ഈ പൊലീസ് തിരച്ചിൽ മാധ്യമസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു

ദി വയർ‘ എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും വീടുകളിൽ ഡല്‍ഹി പൊലീസ് നടത്തിയ തിരച്ചിലിനെ ഡിജിപബ് ന്യൂസ്​ ഇന്ത്യ ഫൗണ്ടേഷൻ ശക്തമായി അപലപിച്ചു.

2022 ഒക്ടോബര്‍ 31 ന് ‘ദി വയറി’ന്റെ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്ടിയ, ജാഹ്നവി സെന്‍ തുടങ്ങിയവരുടെ വീടുകളില്‍ ഡല്‍ഹി പൊലീസ് തിരച്ചില്‍ നടത്തുകയും ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി വക്താവ് അമിത് മാളവ്യ, ‘ദി വയറി’നെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചനാ കുറ്റം (സെക്ഷന്‍ 41), വ്യാജ രേഖ നിര്‍മാണം (സെക്ഷന്‍ 463), അപകീര്‍ത്തിപ്പെടുത്തല്‍ (സെക്ഷന്‍ 499) ഗൂഢാലോചന (സെക്ഷന്‍ 120 എ) തുടങ്ങിയ വകുപ്പുകള്‍ ആരോപിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടിയുണ്ടായത്.

ഡിജിപബിന്റെ ട്വിറ്റർ പോസ്റ്റ്

സമൂഹ മാധ്യമ കമ്പനിയായ ‘മെറ്റ’യെ കുറിച്ച് ‘ദി വയറി’ല്‍ പ്രസിദ്ധീകരിച്ച പരമ്പരക്കെതിരെയാണ് മാളവ്യ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം പ്രോഗ്രാമായ എക്സ് ചെക്കില്‍ അദ്ദേഹത്തിന് പ്രത്യേക സെന്‍സര്‍ഷിപ്പ് അവകാശങ്ങളുണ്ടെന്ന് പരമ്പരയില്‍ പരാമർശിച്ചിരുന്നു. എന്നാല്‍ ഈ തെറ്റായ വാർത്ത പ്രസിദ്ധീകരിക്കാനിടയായതു തങ്ങളുടെ അന്വേഷണ സംഘത്തിലെ ഒരംഗം ചതിച്ചതിന്റെ ഫലമാണെന്ന് വെളിപ്പെടുത്തി ‘ദി വയര്‍’ തന്നെ ഈ പരമ്പര 2022 ഒക്ടോബര്‍ 23 ന് പിന്‍വലിച്ചിരുന്നു.

ഒരു മാധ്യമ സ്ഥാപനമോ മാധ്യമപ്രവര്‍ത്തകനോ തെറ്റായ വാര്‍ത്ത നൽകുന്നപക്ഷം, അത് മറ്റു മാധ്യമ സ്ഥാപനങ്ങളും പൊതുസമൂഹവും ചോദ്യംചെയ്യേണ്ടതു തന്നെയാണ്. അതേസമയം ഭരണകക്ഷിയുടെ വക്താവ് നല്‍കിയ ഒരു സ്വകാര്യ പരാതിയുടെ വെളിച്ചത്തിൽ ഉടൻതന്നെ ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍മാരുടെയെല്ലാം വീടുകളില്‍ തിരച്ചില്‍ നടത്തുന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ല. വീണുകിട്ടിയ ഈ അവസരത്തെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ ‘ദി വയര്‍’ ശേഖരിച്ച രഹസ്യാത്മകവും സുപ്രധാനവുമായ ഡാറ്റകൾപിടിച്ചെടുക്കാനുള്ള അവസരമായി പൊലീസ് ഉപയോഗിക്കുന്നതിലെ അപകടം അവഗണിക്കാനാവില്ല.

സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ വേണു, ഝാനവി സെന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ

നിയമം നടപ്പിലാക്കാൻ നീതിപൂർവ്വമായ അന്വേഷണങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അത് ഇപ്പോള്‍തന്നെ ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന തരത്തിലാകരുത്. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ജേണലിസ്റ്റുകളെ തടയുന്ന നിരവധി സംഭവങ്ങള്‍ ക്രിമിനല്‍ പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അതിന്റെ ലക്‌ഷ്യം ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തെ ക്രിമിനല്‍വത്കരിക്കാനും ഇല്ലാതാക്കാനും ആണ്. അത് അംഗീകരിക്കാൻ കഴിയില്ല. ‘ദി വയറി’ന്റെ എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസ് നടത്തിയ തിരച്ചിലിനെ ‘ഡിജിപബ്’ ശക്തമായി അപലപിക്കുന്നതായി ചെയർപേഴ്സൺ ധന്യ രാജേന്ദ്രനും ജനറൽ സെക്രട്ടറി അഭിനന്ദൻ സെക്രിയും പ്രസ്​താവനയിൽ പറഞ്ഞു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 4, 2022 11:45 am