ജീവിച്ചിരിക്കുന്നവരെ പോലും രക്ഷപ്പെടുത്താൻ കഴിയാത്ത ​ഗാസ

റഫ അതിർത്തിയിലെ അഭയാർത്ഥി ടെന്റ് ക്യാമ്പുകൾ. ഫോട്ടോ: ഡോ. സന്തോഷ് കുമാർ

പലസ്തീനിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവം വിശദമാക്കാമോ?

മിഡില്‍ ഗാസയിലുള്ള അല്‍ അഖ്‌സ ഹോസ്പിറ്റലിലാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. ദേയര്‍ അല്‍ബില എന്ന നഗരത്തിലെ ആകെ വര്‍ക്ക് ചെയ്യുന്നൊരു ഹോസ്പിറ്റലാണത്. അതിന്റെ ഒരു ഭാഗം ഒരു മെറ്റേണിറ്റി ഹോസ്പിറ്റലായിരുന്നു, പരിക്കുകള്‍ കൂടി വന്നപ്പോള്‍ മെറ്റേണിറ്റി വിഭാഗം നിര്‍ത്തിയിട്ട് ആ ബ്ലോക്ക് മുഴുവന്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ടി മാത്രമായി മാറ്റിവെച്ചു. മറ്റ് യുദ്ധങ്ങളില്‍ നിന്നോ വംശഹത്യകളില്‍ നിന്നോ ഒക്കെ പലസ്തീനിലെ ഇപ്പോഴത്തെ വാറിനെയോ നേരത്തേയുള്ള വാറിനെയോ വ്യത്യസ്തമാക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്. ഒന്ന് അവര്‍ക്ക് വേറെ പോകാനായി സ്ഥലമില്ല, തുറന്ന ജയില്‍ മാതിരിയാണ്. ഓള്‍റെഡി അങ്ങനെ തന്നെയാണ്, ഗാസയില്‍ നിന്നും ആര്‍ക്കും പുറത്തേക്കൊന്നും പോകാന്‍ പറ്റുകയില്ല. ഗാസയുടെ ഒരു മൂലയില്‍ നിന്നും, നോര്‍ത്തേണ്‍ ഗാസയില്‍ തുടങ്ങി ആള്‍ക്കാരെ ഡ്രൈവ് ചെയ്ത് ഓടിക്കുകയാണ്. സിസ്റ്റമാറ്റിക് ആയി ഓടിച്ച് ഓടിച്ചാണ് ഈ സൗത്ത് ഗാസയിലേക്ക് എത്തുന്നത്. നേരത്തേ 47 സ്‌ക്വയര്‍ കിലോമീറ്റര്‍ താമസിക്കാന്‍ ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ 15 സ്‌ക്വയര്‍ കിലോമീറ്ററിന് അകത്തായി ചുരുങ്ങി. രണ്ട് മില്യണ്‍ ജനസംഖ്യ ഈ 15 സ്‌ക്വയര്‍ കിലോമീറ്ററിന് അകത്ത്.

ഒരു ഡോക്ടറെന്ന നിലയ്ക്ക് നമ്മള്‍ നേരിടുന്ന പ്രതിസന്ധി ഇത്രയും ആള്‍ക്കാര്‍ക്ക് വാസ്തവത്തില്‍ ആ സ്ഥലത്ത് ഡിഗ്നിറ്റിയോടുകൂടി താമസിക്കാന്‍ കഴിയില്ല എന്നതാണ്. അതിനുള്ള റിസോഴ്‌സ് അവിടെയില്ല, പുറത്തുനിന്ന് റിസോഴ്‌സ് ഉണ്ടായേ പറ്റൂ. പുറത്തുനിന്ന് റിസോഴ്‌സ് കിട്ടുന്നുമില്ല. മുഴുവനായും എല്ലാ രീതിയിലും ബ്ലോക് ചെയ്യുകയാണ്. സഞ്ചാരം മാത്രമല്ല ബ്ലോക് ചെയ്യുന്നത്, ഇങ്ങോട്ട് വരുന്ന ഭക്ഷണം, വെള്ളം, വൈദ്യുതി, കമ്മ്യൂണിക്കേഷന്‍, പാചകവാതകം എന്നുവേണ്ട എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ആ ബ്ലോക്കേഡ് കൂടിക്കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലി ആളുകള്‍ പോയി റോഡില്‍ ടെന്റ് അടിച്ചിരിക്കുകയാണ്, ഗതാഗതം നടക്കാതിരിക്കാന്‍. എയ്ഡ് പോകരുത് എന്ന് പറഞ്ഞ് റോഡില്‍ ടെന്റടിച്ച് അവിടെ താമസിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ഞാന്‍ പറഞ്ഞ അത്രയും സ്ഥലത്ത് ജീവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

​ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ഡോ. സന്തോഷ് കുമാർ.

മാസങ്ങളോളം അവിടെ യുദ്ധം കവര്‍ ചെയ്ത പലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ മൊതാസ് അസൈസ ഗാസയില്‍ നിന്നും പുറത്തേക്ക് വന്ന് പറഞ്ഞത് ഓര്‍ക്കുന്നു, “ഏറ്റവും ഭീതിപ്പെടുത്തുന്ന ഫോട്ടോകളൊന്നും ഞാന്‍ ഒരിക്കലും എടുത്തിട്ടില്ല” എന്ന്. നമ്മള്‍ കാണുന്ന ‘ഭീതിപ്പെടുത്തുന്ന ഫോട്ടോകള’ല്ല ഒരിക്കലും അവര്‍ക്ക് ഭീതിപ്പെടുത്തുന്ന ദൃശ്യം, അല്ലേ?

അവര്‍ക്ക് ഇത് ദൈനംദിന ജീവിതമാണ്. ഇങ്ങനെ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല. എങ്ങനെയൊക്കെ മനുഷ്യര്‍ ജീവിക്കാന്‍ പാടില്ലെന്ന് വിചാരിക്കുന്നുവോ അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളിലേക്ക് അവര്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. പുഷ് ചെയ്യുകയാണ്. ഇന്ത്യയിലൊക്കെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഉള്ളതാണ് നമ്മളൊക്കെ കാണുന്നത്. പക്ഷേ, അവിടെ അങ്ങനെ ഇല്ല, വളരെ ഡിഗ്നിറ്റിയോടുകൂടി ജീവിച്ചിരുന്ന, വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള മുസ്‌ലീം സൊസൈറ്റിയൊക്കെ ആണ്. ആ സൊസൈറ്റിയോടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നത്. അത്രയ്ക്കും സ്റ്റീപ് ആണ് ആ ഡിഗ്നിറ്റിയുടെ ഫോള്‍ എന്ന് പറയുന്നത്. മനുഷ്യന്‍ എന്ന നിലയില്‍ ആത്മാഭിമാനവും അന്തസ്സും നഷ്ടപ്പെടുമ്പോളാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്. ഒരു ജനത മുഴുവന്‍ ഇങ്ങനെ ഡിഗ്നിറ്റി ഇല്ലാതെയും ആത്മാഭിമാനം നഷ്ടപ്പെട്ടും ജീവിക്കേണ്ടിവരുന്ന അവസ്ഥയാണ് പ്രധാനമായും എന്നെ ഉലച്ചത്. ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ പോഷകാഹാരക്കുറവുണ്ടാകുന്നത് വലിയ പ്രശ്‌നമാണ്. ടേപ് എടുത്ത് മെഷര്‍ ചെയ്യുമ്പോള്‍ 60 ശതമാനം മാല്‍ന്യൂട്രീഷന്‍ഡ് ആണ്. പ്രസവിക്കുന്ന സ്ത്രീകളിലെല്ലാം 60 മുതല്‍ 70 ശതമാനം വരെയുള്ളവര്‍ പോഷകാഹാരം കിട്ടാത്തവരാണ്. ​ഗാസ കടുത്ത പോഷകാഹാരക്കുറവിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കിട്ടുന്നില്ല, കിട്ടണമെങ്കില്‍ ക്യൂ നില്‍ക്കണം. പ്രസവിക്കാന്‍ പോകുന്ന ഒരു സ്ത്രീക്ക് എങ്ങനെ നില്‍ക്കാന്‍ കഴിയും?കിട്ടുന്നതൊക്കെ അവിടെവെച്ച് തീരും.

മൂന്നും നാലും ഇവർ തവണയൊക്കെയാണ് ഹോംലെസ് ആകുന്നത്. ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ട് അടുത്ത സ്ഥലത്ത് താമസിക്കുമ്പോള്‍ അവിടെ ബോംബിടുകയാണ്. അവിടെനിന്ന് വീണ്ടും മാറുകയാണ്. അങ്ങനെ നാല് തവണയൊക്കെ വീടുമാറിയവരല്ലാതെ അതില്‍ കുറഞ്ഞ് ഉണ്ടാകില്ല. അല്‍ ഷിഫയില്‍ കൂടെ വര്‍ക്ക് ചെയ്ത ഒരു ഡോക്ടർ ഇങ്ങനെ വീട് നഷ്ടപ്പെട്ട കൂട്ടത്തിൽ തന്നെയാണ്. ആ ഡോക്ടര്‍ അല്‍ ഷിഫയില്‍ നിന്ന് അല്‍ അഹുദ ഹോസ്പിറ്റലിലേക്ക് വന്നു. ആ ഹോസ്പിറ്റലില്‍ ബോംബിട്ടപ്പോള്‍ പോകാന്‍ സ്ഥലമില്ലാതെ റോഡില്‍ കിടന്നു. ഷീറ്റ് പോലുമില്ലാതെ കിടക്കുകയായിരുന്നു രണ്ടാഴ്ച. ഹോസ്പിറ്റല്‍ മാനേജര്‍ തന്നെ പറയുന്നു, വീട് ഇന്നലെ ബോംബ് ചെയ്തു. അയാളുടെ അനിയന്റെ വീട് മുഴുവന്‍ ബോംബ് ചെയ്തു, അയാളുടെ കുടുംബം മുഴുവനും മരിച്ചു. ആളുകളെ നഷ്ടപ്പെട്ടവരും വീട് മാറിയവരും മാത്രമേ അവിടെയുള്ളൂ. 85 ശതമാനം ആളുകളും ഡിസ്‌പ്ലേസ്ഡ് ആണ്. മലിനമായ വെള്ളമല്ലാതെ മറ്റൊന്നും കിട്ടുന്നില്ല. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ഓരോ ദിവസവും ഔട്ട്‌ബ്രേക്‌സ് ആണ്. ഒരിടത്ത് തുടങ്ങുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ പോകുന്നുണ്ടെങ്കിലും അത് കണ്ടെയ്ന്‍ ചെയ്യാനൊന്നും പറ്റുന്നില്ല. കുടിക്കുന്ന വെള്ളത്തിനകത്ത് ഇത്രയും പേര്‍ താമസിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം ഉണ്ട്. മനുഷ്യരുടെ ഫീക്കല്‍ മാറ്റര്‍ ആണ് എല്ലായിടത്തും. അതിഭയങ്കരമായ മഴയാണ്, ഭൂഗര്‍ഭ ജലത്തിലേക്ക് അത് എളുപ്പത്തില്‍ കലരും. കടലുമായി വളരെ അടുത്ത സ്ഥലമാണ്. വെള്ളം തിളപ്പിക്കണം, അല്ലെങ്കില്‍ ക്ലോറിനേറ്റ് ചെയ്യണം. പക്ഷേ വെള്ളം തിളപ്പിക്കണമെങ്കില്‍ വിറകില്ല, ഗ്യാസ് ഇല്ല, വൈദ്യുതിയില്ല, ഉള്ളത് പ്ലാസ്റ്റിക് ആണ്, പ്ലാസ്റ്റിക് ആണ് തിളപ്പിക്കാനായിന്‍ കത്തിക്കുന്നത്. കീറിപ്പറിഞ്ഞ ടെന്റുകള്‍ പെറുക്കിക്കൂട്ടി കത്തിക്കുന്നു, അതുണ്ടാക്കുന്നത് വേറെ പ്രശ്‌നങ്ങളാണ്. മരുന്നുകള്‍ ഒന്നും കിട്ടുന്നില്ല. ആന്റിബയോട്ടിക്കുകള്‍ ഇല്ല. ഇപ്പോള്‍ ഞാന്‍ യു.എന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഡയറക്ടറായിട്ടാണ് പോകുന്നത്. യു.എന്‍ ഓര്‍ഗനൈസേഷന്‍സ് എല്ലാം പൂട്ടി. അവര്‍ക്ക് ഫണ്ട് കൊടുക്കുന്നില്ല. അവര്‍ക്ക് 60 ശതമാനം ഫണ്ട് കിട്ടുന്നത് യു.എസില്‍ നിന്നാണ്. അവരെ ഫണ്ട് ചെയ്യേണ്ടെന്ന് യു.എസ് തീരുമാനിക്കുന്നു.

​ഗാസയിലെ അൽ-അഹലി ആശുപത്രി ബോംബിട്ട് തകർത്തപ്പോൾ. കടപ്പാട്:Reuters

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തോന്നുന്നത് ആശുപത്രികള്‍ ബോംബ് ചെയ്യുന്നു എന്നതാണ്. പ്രസ് വെസ്റ്റ് ധരിച്ച മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തി എന്നതാണ് മറ്റൊരു കാര്യം. ദിവസങ്ങള്‍ക്ക് മുമ്പ് വായിച്ചൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇനി അവിടെ ബാക്കിയുള്ളത് നാല്‍പത് മാധ്യമപ്രവര്‍ത്തകരാണ് എന്നാണ്. ആശുപത്രിയില്‍ ആളുകള്‍ അഭയം തേടുന്നത് അവിടെ ആക്രമണം ഉണ്ടാകില്ല എന്ന ചിന്തയിലാകാം. പക്ഷേ, ആശുപത്രികളും ബോംബ് ചെയ്യുന്ന ഈ മാനസികാവസ്ഥയോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

മാധ്യമപ്രവര്‍ത്തകര്‍ മിക്കവാറും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ല. സാധാരണ രീതിയില്‍ അഭിമുഖങ്ങള്‍ കൊടുക്കരുതെന്നാണ് യു.എന്‍ പറയാറുള്ളത്. പക്ഷേ ഇത്തവണ അവര്‍ പറഞ്ഞത് അഭിമുഖങ്ങള്‍ കൊടുക്കണമെന്നാണ്. ഞാന്‍ അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെല്ലാം ഇന്റര്‍വ്യൂ കൊടുക്കുന്നുണ്ട്. അവരവിടെ താമസിക്കുകയാണ് ചെയ്യുന്നത്, അവര്‍ എങ്ങോട്ടും പോകുന്നില്ല. ആശുപത്രികളെ സംബന്ധിച്ച് അല്‍ ഷിഫ ഹോസ്പിറ്റല്‍ മുഴുവന്‍ ബോംബ് ചെയ്ത് തീര്‍ത്തു. നോര്‍ത്ത് ഗാസയില്‍ ആശുപത്രികള്‍ ഒന്നും തന്നെ ഇല്ല, മിഡില്‍ ഗാസയിലാണ് ഹോസ്പിറ്റല്‍ ആകെ ഉള്ളത്. ഞങ്ങളവിടെ എത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അതിന് ചുറ്റുമുള്ള മുഴുവന്‍ കെട്ടിടങ്ങളും മിക്കവാറും എല്ലാം പോയി, വെയര്‍ഹൗസ് പൊളിഞ്ഞുപോയി, സ്‌റ്റോര്‍ ചെയ്യാന്‍ സ്ഥലമില്ല. ഡോക്ടര്‍മാര്‍ക്ക് അല്‍ ഷിഫ ഹോസ്പിറ്റലിന്റെ അനുഭവം ഉള്ളതുകൊണ്ട് അവര്‍ എല്ലാവരും പോയി. അവര്‍ക്കെല്ലാം പേടിയായി. ഹോസ്പിറ്റല്‍ ബോംബ് ചെയ്ത് കഴിഞ്ഞാല്‍ വേറെ എവിടെയും നില്‍ക്കാന്‍ പറ്റില്ലല്ലോ. ബുള്ളറ്റുകളും ചീളുകളും തെറിച്ച് തീയേറ്ററിനകത്ത് വരും. നല്ല സ്പീഡാണ് അതിന്, അതടിച്ചാല്‍ മരിച്ചുപോകും. അതൊരു വലിയ പ്രശ്‌നമാണ്.

അഞ്ച് ദിവസം മുമ്പാണ് ഞാന്‍ തിരിച്ചുവരുന്നത്. മൂന്ന് ദിവസമെടുക്കുന്ന യാത്രയാണത്. അടുത്ത ടീം റഫയില്‍ എത്തിയപ്പോള്‍ നമ്മള്‍ അവിടെ നിന്ന് ടീമിനെ ഇന്‍ഫോം ചെയ്ത് മാത്രമാണ് യാത്ര തിരിക്കുന്നത്. ഇപ്പോഴത്തെ ഒരു സ്ഥിതി ഹോസ്പിറ്റല്‍ ഡീകോണ്‍ഫ്‌ളിക്റ്റ് ചെയ്തു എന്നതാണ്. ഹോസ്പിറ്റലിലേക്ക് മിസൈല്‍ ഒന്നും വീഴുകയില്ല, ചുറ്റുമുള്ള കെട്ടിടത്തിലൊക്കെ വീഴുന്നുണ്ട്. ഹോസ്പിറ്റലിന്റെ അകത്ത് നിന്ന് മാത്രമേ നമുക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പോകുന്ന സമയത്ത് ഖാന്‍ യൂനിസില്‍ നടക്കുന്ന യുദ്ധം മുഴുവന്‍ നമുക്ക് കാണാം. പുക മുഴുവന്‍ പോകുന്നതും വന്ന് വീഴുന്നതും ഓരോ അഞ്ച് സെക്കണ്ടിലും ടാങ്കുകളുടെ ഒച്ചയും ലൈറ്റ് പോകുന്നതും എല്ലാം നമുക്ക് കാണാം. റഫയില്‍ എത്തിയാല്‍ അവിടെ നിന്നും പിന്നെ രജിസ്റ്റര്‍ ചെയ്യണം കോണ്‍വോയ്‌യില്‍. വീണ്ടും രണ്ട് ദിവസം കാത്തുനില്‍ക്കണം. അത് കഴിഞ്ഞ് ബോര്‍ഡറില്‍ എത്തിയാല്‍ വീണ്ടും ഇതുപോലുള്ള പ്രൊസീജ്യര്‍ ആണ്.

ഡോ. സന്തോഷ് കുമാർ, തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന വാന്വാറ്റു എന്ന ദ്വീപ് രാജ്യത്തിലെ ഒരു പ്രളയദുരിതാശ്വാസ ക്യാമ്പിൽ. (തോക്കും സിറിഞ്ചും പുസ്തകത്തിൽ നിന്നും)

മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്തതിന്റെ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ നാല്‍പതോളം രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തോക്കും സിറിഞ്ചും എന്ന പുസ്തകം വാസ്തവത്തില്‍ ​ഗാസയെക്കുറിച്ച് അല്ല. പഴയ അനുഭവങ്ങള്‍, കഥകള്‍ എടുത്തുവെച്ച് എഴുതിയത് മാത്രമാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ​ഗാസയെക്കുറിച്ച് ഇനി എഴുതാനിരിക്കുന്നതേ ഉള്ളൂ. ഒരു ചാപ്റ്റര്‍ മാത്രമേ ​ഗാസയെക്കുറിച്ച് ഉള്ളൂ.

യുദ്ധ സമയങ്ങളില്‍ ജോലി ചെയ്യുക എന്നത്, ഒരു മനുഷ്യശരീരത്തോടാണല്ലോ ഒരു ഡോക്ടര്‍ ഇടപെടുന്നത്. പലസ്തീനില്‍ നിന്നുള്ള വാര്‍ത്താ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഏറ്റവും ആശങ്ക തോന്നാറുള്ളത് ഇതേക്കുറിച്ചാണ്. പ്രത്യേകിച്ച് മറുവശത്ത് നില്‍ക്കുന്ന ഡോക്ടറും മനുഷ്യരല്ലേ. സാധാരണ നിലയില്‍ വേണ്ട ചികിത്സകളല്ലല്ലോ യുദ്ധസ്ഥലത്ത് പരിശോധന നടത്തുമ്പോള്‍ വേണ്ടിവരിക. അതിനോട് എങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പൊരുത്തപ്പെടുന്നത്?

വാര്‍ സര്‍ജറി എന്നൊരു വ്യത്യസ്തമായ വര്‍ക്കാണ്. ജനറല്‍ സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, വാസ്‌കുലര്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നൊക്കെ പറയുന്ന എല്ലാത്തിന്റെയും ഘടകങ്ങൾ ആവശ്യമുണ്ടാകുന്ന ഒരു വലിയ ടീം വര്‍ക്കാണ്. അക്കാദമിക് ആയൊരു കാര്യമാണിത്, യുദ്ധസമയത്ത് പോയാല്‍ മാത്രമേ വാര്‍ സര്‍ജറിയെക്കുറിച്ച് പഠിക്കാന്‍ കഴിയൂ. ഹോസ്പിറ്റലില്‍ എത്തുന്ന കാഷ്വാലിറ്റീസ് ഒക്കെ ഇതുപോലെ തന്നെയാണ് മറ്റു പല യുദ്ധ സ്ഥലങ്ങളിലും ഉണ്ടായിട്ടുള്ളത്. ലിബിയയില്‍ ഗദ്ദാഫിയുടെ കൊട്ടാരം ബോംബ് ചെയ്തപ്പോള്‍ ഇതുപോലെ റോഡില്‍ വെച്ചും വരാന്തയില്‍ വെച്ചുമൊക്കെ നമ്മള്‍ സര്‍ജറി ചെയ്തിട്ടുണ്ട്. ലിമിറ്റഡ് റിസോഴ്‌സസിനകത്ത് എങ്ങനെ ഈ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നാണ് പരിശീലിക്കപ്പെടുന്നത്. ഉള്ള റിസോഴ്‌സസ് വെച്ച് എങ്ങനെ മികച്ച രീതിയില്‍ ചെയ്യാന്‍ പറ്റും, അതൊക്കെ വളരെ കൃത്യമാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല, പറ്റാവുന്ന രീതിയില്‍ ചെയ്യുക എന്നത് മാത്രമേ സാധ്യമാകൂ. എത്രവരെ സാധ്യമാണ് എത്രവരെ സാധ്യമല്ല എന്നത് നമ്മള്‍ അവിടെ എടുക്കേണ്ട തീരുമാനമാണ്. കാലും കയ്യും ഒക്കെ അറ്റുവരുന്ന ആളുകളുടെ അംഗവിച്ഛേദനം ചെയ്യുക.കാലും കയ്യും ഒന്നും തിരിച്ചുപിടിപ്പിക്കാന്‍ ഒന്നും നോക്കാന്‍ പറ്റുകയില്ല. ഓള്‍റെഡി പരിക്കുപറ്റിയ ശരീരമാണ്, അതിനെ ഏറ്റവും ഫം​ഗ്ഷണലായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാക്കുക എന്ന നിലപാട് മാത്രമേ സ്വീകരിക്കാൻ കഴിയൂ. ലാപറോട്ടമി ചെയ്യുമ്പോള്‍ (അടിവയറില്‍ ചെയ്യേണ്ടുന്ന ശസ്ത്രക്രിയകള്‍) ഇരുപത് പേർക്കൊക്കെയാണ് ചെയ്യേണ്ടി വരുന്നത്. ഒരു പേഷ്യന്റിന്റെ മുഴുവനും തീര്‍ത്തിട്ട് അടുത്തതിലേക്ക് പോകാന്‍ പറ്റുകയില്ല. എല്ലാവരെയും തുറന്ന് പാക്ക് ചെയ്ത് കിടത്തും. എല്ലാവരെയും പാക്ക് ചെയ്തിട്ട്, മരിക്കാനുള്ളവരെ മരിക്കാന്‍ വിട്ടിട്ട് ബാക്കി സ്റ്റേബിള്‍ ആയവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കും. ഓരോ കാര്യവും വ്യത്യസ്തമായിട്ടാണ് ചെയ്യുന്നത്.

മാതൃഭൂമി ക ഫെസ്റ്റിവലിൽ സംഭാഷണത്തിനായെത്തിയ ഡോ. സന്തോഷ് കുമാർ. ഫോട്ടോ: മൃദുല ഭവാനി.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുദ്ധ ദൃശ്യങ്ങള്‍ നമ്മള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. അത് നമ്മുടെ ഉറക്കം കെടുത്തും, നമ്മളെ വിടാതെ പിന്തുടരും. നേരിട്ട് ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നവരെന്ന നിലയില്‍ ഡോക്ടര്‍മാരുടെ മാനസികാരോഗ്യ നില എന്താണ്?

അത് ഭയങ്കര പ്രശ്‌നം തന്നെയാണ്. എത്ര അനുഭവമുള്ളവരാണ് എന്ന് പറഞ്ഞാലും കുഞ്ഞുങ്ങളെല്ലാം ഇങ്ങനെ വരുമ്പോള്‍ നമ്മള്‍ക്കും ഉറക്കം കിട്ടില്ല. സ്വപ്‌നം കാണാന്‍ തുടങ്ങും, ക്ഷീണമായിരിക്കും, വെറുതെ ദേഷ്യം വരും. സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് നമുക്ക് ഉണ്ട്. ഈ സംഘടനകളൊക്കെ നമ്മള്‍ തിരിച്ചുവരുമ്പോള്‍ ഡീബ്രീഫിങ്ങും സൈക്കോസോഷ്യല്‍ സപ്പോര്‍ട്ടുമൊക്കെ നമുക്ക് തരുന്നുണ്ട്. സൈക്യാട്രിസ്റ്റുകള്‍ സംസാരിക്കും. പക്ഷേ ഇത് ബാധിക്കാതിരിക്കുകയില്ല.

യുദ്ധം നീണ്ടുപോകുകയാണ്. ഡോക്ടര്‍ സംസാരിച്ചത് കേട്ടിരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇവിടെ ഇന്ന് നില്‍ക്കുമ്പോള്‍ ​ഗാസയെക്കുറിച്ച്, അല്ലെങ്കില്‍ ലോകത്തിലാകെ നിലനില്‍ക്കുന്ന വയലന്‍സിനെ കുറിച്ച് പറയാനുള്ളത് എന്താണ്?

ഫിലോസഫിക്കലായോ സയന്‍സിന്റെ ഭാഗമായോ ഒക്കെ ചിന്തിക്കുകയാണെങ്കില്‍ യുദ്ധം എന്ന് പറയുന്നത്, ഉദാഹരണത്തിന് വേറൊരു ജീവിയും ഭക്ഷണത്തിന് വേണ്ടിയല്ലാതെ വലിയ അളവില്‍ ആയുധങ്ങളും മറ്റുമുപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊല്ലുന്ന ഏര്‍പ്പാടില്ല. ചിമ്പന്‍സിക്കില്ല, ഗറില്ലയ്ക്കില്ല. പിന്നെയും ഉറുമ്പിനും തേനീച്ചയ്ക്കുമൊക്കെയേ ഉള്ളൂ. ഇതൊരു സ്പീഷീസ് സ്‌പെസിഫിക് ആയിട്ടുള്ള പ്രതിഭാസമാണ്. ഇതിനെയൊരു സോഷ്യല്‍ ഇഷ്യൂ മാത്രമായി എടുത്തിട്ട് വലിയ അര്‍ത്ഥമില്ല. ഇത് ജീവശാസ്ത്രപരമായി വേരുകളുള്ളതാണ്. ജനാധിപത്യമുപയോഗിച്ച് ഹയറാര്‍ക്കിയോട് എതിരിടുന്നതുപോലെ, ഇത് പലപ്പോഴും നമ്മള്‍ പ്രയോ​ഗത്തിലൂടെ മാറ്റേണ്ട കാര്യങ്ങളാണ്. പലപ്പോഴും നമുക്ക് വലിയ രീതിയിലുള്ള പ്രയോ​ഗങ്ങൾ ആവശ്യമാണ്. വലിയ തലത്തിലുള്ള സഹകരണം ആവശ്യമാണ്. സൈക്ലിക് ആയി നോക്കുകയാണെങ്കില്‍ യുദ്ധം അതിഭയങ്കരമായി നടക്കുമ്പോള്‍ അത് കഴിഞ്ഞ് കുറേ നാളത്തേക്ക് എല്ലാവരും സമാധാനത്തിന് വേണ്ടി നില്‍ക്കും. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിക്കുന്നതുകൊണ്ടാണ്. ഒരു യുദ്ധത്തില്‍ നിന്ന് കിട്ടുന്ന പാഠങ്ങള്‍ അടുത്ത തലമുറയ്ക്ക് അതേ തീവ്രതയോടെ മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ, അവരുടെ യുദ്ധത്തിന് വേണ്ടിയുള്ള ജെനറ്റിക്‌സ് ആഴത്തില്‍ വേരുള്ളതാണ്. Default എന്നു പറയുന്നത് യുദ്ധം ആണ്. സമാധാനം എന്നത് ബിഹേവിയറല്‍ ആണ്, ഇത് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ചോര്‍ന്നുപോകും. It needs a very big reinforcement again and again. ഇപ്പോഴത്തെ പ്രധാന പ്രശ്‌നം, ആയുധങ്ങളുണ്ടാക്കുന്നത് മുമ്പൊക്കെ റഷ്യയും അമേരിക്കയും ആയിരുന്നു. ഇന്ന് അങ്ങനെ അല്ല, എല്ലാവരും ഓരോ മേഖലയിലായി അവരവരുടേതായ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇന്നത് കച്ചവടം ആണ്. എല്ലാവര്‍ക്കും അത് വിറ്റഴിക്കണം. പുതിയ ആയുധങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇറാന്‍ ഉണ്ട്, നോര്‍ത്ത് കൊറിയ ഉണ്ട്, ബ്രസീല്‍, യുക്രൈന്‍, യൂറോപിലെ തന്നെ പല പല രാജ്യങ്ങളും അവരുടേതായ ആയുധങ്ങള്‍ ഉണ്ടാക്കുന്നു. കച്ചവടത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ക്ക് കഴിയില്ല. അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്തമായൊരു സമീപനം ഇല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം തീവ്രമായിക്കൊണ്ടിരിക്കുകയേയുള്ളൂ.

തോക്കും സിറിഞ്ചും ബുക്ക് കവർ

ദക്ഷിണാഫ്രിക്കയുടെ പരാതി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ പോകുന്നത് വരെ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അത്തരമൊരു ഇടപെടല്‍ ലോക പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകാതിരിക്കാനുള്ള കാരണം എന്തായിരിക്കും?

മൊത്തമായി യൂണിപോളാര്‍ ആകുമ്പോഴുള്ള പ്രശ്‌നമാണ്. റഷ്യ-യുക്രൈനില്‍ യുദ്ധം തുടങ്ങുമ്പോള്‍ അതുവരെയും കുറേയെങ്കിലും റഷ്യ കുറച്ചു ഭേദമാണ്, അവരുടെ ആയുധങ്ങള്‍ ഭേദമാണ് എന്നൊരു കാഴ്ചപ്പാടൊക്കെ ഉണ്ടായിരുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുമ്പോഴേക്കും റഷ്യയുടെ പഴയ ആയുധങ്ങളും സംഭവങ്ങളും കാര്യക്ഷമമല്ല എന്നൊക്കെയായി. പിന്നെ വെസ്റ്റേണ്‍ ആയുധങ്ങള്‍ മാത്രമായിട്ടാണ്, അതിന്റെയൊരു ഹയറാര്‍ക്കിയിലാണ് ഇന്നത്തെ പ്രശ്‌നമൊക്കെ നില്‍ക്കുന്നത്. അടിസ്ഥാനപരമായി ആരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ലെബനോൺ. ബെയ്‌റൂട്ട് എന്നീ രാജ്യങ്ങളിലൊക്കെ ഇസ്രയേല്‍ ബോംബ് ചെയ്തു. പക്ഷേ തിരിച്ച് ഒന്നും ചെയ്തിട്ടില്ല. ലെബനോണില്‍ നിന്നുള്ള കൂടെ വര്‍ക്ക് ചെയ്‌തൊരാളോട് എന്താണ് നിങ്ങളൊന്നും ചെയ്യാത്തത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അതൊന്നും ചെയ്യാന്‍ പറ്റില്ല, ഒരു യുദ്ധം തുടങ്ങാനുള്ള പൈസയൊന്നും നമുക്കില്ല എന്നാണ്. കാരണം അവര്‍ യുദ്ധം ചെയ്ത് കഴിഞ്ഞതാണ്. അതിന്റെ നിരര്‍ത്ഥകത അവര്‍ക്ക് അറിയാം. അതിലേക്ക് എടുത്തെറിയാന്‍ അവര്‍ പോകുന്നില്ല. ഇസ്രയേലിന് വേണ്ടി അമേരിക്ക ഇറക്കിക്കൊടുക്കുന്ന ആയുധങ്ങള്‍ അറബ് രാജ്യങ്ങളുടെ തുറമുഖത്തിലൂടെയാണ് വരുന്നത്. ഈജിപ്റ്റിന്റെയും യു.എ.ഇയുടെയും തുറമുഖങ്ങളിലൂടെ. അറബ് ലീഗ് കൂടിയപ്പോള്‍ മൊറോക്കോ പറഞ്ഞത് കൊടുക്കരുതെന്നാണ്. ഇവര്‍ പറഞ്ഞത് അത് പറ്റില്ലെന്നാണ്. ബ്രദേഴ്‌സ് എന്ന് വിളിക്കുന്ന പലസ്തീനികളെ ബോംബ് ചെയ്യാനുള്ള ആയുധം അവരുടെ തുറമുഖങ്ങളിലൂടെ ഇറക്കിക്കൊടുത്ത് ഇങ്ങനെ ചെയ്യുന്നത് ഹിപ്പോക്രാറ്റിക് ആയ നിലപാടാണ്. പക്ഷേ, ഒരു വേള്‍ഡ് ഓഡറിനകത്ത് ഇത് ഇങ്ങനെയേ നടക്കൂ എന്ന ധാരണയിലേക്ക് രാജ്യങ്ങള്‍ തന്നെ കീഴടങ്ങിക്കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ബി.ജെ.പി വന്നിട്ട് ഓരോ സ്ഥാപനങ്ങളായി തിന്നുതിന്നു വരുന്നത് കാണുമ്പോള്‍ നമുക്ക് മനസ്സിലാകുമല്ലോ എപ്പോഴെങ്കിലും നമുക്കും കീഴടങ്ങേണ്ടിവരുമെന്ന്. അതിനെ വൈകിപ്പിക്കാനേ നോക്കുകയുള്ളൂ. അല്ലാതെ അതിനെതിരെ നില്‍ക്കാനുള്ള കോപ്പ് ഒന്നുമില്ല. റഷ്യയും ചൈനയും ഒക്കെ ഇങ്ങനെയൊരു പ്രക്രിയയെ വൈകിപ്പിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുണ്ടാകൂ. അതിനെ നേരിടാനായി ആരും ആഗ്രഹിക്കുന്നില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read