മുങ്ങിത്താഴുന്ന താന്തോണി തുരുത്തിനെ ആര് രക്ഷിക്കും?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വൻകിട കെട്ടിടങ്ങൾ ഇടതൂർന്ന് നിൽക്കുന്ന എറണാകുളം ന​ഗരത്തിലെ തിരക്കിട്ട ജീവിതങ്ങൾക്ക് അത്ര പരിചിതമായിരുന്നില്ല ചെളികൊണ്ട് മൂടപ്പെട്ട ഈ തുരുത്തും അതിലെ മനുഷ്യരും. ജീവിതം വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ ന​ഗരത്തിലേക്ക് സമരവുമായി എത്തിയതോടെയാണ് തുരുത്തിലെ ദുരിതാവസ്ഥകൾ ചർച്ചയായി മാറുന്നത്. വേലിയേറ്റ വെള്ളപ്പൊക്ക ഭീഷണിയിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി 63 കുടുംബങ്ങൾ തീരാദുരിതത്തിൽ കഴിയുന്ന കൊച്ചി കോർപ്പറേഷൻ പരിധിക്കുള്ളിലെ ഒരു ചെറിയ ദ്വീപാണ് താന്തോണി തുരുത്ത്. തുരുത്തിന് ചുറ്റും ഒരു സംരക്ഷണ ബണ്ട് കെട്ടി വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ദ്വീപിനെ കരകയറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 2012 ൽ ഇതിനുള്ള അനുമതി ലഭിക്കുകയും ടെണ്ടർ വിളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തതുമാണ്. പക്ഷേ, ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് മാത്രമല്ല, അന്ന് വീട്ടുമുറ്റത്തേക്ക് മാത്രം കയറിവന്നിരുന്ന വെള്ളം ഇപ്പോൾ വീട്ടിനുള്ളിലേക്കും മുട്ടോളവും ഒഴുകിപ്പരക്കാൻ തുടങ്ങി. താന്തോണി തുരുത്തിലെ മിക്ക വീടുകളും വർഷത്തിൽ എല്ലാക്കാലത്തും ചെളിയിലാണ്. ഗതിയില്ലാതെ വന്നപ്പോഴാണ് ഗോശ്രീ ഐലന്റ് ഡവലപ്മെന്റ് അതോറിറ്റി (GIDA) ഓഫീസിന് മുന്നിൽ ബണ്ടിനായി ഇവർ പ്രതിഷേധസമരം നടത്തിയത്. ഡിസംബർ പത്തിന് വെളുപ്പിന് തുടങ്ങിയ സമരം അവസാനിച്ചത് പതിമൂന്നിന് രാത്രി ഒൻപതരയോടെയാണ്. മന്ത്രി പി രാജീവ് ഇടപെട്ടതിനെ തുടർന്നാണ് പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അവർ നാല് ദിവസത്തെ സമരം അവസാനിപ്പിച്ച് വീണ്ടും വെള്ളക്കെട്ടിലേക്ക് മടങ്ങിയത്. പക്ഷേ, സംരക്ഷണഭിത്തി നിർമ്മിക്കുന്നതിൽ പാരിസ്ഥിതികമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതർ ഇപ്പോൾ അറിയിക്കുന്നത്. തീരദേശ പരിപാലന നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള തടസങ്ങൾ മറികടന്ന് തുരുത്ത് നിവാസികളുടെ ജീവിതം എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നതിൽ അധികൃതർക്ക് വ്യക്തതയില്ല. വർഷം മുഴുവൻ വെള്ളക്കെട്ടിൽ കഴിയുന്ന ഈ മനുഷ്യരുടെ അവസ്ഥ നേരിട്ടറിയാൻ തുരുത്തിലേക്ക് തന്നെ പോകാം.

താന്തോണി തുരുത്തിലെ പൊതു റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഫോട്ടോ: സ്നേഹ എം

ഹൈക്കോർട്ട് ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെടുന്ന കേരള വാട്ടർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിന്റെ ബോട്ടാണ് തുരുത്തിലേക്കുള്ള സഞ്ചാരമാർ​ഗം. താന്തോണി തുരുത്ത്, മുളവുകാട്, കുറുങ്കോട്ട ദ്വീപുകളിലേക്കുള്ള ബോട്ടുകൾ ഇവിടെ നിന്നാണ് പുറപ്പെടുന്നത്. ഹൈക്കോർട്ട് ബോട്ട് ജെട്ടിയിൽ നിന്നും പത്ത് മിനിറ്റിൽ താഴെ സമയം മാത്രമാണ് താന്തോണിയിലേക്കുള്ളത്. ഇവിടെ ഇപ്പോൾ താമസിക്കുന്നത് 63 കുടുംബങ്ങളാണ്. പല കുടുംബങ്ങളും ജീവിതം മടുത്ത് ടൗണിലേക്കും മറ്റ് നാടുകളിലേക്കും വാടകയ്ക്ക് പോയിരിക്കുന്നു. ജനിച്ച നാട്ടിൽ നിന്നും പോകാൻ കഴിയാതെ തുടരുന്ന മുന്നൂറോളം മനുഷ്യർക്ക് പറയാനുള്ളത് ഒരേയൊരു കാര്യമാണ്: “ഈ ദുരിതത്തിന് പരിഹാരമായി തുരുത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ബണ്ട് റോഡ് വേണം.”

”ഇക്കഴിഞ്ഞ നവംബർ പതിനെട്ടിനും സമരവുമായി GIDA ഓഫീസിലായിരുന്നു. അന്ന് ചർച്ച ചെയ്ത് വേഗം തീരുമാനമുണ്ടാക്കാം എന്ന് പറഞ്ഞപ്പോഴാണ് സമരം നിർത്തിയത്. അതിൽ പിന്നെ ഒന്നും തീരുമാനം ഉണ്ടാകാതെ വന്നപ്പോഴാണ് വീണ്ടും സമരവുമായി നാട്ടുകാരെല്ലാം GIDA ഓഫീസിലെത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ എല്ലാവരും സമരമുഖത്തുണ്ടായിരുന്നു. അന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടിയതുകൊണ്ടാണ് ഞങ്ങൾ സമരം അവസാനിപ്പിച്ചത്. തുരുത്തിന് ചുറ്റും ബണ്ട് വന്നാൽ തുരുത്ത് സുരക്ഷിതമായി. അത് മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ.” തുരുത്ത് നിവാസിയായ സുജിത്ത് പറഞ്ഞു.

സുജിത്ത്

വർഷത്തിൽ നാലോ അഞ്ചോ തവണയുണ്ടാകുന്ന വേലിയേറ്റ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമാകുന്നത് വൃശ്ചിക മാസത്തിലാണ്. ആ സമയത്ത് വെള്ളം കായലിൽ നിന്ന് അമിതമായി ഉയരുകയും വീടുകളിലേക്ക് ഇരച്ചുകയറുകയും ചെയുന്നു. ഇങ്ങനെ വെള്ളം കൂടുതൽ കയറി വീട്ടിൽ കഴിയാനാവാതെ വരുമ്പോഴൊക്കെ നാട്ടുകാർ GIDA ഓഫീസിലേക്ക് അഭയം തേടി എത്തുകയാണ് ചെയ്യാറുള്ളത്. വർഷത്തിൽ പല തവണകളായി ഇത് തുടരേണ്ടിവരുന്നു.

ഭവാനി വേലായുധൻ്റെ വീട് വെള്ളം കയറി ചെളിയിലേക്ക് താഴ്ന്ന നിലയിൽ. ഫോട്ടോ: സ്നേഹ എം

സുജിത്തിന്റെ ഭാര്യ പത്തനംതിട്ട സ്വദേശിനി സൂര്യക്ക് തുരുത്തിലെ കാഴ്ചകളെല്ലാം പുതിയതാണ്. “മലയും പാറയും ഒക്കെയാണ് ഞങ്ങടെ നാട്ടിലുള്ളത്. ആദ്യം ഇവിടെ വന്നപ്പോൾ ചുറ്റും കായൽ കണ്ടപ്പോൾ വലിയ സന്തോഷമായി. പക്ഷേ വീട്ടിലേക്ക് ഇങ്ങനെ കായലിൽ നിന്നും വെള്ളം ഇരച്ചുകയറുന്നത് കാണുമ്പോൾ പേടിച്ചിരുന്നു. രാത്രി രണ്ട് മണിക്ക് ഉറക്കത്തിൽ നിന്നും ഉണർന്നാണ് വെള്ളം കയറി വരുന്ന കാഴ്ച കാണുന്നത്. ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പോകാം എന്ന് ആദ്യമൊക്കെ വിളിച്ച് പറയുമായിരുന്നു. പിന്നീടത് ശീലമായി. വെള്ളം കയറിക്കഴിഞ്ഞാൽ പിന്നെ പെര കഴുകലാണ് ഏറ്റവും വലിയ പണി. വേസ്റ്റ് വെള്ളം ഉൾപ്പെടെയാണ് വീട്ടിലേക്ക് കയറുന്നത്. ഇതിൽ സെപ്റ്റിക് ടാങ്ക് വെള്ളം വരെയുണ്ട്. ഭയങ്കര സ്‌മെല്ലായിരിക്കും. എല്ലാ ദിവസവും രാവിലെ സോപ്പിട്ട് തന്നെ കഴുകണം. രാവിലെ ഇതൊരു വലിയ പണിയാണ്. ചെറിയ കുട്ടികൾക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടാ… അവർക്കൊന്നും രാത്രി ഉറങ്ങാൻ പറ്റില്ല.” സൂര്യ പ്രയാസങ്ങൾ വിശദമാക്കി.

സൂര്യ

തുരുത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലുള്ള എല്ലാ വീടുകളിലും സ്ഥിരമായി വെള്ളം കയറാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പല വീടുകളിലും രാത്രി കട്ടിലിനൊപ്പം വരെ വെള്ളം കയറും. മിക്ക വീടുകളുടെയും മുറ്റം ചെളി നിറഞ്ഞതാണ്. തലേന്ന് രാത്രി കയറിയ വെള്ളത്തിനൊപ്പം വന്ന പായലും ചെറിയ മീനുകളും തുരുത്തിലെ ദുരിതക്കാഴ്ചകളാണ്.

“ഇന്ന് ജോലിക്ക് പോകാൻ പറ്റിയിട്ടില്ല, രാവിലെ മുതൽ തുടങ്ങിയ ക്ലീനിംഗ് ആണ്. ഇപ്പോഴാണ് കഴിഞ്ഞത്.” മത്സ്യബന്ധന തൊഴിലാളിയായ ലതികനാണ് ഇതുപറഞ്ഞത്. തലേന്ന് രാത്രി കയറിയ വെള്ളം അപ്പോഴും അവരുടെ വീട്ടിലെ കട്ടിലിനടിയിലും അടുക്കളയിലും ഒഴുകി നടക്കുന്നുണ്ടായിരുന്നു. വെള്ളം കയറുന്നത് തടയാനായി വീടിന് മുന്നിൽ ഒരു കോൺക്രീറ്റ് നിർമ്മിതിയുള്ളതുകൊണ്ട് കേറിയ വെള്ളം പുറത്ത് കളയുന്നത് വലിയ ബുദ്ധിമുട്ടാണ്. വെള്ളം കയറുന്നത് തടയാനായി തുരുത്തിലെ ഒട്ടുമിക്ക വീടുകളിലും ഈ കോൺക്രീറ്റ് തടസം ഉണ്ടാക്കിയിട്ടുണ്ട്. പല സമയത്തും ഇതും മറികടന്നാണ് വെള്ളം വീടുകളിലേക്ക് കയറുന്നത്.

വീടിനുള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് തടസം. ഫോട്ടോ: സ്നേഹ എം

താനേ തുഴയുന്ന തോണികളുള്ള ‘താന്തോണി

‌ആദ്യകാലങ്ങളിൽ മരുഭൂമി പോലെയുള്ള നദീതടമായിരുന്ന താന്തോണി തുരുത്തിന്, താനേ തുഴയുന്ന തോണി എന്ന അർത്ഥത്തിലാണ് താന്തോണി എന്ന പേര് കൈവരുന്നത് എന്നാണ് തുരുത്തിന്റെ ചരിത്രമെഴുതിയവർ പലരും പറയുന്നത്. പലരും താന്തോന്നി തുരുത്ത് എന്ന് തെറ്റായി പ്രയോഗിക്കാറുണ്ട്. അതിമനോഹരമായ പൂക്കളും ചെടികളും പൂത്തിരുന്ന താന്തോണിയിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത് വെറും നാലോ അഞ്ചോ വീടുകൾ മാത്രം. എറണാകുളം ജില്ലയിലെ കരി ഉല്പാദനത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് വരെ കരി കയറ്റുമതി ഉണ്ടായിരുന്നുവെന്ന് പരാമർശിക്കുന്ന ചരിത്രരേഖകൾ ഉണ്ട്. മുൻ കാലങ്ങളിൽ നെൽക്കൃഷിയാണ് ഇവിടെ ചെയ്തിരുന്നത്. തലമുറകളായി തന്നെ താമസിക്കുന്നവർ മാത്രമാണ് ഇവിടെയുള്ളത്. ആദ്യകാലത്ത് വശങ്ങളിൽ കല്ലുകളാൽ പൊതിഞ്ഞ തരത്തിൽ ചെറിയ ബണ്ടുകളായിരുന്ന താന്തോണി തുരുത്തിൽ ഒരു നടപ്പാത രൂപപ്പെട്ടത് ആളുകൾ വന്ന് താമസിക്കാൻ തുടങ്ങിയതോടുകൂടിയാണ്. നാലുവശവും കായലാൽ ചുറ്റപ്പെട്ട തുരുത്തിൽ 1989 ലാണ് ഒരു സ്വകാര്യ ബോട്ട് സർവീസ് വരുന്നത്. പിന്നീടാണ് സർക്കാർ ബോട്ടുകൾ അനുവദിക്കുന്നത്.

ചുറ്റും ചെളി നിറഞ്ഞ ഉഷയുടെ വീട്. ഫോട്ടോ: സ്നേഹ എം

“മുൻപ് വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു ഇത്. ഇന്നീ സ്ഥലം കാൽ കുത്താൻ കഴിയാത്ത വിധം ചെളിയായി മാറിക്കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടത് ഈ തുരുത്തിനെ സംരക്ഷിക്കുന്ന ഒരു ബണ്ട് മാത്രമാണ്. ഒരു ദ്വീപിലെ പത്തറുപത്‌ കുടുംബങ്ങളോട് ഒരു ദയയും കാണിക്കാതിരിക്കുന്നതിൽ അധികാരികൾക്ക് എന്താണ് ഇത്ര താല്പര്യം?” കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജൂനിയർ എൻജിനീയറായി വിരമിച്ച പി.പി അംബാസ്‌ കേരളീയത്തോട് പറഞ്ഞു.

പി.പി അംബാസ്‌

“25 വർഷം മുൻപൊന്നും ഇവിടെ ഒട്ടും വെള്ളം കയറില്ലായിരുന്നു. ചുറ്റും കാണുന്ന ഈ വമ്പൻ ഫ്ലാറ്റുകൾ നിർമ്മിക്കാനായി മണ്ണെടുത്തത് ഈ തുരുത്തിൽ നിന്നാണ്. അങ്ങനെയാണ് ഈ പ്രദേശത്തെ ആഴം കുറഞ്ഞത്. അതിന് ശേഷമാണ് ഈ തുരുത്തിന് ഈ ദുരിതം തുടങ്ങിയത്. ഇവിടെ നിന്ന് മണ്ണെടുത്തത് പ്രശ്നമാണെന്ന് അധികൃതർക്ക് പിന്നീട് മനസ്സിലായിട്ടുണ്ട്. ഇവിടുത്തെ ചതുപ്പിൽ മണ്ണിടാനായി മൂന്നരക്കോടി രൂപ പാസാക്കിയത് അതിന്റെ തെളിവാണ്. പക്ഷേ, അതിവിടെ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ വീടിന്റെ അടിയിലൂടെ വരെ വെള്ളം ഒഴുകുന്നുണ്ട്. കുറച്ചുകഴിഞ്ഞാൽ ഈ വീടുകളൊക്കെ കുതിർന്നു താഴെ വീഴും.” അദ്ദേഹം പറഞ്ഞു.

“ഇന്ന് പച്ചാളത്ത് കാണുന്ന എല്ലാ ആഡംബര ബിൽഡിങ്ങുകളും നിർമ്മിച്ചിരിക്കുന്നത് താന്തോണി തുരുത്തിലെ മണ്ണ് വച്ചാണ്. ഇവിടെ നിന്നും ഡ്രെഡ്ജ് ചെയ്തെടുത്ത മണ്ണെടുത്താണ് ഇപ്പോൾ ബിൽഡിങ് നിൽക്കുന്ന സ്ഥലങ്ങളെല്ലാം ഫിൽ ചെയ്തത്. ഇന്ന് കാണുന്ന ക്യൂൻസ് വാക് വേ നിർമ്മിക്കാനും ഇവിടെ നിന്നാണ് മണ്ണെടുത്തിട്ടുള്ളത്. ഈ ചെറിയ തുരുത്ത് സംരക്ഷിക്കാതെയാണ് അതിനു ചുറ്റും ഇത്രയും വലിയ ബിൽഡിങ്ങുകൾ പണിഞ്ഞത്. പ്രസ്റ്റീജ്, ഹിന്ദുസ്ഥാൻ പെട്രോളിയം, എച്.പി തുടങ്ങി ടാറ്റായുടെ ത്രിത്വം ഫ്ലാറ്റുകൾ വരെ ഓരോ കാലഘട്ടത്തിലായി ഓരോ വൻകിട മുതലാളികളുടെ ഫ്ലാറ്റുകളാണ് ഇവിടെ പൊങ്ങിയത്.” സുജിത്തിനും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണ്.

ടാറ്റയുടെ ത്രിത്വം അപ്പാർട്ട്മെന്റ്. താന്തോണി തുരുത്തിൽ നിന്നുള്ള കാഴ്ച. കടപ്പാട്: സ്നേഹ എം

ഒരു കരയ്ക്കപ്പുറം വൻകിട കോർപ്പറേറ്റ് സമുച്ചയങ്ങൾ വളർന്നുവരുന്നത് സ്വന്തം വീട്ടിന് മുന്നിൽ നിന്ന് കണ്ടവരാണ് ഈ തുരുത്തിലെ നിവാസികളെല്ലാം. ഇത്തരം ബിൽഡിങ്ങുകളുടെ വളർച്ച തുരുത്തിലെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും മത്സ്യബന്ധനത്തെ സഹായിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷകൾ. എന്നാൽ അതൊന്നും നടന്നില്ലെന്ന് മാത്രമല്ല, തുരുത്തിലെ ജനങ്ങൾക്ക് ഭീഷണിയായി ഓരോ വർഷം പുതിയ ഫ്ലാറ്റുകൾ കായലോരത്ത് ഉയർന്നുകൊണ്ടേയിരുന്നു.

തുരുത്തിലെ 99 ശതമാനം ആളുകളും മത്സ്യബന്ധനത്തൊഴിലാളികളാണ്, അതല്ലെങ്കിൽ ദ്വീപിന് പുറത്ത് കൂലിപ്പണിക്ക് പോകുന്നവരും. മിക്ക സ്ത്രീകളും ഫ്ലാറ്റുകളിലെ അടുക്കളപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. കുറച്ച് പേർ ടൗണിലെ ബാങ്കുകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ക്ലീനിംഗ് ജോലികൾ ചെയ്യുന്നു. തൊഴിലിടത്ത് പകൽ മുഴുവൻ ജോലി ചെയ്ത് വീട്ടിലെത്തി പാചകവും കുട്ടികളുടെ കാര്യവും നോക്കുന്നതും ഈ സ്ത്രീകൾ തന്നെയാണ്. എല്ലാ പണികളും തീർത്ത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ് വെള്ളം കയറിത്തുടങ്ങുന്നത്.

എസ്.ബി.ഐ ഹൈക്കോർട്ട് ബ്രാഞ്ചിൽ 13 വർഷമായി സ്വീപ്പിങ് ജോലി ചെയ്യുന്ന സുഷമ പറയുന്നു: “ഞാൻ ഈ തുരുത്തിൽ തന്നെ ജനിച്ചുവളർന്നയാളാണ്. രാവിലെ 8:10 ന് ഇവിടെ നിന്ന് എറണാകുളത്തേക്കുള്ള ബോട്ടിലാണ് എന്നും പോവുക. തുരുത്തിലെ മിക്കയാളുകളും ഈ ബോട്ടിനെയാണ് ആശ്രയിക്കുക. രാവിലെ ഒമ്പതരയ്ക്ക് ബ്രാഞ്ച് തുറന്ന് കഴിഞ്ഞാൽ അഞ്ച് മണിക്ക് തീരും. 8:10 ന്റെ ബോട്ട് പിടിക്കണമെങ്കിൽ വീട്ടിലെ പണിയൊക്കെ തീരാനായി നേരത്തെ എഴുന്നേൽക്കണം. ഞാനും ഭർത്താവും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്. ഏറ്റവും ഇളയകുട്ടി പത്താം ക്ലാസിലാണ് പഠിക്കുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്ക്, പിള്ളേരെ വിടാനുള്ള തിരക്ക് ഇതെല്ലാം തീർത്താണ് ബോട്ട് കേറാൻ പോകുന്നത്. വൈകുന്നേരം ജോലിയും കൂടി കഴിഞ്ഞ് വന്നാൽ പിന്നെ ഒന്നിനും വയ്യാതാകും. രാത്രിയിലെ പണികൾ ഒക്കെ തീർത്തിട്ട് മനസമാധാനത്തോടെ ഞങ്ങൾക്ക് കിടന്നുറങ്ങാൻ പറ്റുന്നില്ല. കാരണം ഒരുറക്കം കഴിഞ്ഞാ വെള്ളം കയറിയിട്ടുണ്ടാകുമോ എന്ന് പേടിച്ച് എണീക്കും. ഉറക്കത്തിന്റെയിടയ്ക്കും ഇതെന്നെ ചിന്തയാണ്. പിന്നെങ്ങനെ ഉറങ്ങും? പിറ്റേന്ന് ഓഫീസിൽ പോയി ജോലി ചെയ്യേണ്ടതാണ് എന്നോർക്കണം. വെള്ളം കയറിക്കഴിഞ്ഞാൽ ഒരു മണിക്കൂറോളം അങ്ങനെ തങ്ങിനിൽക്കും. രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യേണ്ടത് തലേന്ന് രാത്രിയിലെ വെള്ളപ്പൊക്കത്തിന്റെ വേസ്റ്റൊക്കെ ക്ലീൻ ചെയ്യലാണ്. എനിക്ക് തൈറോയ്ഡ് ഉള്ളതാണ്, എല്ലാ ജോലിയും കൂടെ ഒരുമിച്ചു ചെയ്യുമ്പോൾ ശരീരത്തിന് വല്ലാതെ വയ്യാതാകുന്നുണ്ട്.” സുഷമ ചേച്ചിയുടെ സംസാരത്തിൽ അവരുടെ ശാരീരികവും മാനസികവുമായ എല്ലാ അവശതകളും ഉൾച്ചേർന്നിരുന്നു.

സുഷമ

ഈ നാട്ടിൽ നിൽക്കാൻ തന്നെ ഇപ്പോൾ മടുപ്പായി എന്ന് അവർ പലപ്പോഴായി പറഞ്ഞുകൊണ്ടിരുന്നു. തുരുത്തിൽ നിന്നും പല കുടുംബങ്ങളും ടൗണിലേക്ക് വാടകയ്ക്ക് പോയിട്ടുണ്ടെന്നും പലരും സ്വന്തം വീടുപേക്ഷിച്ച് വലിയ ദുഃഖത്തോടെയാണ് പോയതെന്നും സുഷമ പറഞ്ഞു. ഒഴിഞ്ഞുപോയവരുടെ വീടുകൾ വെള്ളത്തിൽ കുതിർന്ന് തുരുത്തിൽ പലയിടങ്ങളിലായി അവശേഷിക്കുന്നുണ്ടായിരുന്നു. പലതും പണിതിട്ട് അധികം കാലമായില്ല എന്ന് വ്യക്തം. സ്ഥിരമായി ഉപ്പുവെള്ളം കയറുന്നതുകൊണ്ടുതന്നെ തുരുത്തിലെ മിക്ക വീടുകളും കേടുപാടുകൾ സംഭവിച്ച നിലയിലാണ്. പല വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. “വീടിനി പൊക്കി പണിതാൽ മാത്രമേ അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും വെള്ളം കയറാതെ കിടക്കൂ. ഈ ഔട്ടർ ബണ്ട് വരാതെ ഇനിയെന്തൊക്കെ ചെയ്താലും ഒരു കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.” സുഷമ പറയുന്നു.

വില്ലേജ് ഓഫീസിൽ നിന്ന് കിട്ടിയ നിർദേശപ്രകാരം വീടുകളുടെ അവസ്ഥ ബോധിപ്പിച്ചുകൊണ്ട് പഞ്ചായത്തിലേക്ക് കൊടുത്ത അപേക്ഷയിൽ ഒരു രൂപ പോലും ഇതുവരെ കിട്ടിയിട്ടില്ല എന്നും സുഷമ പറയുന്നു. ഓരോ വർഷം പിന്നിടുമ്പോഴും പൊങ്ങിവരുന്ന വെള്ളത്തിന്റെ അളവും വ്യാപ്തിയും കൂടിവരുന്നുണ്ട് എന്നതുകൊണ്ടുതന്നെ അടുത്തുള്ള വർഷങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗൃഹോപകരണങ്ങളും കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നതിനായി തുരുത്തുകാർ കഷ്ടപ്പെടുന്നുണ്ട്. പല വീടുകളിലെയും ഫ്രിഡ്ജ്, വാഷിങ് മെഷീൻ പോലുള്ള ഉപകരണങ്ങളും കട്ടിലിനോ മേശയ്ക്കോ മുകളിലാണ് വച്ചിട്ടുള്ളത്. ദിവസക്കൂലിക്കാരായ ആളുകൾ ഇ.എം.ഐയും ലോണുമൊക്കെയെടുത്ത് വാങ്ങിയ പല ഗൃഹോപകരണങ്ങളും ഉപയോഗിക്കാൻ പറ്റാത്ത വിധമായിട്ടുണ്ടെന്ന് തുരുത്ത് നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലുപയോഗിക്കുന്ന പാത്രങ്ങൾ പോലും വലയിലും മറ്റും കെട്ടി ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വീട്ടിലുപയോഗിക്കുന്ന പാത്രങ്ങൾ വലയിൽ കെട്ടി സൂക്ഷിക്കുന്നു.

വേലിയേറ്റത്തിന്റെ ദുരിതങ്ങൾ തുരുത്തിലെ വിദ്യാർത്ഥികളെയും വളരെ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽ ബി വോക് കൊമേർഷ്യൽ അക്വാകൾച്ചർ മൂന്നാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി, തുരുത്തിൽ താമസിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെ പ്രതിനിധിയായാണ് സമരമുഖത്ത് ശബ്ദമുയർത്തിയത്. തുരുത്തിൽ നിന്നും കൃത്യസമയത്ത് ബോട്ടില്ലാത്ത പ്രശ്നം മുതൽ തുരുത്ത് ഇപ്പോൾ നേരിടുന്ന മുഴുവൻ അരികുവൽക്കരണത്തെക്കുറിച്ചും ആ ഇരുപതുവയസുകാരിക്ക് ഏറെ പറയാനുണ്ടായിരുന്നു.

ലക്ഷ്മി

“എനിക്ക് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ക്ലാസ് തുടങ്ങുക. അതിനുവേണ്ടി രാവിലെ പതിനൊന്നരയ്ക്കുള്ള ബോട്ട് കേറണം, വൈകീട്ട് 5:45 ന് ക്ലാസ് കഴിഞ്ഞാൽ 6:10 നുള്ള ബോട്ടിൽ കയറാനായി കോളേജിൽ നിന്ന് ജെട്ടിയിലേക്ക് വേഗത്തിൽ നടന്നെത്തണം. ആ ബോട്ടിൽ കയറാൻ പറ്റിയില്ലായെങ്കിൽ പിന്നെ ഇരുട്ടാകും. രാത്രി നേരത്ത് വെള്ളം കയറുന്നതുകൊണ്ട് കൃത്യമായി ഉറക്കം കിട്ടാറില്ല, ക്ലാസിലിരുന്ന് ഉറക്കമായിരിക്കും. തുരുത്തിലെ വിദ്യാർഥികൾ നേരിടുന്ന യാത്രാദുരിതങ്ങൾ മുൻപേ തന്നെയുള്ളതാണ്. കോളേജിൽ എന്നും കളർ ഡ്രസാണ്, വെള്ളത്തിൽ കുതിർന്നിരിക്കുന്ന ഉടുപ്പിനെ എങ്ങനെ കോളേജിലേക്കിടും?” ലക്ഷ്മി ചോദിക്കുന്നു.

കോളേജിൽ സബ്മിറ്റ് ചെയ്യാനുള്ള പ്രോജക്ടിനായി തയ്യാറാക്കിയ പല പേപ്പറുകളും ഇതുപോലെ വെള്ളത്തിൽ കുതിർന്നുപോയിട്ടുണ്ട് എന്ന് ലക്ഷ്മി പറയുന്നു. ഹാൾടിക്കറ്റ് പോലും നനഞ്ഞ അവസ്ഥ ലക്ഷ്മി വിവരിച്ചു. പരീക്ഷയെഴുതാനായി ക്ലാസിൽ കൃത്യമായ അറ്റന്റൻസ് വേണമെന്നിരിക്കെ വെള്ളം കയറിയിട്ടും അതിനായി സമരം ചെയ്യാൻ പോയിട്ടും പല ക്ലാസുകൾ നഷ്ടമായിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ വീട്ടിനുള്ളിൽ രാത്രിയിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാതെ നിൽക്കുന്നു. ഫോട്ടോ: സ്നേഹ എം

“സമയം രാത്രി രണ്ടുമണിയൊക്കെ ആയിരിക്കും, അമ്മ വെള്ളം കോരിക്കളയുന്ന ശബ്ദം കേട്ടാണ് നമ്മൾ എണീക്കുക. ആദ്യം വെള്ളം കയറുന്ന സമയത്ത് ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നല്ലോ. ഇപ്പോ അതൊക്കെ കണ്ടു കണ്ട് ശീലമായി. വീട്ടിലിരുന്ന് പഠിച്ച് കഴിഞ്ഞ് ചിലപ്പോ ബുക്കും ബാഗുമൊക്കെ തറയിൽ തന്നെ വച്ചിട്ടാകും കിടക്കാൻ പോകുന്നത്. രാത്രി പെട്ടെന്ന് വെള്ളം കയറുമ്പോ ബുക്കും ബാഗും ഒക്കെ മുഴുവൻ നനഞ്ഞു കുതിർന്നിട്ടുണ്ടാകും. ഇന്ന് രാത്രി കൂടുതൽ വെള്ളം കയറുമെന്നാണ് അമ്മ പറയുന്നത്.” പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന ആവണി ബാബു പറയുന്നു. ഒന്നരയ്ക്ക് നടക്കുന്ന പരീക്ഷയ്ക്ക് പോകാനായി എറണാകുളത്ത് ഹൈക്കോർട്ടിൽ എത്താൻ തുരുത്തിലെ ജെട്ടിയിൽ നിന്നും പതിനൊന്നരയ്ക്കുള്ള ബോട്ട് പിടിക്കാൻ കാത്തുനിൽക്കുകയായിരുന്നു ആവണി.

ആവണി ബാബു

“സ്‌കൂളിൽ ഫുൾ യൂണിഫോം വേണം, പല സമയത്തും അത് പറ്റാറില്ല. വെള്ളത്തിൽ ഷൂ ഒക്കെ നനയും. രാത്രി കഴുകി വച്ച ചെരുപ്പിലെല്ലാം രാവിലെയാകുമ്പോഴേക്കും ചെളി നിറയും.” ആവണിയുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ. ക്രിസ്മസ് പരീക്ഷയ്ക്ക് പോകുമ്പോൾ പോലും ആവണിക്ക് ഫുൾ യൂണിഫോമില്ല.

ജിഡയുടെ മുന്നിൽ സമരം നടക്കുന്ന സമയത്ത് കേരളത്തിലെ മിക്ക മാധ്യമങ്ങളും ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അവരാരും തുരുത്ത് വരെ വന്ന് ജനങ്ങളുടെ അവസ്ഥ നേരിട്ട് മനസിലാക്കിയിട്ടില്ലെന്നും എല്ലാവരും പരാതിപ്പെടുന്നു. “രാത്രിയാണ് വെള്ളം കയറുന്നത്, ആ സമയത്ത് മാധ്യമങ്ങൾ തുരുത്തിലുണ്ടാകണം എന്നാലേ ഞങ്ങളുടെ അവസ്ഥ പൊതുജനങ്ങൾക്ക് കൃത്യമായി മനസിലാകൂ.” തുരുത്തിലെ എല്ലാ മനുഷ്യർക്കും ഇത് പറയുമ്പോൾ ഒരേ ശബ്ദമാണ്.

കേടുപാടുകൾ വന്ന പുതിയ വീട്. ഫോട്ടോ: സ്നേഹ എം

തുരുത്തും തീരദേശ നിയമങ്ങളും

ബണ്ട് നിർമ്മിക്കുന്ന കാര്യത്തിൽ ചില അപ്രായോഗികതകൾ ഉണ്ടെന്ന വിശദീകരണമാണ്‌ KCZMA (Kerala Coastal Zone Management Authority) നൽകുന്നത്. തുരുത്ത് കോസ്റ്റൽ റ​ഗുലേഷൻ സോൺ ആണ് എന്നതടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതിനെക്കുറിച്ച് ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി സെക്രട്ടറി രഘുരാമൻ പറയുന്നതിങ്ങനെയാണ്:

“നാട്ടുകാരുടെ ആവശ്യപ്രകാരം തുരുത്തിന് ചുറ്റും അഞ്ച് മീറ്റർ വീതിയിൽ ഒരു ബണ്ട് എന്നതായിരുന്നു പദ്ധതി. 600 മീറ്ററിൽ പദ്ധതിയുടെ ആദ്യത്തെ ഫേസ് ചെയ്യാനുള്ള അനുമതിയും ഫണ്ടുമുണ്ട്. ഇറിഗേഷൻ ഡിപ്പാർട്മെന്റ് എസ്റ്റിമേറ്റ് തയ്യാറാക്കി ഇത് ടെൻഡർ ചെയുകയും എഗ്രിമെന്റ് തയ്യാറാക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രകാരമുള്ള പ്രൊജക്റ്റ്, കായൽ നികത്തി ഒരു ബണ്ടുണ്ടാക്കാം എന്നായിരുന്നു തീരുമാനം. സി.ആർ.ഇസെഡ് (CRZ) ഒന്നിലും നാലിലും വരുന്ന വിഷയമാണിത്. അതായത്, കായൽ നികത്തുന്നതും കണ്ടൽ കാടുകളെ നശിപ്പിക്കുന്നതുമാണ് പ്രശ്നം. നിയമപ്രകാരം സി.ആർ.ഇസെഡ് ക്ലിയറൻസ് ലഭിച്ചതിന് ശേഷം മാത്രമേ വർക്ക് ടെൻഡർ ചെയ്യാൻ പാടുകയുള്ളൂ. പക്ഷേ നാട്ടുകാരുടെ യഥാര്‍ത്ഥമായ പ്രശ്നം മനസിലാക്കി അതിന് മുൻപ് തന്നെ ടെൻഡർ വിടുകയായിരുന്നു. സി.ആർ.ഇസെഡ് ക്ലിയറൻസ് ലഭിക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പിറകിൽ. ടെൻഡർ ഓക്കേ ആയി കഴിഞ്ഞപ്പോൾ സി.ആർ.ഇസെഡിന്റെ സ്റ്റേറ്റ് ലെവൽ അതോറിറ്റിയായ കെ.സി.ഇസെഡ്.എം.എ അനുമതി തന്നില്ല. ബണ്ടിന്റെ അഞ്ച് മീറ്റർ വീതി എന്ന അളവ് പുനരാലോചിക്കണം എന്നാണ് അവർ പറയുന്നത്. കണ്ടൽ കാടുകൾ നികത്തുന്നതും കായൽ കയ്യേറുന്നതുമായിരുന്നു പ്രശ്നം. 3000 മീറ്റർ സ്‌ക്വയർ കായലോരമാണ് പദ്ധതിയുടെ ഭാഗമായി നഷ്ടപ്പെടുന്നത്. ഇത് അനുവദിക്കില്ല. കണ്ടൽ കാടുകൾ തീരസംരക്ഷണത്തിനു ഫലപ്രദമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കെ കണ്ടൽക്കാടുകൾ വെട്ടി തീരദേശം സംരക്ഷിക്കുക എന്ന ആശയം ചോദ്യം ചെയ്യപ്പെടുമല്ലോ.”

തുരുത്ത് നിവാസികളുടെ ദുരിതം മനസിലാവുന്നുണ്ടെങ്കിലും ഹയർ അതോറിറ്റികളിൽ നിന്നുമുള്ള അനുമതി തടസപ്പെടുന്നതാണ് പദ്ധതി നടത്തിപ്പിൽ കാലതാമസമുണ്ടാകുന്നത് എന്നാണ് സെക്രട്ടറി പറയുന്നത്. വിഷയത്തിൽ ജില്ലാ കളക്ടറിന്റെ മുൻകൈയിൽ മീറ്റിങ്ങുകൾ നടത്തിയതിനെ തുടർന്ന് ഉടൻ തന്നെ റിവൈസ്ഡ് പ്രൊപോസൽ കൊടുക്കാനാണ് തീരുമാനമെന്നും അഞ്ച് മീറ്റർ വീതി എന്ന അളവ് കുറച്ചുകൊണ്ടും കണ്ടൽ വെട്ടാതിരിക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടും പദ്ധതി നടത്തണം എന്ന് തന്നെയാണ് തീരുമാനമെന്നും രഘുരാമൻ പറയുന്നു.

വെള്ളത്തിനൊപ്പം കയറിയ പായൽ ഷാജിയുടെ വീടിന് മുന്നിൽ കെട്ടി നിൽക്കുന്നു. ഫോട്ടോ: സ്നേഹ എം

കൊച്ചി നഗരത്തിലും പരിസരത്തുമായുള്ള ദ്വീപുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1994 ൽ സ്ഥാപിതമായ ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി (GIDA)യുടെ പ്രവർത്തനങ്ങളെ തുരുത്തുനിവാസികൾ വിമർശിക്കുന്നുണ്ട്. തുരുത്തുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി GIDA ഒന്നും ചെയ്യുന്നില്ലെന്നും ചിലർ പറയുന്നു. “തുരുത്ത് കോർപ്പറേഷന്റെ പരിധിയിലായിട്ട് 35 വർഷം കഴിഞ്ഞു. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ എന്ന് പറയാനാണെങ്കിൽ ഒന്നുമില്ല. 20 വർഷം മുൻപ് പണിത റോഡ് മാത്രമാണ് കോർപ്പറേഷന്റെ ഭാഗത്തു നിന്നും ഇവിടെ ചെയ്തേക്കുന്ന ഒരു സൗകര്യം. ആ റോഡ് പോലും ഇപ്പോൾ പൊട്ടിയ നിലയിലാണ്.” ദലിത് കോൺഗ്രസിന്റെ വടുതല ബ്ലോക്ക് വൈസ് പ്രസിഡന്റും താന്തോണി തുരുത്ത് നന്മ റെസിഡൻസ് അസോസിയേഷന്റെ സെക്രട്ടറിയുമായ അജിത് പറയുന്നു. പദ്ധതി നടത്തിപ്പിനുള്ളിൽ കുരുക്കുകൾ ഉണ്ടെന്ന് തുരുത്തിലെ പല നിവാസികൾക്കും മനസിലാകുന്നത് തന്നെ ഇപ്പോഴാണ്. ചുറ്റുമുള്ള വൻകിട കെട്ടിടങ്ങൾ നിർമിക്കുന്ന സമയത്തൊന്നും CRZ ബാധകമായിരുന്നില്ലല്ലോ എന്ന ചോദ്യമാണ് അദ്ദേഹമുയർത്തുന്നത്. സമീപത്തുള്ള മുളവുകാട്, കടമക്കുടി തുരുത്തുകളുടെ പ്രവർത്തനങ്ങൾക്കെല്ലാം ഫണ്ടനുവദിക്കുന്ന GIDA, താന്തോണിയെ മാത്രം അവഗണിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അജിത്

നിയമങ്ങൾ പാലിക്കാതെ ഉയരുന്ന കെട്ടിടങ്ങൾ

പരമ്പരാഗതമായി തുരുത്തിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനാണ് പ്രധാനം എന്നാണ് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ നീലകണ്ഠൻ പറയുന്നത്. “തുരുത്തിന് ചുറ്റുമുള്ള അമ്പത് ശതമാനം കായൽ പ്രദേശവും നികത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. CRZ നിയമം ലംഘിക്കണം എന്ന് ഞാൻ പറയില്ല. പക്ഷേ, തുരുത്തിലെ മനുഷ്യർക്ക് ജീവിച്ചുപോകണമല്ലോ. ഗോശ്രീ പാലം, വല്ലാർപ്പാടം ടെർമിനൽ, ലുലു കൺവെൻഷൻ സെന്റർ തുടങ്ങി തുരുത്തിന് ചുറ്റുമുള്ള പല വൻകിട ബിൽഡിങ്ങുകളും ഈ നിയമം ലംഘിച്ചാണ് പണിഞ്ഞിരിക്കുന്നത്. ഏറ്റവും ദുർബലമായ ആളുകളോട് നിയമം പാലിക്കണമെന്ന് പറയുന്നു. നിയമലംഘനം വഴി പണിത ഈ കെട്ടിടങ്ങൾ കാരണം കൊണ്ടുതന്നെ തുരുത്തിലെ ജനങ്ങളുടെ ജീവിതം അസാധ്യമായി. അക്കാലത്ത് ഇവിടെ ലംഘിക്കപ്പെട്ട CRZ കാരണമാണ് ഇന്നീ ജനങ്ങൾ ഇത്ര ദുരിതത്തിലായത്. യഥാർത്ഥത്തിൽ ഈ ജനങ്ങളെ അവിടെ നിന്ന് പുറത്താക്കണം എന്നതാണ് അധികൃതരുടെ ലക്ഷ്യം. കാരണം അവിടെയുള്ള കോർപ്പറേറ്റ് താല്പര്യങ്ങളാണ്. അവിടെയുള്ള ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആ ജനങ്ങൾ പോയിക്കഴിഞ്ഞാൽ പിന്നെ അവിടെ കോർപ്പറേറ്റുകൾ കയ്യടക്കും. അപ്പോൾ അവിടെ ഒരു CRZ ഉം ബാധകമാവില്ല. പരമ്പരാഗതമായി അവിടെ ജീവിക്കുന്ന ആളുകളുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രം ആയിരിക്കണം അധികൃതരുടെ ലക്ഷ്യം. വല്ലാർപ്പാടം ടെർമിനലിന് വേണ്ടി വെള്ളം തിരിച്ചുവിടാൻ എന്ന് പറഞ്ഞാണ് ബോൾഗാട്ടി ഐലൻഡിലെ 26 ഏക്കർ നികത്തിയെടുത്തത്. അവിടെയാണ് ഇപ്പോൾ ലുലു കൺവെൻഷൻ സെന്ററുള്ളത്. ഈ അനാസ്ഥ തുടർന്നാൽ നാളെ താന്തോണിയിലും ഇത് ആവർത്തിക്കും”. അദ്ദേഹം മുന്നറിയിപ്പ് നൽകി. GIDAയോടുള്ള ആളുകളുടെ വിമർശനം സി ആർ നീലകണ്ഠനും ശരിവയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലും ആളുകളെ ഇവിടെ നിന്നും മാറ്റണം എന്നത് മാത്രമാണ് GIDA യുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ആർ നീലകണ്ഠൻ

ജീവിക്കാനായുള്ള സമരം അവസാനിപ്പിക്കില്ലെന്ന് തന്നെയാണ് തുരുത്തിലെ ജനങ്ങൾ ഒരുപോലെ പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് അവർ സമരം താത്കാലികമായി അവസാനിപ്പിച്ചത്. എല്ലാവരും അന്നത്തെ ദിവസക്കൂലി മുടക്കിയാണ് സമരത്തിനായി നാല് ദിവസം ഇറങ്ങിയത്. പല കുടുംങ്ങൾക്കും ലോണുകളും മറ്റുമുണ്ട്. ഒരു കുടുംബത്തിലെ രണ്ട് പേർ ജോലിക്ക് പോകാതെയിരുന്നാലുള്ള അവസ്ഥ മുന്നിൽ കണ്ടുകൊണ്ടാണ് അവർ സമരം അവസാനിപ്പിച്ചത്.

GIDA ഓഫീസിന് മുന്നിൽ നടന്ന സമരം

താന്തോണി തുരുത്ത് വർഷങ്ങളോളമായി അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതം പുറംലോകത്തെ അതേപടി അറിയിക്കുക പ്രയാസകരമായ കാര്യമാണ്. നിവാസികൾ പറയുന്നത് പോലെ തുരുത്തിന് പുറത്തുള്ള ജനങ്ങൾ ഒരു ദിവസം മുഴുവൻ തുരുത്തിൽ താമസിച്ചാൽ മാത്രമേ ദുരിതജീവിതത്തിന്റെ യാഥാർത്ഥമുഖം മനസ്സിലാക്കാൻ കഴിയൂ. അധികൃതരിൽ നിന്നും ലഭിച്ച മുഴുവൻ വാഗ്ദാനങ്ങളും വെറും പാഴ് വാക്ക് മാത്രമായി മാറിയതുകൊണ്ടാണ് അവർ ജോലിയും പഠിപ്പും മുടക്കി ദിവസങ്ങളോളം പ്രതീക്ഷയോടെ സമരമിരുന്നത്.

പല വീടുകളിലേക്കും വെള്ളത്തോടൊപ്പം കയറിവരുന്ന മാലിന്യം സൃഷ്ടിക്കാൻ പോകുന്നത് വലിയ ആരോ​ഗ്യ പ്രശ്നങ്ങളാണ്. മുട്ടോളം വെള്ളം കയറുമ്പോൾ സ്വന്തം വീട്ടിലെയും പുറത്തെയും കക്കൂസ് മാലിന്യങ്ങൾ കൂടിയാണ് വീടുകളിലേക്ക് വ്യാപിക്കുന്നത്. രാത്രിയിൽ വലിയ തോതിൽ വെള്ളം പൊങ്ങിയാൽ ആളുകൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാനായി സർക്കാർ അനുവദിച്ച ഒരു ബോട്ട് സ്ഥിരമായി താന്തോണിയുടെ ബോട്ട് ജെട്ടിയിൽ കിടക്കുന്നുണ്ട്, ഒരു മഹാദുരന്തം കൂടെയുണ്ടെന്ന ഓർമ്മപ്പെടുത്തൽ പോലെ.

Also Read

12 minutes read December 23, 2024 1:34 pm