ഫോക്‌ലോർ എന്ന സത്യസന്ധതയും ‘ഫേയ്ക്‌ലോറും’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മെട്രോ നഗരത്തിൽ സർക്കാർ തലത്തിലുള്ള പരിപാടികളുടെ ഭാഗമായി പത്തോളം കലകൾ അവതരിപ്പിക്കപ്പെടുകയാണ്. പല വേഷങ്ങൾക്കുമൊപ്പം കഥകളിയും തെയ്യവും ശിങ്കാരിമേളത്തിൽ ചുവടുവെച്ചു വരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുമടക്കം സന്നിഹിതരാകുന്നു. എല്ലാവരെയും സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന കഥകളിയും തെയ്യവും. മന്ത്രിമാരും ജനപ്രതിനിധികളും തെയ്യത്തിന് കൈ കൊടുത്താണ് വരുന്നത്.
ഏതെങ്കിലും ജില്ലയിലെ കലാസമിതിക്കാർ തയ്യാറാക്കുന്ന അത്തരം തെയ്യത്തിന് രക്തേശ്വരി, കണ്ഠാകർണൻ എന്നൊക്കെ ടൈറ്റിൽ കൊടുക്കുമ്പൊഴും ആ പേരിലുള്ള തെയ്യത്തിൻ്റെ രൂപം തന്നെ ആയിരിക്കണമെന്നില്ല. നമ്മൾക്ക് ഇതെല്ലാം സാധാരണമാണ്.

എന്നാൽ ആ ടൂറിസം സദസ്സിൽ നിരന്നിരിക്കുന്ന വിദേശികളിൽ ചിലർക്കെങ്കിലും മനസ്സിലാകാതെയിരിക്കില്ല, നമ്മൾ ഇവിടെ കാണുന്നത് ഒരു യഥാർത്ഥ തെയ്യം അനുഭവമല്ലെന്ന്. കാരണം കാര്യങ്ങളെപ്പറ്റി കൃത്യമായി ധാരണയുള്ളവർക്ക് അങ്ങനെ ഇൻസ്റ്റൻ്റായി, പാക്കേജായി അവതരിപ്പിക്കത്തക്ക ഒന്നല്ല തെയ്യം. വെറുതെ കിടന്ന് ചാടുകയല്ല; അനേകം അനുഷ്‌ഠാനങ്ങളുടെ തുടർച്ചയായി ക്രമപ്രവൃദ്ധതയിൽ (Progression) മാത്രം അരങ്ങിലെത്തുന്ന ഒരു തെയ്യം ഇതിൽ നിന്നെല്ലാം വ്യതിരിക്തമായ മറ്റൊരനുഭവമാണ്.

കാര്യം നമ്മളിവിടെ ഫോക്‌ലോർ അക്കാദമി എന്നൊക്കെ വലുതായി എഴുതി വെച്ചിരിക്കുന്നു. എങ്കിലും വിദേശികൾക്കറിയാം, അവരുടെ നാടുകളിൽ ഇതിന് ഫോക്‌ലോർ എന്നല്ല ഫെയ്‌ക് ലോർ എന്നാണ് പറയുക. എന്നു വെച്ചാൽ വ്യാജ ഫോക്‌ലോർ. റിച്ചാർഡ് ഡോർസൺ 1950 ലാണ് ഫെയ്ക് ലോർ അഥവാ വ്യാജ ഫോക്‌ലോർ എന്ന സുപ്രധാന പരികല്പന കൊണ്ടുവരുന്നത്. എഴുത്തുകാരനായ ജെയിംസ് സ്റ്റീവൻസുമായുള്ള സംവാദത്തിലാണ് ‘ഫോക്‌ലോർ’ എന്ന പേരിലുള്ള ഇത്തരം വിപര്യയങ്ങളെ അമേരിക്കൻ ഫോക്‌ലോറിൻ്റെ പിതാവായി അറിയപ്പെടുന്ന റിച്ചാർഡ് ഡോർഡൺ തള്ളിക്കളയുന്നത്. സാമാന്യ ജനങ്ങളെ വലിയ തോതിൽ തെറ്റിധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഈ വഴിപിഴപ്പിനെ fakelore എന്ന് വിളിക്കാൻ തയ്യാറാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

Representative Image .Courtesy:fb

മഹാപരിണാമിയായ മനുഷ്യസമൂഹങ്ങളുടെ ജൈവ ആവിഷ്‌കാരം എന്ന നിലയ്ക്കല്ലാതെ ബഹുജന വിനോദത്തിന് വേണ്ടിയുള്ളവ ആധികാരികവും പരമ്പരാഗതവുമാണെന്ന മട്ടിൽ കെട്ടിയെഴുന്നള്ളിക്കുന്ന ശ്രമങ്ങളെല്ലാം തത്വപ്രകാരം വ്യാജ ഫോക്‌ലോറാണ്. ഉദ്ദേശ്യലക്ഷ്യങ്ങളും ധർമ്മവും മാറുന്നത് ഫെയ്‌ക് ഫോക്‌ലോറിനെപ്പറ്റി പറയുമ്പോൾ പ്രധാനമായി വരുന്നത് ശ്രദ്ധിക്കുക. തെയ്യത്തിൽ അത് വളരെ പ്രധാനമാണ്. ആരും തന്നെ കാണാനായി എത്തിയില്ലെങ്കിൽ സാധാരണയായി ഒരു കലാപ്രകടനം തൽകാലം വേണ്ടെന്നു വെക്കും. എന്നാൽ ഉൾനാട്ടിലെ ഒരു കാവിൽ ആരും തന്നെ കാണാൻ ഇല്ലെങ്കിലും കഷ്‌ടപ്പെട്ട് കൃത്യമായി മുഖത്തെഴുതിയും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തോറ്റം പാടിയും തെയ്യം കൃത്യമായി അരങ്ങത്തെത്തി വിധിയാം വണ്ണം ആടും. ഒരു വിഹിത കർമം എന്ന നിലയ്ക്ക് തിരുനടയിൽ അങ്ങനെ ആടണം. കാരണം ആരെയെങ്കിലും കാണിക്കാനുള്ള ഒരു കലാപ്രകടനം എന്നതിനുമപ്പുറം പല ഉദ്ദേശ്യ ലക്ഷ്യങ്ങളും ധർമ്മങ്ങളും തെയ്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്.‌ കണ്ട് ആസ്വദിക്കാനുള്ള ദൃശ്യകലയായി തോന്നിക്കാമെങ്കിലും അവിടെ കലയ്ക്കുമപ്പുറമുള്ള ഫോക്‌ലോറിൻ്റെ അധികമാനങ്ങൾ കണ്ടെത്താം.

ഫോക്‌ലോറിൻ്റെ തനിരസം

സത്യസന്ധതയാണ് ഫോക്‌ലോറിനെ നിർണയിക്കുന്ന അടിസ്ഥാന ഘടകം എന്നത് മിക്കപ്പോഴും നാം മറന്ന മട്ടാണ്. ബോധപൂർവ്വം കൃത്രിമമായി പടച്ചുണ്ടാക്കപ്പെടുന്നതല്ല മറിച്ച് അബോധ പ്രേരണകളിൽ നിന്നുള്ള ഒരു സംസ്‌കാരത്തിൻ്റെ യഥാർത്ഥ ആവിഷ്‌കാരമാകുന്നു ഫോക്‌ലോർ. മഹാപരിണാമിയായ മനുഷ്യപ്രകൃതിയിൽ സഹജമായി സംഭവിച്ചു പോകുന്ന ഒരു സാംസ്‌കാരിക പ്രക്രിയയാണത്. അല്ലാതെ കെട്ടിച്ചമയ്ക്കുന്ന ഏതാനും വേഷങ്ങളോ വായ്താരികളോ അല്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ഫോക്‌ലോർ എന്തിനു വേണ്ടി എവിടെ ഉരുവം കൊണ്ട് നിലനിൽക്കുന്നു എന്നത് ഫോക്‌ലോറെന്ന ജൈവാനുഭവത്തെ സംബന്ധിച്ച് സുപ്രധാനമാണ്. അതിന് വിരുദ്ധമായി എവിടെയും എപ്പോഴും അരങ്ങേറ്റാം എന്നുള്ളതെല്ലാം കൃത്രിമമാണ്. അവിടെയാണ് ഫോക്‌ലോറിൻ്റെ പാഠവും പശ്ചാത്തലവും (text, context) തമ്മിലുള്ള ബന്ധം പ്രസക്തമാകുന്നത്. പശ്ചാത്തലത്തിൽ നിന്നു വേറിട്ട മറ്റൊരിടത്ത് അത് കൃത്യമായി പ്രവർത്തിക്കണമെന്ന് പോലുമില്ല. ഉദാഹരണമായി പെരുന്തട്ട ചാമുണ്ഡേശ്വരി എന്ന തെയ്യം, “എൻ്റെ പനയാലപ്പൻ്റെ കാര്യ ബോധിനിയാണല്ലോ ഞാൻ, അല്ലേ” എന്ന് ചോദിക്കുന്നു. അല്ലെങ്കിൽ, “മൂവാളം കുഴി ചാമുണ്ഡി എൻ്റെ തൃക്കണ്യാലപ്പൻ്റെ മസ്താനയാണ് ഞാൻ” എന്ന് ഉരിയാട്ടു കേൾപ്പിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ ഈ ക്ഷേത്ര സങ്കേതങ്ങളുമായി യാതൊരു ബന്ധമില്ലാത്തവർക്കും അതൊന്നും അറിയാത്തവർക്കും തെയ്യം പറയുന്നതിനെ റിലേറ്റ് ചെയ്യാൻ സാധിക്കണമെന്നില്ല.

Representative Image. Courtesy:travelkannur

തെയ്യത്തിൻ്റെ തോറ്റം പാട്ടുകളിൽ ഏതാണ്ട് തൊണ്ണൂറു ശതമാനവും ഭാഷ കൊണ്ടുതന്നെ ദേശകാലങ്ങളിൽ വേരൂന്നി പന്തലിച്ചു നിൽക്കുന്നവയാണ്. പ്രാദേശിക ആരാധ്യ ദേവതയാണത്. ആ ദേവത ജനത്തിൻ്റെ വലിയൊരു വികാരമാകുന്നത് അങ്ങനെയാണ്. ഇത്തരത്തിൽ മണ്ണിനോടുള്ള ജൈവബന്ധം കൊണ്ടുതന്നെ തെയ്യത്തിന് അതിൻ്റേതായ ആവാസവ്യവസ്ഥയുണ്ട്. ആ ആവാസവ്യവസ്ഥയിൽ നിന്ന് പറിച്ചു വേർപ്പെടുത്താൻ ശ്രമിക്കുമ്പോൾ തന്നെ അത് പിടയും.

നമുക്കറിയാം, കുരുത്തോലപ്പണി തൊട്ട് തോറ്റംപാട്ട്, വാദ്യം, മുഖത്തെഴുത്ത്, കോലധാരണം എന്നിങ്ങനെ വർഷങ്ങൾ നീണ്ട കായികവും മാനസികവും ആത്മീയവുമായ അഭ്യാസത്തിലൂടെ മാത്രമേ ഒരു മികവുറ്റ തെയ്യക്കാരൻ ഉണ്ടായി വരികയുള്ളൂ. വടക്കേ മലബാറിൽ ഇത്തരത്തിൽ അനുഷ്‌ഠാന തികവൊത്ത് കാവരങ്ങത്ത് തെയ്യമാടുന്ന ഒരു കനലാടി ഏതെങ്കിലും വിദൂര നഗരത്തിൽ ടൂറിസത്തിനോ രാഷ്ട്രീയ സമ്മേളനത്തിനോ പോയി വേഷം കെട്ടിയാടാൻ തയ്യാറാകുക മിക്കവാറും പ്രയാസമാണ്. അതുകൊണ്ടുതന്നെ തെയ്യത്തിൻ്റെ അരികും മൂലയും കണ്ട ഏതെങ്കിലും വ്യക്തി ആടുന്ന തെയ്യമായിരിക്കും തെയ്യം പാക്കേജിൽ അരങ്ങേറുക. അവിടെ വ്യാജ ഫോക്‌ലോർ പൂർണമാകുന്നു.

തെയ്യത്തിൻ്റെ അണിയലങ്ങൾ ചൂട്ടുവെളിച്ചം തട്ടി പ്രതിഫലിക്കാൻ വേണ്ടിയാണ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. അത് സ്‌റ്റേജിലെ ഹാലൊജൻ ലൈറ്റിന് മുന്നിൽ നിന്നാലോ? ജീവിതമായിട്ടല്ലാതെ ഫോക്‌ലോർ എന്ന പ്രകൃതിസംഭവം സംഭവിക്കുന്നില്ല. സന്ദർഭവും സാഹചര്യവും മാറി അതിൻ്റെ യഥാർത്ഥ സമൂഹത്തിനു പുറത്ത് പ്രയോഗിക്കപ്പെടുമ്പോൾ അർത്ഥവും ഉദ്ദേശലക്ഷ്യങ്ങളും അസ്ഥാനത്തായിപ്പോകുന്നതിനെയാണ് ഫോക്‌ലോറിസം (Folklorism) എന്ന് പറയുന്നത്. തീർത്തും മറ്റൊരുദ്ദേശ്യമാണവിടെ. അതിന് വേണ്ടി കൃത്രിമ സാഹചര്യം ഒരുക്കാൻ ശ്രമിച്ചതുകൊണ്ടായില്ല. കച്ചവട പരസ്യങ്ങൾക്കും രാഷ്ട്രീയ സമ്മേളനങ്ങൾക്കും ദേശീയത ധ്വനിപ്പിക്കാനുമെല്ലാം എവിടെയും ഫോക്‌ലോർ ഘടകങ്ങളെ എഴുന്നള്ളിക്കുക എന്നത് ആധുനിക നാഗരികതയിൽ ഒരു അവശ്യകാര്യമാണെന്ന് തോന്നാമെങ്കിലും അത്തരത്തിലുള്ള പ്രയുക്ത ഫോക്‌ലോറും (Applied folklore) ആദ്യം പറഞ്ഞ ഫോക്‌ലോറിസവും എല്ലാം ഫോക്‌ലോർ പ്രക്രിയയിൽ ചുരുക്കത്തിൽ വ്യാജമായതാണ് (fakelore) എന്നു കാണേണ്ടതുണ്ട്. കാരണം ഇവിടെയെല്ലാം സാമ്പ്രദായിക ജീവിതവഴക്കങ്ങൾ എന്ന തനിയർത്ഥത്തിൽ മാത്രമല്ല പ്രശ്‌നം. മറിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ, ധർമങ്ങൾ എന്നിവകൾ പോലും അട്ടിമറിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെയാണ് മേൽ സൂചിപ്പിച്ച മെട്രോ നഗരത്തിലെ പരിപാടിയിൽ കഥകളി ഒരു യഥാർത്ഥ അവതരണമാകുമ്പോൾ തന്നെ തെയ്യം തീർത്തും വ്യാജമായ അവതരണമാകുന്നത്. കാര്യങ്ങളെ വകതിരിവോടെ കാണുന്നവരെ സംബന്ധിച്ച് അതങ്ങനെയാണ്. കഥകളിക്ക് അത് സംഭവിക്കുന്നില്ല. കാരണം കഥകളി കൃത്യമായും ഒരു രംഗാവതരണ കലയാണ്. അവിടെയാണ് ഫോക്‌ലോർ എന്നതിൻ്റെ മഹിതമായ മറ്റനേകം അന്തരാർത്ഥങ്ങളെപ്പറ്റി നാം ബോധവാന്മാരാകേണ്ടത്. ചെറുതല്ല നാടൻ ആവിഷ്‌കാരമെന്നാൽ. പക്ഷേ, അവിടെ ചില ചില്ലറ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വലിയ സമ്പ്രദായ പശ്ചാത്തലമുള്ള തെയ്യം പോലൊരു അനുഷ്ഠാന സംസ്കാരത്തെ വേഷം കെട്ടി വലിച്ചിഴയ്ക്കുന്നത്. അവിടെ അത് വിൽപനച്ചരക്കാകുന്നു. അതിന് വിപണിയുമായല്ലാതെ സാംസ്‌കാരിക അഭിമാനവുമായോ യഥാർത്ഥ ഫോക്‌ലോർ വസ്തുതകളുമായോ അല്ല ബന്ധം. ഇവയെല്ലാം ഈ നാടിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിൽ പരിരക്ഷിക്കുകയും തദ്വാര ടൂറിസംപോലുള്ള മാർഗങ്ങൾ അവലംബിച്ച് ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാൻ കൃത്യമായും വേറിട്ട കാഴ്ചപ്പാടുകളിലൂന്നിയ മാർഗങ്ങൾ തേടുവാനാണ് സർക്കാർ തയ്യാറാകേണ്ടത്. അല്ലാതെ വേഷം കെട്ട് എടുക്കുകയല്ല.

നമുക്കറിയാം കണ്ണൂർ, കാസർകോട് ജില്ലകളുടെ പേരു പറയുമ്പോൾ തന്നെ ആദ്യം ഓർമ്മയിലെത്തുന്ന സാംസ്കാരിക മുഖമുദ്ര തന്നെയായി കരുതപ്പെടുന്ന ഒന്നാണ് തെയ്യം. തീർച്ചയായും എല്ലാ കലകളും പ്രാദേശികമാണ്. അങ്ങനെയെങ്കിൽ തികച്ചും ഒരു ഭൗമശാസ്ത്ര സൂചിക പോലും കണ്ടെത്താവുന്ന ഒന്നാണ് തെയ്യം. തെയ്യം എന്ന് വ്യവഹരിക്കപ്പെടുന്ന അനുഷ്‌ഠാന കലാപാരമ്പര്യം അല്ലെങ്കിൽ ഫോക്‌ലോർ കൃത്യമായും ഒരു സാംസ്‌കാരിക ഭൂമികയ്ക്കകത്താണ്. അവിടെ മാത്രമേ അത് അതായി പ്രകൃതിനിഷ്ഠമായ അതിൻ്റെ വിതാനങ്ങളിൽ സംഭവിക്കുകയുള്ളൂ.

Representative Image. Courtesy:fb

തെയ്യത്തിലെ ആദ്യന്ത അനുഷ്‌ഠാന ബന്ധം

തെയ്യത്തിൽ സംഗീത നൃത്ത താളവാദ്യ സമ്മിളിതമായ കലകളുടെ നിറവുണ്ട്. തീർച്ചയായും അതിൻ്റെ തിരുമുടിയിലെ ചിത്രണങ്ങളിലും മുഖത്തെഴുത്തിലും രേഖകളുടെ പ്രയോഗങ്ങളിൽ ഊന്നി നിൽക്കുന്ന കേരളത്തിൻ്റെ തദ്ദേശ ചിത്രകലയുടെ കലയുടെ സർവ സാന്നിധ്യങ്ങളുമുണ്ട്. അതിൻ്റെ തോറ്റം പാട്ടിൽ സാഹിത്യത്തിൻ്റെ മഹിതരൂപങ്ങളുണ്ട്. പൊട്ടൻ തെയ്യം പോലുള്ളവയുടെ സാഹിത്യത്തിലൂടെ സഞ്ചരിക്കുമ്പോൾ മതത്തിൻ്റെ നവോത്ഥാന ശ്രമങ്ങൾ തൊട്ട് വിപ്ലവം വരെ വായിച്ചെടുക്കാൻ കഴിഞ്ഞേക്കാം.

എങ്കിലും തെയ്യം ആദ്യന്തം അനുഷ്‌ഠാനമാണ്. അനുഷ്‌ഠാനവും ആരാധനാ സങ്കേതവുമായിട്ടല്ലാതെ വടക്കേ മലബാറിലെ തെയ്യാട്ടക്കാവുകളിൽ തറവാടുകളിൽ തെയ്യത്തിൻ്റെ യഥാർത്ഥ അധിഷ്‌ഠാന കേന്ദ്രങ്ങളിൽ അത് ഒരിക്കലും കൊണ്ടാടപ്പെട്ടിട്ടില്ല. പ്രകൃതിയിലുള്ള എന്തിൻ്റെയും അംശം തെയ്യത്തിൽ കാണാം. ദ്രാവിഡവും അവൈദികവുമായതിനോടാണ് തെയ്യത്തിൻ്റെ നാഭീനാള ബന്ധമെങ്കിലും ബ്രാഹ്മണികമായതും ഇസ്ലാമികമായതു മടക്കം എല്ലാം അതിൽ പ്രകൃതിപരമായി സമന്വയിച്ച് കിടപ്പുണ്ട്. അനേകം കൊള്ളകൊടുക്കലുകളിലൂടെയാണ് ചരിത്രപരമായി നോക്കുമ്പോൾ അത് ഉരുവായി വന്നിട്ടുള്ളത്. കാവരങ്ങത്ത് തന്നെ നമസ്കാരപ്പായ വിരിച്ച് വാങ്ക് വിളിച്ച് നിസ്‌കരിക്കുന്ന മാപ്പിളത്തെയ്യങ്ങളിൽ അത് പ്രത്യക്ഷമാണ്. തെയ്യത്തിൽ കൂടിയാട്ടം എന്നു വിളിക്കുന്ന ഉപാംഗമുണ്ട്. തെയ്യത്തിൽ കൂത്ത് എന്നു വിളിക്കപ്പെടുന്ന സങ്കേതമുണ്ട്. തീർച്ചയായും തെയ്യത്തിൽ വിപ്ലവത്തിൻ്റെ ആദിമ രൂപങ്ങൾ പോലും കണ്ടെടുക്കാമെങ്കിലും തെയ്യം വിപ്ലവത്തിന് വേണ്ടിയോ കലാസ്വാദന വേദിയിക്ക് വേണ്ടിയോ അല്ല ആടുന്നത്. മറിച്ച് അത് അനുഷ്‌ഠാനവും ആരാധനാ സങ്കേതവുമായാണ് അതിൻ്റെ പ്രഭവ പ്രബല കേന്ദ്രങ്ങളിൽ അന്നുമിന്നും നിലനിന്നു പോരുന്നത്. സമഗ്രമായി കാണുമ്പോൾ അങ്ങനെ കാണാനേ കഴിയൂ. മറിച്ചുള്ള വ്യഖ്യാനങ്ങൾ അപക്വവും അയഥാർത്ഥവുമായ കാഴ്ചപ്പാട് എന്നതിലുപരി അചരിത്രപരം കൂടിയാണ് എന്നത് ഓർക്കണം. തെയ്യത്തെ വിപ്ലവമായി കാണുന്നവരുണ്ടാകാം. എന്നാലതിൻ്റെ കുഴപ്പം അതൊരു ഭാഗിക ദർശനം മാത്രമാകുന്നു എന്നതാണ്. ഫോക്‌ലോർ അക്കാദമിയെ പോലുള്ള സർക്കാർ ഏജൻസികൾ തെയ്യത്തെ തെയ്യം കല എന്നു പറയുമ്പോഴും ഇതേ പോലൊരു പരിമിതി വന്നു ചേരുന്നുണ്ടതിൽ.

കലയ്ക്കും അപ്പുറത്തുള്ള ഗൗരവത്തിൽ ഉന്നതമായ താദാത്മ്യമാണ് ഒരു തെയ്യക്കാവിലെ തെയ്യം അനുഷ്‌ഠാനത്തിൽ സംഭവിക്കുക. അവിടത്തെ കാവന്തരീക്ഷത്തിൽ തെയ്യപ്പുറപ്പാടിൻ്റെ ട്രാൻസിൽ നാം അനുഭവിക്കുവാനുള്ളത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളുടെ മറ്റൊരു മാനമാണ്. അത് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിടത്തക്ക ഒന്നേയല്ല.
തീർച്ചയായും തെയ്യത്തെ സമഗ്രമായും കൃത്യമായും അടയാളപ്പെടുത്താൻ അതിനെ അനുഷ്‌ഠാന കലയായിത്തന്നെ കാണേണ്ടി വരും. അതിൻ്റെ അനുഷ്‌ഠാന ബന്ധത്തെ മാറ്റി നിർത്തിയാൽ അത് കേവലം കെട്ടുകാഴ്ചയായി മാറുമെന്ന് ഈ വിഷയത്തിൽ പഠിച്ചിട്ടുള്ള ചിറക്കൽ ടി ബാലകൃഷ്ണൻ നായർ തൊട്ട് കാവാലം നാരായണ പണിക്കരടക്കം എല്ലാ പണ്ഡിതരും ഒരുപോലെ ഓർമ്മിപ്പിച്ചിട്ടുള്ള വസ്തുതയുമാകുന്നു. തെയ്യത്തിൽ പൊറാട്ടുകളും കടന്നുവരുന്നുണ്ട്. എന്നാൽ തെയ്യമെന്നത് ഒരിക്കലും ഒരു പൊറാട്ടല്ല. അതാണതിലെ വൈരുധ്യം. തികച്ചും വൈരുധ്യാത്മക വിശകലനത്തിൽ കൂടി മാത്രമേ തെയ്യത്തെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

Representative Image. Courtesy: pinterest

തെയ്യവും തദ്ദേശ ടൂറിസം വികസന സാധ്യതകളും

തെയ്യത്തെ അണിയലങ്ങൾ ബാഗിലാക്കി ലോക സഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതിന് പകരം ലോകത്തെ തെയ്യത്തിലേക്കും വടക്കേ മലബാറിലെ ഗ്രാമങ്ങളിലേക്കും എത്തിക്കുവാനുള്ള നടപടികൾക്ക് സർക്കാരും, വിശിഷ്യാ സർക്കാർ സംവിധാനങ്ങളും തയ്യാറാവുകയാണെങ്കിൽ അത് ആസ്വാദകർക്ക് പുതിയതും യഥാർത്ഥമായതുമായ ഒരനുഭവമാകും. തെയ്യത്തിനും, തെയ്യം അനുഷ്ഠിക്കുന്നവർക്കും കാവുകൾക്കും തെയ്യക്കാവുകൾ നിലനിൽക്കുന്ന ഗ്രാമങ്ങൾക്കും അത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കും.

സർക്കാർ ചെയ്യുന്നതിലെ വിരോധാഭാസം നോക്കൂ. ഒരുവശത്ത് തെയ്യത്തെപ്പറ്റി പഠന മനനങ്ങളെ അടിസ്ഥാനമാക്കി സമഗ്രമായ അറിവോടെ പുസ്തകങ്ങളും മറ്റും ഇറക്കുക. ഗവേഷണ ബുദ്ധിയുള്ള പണ്ഡിതന്മാർ അതിൽ തെയ്യത്തെ അനുഷ്‌ഠാന നിബദ്ധമായ സാംസ്‌കാരിക പാരമ്പര്യമെന്ന് സമഗ്രതയോടെ അടയാളപ്പെടുത്തുക. മറ്റൊരു വശത്ത് തെയ്യമെന്ന പേരിൽ സ്റ്റേജ് ഷോ പോലെ എന്തെങ്കിലും വേഷം കെട്ടുകളെ ഹൈമാസ് ലൈറ്റിന് മുന്നിൽ തുള്ളിക്കുക.
ഈ വിരോധാഭാസം ഇതെല്ലാം അരങ്ങേറ്റുന്നവർക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഫോക്‌ലോർ അക്കാദമി തന്നെയും ഇറക്കിയ പുസ്തകങ്ങളിൽ പറയുന്ന തെയ്യവും ഇക്കണ്ട സാധനവും തമ്മിലുള്ള അന്തരത്തെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും.

കൂടുതൽ മെച്ചപ്പെട്ട മാതൃകകൾ

നാട്ടറിവുകളുടെ കലവറയാണ് തെയ്യം. അത്തരത്തിൽ പാരമ്പര്യമായി അറിവുകൾ കൈകാര്യം ചെയ്യുന്ന മികച്ച പ്രയോക്താക്കളെ വെച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന യഥാർത്ഥമായ നേരറിവും തനത് വേദികളിൽ സാംസ്‌കാരിക സത്യസന്ധതയുടെ സ്വയം പ്രകാശനവുമാകട്ടെ നമ്മുടെ സർക്കാരുകളുടെ രീതിശാസ്ത്രം.

ഇത്തരം സാംസ്‌കാരിക ശീലങ്ങൾക്ക് ഇന്ത്യയിൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ ഉദാഹരണമുണ്ട്. അവിടങ്ങളിലെ തനിമയുറ്റ നാടോടി അവതരണ കലകളെ അതിൻ്റെ തനത് പശ്ചാത്തലമായ അന്നാടുകളിൽ നിന്ന് അടർത്തിയെടുത്ത്, കെട്ടിയെടുത്ത് മറ്റു നാടുകളിൽ കൊണ്ടുചെല്ലുകയല്ല അവർ ചെയ്യുന്നത്. പകരം അതത് സീസണുകളിൽ നാടൊരുങ്ങി, ജനമൊരുങ്ങി ഏകോപനത്തോടെ സർക്കാർ നേതൃത്വത്തിൽ പ്രശസ്തമാക്കുന്ന പ്രചരണങ്ങൾ അറിഞ്ഞെത്തുന്നവരെ തങ്ങളുടെ മഹിത പാരമ്പര്യത്തിനൊത്ത രീതിയിൽ തങ്ങളുടെ സ്വന്തം സാംസ്‌കാരിക ഉത്സവത്തിലെ കലാവിഭവങ്ങൾ നൽകി സൽകരിക്കുകയാണവർ. കാലങ്ങളായുള്ള പാരമ്പര്യം നിധി പോലെ കൈവിടാതെ കാക്കുന്ന മധുപ്രദേശിൻ്റെ ഖജുരാഹോ നൃത്തോത്സവം ലോകപ്രശസ്തമായി വന്നത് അങ്ങനെയാണ്.

അത്തരം ഉദാഹരണങ്ങളിൽ നമ്മുടെ സർക്കാരിന് പകർത്താവുന്ന മാതൃകൾ തീർച്ചയായുമുണ്ട്.

1. ഖജുരാഹോ നൃത്തോത്സവം

മധ്യപ്രദേശ് കലാ പരിഷത്ത് സംഘടിപ്പിക്കുന്ന വാർഷിക ഉത്സവമായ പ്രശസ്തമായ ഖജുരാഹോ നൃത്തോത്സവത്തിൽ കഥക്, ഒഡീസി, ഭരതനാട്യം, കഥകളി എന്നിവയുൾപ്പെടെ വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ലോകോത്തര കലാകാരന്മാരാണ് ഈ നൃത്തങ്ങളിൽ പങ്കെടുത്ത് അവതരിപ്പിക്കുന്നത്. രണ്ട് പ്രധാന ഖജുരാഹോ ക്ഷേത്രങ്ങളായ ചിത്രഗുപ്ത ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ക്ലാസിക്കൽ കലയുടെ മഹിത പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പ്രകടനങ്ങൾ നടക്കുന്നത്. ഈ വലിയ അവസരത്തിൻ സ്വദേശവും വിദേശവും ഒരുപോലെ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഖജുരാഹോയിലേക്ക് ഒഴുകിയെത്തുന്നു. മധ്യപ്രദേശ് സർക്കാരും ഗ്രാമീണരും ചേർന്ന് ആതിഥ്യമരുളുന്നു.

2. റാൻ ഉത്സവ്

ഇന്ത്യയിലെ മഹത്തായ നാടോടി ഉത്സവങ്ങളിലൊന്നായ റാൻ ഉത്സവ് ഏകദേശം നാല് ശൈത്യകാല മാസങ്ങൾ നീണ്ടുനിൽക്കും. റാൻ ഓഫ് കച്ചിൽ സംഘടിപ്പിക്കപ്പെടുന്ന ഈ ഉത്സവ പരിപാടിയിൽ, ഗുജറാത്തിന്റെ പാരമ്പര്യ നാടോടി നൃത്ത പ്രകടനങ്ങൾ, നാടോടി കഥാഗാന നാടകങ്ങൾ, സംസ്ഥാനത്തെ അതിശയിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്നു. ഗുജറാത്തിന്റെ സാംസ്കാരിക സമ്പന്നത അനുഭവിക്കാൻ റാൻ ഉത്സവ് അല്ലാതെ മറ്റൊരു സ്ഥലമില്ലെന്ന് അതിൻ്റെ നേരനുഭവമുള്ള സ്വദേശികളും വിദേശികളും പറയും.

3. ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

രാജസ്ഥാൻ സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയായ ജയ്സാൽമീർ ഡസർട് ഫെസ്റ്റിവൽ, സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരം അനുഭവിക്കാൻ നിങ്ങൾക്ക് തികഞ്ഞ അവസരം നൽകുന്നു.
നാടോടി ഗായകരും അതോടൊപ്പമുള്ള പാവകളികളും, തീ വിഴുങ്ങുന്ന അത്ഭുത നൃത്തങ്ങളും ഈ ഉത്സവത്തിൽ ഉൾപ്പെടുന്നു. ഈ ഉത്സവത്തിൽ തലപ്പാവ് കെട്ടൽ മത്സരങ്ങൾ, നാടോടി ഫയർ ഷോകൾ എന്നിവയുണ്ട്. നന്നായി വസ്ത്രം ധരിച്ച ഒട്ടകങ്ങളുടെ പ്രകടനം നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാൻ കഴിയും

4. ഹോൺബിൽ ഫെസ്റ്റിവൽ

നാഗാലാൻ്റ് സർക്കാർ ആഭിമുഖ്യത്തിൽ ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ഈ പരിപാടി ഡിസംബർ മാസത്തിലാണ്. നാഗാലാൻഡിലെ എല്ലാ പ്രധാന ഗോത്രങ്ങളുടെയും പരമ്പരാഗത സംഗീതം, കരകൗശല വസ്തുക്കൾ, അത്യുജ്ജ്വലമായ യുദ്ധ നൃത്തങ്ങൾ എന്നിവ ഗ്രാമങ്ങളിൽ അതത് ഗോത്രക്കാർ തന്നെ അവതരിപ്പിക്കുന്നു.

5. മേദാരം ജാതാര

ഏഷ്യയിലെ ഏറ്റവും വലിയ ഗോത്ര ഉത്സവമായ മേദാരം ജാതാര, തെലങ്കാനയിലെ മുളുഗു ജില്ലയിൽ പ്രതിരോധത്തിന്റെയും നീതിയുടെയും പ്രതീകങ്ങളായ സമ്മക്ക, സരളമ്മ എന്നീ ദേവതകളെ ആരാധിക്കുന്ന ഒരു ദ്വിവത്സര ആത്മീയ ഉത്സവമാണ്. തെലങ്കാന സർക്കാർ ഉത്സവത്തെ ഏകോപിപ്പിക്കുന്നു.

Representative Image. Courtesy: Filipe Pereira

അതുപോലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആദിവാസി ഉത്സവമായ നാഗോബ ജാതാര ഗോണ്ട് ഗോത്രത്തിലെ മെസ്രാം വംശജർ ആഘോഷിക്കുമ്പോൾ നാഗോബ സർപ്പ ദേവതയെ ആരാധിക്കുന്ന ഗോണ്ട് കലാകാരന്മാരുടെ പരമ്പരാഗതമായ ഗുസാഡി നൃത്ത പ്രകടനങ്ങൾ അരങ്ങേറും. ജനുവരിയിൽ ആദിലാബാദ് ജില്ലയിലെ കെസ്ലാപൂർ എന്ന തനത് ഗ്രാമത്തിൽ തെലങ്കാന സർക്കാർ ഇതിൻ്റെ നടത്തിപ്പിനും ടൂറിസത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. എന്തിന്, നമ്മുടെ നാട്ടിലെ തൃശൂർ പൂരം തന്നെ എടുക്കാം. ആനയും മുത്തുക്കുടയും കിട്ടാനുണ്ടെന്ന് കരുതി മറുനാടുകളിൽ ഇവിടത്തെ മേളക്കാരെയും മറ്റും വിളിച്ചു കൊണ്ടുപോയി തൃശൂർ പൂരം നമ്മൾ അരങ്ങേറ്റാറില്ലല്ലോ. അതിന് പൂരനഗരിയായ തൃശൂരിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഇത്തരത്തിൽ കൃത്യമായ അനുഷ്‌ഠാന പശ്ചാത്തലത്തിലുള്ള തെയ്യത്തിലെ നാട്ടുപരദേവതമാർക്കും അതവതരിപ്പിക്കുന്ന അനുഷ്‌ഠാനക്കാർക്കും ഇതേ അളവുകോൽ വെച്ചുള്ള അന്തസ്സും മാന്യതയും കൽപ്പിച്ചു കൊടുക്കേണ്ടതുണ്ട്.എന്നാൽ തെയ്യം ഇപ്പോഴും സർക്കാർ നേതൃത്വത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ടൂറിസം ഫെസ്റ്റിവലുകളിൽ ആളുകളുടെ നേർക്ക് പന്തം കെട്ടി പാഞ്ഞടുക്കുന്ന വിരോധാഭാസ വേഷങ്ങളായി അരങ്ങ് തകർക്കുന്നു.

Also Read

9 minutes read September 25, 2026 12:37 pm