കുറയുന്ന ശുദ്ധജലം, പടരുന്ന മഞ്ഞപ്പിത്തം

കടുത്ത വേനലിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ അതിതീവ്ര മഴയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. വേനൽക്കാലത്ത് അനുഭവപ്പെട്ടിരുന്ന ജലദൗ‍‍‍‌ർലഭ്യത ഏറെക്കുറെ പരിഹരിക്കപ്പെട്ടെങ്കിലും ലഭ്യമാകുന്ന വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് ഉറപ്പുപറയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കേരളത്തിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം പതിവിലും കൂടുന്നതായുള്ള വാർത്തകൾ ഇതിന്റെ സൂചന കൂടിയാണ്. കാലവർഷമെത്തുമ്പോൾ പതിവുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങേണ്ട സമയത്ത് മഞ്ഞപ്പിത്ത രോഗബാധയുടെ (ഹെപ്പറ്റൈറ്റിസ് എ) ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ് കേരളത്തിന്റെ പല പ്രദേശങ്ങളും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂർ പഞ്ചായത്തിലാണ് ആദ്യ ഹെപ്പറൈറ്റിസ് എ ബാധ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 17ന് ആയിരുന്നു പഞ്ചായത്തിൽ രോഗം ആദ്യം സ്ഥിരീകരിക്കുന്നത്. ഒരു മാസം കഴിയുമ്പോഴേക്കും രോഗികളുടെ എണ്ണം 217 ആയി കൂടി. കേരളത്തിലെ ഒരു പ്രദേശത്ത് സമീപകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള മഞ്ഞപ്പിത്ത കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രാദേശികമായി വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ ക്ലോറിനേഷന്റെ അപര്യാപ്തത അധികൃതർ കണ്ടെത്തിയിരുന്നു. ഇതാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് അതിവേഗം പകരുന്നതിന് കാരണമായതായി പറയുന്നത്. വേങ്ങൂരിലെ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഏക ജലസ്രോതസിൽ നിന്നുള്ള ജലം ശുദ്ധിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണ് രോഗബാധയ്ക്ക് കാരണം എന്നാണ് ആരോപണം. കുടിവെള്ളത്തിൽ മനുഷ്യവിസർജ്യം കലരുകയും കോളിഫോം ബാക്ടീരിയയുടെ എണ്ണം കൂടുകയും ചെയ്തതാണ് രോഗബാധയ്ക്ക് കാരണമെന്ന നിഗമനത്തിലേക്ക് അധികൃതർ എത്തിയതോടെ ജലസ്രോതസ്സിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും രോഗവ്യാപനം വൻതോതിൽ നടന്നു. വേങ്ങൂരിലെ കൈപ്പിള്ളി 12-ാം വാർഡ്, ചൂരത്തോട് 11-ാം വാർഡ്, വക്കുവള്ളി 10-ാം വാ‌‍‍ർഡ്, വേങ്ങൂർ 9-ാം വാർഡ്, ഇടതുരുത്ത് 8-ാം വാർഡ് എന്നിവിടങ്ങളിൽ ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പല വീടുകളിലും മുഴുവൻ അംഗങ്ങളും രോഗബാധിതരാണ്. മിനി കുടിവെള്ള പദ്ധതി വഴി തൊട്ടടുത്ത പ്രദേശമായ വക്കുവള്ളിയിലെ ജലസംഭരണിയിൽ നിന്നാണ് രോഗബാധിത പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്നത്. സംഭരണിയോട് ചേർന്നുള്ള പുലച്ചിറയിലെ വെള്ളമാണ് കിണറ്റിൽ നിന്ന് പമ്പ് ചെയ്യുന്നത്. വെള്ളത്തിന്റെ ദൗർലഭ്യമുള്ളതിനാൽ കനാലിൽ നിന്നുള്ള വെള്ളവും ഇവിടേക്ക് തിരിച്ചുവിടുന്നുണ്ട്. ഇത് ക്ലോറിനേഷൻ നടത്തിയാണ് പമ്പ് ചെയ്യുന്നത്. കാലങ്ങളായി ഈ വിധത്തിലാണ് ജലവിതരണം നടക്കുന്നതെന്നും ഇതുവരെ ഇത്തരത്തിൽ രോഗബാധയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. രോഗബാധയുണ്ടായതിന് ശേഷം വെള്ളം പരിശോധിച്ചപ്പോൾ ക്ലോറിന്റെ അംശം കണ്ടെത്താനായില്ലെന്നും, താത്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വന്ന വീഴ്ച്ചയ്ക്ക് കാരണമെന്നും ജല അതോറിറ്റി പറയുന്നു.

വേങ്ങൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം

ജലക്ഷാമവും ജലവിതരണത്തിലെ പാളിച്ചയും

വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴി, കൊമ്പനാട്, വക്കുവള്ളി, ചൂരത്തോട്, കോഴിക്കോട്ടുകുളങ്ങര, നെടുങ്ങപ്ര, വീട്ടി മുകൾ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. അശമന്നൂർ, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളിൽ കുടിവെള്ളം പമ്പ് ചെയ്യുന്ന പാണംകുഴി പമ്പ് ഹൗസിലെ മൂന്ന് മോട്ടോറുകൾ തകരാറിലായതാണ് കുടിവെള്ളക്ഷാമം നേരിടുന്നതിന് കാരണമായത്. പാണംകുഴി പമ്പ് ഹൗസിലെ തകരാറിലായ മോട്ടോറുകൾ നന്നാക്കുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കാണിച്ച അലംഭാവമാണ് വേങ്ങൂർ പഞ്ചായത്തിൽ അനുഭവപ്പെട്ട കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചിരുന്നു. പാണംകുഴി പമ്പ് ഹൗസിൽ പുതുതായി ഒരു മോട്ടോർ കൂടി വാങ്ങുമെന്നും, തകരാറിലായ മോട്ടോറുകൾ അടിയന്തരമായി നന്നാക്കുമെന്നും, പമ്പ് ഓപ്പറേറ്റർമാരുടെയും വാൽവ് ഓപ്പറേറ്റർമാരുടെയും യോഗം കൂടുമെന്നും, വേങ്ങൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പഞ്ചായത്ത് ഭരണസമിതിക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ഈ സമരത്തിന് പരിഹാരമായി നടത്തിയ പ്രവർത്തനങ്ങളിലെ പാളിച്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിലേക്ക് പഞ്ചായത്തിനെ എത്തിച്ചതെന്നാണ് കരുതുന്നത്.

വേങ്ങൂരിലെ ചിറ. കടപ്പാട്:mathrubhumi

“വേങ്ങൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആദ്യ ഹെപ്പറ്റൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്യുന്നത് ഏപ്രിൽ 17ന് ആയിരുന്നു, ആദ്യം റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ വീട്ടിൽ ആരോഗ്യവകുപ്പ് എത്തി അന്വേഷണം നടത്തിയെങ്കിലും എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് അയാൾക്കും അറിയില്ലായിരുന്നു. പിന്നീട് വീട്ടിൽ മറ്റാർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ ഏപ്രിൽ 18ന് വീട്ടിലെത്തി ആരോഗ്യ വകുപ്പ് വീട് പരിശോധന നടത്തി. രോഗബാധിതന്റെ വീട്ടിൽ മറ്റാർക്കും പ്രശ്നങ്ങളില്ലായിരുന്നെങ്കിലും തൊട്ടടുത്ത വീട്ടിലെ അംഗങ്ങളിൽ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് 18ന് തന്നെ വീട്ടുകാർ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചിരുന്നു, രോഗം പകരാനുള്ള കാരണമെന്താണെന്ന് വീട്ടുകാർക്ക് മനസിലായിരുന്നു. കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ കണക്ഷൻ മാത്രമാണ് ആശ്രയിക്കുന്നതെന്ന് അവർ തന്നെ പറഞ്ഞിരുന്നു. അങ്ങനെ വാട്ടർ അതോറിറ്റി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി അവർ ഉപയോഗിച്ചിരുന്ന കിണറും ടാങ്കും ക്ലോറിനേറ്റ് ചെയ്തു. ഏപ്രിൽ 19ന് നമ്മൾ പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ച് ചേർത്തിരുന്നു. പഞ്ചായത്തും ആരോഗ്യ വകുപ്പും കൂടി യോഗം ചേർന്നു. യോഗ തീരുമാനമായി പൊതുവായി ഉപയോഗിക്കുന്ന ടാങ്കും ചിറയും ശുചിയാക്കാൻ തീരുമാനമായി. വാട്ടർ അതോറിറ്റി ചിറ വറ്റിച്ച് വൃത്തിയാക്കിയ ശേഷം സൂപ്പർ ക്ലോറിനേറ്റ് ചെയ്തു.” രോഗവ്യാപനം തടയാൻ നടത്തിയ ആദ്യ ശ്രമങ്ങളെക്കുറിച്ച് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് വിശദമാക്കി.

ശിൽപ സുധീഷ്

ജലലഭ്യത കുറഞ്ഞപ്പോൾ ക്ലോറിനേഷൻ വേണ്ടവിധം നടത്താതെ വാട്ടർ അതോറിറ്റി പുതിയ സ്രോതസ്സിൽ നിന്നും വെള്ളമെടുത്ത് വിതരണം നടത്തിയതാണ് പ്രശ്നത്തിന് കാരണമെന്നും ശില്പ സുധീഷ് വ്യക്തമാക്കുന്നു. “നമ്മൾ സാമ്പിൾ എടുക്കുന്നതിന് മുമ്പ് തന്നെ വാട്ടർ അതോറിറ്റിയെ ഈ വിവരം അറിയിച്ചിരുന്നതുകൊണ്ട് ആദ്യം തന്നെ ജലസ്രോതസ് അവർ ക്ലോറിനേറ്റ് ചെയ്തു. ചിറ വറ്റിച്ചിരുന്നതുകൊണ്ട് ചിറയിൽ നിന്നും സാമ്പിളെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചിറയോട് ചേർന്ന് കനാലുണ്ട്, കനാലിലെ വെള്ളം കൂടി ഇങ്ങോട്ട് എത്തിച്ചാണ് വേനലിൽ ആവശ്യമായ വെള്ളം ഉറപ്പുവരുന്നത്. അങ്ങനെ കനാലിൽ നിന്നും ചിറയിലേക്ക് എത്തിയ വെള്ളമാണ് അടിയന്തര പരിശോധനയ്ക്കായി എടുത്തത്. ചിറയിലെ വെള്ളം പരിശോധിച്ച ഫലത്തിൽ ‘contaminated’ എന്ന് എഴുതിയിരുന്നു, ഏപ്രിൽ 23ന് അവർ മറ്റൊരു വീട്ടിൽ നിന്നും സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ അതിലും ക്ലോറിന്റെ അംശം കുറവാണെന്ന് കണ്ടിരുന്നു. ക്ലോറിനേഷൻ ഒട്ടും നടന്നിട്ടില്ലെന്ന് ഇതിൽ നിന്ന് മനസിലായിരുന്നു.”

വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നും അതിൽ നടപടിയുണ്ടാകണമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. “നിലവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദിവസം 10,12 കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് നിന്ന് മെയ് 24ന് രണ്ട് കേസാണ് റിപ്പോർട്ട് ചെയ്തത്. ഇനിയിപ്പോൾ 45-50 ദിവസത്തെ കാലാവധി കഴിഞ്ഞാലേ കേസുകൾ മുഴുവനായി കുറയൂ. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇനിയും 45-50 ദിവസം കഴിഞ്ഞാലേ ഇനി കേസുകളുണ്ടോ എന്ന് നമുക്ക് അറിയാൻ പറ്റൂ. വാട്ടർ അതോറിറ്റി കൃത്യമായ ക്ലോറിനേഷൻ നടത്താത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമാണല്ലോ. ആർ.ഡി.ഒയുടെ അന്വേഷണത്തിന്റെ ഭാഗമായ തെളിവെടുപ്പിന്റെ സമയത്ത് അവരുടെ കൈയിൽ ഒരു രേഖകളും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഒരു ലോഗ്ബുക്ക് ആയിരുന്നു. വാട്ടർ അതോറിറ്റി പഞ്ചായത്തിന്റെ ഘടകസ്ഥാപനമൊന്നും അല്ല, അതിന്റെയുള്ളിൽ കയറി ഞങ്ങൾക്ക് പരിശോധന നടത്താൻ ഒന്നും പറ്റില്ല. അവരുടെ അനുവാദം വേണം അതിന്, അല്ലെങ്കിൽ ആരെങ്കിലും രേഖാമൂലം പരാതി നൽകണം. പരാതി കിട്ടിയാൽ രേഖാമൂലം നമുക്കത് ആരോഗ്യവകുപ്പിന് ഫോർവേഡ് ചെയ്തിട്ട് അവരെ കൊണ്ട് പരിശോധന നടത്തിക്കാം, നിലവിൽ അങ്ങനെ പരാതി ഒന്നും ലഭ്യമായിട്ടില്ല.” ശിൽപ്പ സുധീഷ് കേരളീയത്തോട് വ്യക്തമാക്കി.

വേങ്ങൂർ പഞ്ചായത്തിലെ ജലവിതരണ സംവിധാനങ്ങൾ. കടപ്പാട്:thefourth

മഞ്ഞപ്പിത്ത രോഗബാധ കൂടിയതോടെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കലും ക്ലോറിനേഷൻ നോട്ടീസ്, പോസ്റ്ററുകൾ, പൊതു അറിയിപ്പുകൾ എന്നിവ വഴി പൊതുജന ബോധവൽക്കരണ ക്യാമ്പയിൻ ഉൾപ്പെടെ നിരവധി പ്രതിരോധ നടപടികൾ വിവിധ സർക്കാർ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗജന്യ മെഡിക്കൽ പരിശോധനയും ക്യാമ്പുകളും സംഘടിപ്പിച്ചു. പകർച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കുന്നതിനും രോഗികളെ പ്രവേശിപ്പിക്കുന്നതിനും അവശ്യ പരിചരണം നൽകുന്നതിനും കോട്ടയം, കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച് വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ തുടർ ചികിത്സക്കായി സർവ്വകക്ഷി യോഗ തീരുമാനത്തെ തുടർന്ന് മഞ്ഞപ്പിത്ത ചികിത്സാസഹായ നിധി എന്ന പേരിൽ അക്കൗണ്ട് തുറക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്തെ മഞ്ഞപ്പിത്ത മരണങ്ങൾ

വേങ്ങൂരിലെ രോഗബാധയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ഈ വർഷം കൂടുതൽ മരണങ്ങളുണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് എട്ട് പേർ ഈ വർഷം മരിച്ചു. മെയ് മാസം രോഗം സ്ഥിരീകരിച്ചവരാണ് മിക്കവരും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറൽ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയിൽ കൂടിയിട്ടുണ്ട്.

“മലബാറിൽ പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പല ഭാഗങ്ങളിലും ഇപ്പോഴും ഹെപ്പറ്റൈറ്റിസ് എ ആക്റ്റീവ് കേസുകൾ നിരവധിയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇത്തവണ ഉണ്ടായിരുന്ന അതികഠിനമായ ചൂട് സമയത്താണ് എനിക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതേ സമയത്ത് എന്റെ തൊട്ടടുത്ത പ്രദേശങ്ങളിലും ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എവിടെ നിന്നാണ് അസുഖ ബാധയുണ്ടായതെന്ന് തിരിച്ചറിയാൻ പറ്റിയിട്ടില്ല. ജോലിയുടെ ഭാഗമായി നിരന്തരം യാത്രകൾ ചെയ്യാറുണ്ട്. പലപ്പോഴായി ഭക്ഷണത്തിനും കുട്ടിവെള്ളത്തിനും ഹോട്ടലുകളെയും ജ്യൂസ് കോർണറുകളെയും ആശ്രയിക്കാറുണ്ട്. അങ്ങനെ രോഗം ബാധിച്ചതാവാനാണ് സാധ്യത. വെള്ളത്തിലൂടെയോ പഴകിയ ഭക്ഷണത്തിലൂടെയോ മഞ്ഞപ്പിത്തം പകരാമല്ലോ. നഗരങ്ങളിലെ സ്ഥാപനങ്ങൾ പൊതുവെ മുനിസിപ്പാലിറ്റി വെള്ളത്തെ ആണ് ആശ്രയിക്കുന്നത്. ജലസ്രോതസുകൾ അനിയന്ത്രിതമായി മലിനീകരിക്കപ്പെടുന്നു എന്നതാണ് ഇത്തരം പകർച്ചവ്യാധികൾ നിരന്തരം പടർന്നുപിടിക്കാൻ കാരണമായി എനിക്ക് തോന്നുന്നത്. അതിന് സർക്കാർ സംവിധാനങ്ങൾ മാത്രമല്ല, ഞാനടങ്ങുന്ന പൊതുസമൂഹവും ഉത്തരവാദികൾ ആണ്.” ഈ അടുത്ത് രോഗബാധിതനായ മുഹമ്മദ്‌ കേരളീയത്തോട് പറഞ്ഞു.

ജനുവരി മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ 4000 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി മലപ്പുറം ഡി.എം.ഒ ഡോ. രേണുക അറിയിച്ചിരുന്നു. മഞ്ഞപ്പിത്തത്തിന്റെ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണി കൂടുതലായുള്ളത്.

മലിനമാകുന്ന ജലാശയങ്ങൾ. കടപ്പാട്:mathrubhumi

കണ്ണൂരിലെ ചപ്പാരപ്പടവ് പഞ്ചായത്തിലും മഞ്ഞപ്പിത്ത (ഹെപ്പറ്റെറ്റിസ് എ) കേസുകൾ വർധിക്കുന്നു. കഴിഞ്ഞ വർഷം 50 ൽ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ്. കണ്ണൂർ ജില്ലയിൽ പരിയാരം, തൃപ്പങ്ങോട്ടൂർ, മാലൂർ എന്നീ പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്തു. മഞ്ഞപ്പിത്ത വ്യാപനവും ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയിൽ ഈ വർഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് രോഗബാധയുണ്ടായത്. ചപ്പാരപ്പടവ് പ്രദേശത്ത് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒമ്പത് മഞ്ഞപ്പിത്ത കേസുകളാണ്.

ജലസ്രോതസ്സിൽ മാലിന്യം എത്തുന്നത് തടയണം

കേരളത്തിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ രോഗമുണ്ടാക്കുന്ന ആശങ്കകളും വളരെ കൂടുതലാണ്. രോഗവ്യാപനത്തെക്കുറിച്ചും രോഗപ്രതിരോധത്തെ കുറിച്ചുമുള്ള അവബോധം ആളുകൾക്ക് പൊതുവെ കുറവാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു.

“ശുദ്ധജല വിതരണശൃംഖലയിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് കടന്നുകൂടുന്നതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം. സാധാരണ ഉപയോഗിക്കുന്ന ജലസ്രോതസ്സിൽ വേനൽക്കാലത്ത് ജലദൗർലഭ്യത അനുഭവപ്പെട്ടാൽ ആ സമയത്ത് സാധാരണ ഉപയോഗിക്കാത്ത, മാലിന്യം കലർന്ന മറ്റൊരു ജലസ്രോതസ് ഉപയോഗിക്കാൻ ഇടയാവുന്നത് മഞ്ഞപ്പിത്ത വ്യാപനത്തിനുള്ള സാധ്യത കൂട്ടാം. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇത് പടരുന്നത്. ശുദ്ധജലത്തിൽ രോഗബാധ ഉള്ളവരുടെ വിസർജ്യം കലരുന്നതാണ് ജലം മലിനമാകുന്നതിന്റെ കാരണം. അതുകൊണ്ട് തന്നെ ജലസ്രോതസ്സിൽ മാലിന്യം എത്തിചേരുന്നത് തടയുക മാത്രമല്ല, ജലവിതരണത്തിനു മുമ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു എന്ന് ഉറപ്പാക്കുകയും വേണം. ജലസ്രോതസ് മലിനമാകുന്നത് പൂർണമായും ഒഴിവാക്കണം. ജലം പമ്പ് ചെയ്യുന്നതിന് മുമ്പ് ക്ലോറിനേഷൻ ചെയ്തിരിക്കണം.”

ഡോ. രാജീവ് ജയദേവൻ

രോഗലക്ഷണങ്ങളൊന്നും തന്നെ കാണിക്കാതെ അസുഖങ്ങൾ വന്ന് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണം കൃത്യമായല്ല റെക്കോർഡ് ചെയ്യപ്പെടുന്നതെന്നും, പ്രദേശത്തെ മരണനിരക്കിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ എത്ര ആളുകൾ രോഗബാധിതരായി എന്നതിന്റെ ഏകദേശ രൂപം കിട്ടുമെന്നും ഡോ. രാജീവ് കൂട്ടിചേർത്തു.

“വേങ്ങൂരിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പഠനങ്ങൾ നടക്കുന്നുണ്ടാവാം. സമൂഹത്തിൽ എത്രപേർക്ക് രോഗബാധ ഉണ്ടായെന്ന് നേരിട്ട് നമുക്ക് അളക്കാൻ സാധിക്കില്ല. എങ്കിലും ചില കണക്കുകൾ നോക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് 1000 പേർക്ക് ഈ രോഗം വരുന്നുണ്ടെങ്കിൽ അതിൽ ചിലരെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായവരാണ്. ആശുപത്രി ചികിത്സ വേണ്ടിവരുന്നവരിൽ ചിലരുടെ അവസ്ഥ ഗുരുതരമാവുന്നുണ്ട്, രോഗം ഗുരുതരമായി വരുന്നവരിൽ ചിലരെങ്കിലും മരണപ്പെടുന്നു. കേരളത്തിൽ ഈ വർഷം മഞ്ഞപ്പിത്ത മരണം റിപ്പോർട്ട് ചെയ്തത് 13 ആണ് എന്നും ഇതിന്റെ മരണസാധ്യത 0.5 ശതമാനത്തിൽ താഴെയാണ് എന്നും നമുക്കറിയാം. അതിന് അർത്ഥം അതിന് അനുപാതികമായ രീതിയിൽ സമൂഹത്തിൽ വ്യക്തികൾക്ക് രോഗം പിടിപെട്ടു എന്നതാണ്. അതായത് രോഗബാധയെ തുടർന്ന് എത്ര വ്യക്തികൾ അഡ്മിറ്റായെന്നും അവരിൽ എത്രപേർ മരണപ്പെട്ടുവെന്നതും നോക്കി സമൂഹത്തിൽ മൊത്തം വ്യാപനം എത്രത്തോളമുണ്ടായെന്ന് നമുക്ക് ഒരു ഏകദേശ ധാരണവരുത്താം. ഉദാഹരണത്തിന്, ഒരിടത്ത് മഞ്ഞപ്പിത്ത ബാധയുണ്ട്, എന്നാൽ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ അതിനർത്ഥം വ്യാപനം കുറവായിരുന്നു എന്നാണ്. ഏറെ ആളുകൾക്ക് രോഗം വന്നു എന്നതിന്റെ ഒരു expected outcome അഥവാ സൂചനയാണ് ആ പ്രദേശത്തെ മരണനിരക്ക്. ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്തം മൂലം മരണമുണ്ടാവുന്നത് പ്രധാനമായും 40 വയസിന് മുകളിലുള്ളവരിലോ, അറിഞ്ഞോ അറിയാതെയോ ഉള്ള കരൾ രോഗമുള്ളവരിലോ ആകാറാണ് പതിവ്. ഇവരിൽ തന്നെയാണ് ചിലപ്പോൾ ഹെപ്പറ്റൈറ്റിസ് എ ഗുരുതരമായി ബാധിക്കുന്നതും അപകടമുണ്ടാക്കുന്നതും.”

പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാം

ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിന്റെ പ്രതിഫലനം കൂടിയാണ് കുറച്ച് വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിൽ വന്ന ഉയർച്ച. പരിമിതമായ ഒരു ഭൂപ്രദേശത്ത് ആഡംബരവും ദാരിദ്ര്യവും സഹവർത്തിക്കുമ്പോൾ അവിടെ വികസനത്തിൻ്റെ വൈരുദ്ധ്യം (development paradox) കൂടുന്നു. കേരളത്തിൽ സാംക്രമിക രോഗങ്ങൾ കൂടുന്നതിന് ഡവലപ്മെന്റ് പാരഡോക്സും കാരണമാണെന്ന് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. ടി ജയകൃഷ്ണൻ പറയുന്നു.

ഡോ. ടി ജയകൃഷ്ണൻ

“ഇപ്പോൾ കേരളത്തിലുള്ള മഞ്ഞപ്പിത്തമെന്ന് പറയുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. സാധാരണയായി മഞ്ഞപ്പിത്തമുണ്ടാക്കുന്നത് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ വൈറസുകൾ ആണ്. ദക്ഷിണേന്ത്യയിൽ സാധാരണയായി കാണുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. ഫീക്കോ- ഓറൽ (Feco oral route)] റൂട്ട് വഴിയാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടാവുന്നത്. രോഗബാധിതരുടെ വിസർജ്യത്തിലൂടെ പുറത്ത് എത്തുന്ന കീടാണു വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റുള്ളവരിലേക്ക് എത്തുന്നതിനെ ആണ് ഫീക്കോ- ഓറൽ റൂട്ട് എന്ന് പറയുന്നത്. രോഗബാധിതരാകുന്ന നൂറ് പേരിൽ പത്ത് പേർക്ക് മാത്രം ആയിരിക്കും രോഗലക്ഷണമുണ്ടാവുക. മഞ്ഞപ്പിത്തം ഒരു തവണ ബാധിച്ചാൽ പിന്നീടുണ്ടാവാൻ സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്. കേരളത്തിൽ മഞ്ഞപ്പിത്തം പടരാനുള്ള കാരണം ഡവലപ്പ്മെന്റ് പാരഡോക്സ് ആവാം. ഏതൊരു ലോകരാജ്യവും ദാരിദ്ര്യത്തിൽ നിന്ന് കരകയറി പോകുമ്പോൾ അവിടെ സാംക്രമിക രോഗങ്ങളുടെ വ്യാപന സാധ്യത കൂടും. ആദ്യ കാലങ്ങളിൽ ജലശുദ്ധീകരണ സംവിധാനങ്ങളൊന്നും തന്നെ ഉണ്ടാവില്ല, അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ രോഗാണു ഉള്ളിൽ പ്രവേശിച്ച് ഒരു ഇമ്യൂണിറ്റി കിട്ടും. അതുകൊണ്ട് രോഗം വന്നാൽ തന്നെയും ലക്ഷണങ്ങൾ കൂടുതലുണ്ടാവില്ല, ചെറുപ്പത്തിൽ ഉണ്ടാവും. ഉണ്ടായാലും തനിയെ അത് വന്ന് പോകും. പുരോഗമിക്കുന്തോറും രോഗാണു ശരീരത്തിൽ എത്താത്തത് കൊണ്ടും പുറത്ത് നിന്നുള്ള ഭക്ഷ്യ ഉപഭോഗം കൂടുന്നത് കൊണ്ടും അത് കൂടുതൽ മാനിഫെസ്റ്റ് ചെയ്യുന്നു. ഇതിന്റെ എപ്പിഡമോളജിയെ ഡെവലപ്മെന്റ് പാരഡോക്സ് എന്ന് പറയും. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഇത് കൂടുതലായി വരും. കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിൽ രോഗാണുബാധ ഉണ്ടാകുമ്പോൾ രോഗ തീവ്രതയും കൂടും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പൊക്കെ മഞ്ഞപ്പിത്തമോ മറ്റ് രോഗങ്ങളോ ഉണ്ടാവുമ്പോൾ ആരുമങ്ങനെ കാര്യമായി ശ്രദ്ധിക്കില്ല. നൂറിൽ തൊണ്ണൂറെണ്ണവും തനിയെ മാറാം. പിന്നെ പലരും നാടൻ ഒറ്റമൂലികളൊക്കെ കഴിച്ച് മാറ്റും. എന്നാൽ ഇപ്പോൾ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് പനിയുണ്ടായാൽ അത് റിക്കാർഡ് ചെയ്യപ്പെടുകയും അവർ ലാബിൽ പോയി പരിശോധിക്കുകയും അത് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും. സമ്പർക്കമുള്ള ആളുകളിൽ പനിയോ മറ്റോ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നു. സർവൈലൻസ് സിസ്റ്റം കൂടുന്നു. അതിന്റെ തോതും റിപ്പോർട്ടിംഗും കൂടുന്നു.” ഡോ. ജയകൃഷ്ണൻ വിശദമാക്കി.

കടുത്ത വേനലും പ്രളയവും രോഗവ്യാപനം കൂട്ടുന്നതിനാൽ പൊതുജനങ്ങൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്നതും അദ്ദേഹം വ്യക്തമാക്കുന്നു. “കടുത്ത വേനലിൽ ജലക്ഷാമം അനുഭവപ്പെടുന്നതുകൊണ്ട് വൈറസിന്റെ കോൺസൻട്രേഷൻ കൂടുന്നു. മഴക്കാലത്ത് എല്ലാ ജലസ്രോതസുകളും മലിനീകരിക്കപ്പെടാൻ ഇടയുള്ളതുകൊണ്ട് മറ്റേത് ജലജന്യരോഗങ്ങൾ പോലെ തന്നെ മഞ്ഞപ്പിത്തവും കൂടാം. ജനങ്ങളിൽ ഇതെങ്ങനെ പകരുന്നു എന്നൊരു അവബോധമുണ്ടാക്കാൻ കഴിയണം. എല്ലായിടത്തും ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ കഴിയണം. നമ്മുടെ വീടുകളിലെ കിണറിന്റെ ഡെൻസിറ്റി കൊണ്ടോ സെപ്റ്റിക് ടാങ്കിന്റെ ഡെൻസിറ്റി കൊണ്ടോ തൊട്ടടുത്ത ജലസ്രോതസുകളിൽ നിന്നും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധജലസ്രോതസുകൾ മലിമാകാതെ നമ്മൾ നോക്കണം. ക്ലോറിനേറ്റ് ചെയ്ത വെള്ളം വൈറസിനെ ഒഴിവാക്കും. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാം. ഇതാണ് പ്രാഥമികമായി ചെയ്യാനുള്ളത്.”

പൊതുജനം ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ

അവരവർ കുടിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് ഉറപ്പാക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വെള്ളം തിളപ്പിക്കുക എന്നതാണ് അതിനുള്ള എളുപ്പവഴി. കിണർ ജലമാണ് ഉപയോഗിക്കുന്നതെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിച്ചാൽ അത് ക്ലോറിനേറ്റ് ചെയ്ത് നൽകും. എല്ലാ വർഷവും കുടിക്കുന്ന വെള്ളമായതുകൊണ്ട് ക്ലോറിനേറ്റ് ചെയ്യണ്ട എന്നൊരു ധാരണ ആളുകൾക്കുണ്ട്. പക്ഷേ അത് തെറ്റാണ്. കിണറുകളുള്ള ആളുകളാണെങ്കിൽ ക്ലോറിനേഷൻ നടത്തിയെന്ന് ഉറപ്പുവരുത്തണം. അതല്ല മറ്റു ജലസ്രോതസുകളെ ആണ് ആശ്രയിക്കുന്നതെങ്കിൽ ജലവിതരണം നടത്തുന്നവർ അതിന്റെ ശുദ്ധത ഉറപ്പുവരുത്തണം. രോഗവ്യാപനം കൂടിയ സാഹചര്യമാണെങ്കിൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ച് തന്നെ എടുക്കണം. യാത്രകളിൽ നമ്മൾ വാങ്ങി ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധത നമുക്ക് ഉറപ്പുവരുത്താൻ കഴിയില്ല. പരമാവധി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടുപോവുക. മഞ്ഞപ്പിത്തം ബാധിച്ചവർ മറ്റുള്ളവർക്കായി ഭക്ഷണം പാകം ചെയ്യരുത്.

വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രദേശത്തിന് ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മളും സഹകരിക്കണം. പ്രദേശം വൃത്തിയാക്കാനും മാലിന്യം കുമിഞ്ഞു കൂടാതിരിക്കാനും, ടോയ്ലറ്റ് മാലിന്യം സംസ്കരിക്കുന്നത് ശരിയായ രീതിയിലാണോയെന്ന് അറിയാനും ജനങ്ങളുടേയും അധികാരികളുടേയും കൂട്ടായ പരിശ്രമം ആവശ്യമാണ്. രോഗവ്യാപനമുണ്ടാവുന്നത് പല സംവിധാനങ്ങളുടെയും പരാജയം കൊണ്ടാണ്. ഈ പ്രവർത്തനങ്ങൾ 365 ദിവസവും സജീവമായിരിക്കണം.

ചിത്രീകരണം: Rubin D’Souza, കടപ്പാട്:scroll.in

അധികാരികൾ ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ

പൊതുജനത്തിന് ലഭ്യമാകുന്ന ജലത്തിന്റെ കോളിഫോം കൗണ്ട് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനുള്ള ഇടപെടൽ അധികാരികൾ നടത്തുകയും, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യണം. വിസർജ്ജ്യമാലിന്യത്തിന്റെ തോതാണ് കോളിഫോം കൗണ്ട്. ശുദ്ധജലത്തിൽ അത് പൂജ്യമായിരിക്കും. ഈ പ്രവ‌ർത്തനങ്ങൾ പതിവായി ചെയ്യുകയും അതിന്റെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം.

ജലസമൃദ്ധമായിരുന്ന കേരളത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജലം കിട്ടുക എന്നത് അപൂർവ്വമായി മാറിയിരിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ആരോഗ്യമുള്ള ഒരു സമൂഹത്തിന് ശുചിത്വം അനിവാര്യമാണ്. സമയബന്ധിതമായ മാലിന്യ സംസ്കരണമാണ് ശുചിത്വത്തിന്റെ അടിത്തറ. കേരളത്തിൽ മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടക്കുന്നില്ല എന്നതിന് തെളിവാണ് ജലജന്യരോഗങ്ങളുടെ വ്യാപനം. ശുദ്ധജലം ഒരു അടിസ്ഥാന ആവശ്യമാണെന്നിരിക്കെ ജലസംരക്ഷണം അതിനോട് അനുബന്ധമായ ഒരു കടമയാണെന്ന് മറക്കാതിരിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read