ദലിത്-ആദിവാസി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് കൂടുതൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി, ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഇ.വി ചിന്നയ്യ vs സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധിയെ തിരുത്തി 2024 ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് പട്ടികജാതി വിഭാഗങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്താമെന്ന പുതിയ വിധി പുറപ്പെടുവിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏകീകൃത ജനവിഭാഗങ്ങളല്ല (homogenous) എന്നാണ് വിധിയിൽ ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാണിക്കുന്നത്. ഉപവിഭാഗങ്ങളെ കണ്ടെത്തുമ്പോൾ പ്രസ്തുത വിഭാഗത്തിന്റെ പ്രാതിനിധ്യ കുറവ് കൃത്യമായ കണക്കുകൾ പ്രകാരം സംസ്ഥാന സർക്കാരുകൾ കോടതിയിൽ സമർത്ഥിക്കണമെന്നും വിധി പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രം നാഥ്, ബേല ത്രിവേദി, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതിൽ ജസ്റ്റിസ് ബേല ത്രിവേദി മാത്രമാണ് വിയോജിച്ചുകൊണ്ട് വിധി പറഞ്ഞത്.
വിധി വന്നതിന് പിന്നാലെ ഇതൊരു ചരിത്രവിധിയാണെന്ന തരത്തിൽ നിരവധി ആളുകൾ ഇതിനെ സ്വാഗതം ചെയ്യുകയുണ്ടായി. സംവരണം എന്നതിന്റെ മാനദണ്ഡം സാമ്പത്തികമാക്കണമെന്നും സംവരണം നിലനിൽക്കുന്നതുകൊണ്ടാണ് സമൂഹത്തിൽ ജാതി നിലനിൽക്കുന്നതെന്നും വാദിക്കുന്ന വലതുപക്ഷ ശക്തികളുടെയും, സംവരണം ക്രമേണ നിർത്തലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും താത്പര്യങ്ങളെയാണ് ഈ വിധി സംരക്ഷിക്കുന്നതെന്ന് ഭരണഘടനാ വിദഗ്ധരും സാമൂഹിക പ്രവർത്തകരും വിലയിരുത്തുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ കൂടുതൽ വിവേചനവും കുറവ് പ്രാതിനിധ്യവുമുള്ള വിഭാഗങ്ങളെ കണ്ടെത്തുക എന്ന പ്രക്രിയ ഏറെ പ്രയാസം നിറഞ്ഞതാണെന്ന പ്രശ്നവും ഉയരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തി (EWS) സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും അട്ടിമറിക്കപ്പെട്ട പശ്ചാത്തലത്തിൽ ഏറെ ആശങ്കയോടെയാണ് ദലിത്-ആദിവാസി സംഘടനകൾ ഈ വിധിയെ നോക്കിക്കാണുന്നത്. സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഗസ്റ്റ് 21ന് ഭാരത് ബന്ദ് നടത്തുകയും ചെയ്തു. ഉപവർഗീകരണം നടത്തണമെങ്കിൽ ജാതി സെൻസസസ് അനിവാര്യമായിരിക്കെ അതിനോട് വിമുഖത കാണിക്കുന്ന കേന്ദ്ര സർക്കാർ ഇക്കാര്യം എങ്ങനെയാണ് പരിഗണിക്കാൻ പോകുന്നത് എന്നതും വ്യക്തമല്ല. ഈ സാഹചര്യത്തിൽ, ഉപസംവരണം എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാവുന്നതെന്നും നിലവിലുള്ള സംവരണ വ്യവസ്ഥയെ തകർക്കുന്നതെന്നും തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ക്രീമിലെയർ എന്ന സംവരണ വിരുദ്ധത
ക്രീമിലെയർ വിഭാഗങ്ങളെ കണ്ടെത്തി സംവരണാനുകൂല്യം ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാണ് ഉപസംവരണ വിധിയിൽ സുപ്രീംകോടതി പറയുന്നത്. സാമൂഹികമായ ബഹിഷ്കൃതത്വമാണ് സംവരണത്തിന്റെ മാനദണ്ഡമെന്നിരിക്കെ അതിൽ സാമ്പത്തികത്തിന്റെ അളവുകോൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണാൻ കഴിയും. ഉപസംവരണത്തിൽ ക്രീമിലെയർ കൊണ്ടുവരുമ്പോൾ താരതമ്യപ്പെടുത്തേണ്ടത് ജനറൽ ക്യാറ്റഗറിയിലുള്ള വിഭാഗങ്ങളോടാണെന്നും, ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളമല്ല അടിസ്ഥാനമാക്കേണ്ടതെന്നും, ഭൂമി, കെട്ടിടം, വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ, ബിസിനസുകൾ തുടങ്ങിയ ആസ്തികളാണ് ക്രീമിലെയർ മാനദണ്ഡമായി കണക്കാക്കേണ്ടതെന്നും ഉപസംവരണ വിധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന നിർദ്ദേശങ്ങളാണ്. ജാതീയമായ വിവേചനങ്ങളും, അനാചാരങ്ങളും സൃഷ്ടിച്ച സാമൂഹികമായ ബഹിഷ്കൃതാവസ്ഥയും, പിന്നാക്കാവസ്ഥയും, പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഉപാധിയായാണ് സംവരണത്തെ ഇന്ത്യൻ ഭരണഘടന കാണുന്നത്. മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കുറവാണെന്നും അതുകൊണ്ടുതന്നെ ആ വിഭാഗങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നുമുള്ളതാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തികമായ സ്ഥിതി സംവരണത്തിന്റെ മാനദണ്ഡമല്ല എന്നിരിക്കെ, സംവരണത്തിൽ ക്രീമിലെയർ കൊണ്ടുവരുന്നതിലൂടെ സംവരണത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കപ്പെടുകയാണ്.
സംവരണവിരുദ്ധതയും ഹിന്ദുത്വയും
നീതി എന്നത് തുല്യമായി വിതരണം ചെയ്യപ്പെടാത്ത ഒരു സമൂഹത്തിൽ സംവരണമെന്നത് സാമൂഹ്യനീതിയാണെന്നും, ഒരിക്കലുമൊരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ലെന്നും മനസ്സിലാക്കപ്പെടേണ്ടതുണ്ട്. രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നും എത്ര ദലിത് എം.പിമാർ ഉണ്ടായിട്ടുണ്ടെന്നുള്ള കണക്ക് നോക്കിയാൽ പത്തിൽ താഴെ മാത്രമാണ് കേരളത്തിലെ ദലിത് രാജ്യസഭാ എംപിമാരുടെ എണ്ണം. ഇവിടെയാണ് സംവരണവും പ്രാതിനിധ്യവും ഏറെ പ്രധാനപ്പെട്ടതാകുന്നത്. സാമ്പത്തികമായി സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിയവർ പോലും ജാതീയമായ വിവേചനങ്ങളും അടിച്ചമർത്തലുകളും നേരിട്ടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
കാക്ക കലേൽക്കർ കമ്മീഷൻ, മണ്ഡൽ കമ്മീഷൻ, രംഗനാഥ മിശ്ര കമ്മീഷൻ, സച്ചാർ കമ്മീഷൻ തുടങ്ങിയ കമ്മീഷനുകൾ ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കമ്മീഷനുകളായിരുന്നു. ഇതിൽ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ എന്നറിയപ്പെട്ട ബി.പി മണ്ഡൽ അധ്യക്ഷനായ മണ്ഡൽ കമ്മീഷന്റെ നേതൃത്വത്തിൽ 1981 ഡിസംബർ 31ന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ പുറത്താണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചതിന് പിന്നാലെ സംവരണവിരുദ്ധരുടെ കലാപങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അക്കാലത്ത് ഡൽഹി സർവകലാശാല വിദ്യാർത്ഥിയായിരുന്ന രാജീവ് ഗോസ്വാമി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതും ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ടതും വലിയ ചർച്ചയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും റിപ്പോർട്ട് നടപ്പിലാക്കുമെന്ന അന്നത്തെ പ്രധാനമന്ത്രി വി.പി സിംഗിന്റെ രാഷ്ട്രീയ നിലപാട് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായിരുന്നു. അതിന് പിന്നാലെയാണ് വി.പി സിംഗ് സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുന്നതും രാമജന്മഭൂമി പ്രസ്ഥാനം സംഘപരിവാർ സജീവമാക്കുന്നതും. തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ ബി.ജെ.പി സവർണ്ണ സംവരണവും ഇപ്പോൾ ഉപസംവരണവും നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഇതിന്റെയെല്ലാം തുടർച്ചയാണ്. ഉപസംവരണ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ ഗണപതി പൂജ ചെയ്യുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ജുഡീഷ്യറിയിലേക്കും ഹൈന്ദവവത്കരണം വ്യാപിച്ചിരിക്കുന്നത് തെളിവായി മാറുന്നു.
ഉപസംവരണം എതിർക്കപ്പെടേണ്ടത് എന്തുകൊണ്ട്?
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഒരു വിഭാഗത്തിനും മതിയായ സംവരണവും പ്രാതിനിധ്യവും ഇവിടെ ലഭിക്കുന്നില്ലെന്നും, അതിൽ തന്നെ ചില സമുദായങ്ങൾക്ക് തീരെ ലഭിക്കുന്നില്ലെന്നും, അതിന് പ്രതിവിധിയായി എല്ലാ കമ്മ്യൂണിറ്റികൾക്കും ആനുപാതികമായ ഒരു പങ്ക് ക്വോട്ടയായി നൽകണമെന്നും നിയമവിദഗ്ദനും, ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും, നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. മോഹൻ ഗോപാൽ പറയുന്നു. പല സമുദായങ്ങൾക്കും അർഹമായത് ലഭിക്കുന്നില്ല എന്നത് ഒരു പ്രശ്നമാണ്, എന്നാൽ അതിന്റെ പരിഹാരം ഉപവിഭാഗങ്ങളായി തരംതിരിക്കുന്നതല്ലെന്നും പ്രൊഫ. മോഹൻ ഗോപാൽ ചൂണ്ടിക്കാണിക്കുന്നു.
“സബ് ക്യാറ്റഗറൈസഷൻ എന്നത് ഒ.ബി.സിയുടെ കാര്യത്തിൽ വിജയിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒ.ബി.സിയിൽ തന്നെ നൂറ് കമ്മ്യൂണിറ്റികൾ കേരളത്തിലുണ്ട്. ക്യാറ്റഗറൈസേഷൻ ചെയ്തതുകൊണ്ട് എല്ലാ വിഭാഗങ്ങൾക്കും അവസരം കിട്ടുന്നില്ല. അപ്പോൾ ഇങ്ങനെ ഉപവിഭാഗങ്ങളായി തരംതിരിച്ചതുകൊണ്ട് അർഹിച്ച രീതിയിൽ പ്രാതിനിധ്യം കിട്ടുമെന്നതിന് ഒരു തെളിവുമില്ല. ഒ.ബി.സിയുടെ കാര്യത്തിൽ ഇത് വിജയിച്ചോ ഇല്ലയോ എന്നത് പോലും സുപ്രീംകോടതിയോ സർക്കാരോ പരിശോധിക്കുന്നില്ല. ഒന്നും കിട്ടാത്ത കമ്മ്യൂണിറ്റിയെ ഒരു ക്യാറ്റഗറിയിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റിയതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുന്നില്ല. ക്യാറ്റഗറൈസേഷൻ എന്നത് കമ്മ്യൂണിറ്റികൾ തമ്മിൽ കലഹമുണ്ടാക്കാനുള്ള ഒരു കാരണം മാത്രമാണ്. എസ്.സി ക്യാറ്റഗറിയിലുള്ള സംവരണം പലപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അതിൽ തന്നെ നിയമനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല അതാണ് യാഥാർത്ഥ്യം. അല്ലാതെ പട്ടികജാതിയിൽ ഒന്നോ- രണ്ടോ കമ്മ്യൂണിറ്റികൾ എല്ലാം കൈവശപ്പെടുത്തിവയ്ക്കുകയോ മറ്റുള്ള കമ്മ്യൂണിറ്റികളെ പുറത്താക്കുകയോ ചെയ്യുന്നില്ല.” പ്രൊഫ. മോഹൻ ഗോപാൽ പറയുന്നു.
സബ് ക്ലാസിഫിക്കേഷൻ ചെയ്യണമെങ്കിൽ ജുഡീഷ്യൽ സിസ്റ്റത്തിന്റെ ഇടപെടലിലൂടെയല്ല ചെയ്യണ്ടതെന്നും, ഭരണഘടന ഭേദഗതി ചെയ്യുകയാണ് വേണ്ടതെന്നുമാണ് മോഹൻ ഗോപാൽ പറയുന്നത്. “അത് രാഷ്ട്രീയപരമായി സാധ്യമല്ലാത്തതുകൊണ്ട് ജുഡീഷ്യറിയിലൂടെ ഭരണകൂടം ഇപ്പോൾ ചെയ്യുന്നുവെന്ന് മാത്രം. സാമ്പത്തിക സംവരണം എന്നത് നടപ്പില്ലാക്കേണ്ട കാര്യമില്ലാതിരുന്നിട്ടും കേരള സർക്കാർ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം കൊടുത്തു എന്നതും നമ്മൾ ഇതിനോട് ചേർത്തുവായിക്കേണ്ട ഒന്നാണ്. സബ്ക്ലാസിഫിക്കേഷൻ നിർബ്ബന്ധമായി ചെയ്യേണ്ട ഒന്ന് അല്ല, അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരുകൾ ഇത് ചെയ്യരുത്.” പ്രൊഫ. മോഹൻ ഗോപാൽ കേരളീയത്തോട് പറഞ്ഞു.
ഇ.വി ചിന്നയ്യ vs സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി പുനഃപരിശോധിക്കണമെന്ന് കോടതി തന്നെ ആവശ്യപ്പെടുന്നത് ഏറ്റവും വിചിത്രമായ സംഭവമാണെന്നാണ് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് ഉപസംവരണവുമായി ബന്ധപ്പെട്ട് പറയുന്നത്. “എസ്.ടി/എസ്.സി എന്ന ക്ലാസിഫിക്കേഷനിൽ ഭരണഘടനാപരമായി തിരുത്തലുകളും മാറ്റങ്ങളും വരുത്താനുള്ള അവകാശം 341, 342 എന്നീ വകുപ്പുകൾ പ്രകാരം ഭരണഘടന നൽകിയിരിക്കുന്നത് ഇന്ത്യൻ പ്രസിഡന്റിനും ഇന്ത്യൻ പാർലിമെന്റിനുമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധിയിൽ പറയുന്ന ഒരു കാര്യം, ഭരണഘടനയുടെ 321, 342 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഈ അധികാരമെന്ന് പറയുന്നത് പുതിയ ആളുകളെ ചേർക്കാനും, ഉള്ള ആളുകളെ കളയാനുമുള്ള അധികാരമാണെന്നും ഈ കേസ് ആരെയും പ്രത്യേകിച്ച് ചേർക്കുകയോ പുറത്താക്കുകയോ ചെയ്യുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇത് 341, 342 എന്നീ വകുപ്പുകളിൽ വരുന്ന ഒരു കേസല്ല എന്നുമാണ്. എന്നാൽ ഇതിൽ ഭരണഘടനാപരമായി അദ്ദേഹത്തിന് മിസ്സ് ആവുന്നൊരു ലിങ്കുണ്ട്, 325, 328 എന്നീ രണ്ട് വകുപ്പുകളുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ജോലി നൽകുന്നതിലൂടെ ആ പ്രത്യേക ഡിപ്പാർട്ട്മെന്റിന്റെ എഫിഷ്യൻസി തകരുന്നില്ല എന്ന് ഉറപ്പ് കൊടുക്കണം എന്ന ഒരു വകുപ്പും, സംസ്ഥാനങ്ങൾക്ക് കീഴിൽ എസ്.ടി/എസ്.സി വിഭാഗങ്ങൾക്കുള്ള സംവരണവും അവർക്കുള്ള മറ്റ് ആനുകൂല്യങ്ങളും പ്രസ്തുത വിഭാഗങ്ങൾക്ക് കിട്ടുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ പരിശോധിച്ച് ഇന്ത്യൻ പ്രസിഡന്റിന് ആവശ്യപ്പെടുന്ന മുറയ്ക്ക് സ്പെഷ്യൽ ഓഫീസറെ നിയമിച്ച് റിപ്പോർട്ട് നൽകണം എന്ന വകുപ്പും. ആ റിപ്പോർട്ട് പാർലിമെന്റിന്റെ രണ്ട് സഭകളിലും പ്രസിഡന്റ് വെക്കാൻ ബാധ്യസ്ഥനാണ്. ഈ അധികാരം ഇന്ത്യൻ പ്രസിഡന്റിന് ഉള്ളതാണ്. ഇതിനകത്ത് എന്ത് തരത്തിലുള്ള മാറ്റം വരുത്താനാണെങ്കിലും അധികാരം പ്രസിഡന്റിന് മാത്രമാണ്. അത് ഇന്ത്യൻ ഭരണഘടന വളരെ കൃത്യമായി പറയുന്നുണ്ടെന്നിരിക്കെ ആൾക്കാരെ ചേർക്കാനും ഒഴിവാക്കാനുമുള്ള അധികാരം മാത്രമാണ് പ്രസിഡന്റിന് ഉള്ളതെന്ന നുണ പറഞ്ഞിട്ടാണ് ഡി.വൈ ചന്ദ്രചൂഡ് ഇത് ഭരണഘടനാ വിരുദ്ധമല്ല എന്ന് സ്ഥാപിക്കുന്നത്. ഒരു ഭാഗം പൂർണമായി കാണാതിരിക്കുക, അത് പരാമർശിക്കാതെ ഇരിക്കുക എന്നിട്ട് ഭരണഘടന വിരുദ്ധമല്ലെന്ന് പറയുക. ഭരണഘടന വിരുദ്ധമാണ് എന്നത് സുവ്യക്തമാണ്.” ഉപസംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോടുള്ള വിമർശനം സണ്ണി എം. കപിക്കാട് വിശദമാക്കി.
എട്ട് ശതമാനത്തിൽ നിന്നും ഒരു ശതമാനത്തിലേക്ക്
“കേരളത്തിൽ എട്ട് ശതമാനമാണ് നിലവിൽ പട്ടികജാതി സംവരണം. 54 ജാതികൾക്കാണ് ഈ എട്ട് ശതമാനം സംവരണമുള്ളത്. അവരുടെ ജനസംഖ്യയനുസരിച്ച് അവർക്ക് പത്ത് ശതമാനം കിട്ടേണ്ടതാണ്, അതില്ല. ഞാൻ പട്ടികജാതി ലിസ്റ്റിലുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം ഈ എട്ട് ശതമാനത്തിലാണ് എന്റെ മത്സരം കിടക്കുന്നത്. നൂറിൽ എട്ട് സീറ്റുകൾക്ക് വേണ്ടിയുഉള്ള മത്സരത്തിലാണ് ഞാൻ പങ്കാളിയാവുന്നത്. ഓപ്പൺ മെറിറ്റിൽ മത്സരിച്ച് എനിക്ക് കിട്ടിയാലും ഈ എട്ടിൽ ഒന്നായി മാത്രമേ എന്നെ പരിഗണിക്കുകയുള്ളൂ. ഇവിടുത്തെ രീതി അതാണ്. പി.എസ്.സിയുടെ റോട്ടേഷണൽ സിസ്റ്റം തന്നെ മെറിറ്റ് സീറ്റിൽ ഒരു പട്ടികജാതിക്കാരൻ വരുന്നില്ലായെന്ന് ഉറപ്പുവരുത്തുന്ന ഒന്നാണ്. ഈ എട്ടിൽ ഒന്ന് എന്നുള്ളത് സബ് ക്യാറ്റഗറൈസ് ചെയ്യുമ്പോൾ എന്റെ ജാതി ഏതിലാണോ പെടുന്നത് അതിന് കിട്ടുന്ന രണ്ടോ മൂന്നോ ശതമാനം ആയിരിക്കും എനിക്ക് കിട്ടുന്നത്. അപ്പോൾ എന്റെ എട്ട് ശതമാനം എന്നുള്ളത് പെട്ടെന്ന് ഒന്നായി തീരും. ഈ ഒന്നിലാണ് പിന്നെയെന്റെ മത്സരം നടക്കുന്നത്. എട്ടിൽ നിന്നും ഒന്നിലേക്ക് എന്റെ അവകാശങ്ങൾ ചുരുക്കുകയാണ്. സംവരണാവകാശങ്ങൾ ചുരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടോ എന്നതാണ് ചോദ്യം.” സണ്ണി എം കപിക്കാട് കേരളീയത്തോട് പറയുന്നു.
മതിയായ പ്രാതിനിധ്യം കിട്ടാതെ പോവുന്നത് പട്ടികവിഭാഗങ്ങളിലെ തന്നെ ഏതെങ്കിലുമൊരു ജാതി തടഞ്ഞുവെക്കുന്നതുകൊണ്ടാണ് എന്ന വാദം തെറ്റാണെന്നും അങ്ങനെ മറ്റുള്ളവരുടെ അവസരങ്ങൾ തടയാൻ മാത്രം പ്രാപ്തിയുള്ള ഒരു ജാതിയും ഈ 54 ജാതികളിൽ ഇല്ലെന്നും സബ് ക്യാറ്റഗറൈസേഷൻ പ്രശ്നത്തെ പരിഹരിക്കുകയല്ല, പ്രശ്നം വിതരണം ചെയ്യുകയാണെന്നും സണ്ണി എം. കപിക്കാട് പറയുന്നു.
“എജ്യൂക്കേറ്റഡ് ആയിരിക്കുക, കോമ്പറ്റീറ്റീവ് ആയിരിക്കുക എന്നതാണ് പ്രധാനം. അതിനുള്ള അവസരത്തിന് വേണ്ടി വാദിക്കുന്നതിന് പകരം ഞങ്ങൾക്കുള്ളത് അവൻ അടിച്ചോണ്ട് പോവുന്നു, അത് ഞങ്ങൾക്ക് തരണമെന്ന് പറയുന്ന ആർ.എസ്.എസ് ബുദ്ധിയാണ് ഇവർ പ്രചരിപ്പിക്കുന്നത്. കിട്ടാതെ പോയവർക്ക് കിട്ടണമെന്നത് സമുദായത്തിന്റെ പൊതുവായ ആവശ്യമാണ്, അല്ലാതെ കിട്ടാത്തവന്റെ മാത്രം നിലവിളിയല്ല. അങ്ങനെ അതിനെ കാണാതെ എല്ലാവരും ആവശ്യപ്പെടേണ്ട കാര്യമാണ് അത്. കിട്ടുന്നത് എങ്ങനെ ഭരണപരമായി ഉറപ്പിക്കാൻ പറ്റും? അതിന്റെ രീതിശാസ്ത്രം എന്താവും? പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വസ്തുതാപരമായ കണക്കുകൾ പ്രകാരം നിയമനങ്ങളിൽ അവർക്ക് മുൻഗണന കൊടുക്കുക, അതിനൊന്നും ഒരു ഭരണഘടനയും എതിരല്ല. ഇവരെ നെടുകയും കുറുകെയും പിളർന്ന് മാത്രമേ കാര്യങ്ങൾ ചെയ്യുവെന്ന് എന്തിനാണ് വാശി? സമ്പന്നരും സവർണ്ണരും എന്നുവിളിക്കാവുന്ന ഒരു വിഭാഗം പട്ടികജാതിയിൽ രൂപപ്പെട്ടിട്ടുണ്ടെന്നും അവരാണ് ഈ സംവരണത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നതെന്നുമുള്ള വ്യാജപ്രചാരണത്തിനാണ് ഈ വിധി കാരണമായിരിക്കുന്നത്.” സണ്ണി എം. കപിക്കാട് പറയുന്നു.
“ഉപസംവരണം എന്ന് പറയുന്നതും ക്രീമിലെയർ എന്ന് പറയുന്നതും ഒന്നാണ്. സാമ്പത്തികം സംവരണത്തിന് മാനദണ്ഡമാകണമെന്ന അലിഖിത നിയമം ഇ.ഡബ്ല്യു.എസിന് (Economically Weaker Section) ശേഷം ഇന്ത്യയിൽ വളരെ ശക്തവും സ്വീകാര്യവുമാണ്. അത് പട്ടികജാതി സംവരണത്തിന് കൂടി ബാധകമാക്കുക, അതിലൂടെ സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ ഇല്ലാതെയാക്കുക, ഫലത്തിൽ സംവരണം തന്നെ അർത്ഥശൂന്യമായ ഒരു കാര്യമായി മാറ്റുക എന്ന ഉദ്ദേശം സംഘപരിവാർ ശക്തികൾക്കുണ്ട്. അത് നടത്തികൊടുക്കുന്ന ഒരു പണിയിലാണ് ജുഡീഷ്യറി ഏർപ്പെട്ടിരിക്കുന്നത്.” സണ്ണി എം. കപിക്കാട് തുടർന്നു.
“ഡോ. ബി.ആർ അംബേദ്കർ വളരെ മുന്നേ തന്നെ ഇത്തരം കാര്യങ്ങൾ ഒരിക്കലും എക്സിക്യൂട്ടീവിന് കൊടുക്കരുതെന്ന് പറയുന്നുണ്ട്. അങ്ങനെ കൊടുത്താൽ ഭരണഘടനയുടെ അന്തഃസത്ത ചോർത്തിക്കളയുമെന്ന് പറയുന്നുണ്ട്. കേരളത്തിൽ പ്രാക്തന ഗോത്രങ്ങൾ എന്നൊരു വിഭാഗമുണ്ട്. രണ്ട് ശതമാനമുള്ള പട്ടികവർഗ്ഗ സംവരണത്തിലെ ഒരു ശതമാനം അവർക്ക് കൊടുക്കാൻ തീരുമാനിച്ചാൽ ഇവരിൽ നിന്ന് എങ്ങനെയാണ് ജോലിക്കാർ ഉണ്ടായിവരിക? ഏത് ജോലിക്കാരായിരിക്കും ഉണ്ടായിവരിക? പ്യൂൺമാരായിരിക്കും അറ്റന്റർമാരായിരിക്കും, സ്കാവഞ്ചർമാരായിരിക്കും. ജീവിക്കാൻ ഇത് മതിയോ ഒരു ജനതയ്ക്ക്? ജീവിക്കാൻ വേറെ നിരവധി മാർഗ്ഗങ്ങളുണ്ട്, സർക്കാർ ജോലിയെന്ന് പറയുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നും കളക്ടർമാരുണ്ടാവണം എന്നല്ലേ പറയേണ്ടത്? ഈ പ്രാക്തന ഗോത്രങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥയെ മനസിലാക്കി ആ ജീവിതത്തെ മുന്നോട്ടടുക്കാനാവശ്യമായ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പറയേണ്ടതിന് പകരം ഇവരെ മുൻനിർത്തി ഉപസംവരണം വേണമെന്നാണ് പറയുന്നത്. 36 ഗോത്രങ്ങളുണ്ട് കേരളത്തിൽ, രണ്ട് ശതമാനം സംവരണമേയുളളൂ. അതിനകത്ത് എന്ത് ഉപസംവരണമാണ്? അര ശതമാനമോ ഒരു ശതമാനമോ? എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും വ്യക്തമല്ല. 9.5 ശതമാനം പട്ടികജാതി ജനസംഖ്യയുണ്ടെന്ന കണക്കുണ്ടായിരിക്കെ എട്ട് ശതമാനം സംവരണം മാത്രമാണ് കൊടുക്കുന്നത്. സബ് ക്യാറ്റഗറൈസേഷൻ വേണമെന്നത് ഒരു കാല്പനികവാദമാണ്. പ്രശ്നപരിഹാരം ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ആഭ്യന്തര ശിഥിലീകരണത്തിന് അത് വലിയ കാരണമായിതീരുമെന്നുമാണ് ഇതുവരെയുള്ള അനുഭവം.” സണ്ണി എം.കപിക്കാട് പറഞ്ഞു.
രാഷ്ട്രീയ എതിർപ്പുകൾ ശക്തമാവുന്നു
സുപ്രീംകോടതി വിധിക്കെതിരെ രാജ്യമെമ്പാടും നിരവധി പ്രതിഷേധങ്ങളും വിയോജിപ്പുകളുമാണ് ഇപ്പോഴും ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തുക, ഉപസംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ മറികടക്കാൻ പാർലമെന്റ് നിയമനിർമ്മാണം നടത്തുക, എല്ലാത്തരം ക്രീമിലെയർ മാനദണ്ഡങ്ങളും ഒഴിവാക്കുക, എസ്.സി/ എസ്.ടി ലിസ്റ്റ് ഒൻപതാം പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതിയുടെയും രാജ്യത്തെ വിവിധ ദലിത്- ആദിവാസി ബഹുജൻ സംഘടനകളുടെയും നേതൃത്വത്തിൽ ആഗസ്റ്റ് 21 ന് രാജ്യവ്യാപകമായി ഭാരത് ബന്ദ് ആചരിച്ചിരുന്നു. ബിഹാറിലെ ജഹനാബാദിൽ റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത 83 ഉപരോധിച്ചു. കൂടാതെ ബിഹാറിലെ അറായിൽ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചും സംഘടനകൾ പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയായ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയും ഭാരത് ബന്ദിനെ പിന്തുണച്ചിരുന്നു.
കേരളത്തിലും ബന്ദിന്റെ ഭാഗമായി ഹർത്താൽ ആചരിച്ചു. ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാടിനെ ഭാരത് ബന്ദിൽ നിന്നും ഒഴിവാക്കിയിരുന്നു. കേരളത്തിൽ ഭീം ആർമിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ബന്ദിൽ ഊരുക്കൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, മലഅരയ സംരക്ഷണ സമിതി, എം.സി.എഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദലിത് സാംസ്കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ തുടങ്ങീ നിരവധി ദലിത്- ആദിവാസി സംഘടനകൾ അണിനിരന്നിരുന്നു.
ഉപസംവരണ വിധിയുമായി ബന്ധപ്പെട്ട് നടന്ന ഭാരത് ബന്ദിനെ കുറിച്ചും വിധിയെ രാഷ്ട്രീയപരമായി എങ്ങനെയൊക്കെയാണ് ഇനി നേരിടാൻ പോകുന്നത് എന്നതിനെ കുറിച്ചും ഭീം ആർമി കേരള ജനറൽ സെക്രട്ടറി പ്രൈസ് കണ്ണൂർ കേരളീയത്തോട് സംസാരിച്ചു. “സുപ്രീം കോടതിയുടെ വിഭജന വിധിക്കെതിരെ ഭീം ആർമിയുടെയും അനുബന്ധ സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ആഗസ്റ്റ് 21ന് നടന്ന ഭാരത് ബന്ദ് ദേശീയ തലത്തിലും കേരളത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലും കൃത്യമായ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 11 ന് ഡൽഹി രാം ലീല മൈതാനത്ത് ഭീം ആർമിയുടെയും ആസാദ് സമാജ് പാർട്ടിയുടെയും നേതൃത്വത്തിൽ സുപ്രീം കോടതിയുടെ വിഭജന വിധിക്കെതിരെ വൻ പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ നമുക്ക് ലഭിക്കേണ്ട അവസരങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ ഭീം ആർമി പ്രതിജ്ഞാബദ്ധരാണ്.” പ്രൈസ് കണ്ണൂർ പറയുന്നു.
ഭരണഘടന മൂല്യങ്ങളെ മാനിച്ചുകൊണ്ട് രാഷ്ട്രീയപരമായും നിയമപരമായും മുന്നോട്ടുപോകാനാണ് ഭീം ആർമി താത്പര്യപ്പെടുന്നതെന്നും, നിയമപരമായി തന്നെ സംവരണം സംബന്ധിച്ച വിഭജന വിധിക്കെതിരെ കൃത്യമായ രീതിയിൽ വിജയം കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പാണെന്നും പ്രൈസ് കണ്ണൂർ വ്യക്തമാക്കി. ഈ വിഷയത്തിൽ ദേശീയ കമ്മിറ്റി എടുക്കുന്ന നിലപാടും സമര ശൈലിയുമായിരിക്കും കേരളത്തിലും ഉണ്ടാവുകയെന്നും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ നിലവിൽ നടന്നുവരികയാണെന്നും മുഴുവൻ പട്ടിക ജാതി-പട്ടിക വർഗ്ഗ ബഹുജൻ സംഘടനകളെയും അണിനിരത്തി കേരളത്തിലും വമ്പിച്ച പ്രതിഷേധ പരിപാടി ഭീം ആർമിയുടെ നേതൃത്വത്തിൽ ഉണ്ടാവുമെന്നും ഭീം ആർമി കേരള ജനറൽ സെക്രട്ടറി പ്രൈസ് കണ്ണൂർ വ്യക്തമാക്കി.
പട്ടിക ജാതി-പട്ടിക വർഗ്ഗ ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുക എന്ന ആവശ്യവുമായി ദലിത്-ആദിവാസി വിഭാഗങ്ങളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് നടത്താനും തീരുമാനമായിട്ടുണ്ട്. ഉപസംവരണവും ക്രീമിലെയറും മറികടക്കാൻ ഭരണഘടന ഭേദഗതി ചെയ്യുക, സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിക്കുക, സമഗ്രമായ ജാതി സെൻസസ് നടപ്പിലാക്കുക, മതിയായ പ്രാതിനിധ്യമില്ലാത്ത പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന വകുപ്പുകളുള്ള സമഗ്ര നിയമനിർമ്മാണം പാർലമെന്റ് പാസാക്കി ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തുക, സംവരണവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങൾ അട്ടിമറിക്കുന്ന തരത്തിൽ കോടതികളിലൂടെ നിയമനിർമ്മാണം നടത്തുന്ന ജഡ്ജിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ ഇന്ത്യൻ പ്രസിഡന്റിന് ഭീമ ഹർജി സമർപ്പിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളിലൂന്നിയാണ് സൗത്ത് ഇന്ത്യൻ കോൺക്ലേവ് നടക്കുന്നത്. സെപ്റ്റംബർ അവസാനവാരം വൈക്കത്ത് ഇ.വി.ആർ സ്മാരക മന്ദിരത്തിലാണ് കോൺക്ലേവ്.