ആനയിറങ്കൽ നാഷണൽ പാർക്ക് ആദിവാസികളെ കുടിയിറക്കുമോ?

ചിന്നക്കനാലിലെ മനുഷ്യവാസ കേന്ദ്രങ്ങളിൽ പതിവായി സംഘർഷം സൃഷ്ടിച്ച അരിക്കൊമ്പൻ എന്ന ആനയെ മയക്കുവെടിവെച്ച് കൂട്ടിലടയ്ക്കാൻ വേണ്ടി വനംവകുപ്പ് നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ പരാജയപ്പെടുകയുണ്ടായി. ദൗത്യം അങ്ങനെ നീണ്ടുപോയപ്പോഴാണ് മൃഗസംരക്ഷണ സംഘനകളുടെ പ്രതിനിധികൾ അരിക്കൊമ്പനെ പിടിക്കരുത് എന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിച്ച ഹൈക്കോടതി എന്താണ് ഈ വിഷയത്തിലെ ശാശ്വത പരിഹാരം എന്ന് ചോദിച്ചപ്പോൾ 301 കോളനി ഉൾപ്പെടെയുള്ള ആദിവാസി പുനരധിവാസ കോളനികൾ ഒഴിപ്പിച്ച് ആനയിറങ്കൽ നാഷണൽ പാർക്ക് എന്ന സംരക്ഷിത പ്രദേശം രൂപീകരിക്കുന്നതാണ് പരിഹാരം എന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്. ആനയിറങ്കൽ നാഷണൽ പാർക്ക് എന്ന പുതിയ പദ്ധതിക്കായി സർക്കാരിനും കോടതിക്കും വനം വകുപ്പ് റിപ്പോർട്ട് നൽകിയതും വലിയ പ്രതിഷേധത്തിന് ഇടയാകുകയും ചെയ്തു. എന്നാൽ അരിക്കൊമ്പനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണം എന്ന തീരുമാനത്തിലേക്കാണ് ഒടുവിൽ ഹൈക്കോടതി എത്തിച്ചേർന്നത്. അതുപ്രകാരം നടന്ന ദൗത്യം അരിക്കൊമ്പനെ പിടികൂടുകയും പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് മാറ്റുകയും ചെയ്യും. അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്നും മാറ്റപ്പെട്ടെങ്കിലും ആദിവാസി പുനരധിവാസ കോളനികൾ ഒഴിപ്പിച്ച് ആനയിറങ്കൽ നാഷണൽ പാർക്ക് പദ്ധതി നടപ്പിലാക്കണം എന്ന വനം വകുപ്പിന്റെ വാദം ചിന്നക്കനാലിലെ ആദിവാസി സമൂഹത്തെയും തദ്ദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

മുന്നൂറ്റിയൊന്ന് കോളനിയുടെ ഉള്ളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: സിഖിൽദാസ്

ഈ പ്രദേശത്ത് നിന്നും മനുഷ്യരെ പൂർണമായും ഒഴിപ്പിച്ച്, ആനകളുടെ സഞ്ചാരപഥം തിരിച്ചു പിടിക്കുമെന്നാണ് വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയിട്ടുള്ള 365 ഹെക്ടർ യൂക്കാലിപ്റ്റസ് തോട്ടം, 2003 ൽ ആദിവാസികൾക്ക് പുനരധിവാസത്തിനായി നൽകിയ 276 ഹെക്ടർ ഭൂമി, മറ്റ് ചോലവനങ്ങൾ ഉൾപ്പെടെ 1235 ഹെക്ടർ ആണ് വനം വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം നിർദ്ദിഷ്ട് പാർക്കിന്റെ വിസ്തൃതി. എന്നാൽ 2003 ൽ പുനരധിവസിപ്പിച്ച ആദിവാസികളെ മാറ്റിപ്പാർപ്പിക്കുക എന്നത് മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരമാകുന്നില്ല എന്നാണ് ആദിവാസി സംഘടനകളും കോളനി നിവാസികളും പറയുന്നത്. രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് കേരളത്തിലെ ആ​ദിവാസി സമൂഹത്തിന്റെ മുൻകൈയിൽ നടന്ന സെക്രട്ടേറിയറ്റിന് മുന്നിലെ കുടികെട്ടി സമരത്തിന്റെയും മുത്തങ്ങ സമരത്തിന്റെയും ഭാ​ഗമായി അനുവദിക്കപ്പെട്ട ഭൂമി നാഷണൽ പാർക്കിന്റെ പേരിൽ പിടിച്ചെടുക്കുന്നത് ആ സമരങ്ങളുടെ ഭാ​ഗമായുണ്ടായ സുപ്രധാന തീരുമാനങ്ങളുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കുടികെട്ടി സമരത്തിന്റെയും മുത്തങ്ങ സമരത്തിന്റെയും ഫലമായുണ്ടായ കരാറുകളെയും അതിന്റെ ഭാ​ഗമായി രൂപീകരിച്ച ആദിവാസി പുനരധിവാസ വികസന മിഷനെയും തള്ളിക്കളയുകയാണ് ആനയിറങ്കൽ നാഷണൽ പാർക്ക് എന്ന നിർദ്ദിഷ്ട പദ്ധതി. ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി 2001 ൽ സർക്കാർ രൂപം നൽകിയ ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടി.ആർ.ഡി.എം) പരാജയമാണ് ചിന്നക്കനാലിലെ കോളനികളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കണ്ടെത്തി നൽകുന്നതിനൊപ്പം ടി.ആർ.ഡി.എം നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി പരാമർശിക്കുന്ന ഒരു മാസ്റ്റർ പ്ലാനും അന്ന് സർക്കാർ തയ്യാറാക്കിയിരുന്നു. ആ മാസ്റ്റർ പ്ലാനിൽ പറയുന്ന കാര്യങ്ങൾ ചിന്നക്കനാലിൽ ഉൾപ്പെടെ ഭൂമി അനുവദിച്ച ഒരു സ്ഥലത്തും കേരളത്തിൽ നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 2014ൽ നിൽപ്പ് സമരം എന്ന പേരിൽ ആദിവാസി സംഘടനകൾ വീണ്ടും സമരവുമായി സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയപ്പോൾ ടി.ആർ.ഡി.എമ്മിന് സംഭവിച്ച ഈ പരാജയം ഉയർത്തിക്കാണിച്ചിരുന്നു. ടി.ആർ.ഡി.എം മാസ്റ്റർ പ്ലാനിൽ പറയുന്ന രീതിയിൽ പുനരധിവാസം നടപ്പിലാക്കപ്പെട്ടിരുന്നെങ്കിൽ 301 കോളനിയുടെ സ്ഥിതി ഇതാകുമായിരുന്നില്ല. ആനകളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സംഘർഷം ഒഴിവാക്കാൻ കോളനി ഒഴിപ്പിച്ചാൽ മതിയെന്ന വാദം വനം വകുപ്പും വന്യമൃ​ഗസംരക്ഷണ പ്രവർത്തകരും മുന്നോട്ടുവയ്ക്കുമ്പോൾ ആ ചർച്ചകളിൽ ഇല്ലാതെ പോയത് നീണ്ട പോരാട്ടങ്ങളിലുടെ ആദിവാസികൾ സർക്കാരുമായി ഉണ്ടാക്കിയെടുത്ത കരാറുകളും അതിന്റെ ലംഘനങ്ങളുമാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ 2014ൽ നടന്ന നിൽപ്പ് സമരം. കടപ്പാട്:​ ദി ഹിന്ദു

പോരാട്ടങ്ങളിലൂടെ നേടിയ ഭൂമി

ചിന്നക്കനാലിലെ അഞ്ച് കോളനികളിലായി സർക്കാർ ആദിവാസികളെ പുനരധിവസിപ്പിച്ചതിന് പിന്നിൽ നീണ്ട സംഘർഷങ്ങളുടെ കഥയുണ്ട്. 2001‌ൽ സി.കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കുടിൽകെട്ടി സമരത്തിന്റെ ഫലമായാണ് ആദിവാസികൾക്ക് ഭൂമി നൽകാൻ സർക്കാർ നിർബന്ധിതരാകുന്നത്. 48 ദിവസം നീണ്ടുനിന്ന സമരത്തെ തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം ആദിവാസികൾക്ക് കൃഷി ചെയ്യാനായി അഞ്ച് ഏക്കർ ഭൂമിവീതം നൽകാമെന്ന് സർക്കാർ ഉറപ്പു നൽകി. പുനരധിവാസത്തിന് വേണ്ടി അന്ന് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും, പുനരധിവാസത്തിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആദിവാസി പുനരധിവാസ വികസന മിഷൻ രൂപീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും, ചീഫ് സെക്രട്ടറി ചെയർമാനായ ഉന്നതാധികാര മിഷൻ കമ്മിറ്റിയും, ജില്ലാ തലത്തിൽ പ്രത്യേക മിഷനും അടങ്ങുന്ന വലിയ ഒരു സംവിധാനമായാണ് പുനരധിവാസ പദ്ധതി തുടങ്ങിയത്. പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടം 2001 ഒക്ടോബർ ഒന്നിന് പട്ടയ വിതരണം നടത്തിക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഇടുക്കി ജില്ലയിലെ മറയൂരിൽ ഉദ്‌ഘാടനം ചെയ്തു. എല്ലാ തകരാറുകളുമുള്ള ഒരു സ്ഥലമായിരുന്നു മറയൂരിലെ ഭൂമിയെന്ന് ആദിവാസി ​ഗോത്രമഹാസഭ അന്ന് പരാതിപ്പെട്ടിരുന്നു. കൃഷിക്ക് അനുയോജ്യമല്ലാത്ത, വെള്ളം ലഭിക്കാത്ത, ആനയുടെ സാന്നിധ്യമുള്ള സ്ഥലം. ആദിവാസി പുരധിവാസത്തിന് വേണ്ടി മതികെട്ടാനിൽ അനുവദിച്ച ഭൂമി പിന്നീട് കയ്യേറ്റ വിവാദങ്ങളുടെ പേരിൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു. മതികെട്ടാൻ സംഭവത്തോട് കൂടി ആദിവാസി പുനരധിവാസ പദ്ധതി ഭാഗികമായി നിലച്ചിരുന്നു . പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന സമരക്കാരുമായുള്ള ധാരണ ലംഘിക്കപ്പെട്ടതിനെ തുടർന്ന് സി.കെ ജാനുവിന്റെ നേതൃത്വത്തിൽ വീണ്ടും സമരം ചെയ്യാൻ ആദിവാസികൾ നിർബന്ധിതരായി. 2002 അവസാനത്തോടെ തുടങ്ങിയ മുത്തങ്ങ സമരം ഭൂപ്രശ്നത്തെ വീണ്ടും സജീവമാക്കി. സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി വനം വകുപ്പ് യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിച്ച മുത്തങ്ങയിലെ വനഭൂമിയിലായിരുന്നു ആദിവാസികൾ കുടിൽകെട്ടി അവകാശം സ്ഥാപിച്ചത്. 2003 ഫെബ്രുവരി 19ന് പൊലീസ് അതിക്രൂരമായി മുത്തങ്ങ സമരക്കാരെ ഒഴിപ്പിച്ചു. സമരക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. സംഘർഷത്തിൽ ഒരു ആദിവാസി യുവാവും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആ സമരങ്ങളുടെയെല്ലാം ഫലമായാണ് ചിന്നക്കനാൽ അടക്കമുള്ള പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള പുനരധിവാസം സർക്കാർ നടത്തുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ 2014ൽ നടന്ന നിൽപ്പ് സമരം. കടപ്പാട്:​ ദി ഹിന്ദു

ആദിവാസി പുനരധിവാസ മിഷന് എന്ത് സംഭവിച്ചു?

ഭൂവിതരണത്തിനു പുറമെ സ്ഥിരമായ ഒരു വരുമാനമാർഗത്തിനും ദാരിദ്ര്യ രേഖക്ക് മുകളിൽ എത്തുന്നതിനും ആവശ്യമായ ഭൂവികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും, മറ്റ് വരുമാനമാർഗ്ഗങ്ങൾ ഉണ്ടാക്കുന്നതിനും, സാമൂഹ്യ-സാംസ്‌കാരിക ഉന്നമനത്തിനും ഇതിന് വേണ്ടി വരുന്ന ധനസഹായ സംവിധാനമടക്കം നൽകുമെന്നാണ് ആദിവാസി പുനരധിവാസ മിഷൻ വാഗ്ദാനം ചെയ്തത്. പതിച്ചുകൊടുക്കുന്ന ഭൂമിയിൽ അത്യാവശ്യ സൗകര്യങ്ങളായ സ്‌കൂളുകൾ, ഷോപ്പിംഗ് സെന്റർ, കമ്മ്യൂണിറ്റി ഹാളുകൾ മുതലായവ നിർമ്മിക്കുമെന്നും ആദിവാസി പുനരധിവാസ മിഷന്റെ മാസ്റ്റർ പ്ലാൻ പറയുന്നു. ഓരോ വാസസ്ഥലത്തേക്കും കുടിവെള്ളം എത്തിക്കുന്നതിലേക്കായി പ്രാദേശിക പഞ്ചായത്തുകളുടെയും കേരള വാട്ടർ അതോറിറ്റിയുടെയും പദ്ധതികളിൽ ഉൾപ്പെടുത്തി കുടിവെള്ള ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മാസ്റ്റർ പ്ലാൻ പറയുന്നുണ്ട്. ആദിവാസികൾക്ക് തൊഴിൽ നൽകുന്ന പുതിയ വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കണമെന്നുവരെ റിപ്പോർട്ട് പറയുന്നുണ്ട്. പുനരധിവാസ പ്രദേശങ്ങൾ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഷെഡ്യൂൾഡ് ഏരിയ ആയി പ്രഖ്യാപിക്കണമെന്നും മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നു.

ഒന്നും നടപ്പിലായില്ല

2012 ൽ പുറത്തുവന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് തന്നെ ആദിവാസി പുനരധിവാസ വികസന മിഷന്റെ പൊതുവെയുള്ള പരാജയം തുറന്നു കാണിക്കുന്നുണ്ട്. 17,294 കുടുംബങ്ങളെ പുനരധിവസിപ്പിക്കും എന്ന് പറഞ്ഞിരുന്ന പദ്ധതി പത്ത് വർഷം പിന്നിട്ടപ്പോൾ അകെ പുനരധിവസിപ്പിച്ചത് 6777 കുടുംബങ്ങളെയാണ്. ഭവന നിർമ്മാണത്തിന്റെയും, കുടിവെള്ള വിതരണത്തിന്റെയും, വൈദ്യുതി ലഭ്യതയുടെയും കാര്യത്തിൽ മിഷൻ ഒരു പരാജയമായിരുന്നെന്നും സി.എ.ജി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതിനെത്തുടർന്നാണ് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 2014 ൽ ആദിവാസികൾ നിൽപ്പ് സമരവുമായി മുന്നോട്ടുവന്നത്. നിൽപ്പ് സമരം അവസാനിക്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരുമായി ഉണ്ടാക്കിയ കരാറിലും ആദിവാസി പുനരധിവാസ മിഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും എന്ന് ഉറപ്പ് പറയുന്നുണ്ട്. എന്നാൽ മിഷൻ, ആദിവാസി പുനരധിവാസത്തിനായി പിന്നീടും ഒന്നും തന്നെ ചെയ്തില്ലെന്നാണ് ചിന്നക്കനാലിലെ അവസ്ഥ വ്യക്തമാക്കുന്നത്. പുനരധിവാസം നടപ്പിലാക്കി ഇരുപതു വർഷം പൂർത്തി ആകുമ്പോഴും കുടിവെള്ളം പോലും പൂർണമായും ലഭ്യമാകാത്ത അവസ്ഥയാണ് അവിടെയുള്ളത്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എട്ടു കിലോമീറ്ററാണ് സഞ്ചരിക്കേണ്ടി വരുന്നത്. ആഴ്ചയിലൊരിക്കൽ പുറമെ നിന്നും വരുന്ന പച്ചക്കറി വണ്ടികളാണ് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ ലഭിക്കുന്നതിനുള്ള ഏക ആശ്രയം. അടച്ചുറപ്പില്ലാത്ത, ചോരുന്ന വീടുകളിലാണ് ഇവർ താമസിക്കുന്നത്.

വനം വകുപ്പ് ‌സമർപ്പിച്ച റിപ്പോർട്ടിന്റെ കവർ

കോളനികളെ മാത്രം ഒഴിപ്പിക്കുന്ന പദ്ധതി രേഖ

ആനയിറങ്കൽ ദേശീയ ഉദ്യാനം, ആനയിറങ്കൽ കൺസർവേഷൻ റിസർവ്, ആനയിറങ്കൽ കമ്മ്യൂണിറ്റി റിസർവ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളായി തിരിച്ച ആനകൾ സഞ്ചരിച്ചിരുന്ന പാത തിരിച്ചുപിടിക്കുകയാണ് വനം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ ലക്ഷ്യം (കോറിഡോർ പ്രൊപ്പോസൽ ഓൺ കൺസർവേഷൻ ഓഫ് എലഫെന്റസ് അറ്റ് ആനയിറങ്കൽ, ചിന്നക്കനാൽ – സബ്മിറ്റഡ് ബൈ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മൂന്നാർ ഫോറസ്റ്റ് ഡിവിഷൻ, ഹൈറേഞ്ച് സർക്കിൾ). നിർദ്ദിഷ്ട ആന ഉദ്യാനം ആനകൾക്ക് മാത്രമായുള്ള പ്രദേശമായി നിലനിർത്തുമ്പോൾ തന്നെ അതിനു ചുറ്റുമുള്ള ഒരു പ്രദേശം സംരക്ഷിത റിസർവ് ആയും പ്രഖ്യാപിക്കും. ആനകളെ അവരുടെ മറ്റ് വിഹാര മേഖലകളുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഈ റിസർവ്. ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയും, മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിന്റെ പ്രദേശങ്ങളും, മറ്റു ചോല വനങ്ങളും റിസർവിൽ ഉൾപ്പെടുന്നു. ഇതിലൂടെ ആനയുടെ മുൻകാലത്തുള്ള സഞ്ചാരപഥങ്ങൾ തിരിച്ചുപിടിക്കാൻ കഴിയുമെന്നും, ആന-മനുഷ്യ സംഘർഷം കുറക്കാൻ സാധിക്കുമെന്നും പദ്ധതി രേഖ പറയുന്നു. നിലവിൽ ആദിവാസികൾക്ക് നൽകിയ ഭൂമി പൈൻ, യൂക്കാലിപ്റ്റസ് തോട്ടമായിരുന്നെന്നും, അത് ആനകളുടെ പ്രധാന ആവാസവ്യവസ്ഥ ആയിരുന്നെന്നും ഈ റിപ്പോർട്ട് പറയുന്നു. 2003 -ൽ സർക്കാർ ഭൂമി നൽകി പുനരധിവസിപ്പിച്ച എല്ലാ ആദിവാസികളെയും ഈ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. 301 ആദിവാസി കോളനി, വിളക്ക് ആദിവാസി കോളനി, പന്താടിക്കുളം ആദിവാസി കോളനി, സൂര്യനെല്ലി ആദിവാസി കോളനി, എൺപത് ഏക്കർ ആദിവാസി കോളനി എന്നിവക്ക് ആദ്യ പരിഗണന നൽകി മാറ്റിപ്പാർപ്പിക്കണമെന്നാണ് സർക്കാർ രേഖ പറയുന്നത്.

വനം വകുപ്പ് സമർപ്പിച്ച രേഖയിൽ പറയുന്ന ഒഴിപ്പിക്കേണ്ട കോളനികൾ‌

വനം വകുപ്പിന്റെ ഈ പ്രൊപ്പോസലിനെതിരെ കോളനിയിലെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. തങ്ങൾ അധ്വാനിച്ച് കൃഷി ഭൂമിയാക്കിയ മണ്ണ് വിട്ടു തരാൻ സാധ്യമല്ലെന്നാണ് അവരുടെ വാദം. ആന-മനുഷ്യ സംഘർഷം പരിഹരിക്കാൻ സാധ്യമായ മറ്റ് വഴികൾ അവലംബിക്കണമെന്ന് അവർ പറയുന്നു. “എന്റെ അഭിപ്രായത്തിൽ കോളനിക്കു ചുറ്റും റെയിൽ ഫെൻസിങ് ചെയ്യുകയാണെങ്കിൽ കോളനിയിലെ ആനശല്യം കുറക്കാൻ സാധിക്കും. 20 വർഷക്കാലമായി വീടും, വൈദ്യുതിയുമല്ലാതെ മറ്റൊരു സൗകര്യവും മുന്നൂറ്റിയൊന്ന് കോളനിയിൽ ലഭ്യമല്ല. വെള്ളം പോലും ഇപ്പോഴും ലഭിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കാതെ ഇവിടെയുള്ളവർ എങ്ങനെ അവർക്ക് ലഭിച്ച ഭൂമിയിൽ താമസിക്കും. ഇരുപത് വർഷമായിട്ട് കുടിക്കാനുള്ള വെള്ളം പോലും ഇവിടെ കിട്ടിയിട്ടില്ല. വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാലും ഈ അവസ്ഥ തന്നെയല്ലേ വരിക? ഇവിടെ ഇപ്പോൾ കൃഷിയും കാര്യങ്ങളും വരുമാനം കിട്ടുന്ന തരത്തിലായിട്ടുണ്ട്. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആദായം ലഭിക്കുന്നവർ ഇവിടെയുണ്ട്. ഹിൽ പുലയ, മന്നാൻ വിഭാഗത്തിൽപ്പെട്ട ഈ ആളുകൾക്ക് ഇവിടെ നിന്ന് മാറി താമസിക്കുക ഇനി സാധ്യമല്ല. കാരണം അവരുടെ ആയുസും ആരോഗ്യവും മുഴുവൻ കൊടുക്കുന്നത് ഈ മണ്ണിലാണ്. മറ്റൊരു സ്ഥലത്തുചെന്ന്, അടിക്കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാനുള്ള ആരോഗ്യം ഇനിയില്ല. അതുകൊണ്ട് ഞങ്ങൾ ഇവിടെ നിന്ന് പോകുകയില്ല. ഞങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഇവിടെ ഒരുക്കിത്തരണം. അതിന്റെ കൂടെ റെയിൽ ഫെൻസിങ്ങും കോളനിയിൽ ചെയ്തു തരണം. എൺപതേക്കർ ഊരുകൂട്ടം സെക്രട്ടറിയായും, ട്രൈബൽ പ്രൊമോട്ടറായും പ്രവർത്തിച്ചിട്ടുള്ള മുരുകേശൻ കേരളീയത്തോടുപ്രതികരിച്ചു.

മുരുകേശൻ

ആദിവാസി ഇതര ജനവിഭാഗങ്ങളും ആശങ്കയിൽ

പദ്ധതിയുടെ നിലവിലെ രേഖയിൽ ആദിവാസികൾക്ക് അനുവദിച്ച ഭൂമിയും, മറ്റ് റവന്യു ഭൂമികളും മാത്രമാണ് ഏറ്റെടുക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആനയിറങ്കൽ കമ്മ്യൂണിറ്റി റിസർവും അതിന്റെ ബഫറും പ്രഖ്യാപിക്കപ്പെടുന്നതോടെ കർഷകരുടെ ഭൂമിയും നഷ്ടപ്പെടുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നുണ്ട്. “അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഈ ആനപാർക്കിനെ പറ്റി പറയുന്നുണ്ട്. ചിന്നക്കനാൽ പഞ്ചായത്ത് ​ഗ്യാപ് ഷോല മുതൽ, നാഗമല, ഗുണ്ടുമല, പാപ്പാത്തി ചോല, താമരക്കുളം ചോല, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങൾ മുതൽ ചിന്നക്കനാൽ പഞ്ചായത്തിന്റെ ബഹുപൂരിപക്ഷം പ്രദേശങ്ങളും, കൊച്ചി ധനുഷ്‌കോടി പാതയോട് ചേർന്നുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 1285 ഏക്കർ സ്ഥലം ആനയിറങ്കൽ നാഷണൽ പാർക്കിന് വേണ്ടി ഏറ്റെടുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. നാഷണൽ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നിയമനടപടികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറും പാലിക്കാതെ ഹൈക്കോടതിയിൽ കൊടുത്തിട്ടുള്ള അഫിഡവിറ്റ് വഴി ജനങ്ങളുടെ കൃഷി സ്ഥലങ്ങൾ ആസൂത്രിതമായി പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനം വകുപ്പിന്റെത്. നാഷണൽ പാർക്കുകൾക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അങ്ങനെ വന്നാൽ ബഫർ സോൺ രാജകുമാരി, ബൈസൻറ് വാലി പഞ്ചായത്തുകളെ മറികടന്ന് പോകും. കർഷക സംഘടനയായ കിഫയുടെ പ്രതിനിധി സുനിൽ പറയുന്നു.

സുനിൽ

ആനയിറങ്കൽ നാഷണൽ പാർക്ക് പദ്ധതിയിൽ പറയുന്ന പ്രദേശങ്ങൾ ഏറെ വർഷങ്ങൾക്ക് മുന്നേ മനുഷ്യവാസമുള്ള പ്രദേശമാണെന്ന് തദ്ദേശവാസികൾ പറയുന്നു. ഇത് ആനകളുടെ മാത്രം വാസസ്ഥലമാണെന്ന് പറയുന്ന വാദത്തെ അവർ ഖണ്ഡിക്കുന്നു. “ഈ പ്രദേശം ആനയുടെ വാസസ്ഥലമായിരുന്നെന്നും, ഈ വാസസ്ഥലം മുറിഞ്ഞുപോയെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും പദ്ധതി രേഖ പറയുന്നു. എന്നാൽ രണ്ടായിരത്തിന് മുൻപുള്ള ഒരു രേഖയിലും ഇത് ഒരു ആനത്താരയാണെന്നു പറയുന്നില്ല. 800 ൽ പരം വർഷം പഴക്കമുള്ള മുതുവാൻ വിഭാഗം ആദിവാസികൾ താമസിക്കുന്ന ചെമ്പകത്തൊടി സെറ്റിൽമെന്റ് ഇവിടെയുണ്ട്. സംസ്ഥാന രൂപീകരണത്തിന് മുന്നേ തന്നെ ജനവാസമുള്ള മേഖലയാണ്. ശിലായുഗത്തിൽ പോലും ജനവാസമുണ്ടെന്ന് തെളിയിക്കുന്ന നന്നങ്ങാടികളും, മുനിയറകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആനയിറങ്കൽ റിസർവോയർ ഇരിക്കുന്ന മേഖല സർക്കാർ ഡാമിന് വേണ്ടി പൊന്നുംവില കൊടുത്തു ഏറ്റെടുത്തിരിക്കുന്ന ഭൂമിയാണ്. അവിടെയും ജനവാസമുണ്ടായിരുന്നു എന്നതിന്റെ തെളിവാണത്. അതിനാൽ ഈ പദ്ധതിയെ നിയമപരമായും, ജനകീയമായും ഞങ്ങൾ എതിർക്കും.” സുനിൽ കൂട്ടിച്ചേർത്തു. ജനപ്രതിനിധികളുമായോ, കർഷക സംഘടനകളുമായോ ചർച്ച ചെയ്യാതെയും കലക്ടറോട് റിപ്പോർട്ട് തേടാതെയും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നാഷണൽ പാർക്ക് പ്രൊപ്പോസൽ മുന്നോട്ടുവച്ചതിനെതിരെ ജനവികാരം വളരെ ശക്തമാണ്.

ആനയിറങ്കൽ ഡാം. കടപ്പാട്: wikicommons

സംരക്ഷണത്തിന്റെ രൂപം മാറേണ്ടതുണ്ട്

ആന-മനുഷ്യ സംഘർഷം ഉണ്ടാകുന്നതിൽ വനം വകുപ്പിനും, സർക്കാരിനും പങ്കുണ്ടെന്നും ചരിത്രപരമായ ഇത്തരം പ്രശ്ങ്ങളെ മനസിലാക്കാതെ ഇതിന് പരിഹാരം കാണാൻ സാധിക്കില്ല എന്നുമാണ് ആദിവാസി ഗോത്ര മഹാസഭ കൺവീനറായ എം ഗീതാനന്ദൻ പറയുന്നത്. “ആനയിറങ്കൽ ഡാം എത്രത്തോളം ആനത്താരയെയും ജൈവവൈവിധ്യത്തെയും നശിപ്പിച്ചിട്ടുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ട്. 1960 ലാണ് ഈ ഡാം നിർമ്മിച്ചത്. ഇതോടു കൂടിയാണ് ആനകളുടെ സഞ്ചാരപഥം നശിപ്പിക്കപ്പെട്ടുപോയത്. പന്നിയാറിന്റെ (ഡാം റിസർവോയർ നിലനിൽക്കുന്ന സ്ഥലത്തിന്റെ മുൻ പേര്) പല ഭാഗത്ത് നിന്നും ആനകൾ വെള്ളം കുടിക്കുമായിരുന്നു. പദ്ധതി രേഖയനുസരിച്ച് ദേവികുളവും ഭാഗത്തുള്ള വനമേഖലയും മതികെട്ടാൻ ദേശീയ ഉദ്യാനവും തമ്മിൽ ലിങ്ക് ചെയ്യുന്നതാണ് ആനയുടെ പഴയ സഞ്ചാരപഥം. യഥാർത്ഥത്തിൽ ഈ ആനത്താര അടഞ്ഞുപോകാൻ കാരണം ആനയിറങ്കൽ ഡാം ആണ്. ഇപ്പോൾ ആനകൾ അവിടെ കേന്ദ്രീകരിക്കുന്നതിന്റെ കാരണവും ആനയിറങ്കൽ ഡാം ആണ്. മതികെട്ടാൻ ഷോലയുടെ മേൽ ഭാഗം ഷോല വനങ്ങളോ പുൽമേടുകളോ ആണ്. ആ ഷോല വനവും, മതികെട്ടാനും ദേവികുളവും ചേർന്ന് ആനത്താര ആയിരുന്നുവെന്ന് പഠനങ്ങൾ ഉണ്ട്. ഈ മേഖലയുടെ ജൈവവൈവിധ്യം നശിപ്പിക്കുന്നതിൽ സ്വാതന്ത്ര്യാനന്തരമുള്ള സർക്കാരുകളും വനം വകുപ്പും വഹിച്ച പങ്കു ചെറുതല്ല. അതിൽ ഒരു കുറ്റസമ്മതമെങ്കിലും നടത്തി ഈ പ്രശ്ങ്ങളെ സർക്കാർ അഡ്രസ് ചെയ്യണം. ഇതൊന്നും പരിഗണിക്കാതെ ആദിവാസികളെ മാത്രം മാറ്റിപ്പാർപ്പിച്ച് ആനപാർക്ക് സ്ഥാപിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയില്ല.” എം ഗീതാനന്ദൻ അഭിപ്രായപ്പെട്ടു.

എം ഗീതാനന്ദൻ

“വന സംരക്ഷണത്തെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഒരു ആയുധമായി വനംവകുപ്പ് ഉപയോഗിക്കുകയും യഥാർത്ഥ വന സംരക്ഷണം നടക്കാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. മുത്തങ്ങയിൽ ഇത് തന്നെയാണ് നടന്നത്. ആദ്യ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിന്റെ (ജിം) ഭാഗമായി മുത്തങ്ങയിലും തെന്മലയിലും വലിയ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ വനം വകുപ്പിന്റെ ഭാ​ഗത്ത് നിന്നും ശ്രമം ഉണ്ടായിരുന്നു. അല്ലാതെ ജൈവവൈവിധ്യ പുനഃസ്ഥാപനത്തിനോ, വനം സംരക്ഷിക്കാനോ, ആനകളെ സംരക്ഷിക്കാനോ വനംവകുപ്പിന് ഉദ്ദേശമുണ്ടായിരുന്നില്ല. ജിമ്മിൽ ആ പദ്ധതി നിലനിൽക്കുന്ന സമയത്താണ് മുത്തങ്ങയിൽ ആദിവാസികൾ കുടിൽകെട്ടി സമരം ചെയ്യുന്നത്. അതിന്റെ പകരം വീട്ടലായിരുന്നു മുത്തങ്ങയിലെ ഭയാനകമായ ഒഴിപ്പിക്കൽ.” എം ഗീതാനന്ദൻ കേരളീയത്തോട് പറഞ്ഞു.

ആദിവാസ പുനരധിവാസ വികസന മിഷന്റെ പരാജയമാണ് പുനരധിവസിക്കപ്പെട്ട ഭൂമി ഉപേക്ഷിച്ചു പോകുന്ന അവസ്ഥയിലേക്ക് ആദിവാസികളെ എത്തിച്ചത്. മിഷൻ വാഗ്ദാനം ചെയ്ത അടിസ്ഥാന സൗകര്യങ്ങളിൽ മിക്കതും 20 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മാറി മാറി വന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. സ്വന്തം അധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി ഈ ഭൂമികളിൽ ജീവിതം പടുത്തുയർത്തിയവരെ പുറന്തള്ളുന്ന പദ്ധതിയാണ് വനം വകുപ്പ് ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ആന-മനുഷ്യ സംഘർഷത്തിന് മറ്റ് പരിഹാരങ്ങൾ തേടാതെ, സമരങ്ങളിലൂടെ ഭൂരഹിതരായ ആദിവാസികൾ നേടിയെടുത്ത ഭൂമിയിൽ നിന്നും അവരെ കുടിയൊഴിപ്പിക്കാനാണ് വനംവകുപ്പ് താത്പര്യപ്പെടുന്നതെന്ന് ‘കോറിഡോർ പ്രൊപ്പോസൽ ഓൺ കൺസർവേഷൻ ഓഫ് എലഫെന്റസ് അറ്റ് ആനയിറങ്കൽ, ചിന്നക്കനാൽ’ വ്യക്തമാക്കുന്നു.

ടാസ്ക് ഫോഴ്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്

അരിക്കൊമ്പൻ കേസ് പരി​ഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം 2023 ഏപ്രിൽ 20ന് രൂപീകരിക്കപ്പെട്ട ടാസ്ക് ഫോഴ്സ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളാണ് ചിന്നക്കനാലിൽ ഇപ്പോൾ അടിയന്തിരമായി പരി​ഗണിക്കപ്പെടേണ്ടത്. ചിന്നക്കനാൽ പ്രദേശത്തെ അനധികൃതമായ മാലിന്യ നിക്ഷേപങ്ങളും,‌ വന മേഖലയിൽ വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവവും സോളാർ ഇലക്ട്രിക് ഫെൻസിം​ഗ് ഇല്ലാത്തതും അനധികൃത കയ്യേറ്റങ്ങളുമെല്ലാം ആന-മനുഷ്യ സം​ഘർഷം കൂടുന്നതിന് കാരണമായി മാറുന്നു എന്നാണ് 2023 ഏപ്രിൽ 28ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ടാക്സ് ഫോഴ്സ് പറയുന്നത്. ഈ പ്രാഥമിക കാര്യങ്ങൾ അടിയന്തിരമായി പരി​ഗണിക്കാതെ ജനങ്ങളെ കുടിയിറക്കുന്ന ആനയിറങ്കൽ നാഷണൽ പാർക്ക് പ്രൊപ്പോസലുമായി മുന്നോട്ടുപോയാൽ സംഘർഷങ്ങൾ അവസാനിക്കില്ല എന്നാണ് ചിന്നക്കനാലിൽ നിന്നും വ്യക്തമാകുന്നത്.

അരിക്കൊമ്പൻ വിഷയത്തിലെ കേരളീയം ഡോക്യുമെന്ററി:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read