“നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കോനോ, ഉറക്കെ തുമ്മുവാനോ, പൊട്ടിക്കരയുവാനോ, ചിരിക്കുവാനോ എനിക്ക് കഴിയില്ല.” മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സ് ‘ദി ക്യൂ’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയുടെ ഭാഗമായി താൻ ചികിത്സാ പിഴവിന് ഇരയായെന്നും തനിക്ക് നീതി ലഭിക്കണമെന്നും അവർ അഭിമുഖത്തിൽ ആവർത്തിച്ച് പറയുന്നുണ്ട്. അനന്യ കടന്നുപോകുന്ന സംഘർഷങ്ങൾ ആ അഭിമുഖത്തിൽ ശക്തമായി പ്രതിഫലിച്ചിരുന്നു. പക്ഷെ നീതി കിട്ടാനായി അനന്യ കാത്തുനിന്നില്ല. 2021 ജൂലൈ 20ന് കൊച്ചിയിലെ ഒരു സുഹൃത്തിന്റെ അപാർട്‌മെന്റിൽ അവർ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് അനുഭവിക്കേണ്ടിവന്നതെല്ലാം തുറന്നുപറഞ്ഞ് അനന്യ ആത്മഹത്യ ചെയ്തു. കാലങ്ങളായി തുടരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആത്മഹത്യാ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി വേദനയോടെ എഴുതിച്ചേർക്കപ്പെട്ടു. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അനന്യയുടെ മരണത്തെക്കുറിച്ചോ മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചോ ഫലപ്രദമായ അന്വേഷണങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല എന്നത് കേരളത്തിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയേയും അവകാശ പ്രവർത്തകരെയും വീണ്ടും സമരങ്ങളിലേക്ക് നയിക്കുകയാണ്. ട്രാൻസ് സൗഹൃദ സംസ്ഥാനം എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ട്രാൻസ് വ്യക്തികളുടെ മരണം വേണ്ടരീതിയിൽ അന്വേഷിക്കപ്പെടുന്നില്ല എന്ന കമ്മ്യൂണിറ്റിയുടെ പരാതി കേരളത്തിൽ വീണ്ടും ഉയരുന്നു.
“മരിക്കുന്നതിന് കുറച്ച് ദിവസം മുന്നേ ചേച്ചി എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അന്ന് എന്റെ ഫോണിൽ നിന്നും ചേച്ചിയുടെ ഫോണിൽ നിന്നും ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിക്കാൻ മാറി മാറി ശ്രമിച്ചിരുന്നു. ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തുമ്പോഴാണ് ആരോഗ്യ മന്ത്രിയുടെ കോൾ എന്റെ ഫോണിലേക്ക് വന്നത്. ചേച്ചിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി ഡോക്ടർമാരെ വെച്ച് എക്‌സാമിനേഷൻ നടത്താമെന്ന് അന്ന് മന്ത്രി വാക്ക് തന്നിരുന്നു. പക്ഷെ പിന്നീട് ഒരു ഫോളോഅപും ഉണ്ടായില്ല. ജീവിതത്തിലേക്ക് വരാനായി ചേച്ചി പരമാവധി ശ്രമിച്ചിരുന്നു.” സഹോദരി ദയാ ഗായത്രി അനന്യയെക്കുറിച്ചുള്ള അവസാന ഓർമ്മകൾ പങ്കുവെച്ചു.
2020 ജൂൺ 14നാണ് വജൈനോപ്ലാസ്റ്റി എന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനന്യ എറണാകുളത്തെ റെനൈ മെഡിസിറ്റി ഹോസ്പിറ്റലിൽ വിധേയയാകുന്നത്. ശസ്ത്രക്രിയയിലൂടെ താൻ ആഗ്രഹിക്കുന്ന ശരീരത്തിലേക്ക് എത്തിപ്പെടാമെന്ന് പ്രതീക്ഷിച്ചിരുന്ന അനന്യക്ക് നേരിടേണ്ടിവന്നത് കടുത്ത ശാരീരിക, മാനസിക ബുദ്ധിമുട്ടുകളായിരുന്നു. 2020 ജൂൺ 20ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നുണ്ടെങ്കിലും ശസ്ത്രക്രിയയെ തുടർന്നുണ്ടായ പ്രയാസങ്ങൾ കാരണം ജൂൺ 21ന് അനന്യ വീണ്ടും ആശുപത്രിയിൽ എത്തുന്നു.ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം നാല് തവണ അനന്യ ഇത്തരത്തിൽ റെനൈ മെഡിസിറ്റി ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ആവുകയും തുടർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
തുടർക്കഥയാകുന്ന പിഴവുകൾ
ലിംഗമാറ്റ ശസ്ത്രക്രിയകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പിഴവുകൾ കാരണം ശസ്ത്രക്രിയയെ പേടിയോടെയാണ് കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹം ഇപ്പോൾ നോക്കിക്കാണുന്നത്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡർ പോളിസി നടപ്പിലാക്കിയ കേരളത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുകൾ ആവർത്തിക്കുന്നു എന്നത് വ്യാപകമായി ചോദ്യം ചെയ്യപ്പെടാൻ അനന്യയുടെ മരണം കാരണമായിത്തീർന്നു. അനന്യയുടേത് ഒറ്റപ്പെട്ട അനുഭവമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് നിരവധി ട്രാൻസ് വ്യക്തികൾ ചികിത്സാ പിഴവുകൾക്കെതിരെ രംഗത്തുവന്നു.
“ശസ്ത്രക്രിയയ്ക്ക് ശേഷം യോനിയിലെ സ്റ്റിച്ച് നാല് തവണ പൊട്ടിപ്പോയി. തുമ്മുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴുമൊക്കെ വേദനയാണ്. മൂത്രം പിടിച്ച് നിർത്താൻ പറ്റാറില്ല.” ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റായ ഷെറിൻ താൻ കടന്നുപോകുന്ന വേദനകളെ കുറിച്ച് പറയാൻ തുടങ്ങി. 31 വയസുകാരിയായ ഷെറിൻ തെരഞ്ഞെടുപ്പിൽ മൽസരിച്ച കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ വ്യക്തിയാണ്.
2021 സെപ്തംബർ 15 നാണ് ഷെറിൻ എറണാകുളം അമൃതാ ഹോസ്പിറ്റലിൽ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ആ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവുകൾ കാരണം റീസർജറിക്ക് ഒരുങ്ങുകയാണ് ഇപ്പോൾ ഷെറിൻ. “എന്റെ മകളുടെ ഫംഗ്ഷനാണ് അനന്യയെ ഞാൻ അവസാനമായി കാണുന്നത്. അപ്പോൾ അനന്യ എന്നോട് സർജറി ചെയ്യരുത്, ആലോചിച്ച് ചെയ്യണമെന്നൊക്കെ പറഞ്ഞിരുന്നു. ഞാൻ മാനസികവും ശാരീരികവുമായി തയ്യാറായിരുന്നു. ട്രാൻസ്ജൻഡർ വ്യക്തികളെ സംബന്ധിച്ച് സർജറി എന്ന് പറയുന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണ്.” ഷെറിൻ പറയുന്നു. “ഇന്നും സർജറി ചെയ്ത് വേദന അനുഭവിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട്. വേദന സഹിച്ച് മരിച്ച് ജീവിക്കുന്ന ഒരു കൊച്ചിനെ എനിക്കറിയാം. അവൾക്ക് ക്ലിറ്റോറിസ് പോലും ഇല്ല. വളരെ ബുദ്ധിമുട്ടി കഴിയുകയാണ്. ക്ലിറ്റോറിസ് വെച്ച് വജൈന കൃത്യമായി ഇനി ചെയ്യണമെങ്കിൽ രണ്ടര ലക്ഷം രൂപയോളം വേണമെന്നാണ് പറയുന്നത്.”
മെറ്റഡോപ്ലാസി എന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബോഡിബിൽഡറായ പ്രവീൺനാഥിന്റെയും അനുഭവം മറ്റൊന്നല്ല. എറണാകുളം അമൃതാ ഹോസ്പിറ്റലിൽ നിന്നും ഏഴ് മാസങ്ങൾക്ക് മുമ്പാണ് ട്രാൻസ്മാനായ പ്രവീൺനാഥ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഇതിനോടകം മൂന്ന് കറക്ഷൻ സർജറി പ്രവീൺനാഥിന് ചെയ്യേണ്ടി വന്നു. ഇനിയും കറക്ഷൻ വേണമെന്ന സാഹചര്യമാണ് നിലവിൽ ഇദ്ദേഹത്തിനുള്ളത്. “കൃത്യമായ പ്രോട്ടോകോൾ പ്രകാരമല്ല സർജറി നടന്നത്. സർജറി കഴിഞ്ഞതിന് ശേഷമാണ് ഏത് മെത്തേഡാണ് ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ സർജറിയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഡോക്ടറിനോട് പറയുമ്പോൾ ഞാൻ ശസ്ത്രക്രിയയ്ക്ക് ശാരീരികമായി തയ്യാറല്ലായിരുന്നു എന്നാണ് അവർ മറുപടി തരുന്നത്. എന്തുകൊണ്ടാണ് സർജറിക്ക് മുമ്പ് അവർക്കത് മനസിലാകാഞ്ഞത്? ഇത്തരം കോംപ്ലിക്കേഷൻ ഉണ്ടാകുമെന്ന് എന്തുകൊണ്ട് അവർ സർജറിക്ക് മുന്നോടിയായി പറഞ്ഞില്ല?” പ്രവീൺനാഥ് അമർഷത്തോടെ ചോദിക്കുന്നു.
രണ്ടര ലക്ഷം രൂപയോളമാണ് പ്രവീൺനാഥിന് ഇതുവരെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ചിലവായത്. അതിൽ 1.50 ലക്ഷം മാത്രമാണ് സർക്കാരിൽ നിന്ന് തിരികെ ലഭിച്ചത്. സർക്കാർ പണം മടക്കിക്കൊടുക്കുമെങ്കിലും എല്ലാ ബില്ലുകളും അംഗീകരിക്കുന്നില്ലെന്ന് പ്രവീൺനാഥ് പറയുന്നു. ഹോസ്പിറ്റലിൽ നിന്നുള്ള ബില്ലുകൾ കൈമാറിയാൽ മാത്രമേ സർക്കാരിൽ നിന്ന് റീഫണ്ട് കിട്ടുകയുള്ളൂ എന്നത് ട്രാൻസ്‌ജെൻഡറുകളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക സംഘടിപ്പിക്കാനായി കടം വാങ്ങേണ്ട ഗതികേടിലാണ് പലരും. എല്ലാ ബില്ലുകളും സ്വീകരിക്കില്ല എന്ന നയം ഇവരുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
വരുന്ന ഒക്ടോബറിൽ നടക്കുന്ന ഒരു മത്സരത്തിനായി തയാറെടുക്കുകയാണ് പ്രവീൺനാഥ് ഇപ്പോൾ. മത്സര ശേഷം റീകറക്ഷൻ ചെയ്യാമെന്ന് ഡോക്ടേഴ്‌സ് പറയുന്നുണ്ടെങ്കിലും വീണ്ടും തന്റെ ശരീരത്തിൽ പരീക്ഷണങ്ങൾ നടത്താൻ പ്രവീൺനാഥ് ആഗ്രഹിക്കുന്നില്ല. “അമൃത ഹോസ്പിറ്റലിൽ തന്നെ ശസ്ത്രക്രിയ കഴിഞ്ഞ് കറക്ഷൻസും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒത്തിരി ആളുകളുണ്ട്. പുറത്ത് പറഞ്ഞുകഴിഞ്ഞാൽ സമൂഹം എങ്ങനെ എടുക്കുമെന്നൊരു പേടി എല്ലാവർക്കുമുണ്ട്. അതുകൊണ്ടാണ് ആരും ഒന്നും പറയാതിരിക്കുന്നത്.” പ്രവീൺനാഥ് പറയുന്നു. സാമൂഹ്യനീതി വകുപ്പിനും ട്രാൻസ്‌ജെൻഡർ സെല്ലിനും പരാതിയും അപേക്ഷയും നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും പ്രവീൺനാഥ് ആരോപിക്കുന്നു.
തിരുവനന്തപുരം പേട്ടയിലുള്ള കോസ്മറ്റിക് ഹോസ്പിറ്റലിനെ കുറിച്ചും നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. “പേട്ടയിലുള്ള ഒരു വീടാണ് ഹോസ്പിറ്റലായി പണിതിരിക്കുന്നത്. അവിടെ യാതൊരു സൗകര്യങ്ങളും ഇല്ല. ആരാണ് ഇവർക്ക് ലൈസൻസ് കൊടുത്തിട്ടുള്ളതെന്ന് പോലും അറിയില്ല. ഐ.സി.യു ഇല്ല, കിച്ചണിലാണ് ഓപ്പറേഷൻ റൂം സെറ്റപ്പ് ചെയ്തിരിക്കുന്നത്.” ട്രാൻസ്മാൻ സമ്പത്ത് തന്റെ അനുഭവങ്ങൾ വിവരിച്ചു. “നിപ്പിൾ കറക്ഷനാണ് ഞാനവിടെ ചെയ്തത്. അതിൽ പിഴവ് സംഭവിച്ചു. ഡോക്ടറിനോട് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മൂന്ന് മാസം മസാജ് ചെയ്താൽ മതിയെന്നാണ് പറഞ്ഞത്. പക്ഷേ ശരിയാകുന്നുണ്ടായിരുന്നില്ല. എന്റെ നിപ്പിൾ കാണുന്തോറും എനിക്ക് ഇപ്പോൾ മാനസികമായ അസ്വസ്ഥതകൾ തോന്നുന്നുണ്ട്.” സമ്പത്തിന്റെ റീസർജറിക്കായി നാൽപ്പതിനായിരം രൂപയാണ് കോസ്മറ്റിക് ഹോസ്പിറ്റലിൽ നിന്ന് വീണ്ടും ആവശ്യപ്പെടുന്നത്. എന്നാൽ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് താൻ ഇനിയും കാശ് നൽകണോ എന്നാണ് സമ്പത്ത് ചോദിക്കുന്നത്.
തങ്ങളുടെ ശരീരം കടന്നുപോകാവുന്ന മാറ്റങ്ങളെക്കുറിച്ചും, മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൃത്യമായ ധാരണകൾ ആശുപത്രി അധികൃതരും ഡോക്ടേഴ്‌സും നൽകേണ്ടതുണ്ട്. എന്നാൽ ഇന്ന് കേരളത്തിൽ കാണുന്ന അവസ്ഥ അതല്ലെന്ന് ട്രാൻസ്‌ജെൻഡർ ഷെറിൻ വ്യക്തമാക്കുന്നു. “സിലിക്കൺ ഇംപ്ലാന്റേഷൻ എന്താണെന്നോ, ഹോർമോൺ എന്താണെന്നോ കമ്യൂണിറ്റിയിലെ പലർക്കും ഇന്നും വലിയ ധാരണകൾ ഇല്ല. എങ്ങനെയും കാശുണ്ടാക്കി തങ്ങൾ ആഗ്രഹിക്കുന്ന ശരീരത്തിലേക്ക് മാറുക എന്നത് മാത്രമാണ് അവർ പലപ്പോഴും ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ കാശുണ്ടാക്കി ഉടനെ സർജറിക്ക് പോകുകയാണ് പലരും ചെയ്യുന്നത്.” ട്രാൻസ്‌ജെൻഡർ ഷെറിൻ പറയുന്നു.
സാമ്പത്തിക ചൂഷണം
2018ലാണ് കേരള സർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയകൾക്കുള്ള ധനസഹായം നൽകാൻ ആരംഭിക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം നൽകിയിരുന്നത്. എന്നാൽ ട്രാൻസ്‌മെനുകൾക്കുള്ള ശസ്ത്രക്രിയകൾ ചിലവേറിയതാണെന്ന് ട്രാൻസ്‌ജെൻഡർ സമൂഹം നൽകിയ അപ്പീലിനെ തുടർന്ന് ട്രാൻസ് വുമണുകൾക്ക് രണ്ടര ലക്ഷം രൂപയും ട്രാൻസ്‌മെനുകൾക്ക് അഞ്ച് ലക്ഷം രൂപയുമായി ചികിൽസാ ധനസഹായം ഉയർത്തുകയായിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നീക്കം ആശുപത്രികളുടെ ഭാഗത്ത് നിന്നുള്ള കൂടുതൽ സാമ്പത്തിക ചൂഷണങ്ങൾക്ക് വഴിവെക്കുകയാണ് ചെയ്തതെന്ന് ട്രാൻസ് സമൂഹം വ്യക്തമാക്കുന്നു.
“സർക്കാർ നൽകുന്ന മുഴുവൻ തുകയും ഞങ്ങളുടെ കൈയിൽ നിന്ന് ഈടാക്കാനാണ് പ്രൈവറ്റ് ഹോസ്പിറ്റലുകൾ പലപ്പോഴും ശ്രമിക്കുന്നത്. സർക്കാർ ധനസഹായം കൂടുതൽ നൽകുന്നതിനനുസരിച്ച് ഹോസ്പിറ്റലുകൾ ബിൽ തുക കൂട്ടുകയാണ്.” ട്രാൻസ്മാൻ സമ്പത്ത് ആരോപിക്കുന്നു.
“സർജറിയുടെ വാണിജ്യ സാധ്യത മനസിലാക്കിയിട്ടാണ് സൗകാര്യ ആശുപത്രികൾ ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് കടന്നുവന്നിട്ടുള്ളത്. അവരെ സംബന്ധിച്ച് ട്രാൻസ്‌ഫോബിയ സെക്കണ്ടറിയാണ്. കാശ് മാത്രമാണ് അവരുടെ ലക്ഷ്യം. ഒരേ ആശുപത്രിയിൽ കൺവെർഷൻ തെറാപ്പിയും ലിംഗമാറ്റ ശസ്ത്രക്രിയയും ചെയ്ത് തരാമെന്ന് പറയുന്ന സിസ്റ്റമാണ് ഇവിടെയുള്ളത്.” ട്രാൻസ്‌ജെൻഡർ അനുരാധ കൃഷ്ണൻ പറയുന്നു.
“കോസ്‌മെറ്റിക് ഹോസ്പിറ്റലിൽ ടോപ് സർജറിക്ക് 80,000 രൂപയായിരുന്നു ആദ്യം വാങ്ങിയിരുന്നത്. പിന്നീട് രണ്ട് തവണയോളം ഇവർ തുക കൂട്ടിയിട്ടുണ്ട്. അവിടെ സർജറി ചെയ്ത പലർക്കും റീസർജറി ചെയ്യേണ്ടി വന്നിട്ടുണ്ട്. അഞ്ച് ലക്ഷവും വാങ്ങിയെടുക്കാനാണ് ഹോസ്പിറ്റലുകൾ ശ്രമിക്കുന്നത്.” ട്രാൻസ്‌മെൻ അർജുൻ ഗീത പറയുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കുന്ന ധനസഹായം കൂടുന്നതിനനുസരിച്ച് ഹോസ്പിറ്റൽ ബില്ല് കൂടുന്നുണ്ടെങ്കിലും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹോസ്പിറ്റലുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല എന്നത് പരിതാപകരമാണ്.
സർക്കാരിന്റെ അനാസ്ഥ
2017 ജനുവരി 24ന് ആണ് 41കാരനായ സാഗർ, ഫെലോ പ്ലാസ്റ്റി എന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിധേയനാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് താൻ നേരിടുന്ന വേദനകൾ പുറത്തു പറഞ്ഞുകൊണ്ട് സാഗർ രംഗത്തെത്തുന്നത്. അഞ്ചോ ആറോ ശസ്ത്രക്രിയ വേണ്ടിടത്ത് 13 സങ്കീർണ ശസ്ത്രക്രിയകൾക്ക് അദ്ദേഹത്തെ വിധേയനാക്കുകയായിരുന്നു. ജീവൻ ഭീഷണിയിലായതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി അതിജീവിക്കുകയായിരുന്നു ഇദ്ദേഹം.
2015ൽ പുറപ്പെടുവിച്ച ട്രാൻസ്‌ജെൻഡർ പോളിസിയിൽ ട്രാസ്‌ജെൻഡർ വ്യക്തികൾക്ക് സൗജന്യമായി സർക്കാർ മെഡിക്കൽ കോളേജിൽ സർജറി ചെയ്ത് നൽകണമെന്ന് നിർദ്ദേശമുണ്ട്. പക്ഷെ അതിന് വേണ്ട സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളേജ് പോലും ഇന്ന് കേരളത്തിൽ നിലവിലില്ല. 2017ൽ സാഗറിന് ഉണ്ടായ ദുരനുഭവമെങ്കിലും സർക്കാർ കണക്കിലെടുത്തിരുന്നെങ്കിൽ അനന്യയുടെ മരണം പോലെയുള്ള പ്രശ്‌നങ്ങൾ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാമായിരുന്നു.
“അനന്യ മരണപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ട് പോലും ട്രീറ്റ്‌മെന്റ് ഡോക്യുമെന്റ്‌സ് റെനൈ മെഡിസിറ്റി നൽകിയിട്ടില്ല. ഇതിനോടകം പല റെക്കോർഡ്‌സുകളും അവർ മാറ്റിയിട്ടുണ്ടാകും. അല്ലെങ്കിൽ ഒരു വ്യക്തിയുടെ ട്രീറ്റ്‌മെന്റ് റെക്കോർഡ് എന്തിനാണ് പിടിച്ചു വെക്കുന്നത്? സർക്കാർ ആശുപത്രികളിലായിരുന്നെങ്കിൽ അത് നടക്കില്ല. അനന്യയുടെ മരണത്തെ തുടർന്ന് പ്രതിഷേധിച്ച പലർക്കും റെനൈ മെഡിസിറ്റി സർജറി ചെയ്തുതരില്ല എന്ന തീരുമാനത്തിലാണ്. പലർക്കും റിവ്യൂ ട്രീറ്റ്‌മെന്റ് നിഷേധിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.” അനുരാധ കൃഷ്ണൻ പറഞ്ഞു.
ട്രാൻസ്‌ജെൻഡർ ക്ലിനിക്
2017ലാണ് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ക്ലിനിക് കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സംവിധാനങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിലെ ട്രാൻസ് ജെൻഡർ ക്ലിനിക്ക് സർക്കാരിന് മൂന്ന് തവണ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ പ്രതികരിക്കുകയോ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ കൗൺസിലിംഗും ഹോർമോൺ ട്രീറ്റ്‌മെന്റുമാണ് നൽകിയിരുന്നത്. സർജറികൾ അവിടെ ചെയ്യാൻ പറ്റുമെങ്കിലും പരിശീലനമുള്ള ഡോക്ടർമാരില്ല. ഇപ്പോൾ അത് പ്രവർത്തിക്കുന്നുമില്ല.
“ട്രാൻസ് വ്യക്തികൾക്കിടയിൽ സ്ഥിരമാകുന്ന ആത്മഹത്യകൾ, അവയുടെ കാരണങ്ങൾ, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവ കൈകാര്യം ചെയ്യാനായി കേരളത്തിൽ മെഡിക്കൽ പ്രോട്ടോകോളും മാർഗനിർദ്ദേശങ്ങളും ആവശ്യമാണ്. പ്രോട്ടോകോൾ ഉണ്ടാകുന്നതിനൊപ്പം തന്നെ എല്ലാ ജില്ലകളിലും മെഡിക്കൽ കെയർ സെന്ററുകളുടെ സപ്പോർട്ട് ട്രാൻസ് വ്യക്തികൾക്ക് ലഭിക്കേണ്ടതാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങിയ മൂന്ന് ജില്ലാ ആശുപത്രികളിൽ സർജറി ചെയ്യാനുള്ള മുഴുവൻ സൗകര്യങ്ങളും സജ്ജീകരിക്കാമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.” സാമൂഹ്യ പ്രവർത്തകൻ ശരത് ചേലൂർ അഭിപ്രായപ്പെട്ടു.
“അനന്യയുടെ മരണത്തിന്റെ അടിസ്ഥാനത്തിൽ 2021 മാർച്ച് 27ന് സ്‌റ്റേറ്റ് ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മീറ്റിംഗ് നടത്തി. ആ മീറ്റിംഗിൽ സർജറിയെക്കുറിച്ച് പഠിക്കാനും സ്വകാര്യ ആശുപത്രികൾ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുന്നതിനായി ഒരു ഏകീകൃത ചിലവ് ഫിക്‌സ് ചെയ്യാനും നിർദ്ദേശമുണ്ടായി. സ്റ്റാൻഡേർഡ്‌സ് ഓഫ് കെയറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനായി ഒരു പ്രോട്ടോക്കോൾ രൂപീകരിക്കുന്നതിന് വേണ്ടി വിദഗ്ധ സമിതി വേണമെന്നും നിർദ്ദേശം വന്നു. അതുപ്രകാരം 2022 ജൂലൈ 23ന് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ ഈ വിഷയങ്ങൾ സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ അടക്കമുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. ഇത് കൂടാതെ പ്രോട്ടോക്കോൾ രൂപീകരണത്തിന് ആരോഗ്യവകുപ്പിന്റെ മീറ്റിംഗുകളും നടക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സെല്ലിന്റെ കണക്ക് പ്രകാരം മുന്നൂറിലധികം ആളുകൾ നിലവിൽ സർജറി ചെയ്തിട്ടുണ്ട്.” ട്രാൻസ്‌ജെൻഡർ സെൽ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ശ്യാമ എസ്. പ്രഭ പറഞ്ഞു.
ട്രാൻസ് ഫോബിക് ടെക്‌സ്റ്റ് ബുക്കുകൾ
ഇക്കാലമത്രയും മാറ്റി നിർത്തപ്പെട്ടതിന് ലൈംഗിക ന്യൂനപക്ഷങ്ങളോട് ചരിത്രം മാപ്പ് ചോദിക്കേണ്ടതുണ്ടെന്നാണ് 2018 സെപ്തംബർ 6ന് സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 377-ാം വകുപ്പ് റദ്ദുചെയ്ത ചരിത്രവിധിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടത്. പക്ഷെ ഇന്നും ഇന്ത്യൻ മെഡിക്കൽ ടെക്സ്റ്റ് ബുക്കുകൾ ക്വീർ-ട്രാൻസ് വിരുദ്ധമായി തന്നെ തുടരുകയാണ്. ഹോമോസെക്ഷ്വാലിറ്റി, ലെസ്ബിയനിസം എന്നിവയെ സെക്ഷ്വൽ ഒഫൻസുകളായാണ് ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ട്രാൻസ്‌ജെൻഡറുകളെയും ക്വീർ മനുഷ്യരെയും കാലഹരണപ്പെട്ട വ്യാഖ്യാനങ്ങളിലൂടെയാണ് ഈ പുസ്തകങ്ങളിൽ അവതരിപ്പിക്കുന്നതും. മെഡിക്കൽ ടെക്സ്റ്റ് ബുക്കുകൾ തന്നെ ഈവിധം തുടരുമ്പോൾ ചികിത്സാനീതി എന്നത് എങ്ങനെ സാധ്യമാകും എന്ന് ട്രാൻസ് സമൂഹം ചോദിക്കുന്നു.
“ടെക്സ്റ്റ് ബുക്കുകളിൽ ഹോമോഫോബികും ക്വീർ ഫോബികുമായ കണ്ടന്റുകൾ ഉണ്ട്. മെഡിക്കൽ സിലബസ് റിവൈസ് ചെയ്യാനുള്ള ഓർഡർ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇറക്കിയിട്ടുണ്ടെങ്കിലും എന്നാണ് ഇവയ്ക്ക് ഒരു മാറ്റമുണ്ടാകാൻ പോകുന്നതെന്ന് അറിയില്ല.” ട്രൊൻസ്‌ജെൻഡർ അനുരാധ കൃഷ്ണൻ പറയുന്നു.
“മറ്റെല്ലാവരെയും പോലെ തന്നെ LGBTQA+ മനുഷ്യർക്കും അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുമായെത്തുന്ന ക്വീർ വ്യക്തികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന പരിശീലനമൊന്നും എം.ബി.ബി.എസ് പഠനസമയത്ത് ലഭിക്കുന്നില്ല. നോൺഡിസ്‌ക്രിമിനേറ്റീവായി ആളുകളോട് എങ്ങനെ പെരുമാറാമെന്നൊക്കെ പരിശീലനം ലഭിക്കേണ്ടതുണ്ട്.” സൈക്യാട്രിസ്റ്റ് ഡോ. ജിതിൻ ടി. ജോസഫ് അഭിപ്രായപ്പെട്ടു.
ടെക്സ്റ്റു ബുക്കുകളിൽ ഫോബിക്കായ കണ്ടന്റുകൾ ഉണ്ടെങ്കിലും യുവതലമുറ സ്വയം പഠിക്കാനും നവീകരിക്കാനും തയാറായി മുന്നോട്ടുവരുന്നുണ്ടെന്നാണ് ഡോ. ജയശ്രീ അഭിപ്രായപ്പെട്ടത്. “ക്വീർ പ്രൈഡ് ആഘോഷങ്ങൾ ക്യാമ്പസുകളിൽ നടക്കുന്നത് അത്തരമൊരു മാറ്റമായാണ് കാണേണ്ടത്. പക്ഷെ പരീക്ഷയിൽ ചില ചോദ്യങ്ങൾ വരുമ്പോൾ ഇത് അവരിൽ ആശങ്കയുണ്ടാക്കാം. കാരണം അവർ മനസിലാക്കിയതും ടെക്സ്റ്റ് ബുക്കിൽ പഠിക്കുന്നതും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. ട്രാൻസ്‌ജെൻഡർ ഹെൽത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പഠനത്തിൽ ആബ്‌സെന്റാണ്. അതൊക്കെ മാറി സിലബസ് കാലത്തിനൊപ്പം നവീകരിക്കേണ്ടതുണ്ട്.”
ജസ്റ്റിസ് ഫോർ അനന്യ
അനന്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഗൗരവമായി നടത്തുക, മരണത്തിലെ ദുരൂഹത പുറത്തുകൊണ്ട് വരിക, ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകൾ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് 2021 ജൂലൈ 25ന് ജസ്റ്റിസ് ഫോർ അനന്യ ആക്ഷൻ കൗൺസിലും വസ്തുതാ അന്വേഷണ പഠന സംഘവും രൂപീകരിക്കുന്നത്. എന്നാൽ അനന്യയുടെ ചികിത്സാ സംബന്ധമായ രേഖകൾ ആർക്കും കൈമാറാൻ റെനൈ മെഡിസിറ്റി അധികൃതർ തയ്യാറായിരുന്നില്ല. തുടർന്ന് അനന്യയുടെ അച്ഛൻ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനന്യ മരിച്ച് ഒരു വർഷം പിന്നിട്ട ശേഷമാണ് 2022 ജൂലൈ 25ന് അനന്യയുടെ ചികിത്സാ രേഖകൾ വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ് വന്നത്.
“അനന്യയുടെ അച്ഛൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ രേഖകൾ ലഭിക്കാൻ വേണ്ടി ഒരു വർഷമായി നടക്കുന്നു. അത് ലഭിക്കാൻ ഒടുവിൽ കോടതി ഉത്തരവ് വേണ്ടിവന്നു. സ്വന്തം അച്ഛൻ ആവശ്യപ്പെട്ടിട്ട് പോലും മെഡിക്കൽ രേഖകൾ നൽകാതിരുന്നത് അനീതിയാണ്. റെനൈ മെഡിസിറ്റിയുടെ കാര്യം മാത്രമല്ല ഇത്. ചേർത്തലയിലുള്ള ഒരു ട്രാൻസ്ജൻഡർ മൊട്ടുസൂചി വെച്ച് കുത്തി മൂത്രമൊഴിക്കേണ്ട ഗതികേടിലാണ്. കമ്മ്യൂണിറ്റിയിലുള്ള പല ആളുകളും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സാമൂഹികമായിട്ടുണ്ടായേക്കാവുന്ന നാണക്കേട് കൊണ്ടാണ് പലരും ഇത് മറച്ച് വെച്ചിരിക്കുന്നത്.” ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു പറയുന്നു. “മാനസികാരോഗ്യം നിലനിർത്തിക്കൊണ്ടുള്ള സർജറിയാണ് ഇത്. അതുകൊണ്ടുതന്നെ സൈക്യാട്രിക് വിഭാഗത്തിന്റെ സപ്പോർട്ട് നിർബന്ധമായും ആവശ്യമുണ്ട്. ഇന്ന് പോയി ഡോക്ടറെ കണ്ട് അടുത്ത ആഴ്ച സർജറി നടത്തുന്ന അവസ്ഥയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാർ ഇതിന് വേണ്ടി ഗൈഡ്‌ലൈൻ കൊണ്ടുവരുകയാണ് ഒരു പരിഹാരം.”
“സംസ്ഥാനത്തിന് ഒരു പ്രോട്ടോകോളും ഗൈഡ്‌ലൈനും ഉണ്ടാവേണ്ടതുണ്ട്. ട്രാൻസ്ജെൻഡർ ഹെൽത്തുമായി ബന്ധപ്പെട്ട് ഡബ്ല്യൂ പാത്തിന്റെ (World Professional Association for Transgender Health) ഗൈഡ് ലൈനാണ് നിലവിൽ മിക്ക രാജ്യങ്ങളും ഫോളോ ചെയ്യുന്നത്. ഡോക്ടർമാരെയും ലീഗൽ അഡ്വൈസ് തരാൻ കഴിയുന്ന ആളുകളെയും കമ്മ്യൂണിറ്റി മെമ്പേഴ്‌സിനെയും ഉൾപ്പെടുത്തി വർക്ക്ഷോപ്പ് നടത്തുകയാണെങ്കിൽ ഒരു ഗൈഡ്‌ലൈൻ ഉണ്ടാക്കാൻ നമുക്ക് കഴിയും. അനന്യയുടെ കേസിൽ മെഡിക്കൽ നെഗ്ലിജൻസ് ഉന്നയിക്കണമെങ്കിൽ ഒരു കമ്മിറ്റി അത് പരിശോധിച്ച് പ്രോട്ടോകോൾ ലംഘനമുണ്ടെന്ന് റിപ്പോർട്ട് ചെയ്താൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. അത്തരമൊരു കമ്മിറ്റി കേരളത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ മെഡിക്കൽ നെഗ്ലിജൻസിൽ കേസ് എടുക്കാൻ പറ്റില്ല. അതാണ് ഇവിടുത്തെ നിയമസംവിധാനത്തിന്റെ പ്രശ്നം.” സാമൂഹ്യ പ്രവർത്തകൻ അനിൽ ചില്ല പറയുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിൽ മികവ് പുലർത്തുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ട് പരിശീലനങ്ങൾ നൽകണമെന്നും സർക്കാർ സംവിധാനങ്ങളിൽ ചികിത്സാ സൗകര്യങ്ങളൊരുക്കണമെന്നും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ ദീർഘനാളത്തെ ആവശ്യമാണ്. എന്നാൽ അനന്യയുടെ മരണം നടന്ന് ഒരു വർഷത്തിന് ശേഷവും വേണ്ട നടപടികൾ ആരും കൈക്കൊള്ളുന്നില്ല.
“അനന്യയുടെ മെഡിക്കൽ റിപ്പോർട്‌സ് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. അന്വേഷണം കൃത്യമായി നടക്കാത്തതിനാൽ ലോക്കൽ പോലീസിൽ നിന്ന് മാറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് പറഞ്ഞാണ് ഞങ്ങളിപ്പോൾ കേസ് കൊടുത്തിരിക്കുന്നത്. സി.ആർ.പി.സി 174 സെക്ഷൻ പ്രകാരം എഫ്.ഐ.ആർ ഇട്ടാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ അത് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ എത്തുന്ന രീതിയിലാകണം ചാർജ്ജ് ഷീറ്റ് എന്ന ആവശ്യം കൂടി നമ്മൾ ഉന്നയിച്ചിട്ടുണ്ട്. ജുഡീഷ്യൽ ഡിക്ലറേഷനാണ് ഇക്കാര്യത്തിൽ വേണ്ടത്.” കേസ് കൈകാര്യം ചെയ്യുന്ന അഡ്വ. അരുൺ അഭിപ്രായപ്പെട്ടു.
സമരമായി മാറിയ മരണം
അനന്യയുടെ മരണം ചില പുതിയ മാറ്റങ്ങൾക്ക് കൂടിയാണ് വഴിതുറന്നത്. ട്രാൻസ്‌ജെൻഡറുകളായ മക്കളെ അംഗീകരിക്കാൻ മടിക്കുന്ന രക്ഷിതാക്കളുള്ള കേരള സമൂഹത്തിൽ ട്രാൻസ് വുമണായ മകൾക്ക് നേരിടേണ്ടിവന്ന നീതിനിഷേധത്തിനെതിരെ ഒരച്ഛൻ പോരാടുന്ന കാഴ്ച അത്യപൂർവ്വമായി. അനന്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പോരാട്ടങ്ങളിൽ അച്ഛൻ അലക്സാണ്ടർ മുൻ നിരയിലുണ്ടായിരുന്നു. കൊല്ലം പെരുമണ്ണിലെ സെന്റ്. ജോസഫ് കാത്തലിക് ചർച്ചിൽ അനന്യ അവൾക്കായി തെരഞ്ഞെടുത്ത പേര് ചൊല്ലിയാണ് അന്ത്യകർമങ്ങൾ നടന്നത്. കുടുംബം ആ കർമ്മങ്ങൾക്ക് സാക്ഷിയായി നിന്നു. അനന്യയുടെ മരണം പോലും സമരമാവുന്നത് അവിടെയാണ്.
തന്റെ മകൾക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ അലക്‌സാണ്ടർ തയ്യാറാണ്. “ഒറ്റ മെഡിക്കൽ രേഖ പോലും ഹോസ്പിറ്റലുകാർ നൽകിയിട്ടില്ല. മെഡിക്കൽ രേഖകൾ വിട്ടുനൽകാൻ തയ്യാറല്ലെന്നുള്ള മറുപടിയാണ് ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനെ തുടർന്നാണ് റിട്ട് ഫയൽ ചെയ്തത്. ഇപ്പോൾ അതിലാണ് ഉത്തരവ് വന്നിട്ടുള്ളത്.” അലക്‌സാണ്ടർ പറയുന്നു. “എല്ലാ തെളിവുകളും എന്റെ കൊച്ചിന്റെ ഫോണിൽ കിടപ്പുണ്ട്. ഫോൺ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയപ്പോൾ ഫോറൻസിക് ലാബിൽ ഇരിക്കുകയാണെന്നാണ് മറുപടി ലഭിച്ചത്. അനന്യയുടെ മരണശേഷം വിസ്മയയുടെയും ഉത്തരയുടെയും വിധി വന്നു. സാധാരണക്കാരായ നമ്മളെ ആരും ഒരു വിലയും കല്പിക്കുന്നില്ലെന്നതിന് തെളിവാണിത്. നീതിക്ക് വേണ്ടി പോരാടുക എന്നത് മാത്രമാണ് മുന്നിലുള്ളത്. പകുതിക്കിട്ട് പോകില്ല ഞാൻ.” നിശ്ചയദാർഢ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു.
അനന്യ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളെല്ലാം തന്നെ ശാശ്വതമായി പരിഹരിക്കപ്പെടുമ്പോൾ മാത്രമാണ് അനന്യക്ക് നീതി കിട്ടിയെന്ന് പറയാനാവൂ. ട്രാൻസ്ജെൻഡർ ആത്മഹത്യകൾ ‘വ്യക്തിപരമായ കാരണങ്ങൾ’ ആണെന്നു പറഞ്ഞ് അവഗണിക്കുന്ന സമീപനം തിരുത്താൻ അനന്യ കുമാരി അലക്സിന്റെ വേർപാട് ഒരു ശക്തമായ കാരണമായി മാറുകയാണ്. ട്രാൻസ്ജെൻഡർ സമൂഹത്തെയും ക്വിയർ മനുഷ്യരെയും കുറ്റവാളികളായി കാണുന്ന ഒരു വലിയ വിഭാഗം ഇന്നും മാറാതെ നിൽക്കുന്നു എന്നത് ചൂഷണങ്ങളുടെയും അവഗണനകളുടെയും വ്യാപ്തി വർദ്ധിപ്പിക്കും എന്ന് അനന്യ കുമാരിയുടെ ആത്മഹത്യയും ഒരു വർഷമായി തുടരുന്ന നീതിനിഷേധവും ഓർമ്മിപ്പിക്കുന്നു.