ടെക്നോ ഫ്യൂഡലിസം: മാറുകയാണ് ഡിജിറ്റൽ കാലത്തെ അധികാരബന്ധങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലനിന്നിരുന്ന സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയായിരുന്നു ഫ്യൂഡലിസം (Feudalism) അഥവാ സാമന്തപ്പണി സമ്പ്രദായം. ഭൂമിയുടെ ഉടമസ്ഥതയെയും അതിൽ നിന്നുള്ള വരുമാനത്തെയും അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു അധികാരശ്രേണി. ഈ ശ്രേണിയിൽ ഒന്നാമതായി രാജ്യത്തെ മുഴുവൻ ഭൂമിയും കൈവശപ്പെടുത്തിയിരുന്ന രാജാവാണുള്ളത്. രണ്ടാമതായി, ഈ ഭൂമി പരിപാലിച്ചിരുന്ന പ്രഭുക്കന്മാർ. വളരെയേറെ അധ്വാനം ചെയ്യേണ്ടി വരുന്നതും, വേതന രഹിതമായി ആ ഭൂമികളിൽ വിയർപ്പൊഴുക്കേണ്ടതും പാവങ്ങളായ മൂന്നാമത്തെ വിഭാഗം കർഷകരായിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം വലിയൊരു കേന്ദ്രീകൃതഭരണം ഇല്ലാതിരുന്നതും, നിരന്തരമായ വിദേശ ആക്രമങ്ങളും പ്രാദേശികവാസികൾ ഈ പ്രഭുക്കന്മാരിൽ അഭയം തേടാൻ കാരണമായി. പതിനൊന്നു മുതൽ പതിമൂന്നു വരെയുള്ള നൂറ്റാണ്ടുകളിൽ വളരെ ശക്തമായി തന്നെ ഫ്യൂഡലിസം പടർന്ന് പന്തലിച്ചു.

പതിനാലാം നൂറ്റാണ്ടിൽ പടർന്നു പന്തലിച്ച പ്ലേഗ് മഹാമാരിയും, കർഷക ലഹളകളും, നഗരങ്ങളുടെ വളർച്ചയുമെല്ലാം ഫ്യൂഡലിസത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുകയും, ക്രിസ്തുവർഷം ആയിരത്തി അഞ്ഞൂറോടെ പശ്ചിമ യൂറോപ്പിൽ ഫ്യൂഡലിസം ഏതാണ്ട് മൃതിയടങ്ങുകയും ചെയ്തു എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. ഫ്യൂഡലിസത്തിന്റെ തകർച്ചയെ പലപ്പോഴും മധ്യകാല യൂറോപ്പിലെ ഭൂപ്രഭുത്വത്തിന്റെ അവസാനമായും അതിനു പിന്നാലെ മുതലാളിത്തത്തിന്റെ ഉദയമായും ലളിതമായി അവതരിപ്പിക്കാറുണ്ട്. എന്നാൽ ചരിത്രപരമായ യാഥാർഥ്യം ഇതിലും സങ്കീർണമാണ്. ഫ്യൂഡലിസം തകർന്നപ്പോൾ ഭൂപ്രഭുത്വം പൂർണമായി അപ്രത്യക്ഷമായില്ല. മറിച്ച്, ഫ്യൂഡൽ സമൂഹത്തിലെ ചില സാമ്പത്തിക ബന്ധങ്ങളും അധികാരരൂപങ്ങളും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയും പുതിയ രൂപത്തിൽ തുടരുകയും ചെയ്തു. ഫ്യൂഡലിസം രൂപാന്തരപ്പെട്ട് പുതിയ സ്ഥാപനങ്ങളിലേക്കും സാമ്പത്തിക മേഖലകളിലേക്കും പുതിയ രൂപത്തിൽ വ്യാപിച്ചു.

Representative Image.

ഫ്യൂഡലിസത്തിന് വർത്തമാന കാലത്ത് വലിയ അർത്ഥതലങ്ങളും ആവിഷ്കാരങ്ങളുമുണ്ട്. ഇന്ന് നാം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയും, അതിന്റെ മുഴുവൻ പ്ലാറ്റ്ഫോമുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് മധ്യകാല ഫ്യൂഡൽ മാതൃകയിലാണ്. രാജാക്കന്മാർക്കും ഭൂപ്രഭുക്കന്മാർക്കും പകരം വലിയ കോർപ്പറേറ്റ് തലവന്മാരും, അവരെ പരിപാലിക്കുന്ന ഇൻഫ്ലുമാരും, അവരെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നാം ഓരോരുത്തരുമാണ് ഇതിന്റെ ശൃംഖല. അന്ന് തൊഴിലാളികൾക്ക് ചെറിയതോതിലെങ്കിലും വേതനം ലഭിച്ചിരുന്നിടത്ത് നമ്മുടെ സമയവും, ആരോഗ്യവും എല്ലാം നാം പണയപ്പെടുത്തി, നമ്മുടെ താൽപര്യങ്ങൾ കോർപ്പറേറ്റ് വമ്പന്മാർക്ക് അടിയറ വെച്ചുകൊടുക്കുന്നു. ഇത് നമ്മുടെ സമയത്തെയും, മാനസികാരോഗ്യത്തെയും കാർന്നുതിന്നുകയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ, പ്ലാറ്റ്ഫോമുകൾ, ഡാറ്റ, AI, ക്ലൗഡ് ഇൻഫ്രാസ്ട്രക്ച‍ർ തുടങ്ങിയവയുടെ ഉടമസ്ഥതയും നിയന്ത്രണവും കുറച്ച് കോർപ്പറേറ്റുകളിൽ മാത്രം കേന്ദ്രീകരിച്ച്, അവ പുതിയ തരത്തിലുള്ള സാമ്പത്തിക-സാമൂഹിക ആശ്രിതത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ‘ടെക്നോ-ഫ്യൂഡലിസം’.

മധ്യകാലഘട്ടത്തിൽ രാജാക്കന്മാരും പ്രഭുക്കന്മാരും മണ്ണും മനുഷ്യരെയും അടക്കിഭരിച്ചതുപോലെ, ഇന്ന് ആഗോള സാങ്കേതികവിദ്യാ ഭീമന്മാർ (Big Tech Companies) ഡിജിറ്റൽ ലോകത്തെയും മനുഷ്യരെയും നിയന്ത്രിക്കുന്ന അവസ്ഥയാണിത്. മുതലാളിത്തം (Capitalism) അതിന്റെ അടുത്ത ഘട്ടത്തിലേക്ക് മാറുകയല്ല, മറിച്ച് അത് മധ്യകാല ഫ്യൂഡൽ വ്യവസ്ഥയ്ക്ക് സമാനമായ ഒരു ‘സാങ്കേതിക പ്രഭുത്വമായി’ മാറിയിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാൻ.

ഇന്ന് നമ്മുടെ നിത്യോപയോഗ സംവിധാനങ്ങളായി മാറിയ ആമസോൺ, ഫ്ലിപ്കാർട്ട്, ഊബർ, സോമാറ്റോ, സ്വിഗി തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം പരിശോധിക്കാം. ഊബർ (Uber) ഒരു ടാക്സി കമ്പനിയാണെങ്കിലും, പരമ്പരാഗത ടാക്സി കമ്പനികളെപ്പോലെ ഊബറിന് സ്വന്തമായി ടാക്സി വാഹനങ്ങളോ സ്വന്തം ശമ്പളപ്പട്ടികയിലുള്ള ഡ്രൈവർമാരോ ഇല്ല. ​ഊബർ യഥാർത്ഥത്തിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം (അല്ലെങ്കിൽ ഒത്തുചേരൽ കേന്ദ്രം) മാത്രമാണ്. വണ്ടിയുള്ള ഡ്രൈവർമാരെയും യാത്രക്കാരെയും ഒരു മൊബൈൽ ആപ്പ് വഴി പരസ്പരം ബന്ധിപ്പിക്കുകയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ ‘പ്ലാറ്റ്‌ഫോം കാപ്പിറ്റലിസം’ (Platform Capitalism) അല്ലെങ്കിൽ നേരത്തെ പറഞ്ഞ ‘ടെക്നോ-ഫ്യൂഡലിസം’ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.

Representative Image.

ഊബർ അമേരിക്കൻ ഷെയർ മാർക്കറ്റിൽ (NYSE) ലിസ്റ്റ് ചെയ്തപ്പോൾ സമർപ്പിച്ച Form S-1 (IPO Prospectus) രേഖകളിൽ അവർ വ്യക്തമായി എഴുതിയിട്ടുണ്ട്: ​”Our business model is asset-light… We do not own the vehicles used on our platform.” (ഞങ്ങളുടേത് വലിയ ആസ്തികൾ ആവശ്യമില്ലാത്ത ഒരു ബിസിനസ്സ് രീതിയാണ്… ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഓടുന്ന വണ്ടികൾ ഞങ്ങളുടെ സ്വന്തമല്ല). ​അതായത്, നിയമപരമായി തന്നെ തങ്ങൾക്ക് വാഹനങ്ങളില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങളുടെ കേടുപാടുകൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ യാതൊരു ബാധ്യതയും ഊബറിനില്ല; അതെല്ലാം ഡ്രൈവറുടെ ഉത്തരവാദിത്തമാണ്.

ഉദാഹരണത്തിന്, ​നിങ്ങൾ ഒരു യാത്രയ്ക്ക് 100 രൂപ ഊബർ ആപ്പിലൂടെ നൽകുമ്പോൾ, ആ പണം നേരെ പോകുന്നത് ഊബറിലേക്കാണ്. ​ഊബർ അതിൽ നിന്ന് അവരുടെ കമ്മീഷൻ അല്ലെങ്കിൽ പ്ലാറ്റ്‌ഫോം ഫീസായി 20% മുതൽ 30% വരെ (അതായത് 20-30 രൂപ) എടുക്കുകയും, ​ബാക്കി തുക മാത്രമാണ് വണ്ടിയും ഇന്ധനവും സ്വന്തമായി മുടക്കിയ ഡ്രൈവർക്ക് നൽകുന്നത്. ഇത്തരത്തിൽ തന്നെയാണ് ആമസോൺ, സ്വിഗി പോലുള്ള മറ്റെല്ലാ സംവിധാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് നമ്മിലേക്ക് കയറിക്കൂടിയ പുതിയ ഭക്ഷണ സംസ്കാരവും, ഉപഭോഗ സംസ്കാരവും ഡിജിറ്റൽ ശീലങ്ങളുമാണ് ഇത്തരത്തിൽ വലിയ ലാഭം കൊയ്യുന്നതിനുള്ള അവസരം കോർപ്പറേറ്റ് വമ്പൻമാർക്ക് അതിവേ​ഗം ഒരുക്കിയത്. ഈ കോർപ്പറേറ്റ് വള‍ർച്ച നമ്മുടെ നാട്ടിലെ പ്രാദേശിക വ്യാപാരികളെയും, ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ചെറിയ സാധനങ്ങൾക്ക് പോലും ഓൺലൈൻ ഷോപ്പിംഗ് തെരഞ്ഞെടുക്കുന്ന പുതിയ സംസ്കാരം നമ്മുടെ നാടിനെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തന്നെ കൊണ്ടെത്തിച്ചേക്കാം. ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം ഇല്ലതാകുന്നതോടെ എന്ത് സാധനം വാങ്ങുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം രൂപപ്പെടുന്നു. കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് നമ്മുടെ ആവശ്യങ്ങൾ മാറുന്നതിനും ഈ മാറ്റം കാരണമായിത്തീരും.

ഗ്രീക്ക് സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ധനകാര്യ മന്ത്രിയുമായ യാനിസ് വരുഫാക്കിസ് (Yanis Varoufakis) രചിച്ച ‘Technofeudalism: What Killed Capitalism’ (ടെക്നോ ഫ്യൂഡലിസം: മുതലാളിത്തത്തെ കൊന്നത് എന്താണ്?) എന്ന പ്രശസ്തമായ പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.

പരമ്പരാഗത മുതലാളിത്തത്തിന്റെ അടിസ്ഥാനത്തിൽ വിപണിയുണ്ട്. ഉൽപ്പാദകർ വിപണിയിൽ മത്സരിക്കുകയും സാധനങ്ങളും സേവനങ്ങളും വിൽക്കുകയും അതിലൂടെ ലാഭം നേടുകയും ചെയ്യുന്നു. എന്നാൽ Amazon, Apple, Google, Meta തുടങ്ങിയ വൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ചയോടെ വിപണിയുടെ തന്നെ അടിസ്ഥാന സൗകര്യം ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയാണെന്ന് വരുഫാക്കിസ് വാദിക്കുന്നു. Amazon-ൽ പ്രവേശിക്കുന്ന ഒരു വിൽപ്പനക്കാരൻ ഒരു സ്വതന്ത്ര വിപണിയിലേക്ക് പ്രവേശിക്കുന്നതുപോലെയല്ല പ്രവർത്തിക്കുന്നത്. പ്ലാറ്റ്ഫോം നിർണ്ണയിക്കുന്ന നിയമങ്ങൾക്കുള്ളിലാണ് അയാൾ പ്രവർത്തിക്കുന്നത്. ഉപഭോക്താവിലേക്ക് എങ്ങനെ എത്താം, ഏത് ഉൽപ്പന്നം കൂടുതൽ ദൃശ്യമാകും, എന്ത് ഫ്രീ നൽകണം തുടങ്ങിയ കാര്യങ്ങളിൽ പ്ലാറ്റ്ഫോമിന്റെ അൽഗോരിത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് പ്ലാറ്റ്ഫോം ഒരു വിപണിയല്ല. അത് വിപണിയെ തന്നെ സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ ഡിജിറ്റൽ ഇടമായി മാറുന്നു. വരുഫാക്കിസ് ഇതിനെ പഴയ ഫ്യൂഡൽ വ്യവസ്ഥയോടാണ് ഉപമിക്കുന്നത്.

Technofeudalism: What Killed Capitalism, കവർ

ഫ്യൂഡലിസം ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും, അധികാരവും വിഭവങ്ങളും ചുരുക്കം പേരുടെ കൈകളിൽ കേന്ദ്രീകരിക്കുന്ന പ്രവണത അവസാനിച്ചിട്ടില്ല. ഭൂമിക്ക് പകരം മൂലധനവും, പിന്നീട് ഡാറ്റയും പ്ലാറ്റ്ഫോമുകളും സാങ്കേതികവിദ്യയും അധികാരത്തിന്റെ പുതിയ ഉറവിടങ്ങളായി മാറിയിരിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യരാശിക്ക് പുതിയ സാധ്യതകൾ തുറന്നുതരുമ്പോഴും, അത് ‘ടെക്നോ-ഫ്യൂഡലിസം’ എന്ന പുതിയൊരു സാമ്പത്തിക അടിമത്തത്തിലേക്ക് വഴിമാറുന്നത് ജനാധിപത്യത്തിനും സ്വതന്ത്ര വിപണിക്കും വലിയൊരു ഭീഷണിയാണ്. വൻകിട കോർപ്പറേറ്റുകളുടെ ഡാറ്റാ കുത്തകയിൽ പരമ്പരാഗത-ചെറുകിട വ്യവസായങ്ങൾ തകരുന്ന ഈ അവസ്ഥയെ കേവലം വിപണിയുടെ മാറ്റമായി കണ്ട് അവഗണിക്കാൻ സാധിക്കില്ല.

സാങ്കേതിക വിദ്യയുടെ ജനാധിപത്യവൽക്കരണത്തിലൂടെയും, വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണത്തിലൂടെയും, കർശനമായ സർക്കാർ നിയന്ത്രണങ്ങളിലൂടെയും മാത്രമേ ഈ നവ-നാടുവാഴിത്തത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. മനുഷ്യന്റെ അധ്വാനവും ഡാറ്റയും ഏതാനും കോടീശ്വരന്മാരുടെ ലാഭത്തിനല്ല, മറിച്ച് സമൂഹത്തിന്റെ പൊതുനന്മയ്ക്കാണ് ഉപയോഗിക്കപ്പെടേണ്ടത് എന്ന ബോധ്യം ഉണ്ടാകുമ്പോൾ മാത്രമേ സാങ്കേതികവിദ്യ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പൂർണ്ണമാകൂ.

Also Read

5 minutes read August 11, 2026 3:39 pm