ശ്രീലങ്കയിൽ 2020 മാർച്ചിലാണ് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഉടൻ തന്നെ വിനോദ സഞ്ചാരം പൂർണ്ണമായും നിർത്തലാക്കി. 2020 മാർച്ച് 17ന് പുറമെ നിന്നും വരുന്ന എല്ലാ ഫ്ലൈറ്റുകളും നിർത്തലാക്കാൻ തീരുമാനിച്ചു. നിയന്ത്രണങ്ങൾ കാരണം ശ്രീലങ്കയിൽ നിന്നുള്ള ചരക്ക് കയറ്റുമതി നിന്നു. ഇത് വ്യാവസായിക മേഖലയെ ആകെ ബാധിച്ചു. മാർച്ച് മാസം മുതൽ തന്നെ ശ്രീലങ്കൻ രൂപയുടെ (LKR) മൂല്യം കുറയാൻ തുടങ്ങി. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി വിദേശ കറൻസി കടം വാങ്ങുന്നത് വർദ്ധിച്ചു. കോവിഡ് വരുന്നതിന് മുമ്പ് തന്നെ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്നു. ശ്രീലങ്കൻ സർക്കാരുമായി ചേര്‍ന്ന് ചൈന നടത്തുന്ന വൻ സാമ്പത്തിക നിക്ഷേപം വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. കൂടാതെ 2019 ഏപ്രിൽ 21 ന് ഉണ്ടായ ഈസ്റ്റർ ടെറർ അറ്റാക്ക് മൂലം വിനോദ സഞ്ചാരികൾ ശ്രീലങ്കയിലേക്ക് വരുന്നത് കുറഞ്ഞു. 250 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതും വിദേശ കറൻസി വരുന്നത് കുറയാനിടയാക്കി. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിയാൻ ഇതും കാരണമായി. 2018 ലെ മൂല്യമായ 162 രൂപയിൽ നിന്ന് 2019 ആകുമ്പോഴേക്കും 178 രൂപയായി കുറഞ്ഞു. കോവിഡിന്റെ വരവ് ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടി. 2020 മെയ് മാസമായപ്പോഴേക്കും രൂപയുടെ മൂല്യം 190 രൂപയായി. 30 ലക്ഷം ജനങ്ങൾക്ക് തൊഴിൽ നൽകുന്ന വിനോദ സഞ്ചാര മേഖലയിൽ നിന്നാണ് രാജ്യത്തിന്റെ അഞ്ച് ശതമാനം ജി.ഡി.പിയും ലഭിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വിനോദ സഞ്ചാര മേഖല പൂർണ്ണമായും നിശ്ചലമാക്കി.
2020 മെയിൽ UNICEF ഉം UNDP യും ചേര്‍ന്ന് നടത്തിയ ഒരു ടെലിഫോൺ സർവേയിൽ 31.6 ശതമാനം ജനങ്ങളുടെ വരുമാനം പൂർണ്ണമായും ഇല്ലാതായതായതായി കണ്ടെത്തി. 65 ശതമാനം കൂലിത്തൊഴിലാളികൾക്ക് അവരുടെ ദിവസ വേതനം നഷ്ടപ്പെട്ടു. അതേപോലെ, വേൾഡ് വിഷൻ ശ്രീലങ്ക നടത്തിയ പഠനത്തിൽ 93 ശതമാനം ജനങ്ങളെയും ലോക്ഡൗൺ നിയന്ത്രണങ്ങൾ ബാധിച്ചതായി കണ്ടെത്തി. 44 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. മാസ വരുമാനം 24,400 രൂപ (LKR) ഉണ്ടായിരുന്നവരുടെ വരുമാനം നിയന്ത്രണങ്ങൾ മൂലം 6,800 രൂപയായി കുറഞ്ഞു. ഇത് ഭക്ഷ്യ സുരക്ഷയെ ബാധിച്ചു. ജനങ്ങൾ പോഷകഗുണം കുറഞ്ഞ ഭക്ഷണം കഴിക്കാൻ നിർബന്ധിതരായി.
സർക്കാർ ഇടപെടൽ
കോവിഡ് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി വരുമാനം നഷ്ടപ്പെട്ടവർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. 2020 ഏപ്രിലിൽ 5.4 ദശലക്ഷം കുടുംബങ്ങൾക്ക് ശ്രീലങ്കൻ രൂപ 5000 (LKR) വെച്ച് നൽകുകയുണ്ടായി. മെയ് മാസവും ഇതാവർത്തിച്ചു. 5.7 ദശലക്ഷം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. ഈ രീതിയിൽ 55 ബില്യൺ ശ്രീലങ്കൻ രൂപയാണ് സർക്കാർ ചെലവഴിച്ചത്. 66 ശതമാനം കുടുംബങ്ങളിലേക്ക് ഇതെത്തിച്ചേർന്നു. അതോടൊപ്പം എല്ലാവിധ ലോണുകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. ടാക്സ് ഇളവുകളും അനുവദിച്ചു. ചിലവ് വർദ്ധിക്കുകയും വരുമാനം ഇല്ലാതാകുകയും ചെയ്തതോടെ സർക്കാരിന്റെ കടം വർദ്ധിച്ചു.
ജൈവകൃഷിയിലേക്ക് മാറാനുണ്ടായ കാരണങ്ങൾ
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ ശ്രീലങ്ക ജൈവകൃഷിയിലേക്ക് മാറിയത് ഒരു സുപ്രഭാതത്തിലെ കാൽപ്പനികമായ എടുത്തു ചാട്ടമായിരുന്നില്ല. കൃത്യമായ കാരണങ്ങൾ ഇതിന് പിറകിലുണ്ടായിരുന്നു. ഏറെനാളുകളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ഇടപെടലുകളും ശ്രീലങ്കയിൽ നടക്കുന്നുണ്ട്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഈ പരിവർത്തനം അതിവേഗത്തിലാക്കുകയാണ് ചെയ്തത്.
1990 മുതൽ തന്നെ ശ്രീലങ്കയുടെ ‘Rice Bowl’ എന്നറിയപ്പെടുന്ന ഉത്തര-മധ്യ പ്രവിശ്യയിൽ കൃഷിപണിയിൽ ഏർപ്പെടുന്നവർക്ക് വ്യാപകമായി കിഡ്നിസംബന്ധമായ രോഗങ്ങൾ കണ്ടുതുടങ്ങിയിരുന്നു (Chronic Kidney Disease, CKD). ഇരുപതു വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ മരിച്ചതിനേക്കാളേറെ പേർ ഈ ക്രോണിക് കിഡ്നി ഡിസീസ് മൂലം ശ്രീലങ്കയിൽ മരണപ്പെട്ടു. 20,000 പേരാണ് ഈ രോഗം മൂലം മരിച്ചത്. 450,000 പേർ നിത്യ രോഗികളായി. ഉത്തര-മധ്യ പ്രദേശത്ത് മാത്രം 30,566 രോഗികളാണ് ഉള്ളത്. കൂടുതലും അനുരാധപുര, പൊലോന്നരുവ ജില്ലകളിലാണ്. 40-60 വയസ്സിനിടയിലുള്ളവരെയാണ് ഈ രോഗം കൂടുതലും ബാധിച്ചത്. ഈ രോഗത്തിന്റെ ഉറവിടമറിയാനുള്ള അന്വേഷണങ്ങളും പല കോണുകളിൽ നിന്നും ആരംഭിച്ചു. 2009 ൽ ആണ് ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ചേർന്ന് രോഗത്തിന്റെ കാരണങ്ങളറിയാൻ വിശദമായ പഠനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുവേണ്ടി രോഗികളുടെ രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതോടൊപ്പം ഈ പ്രദേശങ്ങളിലെ മണ്ണും വെള്ളവുമെല്ലാം വിശദമായി പരിശോധിച്ചു. കൂടുതൽ രോഗികളുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തു.
എന്നാൽ മൂന്ന് വർഷത്തേക്ക് ഒരനക്കവും ഉണ്ടായില്ല. ഒരു പഠന റിപ്പോർട്ടും പുറത്തുവന്നില്ല. അവസാനം ജനസമ്മര്‍ദ്ദം കാരണം 2012 ജൂണിൽ ശ്രീലങ്കൻ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഈ രോഗത്തിന് കാരണം വിഷപദാർത്ഥങ്ങളായ കാഡ്മിയവും ആഴ്സനിക്കുമാണെന്ന് പ്രസിദ്ധപ്പെടുത്തി. ഭക്ഷണത്തിലൂടെയാണ് ഇത് ശരീരത്തിലെത്തിച്ചേരുന്നതെന്നും പറഞ്ഞു. എന്നാൽ അതിന്റെ ഉറവിടം വ്യക്തമാക്കാൻ തയ്യാറായില്ല.
അതേസമയം സ്വതന്ത്രമായി നടന്ന ചില പഠനങ്ങളിൽ കാഡ്മിയവും ആഴ്സനിക്കും രാസവളങ്ങളിൽ നിന്നും കീടനാശിനികളിൽ നിന്നും വന്നതാണെന്ന് കണ്ടെത്തി (BBC News, Colombo, 13 December 2013).
ഇത് പ്രചരിക്കാൻ തുടങ്ങിയതോടെ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. ശ്രീലങ്കയിലെ രാസവ്യവസായ ലോബികൾ ഇതിനെതിരെ രംഗത്തുവന്നു. 26 അഗ്രൊ കെമിക്കൽ കമ്പനികൾ ഒന്നിച്ചു ചേര്‍ന്ന് പത്രസമ്മേളനം നടത്തി സംശയകരമായ പഠനമാണിതെന്ന് പറഞ്ഞു. തങ്ങൾ WHOയുടെയും FAO യുടെ നിർദ്ദേശമനുസരിച്ചുള്ള അളവിലാണ് രാസവിഷങ്ങൾ പ്രിസ്ക്രൈബ് ചെയ്യുന്നതെന്നും അതൊരിക്കലും പ്രശ്നമുണ്ടാക്കില്ലന്നും പ്രസ്താവിച്ചു. കാർഷിക മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണെന്ന് അവർ ആരോപിച്ചു.
എന്നാൽ സത്യം ഏറെക്കാലം മൂടിവെയ്ക്കാനായില്ല. 2015 ൽ രാജരത യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റായ ചന്ന ജയസുമനയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കീടനാശിനികളോടൊപ്പം രാസവളങ്ങളുടെയും പങ്ക് ക്രോണിക് കിഡ്നി ഡിസീസിനുണ്ടെന്ന് കണ്ടെത്തുന്നത്. (Phosphate fertilizer is a main source of arsenic in areas affected with chronic kidney disease of unknown etiology in Sri Lanka, Channa Jayasumana et al). പഠനത്തിന്റെ ഭാഗമായി രാസവളങ്ങളുടെ 226 സാമ്പിളുകളും കീടനാശിനികളുടെ 273 സാമ്പിളുകളും ശേഖരിച്ച് രണ്ട് യൂണിവേഴ്സിറ്റി ലാബുകളിലേക്ക് അയച്ചു. പഠനത്തിന് തെരഞ്ഞടുത്ത ഭാഗത്തെ കർഷകരുടെ പക്കൽ നിന്നും ലഭിച്ച മിക്ക അഗ്രോകെമിക്കലുകളിലും ആഴ്സനിക്കിന്റെയും കാഡ്മിയത്തിന്റെയും അളവ് കണ്ടെത്തി. ഏറ്റവും കൂടുതൽ ആഴ്സനിക് (31 mg/kg) കണ്ടെത്തിയിരിക്കുന്നത് ഫോസ്ഫറസ് വളമായ ട്രിപ്പ്ൾ സൂപ്പർ ഫോസ്ഫേറ്റിൽ (TSP) നിന്നാണ്. എല്ലാ വർഷവും ശ്രീലങ്കയിൽ ‘2100 കിലോഗ്രാം’ ആഴ്സെനിക് അടങ്ങിയ ഒരു ലക്ഷം ടൺ ട്രിപ്പ്ൾ സൂപ്പർ ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇതാണ് പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ജനങ്ങളുടെ ശരീരത്തിലെത്തിയിരുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയും ശ്രീലങ്കൻ ഹെൽത്ത് ഡിപ്പാര്‍ട്ട്മെന്റും രാസവ്യവസായ ലോബികളെ ഭയന്ന് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറായില്ല. അതേസമയം ഈ കമ്പനികൾ രാസവളത്തിൽ ഘനലോഹങ്ങളുണ്ടാകാമെന്ന് സമ്മതിച്ചെങ്കിലും അതാകണം ഈ രോഗത്തിന് കാരണമെന്നുള്ളതിന് തെളിവില്ലെന്ന് പറഞ്ഞ് കൈമലർത്തി. WHO യും FAO യും മൗനം പാലിക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ രംഗത്തുവന്നു. അതോടെ 2014 ൽ സർക്കാർ ചില കീടനാശിനികൾ നിരോധിക്കാൻ തീരുമാനിച്ചു. ഗ്ലൈഫോസേറ്റ്, ക്ലോർപൈറിഫോസ്, തുടങ്ങിയ 11 കീടനാശിനികൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നു. രോഗബാധിത ജില്ലകളിൽ ഗ്ലൈഫോസേറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചു.
2016 ഏപ്രിലിൽ WHO പ്രസിദ്ധപ്പെടുത്തിയ International Expert Consultation on Chronic Kidney Disease of Unknown Etiology എന്ന റിപ്പോർട്ടിൽ കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന രാസവിഷങ്ങൾ കുറക്കാനാവശ്യപ്പെട്ടു. അപ്പോഴും ഉറവിടം ഏതു തരം രാസവിഷങ്ങളിലാണെന്ന് വ്യക്തമാക്കാൻ WHO തയ്യാറായിരുന്നില്ല. Unknown Etiology (അഞ്ജാതമായ കാരണങ്ങള്‍) എന്ന പദം തന്നെയാണ് ഉപയോഗിച്ചത്.
ശ്രീലങ്കയിലെ രാസവള വ്യവസായം
ഒരു വർഷം ഏകദേശം 12,60,053 മെട്രിക് ടൺ രാസവളങ്ങളാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത് (Source – National Fertilizer Secretariat, Srilanka). നെൽകൃഷിക്ക് മാത്രം 3,83,000 മെട്രിക് ടൺ രാസവളങ്ങൾ ഉപയോഗിക്കുന്നു. മറ്റുള്ള വിളകൾക്ക് 8,77,053 മെട്രിക് ടണും. 56 ബില്യൺ ശ്രീലങ്കൻ രൂപയാണ് ഓരോ വർഷവും സർക്കാർ ഇതിനു വേണ്ടി ചെലവഴിക്കുന്നത്. സബ്സിഡി നിരക്കിലാണ് കർഷകർക്ക് രാസവളം വിതരണം ചെയ്യുന്നത്. 1962 മുതൽ ഹരിത വിപ്ലവത്തിന്റെ ഭാഗമായി ആരംഭിച്ച രാസവള സബ്സിഡി ഇടക്കാലത്ത് നിർത്തിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം സർക്കാരിന് തുടരേണ്ടിവന്നു. മൊത്തത്തിലുള്ള സർക്കാർ ചെലവിന്റെ 2.24 ശതമാനം വരുന്ന തുക സബ്സിഡിക്കായി വേണ്ടിവരുന്നുണ്ട്. ഇത് ട്രഷറിക്ക് എന്നും വലിയ ബാധ്യതയായിരുന്നു. ഇത് കൂടാതെ കിഡ്നി രോഗം മൂലം ആരോഗ്യ മേഖലയിലും കോടിക്കണക്കിന് രൂപ ചെലവഴിച്ചു. ഡയാലിസിസ് സെന്ററുകൾ ആരംഭിച്ചു. കിഡ്നി മാറ്റി വെക്കുന്നത് സജീവമായി. തൊഴിലെടുക്കാൻ പറ്റാത്ത രോഗികൾക്ക് സർക്കാർ ചെറിയൊരു തുക പെൻഷൻ നൽകാൻ തുടങ്ങി. ഒരു ഡയാലിസിസിന് വേണ്ടി കിഡ്നി രോഗിക്കു ചെലവഴിക്കേണ്ടത് 10,000 രൂപയാണ്. വൃക്ക മാറ്റി വെക്കുന്നതിന് ഒരു ലക്ഷം ശ്രീലങ്കൻ രൂപയും. സാധാരണക്കാരന് താങ്ങാനാകാത്തതിനാൽ സർക്കാർ ആശുപത്രികളിലും അതിനാവശ്യമായ സൗകര്യങ്ങൾ നൽകേണ്ടി വന്നു. സ്വന്തം നിലയിൽ ജൈവവളം ഉൽപാദിപ്പിക്കാനാണ് ശ്രീലങ്ക ഇപ്പോൾ ശ്രമിക്കുന്നത്. അതിനുവേണ്ടി 1300 സംരഭകരെ ഉൾപ്പെടുത്തി 35 വലിയ പദ്ധതികൾ ഉത്തര-മധ്യ പ്രദേശത്ത് ആരംഭിച്ചു. മൂന്ന് ലക്ഷം മെട്രിക് ടൺ ജൈവവളം ഇതിലൂടെ ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നത്.
നിലവിലെ പ്രതിസന്ധി
ശ്രീലങ്ക ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കാലത്തിന്റെ തുടർച്ചയും പിന്നീട് കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങളുടെയും ഭാഗമാണ്. അല്ലാതെ ജൈവകൃഷി കാരണം ഉണ്ടായതല്ല. ഉദാഹരണത്തിന് ഇപ്പോൾ വില കൂടിയെന്ന് പറയുന്ന ഉൽപന്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ പഞ്ചസാര. 6,65, 733 മെട്രിക് ടൺ പഞ്ചസാരയാണ് ഒരു വർഷം ശ്രീലങ്കയ്ക്ക് ആവശ്യം. ശ്രീലങ്കയ്ക്ക് ആവശ്യമായ പഞ്ചസാരയിൽ 4.5 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 95.5 ശതമാനം പഞ്ചസാരയും ഇറക്കുമതി ചെയ്യുകയാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ് പഞ്ചസാര പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 38 ബില്യൺ വിദേശ കറൻസി ഇതിനാവശ്യമാണ്. ശ്രീലങ്കയിൽ കൃഷി ചെയ്യാത്ത ഒരു ഉത്പന്നമെങ്ങനെയാണ് ജൈവകൃഷി കാരണം ഉത്പാദനം കുറയുന്നതും വില കൂടുന്നതും? ഇനി കൃഷി ചെയ്യുന്ന കരിമ്പാകട്ടെ മിനിമം 8-10 മാസമെങ്കിലുമെടുക്കും വിളവെടുക്കാൻ. വെറും അഞ്ച് മാസമേ ആകുന്നുള്ളൂ രാസവളം നിരോധിച്ചും. തുടക്കത്തിൽ രാസവളം പഴയ സ്റ്റോക്കുണ്ടെങ്കിൽ കർഷകർ അത് ഉപയോഗിച്ചും കാണണം.
ഇനി അരിയുടെ കാര്യം
7,08,000 ഹെക്ടർ സ്ഥലത്താണ് ശ്രീലങ്കയിൽ നെൽകൃഷിയുള്ളത്. ആഭ്യന്തര ആവശ്യത്തിന് തന്നെയാണ് അരി കൂടുതലും ഉപയോഗിക്കുന്നത്. വളരെ കുറച്ച് അരി മാത്രമേ ഇറക്കുമതി ചെയ്യേണ്ടി വരുന്നുള്ളൂ. പ്രധാനമായും രണ്ട് സീസണാണ് ഇവിടെയുള്ളത്. ‘മഹാ’ യും ‘യാല’ യും. രണ്ട് മൺസൂണിനെ ആശ്രയിച്ചാണ് ഈ സീസൺ. മഹാ സെപ്തംബർ മുതൽ മാർച്ച് വരെയും യാല മെയ് മുതൽ ആഗസ്ത് വരെയും. ജൈവകൃഷി മൂലം വിളവ് കുറഞ്ഞ് അരിക്ക് വിലകൂടിയതാണെന്ന് പ്രചരിപ്പിക്കുന്നവർ ഒന്നോർക്കണം. ആഗസ്തിലെ കൊയ്ത്ത് കഴിഞ്ഞ് നെല്ലുണക്കി കുത്തി അരിയാക്കിയിട്ട് വേണം ഇത് വിപണിയിലെത്താൻ. അതിന് ഇനിയും സമയമുണ്ട്. അപ്പോൾ പഴയ സ്റ്റോക്കാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നുണ്ടാകുക. കരിചന്തയും പൂഴ്ത്തിവെപ്പുമാണ് വില കൂടാനും ലഭ്യമല്ലാത്തതിനും കാരണം. സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം അരിവില ഇപ്പോൾ താഴോട്ട് വന്നിട്ടുമുണ്ട്.
ശ്രീലങ്കയിലെ ജൈവകൃഷി വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക തേയിലത്തോട്ടങ്ങളെയാണ് എന്നാണ് പ്രചരണം. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ജൈവ തേയിലകൃഷി പുതിയ കാര്യമല്ല. 1987 മുതൽ തന്നെ ജൈവ തേയില ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ ശ്രീലങ്കയിലെ മിക്ക കമ്പനികളും ജൈവരീതിയിൽ തേയില കൃഷി ചെയ്യുകയും യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും നല്ല വിലയ്ക്ക് കയറ്റിയയ്ക്കുകയും ചെയ്യുന്നുണ്ട്. ബയോഡൈനാമിക് കൃഷിരീതിയിലൂടെ മാത്രം 4905.58 ഹെക്ടർ സ്ഥലത്ത് തേയില കൃഷിയുണ്ട്. ഇത് മൊത്തം തേയില കൃഷിയുടെ 2.21 ശതമാനം കാണും. ശ്രീലങ്കയിലെ വലിയ ടീ കമ്പനികൾ ഒന്നായ സ്റ്റാസെൻ എക്സ്പോര്‍ട്ട് (Stassen) 2019 നടത്തിയ പത്ര പ്രസ്താവനയിൽ തങ്ങൾ കൂടുതൽ ഏരിയയിലേക്ക് ഓർഗാനിക് സിലോൺ ടീ വ്യാപിപിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചിരുന്നു. ഓർഗാനിക് തേയിലക്ക് എക്സ്പോർട്ട് ഡിമാന്റ് കൂടുന്നതായിരുന്നു കാരണം.
90 കളിലെ ക്യൂബയെപ്പോലെ സാമ്പത്തികമാധ്യത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഈ പ്രതിസന്ധിക്ക് കാരണം മാധ്യമങ്ങളും കേരളത്തിലെ യുക്തിവാദികളും പ്രചരിപ്പിക്കുന്ന പോലെ ജൈവകൃഷിയല്ല. ഇത്രയും കാലം രാസകീടനാശിനികൾ ഉപയോഗിച്ച ശ്രീലങ്ക സമ്പന്നമായിട്ടില്ല. അവരുടെ മണ്ണും വെള്ളവും ആരോഗ്യവും തകരുകയാണുണ്ടായത്. അതിനവർ ഏറെ വിലക്കൊടുക്കേണ്ടിയും വന്നു. അതിനിടയ്ക്കാണ് കൂനിൻമേൽ കുരു പോലെ കോവിഡ് വന്നത്. അത് സാമ്പത്തിക മേഖലയെ തകിടം മറിച്ചു. രാസവിഷങ്ങൾക്ക് ചെലവഴിക്കാൻ പണമില്ലാത്തതു കൊണ്ടു കൂടിയാണ് ശ്രീലങ്ക ജൈവകൃഷിയിലേക്ക് മാറുന്നത്. 2021 കഴിഞ്ഞ ഏപ്രിലിലാണ് രാസവളങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നത്. അതു കഴിഞ്ഞ് അധികകാലമായിട്ടില്ലല്ലോ. കുറച്ചു കാലം കൂടി കാത്തിരിക്കൂ. കാള പെറ്റു എന്നു കേൾക്കുമ്പോഴേക്കും കയറെടുക്കേണ്ട.! ശ്രീലങ്കയിലെ പ്രതിസന്ധിക്കുള്ള കാരണവും ജൈവകൃഷിയുടെ തലയിൽ കെട്ടിവെക്കാൻ നവയുക്തിവാദികളെ പോലെ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുന്നത് അപലപനീയമാണ്.
വാൽക്കഷ്ണം: ക്യൂബയുടെ അനുഭവം
1989 ലാണ് ക്യൂബ വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുന്നത്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകർന്നപ്പോൾ ക്യൂബയുടെ കാർഷികമേഖല അവതാളത്തിലായി. രാസവളങ്ങൾ, കീടനാശിനികൾ, പെട്രോൾ, കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാം റഷ്യയിൽ നിന്നും വരണമായിരുന്നു. ക്യൂബയിൽ ഭൂരിഭാഗവും കരിമ്പ് കൃഷിയായിരുന്നു. മാർക്കറ്റ് വില നൽകി റഷ്യ പഞ്ചസാര വാങ്ങിയിരുന്നതിനാൽ ക്യൂബ സമൃദ്ധിയിലായിരുന്നു. ക്യൂബയ്ക്കാവശ്യമായിരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമൊക്കെ 80 ശതമാനവും പുറത്തുനിന്നായിരുന്നു ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. 1989 മുതൽ സോവിയറ്റ് യൂനിയനിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞു. 89 മുതൽ 92 വരെയുള്ള മൂന്ന് വർഷങ്ങൾ ക്യൂബ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായി. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഫിദൽ കാസ്ട്രോ നയവിദഗ്ധരെ വിളിച്ചുചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയിൽ കേന്ദ്രീകരിക്കാൻ ക്യൂബ തീരുമാനിച്ചത്. അതിനാവശ്യമായ ബദൽ സാങ്കേതിക വിദ്യ ക്യൂബ തയ്യാറാക്കി. ഇന്ധനലഭ്യത കുറവ് മൂലം യന്ത്രങ്ങൾ അധികം വേണ്ടാത്ത പരമ്പരാഗത ചെറുകിട കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. 1992 മുതൽ ക്യൂബ നഗരകേന്ദ്രീകൃതമായ ഭക്ഷ്യ കൃഷി ആരംഭിച്ചു. പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ ചെറിയ തോട്ടങ്ങൾ നിർമിച്ചു. കൃഷി വിദഗ്ധരെ വിളിച്ച് പരിശീലനങ്ങൾ സംഘടിപിച്ചു. ഹവാനയിലെ കാർഷിക സർവകലാശാലയിൽ ജൈവകൃഷി കോഴ്സ് ആരംഭിച്ചു. ജൈവകൃഷിയുമായി ബന്ധപ്പെട്ട അനവധി പ്രസിദ്ധീകരണങ്ങൾ ഇറക്കി. നഗരവാസികളെ മണ്ണൊരുക്കാനും കമ്പോസ്റ്റ് നിർമിക്കാനും പച്ചക്കറി കൃഷി തട്ടുകളുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടൻ അറിവുകളെ പ്രയോജനപ്പെടുത്തി, ഒപ്പം വൈവിധ്യമുള്ള വിളകൾ ഒരുമിച്ച് കൃഷി ചെയ്തു. കള നിയന്ത്രിക്കാൻ കൃഷിയിടങ്ങൾ പൊതയിട്ടു നിർത്തി. നഗരങ്ങളിൽ ഇടനിലക്കാരില്ലാത്ത കർഷകർ നേരിട്ട് നടത്തുന്ന നാട്ടുചന്തകൾ ആരംഭിച്ചു. വെറും വട്ടപൂജ്യത്തിൽ നിന്നും തുടങ്ങിയ നഗരങ്ങളിലെ കൃഷി വെറും മൂന്ന് നാലുവർഷം കൊണ്ട് ടൺ കണക്കിന് പച്ചക്കറി ഉൽപാദിപ്പിക്കാൻ തുടങ്ങി. ക്യൂബയിലെ പ്രധാന നഗരമായ ഹവാനയിൽ മാത്രം 318 പച്ചക്കറിത്തോട്ടങ്ങളുണ്ട്. ഹവാനയിലെയും വില്ലക്ലാരയിലെയും ജനങ്ങൾ കഴിക്കുന്ന പച്ചക്കറിയുടെ 70 ശതമാനവും ഈ നഗരങ്ങളിൽ ഉൽപാദിപ്പിച്ചതു തന്നെയാണ്. അതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടായി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു. ഇതിനൊക്കെ നേതൃത്വം നൽകിയ 93ൽ രൂപീകരിച്ച ക്യൂബയിലെ ‘അസോസിയേഷൻ ക്യൂബാന ദെ അഗ്രികൾച്ചുറാ ഓർഗാനിക്കയ്ക്ക് (ACAO) 1999ൽ നോബൽ പ്രൈസിന് തുല്യമെന്ന് കരുതുന്ന ‘റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്’ ലഭിക്കുകയുണ്ടായി. ക്യൂബയുടെ ജൈവവിപ്ലവത്തെകുറിച്ച് പഠിക്കാൻ ഇന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുന്നു.
(ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആണ് ലേഖകൻ)