത്തിന് ഞങ്ങളെക്കാൾ വേഗതയുണ്ടായിരുന്നു. പെരുവെള്ളം ഇരച്ചെത്തിയപ്പോൾ ഞങ്ങൾ ബാരക്സിലേക്ക് തിരിഞ്ഞോടി. പിന്നീട് ബാരക്സിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും എടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നു. നാല് മൈൽ നീണ്ട ആ പലായനം അങ്ങേയറ്റത്തെ പീഡനയാത്രയായിരുന്നു. തോക്കുകൾ ചുമലിലിട്ട് ഞാനും അബ്ദുൾഖാദറും ഉണ്ട നിറച്ച ആ ഉരുക്കുപെട്ടി ഞങ്ങൾക്ക് നടുവിലായി തൂക്കിയെടുത്തു നടത്തം തുടങ്ങി. എന്റെ കൈ തോളിന്റെ കുറ്റിച്ചുഴിയിൽ നിന്നും അറ്റുപോന്നത് പോലെ തോന്നി. വഴിയിൽ അങ്ങിങ്ങായി കുറ്റിച്ചെടികൾക്കിടയിൽ ഉപേക്ഷിച്ചുപോയ വെടിയുണ്ടപ്പെട്ടികൾ ഞങ്ങൾ കണ്ടു. പെട്ടി കൈപ്പറ്റിയ രശീതിയൊന്നും എവിടെയും കൊടുത്തിരുന്നില്ല. ഞങ്ങളെ എന്തെല്ലാം ഏൽപിച്ചു എന്നത് ആരും ഓർക്കാനും സാധ്യതയില്ല. “നമുക്കിതെല്ലാം ഇവിടെയെങ്ങാനും ഇട്ടെറിഞ്ഞ് പോകാം.” ആരും കാണില്ല ഞാൻ ഖാദറോട് പറഞ്ഞു.
“അള്ള കാണുന്നുണ്ട്”. ഖാദർ നിർവികാരനായി പറഞ്ഞു.

എനിക്ക് ദേഷ്യം വന്നു. അവശനായി ഒരു പട്ടിയെപോലെ തളർന്നിരിക്കുന്നു ഞാൻ. അവനാണെങ്കിൽ ദൈവത്തെ കൂട്ട് പിടിച്ച് എന്റെ യാതന നീട്ടാൻ നോക്കുന്നു.
“എനിക്കെടുക്കാൻ പറ്റില്ല.”
“ശരി, പെട്ടിയിങ്ങ് തരൂ. ഞാനെടുക്കാം.”
ഒന്നും സംഭവിക്കാത്തത് പോലെ ഖാദർ പെട്ടിയെടുത്ത് ചുമലിൽ വെച്ച് നടത്തം തുടങ്ങി. സത്യത്തിൽ അവൻ എന്നേക്കാൾ ദുർബലനായിരുന്നു. അവൻ കഷ്ടപ്പെടുന്നത് എനിക്ക് കാണാമായിരുന്നു. “ഇങ്ങു തരൂ. ഒരറ്റം ഞാൻ പിടിക്കാം.”

പിന്നീടൊന്നും സംസാരിക്കാതെ പെട്ടിയും തൂക്കി ഞങ്ങളിരുവരും നടന്നു. പെട്ടിയും തോക്കുമെല്ലാം ഞങ്ങൾ സ്റ്റോറിൽ കൊടുത്തപ്പോൾ പലരും അത് ചെയ്തില്ല. തീർച്ചയായും കണക്കുകളിലെ വ്യത്യാസം പ്രളയനഷ്ടമായി എഴുതിത്തള്ളും. പക്ഷെ, ജീവിതകാലം മുഴുവൻ മനസ്സിൽപേറി നടക്കേണ്ടിയിരുന്ന ആ കണക്ക് വ്യത്യാസത്തിൽ നിന്നാണ് ഖാദർ എന്നെ രക്ഷപ്പെടുത്തിയത്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം കലങ്ങിമറിഞ്ഞ നാളുകളായിരുന്നു അത്. സ്വന്തം നാടുകളിൽ നിന്നും പിഴുതെറിയപ്പെട്ടവർ. എങ്ങും ദുരിതക്കാഴ്ച്ചകൾ. പല മുസ്ലിം സൈനികരും പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർ തങ്ങളുടെ വാഗ്ദത്ത ഭൂമിയായ പാകിസ്ഥാനിലേക്ക് ചേക്കേറാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പാകിസ്ഥാൻ ഭൂപ്രദേശത്തു വസിച്ചിരുന്നവർക്ക് തീരുമാനം എളുപ്പമായിരുന്നു. പക്ഷെ, ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള മുസ്ലിങ്ങൾക്ക് അത് കഠിന പരീക്ഷണ സമയം തന്നെയായിരുന്നു. മതം അവർക്ക് പിഴുതെടുക്കാൻ പറ്റാത്ത വേരാണ്. അതേസമയം ജന്മനാടിന്റെ ചാർച്ചയും, ബാന്ധവവും അവരെ ഇന്ത്യയിലേക്ക് വിളിച്ചു.

“ഖാദർ എങ്ങോട്ട് പോകും? ഹിന്ദുസ്ഥാനോ അതോ പാകിസ്ഥാനോ?” ഞാൻ ചോദിച്ചു. മലബാർ വിട്ട് അവനെങ്ങും പോകില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ തമാശയായി ചോദിച്ചതാണ്. പക്ഷെ, അവന്റെ ഉത്തരം എന്നെ ഞെട്ടിച്ചു.
“ഞാൻ മുസ്ലിങ്ങളുടെ രാജ്യത്തേക്ക് പോകുകയാണ്.”
“നീയൊരു വിഡ്ഢിയാണ്. നിന്റെ കോഴിക്കോട് വിട്ട് നീ ആരുമല്ലാത്ത ഒരു സ്ഥലത്തേക്ക് നിനക്കെങ്ങിനെ പോകാനാകും!
നീയെന്തുകൊണ്ടാണ് ഹിന്ദുസ്ഥാൻ തിരഞ്ഞെടുക്കാത്തത്?”
“എനിക്ക് ഹിന്ദുസ്ഥാനിൽ നിൽക്കണ്ട. എനിക്ക് മുസ്ലിങ്ങളുടെ രാജ്യമാണ് വേണ്ടത്.” അവൻ ശബ്ദത്തിൽ നർമം കലർത്താതെ പറഞ്ഞു. ഇവന് വട്ട് പിടിച്ചോ! ഇതുവരെ മതകാര്യങ്ങളിൽ പ്രത്യേകിച്ചൊരു താൽപര്യവും കാണിച്ചിട്ടില്ലാത്ത ഇവനിതെന്തു പറ്റി! ശരിക്കും പറഞ്ഞാൽ അവന്റെ പേര് കേട്ടില്ലെങ്കിൽ അവൻ ഒരു മുസ്ലിം ആണെന്നു പോലും ഒരാളും തിരിച്ചറിയില്ല.

രണ്ടുദിവസം കഴിഞ്ഞ് ഖാദറിനെ ട്രെയിനിംഗ് സെന്റർ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. ഭാരതത്തിൽ തുടരാനാണോ അതോ പാകിസ്ഥാനിലേക്ക് പോകാനാണോ താൽപര്യം എന്ന് എഴുതിക്കൊടുക്കാനാണ്. തിരിച്ചെത്തിയപ്പോൾ ഞാൻ ചോദിച്ചു. “നീയെന്തു തിരഞ്ഞെടുത്തു?”
“മുസ്ലിങ്ങളുടെ രാഷ്ട്രം.”
“പാക്കിസ്ഥാൻ?”
“ഹിന്ദുസ്ഥാൻ”.
“പിന്നെ? നീയെന്താ തമാശ പറയുകയാണോ?”
“അപേക്ഷാഫോറത്തിൽ ഹിന്ദുസ്ഥാൻ ഇല്ലായിരുന്നു.”
“എന്ത്!”
“ഞാൻ മുസ്ലിങ്ങളുടേതുകൂടി മാതൃരാഷ്ട്രമായ ഇന്ത്യ തിരഞ്ഞെടുത്തു.”

മതേതരത്വത്തിന്റെ ആദ്യപാഠം എന്നെ പഠിപ്പിച്ചത് അബ്ദുൾ ഖാദറായിരിക്കും. 1947ൽ ‘ദേശീയോദ്ഗ്രഥന’ എന്ന ഒരുവാക്ക് ഞങ്ങൾ കേട്ടിരുന്നില്ല. ‘മതേതരത്വം’ എന്ന പദവും ഇന്നത്തേത് പോലെ അന്ന് സർവസാധാരണമായി ഉപയോഗിച്ചിരുന്നില്ല. ചിലപ്പോൾ ഇത്തരം ശ്രേഷ്ഠമായ ആശയങ്ങൾ ഉൾപ്പെടുത്തിയ വാക്കുകൾ പിന്നീട് കണ്ടത്തിയതാവാം. പക്ഷെ, രാഷ്ട്രം ഒരേസമയം സ്വാതന്ത്ര്യത്തിന്റെ നിർവൃതിയിലും, വിഭജനത്തിന്റെ യാതനയിലുമായിരുന്ന ആ ആദ്യ ആഴ്ച്ചകളിൽ ബ്രിട്ടീഷ് ഇന്ത്യയുടെ പല കോണിൽനിന്നും റിക്രൂട്ട് ചെയ്ത ഞങ്ങൾ പുതുചിന്തകൾ സമന്വയിച്ച ഭാരതത്തിന്റെ ആദ്യബാച്ച് സൈനികരായി പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുകയായിരുന്നു.

(എന്‍ കുഞ്ചു പരിഭാഷ ചെയ്ത പുസ്തകങ്ങളുടെ കവറുകൾ നന്തനാരുടെ മകൻ സുധാകരന്റെ ശേഖരത്തിൽ നിന്നും.)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 27, 2023 2:15 pm