ദേശീയപാത നിർമ്മാണത്തിനായി ആലപ്പുഴ നൂറനാട് പാലമേൽ പഞ്ചായത്തിൽ മലയിടിച്ച് മണ്ണെടുക്കുന്നതിന് എതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്തുകയാണ് പൊലീസ്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ നവംബർ 10ന് നാട്ടുകാർ കായംകുളം-പുനലൂർ റോഡ് ഉപരോധിച്ചത്. സമരത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലാത്ത സ്ത്രീകളെ ഉൾപ്പെടെ ബലം പ്രയോഗിച്ച് പൊലീസ് നീക്കം ചെയ്തു. മണ്ണെടുപ്പ് തടയണം എന്ന സമരസമിതിയുടെ ആവശ്യത്തെ അനുകൂലിക്കുന്ന മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാറിനടക്കം ജനപ്രതിനിധികൾക്കും സമരപ്രവർത്തകർക്കും മർദ്ദനമേറ്റു. കോടതി വിധിയുടെ ആനുകൂല്യത്തിൽ മലയിടിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞെങ്കിലും പൊലീസിന്റെ സഹായത്തോടെ മലയിടിക്കൽ ഇപ്പോഴും തുടരുകയാണ്. പാലേമേലിൽ യന്ത്രം ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കേന്ദ്ര ഏജൻസിയായ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് 2009-10 പഠനം ആവശ്യപ്പെടുന്നു. മണ്ണെടുപ്പ് കാരണം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഭയപ്പെടുകയാണ് പാലേമേൽ പഞ്ചായത്തിലെ നാട്ടുകാർ. തലമുറകൾക്ക് വേണ്ടിയുള്ള ഈ സമരത്തെക്കുറിച്ച് പ്രതികരിക്കുന്നു പാലേമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുമാർ.
ഇന്ന് വെളുപ്പിന് നാല് മണിയേടുകൂടി സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടെന്ന നിലയിൽ മണ്ണെടുക്കാൻ വരികയായിരുന്നു. അന്നേരം അവിടെവെച്ച് ആളുകൾ തടിച്ചുകൂടി. അവരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. അതിനുശേഷം നേരം വെളുത്ത് ജനങ്ങൾ എല്ലാം കൂടി ഒരു മാർച്ച് നടത്തി. അങ്ങനെയാണ് സംഘർഷം ഉണ്ടായത്. പാലേമൽ പഞ്ചായത്തിൽ 120 ഏക്കർ എഗ്രിമെന്റ് എഴുതിയിട്ടുണ്ട്. മണ്ണെടുപ്പല്ല നടക്കുന്നത് മലയെടുപ്പാണ്. മണ്ണെടുപ്പാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ, ഇത് മലകൾ പൂർണ്ണമായി എടുക്കുകയാണ്.
വസ്തു ഉടമസ്ഥരിൽ നിന്നും 40 ഏക്കറോളം അവർ ഭൂമി വാങ്ങിയിട്ടുണ്ട്. ബാക്കി മണ്ണെടുക്കാനായി എഗ്രിമെന്റ് എഴുതിയിട്ടുണ്ട്. തുടക്കം മാത്രമാണിത്. 50,000 ലിറ്റർ ശേഷിയുള്ള സർക്കാരിന്റെ തന്നെ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് ഉണ്ട് അവിടെ. ഇവിടുന്ന് മണ്ണെടുത്ത് കഴിഞ്ഞാൽ അതൊരു ഭീഷണിയാണ്. ഈ മലയുടെ താഴ്വാരത്തിൽ പുഞ്ചയുണ്ട്. രണ്ട് പഞ്ചായത്തിനും മുൻസിപ്പാലിറ്റിക്കുമുള്ള വെള്ളത്തിന്റെ പ്രധാനസ്രോതസാണ്. അവിടുത്തെ നീരുറവ ഈ മലകളിൽ നിന്നുള്ളതാണ്. അത് വറ്റി വരണ്ട് പോകും.
മണ്ണെടുക്കുന്നതിന് മാനദണ്ഡങ്ങൾ ഒന്നുമില്ല, ഒരു മാനദണ്ഡവുമില്ലാതെ മൊത്തമായി എടുക്കുവാണ്. 2009-10 ൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഒരു പഠനം നടത്തിയിരുന്നു. യന്ത്രം ഉപയോഗിച്ചുള്ള ഖനനം ശാസ്ത്രീയമായ പഠനം നടത്തിയിട്ടേ ചെയ്യാൻ പാടുള്ളൂ എന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. ഹൈക്കോടതിയിൽ നമ്മൾ അപ്പീൽ ഫയൽ ചെയ്തപ്പോൾ ഈ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
എന്നാൽ സ്ത്രീകളോടക്കം ക്രൂരമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആ നടപടി പ്രതീക്ഷിച്ചിരുന്നില്ല. ന്യായമായ ഒരു സമരത്തിന് ജനങ്ങളൊന്നാകെ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടത്തുന്ന ഒരു സമരത്തെ പൊലീസ് കായികമായി നേരിടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. വികസനത്തിന് എതിരല്ല നമ്മൾ പക്ഷെ ഒരു പ്രദേശത്തെ മുഴുവൻ മണ്ണും നീക്കം ചെയ്യുന്നതിന് എതിരെയുള്ള പ്രതിഷേധമാണ്. ഡിസംബർ 9 ന് വീണ്ടും കേസ് വിളിച്ചിട്ടുണ്ട്.