ഗ്രീൻവാഷിംഗ്: കാപട്യക്കാരുടെ ‘പരിസ്ഥിതി സ്നേഹം’

ഈജിപ്റ്റിലെ ശറമുൽ ഷെയ്ഖിൽ തുടങ്ങിയ കോപ് 27 ​കാലാവസ്ഥ ഉച്ചകോടിയുടെ മുഖ്യ സ്പോൺസറായി കൊക്കക്കോള എന്ന ബഹുരാഷ്ട്ര കമ്പനി എത്തിയതോടെ വ്യാപകമായി കേൾക്കുന്ന ഒരു വാക്കാണ് ​ഗ്രീൻവാഷിം​ഗ്. ജലചൂഷണവും മലനീകരണവും നടത്തിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിരന്തരം സൃഷ്ടിച്ചും പരിസ്ഥിതിയെ തകർക്കുന്ന കൊക്കക്കോള കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺസറായി മാറുന്നത് ​’ഗ്രീൻവാഷിം​ഗ്’ പരിപാടിയാണ്. ലോകത്തെമ്പാടും കോർപ്പറേറ്റുകൾ ഇത്തരത്തിൽ ​ഗ്രീൻവാഷിം​ഗിൽ എർപ്പെടുന്നുണ്ട്. എന്താണ് ഈ ​ഗ്രീൻവാഷിം​ഗ്?

ഗ്രീൻവാഷിംഗ് എന്ന ചതി

1986-ൽ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകനായ ജെയ് വെസ്റ്റർവെൽഡ് ആണ് ഗ്രീൻവാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ടെലിവിഷൻ, റേഡിയോ, അച്ചടി മാധ്യമങ്ങൾ എന്നിവയെല്ലാം വൻകിട കോർപ്പറേറ്റുകളുടെ പരസ്യങ്ങളോടൊപ്പമാണല്ലോ ഉപഭോ​ക്താക്കളിലേക്ക് എത്താറുള്ളത്. ഈ കമ്പനികൾ മിക്കതും പരിസ്ഥിതിക്ക് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ പോലും ഉത്തരവാദിത്തമുള്ള പരിസ്ഥിതി സംരക്ഷകരായി ഈ പരസ്യങ്ങളിലൂടെ സ്വയം അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇതിനെയാണ് ‘ഗ്രീൻവാർഷിം​ഗ്’ എന്ന് ജെയ് വെസ്റ്റർവെൽഡ് വിശേഷിപ്പിച്ചത്. ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങൾ എത്രമാത്രം പരിസ്ഥി സൗഹൃദമാണ് എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമാറുന്ന പ്രക്രിയയെയും ഗ്രീൻവാഷിംഗ് എന്ന് വളിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ, സുസ്ഥിരതയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർമ്മിക്കുന്നതാണ് ഞങ്ങളുടെ ഉത്പന്നങ്ങൾ എന്ന വ്യാജ പ്രഖ്യാപനം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന അവകാശവാദത്തെയും ​ഗ്രീൻവാഷിം​ഗ് എന്ന് പറയുന്നു.

കൂടാതെ, പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങളിലുള്ള കമ്പനിയുടെ പങ്കാളിത്തത്തെ മറച്ചുവയ്ക്കാൻ വേണ്ടി ഒരു ഉൽപ്പന്നത്തിന്റെ പാരിസ്ഥിക മൂല്യങ്ങൾ ഊന്നിപ്പറയാൻ ശ്രമിക്കുന്നതും ഗ്രീൻവാഷിംഗ് ആണ്. പാരിസ്ഥിതിക പ്രതിച്ഛായ നിർമ്മിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുടെ ഉപയോ​ഗം, ശരിയായ വിവരങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള ഇടപാടുകൾ എന്നിവയിലൂടെ നടത്തുന്ന ഗ്രീൻവാഷിംഗ് പരിപാടികൾ പാരിസ്ഥിക പ്രതിസന്ധിയെക്കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യുന്ന ഈ കാലത്ത് വ്യാപകമായി കാണാറുണ്ട്. ഒരുവശത്ത് പാരിസ്ഥിതിക ചൂഷണവും മലിനീകരണവും നടത്തുകയും അതുവഴി കൈവശത്താക്കുന്ന വലിയ ലാഭത്തിന്റെ ഒരു ചെറിയ ഭാഗം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നതും ഗ്രീൻവാഷിം​ഗ് ആണ്. വിപണിയിലെ മത്സരത്തിന് ഇന്ന് ഗ്രീൻവാർഷിം​ഗ് അനിവാര്യമായി തീർന്നിരിക്കുന്നു. വിപണിയിൽ മത്സരിക്കുന്ന മറ്റു ബ്രാൻഡുകളേക്കാൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രകൃതിദത്തമാണെന്ന പൊതുബോധം ​ഗ്രീൻവാഷിം​ഗിലൂടെ കോർപ്പറേറ്റുകൾ സൃഷ്ടിക്കുന്നു.

ഈജിപ്തിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (UNFCCC) ഇരുപത്തി ഏഴാമത് കാലാവസ്ഥ ഉച്ചകോടിയുടെ (COP 27) ഔദ്യോഗിക സ്പോൺസറായി പ്ലാസ്റ്റിക് മലിനീകരണം അടക്കം വലിയ തോതിൽ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ജലചൂഷണം നടത്തുകയും ചെയ്യുന്ന കമ്പനികളിലൊന്നായ കൊക്കകോളയെ തെരഞ്ഞെടുത്തത് ഗ്രീൻവാർഷിം​ഗിന്റെ സമീപകാല ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം സൃഷിക്കുന്ന പ്രതിസന്ധികളുടെ ലഘൂകരണത്തെയും അനുരൂപീകരണത്തെയും (adaptation) കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ചിരിക്കുന്ന ഉച്ചകോടിയാണ് ബഹുരാഷ്‌ട്ര കുത്തകയായ കൊക്കകോള സ്പോൺസർ ചെയ്യുന്നത്.

സന്നദ്ധ സംഘടനയായ ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്കി’ന്റെ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഉഗാണ്ടയിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 20 ശതമാനത്തിനും ഉത്തരവാദി കൊക്കകോളയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന പ്രതിസന്ധികൾ അനുഭവിക്കുന്നത് ആ രാജ്യത്തെ നദികളാണ്. കേരളത്തിലെ പ്ലാച്ചിമടയിൽ കമ്പനി നടത്തിയ ജല ചൂഷണവും മലിനീകരണവും തുടർന്നുണ്ടായ ജനകീയ സമരവും നമുക്കറിയാവുന്നതാണ്. മുൻ വർഷങ്ങളിലും യൂണിലിവർ പോലുള്ള കമ്പനികൾ സ്പോൺസർമാരായി കാലാവസ്ഥ ഉച്ചകോടികളിൽ പങ്കെടുക്കുകയും നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്തിരുന്നു. സ്പോൺസർ ആകുന്നതിലൂടെ നയങ്ങൾ രൂപീകരിക്കുന്നവരിലേക്ക് പ്രത്യേക പ്രവേശനം ലഭിക്കുകയും തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി കാലാവസ്ഥ സമ്മേളനങ്ങളെ വൻകിട കോർപ്പറേറ്റുകൾ മാറ്റിത്തീർക്കുകയും ചെയ്യുന്നു.

​ഗ്രീൻവാഷിം​​ഗ് ഉദാഹരണങ്ങൾ

ഏർത് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 10 ​ഗ്രീൻവാഷിം​ഗ് തട്ടിപ്പുകൾ കൂടുതൽ വ്യക്തത നൽകുന്നു.

വോക്‌സ്‌വാഗൺ

വിവിധ വാഹനങ്ങളിൽ പ്രത്യേകഉപകരണം ഘടിപ്പിച്ച് എമിഷൻ ലെവൽ കുറച്ചു കാണിച്ചുകൊണ്ട് എമിഷൻ ടെസ്റ്റുകളിൽ തട്ടിപ്പ് നടത്തിയതായി വോക്‌സ്‌വാഗൺ സമ്മതിച്ച സംഭവം ഗ്രീൻവാഷിംഗിന്റെ ഉദാഹരണമാണ്. അതിനുമുമ്പ് വരെ കമ്പനി നടത്തിയ മാർക്കറ്റിംഗ് ക്യാമ്പയ്‌നുകളിൽ അവർ നിർമ്മിക്കുന്ന വാഹനങ്ങളുടെ കുറഞ്ഞ ഉദ്‌വമനവും പരിസ്ഥിതി സൗഹൃദ സവിശേഷതകളും ആയിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. യഥാർത്ഥത്തിൽ, ഈ എഞ്ചിനുകൾ നൈട്രജൻ ഓക്സൈഡ് മലിനീകരണത്തിന് അനുവദനീയമായ പരിധിയുടെ 40 മടങ്ങ് വരെ പുറന്തള്ളുന്നുണ്ടായിരുന്നു. കൂടാതെ വാഹനങ്ങളുടെ കുറഞ്ഞ മലിനീകരണ തോത് കാണിച്ച് യു.എസിൽ ഗ്രീൻ കാർ സബ്‌സിഡിയും നികുതി ഇളവുകളും കമ്പനി സ്വീകരിക്കുന്നുണ്ടായിരുന്നു.

ബ്രിട്ടീഷ് പെട്രോളിയം

ഫോസിൽ ഇന്ധന കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം (BP) അവരുടെ പേര് ‘ബിയോണ്ട് പെട്രോളിയം’ എന്നാക്കി മാറ്റുകയും അവരുടെ പെട്രോൾ പമ്പുകളിൽ സോളാർ പാനലുകൾ ഉൾപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങളെ തെറ്റിധരിപ്പാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ വാർഷിക ചെലവിന്റെ 96 ശതമാനം എണ്ണയും അനുബന്ധ ഉല്പന്നങ്ങളുമായിരുന്നു. 2019 ഡിസംബറിൽ, ClientEarth എന്ന ഒരു പരിസ്ഥിതി ഗ്രൂപ്പ് പരസ്യങ്ങളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ പരാതി നൽകുകയുണ്ടായി.

എക്‌സോൺ മൊബീൽ

എണ്ണ ഭീമനായ എക്‌സോൺ മൊബീൽ പരിസ്ഥിതിക്ക് വിനാശം നടത്തുന്നതിന്റെ വലിയ ചരിത്രമുള്ള കമ്പനിയാണ്. 1989 ൽ, ഒരു എക്‌സോൺ ഓയിൽ ടാങ്കർ എണ്ണ ചോർച്ച നടന്നപ്പോൾ 11 ദശലക്ഷം ഗാലൻ അസംസ്‌കൃത എണ്ണ അലാസ്കയിലെ പ്രിൻസ് വില്യം സൗണ്ടിലെ 1300 മൈൽ തീരപ്രദേശത്തെ ലക്ഷക്കണക്കിന് കടൽ പക്ഷികൾ, ഒട്ടറുകൾ, സീലുകൾ, തിമിംഗലങ്ങൾ എന്നിവ മരിക്കാനിടയായിരുന്നു. ചോർച്ച നടന്നു 33 വർഷത്തിന് ശേഷവും ചില സ്ഥലങ്ങളിൽ ക്രൂഡ് ഓയിൽ പോക്കറ്റുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്‌. അടുത്തിടെ എക്‌സോൺ മൊബീൽ പരീക്ഷണം നടത്തി കണ്ടുപിടിച്ച ആൽഗ ജൈവ ഇന്ധനങ്ങൾക്ക് ഗതാഗത ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്ന അവകാശവാദം പറഞ്ഞു നടത്തിയ പരസ്യത്തിന് ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഈ അവകാശവാദം നടത്തുന്ന സമയത്ത് കമ്പനിക്ക് നെറ്റ് സീറോ ടാർഗെറ്റ് ഇല്ലെന്നു മാത്രമല്ല അതിന്റെ 2025 എമിഷൻ റിഡക്ഷൻ ടാർഗെറ്റുകളിൽ കമ്പനിയുടെ ഭൂരിഭാഗം ഉൽപന്നങ്ങളിൽ നിന്നുള്ള ഉദ്‌വമനങ്ങളും ഉൾപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല.

നെസ്‌ലെ

2025 ഓടെ പാക്കേജിംഗ് 100 ശതമാനം പുനരുപയോഗിക്കാവുന്നതോ റീസൈക്കിൾ ചെയ്യുന്നതോ ആക്കി മാറ്റാനുള്ള പദ്ധതികൾ ‘പരിഗണനയിൽ’ ഉണ്ടെന്ന് 2018-ൽ നെസ്‌ലെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അതേസമയം ഇതുസംബന്ധിച്ച കമ്പനിയുടെ പദ്ധതികൾ അവ്യക്തമാണെന്ന് പരിസ്ഥിതി ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. നെസ്‌ലെ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ മറച്ചുവയ്ക്കാനുള്ള ‘ഗ്രീൻവാഷിംഗ് ബേബി സ്റ്റെപ്പുകൾ’ എന്നാണ് ഗ്രീൻപീസ് ഇതിനോട് പ്രതികരിച്ചത്. ആത്മാർത്ഥതയോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉൽപ്പാദനവും ഉപയോഗവും കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന ഒരു പദ്ധതിയും നെസ്‌ലെയ്ക്കുണ്ടായിരുന്നില്ല. ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്കിന്റെ 2020 വാർഷിക റിപ്പോർട്ടിൽ കൊക്കകോള, പെപ്‌സികോ എന്നിവയ്‌ക്കൊപ്പം തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണ കമ്പനിയായി നെസ്‌ലെ ഉണ്ട് എന്ന യാഥാർഥ്യം ഈ വിലയിരുത്തലിനെ സാധൂകരിക്കുന്നു.

കൊക്കകോള

ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്കിന്റെ 2020 ലെ വാർഷിക റിപ്പോർട്ടിൽ കൊക്കകോള ലോകത്തിലെ ഒന്നാം നമ്പർ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്ന കമ്പനിയായി വിലയിരുത്തുന്നു. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കൊക്കകോള ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2020 ൽ, പ്ലാസ്റ്റിക് കുപ്പികൾ ജനപ്രിയമാണെന്നും ഉപേക്ഷിക്കില്ലെന്നും പ്രഖ്യാപിച്ചപ്പോൾ കമ്പനി വലിയ വിമർശനത്തിന് വിധേയമായിരുന്നു. 2021 ജൂണിൽ പരിസ്ഥിതി സംഘടനയായ എർത്ത് ഐലൻഡ് ഇൻസ്റ്റിറ്റ്യൂട്ട്, വലിയ തോതിൽ പ്ലാസ്റ്റിക് മലിനീകരണം നടത്തിക്കൊണ്ടിരിക്കുകയും പരിസ്ഥിതി സൗഹൃദപരമാണെന്ന് തെറ്റായി പരസ്യം ചെയ്യുകയും ചെയ്തതിന് കൊക്കകോളയ്ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയുണ്ടായി. ഇതേ കൊക്കക്കോളയാണ് ഈജിപ്തിൽ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺസർ എന്നത് മറ്റൊരു ഗ്രീൻവാർഷിം​ഗ് ശ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ്.

സ്റ്റാർബക്സ്

2018 ൽ, സ്റ്റാർബക്സ് അതിന്റെ സുസ്ഥിര പരിപാടിയുടെ ഭാ​ഗമായി സ്ട്രോ വേണ്ടതില്ലാത്ത കൂൾ ഡ്രിം​ഗ്സ് ബോട്ടിലുകൾ പുറത്തിറക്കിയിരുന്നു. സ്‌ട്രോ ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക് ഒഴിവാക്കുന്നു എന്നതായിരുന്നു സ്റ്റാർബക്സിന്റെ അവകാശവാദം. എന്നാൽ സ്ട്രോയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഈ ബോട്ടിലിന്റെ അടപ്പിൽ അടങ്ങിയിരുന്നു. കമ്പനി ഇത് നിഷേധിച്ചില്ല. എന്നാൽ ഇത് റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്കിൽ നിന്നാണ് നിർമ്മിച്ചതെന്ന് കമ്പനി അവകാശപ്പെട്ടു. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 9 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. അതിനാൽ എല്ലാ ബോട്ടിലുകളും റീസൈക്കിൾ ചെയ്യപ്പെടുമെന്ന് കമ്പനിക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു.

ഐ.കെ.ഇ.എ

യുക്രെയ്‌നിലെ ഐ.കെ.ഇ.എ ഫർണിച്ചർ റീട്ടെയിലർ രംഗത്ത് പരിസ്ഥി സൗഹൃദമായ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. അനധികൃത മരം മുറിക്കലുമായി അതിനുള്ള ബന്ധം 2020 ജൂണിൽ ഒരന്വേഷണത്തിലൂടെ പുറത്തുവന്നതോടെയാണ് ഈ ധാരണ മാറിയത്. സന്നദ്ധ സംഘടനയായ എർത്ത്‌സൈറ്റിന്റെ ഒരു റിപ്പോർട്ട് മരം മുറിക്കലുമായി ബന്ധപ്പെട്ട ഐ.കെ.ഇ.എയുടെ തട്ടിപ്പുകൾ കണ്ടെത്തുകയുണ്ടായി.

പ്ലാസ്റ്റിക് കുപ്പിവെള്ള കമ്പനികൾ

പോളണ്ട് സ്പ്രിംഗ്, എവിയാൻ, ഡീർ പാർക്ക് തുടങ്ങിയ കുപ്പിവെള്ള കമ്പനികൾ ഗ്രീൻവാഷിംഗിന് പതിവായി ശ്രമിക്കാറുണ്ട്. പരിസ്ഥിസ്തി സൗഹൃദം എന്ന് തോന്നിപ്പിക്കാൻ അവയുടെ ബോട്ടിലുകളിൽ ‘നേച്ചർ’ എന്ന ലേബൽ ഒട്ടിച്ചാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഒറ്റത്തവണ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതും ലോകമെമ്പാടും വലിയ തോതിൽ മാലിന്യം സൃഷ്ടിക്കുന്നതുമാണ് എന്ന വസ്തുത പരി​ഗണിക്കുമ്പോൾ ‘നേച്ചർ’ എന്ന ലേബലിന്റെ പൊള്ളത്തരം തിരിച്ചറിയാൻ കഴിയും.

ബാങ്കുകൾ

കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനെക്കുറിച്ച് പൊള്ളയായ അവകാശ പ്രഖ്യാപനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണ് വൻകിട ബാങ്കുകൾ. ജെ.പി മോർഗൻ, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക എന്നിവ ‘ഹരിത നിക്ഷേപം’ നടത്താൻ അവസരങ്ങൾ ഒരുക്കുന്നതായി പരസ്യം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം റെയിൻഫോറസ്റ്റ് ആക്ഷൻ നെറ്റ്‌വർക്ക് പുറത്തിറക്കിയ ഒരു റിപ്പോർട്ട് കാണിക്കുന്നത്, വെൽസ് ഫാർഗോ, ബാർക്ലേസ്, ബാങ്ക് ഓഫ് ചൈന, എച്ച്.എസ്.ബി.സി, ഗോൾഡ്മാൻ സാച്ച്സ്, ദ്യൂഷെ ബാങ്ക് തുടങ്ങിയ വൻകിട ബാങ്കുകൾ ഇപ്പോഴും ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോ​ഗത്തിലൂടെയും വനനശീകരണത്തിലൂടെയും കാർബൺ വലിയ തോതിൽ ബഹിർ​ഗമനം ചെയ്യുന്ന വ്യവസായങ്ങൾക്ക് വലിയ തുക വായ്പ നൽകുന്നുണ്ട് എന്നാണ്. അതേ ബാങ്കിങ് സ്ഥാപനങ്ങളാണ് തങ്ങൾ ‘ഹരിത നിക്ഷേപം’ നടത്തുന്നു എന്ന് പരസ്യം ചെയ്യുന്നത്.

ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകൾ

H&M, Zara, Uniqlo തുടങ്ങിയ ഫാഷൻ ബ്രാൻഡുകൾ വർഷങ്ങളായി ഗ്രീൻവാഷിംഗ് നടത്തുന്നുണ്ട്. വസ്ത്ര വ്യവസായം മൂലമുണ്ടാകുന്ന വൻതോതിലുള്ള മാലിന്യങ്ങൾക്ക് ഈ ഫാഷൻ ബ്രാൻഡുകൾ കാരണമാകുന്നുണ്ട്. ഫാഷൻ രംഗത്തെ സന്നദ്ധ സംഘടനയായ റീമേക്കിന്റെ (ReMake) അഭിപ്രായത്തിൽ, ആഗോളതലത്തിൽ ഉപേക്ഷിക്കപ്പെടുന്ന തുണിത്തരങ്ങളിൽ 80 ശതമാനവും കത്തിച്ചുകളയുകയോ ലാൻഡ്ഫിൽ സൈറ്റുകളിൽ തള്ളുകയോ ആണ് ചെയ്യുന്നത്. വെറും 20 ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

6 minutes read November 7, 2022 7:28 pm